കോഴിക്കോട് നന്‍മണ്ടയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് ബന്ധുക്കള്‍. കെടുങ്ങോന്‍കണ്ടിയില്‍ രാജേഷിനെയാണ് കഴിഞ്ഞദിവസം വീടിന് സമീപത്തായി തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. പിതൃസഹോദരനും മകനുമുള്‍പ്പെടുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് മാതാവും സഹാദരിയും ആരോപിക്കുന്നത്.

കഴിഞ്ഞദിവസം രാത്രിയിലാണ് പിതൃസഹോദരനും മകനുമുള്‍പ്പെടുന്ന ആറംഗസംഘം രാജേഷിനെ വീട് കയറി ആക്രമിച്ചത്. ജനലും, വാതിലും നിര്‍ത്തിയിട്ടിരുന്ന വാഹനവുമുള്‍പ്പെടെ തല്ലിത്തകര്‍ത്തു. മുറിപൂട്ടി രാജേഷിനെ ക്രൂരമായി മര്‍ദിച്ചു. തടയാനെത്തിയ രാജേഷിന്റെ മാതാവിനും സഹോദരിയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റു. ആക്രമിച്ചവര്‍ നേരത്തെയും രാജേഷിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സഹോദരി.

സമീപത്തെ വീട്ടുകാര്‍ രക്ഷിക്കാനെത്തിയെങ്കിലും കത്തികാട്ടി സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂറിലധികം സംഘര്‍ഷം തുടര്‍ന്നു. വീടിന് പുറത്തിറക്കി വലിച്ചിഴച്ച് കൊണ്ടുപോയി വീണ്ടും രാജേഷിനെ മര്‍ദിച്ചു. പതിനൊന്നരയോടെയെത്തിയ സംഘം ഒരു മണിയോടെയാണ് മടങ്ങിയത്. പിന്നീട് പലയിടത്തും രാജേഷിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള പുരയിടത്തില്‍ പുലര്‍ച്ചെ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവുണ്ട്. കാലൊടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ഇതാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായി പരിശോധിക്കുകയാണെന്നും ബാലുശേരി പൊലീസ് അറിയിച്ചു.

അതേസമയം, കോഴിക്കോട് നന്‍മണ്ടയില്‍ യുവാവിനെ ആക്രമിക്കുന്നത് പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാന്‍ വൈകി. ബാലുശേരി പൊലീസ് രാജേഷിനെ ആക്രമിച്ച പിതൃസഹോദരന്റെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയെന്നാണ് ആക്ഷേപം. രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടെന്നും നീതിപൂര്‍വമായ അന്വേഷണം വേണമെന്ന് നാട്ടുകാരും ‌ആവശ്യപ്പെട്ടു.

രാത്രി പതിനൊന്നരയ്ക്കാണ് ആറംഗ സംഘം രാജേഷിന്റെ വീട്ടിലെത്തുന്നത്. ആക്രമണം തുടങ്ങിയ ഉടന്‍ സഹോദരി ബാലുശേരി പൊലീസില്‍ വിവരമറിയിച്ചു. നാട്ടുകാരില്‍ ചിലരും പൊലീസിനെ ബന്ധപ്പെട്ടെങ്കിലും വരാന്‍ ഒന്നരമണിക്കൂറിലധികം വൈകിയെന്നാണ് പറയുന്നത്. ആക്രമണം നടത്തിയതിന് ശേഷം രാജേഷിന്റെ പിതൃസഹോദരനും മകനും സമീപത്തെ വീട്ടിലേക്ക് മടങ്ങി. പിന്നാലെയെത്തിയ പൊലീസ് ഇവരോട് രഹസ്യമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പിന്‍വാങ്ങിയെന്നാണ് പരാതി. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിന് തയാറായില്ല. ആക്രമണ വിവരം ഇവര്‍ നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതായും മൃദുസമീപനം സംശയം ബലപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.

രാജേഷിനായുള്ള തെരച്ചിലിനിടെ രാത്രിയില്‍ പലതവണ ബന്ധുക്കളും സുഹൃത്തുക്കളും മൊബൈല്‍ ഫോണില്‍ വിളിച്ചു. ബെല്ല് കേട്ടയുടന്‍ ഫോണ്‍ നിശ്ചലമാക്കുകയായിരുന്നു. ഇത് അക്രമി സംഘത്തിലെ ആളുകളാണെന്ന സംശയമാണ് ബലപ്പെടുത്തുന്നത്. അങ്ങനെയെങ്കില്‍ രാജേഷും ഇവര്‍ക്കൊപ്പമുണ്ടായിരിന്നിരിക്കാം. എന്നാല്‍ ഈ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിന് പൊലീസ് ശ്രമിച്ചില്ല. രാഷ്ട്രീയ സമ്മര്‍ദ്ധമാണ് പൊലീസ് അന്വേഷണത്തിന് തടസമിടുന്നതെന്നാണ് ബന്ധുക്കളുടെ സംശയം.