Crime

യുഎസിലെ ജോര്‍ജിയയില്‍, പൂന്തോട്ടത്തില്‍ നിന്നു രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തില്‍ പിതാവിനെയും രണ്ടാനമ്മയെയും മുത്തശ്ശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ മേരി ക്രോക്കര്‍ (14), എല്‍വിന്‍ ക്രോക്കര്‍ ജൂനിയര്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണു പിതാവ് എല്‍വിന്‍ ക്രോക്കര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിനു സമീപത്തെ പൂന്തോട്ടത്തില്‍ നിന്നു കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയത്.

കുറച്ചു ദിവസങ്ങളായി കുട്ടികളെ കാണാനില്ലെന്നുള്ള അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് എല്‍വിന്റെ വീട്ടിലെത്തി പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടികള്‍ സൗത്ത് കാരലൈനയില്‍ താമസിക്കുന്ന അമ്മയുടെ വീട്ടിലേക്കു പോയെന്നാണ് എല്‍വിന്‍ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു കളവാണെന്നു അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിനെ തുടര്‍ന്നു പൊലീസ് നടത്തിയ തിരിച്ചിലിലാണു കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മേരിയെ ഒക്ടോബറിലും എല്‍വിന്‍ ജൂനിയറെ 2016 നവംബറിലും കാണാതായതാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച ഒരു പരാതിയും മാതാപിതാക്കള്‍ നല്‍കിയിട്ടില്ല. ഇതിനെ തുടര്‍ന്നാണ് എന്‍വിന്‍, ഭാര്യ കാന്‍ഡിസ് ക്രോക്കര്‍, കാന്‍ഡിസിന്റെ അമ്മ കിം റൈറ്റ് എന്നിവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. മരണം മറച്ചുവയ്ക്കുക, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ ഡിഎംകെ മുന്‍ എംഎല്‍എ എം രാജ്കുമാറിനും സഹായി ജയശങ്കറിനും 10 വര്‍ഷം തടവ് ശിക്ഷ. രാജ്കുമാറും ജയശങ്കറും 42,000 രൂപ വീതം പിഴയൊടുക്കണം. കേസ് പരിഗണിച്ച ചെന്നൈയിലുള്ള പ്രത്യേക കോടതി ഏഴ് പ്രതികളില്‍ നാല് പേരെ വെറുതെ വിട്ടു. ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

2012 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. രാജ്കുമാറിന്റെ വീട്ടില്‍ ജോലിക്കാരിയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് പീഡനത്തിനിരയായി മരിച്ചത്. പീരുമേട് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ടത്.

ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു നാടകീയ ഒളിച്ചോട്ടം നടത്തിയ യുവാവിനെ കാമുകിക്കെ‌ാപ്പം പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. കുറ്റ്യാടി സ്വദേശിയും ഹൈലൈറ്റ് ബിസിനസ് പാർക്കിലെ ഐബേർഡ് മാർക്കറ്റിങ് മാനേജരുമായ എസ്.സന്ദീപാണു താൻ കൊല്ലപ്പെട്ടെന്നു വരുത്തിത്തീർത്തു നാടുവിട്ടത്. നാട്ടുകാരെയും പൊലീസിനെയും ഒരുപോലെ കബളിപ്പിച്ചു മുംബൈയിലേക്കു കടന്ന സന്ദീപിനെയും കാമുകി പൊറ്റമ്മൽ സ്വദേശിനി അശ്വിനിയെയും പൊലീസ് അവിടെ നിന്നു തന്ത്രപരമായി പിടികൂടുകയായിരുന്നു.

കഴിഞ്ഞ നവംബര്‍ ഇരുപത്തിനാലിനാണ് യുവാവ് കേരളം വിട്ടത്. മൂന്ന് മാസം മുന്‍പ് തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ചുള്ള വേഗത തേടിയായിരുന്നു. പ്രണയത്തിലായിരുന്ന തൊണ്ടയാട് സ്വദേശിനിയുമായിച്ചേര്‍ന്നായിരുന്നു ആസൂത്രണം. ഒരുമിച്ച് മുങ്ങിയെന്ന് കരുതാതിരിക്കാന്‍ യുവതി നാട്ടില്‍ നിന്ന് ജോലി സ്ഥലമായ മുംബൈയിലേക്ക് മടങ്ങിയത് നവംബര്‍ 27 നെന്ന് പൊലീസ് പറയുന്നു.

ട്രക്കിങ്ങിനെന്ന വ്യാജേനയാണ് സന്ദീപ് കഴിഞ്ഞ മാസം ബൈക്കിൽ കർണാടകയിലേക്കു പുറപ്പെട്ടത്. ഇടയ്ക്കിടെ ഇങ്ങനെ പോകുന്നതിനാൽ ഭാര്യയ്ക്കും ബന്ധുക്കൾക്കും സംശയം തോന്നിയില്ല. ശൃംഗേരി– കൊപ്പ– ഹരിഹര റൂട്ടിലെ കാനനപാതയിൽ തുംഗഭദ്ര നദിക്കരയിൽ സന്ദീപ് ബൈക്ക് നിർത്തി. അവിടെ പിടിവലി ഉണ്ടായെന്നു വരുത്തിത്തീർക്കാൻ നിലത്ത് ബൂട്ടുകെ‍ാണ്ടു പാടുണ്ടാക്കി. സന്ദീപ് കയ്യിൽ കരുതിയ പാദരക്ഷകൾ ഉപയോഗിച്ച് ഒന്നിൽ കൂടുതൽപേർ സ്ഥലത്തെത്തിയെന്നു വരുത്തി. വാച്ച് പൊട്ടിച്ചു. മൊബൈൽ ഉപേക്ഷിച്ചു. ബൈക്കിനു കേടുപാട് വരുത്തി. തുംഗഭദ്ര നദിക്കരയിൽ നിന്ന് പൊലീസ് യുവാവിന്റെ ബൈക്ക് കണ്ടെടുത്തോടെ കാര്യങ്ങൾ സന്ദീപിന്റെ വഴിക്കു വന്നു. വാഹനം നിയന്ത്രണം തെറ്റി തെറിച്ച് നദിയിലേക്ക് വീണാതാകാമെന്നാണ് പൊലീസുള്‍പ്പെടെ കരുതിയിരുന്നത്. അതോടെ സന്ദീപ് കൊല്ലപ്പെട്ടതായി എല്ലാവരും കരുതി.

സന്ദീപിന്റെ ഭാര്യ നല്ലളം െപാലീസിൽ പരാതി നൽകിയതോടെ അന്വേഷണം ഉൗർജിജതമായി. പൊലീസ് സംഘം കർണാടകയിലേയ്ക്ക് പാഞ്ഞു. കർണാടക പൊലീസിന്റെ സഹായത്തോടെ തുംഗഭദ്ര നദിയിൽ 8 മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചു തിരച്ചിൽ ആരംഭിച്ചു. ഹെലിക്യാം ഉപയോഗിച്ചു കാട്ടിലും തിരഞ്ഞു. ദിവസങ്ങൾ കഴിഞ്ഞതോടെ കർണാടക പൊലീസ് അന്വേഷണം നിർത്തി. ഇതിനിടെ മെഡിക്കൽ കോളജ് പെ‌ാലീസ് സ്റ്റേഷനിൽ അശ്വിനിയെ കാണാനില്ലെന്നു ബന്ധുക്കൾ പരാതി നൽകി.

പാലാഴിയില്‍ നിന്ന് യുവാവിനെയും മൂന്ന് ദിവസം കഴിഞ്ഞ് തൊണ്ടയാട് നിന്ന് യുവതിയെയും കാണാതായതില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് ആദ്യം കണ്ടെത്താനായില്ല. ഇരുവരും സൗഹൃദത്തിലാണെന്നതിന് ഒരു വിവ‌രവും ബോധപൂര്‍വം സൂക്ഷിച്ചിരുന്നില്ലെന്നാണ് യാഥാര്‍ഥ്യം. യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മേധാവിയെ പലതവണ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു. തിരോധാനത്തിന്റെ വിവിധ കാരണങ്ങള്‍ തിരക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവാക്കള്‍ സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് പ്രാഥമിക വിവരങ്ങള്‍ കിട്ടിയതും യാഥാര്‍ഥ്യത്തിന്റെ ചുരുളഴിഞ്ഞതും. നേരത്തെ കരുതിയിരുന്ന പണം കൊണ്ട് യുവാവ് മറ്റൊരു വാഹനം വാങ്ങി. മുംബൈയില്‍ പെണ്‍സുഹൃത്തിന്റെ താമസസ്ഥലത്ത് താമസം തുടങ്ങി. പതിയെ ജോലി സമ്പാദിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.

അശ്വിനിയുടെ ഫോണിലേക്ക് അവസാനം കോൾ വന്നതു മുംബൈയിൽ നിന്നാണ്. ഇതോടെ ഇരുവരുടെയും മുൻകാല ഫോൺവിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. 2 പേരും ഒരുമിച്ചാണെന്നു പൊലീസും ഉറപ്പിച്ചു. ഇതിനിടെ, കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചു സന്ദീപും അശ്വിനിയും വാട്സാപ് ഇല്ലാത്ത മൊബൈലുകൾ വാങ്ങി. യാത്രക്കിടെ സന്ദീപ് തന്റെ നീളൻ മുടി മുറിച്ചു രൂപമാറ്റം വരുത്തി.

സന്ദീപാണ് ആദ്യം മുംബൈയിൽ എത്തിയത്. പിന്നാലെ അശ്വിനിയും എത്തി. ഇതിനിടെ ഇരുവരും ഒരു ട്രാൻസ്ജെൻഡറിനെ പരിചയപ്പെട്ട് ആ പേരിൽ സിം കാർഡ് വാങ്ങി. ഇതിനിടെ പുയ ഫോൺ വാങ്ങിയ സന്ദീപ് ഇടയ്ക്കിടെ ചില മൊബൈൽ ആപ്പുകൾ ഉപയോഗിച്ചെന്നു കണ്ടെത്തിയ സൈബർ ഉദ്യോഗസ്ഥർ ഇവരുടെ സ്ഥലം മനസ്സിലാക്കിയെത്തിയാണ് അറസ്റ്റ് ചെയ്തത്. വീട്ടുകാർക്കോ പൊലീസിനോ സംശയമുണ്ടാകാതിരിക്കാനാണ് ഒരുമിച്ച് നാടുവിടാതിരുന്നതെന്നു അശ്വിനി പൊലീസിനോട് പറഞ്ഞു. ആരും തന്നെ തിരഞ്ഞു വരരുതെന്നുള്ളതുകൊണ്ടാണു മരിച്ചെന്നു വരുത്തിത്തീർത്തതെന്നു സന്ദീപും പറഞ്ഞു. സന്ദീപിനെയും അശ്വിനിയെയും കോടതിയിൽ ഹാജരാക്കി. ഇരുവരും വീട്ടിലേക്കു മടങ്ങി.

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ചാരസംഘടനയില്‍ അംഗമാക്കി. നദിയില്‍ ഒഴുകിപ്പോയി. തുടങ്ങി യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെയുണ്ടായ പ്രചരണം നിരവധിയാണ്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന വിമര്‍ശനവുമുണ്ടായി. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് ഒരുമാസത്തിന് ശേഷം സിനിമാക്കഥയെ വെല്ലുന്ന തിരോധാനത്തിന് ക്ലൈമാക്സായത്.

ഹരിയാനയിലെ ഭിവാനി ജില്ലയിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരുടെ മൃതദേഹം തല അറുത്തുമാറ്റപ്പെട്ട നിലയിൽ കണ്ടെത്തി. ഭിവാനി ജില്ലയിലെ ഖാരക്ക് ഗ്രാമത്തിലെ റോഹ്‌ത്തക് ഭിവാനി റോഡിൽ ഒരു വീപ്പയ്ക്കുളളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലയില്ലാത്തതിനാൽ മൃതദേഹം തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഭിവാനി എസ് പി ഗംഗാറാം പുനിയ പറഞ്ഞു.

32 വയസ് പ്രായം വരുന്ന യുവതിയുടെയും രണ്ട് വയസുളള പെൺകുട്ടിയുടെയും ഒന്നിനും രണ്ടിനും ഇടയിൽ പ്രായമുളള പെൺകുട്ടിയുടെതുമാണ് മറ്റ് മൃതദേഹങ്ങൾ. ദില്ലി, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്ന് എസ് പി ഗംഗാറാം പറഞ്ഞു. അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.

ദില്ലി, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കാണതായവർക്ക് മൃതദേഹവുമായി സാദൃശ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും ഗംഗാറാം പുനിയ പറഞ്ഞു. മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും എസ് പി വ്യക്തമാക്കി.പി വ്യക്തമാക്കി.

മുണ്ടക്കയത്ത് പ്രണയത്തിൽ നിന്നും പിന്മാറിയ കാമുകിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കാമുകനെയും സുഹൃത്തിനെയും കോടതി റിമാന്റ് ചെയ്തു.കഴിഞ്ഞ ക്രിസ്ത്മസ് ദിനത്തിൽ റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ യുവാവും സുഹൃത്തും തടഞ്ഞു നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ പെൺകുട്ടി അടുത്തുള്ള മുസ്ലിം പള്ളിയിലേക്ക് ഓടിക്കയറുകയായിരുന്നു. പൂട ബിനു എന്നറിയപ്പെടുന്ന ബിനു വിശ്വംഭരനും സുഹൃത്ത് മനു മോഹൻദാസും ചേർന്നാണ് പെൺകുട്ടിയെ മർദ്ദിച്ചത്.

ബിനുവും നെന്മേനി സ്വദേശിയായ പെൺകുട്ടിയും ദീർഘ കാലമായി പ്രണയത്തിലായിരുന്നു.എന്നാൽ വീട്ടുകാരുടെ താക്കേതിനെത്തുടർന്ന് പെൺകുട്ടി ഭാണ്ഡത്തിൽ നിന്നും പിന്മാറി.ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.തുടർന്ന് പെണ്കുട്ടിയുമായുള്ള ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുമായിരുന്നു.അതിന്റെ തുടർച്ചയെന്നോണമാണ് റോഡിൽ തടഞ്ഞ് നിർത്തി മർദ്ദിച്ചത്. പെൺകുട്ടിയെ ഇവർ മർദ്ദിക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരാണ് ഇരുവരെയും പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

ഇവർ ഫോണിൽ ദൃശ്യങ്ങൾ എടുത്തിരുന്നു.ഇത് പ്രതികൾക്കെതിരെയുള്ള കൃത്യമായ തെളിവായി.അതേസമയം റിമാന്റിലായ പ്രതി ബിനു കൂട്ടിക്കൽ കെ എസ് ഇ ബി ഓഫീസിൽ അടിച്ചു തകർത്ത കേസിലും മറ്റ് അടിപിടി കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു

 

 

മലപ്പുറത്ത് ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് പരിക്കേറ്റു. പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. മൂന്നംഗ സംഘമാണ് ആക്രമിച്ചത്. കൈയിലുണ്ടായിരുന്ന പണമടങ്ങുന്ന പേഴ്സ് തട്ടിയെടുക്കുകയും ചെയ്തു.

കുറ്റിപ്പുറം സ്വദേശിനിയായ നീലാഞ്ജനയാണ് ആക്രമിക്കപ്പെട്ടത്. ബലമായി പിടിച്ചു വലിച്ച് കാറില്‍ കയറ്റുകയായിരുന്നെന്നും പണവും മൊബൈലും തട്ടിയെടുത്ത ശേഷം കാറിനു പുറത്തേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നെന്നും നീലാഞ്ജന പറയുന്നു. നീലാഞ്ജനയുടെ കൈക്കും കാലിനും പരിക്കുണ്ട്.ട്രാന്‍സ്ജെന്‍ഡര്‍ അവകാശ പ്രവര്‍ത്തകയും സംഘടനാംഗവുമായ വിജി റഹ്മാനാണ് സംഭവസ്ഥലത്തെത്തി നീലാഞ്ജനയെ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തെക്കുറിച്ച് നീലാഞ്ജന പറയുന്നതിങ്ങനെ:

കുറ്റിപ്പുറത്ത് ട്രാഫിക് സിഗ്‌നലിനടുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് മൂന്നു പേര്‍ ഒരു വെള്ള ഓള്‍ട്ടോ കാറിലെത്തി കയറാനാവശ്യപ്പെട്ടത്. കണ്ടപ്പോള്‍ തന്നെ പന്തികേട് തോന്നി ഞാന്‍ പല തവണ ഒഴിഞ്ഞുമാറി. പക്ഷേ അവരെന്നെ കാറിലേക്ക് ബലം പ്രയോഗിച്ച് വലിച്ചു കയറ്റുകയായിരുന്നു. എന്റെ കൈയില്‍ 4800 രൂപയുണ്ടായിരുന്നു. ചെറിയച്ഛനു സുഖമില്ലാത്തതിനാല്‍ ആശുപത്രിയാവശ്യങ്ങള്‍ക്കായി പിറ്റേ ദിവസം എത്തിക്കാനുള്ള പണമായിരുന്നു.

ഈ 4800 രൂപയും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് വാങ്ങിച്ചതിനു ശേഷം കാറില്‍ നിന്നും തള്ളിപ്പുറത്തിടാന്‍ നോക്കി. കാറിന്റെ ഡോറാണ് എന്റെ കൈയില്‍ കിട്ടിയത്. ഡോറില്‍ ഞാന്‍ മുറുക്കെ പിടിച്ചപ്പോള്‍ ശരീരമാകെ റോഡിലുരഞ്ഞ് പരിക്കുപറ്റി. ഒരൂപാടു ദൂരം ആ അവസ്ഥയില്‍ എന്നെ വലിച്ചിഴച്ചു കൊണ്ട് വളരെ വേഗത്തിലാണ് കാര്‍ സഞ്ചരിച്ചത്. അതിനു ശേഷം ഞാന്‍ പുറത്തേക്ക് മറിഞ്ഞു വീഴുകയും ചെയ്തു. കാറില്‍ നിന്നും ഞാന്‍ പുറത്തേക്ക് വീഴുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിയെത്തി. അപ്പോഴേക്കും അവര്‍ കാര്‍ നിര്‍ത്താതെ പോയിക്കഴിഞ്ഞിരുന്നു.

അപ്പോഴും ഓടിക്കൂടിയ ആളുകളാരും എന്നെ ആശുപത്രിയിലെത്തിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. വിജി റഹ്മാനെത്തിയ ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അതിനു ശേഷം കുറ്റിപ്പുറം സ്റ്റേഷനില്‍ പോയി പരാതിയും കൊടുത്തിട്ടുണ്ട്. കേസുമായി മുന്നോട്ടു നീങ്ങുക തന്നെ ചെയ്യും. ഇന്ന് എനിക്ക് സംഭവിച്ചത് നാളെ ട്രാന്‍സായ മറ്റൊരാള്‍ക്ക് സംഭവിച്ചുകൂടെന്നില്ലല്ലോ. ഞങ്ങള്‍ക്കും ജീവിക്കണ്ടേ? എന്നും നീലാഞ്ജന ചോദിക്കുന്നു.

ചുരുങ്ങിയ കാലത്തിനിടയില്‍ മലപ്പുറത്ത് ട്രാന്‍സ്ജെന്‍ഡറുകള്‍ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിതെന്ന് വിജി റഹ്മാന്‍ പറയുന്നു. നേരത്തേ കോട്ടയ്ക്കലും സമാനമായ സംഭവം നടന്നിരുന്നു.

 

ഓണ്‍ലൈന്‍ തട്ടിപ്പ് തുടരുന്നു.റിട്ട.സർക്കാർ ഉദ്യോഗസ്ഥന്റെ പെൻഷൻ തുക അടക്കം രണ്ടു ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയിരിക്കുന്നത്. വ്യാജ ഫോൺ കോളിലൂടെ റിസര്‍വ് ബാങ്കിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ആറു ദിവസങ്ങള്‍ക്കു മുന്‍പു നടന്ന തട്ടിപ്പിനെക്കുറിച്ച് സൈബര്‍ സെല്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.പ്രാഥമിക അന്വേഷണത്തില്‍ ജാര്‍ഖണ്ഡ് കേന്ദ്രീകരിച്ചു തട്ടിപ്പു നടത്തുന്ന സംഘമാണ് ഈ സംഭവത്തിനു പിന്നിലെന്നു ബോധ്യപ്പെട്ടതായി സൈബര്‍ സെല്‍ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ 22ന് ഉച്ചയ്ക്കാണ് സംഭവം. കോട്ടയം തിരുവാറ്റയിലെ ഇറിഗേഷന്‍ വകുപ്പ് റിട്ട. ചീഫ് എന്‍ജിനീയര്‍ പി.കെ.ഏബ്രഹാമിനു ആണ് പണം നഷ്ടമായത്. മൂന്നു മണിയോടെ റിസര്‍വ് ബാങ്കില്‍ നിന്ന് സുബ്രഹ്മണ്യനാണെന്നു പരിചയപ്പെടുത്തിയ ഫോണ്‍ കോളെത്തി. മുന്‍പു നിരവധി തവണ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് അധികൃതര്‍ വിളിക്കാറുള്ളതിനാല്‍ ഏബ്രഹാമിന് ആ ഫോണ്‍ കോളില്‍ സംശയം തോന്നിയില്ല. എത്ര എടിഎം കാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്നും കാര്‍ഡുകള്‍ നിലവില്‍ ബ്ലോക്കാണെന്നും പറഞ്ഞാണു തട്ടിപ്പുകാരന്‍ വിശ്വാസം ആര്‍ജിച്ചത്.

ഫോണ്‍ ഭാര്യ ഓമനയെ ഏല്‍പ്പിച്ചതോടെ എടിഎം കാര്‍ഡ് നമ്പര്‍, സിവിവി, എക്‌സ്പയറി ഡേറ്റ് തുടങ്ങിയ വിവരങ്ങളും തട്ടിപ്പുകാ!ര്‍ ചോദിച്ചറിഞ്ഞു. ഇതിനിടെ ഈ സംഘം ഫോണിലേക്കയച്ച ചില വ്യാജ സന്ദേശങ്ങള്‍ തിരികെ അയച്ചു തരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ഫോണിലെത്തിയ ബാങ്ക് ഇടപാടിനുള്ള വണ്‍ ടൈം പാസ് വേര്‍ഡും (ഒടിപി) ഇതേ രീതിയില്‍ തിരികെ വാങ്ങിയ സംഘം പല തവണയായി 1.84 ലക്ഷം രൂപ മൂന്നു ബാങ്കുകളുടെ അക്കൗണ്ടുകളില്‍ നിന്നായി കവര്‍ന്നു. പെന്‍ഷന്‍ ലഭിച്ച തുകയാണ് അക്കൗണ്ടിലുണ്ടായിരുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കുകയായിരുന്നു.

റാസൽഖൈമയിലെ കറാനിൽ ഞായറാഴ്ച വാഹനാപകടത്തിൽ മരിച്ച മലയാളി യുവതി ദിവ്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെയാണ് ദിവ്യയുടെ മൃതദേഹം കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലെത്തിച്ചത്. അതിനിടെ, യുവതിയുടെ ഭർത്താവ് പാലക്കാട് സ്വദേശിയായ പ്രവീണിൽ നിന്നും രണ്ടു ലക്ഷം ദിർഹം (ഏകദേശം 38 ലക്ഷം രൂപ) ദയാധനമായി ഈടാക്കിയെന്ന് വിവിധ ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കാസർകോട് നീലേശ്വരം പട്ടേന തുയ്യത്തില്ലം ശങ്കരൻ ഭട്ടതിരിയുടെയും ജലജയുടെയും മകളാണ് ദിവ്യ. ഷാർജയിൽ തിരുവാതിര ആഘോഷത്തിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. പ്രവീൺ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു സൈൻ ബോർഡിൽ ഇടിച്ചു തകരുകയായിരുന്നു. ഗുരുതരപരുക്കേറ്റ ദിവ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രവീണും ഇവരുടെ ഏക മകൻ ദക്ഷിണും (രണ്ട്) പരുക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. വാഹനം ഓടിക്കുന്നതിനിടെ താൻ ഉറങ്ങിപ്പോയതാണ് അപകടം ഉണ്ടാകാൻ കാരണമെന്ന് പ്രവീൺ സമ്മതിച്ചതിനെ തുടർന്നാണ് യുവതിയുടെ ആശ്രിതർക്ക് രണ്ടു ലക്ഷം ദിർഹം ദയാധനം നൽകാൻ അറ്റോർണി ജനറൽ ഉത്തരവിട്ടത്. ഇതിനു പുറമേ 2500 ദിർഹം പിഴയും ചുമത്തി. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം സമാഹരിച്ചാണ് കോടതിയിൽ അടച്ചതെന്നും ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഈ തുക ലഭിക്കുന്നതിനായി പിന്നീട് കേസ് ഫയൽ ചെയ്യുമെന്നും സാമൂഹിക പ്രവർത്തകൻ രഘു പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചതിനു ശേഷമായിരിക്കും ഇത്.

അപകടത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് പ്രവീണിനെ നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്ന് റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിലെ സാമൂഹിക പ്രവർത്തകൻ പുഷ്പൻ ഗോവിന്ദൻ പറഞ്ഞുവെന്ന് ഒരു ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തു. ദയാധനവും പിഴയും അടച്ച ശേഷമാണ് പ്രവീണിനെ വിട്ടയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചിയിലെ ദക്ഷിണനാവികാസ്ഥാനത്ത് ഹെലിക്കോപ്ടര്‍ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നുവീണ് രണ്ടു നാവികര്‍ മരിച്ചു . ഇവരുടെ പേരു പുറത്തുവിട്ടിട്ടില്ല. ചീഫ് പെറ്റി ഒാഫിസര്‍ റാങ്കിലുള്ളവരാണ് മരിച്ചത്. ഹെലികോപ്ടറുകള്‍ സൂക്ഷിക്കുന്ന ഹാങ്ങര്‍ ഷെഡിന്റെ വാതലാണ് ഇന്ന് രാവിലെ തകര്‍ന്നുവീണത്. വിഡിയോ സ്റ്റോറി കാണാം

ഈ സമയം പുറത്തുണ്ടായിരുന്ന ഓഫീസര്‍മാരുടെ ദേഹത്തിക്കാണ് വാതില്‍ വീണത്. ഉടന്‍ ഇവരെ നാവികാസ്ഥാനത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കളെ വിവരം അറിയിച്ച ശേഷം മാത്രമേ മരിച്ചവരുടെ വിശദാംശങ്ങള്‍ പുറത്തുവിടകുയുള്ളൂ.

അര്‍ജന്റീനയില്‍നിന്ന് മനുഷ്യക്കടത്തുകാർ എൺപതുകളില്‍ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ 32 വർഷത്തിനുശേഷം ബോളീവിയയിൽ നിന്ന് രക്ഷപ്പെടുത്തി. ക്രിസ്മസ് നാളിലാണ് ഇവര്‍ കുടുംബത്തിനൊപ്പം ചേരുന്നത്. ഇപ്പോൾ 45 വയസ് പ്രായമുള്ള ഇവർക്ക് അന്ന് 13 വയസ്മാത്രമായിരുന്നു.

ഇവരുടെ മൂത്ത സഹോദരിയെയും ഒപ്പം തട്ടിക്കൊണ്ട് പോയിരുന്നു. അന്ന് ഇരുവരുമെത്തിപ്പെട്ടത് ഒരുപെൺവാണിഭ സംഘത്തിലായിരുന്നു. മൂന്ന് മാസത്തിനു ശേഷം സഹോദരി രക്ഷപ്പെട്ടു. എന്നാൽ ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. അര്‍ജന്റീന, ബൊളീവിയന്‍ പോലീസുകാര്‍ സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെ മോചിപ്പിക്കാനായത്.

ഇവര്‍ ദക്ഷിണ ബൊളീവിയയിലെ ബെര്‍മെജോയില്‍ ഉണ്ടെന്ന് അടുത്തിടെയാണ് പോലീസിന് സൂചന ലഭിച്ചത്. ഇവിടെ ഒരു ഗ്യാരേജിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു ഈ സ്ത്രീ. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒൻപതു വയസുകാരനായ മകനെയും പോലീസ് രക്ഷപ്പെടുത്തി. ഇരുവരുടേയും പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ദിവസങ്ങൾക്കു മുൻപാണ് പോലീസ് ഇവരെ മോചിപ്പിച്ചതെങ്കിലും കഴിഞ്ഞ ദിവസമാണ് ഇവരെ മാര്‍ ഡെല്‍ പ്ലാറ്റയിലെ വീട്ടില്‍ തിരിച്ചെത്തിച്ചത്. അർജന്റീനയിൽ പത്തുവർഷത്തിനിടെ 12,000 പേരാണ് തട്ടിക്കൊണ്ടുപോയശേഷം ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുള്ളത്.

RECENT POSTS
Copyright © . All rights reserved