ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായി നാടുവിട്ട കെഎസ്ആർടിസി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല അയിരൂർ സ്വദേശി പ്രകാശൻ (55) ആണ് അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഫേസ്‌ബുക്ക് വഴിയാണ് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായി ഇയാൾ സൗഹൃദത്തിലായത്. തുടർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്നും ഇറങ്ങാൻ പ്രേരിപ്പിക്കുകയും പെൺകുട്ടിയുമായി കടന്ന് കളയുകയുമായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫേസ്‌ബുക്ക് ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. വീട്ടിൽ നിന്നും ഇറക്കിയ പെൺകുട്ടിയുമായി ട്രെയിൻ വഴി എറണാകുളത്ത് എത്തിയ പ്രതി വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രതിയുടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ താമസ സ്ഥലം കണ്ടെത്തുകയും പെൺകുട്ടിയെയും പ്രതിയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കോട്ടേഴ്‌സില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാന്‍ ശ്രമത്തിനിടയിലാണ് യുവതി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി കവര്‍ന്നു.
കൊല്ലം ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ പ്രതി ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിക്കാന്‍ ശ്രമിക്കുകയും മല്‍പ്പിടിത്തത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് മുപ്പത്തിരണ്ടുകാരിയായ കേരളാപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്.
കേരളാപുരം സ്വദേശിയായ യുവതിയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു. ബീച്ചില്‍ നിന്നും കിട്ടിയ യുവതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.
പട്ടത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകൾ സാന്ദ്രയാണ് (20) മരിച്ചത്. വീടിനുള്ളിലെ അടച്ചിട്ടമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വായില്‍ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയ നിലയിലും മുക്കില്‍ ക്ലിപ്പിട്ട നിലയിലുമായിരുന്നു മൃതദേഹം. ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. വൈകീട്ട് അമ്മ ജോലി കഴിഞ്ഞുവന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. പിന്നീട് ഏഴ് മണി കഴിഞ്ഞാണ് ഈ മുറിയുടെ വാതില്‍ തുറന്ന് പരിശോധിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ പഠനത്തിന് പോകുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയെന്ന് പോലിസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലം ചെമ്മാമുക്കില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയില്‍ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചല്‍ സ്വദേശി നാസുവിന്റെ (24) അറസ്റ്റ് രേഖപ്പെടുത്തി. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. പൊലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
കൊല്ലം ബീച്ചില്‍ വച്ച് കഴിഞ്ഞ മാസം 29ന് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവിന്റെ മൊഴി. ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയതായും ഇവിടെവച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും യുവാവ് പറയുന്നു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബര്‍ 31ന് ഇയാളെ കൊട്ടിയം പൊലീസ് ഇയാളെ പിടികൂടിയിരുന്നു. സംശയാസ്പദമായ നിലയില്‍ ഇയാളുടെ കൈവശം ഫോണ്‍ കണ്ടെത്തിയതോടെയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്നായിരുന്നു ഇയാള്‍ ആദ്യം മൊഴി നല്‍കിയത്. ഈ ഫോണില്‍നിന്നു പൊലീസ് നമ്പറെടുത്ത് വിളിച്ചപ്പോള്‍ കാണാതായ യുവതിയുടെ വീട്ടിലേക്കാണു കോള്‍ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരം യുവതിയുടെ വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ പിടിച്ചെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. പിന്നീട് യുവതിയുടെ വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കിട്ടിയപ്പോള്‍ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പൊലീസ് അന്വേഷിച്ചു കണ്ടെത്തുകയും തുടര്‍ന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ ദിവസം രാവിലെ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി.
ഭക്ഷ്യ വിഷബാധമൂലം സംസ്ഥാനത്ത് ഓരോ മരണവും സംഭവിക്കുമ്പോൾ മാത്രമാണ് അധികാരികൾക്ക് അൽപമെങ്കിലും ചൂടുപിടിക്കുന്നത്. അതിന്റെ മറവിൽ നടത്തുന്ന കർശന പരിശോധനകളെല്ലാം വെറും പ്രഹസനങ്ങൾ മാത്രമാണ് ഇതുണ്ടാകാം തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ ഏറ്റവും ഒടുവിലായി ഭക്ഷ്യവിഷബാധ നഴ്‌സ് രശ്‌മിരാജിന്റെ ജീവൻ കവർന്നപ്പോൾ നഷ്ടം ആ കുടുംബത്തിന് മാത്രമാവുകയാണ്. രശ്മിയുടെ വേർപാട് താങ്ങാനാവാതെ പാടത്തിനരികിലെ ആ കൊച്ചുവീട്ടിൽ ഇനിയും തേങ്ങലുകൾ അടങ്ങുന്നില്ല. ആ കുടുംബത്തിന്റെ അത്താണിയും ഏക പ്രതീക്ഷയും. അവളിനി തിരിച്ചു വരുത്തില്ലെന്ന സത്യം ഉൾകൊള്ളാൻ ആ കുടുംബത്തിന്റെ മനസ്സ് ഇനിയും പാകപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.
‘‘ആശുപത്രിയിൽ ചെല്ലുമ്പോഴും ഇറങ്ങുമ്പോഴും ഒക്കെ വിളിക്കുമായിരുന്നു. ഉടനെ ഹെഡ് നഴ്‌സ് ആകും, നമുക്ക് കുറച്ച് സ്‌ഥലം വാങ്ങണം, എന്നൊക്കെ പറയും. ഒത്തിരി മോഹങ്ങളുണ്ടായിരുന്നു അവൾക്ക്. പോയില്ലേ എന്റെ കൊച്ച് ’’- അമ്മ അംബികയുടെ കണ്ണീരിന് മറുപടിപറയാൻ ആർക്കും കഴിയുന്നില്ല. രശ്‌മിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരുമെല്ലാം അവസാനമായി കാണാൻ അവിടെയെത്തി. നാലുമാസം മുമ്പായിരുന്നു രശ്‌മിയുടെ വിവാഹം.
ഭർത്താവ് തിരുവനന്തപുരം സ്വദേശി വിനോദ്‌കുമാർ ഇലക്‌ട്രീഷ്യനാണ്. പുതിയ ജീവിതം സന്തോഷത്തോടെ തുടങ്ങിയതേയുള്ളു. എട്ടുവർഷമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചിട്ട്. അസ്ഥിരോഗ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സിങ് ഓഫീസറായിരുന്നു.
സഹോദരൻ വിഷ്‌ണുരാജ് മർച്ചന്റ് നേവിയുമായി ബന്ധപ്പെട്ട കോഴ്‌സ് പൂർത്തിയാക്കിയശേഷം ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. രശ്‌മിയുടെ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ വലിയ ആശ്രയം.
ഒരുമാസം മുമ്പ് വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിവെച്ചതാണ്. പൂർത്തിയാക്കിയിട്ടില്ല. വയറിങ്ങും പ്ലംബിങ്ങും ബാക്കിയുണ്ട്. അമ്മ അംബിക ജില്ലാ ആശുപത്രിയിൽ നഴ്‌സിങ് അസിസ്‌റ്റന്റായാണ് വിരമിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടപടി പൂർത്തിയായത്. തുടർന്ന് അവിടെ പൊതുദർശനത്തിനുവെച്ചു. അതിനുശേഷമാണ് തിരുവാർപ്പ് കിളിരൂരിലെ പാലത്തറ വീട്ടിലെത്തിച്ചത്. നാലുമണിയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.
പാറശാലയിൽ ഏഴുമാസം ഗർഭിണിയായ യുവതിക്ക് പൊള്ളലേറ്റതിനെ തുടർന്ന് ഗർഭസ്ഥ ശിശുവിന് ദാരുണാന്ത്യം. പാറശാല മുരിയങ്കര സ്വദേശി അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27) നെ പൊള്ളലേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
രണ്ട് ദിവസം മുൻപാണ് അരുണിമയെ മണ്ണെണ്ണ ഒഴിച്ച് തീ പൊള്ളലേറ്റ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അരുണിമയ്ക്ക് പൊള്ളലേറ്റത്. സൈനികനായ ഭർത്താവ് അജയ് പ്രകാശ് ലീവ് കഴിഞ്ഞ് തിരിച്ച് പോകാനിരിക്കെയാണ് സംഭവം നടന്നത്. ഏഴുമാസം ഗർഭിണിയായ അരുണിമ ഭർത്താവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അജയ് പ്രകാശ് അവധിക്ക് നാട്ടിൽ വരുമ്പോൾ കൂടെ വരികയായിരുന്നു അരുണിമ.
കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. അറുപത് ശതമാനത്തോളം പൊള്ളലേറ്റ അരുണിമയുടെ ഗർഭസ്ഥ ശിശു മരണപെട്ടു. എന്നാൽ കുഞ്ഞിനെ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നിലവിൽ അരുണിമ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അരുണിമയുടെ ബന്ധുക്കൾ ആരോപിച്ചു.
തൊട്ടിൽപ്പാലത്ത് നിന്ന് രണ്ടുദിവസം മുൻപ് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതോട് അമ്പലക്കാവ് ചാരുമേൽ മഹേഷിന്റെ ഭാര്യ സുഗിഷയാണ് ( 35 ) മരിച്ചത്.
ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് തൊട്ടിൽപാലം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ വീടിന് അര കിലോമീറ്റർ അകലെയായി ആളൊഴിഞ്ഞ പറമ്പിലെ കവുങ്ങിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ജനുവരി രണ്ടിന് രാത്രിയാണ് സുഗിഷയെ കാണാതായത്. മൂന്നു മക്കളുണ്ട്. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി.
ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങൾക്കിടയിൽ, ഛത്തീസ്ഗഡിലെ ഗോത്രവർഗ ബസ്തർ മേഖലയിലെ നാരായൺപൂർ ജില്ലയിൽ ഒരു പള്ളി തകർത്ത അക്രമാസക്തരായ ജനക്കൂട്ടത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച ഒരു പോലീസ് സൂപ്രണ്ടിന് തലയ്ക്ക് പരിക്കേൽക്കുകയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡിസംബർ പകുതി മുതൽ നാരായൺപൂർ ജില്ലയിൽ ആദിവാസികളും ക്രിസ്ത്യൻ ഗോത്രവർഗക്കാരും തമ്മിൽ സംഘർഷം നടക്കുന്നതിനാൽ, ക്രിസ്ത്യാനികളുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് ഒരു വിഭാഗം ആളുകൾ ബന്ദിന് ആഹ്വാനം ചെയ്യുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച നാരായൺപൂരിലെ ഒരു പള്ളി ആക്രമിക്കാൻ ഒരു കൂട്ടം പ്രാദേശിക ആദിവാസികൾ പോയിരുന്നുവെന്നും എസ്പി സദാനന്ദ് കുമാറിനെ പിന്നിൽ നിന്ന് ആക്രമിച്ചപ്പോൾ പോലീസ് സേനയും ജില്ലാ ഭരണകൂടവും സ്ഥലത്തുണ്ടായിരുന്നുവെന്നും പരിക്കേറ്റുവെന്നും ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രി താംസ്വജ് സാഹു പറഞ്ഞു.
കുമാറിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു, തലയിൽ തുന്നലുകൾ ഇട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് അറിയിച്ചു, മറ്റ് പത്തോളം പോലീസുകാർക്ക് പരിക്കേറ്റു.സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തിനും ഭരണകൂടത്തിനും കുറച്ച് സമയമെടുത്തു, പ്രതിഷേധക്കാർ പിരിഞ്ഞുപോയി.
തിങ്കളാഴ്ച ബഖ്രുപാറയിലെ ഒരു പള്ളിക്കുള്ളിൽ നൂറുകണക്കിന് ആദിവാസികളുടെ സംഘം ബഹളം സൃഷ്ടിക്കുകയും പോലീസ് ഇടപെട്ടപ്പോൾ അവർ മുദ്രാവാക്യം വിളിക്കുകയും കല്ലേറിൽ ഏർപ്പെടുകയും പോലീസിന് നേരെ ആക്രമണം നടത്തുകയും ചെയ്തു.
എസ്പി കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു: “തിങ്കളാഴ്‌ച ആദിവാസി സമൂഹങ്ങൾ യോഗം വിളിച്ചിരുന്നു, പരിപാടി സമാധാനപരമായി നടത്താൻ അവരുടെ നേതാക്കൾ എന്നെയും കളക്ടറെയും സന്ദർശിച്ചിരുന്നു. എന്നാൽ കുറച്ച് ആളുകൾ പെട്ടെന്ന് ഒരു പള്ളി ആക്രമിക്കാൻ പോയി, പോലീസ് സംഘങ്ങൾ സംഭവസ്ഥലത്തേക്ക് ഓടി. സ്ഥിതി നിയന്ത്രണവിധേയമായി, പിന്നിൽ നിന്ന് എന്നെ തലയ്ക്ക് നേരെ ആക്രമിച്ചു. നിയമലംഘകർക്കെതിരെ അന്വേഷണം നടത്തും.
ആദിവാസി ഗ്രൂപ്പുകൾ സംഘടിപ്പിച്ച പ്രകടനമാണ് അവിടെ നടന്നതെന്നും സംഘത്തിലെ കുറച്ച് പേർ പെട്ടെന്ന് അക്രമാസക്തരാവുകയും പള്ളിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ഞങ്ങൾ ഇടപെട്ട് അവരെ ശാന്തമാക്കാൻ ശ്രമിച്ചു, ഞങ്ങൾ സമാധാനപരമായി സ്ഥിതിഗതികൾ കൈകാര്യം ചെയ്തുവെന്ന് നാരായൺപൂർ കളക്ടർ അജിത് വസന്ത് പറഞ്ഞു.
നാരായൺപൂർ ജില്ലയിലെ പല ഗ്രാമങ്ങളിലും ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു, ഈ ഗ്രാമങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ ഒരു മെമ്മോറാണ്ടം സമർപ്പിച്ചു, തങ്ങളെ ആക്രമിക്കുകയും വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
അറസ്റ്റിലായ അഭിഭാഷകന്‍ മുഹമ്മദ് മുബാറക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നുവെന്ന് എ്ന്‍ ഐ എ കോടതിയില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശോധകന്‍ ആയിരുന്നു മുബാറക്കെന്നും എന്‍ ഐ എ കോടതിയില്‍ പറഞ്ഞു. മുബാറിക്കിന്‍രെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
നേരത്തെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖരെ വധിക്കാന്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കിയെന്നും അതിനായി കൊലയാളി സംഘത്തെ നിയോഗിച്ചെന്നും അറിയുന്നത്. അത്തരമൊരു കൊലയാളി സംഘത്തിലെ പ്രധാനിയായിരുന്നു മുബാറക്കെന്നാണ് എന്‍ ഐ എ പറയുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മഴു എന്ന് തോന്നിപ്പിക്കും വിധമുളള ആയുധങ്ങള്‍ തീവ്രവാദ ശക്തികള്‍ ആയുധ പരിശീലനത്തിന് കാലങ്ങളായി ഉപയോഗിക്കുന്നതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
കുംഫു അടക്കമുള്ള ആയോധനകലകളില്‍ ഇയാള്‍ വിദഗ്ധനായിരുന്നുവെന്നും എന്‍ ഐ എ പറഞ്ഞു. അഭിഭാഷകനായിരുന്നുവെങ്കിലും ആയോധനകല പഠിപ്പിക്കുന്നതിലായിരുന്നു ഇയാള്‍ക്ക്താല്‍പര്യമെന്നും എന്‍ ഐ എ പറയുന്നു. കൊച്ചി നഗരത്തില്‍ മുബാറക്കുമായി സൗഹൃദമുണ്ടായിരുന്ന ചില യുവ അഭിഭാഷകരും ചില ഓണ്‍ ലൈന്‍ മാധ്യമപ്രവര്‍ത്തകരും എന്‍ ഐ എയുടെ അന്വേഷണ പരിധിയിലുണ്ട്.
വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷെഫീഖിനെ (22) യാണ് പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്‌തത്.
ഡിസംബർ 24 ന് രാത്രിയാണ് വടകര വനിതാ റോഡിലെ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്സ് ഉടമ പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62) കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരാഴ്ച്ചയോളം മുങ്ങി നടന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ തിങ്കളാഴ്ച തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത് വടകരയിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജന്റെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം. നവ മാധ്യമങ്ങളിലുടെ രാജനുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി വടകരയിലെത്തിയത്.
സമാനമായ രീതിയിലുള്ള നിരവധി പിടിച്ചുപറി കേസുകളിലും ഇയാൾ പ്രതിയാണ്. കൊലപാതകം നടന്നതിന് തൊട്ടടുത്ത രണ്ട് ദിവസം മുമ്പാണ് പ്രതി വടകരയിലെത്തിയത്. മറ്റു ശാസ്ത്രീയമായ തെളിവുകൾ പരിശോധിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സോഷ്യൽ മീഡിയയിലെയും, സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസിന് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്. കവർച്ചക്ക് വേണ്ടിയാണ് പ്രതി കൊലനടത്തിയത്. പ്രതിയുടെ മൊബൈൽ കുറ്റിപ്പുറത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് കേസിന് വഴിത്തിരിവായത്. രാജന്റെ കൈവശത്തു നിന്നും കവർന്ന സ്വർണ്ണാഭരണങ്ങളും, ബൈക്കും കണ്ടെത്തിയിട്ടില്ല.
ചൊവ്വാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷ നൽകും. ദൃക്സാക്ഷികളോ പ്രതിയെ കണ്ടവരോ ഇല്ലാത്ത കൊലപാതക കേസിലാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസിനു പിടികൂടാനായത്. ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിഐ പി എം മനോജ്, എസ്ഐ മാരായ സജീഷ്, ബാബുരാജ്, ഗ്രേഡ് എസ്ഐ മാരായ പ്രകാശൻ, കെ പി രാജീവൻ, എഎസ്ഐ മാരായ ഷാജി, യൂസഫ്, മനോജ്, സീനിയർ സിപിഒ മാരായ സൂരജ്, സജീവൻ എന്നിവരാണ് ഉണ്ടായിരുന്നത്.