ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനെതിരെ കെസിബിസി. കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും കെസിബിസി കുറ്റപ്പെടുത്തി. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി നീതി നടപ്പാക്കണം. കുറ്റവാളി ആരായാലും ശിക്ഷിക്കപ്പെടണമെന്നാണ് സഭയുടെ നിലപാടെന്നും കെസിബിസി വ്യക്തമാക്കി.
എന്നാല്‍ ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടിരുന്നു. വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കിയതായും നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നുമാണ് മുംബൈ അതിരൂപത അദ്ധ്യക്ഷന്‍ പറഞ്ഞത്.
എന്നാൽ സമരത്തിന് നാൾക്കു നാൾ ജനപിന്തുണ കൂടി കൂടി കൂടി വരുന്നു. സമരപന്തലിൽ പിന്തുണയുമായി സിനിമ പ്രവര്ത്തകരും. സിനിമയിൽ വുമൺ ഇൻ കോളക്റ്റീവിന്റെ പിന്തുണ അറിയിച്ചു നടി റീമ കല്ലുങ്കൽ നേരിട്ടെത്തി.
കന്യാസ്ത്രീക്ക് സര്‍ക്കാര്‍ നീതി ലഭ്യമാക്കണമെന്നും വനിതാ കമ്മീഷന്‍ ഇടപെടണമെന്നും റിമ കല്ലിങ്കല്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കണമെന്ന് ആഷിഖ് അബുവും ആവശ്യപ്പെട്ടു.
ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീകളുടെ സമരം ശക്തി പ്രാപിക്കുകയാണ്. കൊച്ചിക്ക് പുറമേ സെക്രട്ടറിയേറ്റിന് മുന്നിലേക്കും സമരം ഇന്ന് വ്യാപിപ്പിച്ചിരുന്നു.
സ്റ്റേഷനിലെത്തിച്ച പ്രതി പിക്കാസ് കൊണ്ടടിച്ചതിനെത്തുടർന്ന് പോലീസുകാരന് ദാരുണാന്ത്യം. സ്‌റ്റേഷനിലുള്ളിലെ സിസിടിവിയില്‍ പ്രതി പിക്കാസ് കൊണ്ട് പോലീസുദ്യോഗസ്ഥരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു പോലീസുദ്യോഗസ്ഥന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.
പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പ്രതി വിഷ്ണു രാജ്‌വത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. എന്നാൽ സുഹൃത്ത് കാണാനെത്തിയതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ പ്രതി പിക്കാസ് കൊണ്ട് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ആദ്യം തലയ്ക്കടിയേറ്റ പോലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി കസേരയില്‍ നിന്നും വീഴുന്നതും തുടര്‍ന്ന് അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
രണ്ട് ഉദ്യോഗസ്ഥരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബു ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. പ്രതിയേയും കാണാനെത്തിയ സുഹൃത്തിനേയും പോലീസ് അറസ്റ്റുചെയ്തു
സൗദിയിൽ 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മലയാളി മുങ്ങിയെന്നു പരാതി. മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗർ സാഫല്യത്തിൽ ഷിജു ജോസഫിനെതിരെ ലുലു ഗ്രൂപ്പ് റിയാദിലെ ഇന്ത്യൻ എംബസിക്കും ഡിജിപി, തിരുവനന്തപുരം ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കും പരാതി നൽകി. ഇയാളെ കണ്ടെത്തി പണം വീണ്ടെടുക്കണമെന്നാണ് ആവശ്യം.
നാലു വർഷമായി ലുലുവിൽ ജോലി ചെയ്യുന്ന 42കാരനായ ഷിജു വിതരണക്കാരിൽനിന്നു സ്ഥാപനമറിയാതെ വൻതോതിൽ സാധനങ്ങൾ വാങ്ങി മറിച്ചുവിറ്റാണു പണം സമ്പാദിച്ചിരുന്നതെന്നു പറയുന്നു. ഇതിനായി ലുലുവിന്റെ രേഖകളും സീലും വ്യാജമായി നിർമിക്കുകയും ചെയ്തെന്നും കമ്പനി അറിയിച്ചു. സാധനങ്ങൾ വാങ്ങിയ ബില്ലുകൾ അക്കൗണ്ട്സിൽ എത്തിയപ്പോഴാണു വൻ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇതിനുമുൻപുതന്നെ ഷിജു നാട്ടിലേക്കു കടന്നിരുന്നു
ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായി പ്രവാസി അബുദാബി വിമാനത്താവളത്തില്‍ പിടിയിലായി. യുഎഇയില്‍ നിയമ വിരുദ്ധമായ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി.
43 വയസുള്ള ഏഷ്യക്കാരനാണ് പിടിയിലായതെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബാഗില്‍ സംശയകരമായ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ബാഗ് തുറന്നുപരിശോധിച്ചപ്പോള്‍ ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന നിരവധി വസ്തുക്കള്‍ കണ്ടെത്തിയെന്നാണ് കേസ്. ഇവ എന്താണെന്ന് തിരിച്ചറിയാന്‍ യുഎഇയിലെ ജനറല്‍ അതോരിറ്റി ഫോര്‍ ഇസ്ലാമിക് അഫയേഴ്സിന് കൈമാറി. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണെന്നും ഇസ്ലാമിക നിയമങ്ങള്‍ക്ക് ഇവ എതിരാണെന്നുമാണ് അവര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത്തരം വസ്തുക്കള്‍ നശിപ്പിച്ച് കളയണമെന്നും ഇസ്ലാമിക് അഫയേഴ്സ് അതോരിറ്റി നിര്‍ദ്ദേശം നല്‍കി.
തുടര്‍ന്ന് ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവന്നുവെന്ന കുറ്റം ചുമത്തി കേസെടുത്തു. യുഎഇ നിയമപ്രകാരം ഇവ കുറ്റകരമാണ്. എന്നാല്‍ യുഎഇയില്‍ താമസിക്കുന്ന മറ്റൊരാള്‍ക്ക് നല്‍കാനായി തന്റെ നാട്ടിലുള്ള സുഹൃത്ത് ഇവ തന്നുവിട്ടതാണെന്നായിരുന്നു ഇയാള്‍ അധികൃതരോട് പറഞ്ഞത്. ഇവ മരുന്നുകളാണെന്നും, യുഎഇയിലുള്ള ഒരാള്‍ക്ക് ചികിത്സക്കായി ഇവ ആവശ്യമാണെന്നും പറഞ്ഞായിരുന്നു തന്നുവിട്ടത്. കൂടോത്രത്തിനോ ദുര്‍മന്ത്രവാദത്തിനോ ഉപയോഗിക്കുന്ന സാധനങ്ങളാണെന്ന് അറിഞ്ഞിരുന്നില്ല. ഔഷധങ്ങളാണെന്ന് കരുതിയാണ് കൊണ്ടുവന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരം സാധനങ്ങള്‍ മനഃപൂര്‍വ്വം രാജ്യത്തേക്ക് കൊണ്ടുവന്നതല്ലെന്ന് അഭിഭാഷകനും കോടതിയില്‍ വാദിച്ചു. എയര്‍പോര്‍ട്ടിലെ സുരക്ഷാ ഉദ്ദ്യോഗസ്ഥന്‍ ബാഗ് തുറന്നപ്പോള്‍ തന്നെ ഇവ കണ്ടെടുത്തു. ഒളിപ്പിച്ച് കടത്താന്‍ കൊണ്ടുവന്നതാണെങ്കില്‍ ഇത്ര ലാഘവത്തോടെ ഇവ ബാഗില്‍ സൂക്ഷിക്കുമായിരുന്നില്ല. തുണികള്‍ക്കിടയില്‍ പോലും ഒളിപ്പിക്കാതെ കൊണ്ടുവന്നത് എന്താണെന്ന് അറിയാത്തതിന് തെളിവാണെന്നും അതുകൊണ്ട് ഇയാളെ വെറുതെ വിടണമെന്നും കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു. കേസ് ഒക്ടോബറില്‍ പരിഗണിക്കാനായി മാറ്റിവെച്ചു.
കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷനില്‍ നേരിട്ടു ഹാജരാകില്ലെന്ന് സൂചന നല്‍കി പി.സി.ജോര്‍ജ് എംഎല്‍എ. പിസി ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് വനിതാ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മീഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മീഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? – ജോര്‍ജ് വെല്ലുവളിച്ചു. അതേസമയം, ബത്ത അനുവദിക്കുന്ന രീതി കമ്മീഷനില്ല. നിര്‍ദേശിച്ചിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്നാണ് കമ്മീഷന്റെ മറുപടി.
കന്യാസ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ 20നു കമ്മീഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് പി.സി.ജോര്‍ജ് എംഎല്‍എയോടു നിര്‍ദ്ദേശിച്ചിരിക്കുന്നത്. അപമാനകരമായ പരാമര്‍ശമാണ് ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായതെന്നു കുറ്റപ്പെടുത്തിയ വനിതാ കമ്മീഷന്‍, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തു. ജലന്തര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കേരള പൊലീസും പഞ്ചാബ് സര്‍ക്കാരും ഫലപ്രദമായി ഇടപെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയത്തിനു കത്തു നല്‍കിയതായും വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.
ഒരു സ്ത്രീ നല്‍കിയ പരാതിയിൽ അറസ്റ്റ് ഇത്രയും വൈകുന്നതിൽ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് സംവിധായകൻ മേജർ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചെത്തിയതാണ് മേജർ രവി.
‘നടൻ ദിലീപിനെയും ഇതുപോലെയൊരു പരാതിയുടെ പേരിലാണ് അറസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് ദിലീപിനും പറയാമായിരുന്നു എനിക്ക് എന്റെ സംഘടന ഉണ്ട്, അമ്മ. ആ സംഘടന അന്വേഷണം നടത്തിയിട്ട് എന്നെ അറസ്റ്റ് ചെയ്താൽ മതിയെന്ന്. അതാരും ചെയ്തില്ല. അപ്പോൾ ഇതുപോലെയുള്ള അക്രമങ്ങൾക്ക് സംഘടനകളുടെ ശക്തി ഉപയോഗിച്ച് പിന്തുണയ്ക്കാൻ പാടില്ല’. മേജർ രവി പറഞ്ഞു.
ഇങ്ങനെയൊരു കാര്യത്തിന് രാഷട്രീയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ ആ രാഷട്രീയ പാർട്ടിക്കാരെ താൻ അപലപിക്കുന്നുവെന്നും മേജർ രവി വ്യക്തമാക്കി. ഒരാളെ രക്ഷിക്കാനായി ഒരു സമൂഹത്തിനെ ബലിയാടാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇരകളാകപ്പെട്ടവർക്ക് വേണ്ട നീതി അവർക്ക് കിട്ടിയേ പറ്റൂ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ എത്ര വലിയ കൊമ്പത്തിരിക്കുന്ന ആളാണെങ്കിലും ശരി അയാൾക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു .
ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി സി ജോർജ്ജ് എംഎൽഎക്കെതിരെ വിമർശനവുമായി ബോളിവുഡ് നടി സ്വരാ ഭാസ്‌കർ. ട്വിറ്ററിലൂടെയായിരുന്നു സ്വരയുടെ വിമർശനം.
എം.എല്‍.എയുടെ വാക്കുകള്‍ ലജ്ജിപ്പിക്കുന്നതാണെന്നും ഛര്‍ദിക്കാന്‍ വരുന്നുവെന്നുമായിരുന്നു സ്വരയുടെ വാക്കുകള്‍. ‘ഇത് ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നു. ശരിക്കും ഛര്‍ദിക്കാന്‍ വരുന്നു’ എന്ന് സ്വര ട്വിറ്ററില്‍ കുറിച്ചു.
ട്വീറ്റിന് പിന്നാലെ സ്വരയെ അധിക്ഷേപിച്ച് സംവിധായകനും ബി.ജെ.പി അനുഭാവിയുമായ വിവേക് അഗ്‌നിഹോത്രി രംഗത്തെത്തി. ‘മീ ടു പ്രോസ്റ്റിറ്റ്യൂട്ട്’ എന്ന ഹാഷ്‌ടാഗിട്ട്, എവിടെ പ്ലക്കാര്‍ഡ് എന്ന് ചോദിച്ച് വിവേക് ട്വീറ്റ് ചെയ്‌തു. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയര്‍ന്നതോടെ ട്വിറ്റര്‍ ഇടപെട്ട് പോസ്‌റ്റ് പിന്‍വലിക്കുകയായിരുന്നു.
കന്യാസ്‌ത്രീക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധമാണ് പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജിനെതിരെ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പിസി ജോർജ്ജിനെതിരെ ബോളിവുഡ് താരം രവീണ ടണ്ടൻ രംഗത്തെത്തിയിരുന്നു. ‘ഇരയെ ഭയപ്പെടുത്താനുള്ള വ്യക്തമായ ശ്രമമാണ് ഇത്. ഇതിൽ വനിതാ കമ്മീഷൻ ഇടപെടണം. ഈ മനുഷ്യനെതിരെ കേസെടുക്കണം’. രവീണ ട്വിറ്ററില്‍ കുറിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയെ ടാഗ് ചെയ്താണ് രവീണയുടെ ട്വീറ്റ്.
ചിക്കമഗളൂരു: കർണാടകയിൽ ഭാര്യയുടെ തലയറുത്ത് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി യുവാവ് കീഴടങ്ങി. കർണാടകത്തിലെ ചിക്കമഗളൂരുവിലാണ് സംഭവം. ഭാര്യ മറ്റൊരു യുവാവുമായി കിടക്കപങ്കിടുന്നത് കണ്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. ചിക്കമഗളൂരു സ്വദേശി സതീഷാണ് (30) ഭാര്യ രൂപയെ കൊലപ്പെടുത്തിയത്.
സതീഷും രൂപയും തമ്മിലുള്ള വിവാഹം ഒമ്പതു വർഷങ്ങൾക്കു മുമ്പാണ് നടന്നത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ഗ്രാമത്തിലെ മറ്റൊരു യുവാവുമായി രൂപയ്ക്കു അവിഹതബന്ധം ഉണ്ടായിരുന്നു. നേരത്തെ സതീഷ് ഇരുവരെയും താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരിവിൽപോയ സതീഷ് മടങ്ങി വീട്ടിലെത്തുമ്പോൾ ഇരുവരെയും ഒന്നിച്ചുകണ്ടു. ഇതോടെ വാക്കുതർക്കവും സംഘർഷവുമായി.
വടിവാൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ രൂപയുടെ കാമുകന് വെട്ടേറ്റെങ്കിലും ഇയാൾ ഓടി രക്ഷപെട്ടു. രൂപയെ സതീഷ് വെട്ടിവീഴ്ത്തിയ ശേഷം തലയറുത്ത് ബാഗിലാക്കി. പിന്നീട് 20 കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ബൈക്കിലെത്തി കീഴടങ്ങുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലം പത്തനാപുരത്ത് മൗണ്ട് താബോര്‍ മഠം വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ സി.ഇ.സൂസമ്മ (55) യുടെ പോസ്റ്റ്മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. പോസ്റ്റ്മോർട്ടത്തിനു ശേഷം പൊലീസിന് ലഭിച്ച നിഗമനങ്ങൾ അനുസരിച്ച് സൂസമ്മയുടേത് മുങ്ങി മരണമാണെന്നാണ് സൂചന. അതേസമയം ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കു ശേഷമേ അന്തിമ തീരുമാനത്തിലെത്തൂ.
ഫോറന്‍സിക് വിഭാഗം മേധാവി ഡോ കെ ശശികലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. അതേസമയം കിണറ്റിലെ വെള്ളം തന്നെയാണു സിസ്റ്ററുടെ ശരീരത്തിനുള്ളിലും കണ്ടെത്തിയതെന്നും സിസ്റ്ററുടെ അന്നനാളത്തിൽ നിന്നും നാഫ്തലിൻ ഗുളിക ലഭിച്ചുവെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
കൈത്തണ്ടയിലെ മുറിവുകളല്ലാതെ ബലപ്രയോഗത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണു കോൺവെന്റ് വളപ്പിലെ കിണറ്റിൽ സിസ്റ്റർ സൂസമ്മയെ മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ മാസം 15 മുതൽ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇവർ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നു ബന്ധുക്കൾ പൊലീസിനോടു പറഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്.
സിസ്റ്റർ താമസിച്ചിരുന്ന മുറി മുതൽ കിണർ വരെയുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ടായിരുന്നു. മുറിവേൽപിക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി മുറിക്കുള്ളിൽ നിന്നു പൊലീസ് കണ്ടെത്തി. അൻപതോളം കന്യാസ്ത്രീകളാണു മഠത്തിലുള്ളത്. സിസ്റ്റർ സൂസമ്മ മുറിയിൽ തനിച്ചായിരുന്നു കഴിഞ്ഞിരുന്നത്. രാവിലെ കുർബാനയ്ക്കു മൗണ്ട് താബോർ ദയറാ വളപ്പിലെ പള്ളിയിലോ ചാപ്പലിലോ സിസ്റ്റർ എത്താതിരുന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹ ഒഴിയുന്നില്ല കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മുടിയും കൈത്തണ്ടകളും മുറിച്ച നിലയില്‍. സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ (54) മൃതദേഹമാണു കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ രാവിലെ പത്തു മണിയോടെ കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. അസ്വാഭാവിക മരണത്തിന് പത്തനാപുരം പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും
കന്യാസ്ത്രീ താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും കിണറിന്റെ പടികളിലും രക്തക്കറകളുണ്ട്. മുടിയും രണ്ടു കൈത്തണ്ടകളും മുറിച്ച നിലയിലാണ്. മുടിയുടെ ചില ഭാഗങ്ങള്‍ ഇവരുടെ മുറിക്കുള്ളില്‍നിന്നു പൊലീസ് കണ്ടെത്തി. മൗണ്ട് താബോര്‍ സ്‌കൂളിലെ അധ്യാപികയാണു സിസ്റ്റര്‍ സൂസമ്മ. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കിണറ്റില്‍ നിന്നു പുറത്തെടുത്ത മൃതദേഹം കൊല്ലം എഡിഎം ശശികുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി.
ഞായറാഴ്ചയായിട്ടും ഇവരെ സമീപത്തെ പള്ളിയിലോ ചാപ്പലിലോ പ്രഭാത കുര്‍ബാനയ്ക്കു കാണാതിരുന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. വലിയ കോംപൗണ്ടിന്റെ പല ഭാഗങ്ങളിലായാണു സ്‌കൂളും കോണ്‍വെന്റും ചാപ്പലും സ്ഥിതി ചെയ്യുന്നത്. അന്‍പതോളം കന്യാസ്ത്രീകളാണു മഠത്തിലുള്ളത്. ഏതാനും ദിവസങ്ങളായി സൂസമ്മ വിഷാദവതിയായിരുന്നുവെന്നു മഠത്തിലെ അന്തേവാസികള്‍ പൊലീസിനോടു സൂചിപ്പിച്ചു. ആശുപത്രിയില്‍ പരിശോധനകള്‍ക്കു പോയിരുന്നതായും തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നതായും വിവരമുണ്ട്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലപരിശോധന നടത്തി. കന്യാസ്ത്രീയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു.