തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കൊലപാതകം. മദ്യലഹരിയില്‍ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി, കൊലക്കേസ് ശിക്ഷ അനുഭവിച്ചിട്ടുള്ള യുവാവ് വെട്ടേറ്റ് മരിച്ചു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. രണ്ടാഴ്ചക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
തലസ്ഥാന നഗരമധ്യത്തില്‍ മ്യൂസിയം സ്റ്റേഷന് പരിധിയിലുള്ള ബാര്‍ട്ടന്‍ഹില്‍ കോളനിയിലാണ് നഗരത്തെ ഞെട്ടിച്ച മൂന്നാം കൊലപാതകമുണ്ടായത്. കോളനിവാസിയും ഓട്ടോ ഡ്രൈവറായ കെ.എസ്. അനിയാണ് വെട്ടേറ്റ് മരിച്ചത്. അനിയുടെ അയല്‍വാസിയായ ജീവന് വേണ്ടി തിരച്ചില്‍ തുടങ്ങി. ഗുണ്ടാകുടിപ്പകയാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഏതാനും വര്‍ഷം മുന്‍പ് കൊലപാതകകേസില്‍ പ്രതിയായിട്ടുള്ളയാളാണ് കൊല്ലപ്പെട്ട അനി. പ്രതിയായ ജീവന് കാപ്പാ നിയമം ചുമത്തപ്പെട്ട ഗുണ്ടയുമാണ്. രാത്രി പത്ത് മണിയോടെ കോളനിയിലേക്കുള്ള വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും ജീവന് കത്തികൊണ്ട് അനിയെ വെട്ടുകയുമായിരുന്നു. വെട്ടേറ്റ് റോഡില്‍ കിടന്ന അനിയെ പൊലീസെത്തിയാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. ഏതാനും മാസം മുന്‍പ് , ജീവന്റെ സഹോദരിയെ അനി മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇതാണ് തര്‍ക്കത്തിന് കാരണമെന്നും കരുതുന്നു.
എന്നാല്‍ ജീവനൊപ്പം ഗുണ്ടകളായ മറ്റ് നാല് പേര് കൂടിയുണ്ടായിരുന്നെന്നും വീട്ടിലേക്ക് വന്ന അനിയെ ഇവര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചെന്നുമാണ് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നത്. അനിയുടെ മരണത്തോടെ തുടര്‍ച്ചയായ മൂന്നാം കൊലയ്ക്കാണ് നഗരം വേദിയായിരിക്കുന്നത്. കരമനയില്‍ അനന്തു ഗിരീഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ശ്രീവരാഹത്ത് ശ്യാമിനെ കുത്തിക്കൊലപ്പെടുത്തിയതുമാണ് രണ്ട് കൊലപാതകങ്ങള്‍.
ഇതിനെല്ലാം പിന്നില്‍ ഗുണ്ടകളും ലഹരിമാഫിയാ സംഘങ്ങളുമാണ്. ഇവരെ നിയന്ത്രിക്കാന്‍ ഓപ്പറേഷന് ബോള്‍ട്ടെന്ന പേരില്‍ പ്രത്യേക പരിശോധനകള്‍ നടക്കുന്നതിനിടെ ഗുണ്ടകള്‍ പൊതുവഴിയില്‍ ഏറ്റുമുട്ടി കൊന്നത് പൊലീസിന്റെ നാണക്കേടും നാട്ടുകാരുടെ ആശങ്കയും വര്‍ധിപ്പിക്കുകയാണ്
ഡോക്ടറുടെ 2 ദിവസം പഴക്കമുള്ള മൃതദേഹം അദ്ദേഹം നടത്തിവന്ന ക്ലിനിക്കിൽ കണ്ടെത്തി. ചേപ്പാട് വലിയകുഴി താഴുവള്ളിൽ വേണുഗോപാലിന്റെ മകൻ ഡോ. അനീഷിന്റെ (32) മൃതദേഹമാണു മുതുകുളം സബ് ട്രഷറിക്കു സമീത്തെ ഡന്റൽ ക്ലിനിക്കിൽ ഇന്നലെ സന്ധ്യയോടെ കാണപ്പെട്ടത്. മുറിയിൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
2 ദിവസമായി ക്ലിനിക് തുറന്നിരുന്നില്ല. വാതിൽ പൂർണമായി അടച്ചിരുന്നുമില്ല. സുഹൃത്ത് ഇന്നലെ സന്ധ്യയോടെയെത്തി തുറന്നു നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. പലപ്പോഴും അനീഷ് ക്ലിനിക്കിൽ താമസിക്കാറുണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഫോണിൽ ബന്ധപ്പെട്ടിട്ടു കിട്ടാതിരുന്നതിനാൽ പിതാവ് വേണുഗോപാൽ അന്വേഷിച്ച് എത്തിയിരുന്നു. അവിവാഹിതനാണ്. രാധയാണു മാതാവ്.
കോട്ടയം: കാണക്കാരിയിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴക്കാലയിൽ ചിന്നമ്മയാണ് മരിച്ചത്. പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് നിന്ന് പെട്രോളും ലൈറ്ററും കണ്ടെടുത്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മകൻ ബിനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീടിന് സമീപത്തെ പറമ്പിൽ ചിന്നമ്മയുടെ മൃതദേഹം ഉണ്ടെന്ന വിവരം ബിനുരാജ് തന്നെയാണ് അയൽവാസികളെ അറിയിച്ചത്. ബിനുരാജും ചിന്നമ്മയും തമ്മിൽ കുറേകാലമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നതായും പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു.
ഭർത്താവിന് തന്നേക്കാൾ ഇഷ്ടം കുഞ്ഞിനോട്, അമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. ഉക്രയിനിലെ റിവ്നെ ഓബ്ലാസ്റ്റ് റീജിയണില്‍ 21 കാരിയായ യുവതിയാണ് ഈ ക്രൂരത ചെയ്തത്. യുവതിയുടെ പേര് പുറത്തുവിട്ടിട്ടില്ല. ഭർത്താവ് മാലിന്യം കളയാൻ പോയ സമയത്താണ് യുവതി കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത്. ഭാര്യയുടെ കയ്യിൽ ചോര പുരണ്ടിരിക്കുന്നത് കണ്ട് അന്വേഷണം നടത്തിയപ്പോഴാണ് പെൺകുഞ്ഞിന്റെ മൃതദേഹം കാണുന്നത്. മകൻ പുറത്തുപോയ സമയത്ത് മരുമകൾ അടുക്കളയിൽ നിന്നും കത്തിയെടുക്കുന്നത് കണ്ടതായി ഭർത്താവിന്റെ അമ്മയുടെ പൊലീസിനെ അറിയിച്ചു.
മകൻ സ്വന്തം കുഞ്ഞിനോട് വാത്സല്യം കാണിക്കുന്നതിൽ മരുമകൾക്ക് അസൂയയായിരുന്നുവെന്നും ഇവർ പറയുന്നു. താൻ കുഞ്ഞിനെ സ്നേഹിക്കുന്നതിലും മരുമകൾക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്ന് ഈ അമ്മ പറയുന്നു. അടുക്കളയിലെ സിങ്കിൽ നിന്നാണ് കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തിയത്. അതിൽ കുഞ്ഞിന്റെ രക്തം പുരണ്ടിരുന്നു.
പ്രതിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവോയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മാര്‍ച്ച് മൂന്നിന് ഈ യുവതിയെ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും വിട്ടയച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിക്ക് ജന്മമേകിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. യുവതിയെ കസ്റ്റഡിയിലെടുക്കുകയും മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.
ഹരിയാനയിലെ ഗൂര്‍ഗോണില്‍ ഹോളി ദിനത്തില്‍ സംഭവിച്ച ആക്രമണമാണ് ഇപ്പോള്‍ ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. 25 പേരടങ്ങുന്ന സംഘം ആയുധങ്ങളുമായെത്തി മുസ്ലിം കുടുംബത്തെ ആക്രമിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ ആറു പേര് അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. കുടുംബത്തെ അക്രമികള്‍ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. 20-25 പേരുടെ സംഘമാണ് വടിയും കുന്തവും വാളും അടക്കമുള്ള ആയുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പ് ഗുരുഗ്രാമിലേക്ക് താമസം മാറിയ മുഹമ്മദ് സാജിദിന്റെ കുടുംബത്തിന് നേരെയായിരുന്നു അക്രമം. ഇവരുടെ വീട്ടിലെത്തിയ അതിഥികള്‍ക്കൊപ്പം കുട്ടികള്‍ സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. ഇതിനിടെ രണ്ട് പേര് ബൈക്കില്‍ വന്ന് ‘നിങ്ങളെന്താണ് ചെയ്യുന്നത്? പാകിസ്താനില്‍ പോയി ക്രിക്കറ്റ് കളിക്കൂ’ എന്ന് പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇത് മുഹമ്മദ് സാജിദ് ചോദ്യം ചെയ്തതോടെ ഭീഷണികളുമായി ഇവര്‍ മടങ്ങി.
പത്തുമിനുറ്റിന് ശേഷം ആറ് പേര് ആയുധങ്ങളുമായി രണ്ട് ബൈക്കിലും നടന്നുകൊണ്ട് ഇരുപതോളം പേരും മൈതാനത്തേക്ക് വന്നു. ആയുധങ്ങളുമായി ഇവര്‍ വരുന്നത് കണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന കുട്ടികള്‍ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. കുന്തവും വടികളും വാളുമായിട്ടായിരുന്നു ആള്‍ക്കൂട്ടം വന്നത്. വീട്ടില്‍ കയറിയവര്‍ വാതിലടച്ചതോടെ പുരുഷന്മാരെ ഇറക്കിവിട്ടില്ലെങ്കില്‍ എല്ലാവരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വൈകാതെ താഴത്തെ നിലയിലെ വാതില്‍ പൊളിച്ച് വീടിനകത്തുകയറിയ ഇവര്‍ പുരുഷന്മാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐ.പി.സി 148(കൊള്ള), 149(നിയമവിരുദ്ധമായി സംഘം ചേരല്‍), 307(കൊലപാതകശ്രമം), 323(ബോധപൂര്‍വ്വം മുറിവേല്‍പ്പിക്കല്‍), 452(വീട്ടില്‍ അതിക്രമിച്ചു കയറല്‍), 506(ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമികളില്‍ പലരേയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആറ് പേരെ അറസ്റ്റു ചെയ്തെന്നും ബോണ്ട്സി പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സുരേന്ദര്‍ കുമാര്‍ പറഞ്ഞു.
മുകള്‍ നിലയിലെ ടെറസില്‍ ഒളിച്ച കുടുംബത്തിലെ ചിലര്‍ മൊബൈലില്‍ വീഡിയോ എടുക്കുകയും ഇത് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തതോടെയാണ് ക്രൂര മര്‍ദനം പുറത്തറിയുന്നത്. കുടുംബാംഗങ്ങളെ മര്‍ദിച്ച അക്രമിസംഘം സ്വര്‍ണ്ണവും 25,000 രൂപ പണവും അടക്കം വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നു. നിര്‍ത്തിയിട്ടിരുന്ന കാറുകളും വീടിന്റെ ജനലുകളും അക്രമിസംഘം തല്ലിതകര്‍ത്തു. എത്രയും പെട്ടെന്ന് വീട് ഒഴിഞ്ഞ് പോകണമെന്ന ഭീഷണിയും മുഴക്കിയാണ് സംഘം സ്ഥലം വിട്ടതെന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ കുടുംബം വ്യക്തമാക്കുന്നു.
Haryana: #Visuals from the residence in Gurugram that was vandalised & where the family members were beaten up on March 21. Police registered a case; police said, “children of a local were playing cricket, a few men threatened them asking not to play cricket there &attacked them” pic.twitter.com/TvklDkNa9i
— ANI (@ANI) March 23, 2019
hey! @GautamGambhir say something about this👇
Muslim household attacked in Bhonsdi, Gurgaon. This is 2019!#Gurugram
pic.twitter.com/TtREMhA9Am— Aaquib Khan (@itsAaquibKhan) March 22, 2019
പാലക്കാട് ചെർപ്പുളശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ യുവതി പീഡനത്തിനിരയായ കേസിൽ പ്രതി അറസ്റ്റില്‍. ചെര്‍പ്പുളശേരി പുത്തനാലയ്ക്കല്‍ തട്ടാരുതൊടിയില്‍ പി പ്രകാശനാണ് അറസ്റ്റിലായത്. പാര്‍ട്ടി ഒാഫീസില്‍ വച്ച് പീഡനത്തിനിരയായെന്ന് യുവതി പൊലീസിനും മജിസ്ട്രേറ്റിനും മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റു രേഖപ്പെടുത്തിയത്. ടുവീലര്‍ വര്‍ക് ഷോപ്പ് നടത്തുന്ന പ്രകാശന് കഴിഞ്ഞ വര്‍ഷം ജൂണിലാണ് യുവതിയെ പീഡിപ്പിച്ചത്. കഴിഞ്ഞ പതിനാറിന് മണ്ണൂര്‍ നഗരിപ്പുറത്ത് നവജാതശിശുവിനെ ലഭിച്ചിരുന്നു. കുഞ്ഞിന്റെ അമ്മയെതേടിയുളള പൊലീസ് അന്വേഷണത്തിലാണ് പാര്‍ട്ടി ഒാഫീസിലെ പീഡനത്തെക്കുറിച്ച് മൊഴി ലഭിച്ചത്. പാര്‍ട്ടി ഒാഫീസില്‍ വച്ച് പീഡനം നടന്നിട്ടില്ലെന്നാണ് സിപിഎം വിശദീകരണം.
പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ പീഡനത്തിനിരയായെന്ന പരാതിയിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്. നേരത്തെ പൊലീസിന് നൽകിയ മൊഴി യുവതി ആവർത്തിച്ചതായാണ് സൂചന.
യുവതി ചികിത്സയിലുള്ള ആശുപത്രിയിലെത്തി പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് മൊഴിയെടുത്തത്. 2018 ജൂണിൽ സിപിഎം ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിൽ വെച്ച് പീഡനത്തിനിരയായെന്ന മൊഴി യുവതി ആവർത്തിച്ചതായാണ് സൂചന. ആരോപണ വിധേയനായ ചെർപ്പുളശേരി സ്വദേശിയായ പ്രകാശനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ടു മൊഴികളും തമ്മിൽ മാറ്റമില്ലെങ്കിൽ പ്രകാശന്റെ അറസ്റ്റ് ഉടനുണ്ടാകും.
ചെർപ്പുളശ്ശേരി ഏരിയാ കമ്മറ്റി ഓഫീസിലെ ഡിവൈഎഫ്ഐയുടെ മുറിയിൽ വച്ച് കുടിക്കാൻ പാനീയം നൽകി മയക്കിയശേഷം പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നൽകിയ ആദ്യ മൊഴി. പരാതിക്കാരിയും ആരോപണ വിധേയനും പാർട്ടിക്കാരല്ലെന്നാണ് സിപിഎം വിശദീകരണം. യുവതിയുടെ മൊഴി പ്രകാരം വസ്തുതാ പരിശോധന നടത്തി തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം
കായംകുളത്ത് വിവാഹത്തട്ടിപ്പിന് അറസ്റ്റിലായ ശാലിനി വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് ഒരു ഡസിനിലധികം പേരെയെന്ന് റിപ്പോർട്ടുകൾ. ഇതിലൂടെ 200 പവനിലധികം സ്വർണം അടിച്ചു മാറ്റിയിട്ടുള്ള ഇവർ ബാങ്ക് ജോലി വാഗ്ദാനം ചെയ്ത് കോട്ടയം മോനിപ്പള്ളിയിൽ വെച്ച് പല യുവാക്കളിൽ നിന്നുമായി കബളിപ്പിച്ചെടുത്തത് 19 ലക്ഷം രൂപയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. വിവാഹം കഴിച്ച് രണ്ടോ മൂന്നോ ദിവസം മാത്രം ഭർത്താവിന്റെ വീട്ടിൽ കഴിയുന്ന ഇവർ അതിനിടെ എല്ലാം അടിച്ചു മാറ്റി മുങ്ങുകയാണ് രീതി.
കായംകുളംത്ത് വിവാഹത്തട്ടിപ്പ് നടത്തിയ കേസിലാണ് തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തിൽ ശാലിനി(35) ഒടുവിൽ അറസ്റ്റിലായത്. പുതുപ്പള്ളി സ്വദേശി സുധീഷ് ബാബു കായംകുളം പോലീസിനു നൽകിയ പരാതിയിലാണ് നടപടി. വിവാഹ മോചിതനായ ഇദ്ദേഹം നൽകിയ വിവാഹ പരസ്യത്തിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിനു വാരണപ്പള്ളി ക്ഷേത്രത്തിൽവച്ചു വിവാഹം കഴിച്ചു. ഇതിനു ശേഷമാണ് ഇവരുടെ തട്ടിപ്പ് തിരിച്ചറിയുന്നത്.
മഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എന്ന നിലയിലാണ് പരിചയപ്പെടുന്നത്. വിവാഹിതയാണെന്നും ഭർത്താവ് മരണപ്പെട്ടതായും പറഞ്ഞു. തുടർന്ന് എറണാകുളത്തുവച്ചാണു നേരിൽ കണ്ടത്. മാതാപിതാക്കൾ ചെറുപ്പത്തിലെ മരണപ്പെട്ടതിനാൽ മറ്റു ബന്ധുക്കളില്ലെന്നും ഭർത്താവിന്റെ സഹോദരിയുടെ സംരക്ഷണയിലാണു കഴിയുന്നതെന്നും അറിയിച്ചു. ഭർതൃസഹോദരിയെന്ന പേരിൽ ആരോ ഫോണിലും വിളിച്ചിരുന്നു.
ഇതിനിടെ യുവാവിന്റെ കൈയിൽ നിന്ന് മൂന്നു പവന്റെ മാല ശാലിനി വാങ്ങി. തന്റെ കൈവശമിരുന്ന മാല അഞ്ചു പവന്റേതാണെന്നു പറഞ്ഞു യുവാവിനു നൽകുകയും ചെയ്തു. പിന്നീട് ഇവർ ജ്വല്ലറിയിൽ പോയും ആഭരണങ്ങൾ വാങ്ങി. ഒാച്ചിറ ക്ഷേത്രദർശനം കഴിഞ്ഞുവരവേയാണ് യുവതിയെ പരിചയമുള്ള ചിലർ കാണുന്നത്.
യുവതി തട്ടിപ്പുകാരിയാണെന്നു ഇവർ യുവാവിനെ അറിയിക്കുകയും നേരത്തെ വന്ന ടിവി വാർത്തയുടെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. ഇതോടെ യുവതി തനിക്കു സമ്മാനിച്ച മാല യുവാവ് പരിശോധിപ്പിച്ചപ്പോൾ മുക്കുപണ്ടമാണെന്നു വ്യക്തമായി. തുടർന്നാണ് കേസ് നൽകിയത്. യുവാവിന്റെ പെരുമാറ്റത്തിൽനിന്ന് പന്തികേടു തോന്നിയ യുവതി സ്ഥലംവിടാനായി കായംകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തുശൂർ ജില്ലകളിൽ നിന്നും ഒരു ഡസനിലധികം പരാതികളാണ് ആയൂർ സ്വദേശിനിയായ ഇവർക്കെതിരേ പോലീസിന് കിട്ടിയിട്ടുള്ളത്. 2014 ൽ കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് മധ്യവയസ്ക്കനായ ഒരു ഓട്ടോ ഡ്രൈവറെ വിവാഹം ചെയ്തു മുങ്ങിയ ഇവരെ മൂന്നാം ദിവസം പഴനിയിൽ നിന്നായിരുന്നു പോലീസ് പൊക്കിയത്. ഹൈക്കോടതി അഭിഭാഷകയെന്ന് പത്രപ്പരസ്യം നൽകി സുഹൃത്തിനെ ഉപയോഗിച്ചായിരുന്നു വിവാഹം ഉറപ്പിച്ചത്.
വരനെക്കൊണ്ട് ആഭരണങ്ങളും ഉടയാടകളും വാങ്ങിപ്പിച്ച് സദ്യയുമൊക്കെ നടത്തിച്ചായിരുന്നു വിവാഹം. പിറ്റേന്ന് ആലപ്പുഴ ബീച്ച് കാണാൻ പോയപ്പോൾ അവിടെ വെച്ച് മുങ്ങി. അഭിഭാഷകനെ കാണാൻ പോകണമെന്ന് പറഞ്ഞ് കാർ പിടിച്ചായിരുന്നു ആലപ്പുഴയിലേക്ക് ഇരുവരും പോയത്.ഭർത്താവിനെ ബീച്ചിൽ ഇരുത്തിയ ശേഷം മുങ്ങുകയായിരുന്നു. രാത്രി വൈകിയിട്ടും തിരികെ വരാതിരുന്നതോടെ ഓട്ടോഡ്രൈവർ പോലീസിൽ പരാതിപ്പെട്ടു.
കല്യാണത്തിന് ഫോട്ടോഗ്രാഫർ വേണ്ടെന്ന് നിലപാടെടുത്തിരുന്ന ശാലിനി ചെലവ് ചുരുക്കൽ പറഞ്ഞാണ് ഫോട്ടോയിൽ നിന്നും ഒഴിവായത്. പിന്നീട് മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഉപയോഗിച്ചായിരുന്നു പോലീസ് അന്വേഷിച്ചത്. ഇവരെ കാവാലം സ്വദേശിയായ മറ്റൊരു മുൻ ഭർത്താവിനെ ഉപയോഗിച്ചായിരുന്നു പോലീസ് പിടികൂടിയത്.
പഴനിയിൽ വെച്ച് അറസ്റ്റിലാകുന്പോൾ ഓട്ടോ ഡ്രൈവർ അണിയിച്ച താലി മാലയും 20,000 രൂപയും ഇവരുടെ പക്കലുണ്ടായിരുന്നു. പിന്നീട് കേസ് നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പാക്കി മാറ്റുകയായിരുന്നു. ചിങ്ങവനം കാരനെ തട്ടിച്ച പ്രശ്നം അവസാനിച്ച് മാസങ്ങൾ കഴിയും മുന്‍പ് അടുത്ത വിവാഹത്തട്ടിപ്പിനായി ഇറങ്ങി.
പക്ഷേ ഓട്ടോ ഡ്രൈവർ നൽകിയ മൊബൈൽ ഫോട്ടോ പത്രത്തിൽ വന്നതോടെയാണ് പലർക്കും തട്ടിപ്പിനിരയായത് ബോധ്യപ്പെട്ടത്. ആയൂർ സ്വദേശിയാണെങ്കിലും മലപ്പുറം ജില്ലയിൽ താമസിച്ചു വരികയായിരുന്ന ശാലിനി അഭിഭാഷക, കോടതി ഉദ്യോഗസ്ഥ എന്നൊക്കെ പത്രപ്പരസ്യം നൽകിയാണ് വിവാഹത്തട്ടിപ്പ്.
കുളനട ഉള്ളന്നൂർ വിളയാടിശ്ശേരിൽ ക്ഷേത്രത്തിൽ വിവാഹം ചെയ്ത ശാലിനിയെ അവിടെവെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ കബളിക്കലിന് ഇരയായ ഒരാളുടെ സുഹൃത്ത് ശാലിനിയെ തിരിച്ചറിയുകയായിരുന്നു. ഷീബ എന്ന വിളിപ്പേരിലും ഇവർ അറിയപ്പെട്ടിരുന്നു.
പനങ്ങാട് കേന്ദ്രീകരിച്ചു വിവാഹത്തട്ടിപ്പു നടത്തിയ കേസിൽ ശാലിനിയുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമാനൂർ തെള്ളകം പേരൂർ കുഴിച്ചാലിൽ കെ.പി.തുളസീദാസ് (42) ആണ് പോലീസ് പിടിയിലായത്. വിവാഹതട്ടിപ്പു നടത്തിയതിനെ തുടർന്ന് ശാലിനിയെ ഉള്ളന്നൂർ വിളയാടി ക്ഷേത്രത്തിലെ വിവാഹവേദിയിൽ നിന്നും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് യുവതിയുടെ മൊബൈലിൽ ഏട്ടൻ നന്പർ വണ്‍ എന്ന പേരിൽ നിരവധി വിളികൾ വന്നിരുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാറിയുടുക്കാൻ വസ്ത്രം വേണമെന്നാവശ്യപ്പെട്ടു യുവതിയെ കൊണ്ടുവിളിപ്പിച്ച പോലീസ് വസ്ത്രവുമായി സ്റ്റേഷനിൽ എത്തിയ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നുമാണ് സഹോദരൻ അല്ലെന്നും വിവാഹത്തട്ടിപ്പിനു യുവതിയുടെ കൂട്ടാളിയായി പ്രവർത്തിക്കുകയാണെന്നും മനസ്സിലായത്.
ഒരു വർഷമായി ഇവർ ഒന്നിച്ചായിരുന്നു താമസം. ഇയാളുടെ പക്കൽ നിന്ന് ഇരുവരുടെയും പേരിലുള്ള എടിഎം, വീസാ കാർഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഉള്ളന്നൂരിലെ വിവാഹത്തട്ടിപ്പും ഇരുവരും ചേർന്ന് ആസൂത്രണം ചെയ്തതാണ്. തട്ടിപ്പിനിരയായ യുവാവിൽ നിന്നു വാങ്ങിയ പണം ഇരുവരും ചെലവഴിച്ചതായും പോലീസ് പറഞ്ഞു.
പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാലിനിക്ക് ഒരു ഡസനിലധികം ഭർത്താക്കൻമാരുള്ളത്. ഇവരിൽ എല്ലാവരും പറ്റിക്കപ്പെട്ടു എങ്കിലും കിടങ്ങന്നൂർ സ്വദേശി പ്രമോദ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കുന്പനാട്ടുകാരൻ, ചിങ്ങവനം സ്വദേശിയായ ഒാട്ടോ ഡ്രൈവർ, പുതുപ്പള്ളി സ്വദേശി സുധീഷ് തുടങ്ങി ചിലർ മാത്രമാണ് ശാലിനിക്കെതിരേ പരാതി നൽകാൻ തയാറായത്. ശാലിയുടെ ആദ്യഭർത്താവ് ഉണ്ണികൃഷ്ണൻ എന്നാണ് പോലീസ് പറയുന്നത്. രണ്ടാമത്തെ ഭർത്താവ് ചെന്നൈ സ്വദേശിയായ ബേബിയാണത്രേ.
പത്രത്തിൽ വിവാഹപ്പരസ്യം നൽകിയാണ് ശാലിനി വിവാഹത്തട്ടിപ്പുകൾ നടത്താറുള്ളത്. കോടതിയിൽ ഹാജരാക്കുന്പോഴും ശാലിനിക്ക് ഒരു കൂസലുണ്ടായിരുന്നില്ല. മജിസ്ട്രേട്ടിന്റെ ചോദ്യങ്ങൾക്കു ചിരിച്ചുകൊണ്ടാണ് ശാലിനി മറുപടി പറഞ്ഞത്. കോടതിക്ക് പുറത്ത് തടിച്ച് കൂടിയ മാധ്യമ പ്രവർത്തകരെ നോക്കി ചിരിക്കാനും, ഞാൻ പോസ് ചെയ്തു തരണോ എന്ന് ചോദിക്കാനും ശാലിനി സമയം കണ്ടെത്തി.
ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. തട്ടികൊണ്ടുപോയി അഞ്ചുദിവസം കഴിഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ബംഗലൂരൂ, രാജസ്ഥാന് എന്നിവിടങ്ങളിലും കേരളത്തിലെ വടക്കന്‍ ജില്ലകളിലും ലുക്ക് ഔട്ട് നോട്ടീസിറക്കും. നിലവില്‍ കേസന്വേഷിച്ചുകൊണ്ടിരുന്ന ഓച്ചിറ എസ്ഐ, സിഐ, എന്നിവരില്‍ നിന്നും അന്വേഷണചുമതല കരുനാഗപളളി എസ്പിക്ക് കൈമാറി.
അതേസമയം പ്രതിയെ കണ്ടെത്താന്‍ സാധിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചു. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ മുഹമ്മദ് റോഷന് സ്ഥലത്തെ സിപിഎം നേതാവ് നവാസിന്റെ മകനായതിനാലാണ് കേസ് മുന്നോട്ട് പോകാത്തതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
കോട്ടയം: സൗദിയിൽനിന്ന് ആളുമാറി കോന്നിയിലെത്തിച്ച ശ്രീലങ്കൻ യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിക്കാനെത്തിയപ്പോൾ നടപടിക്രമം കുരുക്കായി. ഇതുമൂലം കനത്ത ചൂടിൽ ഒന്നര മണിക്കൂറോളം മൃതദേഹം ആംബുലൻസിൽ കിടക്കേണ്ടി വന്നു. ഒന്നര മണിക്കൂറിനുശേഷം, ശീതീകരണ സംവിധാനമില്ലാത്ത ആംബുലൻസിൽനിന്നു മൃതദേഹം മോർച്ചറിയിലേക്കു മാറ്റുന്പോഴേക്കും ദുർഗന്ധവും അനുഭവപ്പെട്ടു തുടങ്ങി. മോർച്ചറിയിൽ സൂക്ഷിക്കുന്നതിനു പണം സെക്യൂരിറ്റിയായി നൽകണമെന്ന മെഡിക്കൽ കോളജ് അധികൃതരുടെ ആവശ്യം കൊണ്ടുവന്നവർ നിഷേധിച്ചു.
സൗദിയിൽ മരിച്ച കോന്നി ഉതിമൂട് താന്നിമൂട്ടിൽ റഫീഖിന്റെ മൃതദേഹത്തിനു പകരമാണ് മറ്റൊരു ശ്രീലങ്കൻ യുവതിയുടെ മൃതദേഹം ബന്ധുക്കൾക്ക് എത്തിച്ചുനൽകിയത്. സംസ്കാരത്തിനെടുത്തപ്പോഴാണു മൃതദേഹം മാറിയത് ബന്ധുക്കൾ അറിയുന്നത്. ഒടുവിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയതും റഫീഖിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ ചേർന്നാണ്. സൗദിയിൽ എംബാം ചെയ്തു പെട്ടിയിലാക്കി വന്ന ശ്രീലങ്കൻ യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു പെട്ടി തുറന്നതിനു ശേഷം മോർച്ചറിയിൽ വയ്ക്കാൻ സാധിച്ചത് ഏഴര മണിക്കൂറിനു ശേഷമാണ്. പത്തനംതിട്ട കളക്ടറും തഹസിൽദാറും ഇടപെട്ടാണു മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റാൻ നിർദേശിച്ചത്.
റഫീഖിന്റെ പിതാവ് അബ്ദുൾ റസാഖ്, ഭാര്യാ പിതാവ് ഉദുമാൻ, അർധ സഹോദരൻ ജമാലുദീൻ, കോന്നി സ്റ്റേഷനിലെ പോലീസുകാരൻ എന്നിവർ മൃതദേഹവുമായി 12.55നു മോർച്ചറിക്കു മുന്നിലെത്തിയെങ്കിലും നടപടിക്രമങ്ങൾക്കു തടസം നേരിട്ടു. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്യുന്ന മൃതദേഹങ്ങളെ മോർച്ചറിയിൽ സൂക്ഷിക്കൂവെന്ന് ആശുപത്രി അധികൃതർ നിലപാടെടുത്തതോടെ ബന്ധുക്കൾ നിസഹായരായി.
റഫീഖിന്റെ മൃതദേഹം എവിടെയെന്നുപോലും അറിയാത്തതിന്റെ ദുഃഖം പേറുന്പോഴും ആരുടെയോ മൃതദേഹം എന്തു ചെയ്യണമെന്നറിയാത്തതിന്റെ അനിശ്ചിതത്വം. അധികൃതരുടെ കനിവിനായി മെഡിക്കൽ കോളജിലെ ഓഫീസുകൾ കയറിയിറങ്ങുന്പോഴും റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ അധികൃതർ കനിയണമെന്ന പ്രാർഥനയായിരുന്നു ഈ പിതാവിന്. ഈ സമയമത്രയും മോർച്ചറി മുറ്റത്തെ ആംബുലൻസിലെ വലിയ ശവപ്പെട്ടിയിൽ ശ്രീലങ്കൻ യുവതിയുടെ മൃതദേഹം അനാഥമായി കിടന്നു. കോട്ടയം, പത്തനംതിട്ട കളക്ടർമാർ ഇടപെട്ടതോടെ മൂന്നു ദിവസത്തേക്കു മൃതദേഹം സൂക്ഷിക്കാൻ സൂപ്രണ്ട് അനുമതി നൽകി.
മൂന്നു ദിവസത്തേക്കു മൃതദേഹം സൂക്ഷിക്കാമെന്ന അനുമതി പത്രവും വാങ്ങി മോർച്ചറി മുറ്റത്തെത്തുന്പോഴേക്കും സമയം 2.30. മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയെങ്കിലും വിദേശത്തുനിന്നു കൊണ്ടുവന്ന പേടകം സൂക്ഷിക്കാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചു. തർക്കത്തിനൊടുവിൽ പേടകം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലേക്കു മാറ്റി. കൂലിപ്പണിക്കാരനായ അബ്ദുൾ റസാഖിന് ഇതിനോടകം 40,000 രൂപയിലേറെ ചെലവുണ്ട്. ശ്രീലങ്കയിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കാരത്തിനും മറ്റുമായി ഇനിയും പണം കണ്ടെത്തണം.
റഫീക്കിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി
തിരുവനന്തപുരം: സൗദി അറേബ്യയിൽ മരിച്ച കോന്നി കുമ്മണ്ണൂർ സ്വദേശി റഫീക്ക് അബ്ദുൾ റസാഖിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു. നോർക്ക വകുപ്പ് സൗദിയിലെ ഇന്ത്യൻ എംബസിക്ക് കത്തു നൽകുകയും സൗദി എയർലൈൻസ് അധികൃതരുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്.