തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂരപീഡനത്തിന് ഇരയായ ഏഴുവയസുകാരന്‍റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. വെന്‍റിലേറ്ററിലുള്ള കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള കഠിനശ്രമത്തിലാണ് ഡോക്ടര്‍മാര്‍. കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം കവടിയാര്‍ സ്വദേശി അരുണ്‍ ആനന്ദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ കുട്ടി പീഡനത്തിന് ഇരയായ കുമാരമംഗലത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.

തൊടുപുഴ കുമാരമംഗലത്ത് മർദനമേറ്റ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടു വന്ന പ്രതിയുടെ കാറിൽ നിന്നും പൊലീസ് തെളിവുകള്‍ ശേഖരിച്ചു. ദുരൂഹതയുണര്‍ത്തുന്ന വസ്തുക്കളാണ് കാറില്‍ നിന്ന് കണ്ടെടുത്തത്. തെളിവുകള്‍ കേസില്‍ നിര്‍ണായകമാകാനും സാധ്യത.

തിരുവനന്തപുരം റജിസ്ട്രേഷനിലുള്ള കാർ അരുൺ ആനന്ദിന്റയും യുവതിയുടെയും പേരിലുള്ളതാണ്. പ്രതിയുടെ ചുവന്ന കാറിനെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നു. കാറിപ്പോള്‍ തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ്. ഫോറന്‍സിക്ക് സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. കാറിനുള്ളിലുണ്ടായിരുന്ന പ്ലാസ്റ്റിക് പിടിയോടു കൂടിയ ചെറിയ മഴു പുതിയതാണെന്നാണു സൂചന. ഇതുകൊണ്ടു കുട്ടിക്ക് ആക്രമണമുണ്ടായിട്ടില്ലെന്നാണു കരുതുന്നത്. മഴു കടലാസിൽ പൊതിഞ്ഞ നിലയിലായിരുന്നു.

കാറിൽ നിന്നു പകുതി കാലിയായ മദ്യക്കുപ്പിയും സിഗററ്റു പാക്കറ്റും കണ്ടെടുത്തു. കാറിന്റെ ഡിക്കിയിലെ ബാഗിൽ സൂക്ഷിച്ച നിലയിൽ 2 പ്രഷർ കുക്കറുകൾ, വലിയ പ്ലാസ്റ്റിക് ബാസ്കറ്റ് എന്നിവയും കണ്ടെടുത്തു.

കുട്ടിയുമായി തൊടുപുഴയിലെ ആശുപത്രിയിലേക്ക് പ്രതിയും യുവതിയുമെത്തിയത് ഈ കാറിലാണ്. കുട്ടിയെ കോലഞ്ചേരിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് ഏർപ്പാടാക്കിയെങ്കിലും അരുൺ ആംബുലൻസിൽ കയറാൻ കൂട്ടാക്കാതെ കാറില്‍ വരാമെന്ന് വാശിപിടിച്ചത് ഇതും സംശയമുണ്ടാക്കി. തുടര്‍ന്ന് ബലം പ്രയോഗിച്ചാണ് പൊലീസ് പ്രതിയില്‍ നിന്ന് കാര്‍ വാങ്ങി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കാറിലുണ്ടായിരുന്ന വസ്തുക്കള്‍ ഉപയോഗിച്ച് മറ്റെന്തെങ്കിലും പദ്ധതികള്‍ പ്രതിക്കുണ്ടായിരുന്നോയെന്നും സൂചനയുണ്ട്. കുട്ടിക്ക് മരണം സംഭവിച്ചാല്‍ മറവുചെയ്യനാണോ ഇവയെല്ലാം കരുതിയിരുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക്ക് റിപ്പോര്‍ട്ടിന്റെയും പ്രതിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ നിഗമനത്തിലേക്കെത്താനാകുമെന്ന് പൊലീസ് പറഞ്ഞു.

കണ്ണിൽ ചോരയില്ലാതെ ക്രൂരത…..

അരുണ്‍ ആനന്ദ് ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകം അടക്കം ആറ് കേസുകളില്‍ ഇതിന് മുന്‍പ് പ്രതിയായിട്ടുണ്ടെന്നാണ് തിരുവനന്തപുരത്തെ പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

തൊടുപുഴയില്‍ ഏഴുവയസുകാരനെ മര്‍ദിച്ചയാള്‍ കൊലക്കേസിലും പ്രതിയാണ് ഇയാള്‍. ബിയര്‍ കുപ്പി വച്ച് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടില്ല. 2008ല്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. 2007ല്‍ ഒരാളെ മര്‍ദിച്ച കേസിലും പ്രതിയാണ് നന്തന്‍കോട് സ്വദേശിയായ അരുണ്‍ ആനന്ദ്.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും 48 മണിക്കൂർ ഏറെ നിർണായകമാണെന്നും കോലഞ്ചേരി മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.ജി ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പക്കാൻ ഇടുക്കി ജില്ലാ അധികാരികളാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തലച്ചോറിലെ രക്തസ്രാവം നീക്കുന്നതിനായുള്ള അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും കുട്ടിയുടെ ആരോഗ്യനിലയിൽ മാറ്റം വന്നിട്ടില്ല. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും നിലച്ചു. തലയോട്ടിയുടെ പിറക് വശത്തായി രണ്’ പൊട്ടലാണുള്ളത്. ശ്വാസകോശത്തിനും ഹൃദയത്തിനും വൻകുടലിനും തകരാറ് സംഭവിച്ചിട്ടുണ്. രണ്ട് കണ്ണും പുറത്തേക്ക് തള്ളി വന്നിട്ടുണ്ട്. ശക്തമായ വീഴചയിൽൽ സംഭവിക്കുന്നതാണ് ഇത്തരം പരുക്കുകൾ.48 മണിക്കൂർ നിരീക്ഷണം തുടരും.

കുട്ടി പഠിക്കുന്ന തൊടുപുഴ കുമാരമംഗലം എ യു പി സ്കൂൾ അധികൃതരും ആശുപത്രിയിൽ തുടരുകയാണ്. കുട്ടിയുടെ ദേഹമാസകലം കാലങ്ങളായി മര്‍ദനമേറ്റത്തിന്റെ പാടുകളുണ്ടെന്ന് കുഞ്ഞിനെ സന്ദർശിച്ച തൊടുപുഴ എ.ഇ.ഒ. കെ.കെ.രമേശ് കുമാര്‍ പറഞ്ഞു. ഇനിയുള്ള 48 മണിക്കൂർ ഏറെ നിർണായകമാണ്. ചെറിയ പുരോഗതി ആരോഗ്യനിലയിൽ പ്രകടിപ്പിച്ചാൽ അതിന് ശേഷവും വെന്റിലേറ്റർ സഹായം തുടരും.

പ്രതി അരുൺ ആനന്ദ് ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നും ആയുധം കയ്യിൽ സൂക്ഷിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസ് എടുത്തു. അരുൺ ആനന്ദ് സ്ഥിരമായി മദ്യവും ലഹരിപദാർത്ഥങ്ങളും ഉപയോഗിച്ചിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ച പ്രതിയുടെ കാറിൽ നിന്ന് മദ്യവും ഇരുമ്പു മഴുവും കണ്ടെത്തി.

തൊടുപുഴയിൽ സ്വന്തമായി വർക്ക്‌ ഷോപ്പ് ഉണ്ടെന്നും ഭാര്യാ ഭർത്താക്കന്മാരാണെന്നും പറഞ്ഞാണ് യുവതിയും രണ്ട് മക്കളും സുഹൃത്തു അരുൺ ആനന്ദും തൊടുപുഴ കുമാരമംഗലത്തെ വീട്ടിൽ കഴിഞ്ഞ ഒരുമാസമായി വാടകക്ക് താമസിച്ചു വന്നത്. ഒരു വർഷം മുൻപ് ഭർത്താവ് മരിച്ച യുവതി ഭർത്താവിന്റെ അടുത്ത ബന്ധുവായ അരുനൊപ്പം തിരുവനന്തപുരം നന്ദന്കോട് നിന്ന് ഒളിച്ചോടുകയായിരുന്നു. ആക്രമിക്കപ്പെട്ട ഏഴുവയസുകാരന്റെ അനുജൻ നൽകിയ മൊഴിയും അരുണിന് എതിരാണ്. വീട്ടിൽവെച്ചു മർദ്ദനം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെന്നു നാട്ടുകാർ പറഞ്ഞു. ഇളയ സഹോദരൻ ഇപ്പോൾ തൊടുപുഴയിൽ യുവതിയുടെ വല്യമ്മയുടെ ഒപ്പമാണ്.

സംഭവിച്ചത്: ക്രൂര മർദനത്തിനു വിധേയനായ മൂത്ത കുട്ടിയെ ഇന്നലെ പുലർച്ചെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റെന്നായിരുന്നു കുട്ടിയോടൊപ്പമുണ്ടായിരുന്ന അമ്മയും, ഇവരുടെ സുഹൃത്തും പറഞ്ഞത്. കുട്ടിയുടെ നില വഷളായതിനെ തുടർന്നാണു കോലഞ്ചേരിയിലേക്കു മാറ്റിയത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കുട്ടിയുടെ അമ്മയും സുഹൃത്തും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. കോലഞ്ചേരിയിലേക്കു കൊണ്ടുപോയ ആംബുലൻസിൽ കയറാൻ മാതാവിന്റെ സുഹൃത്ത് വിസമ്മതം പ്രകടിപ്പിച്ചതും സംശയത്തിനിടയാക്കി.

മാതാവിന്റെ സുഹൃത്താണു സഹോദരനെ വടികൊണ്ട് മർദിച്ചതെന്നും സഹോദരന്റെ തലയ്ക്കു പിന്നിൽ ശക്തമായി അടിച്ചെന്നും, കാലിൽ പിടിച്ച് നിലത്തടിക്കുകയും ചെയ്തതായും ഇളയ കുട്ടി മൊഴി നൽകി. തലപൊട്ടി ചോര വന്നപ്പോൾ താനാണ് അതു തുടച്ചതെന്നും ഇളയ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ.ജോസഫ് അഗസ്റ്റിനോടും കമ്മിറ്റി അംഗങ്ങളോടും പറഞ്ഞു.

യുവാവിന്റെ മർദനത്തിൽ തലയോട്ടി പൊട്ടിയ രണ്ടാം ക്ലാസ് വിദ്യാർഥി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിലാണ്. ആക്രമണത്തിൽ നാലുവയസ്സുകാരനായ ഇളയ സഹോദരന്റെ പല്ലു തകർന്നു. സംഭവത്തിൽ അമ്മയുടെ സഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടി തകർന്ന് രക്തസ്രാവമുള്ളതിനാലാണു അടിയന്തിര ശസ്ത്രക്രിയ നടത്തിയതെന്നും നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 7 വയസുള്ള കുട്ടിയുടെ മുഖത്തും ശരീരത്തും മർദനമേറ്റ പാടുകളുണ്ട്. ഇളയ കുട്ടിയെ തൊടുപുഴയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ കാലുകളിൽ അടിയേറ്റ പാടുകളുണ്ട്.

കുട്ടികളുടെ പിതാവ് ഒരുവർഷം മുൻപു മരിച്ചു. തുടർന്നാണു തിരുവനന്തപുരം സ്വദേശി, കുട്ടികളുടെ മാതാവിനൊപ്പം താമസമാരംഭിച്ചതെന്നു പൊലീസ് പറഞ്ഞു.   ദമ്പതികളെന്നു പറഞ്ഞാണ് ഇവർ തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് വീട് വാടകയ്ക്കെടുത്തത്. കസ്റ്റഡിയിലുള്ളയാളുടെ കാലിൽ കട്ടിൽ വീണു പരുക്കറ്റ പാടുണ്ട്. വടിയുടെ സഹായത്തോടെയാണ് നടക്കുന്നത്.

ഇന്നലെ രാവിലെയാണു ഇതു സംബന്ധിച്ച് എറണാകുളം – ഇടുക്കി ജില്ലകളിലെ ചൈൽഡ് ലൈൻ അധികൃതർക്ക് വിവരം ലഭിച്ചത്. കുട്ടിയുടെ ശരീരത്തിലെ മുറിവുകളും അടിയേറ്റ പാടുകളും കണ്ട് സംശയം തോന്നിയതിനെ തുടർന്നു ഡോക്ടറാണ് പൊലീസിനെയും ചൈൽഡ് ലൈനിലും വിവരം അറിയിച്ചത്. തുടർന്ന് പൊലീസും ഇടുക്കി ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളും സംഭവം നടന്ന വീട്ടിലെത്തുകയും, മർദനമേറ്റ കുട്ടിയുടെ ഇളയ സഹോദരനിൽ നിന്നു വിവരം ശേഖരിക്കുകയും ചെയ്തു.