മൂവാറ്റുപുഴയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ വീട്ടിലെ പല മുറികളിൽ തീ പടരുന്ന സംഭവത്തിൽ ദുരൂഹത തുടരുന്നു. അഗ്നിരക്ഷാ സേനയെയും പൊലീസിനെയും വട്ടംകറക്കിയ തീപിടിത്തത്തിനു പിന്നിലെ കാരണം കണ്ടെത്താൻ രണ്ടാം ദിവസവും പൊലീസിനു കഴിഞ്ഞില്ല. സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം നടത്താൻ പൊലീസ് തയാറാകാത്തതിൽ പ്രതിഷേധമുണ്ട്.

വാളകം റാക്കാട് കൈമറ്റത്തിൽ അമ്മിണി അമ്മയുടെ വീട്ടിൽ രണ്ടു ദിവസമായി മുറികളിൽ മാറി മാറി തീ പ്രത്യക്ഷപ്പെടുന്നതാണ് ജനത്തെ ആശങ്കയിലാക്കുന്നത്. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ചയും ഒൻപതു തവണയാണ് വീടിന്റെ വിവിധ ഭാഗങ്ങളിൽ ബക്കറ്റ‌ുകളില‌ും മറ്റു പാത്രങ്ങളിലുമുള്ള വസ്ത്രങ്ങളിൽ തീപിടിച്ചത്. പാത്രങ്ങളും ഗ്ലാസുകളും പൊട്ടിത്തെറിക്കുകയും ചെയ്തു. പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും സാന്നിധ്യത്തിലും തീപടർന്നു. അസാധാരണ സംഭവമറിഞ്ഞ് വൻ ജനക്കൂട്ടമാണ് വീടു സന്ദർശിക്കാനെത്തിയത്. ഇന്നലെ വീട്ടിൽ തീപിടിത്തം ഉണ്ടായില്ല.

അമ്മിണിയുടെ കാസർകോട്ട് മൃഗസംരക്ഷണ വകുപ്പിൽ ജോലി ചെയ്തിരുന്ന മകൻ മിതേഷിനെതിരെ അവിടെയുള്ള ചിലർക്കു ശത്രുതയുണ്ടെന്നും അവർ ആഭിചാര കർമങ്ങളിലൂടെ ഇയാളെ തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് വീടിനുള്ളിൽ തീ പടരുന്നതെന്നുമാണ് പൊലീസിനോടു കുടുംബാംഗങ്ങൾ പറഞ്ഞത്. എന്നാൽ, പൊലീസ് അതു വിശ്വസിച്ചിട്ടില്ല.

മിതേഷിനെ ചോദ്യം ചെയ്യാൻ വീണ്ടും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നു പൊലീസ് പറഞ്ഞു. പക്ഷേ, രാത്രിയോടെ ഇയാൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇയാളിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഇന്നു ശാസ്ത്രീയ പരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.