Crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കൊലപ്പെടുത്തിയ നാലംഗ സംഘം പിടിയില്‍. പീഡനക്കേസ് പ്രതിയായ തിരുവനന്തപുരം സ്വദേശി രഞ്ജു കൃഷ്ണനെ കൊക്കയില്‍ കൊന്നു തള്ളിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവടക്കം നാലു പേരാണ് അറസ്റ്റിലായിരിക്കുന്നത്.

തലസ്ഥാനത്ത് നിരവധി പെണ്‍വാണിഭക്കേസുകളില്‍ പ്രതികളായ മലയിന്‍കീഴ്, ആറ്റിപ്ര, വെമ്പായം, ഉള്ളൂര്‍ സ്വദേശികളായ അഭിലാഷ്, ഹരിലാല്‍, ദീപക്ക്, ഷാഹിര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഈ വര്‍ഷം ഏപ്രില്‍ ആദ്യമാണ് കുടകില്‍ നിന്നും രഞ്ജു കൃഷ്ണയുടെ മൃതദേഹം കിട്ടിയത്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പിന്നീട് കൊലപാതകക്കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഷാഡോ പോലീസിന്റെ അന്വേഷണത്തിലാണ് രഞ്ജു കൃഷ്ണയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഷാഡോ പോലീസ് തന്നെയാണ് നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതും. പിടിയിലായവര്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഈ റാക്കറ്റില്‍പ്പെട്ട ഒരാളുടെ മകളെ രഞ്ജു കൃഷ്ണ നേരത്തേ പീഡിപ്പിച്ചിരുന്നു. തങ്ങളുടെ സുഹൃത്തിന്റെ മകള്‍ പീഡനത്തിനിരയായെന്ന് മനസിലാക്കിയ പ്രതികള്‍ രഞ്ജുകൃഷ്ണനെ തലസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്.

കാറില്‍ കയറ്റി പലഭാഗത്തും കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പ്രതികളിലൊരാളുടെ കാറില്‍ മൃതദേഹം കുടകിലെത്തിച്ച് കൊക്കയിലുപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. സംഭവത്തിനുശേഷം തിരികെയെത്തിയ പ്രതികള്‍ തലസ്ഥാനത്ത് വിഹരിക്കുന്നതിനിടെ പേരൂര്‍ക്കട സി.ഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്.

അതേസമയം, ഇക്കഴിഞ്ഞ ഏപ്രില്‍ അവസാനം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസ് പേരൂര്‍ക്കട പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ പ്രതിയായിരുന്ന രഞ്ജുകൃഷ്ണനെ തേടി പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയതോടെയാണ് കൊലപാതക കേസില്‍ പോലീസിന് ആദ്യ തുമ്പ് ലഭിക്കുന്നത്.

വീട്ടില്‍ സ്ഥിരമായി വരുന്ന സ്വഭാവക്കാരനല്ലാത്ത രഞ്ജുകൃഷ്ണനുമായി കുടുംബാംഗങ്ങള്‍ക്ക് വലിയ ബന്ധമുണ്ടായിരുന്നില്ല.
ഇയാളുടെ വഴിപിഴച്ച പോക്കാണ് ഇതിന് കാരണമായത്. വല്ലപ്പോഴും വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടുക മാത്രമാണ് രഞ്ജുകൃഷ്ണന്‍ ചെയ്തിരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ നമ്പര്‍ വാങ്ങി അതില്‍ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

ഇതിന്റെ കോള്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചപ്പോള്‍ രഞ്ജുവിനെ അവസാനമായി വിളിച്ചത് ഇപ്പോള്‍ പിടിയിലായ പ്രതികളാണെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ തെരഞ്ഞെങ്കിലും പ്രതികള്‍ മുങ്ങിയിരുന്നു. ഇതോടെയാണ് പൊലീസ് ഇവരെ കൂടുതല്‍ സംശയിച്ചത്.

രഞ്ജുവിന്റെ തിരോധാനത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി പൊലീസിന് വ്യക്തമായതോടെ ആഴ്ചകളോളം ഇവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഒളിസങ്കേതത്തില്‍ നിന്ന് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന.

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് രാജീവ് വധക്കേസില്‍ പ്രതിയും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സി.പി. ഉദയഭാനു അറസ്റ്റില്‍. കീഴടങ്ങാന്‍ ഉദയഭാനു സന്നദ്ധത അറിയിച്ചപ്പോള്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. തൃപ്പുണിത്തുറയിലെ സഹോദരന്റെ വീട്ടില്‍നിന്നാണ് ഉദയഭാനുവിനെ പോലീസ് അറസ്റ്റ് ചെയ്തതെന്നാണു സൂചന.

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഉദയഭാനു ഒളിവിലായിരുന്നു. കീഴടങ്ങാന്‍ തയാറാകുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. ചോദ്യം ചെയ്യലിനായി ഉദയഭാനുവിനെ ഉടന്‍ തൃശ്ശൂരിലേയ്ക്ക് കൊണ്ടുപോകും. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവും നീക്കി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കാതിരിക്കാനാവില്ലെന്നു വിലയിരുത്തിയായിരുന്നു കോടതിയുടെ തീരുമാനം.

കേസിലെ അഞ്ചാം പ്രതി ചക്കര ജോണിക്കും രാജീവിനോടു ശത്രുതയുണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള കേസുകളില്‍ രാജീവിനുവേണ്ടി ഉദയഭാനുവാണു ഹാജരായിരുന്നത്. രാജീവുമായുള്ള സൗഹൃദം തകര്‍ന്നതോടെ ഉദയഭാനു പകവീട്ടാന്‍ ചക്കര ജോണിയുമായി ചേര്‍ന്നു എന്നാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്ന വാദം.

കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ ഒഴിവാക്കാൻ നവവധു ചെയ്ത കടും കൈ ദുരന്തത്തിൽ കലാശിച്ചു. പാകിസ്ഥാനിലെ ലാഹോറിനു സമീപം ദൗലത് പുർ സ്വദേശി ആസിയയാണു ഈ കടും കൈ ചെയ്തത്. യുവതിയുടെ സമ്മതമില്ലാതെയാണ് അംജത് എന്ന ആളുമായി ബന്ധുക്കൾ വിവാഹം ചെയ്തയച്ചത്. കാമുകനുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് ഭർത്താവിനോട് പറഞ്ഞെങ്കിലും അയാൾ യുവതിയെ ഉപദ്രവിക്കുകയായിരുന്നു.

ശല്യം സഹിക്കാൻ വയ്യാതെ അംജതിനെ കൊല്ലാനായി യുവതി അയാൾക്ക് കുടിക്കാനുള്ള പാലിൽ വിഷം കലർത്തുകയായിരുന്നു. എന്നാൽ അയാൾ പാൽ കുടിക്കാത്തതിനെ തുടർന്ന് അംജദിന്റെ ബന്ധുക്കൾ അത് കൊണ്ട് ലസ്സി ഉണ്ടാക്കുകയും അത് 28 പേർ കുടിക്കുകയുമായിരുന്നു. വിഷം കലർന്ന ലസ്സി കുടിച്ചു 13 പേർ മരിക്കുകയും ബാക്കി 15 പേർ ചികിത്സയിലുമാണ്.

പിന്നീട് ആസിയ തന്നെ പോലീസിൽ കുറ്റ സമ്മതം നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. യുവതിയുടെ കാമുകനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. യുവതിക്ക് പാലിൽ ചേർക്കാനുള്ള പരാമർ എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയ സാക്ഷിക്കെതിരെ പൊലീസ് കേസെടുക്കും. നടിയെ ആക്രമിച്ചശേഷം ഒളിവില്‍ കഴിയവെ കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി, കാവ്യ മാധവന്റെ വസ്ത്രവ്യാപാരശാല ‘ലക്ഷ്യ’യില്‍ വന്നെന്നു മൊഴി നല്‍കിയ ജീവനക്കാരനാണു പിന്നീടു മൊഴി മാറ്റിയത്.

സുനി കടയില്‍ വന്നതായി അറിയില്ലെന്നാണു പുതിയ നിലപാട്. പൊലീസിനു നല്‍കിയ മൊഴി മാറ്റിയത് ഒരുമാസം മുന്‍പു കോടതിയെ അറിയിച്ചിരുന്നു. കേസിലെ പ്രധാനപ്പെട്ട സാക്ഷിയാണിയാള്‍. കാവ്യ മാധവന്റെ ഡ്രൈവര്‍, മൊഴി മാറ്റിയ സാക്ഷിയെ 41 തവണ വിളിച്ചെന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാനും മൊഴി മാറ്റാനുമാണ് ഇവയെന്നു പൊലീസ് സംശയിക്കുന്നു. പള്‍സര്‍ സുനി ഒളിവില്‍ കഴിയവെ ലക്ഷ്യയില്‍ എത്തിയെന്നും കാവ്യയെയും ദിലീപിനെയും അന്വേഷിച്ചെന്നുമാണ് ഈ സാക്ഷി മുന്‍പു പൊലീസിനു മൊഴി നല്‍കിയിരുന്നത്.
അന്നു വിഡിയോയിലാണ് ഇയാളുടെ മൊഴി പൊലീസ് എടുത്തത്. ഇതിനുശേഷം ഈ സാക്ഷിയുടെ രഹസ്യമൊഴി പൊലീസ് കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. ആ സമയത്താണ് മൊഴി മാറ്റിയത്. പള്‍സര്‍ സുനിയെ അറിയില്ലെന്നും അയാള്‍ ലക്ഷ്യയില്‍ വന്നിട്ടുണ്ടോയെന്ന് അറിയില്ലെന്നുമായിരുന്നു രഹസ്യമൊഴി. അതു കേസിനെ കാര്യമായി ബാധിക്കും. അതിനാല്‍ സാക്ഷിയെ സ്വാധീനിച്ചു എന്ന സംഭവത്തില്‍ കേസെടുക്കാനും പൊലീസ് തയാറെടുക്കുകയാണ്.

കൊല്ലത്ത് ഒരേ സ്‌കൂളിലെ അധ്യാപികയെയും വിദ്യാര്‍ഥിനിയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ റിനു, ഇതേ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്ര എന്നിവരാണ് രണ്ടിടങ്ങളിലായി ജീവനൊടുക്കിയത്. ആത്മഹത്യകള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് സംഭവത്തില്‍ വിശദീകരണം പുറത്തുവന്നിട്ടില്ല.

കോപ്പിയടിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പുറത്താക്കിയേക്കും. മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ ഷാബിര്‍ കരീമാണ് സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷക്ക് കോപ്പിയടിച്ചത്. ഇദ്ദേഹം നിലവില്‍ തിരുനല്‍വേലി നാങ്കുനേരി എഎസ്പിയാണ്. ഷാബിര്‍ ഇപ്പോള്‍ പ്രൊബേഷന്‍ പീരിഡയിലാണ്. അതു കൊണ്ട് തന്നെ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പുറത്താക്കിയേക്കും.സിവില്‍ സര്‍വീസ് പരീക്ഷ എഴുതി ഐഎഎസ് നേടനായിരുന്നു ഷാബിര്‍ ശ്രമിച്ചത്. പക്ഷേ പരീക്ഷാ ഹാളില്‍ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ച്‌ ഭാര്യയുമായി സംസാരിക്കുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായി. ഷാബിറും ഭാര്യയും പോലീസ് കസ്റ്റഡിയിലാണ്. പ്രൊബേഷൻ പീരിഡായതിനാൽ ഷാബിറിനെ സർവീസിൽനിന്നു പുറത്താക്കിയേക്കുമെന്ന് അധികൃതർ സൂചന നൽകി.

ഐപിഎസ് ഉദ്യോഗസ്ഥനായ ഷാബിർ ഐഎഎസ് ലഭിക്കുന്നതിനുവേണ്ടിയാണ് പരീക്ഷ എഴുതിയത്. ചെന്നൈയിലെ പ്രസിഡൻസി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സിവിൽ സർവീസ്(മെയ്ൻ) പരീക്ഷ എഴുതവെ മൊബൈൽ ഫോണിലൂടെ ഉത്തരങ്ങൾ കേട്ടെഴുതാനായിരുന്നു ഇയാളുടെ ശ്രമം. ഇതിനായി ചെവിയിൽ ഘടിപ്പിക്കുന്ന ബ്ലുടൂത്ത് ഉപകരണം ഇയാൾ ഉപയോഗിച്ചു. ഫോണിലൂടെ ഭാര്യയുമായി ബന്ധപ്പെട്ട്, ഭാര്യ പറഞ്ഞുനൽകുന്ന ഉത്തരങ്ങൾ കേട്ടെഴുതവെ ഷാബിർ പിടിയിലാകുകയായിരുന്നു. തട്ടിപ്പ് നടത്താൻ ശ്രമിച്ച ഷാബിറും ഇയാളുടെ ഭാര്യയും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. ഹൈദരാബാദിൽനിന്നാണ് ഷാബിറിന്‍റെ ഭാര്യയെ അറസ്റ്റ് ചെയ്തത്. 2014ൽ ഐപിഎസ് ലഭിച്ച ഷാബിർ, തിരുനൽവേലിയിലെ നാൻഗുനേരി സബ്ഡിവിഷനിൽ പരിശീലനത്തിലായിരുന്നു. കോപ്പിയടിച്ച് പിടിക്കപ്പെട്ടതിനെ തുടർന്ന് ഐപിസി 420 വകുപ്പാണ് ഷാബിറിനെതിരേ ചുമത്തിയിട്ടുള്ളത്.ചെന്നൈ നഗരത്തിലെ എഗ്മൂര്‍ പ്രസിഡന്‍സി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിങ്കളാഴ്ച പരീക്ഷ എഴുതുന്നതിനിടെയാണ് കൃത്രിമം കാട്ടിയത്.

ഷെറിൻ ഇപ്പോൾ ഒരു മെസ്സേജ് അയച്ചാൽ അത് എങ്ങനെ ആയിരിക്കും ?

ഈ ഒരു ബോർഡ് ആരെയും ഈറനണിയിക്കും

sherin-message

“പൊന്തകാട്ടിൽ നിന്നു കണ്ടുകിട്ടിയ എന്നെ ദത്തെടുത്തു, ഇപ്പോൾ ഞാൻ  കരഞ്ഞു മരിച്ചു. എന്റെ ജീവിതം ഈ ഭൂമിയിലല്ലാ. ഈ ലോക സൃഷ്ടാവിനോട് ഞാൻ ചോദിച്ചു നീന്റെ കൂടെ ഞാനും വരട്ടെ അവിടെ വെച്ച് എനിക്ക് പാടാനും, ഡാൻസ് ചെയ്യാനും കൂട്ടുകാർ ഉണ്ടല്ലോ. ഞാൻ  ഇപ്പോൾ ഒരു ചിത്രശലഭത്തേ പോലെ സ്വാതന്ത്ര ആയി പറന്ന് സന്തോഷിക്കുന്നു. കുറെ അപരിചിതർ എന്നെ സ്നേഹിക്കുന്നത് ഞാൻ ഇപ്പോൾ കാണുന്നുണ്ട്….”

അമേരിക്കയിലെ ഡാലസില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കൈമാറി. ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് വെളിപ്പെടുത്താന്‍ ഡാലസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് തയാറായില്ല. ഷെറിന്റെ മരണത്തിന് കാരണക്കാരനായ വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസ് പൊലീസ് കസ്റ്റഡിയിലാണ്. വെസ്‍ലിയും ഭാര്യ സിനിയും മലയാളികളാണ്.

മുങ്ങിമരണം കൊലപാതകമോ ? റാന്നി കല്ലറയില്‍ അടക്കിയ യുവാവിന്റെ മൃതദ്ദേഹം പുറത്തെടുത്ത് റീപോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു യുവാവിന്റെ മുങ്ങിമരണത്തില്‍ ദുരൂഹത നിഴലിയ്ക്കുന്നു. സംസ്‌കാരം നടത്തി 50 ദിവസങ്ങള്‍ക്ക് ശേഷം മൃതദ്ദേഹം കല്ലറയില്‍ നിന്നും പുറത്തെടുത്ത് റീ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നു. നാറാണംമൂഴി നിലയ്ക്കല്‍ മര്‍ത്തോമ്മാ പള്ളിയിലെ കല്ലറയില്‍ അടക്കം ചെയ്ത മടന്തമണ്‍ മമ്മരപ്പള്ളില്‍ സിന്‍ജോ മോന്റെ(24) മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം നടത്തുന്നത്.

സിന്‍ജോമോന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തുകയും പിതാവ് ജേക്കബ് ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്
.
പോലീസിന്റേയും തിരുവല്ല ആര്‍.ഡി.ഒയുടേയും മറുപടി വാങ്ങിയ ശേഷമാണ് ഹൈക്കോടതി റീ പോസ്റ്റുമോര്‍ട്ടത്തിന് അനുമതി നല്‍കിയത്. നാളെ രാവിലെ പത്തു മണിയോടെ പള്ളി വളപ്പിലെ കല്ലറ തുറന്ന് പുറത്തെടുക്കുന്ന മൃതദേഹം അവിടെ വച്ചു തന്നെ പോസ്റ്റ് മോര്‍ട്ടം നടത്തും. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള വിദഗ്ധ സംഘമാകും പോസ്റ്റുമോര്‍ട്ടം നടത്തുക. ഇപ്പോള്‍ കേസന്വേഷിക്കുന്ന പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. സുധാകരപിള്ളയുടെ നേതൃത്വത്തിലുള്ള പോലീസും തിരുവല്ല ആര്‍.ഡി.ഒയും വടശേരിക്കര സി.ഐയുടെ അധിക ചുമതലയുള്ള റാന്നി സി.ഐ ന്യൂമാനും മേല്‍നോട്ടം വഹിക്കും.

കഴിഞ്ഞ മാസം മൂന്നിനു വൈകിട്ട് അത്തിക്കയത്തു കടകളില്‍ പാലു നല്‍കാന്‍ പോയ സിന്‍ജോ മോന്‍ പിന്നീട് വീട്ടില്‍ മടങ്ങി എത്തിയിരുന്നില്ല. പിറ്റേന്നു തിരുവോണ ദിവസം രാവിലെ വീടിനു സമീപം റോഡരികില്‍ സ്റ്റാന്‍ഡില്‍ കയറ്റി വച്ച നിലയില്‍ സിന്‍ജോയുടെ ബൈക്ക് കണ്ടെത്തി. ഉച്ചയോടെയാണ് പിതാവ് ജേക്കബ് ജോര്‍ജ് (സജി) മൂത്ത മകന്‍ സിന്‍ജോയെ കാണാനില്ലെന്നു കാണിച്ച് വെച്ചൂച്ചിറ സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. ഇവരുടെ താമസ സ്ഥലത്തിനോടു ചേര്‍ന്ന് ഉപയോഗ ശൂന്യമായ കുളത്തിനു സമീപം യുവാവിന്റെ ബൈക്ക് കാണപ്പെട്ട സാഹചര്യത്തില്‍ വെച്ചൂച്ചിറ പോലീസ് ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ കുളത്തില്‍ തെരച്ചില്‍ നടത്തുകയും അന്നു തന്നെ മൃതദേഹം കണ്ടെത്തുകയും ആയിരുന്നു.

ഇരിക്കുന്ന നിലയിലായിരുന്നു കുളത്തില്‍ മൃതദേഹം കാണപ്പെട്ടത്. താടിയിലും മുട്ടിലും മറ്റും മുറിവുകളും ശരീരത്ത് ചതവുകളും കാണപ്പെട്ടിരുന്നു. പിറ്റേന്നു കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോലീസ് സര്‍ജന്‍ ജയിംസ്‌കുട്ടിയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങി മരണത്തിന്റെ സൂചനകളാണ് ഉണ്ടായിരുന്നതെന്നും വെള്ളത്തില്‍ ശ്വാസം മുട്ടി മരിച്ചതിന്റെ തെളിവുകള്‍ ലഭിച്ചുവെന്നുമായിരുന്നു പോലീസ് പറഞ്ഞത്. സിന്‍ജോയുടെ ബൈക്ക് എവിടെയോ മറിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കാണാനുണ്ടായിരുന്നു. അതില്‍ രക്തക്കറകളും ഉണ്ടായിരുന്നതായി പറയുന്നു.

പോലീസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ബൈക്ക് പരിശോധിച്ച് അപകടത്തില്‍ പെട്ടതാണെന്ന് ഉറപ്പു വരുത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഒരു ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സെപ്റ്റംബര്‍ ഏഴിനാണ് നാറാണംമൂഴി നിലയ്ക്കല്‍ മര്‍ത്തോമ്മാ പള്ളിയിലെ കല്ലറയില്‍ സംസ്‌കരിച്ചത്. സിന്‍ജോയുടെ സംസ്‌കാരം കഴിഞ്ഞ് ദിവസങ്ങള്‍ ചെല്ലുന്തോറും മരണം സംബന്ധിച്ച് ഒട്ടേറെ സംശയങ്ങളും പരാതികളും ഉയര്‍ന്നു വന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സ്ത്രീകളും കുട്ടികളും അടക്കം അത്തിക്കയത്ത് റോഡ് ഉപരോധം അടക്കമുള്ള സമരം നടത്തി.

ഡി.െവെ.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനെ തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സിന്‍ജോ മോന്റെ മരണം കൊലപാതകമാണെന്നും പ്രതികളെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അത്തിക്കയത്ത് പ്രതിഷേധ യോഗവും നടന്നു. ഇതിനിടയിലാണ് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ജേക്കബ് ജോര്‍ജ് (സജി) ഹൈക്കോടതിയെ സമീപിച്ചത്. നാളെ റീ പോസ്റ്റ്മാര്‍ട്ടം നടക്കുന്നതോടെ സിന്‍ജോയുടെ മരണത്തിലെ ദുരൂഹത മാറുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കളായ സജിയും സാലിയും ഒപ്പം നാട്ടുകാരും.

ജീവിതം സ്വയം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായിരുന്നു രാജ്യത്തിനകത്തും പുറത്തും അതിര്‍ത്തികള്‍ മറികടന്ന് സന ഇക്ബാല്‍ സഞ്ചരിച്ചിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കാറപകടത്തിന്റെ രൂപത്തില്‍ സനയുടെ മരണവാര്‍ത്തയാണ് എല്ലാവരേയും തേടിയെത്തിയത്. എന്നാല്‍ സ്വാഭാവിക മരണമായിരുന്നില്ല സനയുടേതെന്നാണ് അവരുടെ അമ്മ ആരോപിക്കുന്നത്.

Image result for ridar sana death was murder his mother say

മുന്‍ കൂട്ടി പദ്ധതിയിട്ട്, മകളെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഷഹീന്‍ ഖാന്‍ ആരോപിക്കുന്നത്. ഇതൊരു സാധാരണ അപകടം എന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ മകള്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഷഹീന്‍ പറയുന്നു. സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമിനെതിരെ ഷഹീന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ചെന്നൈയിലെ ക്രസന്റ് സര്‍വകലാശാലയിലെ നിയമ വിഭാഗം മേധാവിയാണ് ഷഹീന്‍.

സനയുടെ അക്കൗണ്ടിലെ പണം നദീമിന്റെ അക്കൗണ്ടിലേക്ക് മാറ്റാന്‍ പറഞ്ഞ് അവള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. മാത്രമല്ല, സനയുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 5 ലക്ഷം രൂപ എടുക്കണമെന്നും നദീം ആവശ്യപ്പെട്ടിരുന്നതായി സനയുടെ അമ്മ പറയുന്നു. നാല് മാസം മാത്രമാണ് ഭര്‍ത്താവിനൊപ്പം സന താമസിച്ചത്. ഭര്‍ത്താവും, വീട്ടുകാരും മാനസീകമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നിട്ടും അവര്‍ ഒന്നും ചെയ്തില്ലെന്നും ഷെഹീന്‍ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി
ബൈക്ക് റൈഡേഴ്‌സായിരുന്നു സനയ്ക്ക് അവസാന യാത്രയയപ്പ് നല്‍കുന്നതിനായി എത്തിയത്. ആത്മഹത്യയ്ക്കും, വ്യക്തികളിലുടലെടുക്കുന്ന നിരാശയ്ക്കുമെതിരെ രാജ്യം മുഴുവന്‍ തനിക്ക് ബൈക്കില്‍ സഞ്ചരിച്ച് സന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ചൊവ്വാഴ്ച ഭര്‍ത്താവുമൊരുമിച്ച് കാറില്‍ സഞ്ചരിക്കവെ, കാര്‍ നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പരിക്കുകളോടെ ഭര്‍ത്താവ് രക്ഷപ്പെട്ടെങ്കിലും, സന അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സന ഇരുന്നിരുന്ന സൈഡായിരുന്നു ഡിവൈഡറിലേക്ക് ഇടിച്ചു കയറിയത്.

കൊല്ലത്തെ ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ പിതാവ് പ്രസന്നന്‍. തന്റെ മകൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും പ്രസന്നൻ പറയുന്നു. കെട്ടിടത്തില്‍ നിന്ന് വീണ് കിടന്ന മകളെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് താന്‍ മകളോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ മകൾ അല്ല എന്നാണ് പറഞ്ഞത്. ‘മോള്‍ വീണതാണോ’ എന്നതിനും ‘അല്ല’ എന്നായിരുന്നു മറുപടി. എന്നാൽ പിന്നിൽ നിന്ന അധ്യാപകര്‍ ‘ചാടിയതാണ്, ചാടിയതാണ്’ എന്ന് ആവര്‍ത്തിക്കുകയായിരുന്നുവെന്നു നിറ കണ്ണുകളോടെ പ്രസന്നൻ ഒരു സ്വകാര്യ ചാനലിനോട് പറയുന്നു.

കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ബെന്‍സിഗര്‍ ആശുപത്രിയിലെ നടപടികളിലും പ്രസന്നൻ ദുരൂഹത ആരോപിക്കുന്നു. ട്രിനിറ്റി ലൈസിയം സ്കൂളും ബെന്‍സിഗര്‍ ആശുപത്രിയും ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ളതാണ്.കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അഡ്മിനിസ്ട്രേറ്റര്‍ ആയ വൈദികനോട് താന്‍ സംസാരിച്ചിരുന്നു. “ഡോ.ജയപ്രകാശ് ആണ് നോക്കുന്നത്, ഒരു പ്രശ്നവുമില്ലെന്ന് “അച്ചന്‍ പറഞ്ഞു. മകള്‍ വീണതാണെന്നും ഒന്നാം നിലയില്‍ നിന്നു ചാടിയതാണെന്നും പറഞ്ഞപ്പോള്‍ മകളുടെ കാലൊക്കെ പരിശോധിച്ചു എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്നറിയാന്‍. ഒരു കുഴപ്പവുമില്ല, തലയുടെ പിന്നില്‍ അല്പം ക്ളോട്ടിങ് മാത്രമേ ഉള്ളൂവെന്നും അത് മാറ്റാമെന്നും പറഞ്ഞിരുന്നു.

മകളെ അകത്തേക്ക് കൊണ്ടുപോയി കുറച്ചുകഴിഞ്ഞിട്ടും കാണാതെ വന്നതോടെ താന്‍ കതകില്‍ തട്ടി. തുറക്കാതെ വന്നപ്പോള്‍ താന്‍ ചവിട്ടി. ഒരാള്‍ വന്ന് മര്യദയില്ലേ എന്ന് ദേഷ്യപ്പെട്ടു. ഡ്യൂട്ടി ഡോക്ടര്‍ ആണെന്ന് പറഞ്ഞ് തമിഴ് സംസാരിക്കുന്ന ഒരാള്‍ വന്നു. അയാളോട് ചോദിച്ചപ്പോള്‍ ഡോ.ജയപ്രകാശ് ആണ് നോക്കുന്നത് എന്നു പറഞ്ഞു. അദ്ദേഹം എവിടെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ വിളിച്ചു. പതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും വന്നില്ല. അപ്പോള്‍ മകളെ വിളിച്ചപ്പോള്‍ അനക്കമില്ലായിരുന്നു. ഐ.സി.യുവില്‍ കയറ്റി തന്റെ മകളെ അവര്‍ എന്തോ ചെയ്തിട്ടുണ്ടെന്നും പ്രസന്നന്‍ ആരോപിച്ചു. കുട്ടി മൊഴി നല്കാതിരിക്കാനാണ് അവർ എന്തോ ചെയ്തത്.

കുട്ടി പോലീസിന് മൊഴി നല്‍കാതിരിക്കാന്‍ മനഃപൂര്‍വ്വം ചികിത്സ വൈകിപ്പിച്ചതാണെന്നും മണിക്കൂറുകള്‍ വച്ചു താമസിപ്പിച്ചതു വഴി മകളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും പ്രസന്നൻ പറയുന്നു. ഐ.സി.യു എന്നു പറഞ്ഞ് അടുക്കള പോലെ മുറിയിയായിരുന്നു. ഇതാണോ ഐ.സി.യു എന്ന് താനും ചോദിച്ചു. ഈ സമയമാണ് തന്റെ മകളെ ഇവര്‍ അപായപ്പെടുത്തുമോ എന്ന ഭയം തനിക്ക് മനസ്സില്‍ തോന്നിയത്. ഐ.സി.യുവില്‍ നിന്ന് ഇറങ്ങണമെന്ന് തന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ മകളുമായി അല്ലാതെ പുറത്തിറങ്ങില്ലെന്ന് താന്‍ പറഞ്ഞു. അവിടെയുണ്ടായിരുന്ന പോലീസുകാരെയും പിന്നീട് കണ്ടില്ലെന്നും അച്ഛന്‍ പ്രസന്നന്‍ പറയുന്നു.

ഐ.സി.യുവിലേക്ക് കയറ്റിയിട്ട മകളെ സ്കാന്‍ ചെയ്യാനോ പ്രാഥമിക ചികിത്സ നല്‍കാനോ അവര്‍ തയ്യാറായില്ലെന്നും പ്രസന്നന്‍ ആരോപിച്ചു. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് പല തവണ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ ആദ്യം വഴങ്ങിയില്ലെന്ന് ആശുപത്രിയില്‍ നടന്ന സംഭവങ്ങള്‍ക്ക് ദൃക്സാക്ഷിയായ യുവതി പറഞ്ഞു. ഗൗരിയുടെ അടുത്ത ബന്ധുകൂടിയാണ് ഇവര്‍. “ആശുപത്രിയിലെ മുന്‍ ജീവനക്കാരിയായ തന്റെ മാമി ഐ.സി.യുവില്‍ കയറി കണ്ടുവെന്നും ആ കാഴ്ച ഞെട്ടിച്ചുകളഞ്ഞുവെന്നും മാമി പറഞ്ഞു. കുട്ടിയെ വെറുതെ ഒരു ബെഡില്‍ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിക്ക് ചികിത്സ നല്‍കാന്‍ വസ്ത്രം പോലും നീക്കിയിരുന്നില്ല” എന്ന് ഇവർ പറയുന്നു. മംഗളം ആണ് ഇത് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ഗൗരിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

RECENT POSTS
Copyright © . All rights reserved