കൊല്ലം നഗരത്തില്‍ പട്ടാപ്പകല്‍ മധ്യവയസ്ക്കയെ കടയ്ക്കുള്ളിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ഭര്‍ത്താവിലേക്ക്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായുള്ള തിരച്ചില്‍ ഇരവിപുരം പൊലീസ് ഊര്‍ജിതമാക്കി.

തയ്യല്‍തൊഴിലാളിയായ അജിത കുമാരി ശനിയാഴ്ച്ചയാണ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച് സ്ക്കൂട്ടറിലെത്തിയ ആള്‍ ഒരു പ്രകോപനവുമില്ലാതെ കഴുത്തിന് കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. ഭര്‍ത്താവിനോട് പിണങ്ങി മക്കളോടൊപ്പം താമസിക്കുകയായിരുന്നു അജിത . ബന്ധം വേര്‍പെടുത്തിയെങ്കിലും ഭാര്യയും ഭര്‍ത്താവും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുവെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് സുകുമാരനെ മൊബൈല്‍ ഫോണില്‍ ബന്ധപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വിശദമായ പരിശോധനയില്‍ കൊലപാതകത്തിന് ഒരു മണിക്കൂര്‍ മുന്‍പാണ് സുകുമാരന്റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് കണ്ടെത്തി. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയില്‍ രക്ത കറയും കണ്ടു. പ്രതിയെ കണ്ടെത്താനായി ഇരവിപുരം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അജിത കുമാരിയുടെ മൃതദേഹം പോളയത്തോട് ശ്മശാനത്തില്‍ സംസ്കരിച്ചു.