തിരുവനന്തപുരം വഴയിലയിൽ യുവ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേറ്റികോണം വിമലഹൃദയ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ ആൽബിൻ വർഗീസ് തേവലപ്പുറത്താണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പള്ളിയോട് ചേർന്നുള്ള താമസ സ്ഥലത്ത് ഇന്നലെ രാത്രി ഏഴു മണിയോടെയാണ് ഫാ ആല്‍ബിന്‍ വര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയായ ഫാ ആൽബിൻ ഒരു വർഷമായി ഇവിടെ സേവനം ചെയ്യുകയായിരുന്നു. മലമുകൾ മണലയം പള്ളി വികാരി കൂടിയായിരുന്നു മുപ്പത്തിമൂന്നുകാരനായ ഫാ. ആൽബിൻ . ഇന്ന് പള്ളിയില്‍ നടക്കേണ്ട ചടങ്ങുകള്‍ക്ക് ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിരുന്ന ഫാ ആല്‍ബിന്‍ ആത്മഹത്യ ചെയ്യില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മരണം ദൂരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികില്‍സയിലായിരുന്നു ആല്‍ബിന്‍ ഇന്നലെ ഉച്ചക്കാണ് തിരികെ താമസസ്ഥലത്ത് എത്തിയത്. അതിന് ശേഷം ഫോണില്‍ ലഭ്യമായിരുന്നില്ല. മരുന്ന് കഴിച്ച് വിശ്രമിക്കുന്നതിനാല്‍ ആരും മുറിയിലേക്ക് പോയതുമില്ല. രാത്രിയും വിവരമില്ലാത്തിനെ തുടര്‍ന്ന് തിരക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. രാവിലെ ഇൻക്വസ്റ്റ് നടപടികൾകൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റും
ചെന്നൈ: മലയാളി വീട്ടമ്മയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. ഭര്‍ത്താവാണ് ഈ ക്രൂര കൃത്യം ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ അമിഞ്ചിക്കര തിരുവീതിയമ്മന്‍ കോവില്‍ സ്ട്രീറ്റിലാണ് സംഭവം.
ഡേവിഡ് എന്ന യുവാവാണ് ഭാര്യ ലേഖ(37) കാരിയെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ക്രൂരകൃത്യം നടന്നത്. ദാമ്പത്യ കലഹത്തെ തുടര്‍ന്ന് രണ്ടുപേരും ഒരു വര്‍ഷത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇതാകാം കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം കില്‍പ്പോക്ക് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: പ്രിയദര്‍ശിനി, ദീപദര്‍ശിനി. ഇരുവരും മദിരാശി കേരള വിദ്യാലയം വിദ്യാര്‍ഥിനികളാണ്.
‘എന്റെ മോളെ ഇന്നലെ മുതൽ നാട്ടിൽ കാണാനില്ല. പൊലീസിലൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഞാൻ ഇവിടെ ഒമാനിലെ കസബിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിലാണുള്ളത്. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ മോളെ എത്രയും വേഗം കണ്ടെത്തിത്തരണമെന്ന് എല്ലാവരോടും ഞാനപേക്ഷിക്കുകയാണ്– ഒരു പിതാവിന്റെ കരളലിയിക്കുന്ന ഇൗ അഭ്യർഥന കരയിൽ നിന്നല്ല, കടലിൽ നിന്നാണ്. മൂവാറ്റുപുഴ ചെറുവട്ടൂരിലുള്ള സലീമിന്‍റേതാണ് സങ്കടക്കടലിൽ നിന്നുള്ള ഇൗ വാക്കുകൾ. ഇദ്ദേഹത്തിന്റെ മകളെ തിങ്കളാഴ്ച മുതൽ നാട്ടിൽ കാണാതാവുകയായിരുന്നു.
തൊടുപുഴ അൽ അസ്ഹർ കോളജിൽ എൻജിനീയറിങിന് പഠിക്കുന്ന പെൺകുട്ടിയേയാണ് കാണാതായത്. കോളജിലേക്കു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചുവരാത്തതിനെ തുടർന്ന് മാതാവും സഹോദരനും കോതമംഗലം പൊലീസിൽ പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചു. എന്നാൽ ഇതുവരെ പെൺകുട്ടിയെക്കുറിച്ചുള്ള സൂചന പോലും ലഭിച്ചിട്ടില്ല.
സലീം നേരത്തെ ദുബായിൽ ചെയ്തിരുന്നു. പിന്നീട് കപ്പൽ ജീവനക്കാരനാവുകയായിരുന്നു. രണ്ടു മാസം കഴിഞ്ഞല്ലാതെ കപ്പൽ തീരത്തടുക്കില്ലെന്നാണ് സലീം പറയുന്നത്. എന്തു ചെയ്യണമെന്നറിയാതെ ആകെ പ്രയാസത്തിലാണ് ഇൗ പിതാവ്.
നേരത്തെ പെൺകുട്ടിക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നു. ഇതിനെ സലീം ശക്തമായി എതിർക്കുകയും മകൾ ആ ബന്ധത്തിൽ നിന്ന് പിന്തിരിയുകയുമുണ്ടായി. മറ്റു വിവാഹാലോചനകൾ നടന്നുവരികയായിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന ഒരു യുവാവുമായുള്ള വിവാഹം മകൾക്ക് ഇഷ്ടമായിരുന്നുവെന്നും ഇതുറപ്പിക്കാനായി ഇയാൾ ഇന്ന്(ബുധൻ) നാട്ടിലെത്താനിരിക്കെയാണ് കാണാതായതെന്നും സലീം പറയുന്നു.
എന്നാൽ, മകളുടെ തിരോധാനത്തെക്കുറിച്ച് വീട്ടുകാർ കൃത്യമായി ഒന്നും പറയുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. മകളെ കൂടാതെ, ഒരു മകൻ കൂടിയാണ് സലീമിനുള്ളത്. മകൾ വല്ല അപകടത്തിലും പെട്ടുപോകുമോ എന്നാണ് ഇൗ പിതാവിന്റെ ഏറ്റവും വലിയ ആശങ്ക.
മോള്‍ക്ക് ഇഷ്ടമുള്ളയാൾക്ക് അവളെ വിവാഹം ചെയ്തുകൊടുക്കാൻ നൂറുവട്ടം സമ്മതമാണ്. അവളെവിടെയാണെങ്കിലും സുരക്ഷിതമായി ഉണ്ടെന്ന് അറിഞ്ഞാൽ മതി. പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ തിരച്ചിൽ ആവശ്യമാണ്. ഇതിനായി ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ശ്രമിക്കണമെന്നാണ് വിനീതമായ അപേക്ഷ. ബന്ധപ്പെടേണ്ട നമ്പർ: 0091 9947112144.
ബാത്ത് ടബ്ബില്‍ കുളിക്കുന്നതിനിടെ ഐഫോണ്‍ ഉപയോഗിച്ച പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. റഷ്യന്‍ സ്വദേശിനിയായ ഇരിന റബ്ബിക്കോവ ഐഫോണ്‍ ചാര്‍ജിലിട്ടാണ് ഉപയോഗിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്ക് മെസേജ് അയക്കുന്നതിനിടെ ഫോണ്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. കയ്യില്‍ നിന്ന് ഫോണ്‍ വെള്ളത്തില്‍ വീണതോടെ ഷോക്കേറ്റു. ചാര്‍ജിലിട്ട ഫോണില്‍ നിന്ന് വെള്ളത്തിലൂടെ ഷോക്കേറ്റ ഇരിനയെ വീട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവും മരിച്ചിരുന്നു. ബാത്ത് റൂമില്‍ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് മുപ്പത്തിരണ്ടുകാരനായ റിച്ചാര്‍ഡ് ബുള്ളിന് അപകടം സംഭവിച്ചത്. ഫോണ്‍ ചാര്‍ജിങ്ങിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു.
മരണം സംഭവിക്കാന്‍ കാരണം യുവാവിന്റെ അശ്രദ്ധയാണെങ്കിലും ഭാവിയില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ തടയാന്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ആപ്പിളിനോട് ആവശ്യപ്പെടുമെന്ന് അന്ന് ബ്രിട്ടീഷ് ടെക് വിദഗ്ധര്‍ പറഞ്ഞിരുന്നു.
ലോകത്ത് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഏഴു ശതമാനം പേര്‍ കുളിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് നേരത്തെ സര്‍വെ റിപ്പോര്‍ട്ട് വന്നിരുന്നു. കുളിക്കുമ്പോള്‍ ചാര്‍ജിലിട്ട് ഫോണ്‍ ഉപയോഗിക്കുന്നത് വന്‍ അപകടം തന്നെയാണ്. മിക്ക ഫോണുകളുടെ ചാര്‍ജറുകളും വെളളത്തില്‍ വീണാല്‍ ഷോക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്
ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു . ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആന്റണി നല്‍കിയ പുനഃപരിശോധാനാ ഹര്‍ജിയില്‍ നേരത്തെ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.ദയാഹര്‍ജി രാഷ്ട്രപതിയും തളളിയതോടെയാണ് ആന്‍റണി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.
2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്‍റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബനാഥനായ അഗസ്്റ്റിന്‍റെ കുടുംബസുഹൃത്തായിരുന്നു ആന്‍റണി. കൂട്ടക്കൊലപാതകത്തിന് കൃത്യമായ തെളിവില്ലെന്നും, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് തൂക്കുകയര്‍ വിധിച്ചതെന്നും സുപ്രീംകോടതിയില്‍ ആന്‍റണി വാദിച്ചു.ആലുവ നഗരമധ്യത്തിൽ സെന്റ് മേരീസ് ഹൈസ്‌കൂളിനു സമീപം മാഞ്ഞൂരാൻ വീട്ടിൽ അഗസ്‌റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോൻ (12), അഗസ്‌റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്.
2001 ജനുവരി ആറിന് അർധരാത്രിയായിരുന്നു സംഭവം. പ്രതിയായ ആന്റണിക്കു സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണു വധശിക്ഷ വിധിച്ചത്. 2006 സെപ്‌റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. 2009ൽ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.റെയിൽവേ സ്‌റ്റേഷൻ റോഡിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്‌സ് ഉടമയായിരുന്നു മരിച്ച അഗസ്‌റ്റിൻ. അഗസ്‌റ്റിന്റെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായിരുന്നു ആന്റണി. വിദേശത്തു ജോലിക്കു പോകാൻ പണം നൽകാതിരുന്നതിലുള്ള വിരോധം മൂലം രാത്രി സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ കുടുംബാംഗങ്ങളെ ആന്റണി വീട്ടിൽ പതിയിരുന്ന് ഒറ്റയ്‌ക്കു വകവരുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.ഒട്ടേറെ ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കും വഴിയൊരുക്കിയ കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചു.
ഒടുവിൽ ഹൈക്കോടതി നിർദേശപ്രകാരം സിബിഐയും അന്വേഷണം നടത്തി. എല്ലാ അന്വേഷണങ്ങളും അവസാനിച്ചത് ആന്റണിയെന്ന ഒരേയൊരു പ്രതിയിലാണ്. കൂട്ടക്കൊല നടന്ന വീട് കേസ് തീർന്നശേഷം പൊലീസ് പൊളിച്ചുനീക്കി. ഇവിടെ സാമൂഹിക വിരുദ്ധർ തമ്പടിച്ചപ്പോൾ സമീപവാസികളുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ.
കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ചു. കര്‍ണാടക വനംവകുപ്പിന്റെ വെടിയേറ്റാണ് മലയാളി മരിച്ചതെന്നാണ് സംശയം. കാസര്‍ഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനത്തില്‍ ഇവര്‍
നായാട്ടിന് പോയതെന്നാണ് പ്രാഥമിക നിഗമനം. വാഗമണ്‍തട്ട് എന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബഹ്‌റൈനില്‍ നിന്നും ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളിയെ താന്‍ ഉപയോഗിച്ചിരുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ബഹ്‌റൈനിലെ താമസ സ്ഥലത്തു നിന്നും കാണാതായ തൃശൂര്‍ തൃപ്രയാര്‍ സ്വദേശി സതീഷ് കുമാറിനെ(56) മരിച്ച നിലയിൽ തിങ്കളാഴ്ച കണ്ടെത്തിയത്. അതേസമയം മരണം ആത്മഹത്യയാണെന്നും ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
30 വര്‍ഷമായി ബഹ്‌റൈന്‍ പ്രവാസിയായ സതീഷ് നിലവില്‍ ഹിദ്ദിലെ ബോക്‌സ് മൈക്കേഴ്‌സ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. കുടുംബം നേരത്തെ ബഹ്‌റൈനിലുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ നാട്ടിലാണ്. സഹോദരിയും ഭര്‍ത്താവും ബഹ്‌റൈനിലുണ്ട്. ഹിദ്ദ് പ്രവിശ്യയിലെ അറേബ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റിനു സമീപമുള്ള പാര്‍ക്കിംഗ് ഏരിയയിലെ കാറിനുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അടുത്ത ദിവസം നാട്ടിലേക്ക് കൊണ്ടു പോകും. ഇതിനുള്ള ശ്രമങ്ങള്‍ കമ്പനിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഭാര്യ ശെര്‍ലി. മക്കള്‍ സ്വാദി, അശ്വിന്‍
തനിക്ക് അശ്ലീല സന്ദേശമയച്ച യുവാവിന് ചുട്ടമറുപടി നല്‍കി നടി ഗായത്രി അരുണ്‍. സമൂഹമാധ്യമത്തിലൂടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ഗായത്രി മറുപടി നല്‍കിയത്. രണ്ടു ലക്ഷം രൂപ തരാമെന്നും ഒരു രാത്രി കൂടെ വരുമോ എന്നുമായിരുന്നു ഗായത്രിയ്ക്കു ലഭിച്ച സന്ദേശം.
ഇക്കാര്യങ്ങള്‍ രഹസ്യമായിരിക്കുമെന്നും മണിക്കൂറിനാണു രണ്ടു ലക്ഷമെന്നും യുവാവ് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഈ സന്ദേശം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച ഗായത്രി അയാളുടെ സഹോദരിയുടേയും അമ്മയുടേയും സുരക്ഷയ്ക്കായി പ്രാര്‍ഥനകളില്‍ അവരെ ഓര്‍ക്കുമെന്നായിരുന്നു പ്രതികരിച്ചത്. ഇതിനു പിന്നാലെ ഗായത്രിയ്ക്കു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. സമൂഹമാധ്യമങ്ങളെ എന്തും പറയാനുള്ള വേദിയാക്കി മാറ്റുന്നതിനെതിരെയും അസഭ്യമായി സന്ദേശങ്ങള്‍ അയക്കുന്നതിനെതിരെയും പ്രതിഷേധമുയര്‍ന്നു. ഇതോടെ ഇയാളുടെ അക്കൗണ്ട് അപ്രത്യക്ഷമായി.
കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് സീരിയല്‍ താരം ഗായത്രി അരുണ്‍. വ്യക്തവും ശക്തവുമായ നിലപാടുകളുടെ പേരില്‍ താരത്തിന് പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആത്മഹത്യ ചെയ്തുവെന്ന പ്രചാരണത്തിനും തന്റെ വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിനുമെതിരെ ഗായത്രി മുന്‍പ് രംഗത്തെത്തിയിട്ടുണ്ട്.
പളളിത്തര്‍ക്കത്തെ തുടര്‍ന്ന് പിറവത്ത് സംഘടിച്ചവരെ നീക്കാന്‍ പൊലീസ് ശ്രമം. പിറവം പള്ളിയില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പൊലീസ് പള്ളിയുടെ അകത്ത് കയറാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് വിശ്വാസികള്‍ അറിയിച്ചു.
പിറവം പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പൊലീസ് സ്ഥലത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗക്കാര്‍ രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു. പള്ളിയുടെ ഉടമസ്ഥാവകാശം ഓര്‍ത്തഡോക്സ് വിഭാഗത്തിനു വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതി വിധി.