ദേഹമാസകലം രക്തം പുരണ്ട് ആ സ്ഫോടനത്തിന്റെ ദൃക്സാക്ഷിയായി ആറുവയസുകാരി മൃതദേഹങ്ങളുടെ അടുത്ത് നിൽപ്പുണ്ടായിരുന്നു. അമ്മയും സുഹൃത്തും കൺമുന്നിൽ പൊട്ടിച്ചിതറിയതിന്റെ നടുക്കം ഈ കുരുന്നിനെ വിട്ടുമാറിയിട്ടില്ല. ഇന്നലെ ബത്തേരി നായ്ക്കട്ടിയിലാണ് നാടിനെ നടുക്കിയ സ്ഫോടനം നടക്കുന്നത്. രണ്ട് പേരാണ് സ്ഫോടനത്തിൽ മരിക്കുന്നത്. നായ്ക്കട്ടി ചരുവിൽ അമൽ (36), നായ്ക്കട്ടിയിലെ ഫർണിച്ചർ ഷോപ്പ് ഉടമ മൂലങ്കാവ് എറളോട്ട് പെരിങ്ങാട്ടൂർ ബെന്നി (47) എന്നിവരാണ് മരിച്ചത്. ബെന്നി ശരീരത്തിൽ സ്‌ഫോടക വസ്തുക്കൾ വച്ചുകെട്ടി അമലിന്റെ വീട്ടിൽ കയറിച്ചെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇരുവരും സൗഹൃദത്തിലായിരുന്നു എന്നു പറയുന്നു. തോട്ട പോലുള്ള സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണു സൂചന.

സംഭവം നടക്കുമ്പോൾ അമലിന്റെ 6 വയസ്സുകാരിയായ ഇളയ മകളും വീട്ടിലുണ്ടായിരുന്നു. ഇൗ സമയം അമലിന്റെ ഭർത്താവ് ജുമാ നമസ്കാരത്തിനായി പള്ളിയിൽ പോയതായിരുന്നു. സ്ഫോടന ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വീടിന്റെ വരാന്തയിൽ ചിന്നിച്ചിതറിയ നിലയിൽ ഇരുവരുടെയും മൃതദേഹം കണ്ടത്. ദേഹമാസകലം രക്തം പുരണ്ട നിലയിൽ ഇളയ മകൾ സമീപത്തുണ്ടായിരുന്നു. ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ സംഭവസ്ഥലത്തു നിന്നു മാറ്റി ബന്ധുക്കൾക്കു കൈമാറി.

2 കുട്ടികളുടെ പിതാവാണ് മരിച്ച ബെന്നി. മാനന്തവാടി എഎസ്പി വൈഭവ് സക്സേന, അഡീഷനൽ എസ്പി കെ.കെ. മൊയ്തീൻകുട്ടി എന്നിവരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വൈകിട്ട് ബെന്നിയുടെ കടയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഡിറ്റണേറ്ററും ജലറ്റിൻ സ്റ്റിക്കും കണ്ടെത്തി.

ശബ്ദം കേട്ട് അടുത്തുള്ള പള്ളിയിലുള്ളവര്‍ പുറത്തേക്കെത്തി നടത്തിയ തെരച്ചിലില്‍ ഇരുവരുടെയും ശരീരം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന സൂചനയെങ്കിലും ലഭിക്കുന്നത്. കാര്‍ പോര്‍ച്ചില്‍ നിന്ന് കരയുന്ന അംലയുടെ ഇളയ കുട്ടിയെ നാട്ടുകാരാണ് ഇവിടെ നിന്ന് മാറ്റിയത്. പിന്നീട് പൊലീസ് എത്തി കൂട്ടിയുടെ ദേഹത്ത് പറ്റിയ ചോരയും മാംസ അവശിഷ്ടങ്ങളും വൃത്തിയാക്കി ബന്ധുക്കളെ ഏല്‍പ്പിച്ചു.

ബെന്നിയും അംലയും തമ്മില്‍ ഉണ്ടായ ബന്ധമാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് അഡീഷനല്‍ എസ്പി. മൊയ്തീന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും എന്നാല്‍ ഇത് എന്താണെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. ഫര്‍ണിച്ചര്‍ നിര്‍മാണമാണ് ബെന്നിയുടെ തൊഴില്‍. വീടിന് സമീപത്ത് തന്നെ ഭര്‍ത്താവ് നാസര്‍ നടത്തുന്ന അക്ഷയ സെന്ററിലാണ് അംല ജോലിയെടുത്തിരുന്നത്.

മുമ്പ് നായ്‌ക്കെട്ടിയിലായിരുന്നു ബെന്നിയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് ഇരവരു പരിചയപ്പെട്ടത്. ഈ ബന്ധം കാലങ്ങളോളം തുടരുകയും ചില പ്രശ്നങ്ങള്‍ക്ക് വഴിവച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. സംഭവസമയത്ത് മറ്റു രണ്ട് മക്കള്‍ അംലയുടെ മുട്ടിലിലുള്ള വീട്ടിലായിരുന്നു. കോഴിക്കോട്- മൈസൂര്‍ ദേശീയപാതയോട് ചേര്‍ന്നാണ് സ്‌ഫോടനം നടന്ന വീട്. സംഭവസ്ഥലത്ത് പോസ്റ്റ്മാര്‍ട്ടം നടത്തി ഇന്നു തന്നെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ വിട്ടുനല്‍കാനാണ് പോലീസ് തീരുമാനം.