ബസിനകത്ത് നിരവധി യാത്രക്കാരുണ്ടായിരുന്നു. ഒരാള്‍ക്ക് പോലും എന്റെ മകനെ ആശുപത്രിയിലെത്തിക്കാന്‍ മനസുണ്ടായില്ല’ നെഞ്ച് പിടയുന്ന ഒരച്ഛന്റെ വാക്കുകളാണിത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനസ് എന്ന ബികോം വിദ്യാര്‍ത്ഥി അതിക്രൂരമായി ഡല്‍ഹിയില്‍ കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ ബസില്‍ നടന്ന സംഭവം വീണ്ടും ഡല്‍ഹിയിലെ ജനങ്ങളുടെ മനസ് മരവിപ്പിച്ചിരിക്കുകയാണ്.

അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രതികളായ സമൂഹത്തെ ഞെട്ടിക്കുന്ന സംഭവം നടന്നതിങ്ങനെ. മദന്‍പുര്‍ ഖടറില്‍ നിന്ന് ആശ്രം ചൗക്കിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ തന്റെ മൊബൈല്‍ ഫോണ്‍ മോഷടിച്ചെന്നാരോപിച്ച് അനസ് അഞ്ച് വിദ്യാര്‍ത്ഥികളെയും ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ യുവാവിനെ ആക്രമിക്കുകയും കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ നാല്‍പ്പതോളം പേര്‍ ബസിനകത്തുണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ പോലും അക്രമികളെ തടയാന്‍ ശ്രമിച്ചില്ല എന്നതാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.

ബസിനകത്ത് നിരവധി യാത്രക്കാരുണ്ടായിരുന്നു. ഒരാള്‍ക്ക് പോലും എന്റെ മകനെ ആശുപത്രിയിലെത്തിക്കാന്‍ മനസുണ്ടായില്ലെന്ന് അനസിന്റെ അച്ഛന്‍ ബോലുഖാന്‍ പറഞ്ഞു. തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പ് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നെന്ന് ബസിന്റെ കണ്ടക്ടര്‍ ജയ് ഭഗവന്‍ പറഞ്ഞു. കുട്ടിക്കുറ്റവാളികള്‍ക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുകയാണെന്ന് ഡല്‍ഹി പോലീസ് വക്താവ് ദേപേന്ദ്ര പഥക് അറിയിച്ചു.