Crime

പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയ പൊലീസുകാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തിയ റൂറല്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരനായ മാറനല്ലൂര്‍ അരുമാളൂര്‍ സ്വദേശി നവാദ് റാസ ( 32 ) നെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രിയോടെ കാട്ടാക്കടയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു സംഭവം. മദ്യപിച്ചെത്തിയ നവാദ് പെണ്‍കുട്ടിയെ റോഡില്‍ വെച്ച് കടന്നു പിടിച്ച് ഉപദ്രവിക്കുകയും മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടി കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയുമായിരുന്നു.

രാത്രിയോടെ സ്റ്റേഷനില്‍ നിന്നും വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ച പ്രതി പൊലീസുകാരനായ ജോസിനെ തട്ടി മറിച്ചിട്ടു ഓടി രക്ഷപ്പെടാന്‍ നടത്തിയ ശ്രമം നടത്തിയെങ്കിലും മറ്റു ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പിടികൂടി സെല്ലിലെത്തിച്ചു. സെല്ലില്‍ ഇയാള്‍ സ്വയം തലയിടിച്ചു പരിക്കേല്‍പ്പിച്ചു അക്രമാസക്തനാവുകയും ചെയ്തു.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം, പിടിച്ചുപറി, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരം നവാദിനെതിരെ കേസെടുത്തിട്ടുണ്ട്.

ആലപ്പുഴയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട മേരി ജാക്വിലിന് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുള്ളതായി പൊലീസ് കണ്ടെത്തി. രണ്ടു സ്ത്രീകളടക്കം മൂന്നുപേരെ അന്വേഷണസംഘം അറസ്്റ്റുചെയ്തു. ഇക്കഴിഞ്ഞ മാർച്ച് 12 നാണ് വീട്ടിലെ കിടപ്പുമുറയില്‍ നഗ്നമായ നിലയില്‍ മേരി ജാക്വിലിന്റെ മൃതദേഹം കണ്ടെത്തിയത്.

തിരുവമ്പാടിയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മേരി ജാക്വിലിന്‍ താമസിച്ചിരുന്നത്. നേരത്തെ വീട്ടില്‍ ഹോട്ടല്‍ നടത്തിവന്നിരുന്ന മേരി ഇതിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു. ഇങ്ങനെയാണ് പ്രതികളായ അജ്മലും, മുംതാസുമായി അടുപ്പമുണ്ടാകുന്നത്. കൊലപാതകദിവസം ഉച്ചയോടെ അജ്മലും മുംതാസും മേരിയുടെ വീട്ടില്‍ എത്തി. ഇരു സ്ത്രീകളുമായി അജ്മല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും മേരിയുമായി പണം സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ചെയ്തു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം അജ്മലും മുംതാസും ചേര്‍ന്ന് മേരിയെ അടിച്ചുവീഴ്ത്തി മരണാസന്ന നിലയിലാക്കി.

മേരിയുടെ സ്വര്‍ണവും പണവും അപഹരിച്ചശേഷം ഇരുവരും ചേര്‍ന്ന് ഇവരെ വിവസ്ത്രയായി കിടത്തി. തെളിവുനശിപ്പിക്കാന്‍ ദേഹത്ത് എണ്ണതേച്ചു. വീട് പുറത്തുനിന്ന ്പൂട്ടിയാണ് ഇരുവരും രക്ഷപ്പെട്ടത്. സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച വഴിയാണ് സീനത്ത് കൂട്ടുപ്രതിയായത്. മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്

പ്രതി അജ്മല്‍ പുന്നപ്രയിലും അമ്പലപ്പുഴയിലും സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയ കേസില്‍ മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ചയാളാണ്.

തൃശൂരില്‍ നടന്ന പ്രണയപ്പക എരിഞ്ഞടങ്ങിയതിങ്ങനെ. പെണ്‍കുട്ടി നീതുവുമായി ജിതേഷിന് മൂന്നു വര്‍ഷം നീണ്ട പ്രണയമുണ്ടായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനിടെ നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

ഒരു ബൈക്ക് പുറത്തിരിക്കുന്നതു കണ്ടാണ് അന്വേഷിക്കുന്നത്. അപ്പോഴാണു വീടിന്റെ അകത്തു നിന്നു നിലവിളി കേള്‍ക്കുന്നത്. ഓടിയെത്തി നോക്കിയപ്പോള്‍ മുറിക്ക് അകത്തു നിറയെ പുക നിറഞ്ഞിരുന്നുവെന്ന് അയല്‍വാസികളുടെ പറയുന്നു.

വിവാഹാഭ്യര്‍ഥന നിരസിച്ചതാണു തിരുവല്ലയിലെയും തൃശൂരിലെയും രണ്ടു പെണ്‍കുട്ടികളുടെയും ജീവനെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചത്. അതേസമയം, നീതുവിന് മറ്റ് പല പ്രയാസങ്ങളും ഉണ്ടായിരുന്നു. അമ്മയുടെ ആത്മഹത്യയും അച്ഛന്‍ ഉപേക്ഷിച്ചു പോയതുമെല്ലാം നീതുവിനെ തളര്‍ത്തിയിരുന്നു. എങ്കിലും പഠിച്ച് മുന്നേറണമെന്ന സ്വപ്‌നം നീതുവിനുണ്ടായിരുന്നു. എംബിഎ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.

ഇന്നു വെളുപ്പിന് അഞ്ചു മണിയോടെ നീതുവിന്റെ വീട്ടിലെത്തിയ നിതീഷ് ഏറെ നേരം സംസാരിച്ചിരുന്നു. വിവാഹക്കാര്യം സംസാരിച്ചു. എന്നാല്‍ യുവതി വഴങ്ങാതെ വന്നതോടെയാണു കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മാവനും മുത്തശിയും നിതീഷിനെ പിടിച്ചു വച്ചു. ബൈക്കില്‍ രക്ഷപ്പെടാനായിരുന്നു ശ്രമം. നാട്ടുകാരും ബന്ധുക്കളും പ്രതിയെ പൊലീസിന് കൈമാറുകയായിരുന്നു.

 

ഭർത്താവിന്റെയും സുഹൃത്തുക്കളുടെയും മുന്നിൽ നൃത്തം ചെയ്യാൻ വിസമ്മതിച്ച യുവതിയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനം. ജോലിക്കാരുടെ സഹായത്തോടെ ഭർത്താവ് ഇവരെ ക്രൂരമായി മർദിക്കുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു. അസ്മ അസീസ് എന്ന യുവതിയാണ് തനിക്കേറ്റ പീഡനം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.

മാർച്ച് ഇരുപത്തിയാറിനായിരുന്നു സംഭവം. ലഹോർ സ്വദേശികളാണ് അസ്മയും ഭർത്താവ് ഫൈസലും. വീട്ടിലെത്തിയ സുഹൃത്തുക്കളുടെ മുന്നിൽ നൃത്തം ചെയ്യാൻ ഫൈസൽ ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

ജോലിക്കാരുടെ സഹായത്തോടെ ഇയാൾ അസ്മയുടെ വസ്ത്രങ്ങൾ വലിച്ചുകീറി. അസ്മയെ ബലമായി ഒരു പൈപ്പിൽ ബന്ധിച്ചു. ശേഷം തലമുടി വടിച്ചുകളഞ്ഞ് മുന്നിൽവെച്ച് കത്തിച്ചു. നഗ്നയാക്കിയ അസ്മയെ ഫാനിൽ നിന്ന് തൂക്കിയിട്ട ശേഷം ഈ രീതിയിൽ തന്നെ തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തി. രക്തം ഒഴുകുന്ന രീതിയിൽ മർദിച്ചു.

പൊലീസിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടർന്നാണ് ഇവർ സമൂഹമാധ്യമത്തിൽ അവസ്ഥ വിവരിച്ച് രംഗത്ത് എത്തിയത്. വിഡിയോ ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ നടപടിയെടുത്തു. ഭർത്താവിനെയും സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

വൈദ്യപരിശോധനയിൽ അസ്മയുടെ ദേഹത്ത് നിറയെ ചതവുകൾ കണ്ടെത്തി. കണ്ണിന് ചുറ്റും അടിയേറ്റ് ചുവന്ന പാടുകളും വ്യക്തമായി കാണാം. ഇവർ സംരക്ഷണവുമായി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റ് ഇന്റർനാഷണലും രംഗത്ത് എത്തിയിട്ടുണ്ട്.

പ്രണയം നിരസിച്ചതിന് തിരുവല്ലയിൽ വിദ്യാർഥിനിയെ തീ കൊളുത്തി കൊന്നതിന്റെ നടുക്കം മാറും മുൻപ് തൃശൂരിൽ നിന്നും സമാനമായ വാര്‍ത്ത. ചിയ്യാരത്ത് വീട്ടിൽക്കയറിയാണ് എൻജിനിയറിങ് വിദ്യാർഥിനി നീതു(22) വിനെ തീ കൊളുത്തി കൊന്നത്. സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) ബന്ധുക്കൾ പിടികൂടി.

നീതുവിന്റെ ഉയിരെടുത്ത് പ്രണയം. നീതുവിന്‍റെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്നു നിതീഷ്. നന്നായി ചിത്രം വരയ്ക്കുകയും പാട്ട് പാടുകയും ചെയ്തിരുന്ന നീതുവിന്റെ ദുര്‍വിധിയില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് ചിയാരത്ത് ഗ്രാമം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട നീതു അമ്മൂമ്മയുടേയും അമ്മാവന്‍റെയും സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. നീതുവിന്റെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. അച്ഛന്‍ ഉപേക്ഷിച്ച് പോയി. ഏകമകളായിരുന്നു നീതു.

മുത്തശ്ശിയുടെയും അമ്മാവന്റെയും ഒപ്പമാണ് നീതു വളർന്നത്. പഠിച്ച് ജീവിതം കരക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ പെൺകുട്ടി. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയ്ക്ക് നിതീഷിനെ നേരത്തെ പരിചയമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

വടക്കേകാട് സ്വദേശി നിതീഷ് പലപ്പോഴും ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട പെണ്‍കുട്ടി നീതു പരാതിപ്പെട്ടിരുന്നതായി ബന്ധുക്കള്‍ വിശദമാക്കി.രാവിലെ 7 മണിക്കാണ് സംഭവം. ചീയാരം പോസ്റ്റ് ഓഫീസിനു സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്‍റ മുറ്റം വഴി പെണ്‍കുട്ടിയുടെ വീടിന്‍റെ അടുക്കളഭാഗത്തിലൂടെയാണ് അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്.

ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.  മൃതദേഹം കണ്ടെത്തിയപ്പോള്‍ നെഞ്ചില്‍ രക്തമുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു.  നീതുവിന്റെ വീട്ടില്‍ മുത്തശ്ശി മാത്രമായിരുന്നു ഉണ്ടായിരുന്നത്. പുലര്‍ച്ചെ ഏഴിനും ഏഴരയ്ക്കുമിടയിലാണ് കൊലപാതകം സംഭവിച്ചത്.

അടുത്തുള്ള മറ്റൊരു വഴിയില്‍ തന്റെ ബുള്ളറ്റ് വച്ച ശേഷം പ്രതി നിതീഷ് വീടിന് പിന്നിലൂടെയാണ് അകത്തേക്ക് കടന്നത്. പിന്നീട് വാക്ക് തര്‍ക്കമുണ്ടാകുകയും കത്തി ഉപയോഗിച്ച്‌ കുത്തിയ ശേഷം കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ശബ്ദം കേട്ടെത്തിയ ആളുകള്‍ നിതീഷിനെ പിടികൂടുകയായിരുന്നു. രാവിലെ ഏഴു മണിയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്.

ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനടക്കം 19പേര്‍ വഡോദരയില്‍ അറസ്റ്റിലായി. ബറോഡയുടെ മുന്‍ രഞ്ജി താരവും മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകനുമായ തുഷാര്‍ അറോത്തയടക്കമുള്ളവരെയാണ് വഡോദര ഡിസിപി ജയ്ദീപ്സിന്‍ ജഡേജയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും വാഹനങ്ങളും പിടിച്ചെടുത്തു. വഡോദരയിലെ അല്‍കാപുരിയിലുള്ള ഒരു കഫേയില്‍ നടത്തിയ റെയ്ഡിനിടെയാണ് സംഘത്തെ പിടികൂടിയത്.

വ്യത്യസ്തമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ഇവര്‍ ഓണ്‍ലൈന്‍ വഴി വാതുവെയ്പ്പ് നടത്തുകയായിരുന്നുവെന്നും പ്രതികളുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്തിയതായും പൊലീസ് പറയുന്നു. എന്നാല്‍ അറോത്തയുടെ മൊബൈലില്‍ ബെറ്റിങ് ആപ് കണ്ടെത്താനായിട്ടില്ല. അറോത്തയടക്കമുള്ള പ്രതികളില്‍ കൊളജ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടന്ന രണ്ടാമത്തെ അറസ്റ്റായിരുന്നു ഇത്. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ വാതുവയ്പ്പ് നടത്തിയതിന്റെ പേരില്‍ 15 പേര്‍ അജ്മീറില്‍ അറസ്റ്റിലായിരുന്നു. ഇവിടുത്തെ ഒരു അപ്പാര്‍ട്ട്മെന്റില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് 15 പേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 54,000 രൂപ, 82 മൊബൈല്‍ ഫോണുകള്‍, നാല് ടിവി, ആറ് ലാപ്ടോപ്പുകള്‍, വൈഫൈ ഡോങ്കിള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു.

കോഴിക്കോട്ടെ ട്രാന്‍സ്ജന്‍ഡറുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ശക്തമാക്കി പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ ഷാലുവിന്റെ ആന്തരിക അവയവങ്ങളും സ്രവങ്ങളും രാസപരിശോധനയ്ക്കയച്ചു. കഴുത്തില്‍ സാരിമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്.

മൃതദേഹം കാണപ്പെട്ട ഇടവഴിക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ വഴിത്തിരിവായത്. രാത്രി പതിനൊന്നുമണിയോടെ ഷാലുവിനൊപ്പം ഇടവഴിയിലൂടെ നടന്നുപോകുന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ യുവാവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് വ്യക്തമല്ല. ദൃശ്യങ്ങളില്‍ കണ്ട മറ്റുള്ളവര്‍ക്കായും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരില്‍നിന്നടക്കം മൊഴിയെടുത്തതിനുശേഷമാകും അറസ്റ്റുള്‍പ്പെടെയുള്ള നടപടകളിലേക്ക് നീങ്ങുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് നായ മാവൂര്‍ റോഡ് ശ്മശാനത്തിനടുത്തുള്ള ഒരു ഷെഡിനു സമീപത്തേക്കാണ് എത്തിയത്. ഇവിടെയും പരിശോധന നടത്തി. തനിക്കുനേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഷാലു സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു.

കോഴിക്കോട്ടെ ട്രാന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍സ്ജന്‍ഡര്‍ കൂട്ടായ്മയായ പുനര്‍ജനി മുഖേന പൊലീസില്‍ പരാതിനല്‍കുന്നതിനായാണ് ഷാലു ‍ഞായറാഴ്ച ഉച്ചതിരിഞ്ഞ് കോഴിക്കോടെത്തിയത്. കേസ് അന്വേഷിക്കുന്ന നടക്കാവ് പൊലീസ് ഷാലു താമസിച്ചിരുന്ന മലപ്പുറം കുറ്റിപ്പുറത്തെ വീട്ടിലുമെത്തി തെളിവെടുപ്പ് നടത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ മൊഴിയെടുത്തു. കണ്ണൂര്‍ ആലക്കോട് സ്വദേശിയായ ഷാലുവിനെ തിങ്കളാഴ്ച പുലര്‍ച്ചയാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുസമീപമുള്ള യു.കെ.ശങ്കുണ്ണി റോഡിന്റെ ഇടവഴിയില്‍ കണ്ടെത്തിയത്. കഴുത്തില്‍ സാരിചുറ്റുമുറുക്കിയ നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ചെ പത്രവിതരണത്തിനെത്തിയയാളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ ബല്ലാര്‍പൂരില്‍ ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് അധ്യാപകനായ ഭര്‍ത്താവ് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുമ്പ് ഇയാള്‍ രണ്ട് പെണ്‍കുട്ടികളെയും കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഭാര്യയ്ക്ക് അയച്ചുകൊടുത്തു.

ചൊവ്വാഴ്ചയാണ് നാല്‍പ്പത് വയസ്സുള്ള ഐടിഐ അധ്യാപകന്‍ രണ്ട് പെണ്‍കുട്ടികളെ തൂക്കിക്കൊന്നത്. ഇതിന് ശേഷം കൊലപാതത്തിന്‍റെ ചിത്രങ്ങള്‍ ഭാര്യയ്ക്ക് വാട്ട്സാപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു. ഭാര്യ ഡ്രൈവറുടെ കൂടെ ഒളിച്ചോടിയതില്‍ മനംനൊന്താണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളുടെ ഭാര്യ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ ഉപേക്ഷിച്ച് ഡ്രൈവറുടെ കൂടെ ഒളിച്ചോടിയത്. ആറുവയസ്സും 18 വയസ്സും പ്രായമായ പെണ്‍കുട്ടികളാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

ദില്ലിയിലെ തിമാര്‍പുറില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങിയുണ്ടായ മുറിവിനെ തുടര്‍ന്ന് 18-കാരന് ദാരുണാന്ത്യം. മൂര്‍ച്ചയേറിയ ചൈനീസ് മഞ്ചയാണ് കഴുത്തില്‍ കുരുങ്ങിയതെന്നാണ് സംശയം. ഈ ഇനം നൂലുകള്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതാണെങ്കിലും അനധികൃതമായി വില്‍ക്കപ്പെടുന്നുണ്ട്. ഉച്ചയ്ക്ക് മാര്‍ക്കറ്റിലേക്ക് പോകുന്ന വഴിക്ക് നടന്ന അപകടത്തില്‍ ദില്ലിയിലെ ഗാന്ധി വിഹാറില്‍ താമസിക്കുന്ന രവി കുമാറാണ് മരിച്ചത്. നൂല്‍ ഒരു മരത്തില്‍ നിന്ന് റോഡിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴി. എന്നാല്‍ ഇതെങ്ങിനെ കഴുത്തില്‍ ചുറ്റിയെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.

ചൈനയില്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ വിപണനത്തിനെത്തുന്ന മഞ്ച നൂലുകള്‍ 2017 ജനുവരിയിലാണ് നിരോധിച്ചത്. ദൃഢതയേറിയ ഈ നൂലുകള്‍ പൊട്ടില്ലെന്നതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം. ആരെങ്കിലും പട്ടം പറത്തിയിട്ടല്ല അപകടം ഉണ്ടായതെന്ന വാദത്തില്‍ സാക്ഷികള്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 336 വകുപ്പുകള്‍ പ്രകാരം അജ്ഞാതനെതിരെ ജീവനും വ്യക്തിസുരക്ഷയ്ക്കും ഭീഷണിയാകും വിധമുള്ള കുറ്റകരമായ അനാസ്ഥയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പമാണ് രവി കുമാര്‍ കഴിഞ്ഞിരുന്നത്. അഞ്ച് സഹോദരങ്ങളില്‍ രണ്ടാമനായിരുന്ന രവി, അടുത്തിടെയാണ് ജോലിക്ക് പോയിത്തുടങ്ങിയത്. രവിയുടെ അച്ഛന്‍ രാം കിഷോര്‍ ഒരു തട്ടുകടയില്‍ നിന്നാണ് ഉപജീവനം കണ്ടെത്തുന്നത്.

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. തലച്ചോര്‍ പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല.

കഴിഞ്ഞ ഒരാഴ്ചക്കിടെ ആരോഗ്യ നിലയില്‍ ഒരു പുരോഗനവുമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരുക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികള്‍ക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാല്‍ ശ്വാസ കോശത്തിലും വയറിലും എയര്‍ ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി തലവന്‍ ഡോ. ജി.ശ്രീകുമാര്‍ പറഞ്ഞു

വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അമ്മയും കാമുകനായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി.

കുട്ടിക്കുണ്ടായ പരുക്കിനെകുറിച്ച് ഇരുവരും വ്യത്യസ്തമായി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി പിആര്‍ഒ പുത്തന്‍കുരിശ് എസ്‌ഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമം വ്യക്തമാകുന്നത്.

RECENT POSTS
Copyright © . All rights reserved