സ്വന്തം ലേഖകന്‍
മിഡില്‍സ് ബറോ: യുകെയില്‍ മലയാളികളായ ഡോക്ടര്‍ ദമ്പതിമാരെ വഞ്ചിച്ച് വന്‍ തുക കൈക്കലാക്കിയ ശേഷം തിരികെ നല്‍കാതെ കബളിപ്പിച്ച കേസില്‍ മറ്റൊരു മലയാളിയെ കോടതി പാപ്പരായി പ്രഖ്യാപിച്ചു. മിഡില്‍സ് ബറോയില്‍ താമസിക്കുന്ന നൈനാന്‍ മാത്യു വര്‍ഗീസിനെയാണ് കോടതി പാപ്പരായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഇയാളുടെ സ്വത്ത് വകകള്‍ കോടതി റിസീവര്‍ ഏറ്റെടുക്കുകയും ഇയാള്‍ പരാതിക്കാര്‍ക്ക് നല്‍കാനുള്ള തുക ഇയാളുടെ സ്വത്തുക്കളില്‍ നിന്നും കോടതി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ ഈടാക്കി നല്‍കുകയും ചെയ്യും.
മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ യുകെയിലെ ശാഖയായ ഡാര്‍ലിംഗ്ടന്‍ ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ചെന്ന ഡോക്ടര്‍ ദമ്പതികളാണ് നൈനാന്‍ മാത്യുവിന്‍റെ വഞ്ചനയ്ക്ക് ഇരയായത്. ഈ ധ്യാനകേന്ദ്രത്തില്‍ ഗാന ശുശ്രൂഷയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും നേതൃത്വം നല്‍കിയിരുന്ന നൈനാന്‍ മാത്യു ഇവരുമായി പരിചയപ്പെട്ട് ഇവരുടെ വിശ്വാസം ആര്‍ജ്ജിച്ചെടുത്ത ശേഷം ആയിരുന്നു ഇവരെ കബളിപ്പിച്ചത്. ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനകള്‍ക്കും ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കുന്ന വ്യക്തി എന്ന നിലയില്‍ ഇയാള്‍ക്ക് ഇവരുടെ വിശ്വാസം പിടിച്ച് പറ്റുക വളരെ എളുപ്പമായി.
നൈനാന്‍ മാത്യു വര്‍ഗീസ്
തുടര്‍ന്ന്‍ പലപ്പോഴും പരാതിക്കാരുടെ ഭവനത്തിലെ നിത്യ സന്ദര്‍ശകനായി മാറിയ ഇയാള്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നതിനായി ഇവരെ പ്രേരിപ്പിക്കുകയായിരുന്നു. ഇതിനായി ഇയാളുടെ പരിചയക്കാരനായ മറ്റൊരാളുടെ പ്രോപ്പര്‍ട്ടി കാണിക്കുകയും ഇത് ലാഭകരമായി വാങ്ങി നല്‍കാമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. തുടര്‍ന്ന്‍ പരാതിക്കാരുടെ പക്കല്‍ നിന്നും രണ്ട് തവണയായി എഴുപതിനായിരം പൗണ്ട് ഇയാള്‍ കൈപ്പറ്റിയിരുന്നു. ഇയാളെ വിശ്വസിച്ച പരാതിക്കാര്‍ ലോണ്‍ എടുത്തും മറ്റുമാണ് ഇത്രയും തുക ഇയാള്‍ക്ക് നല്‍കാനായി കണ്ടെത്തിയത്. എന്നാല്‍ പണം കിട്ടി കഴിഞ്ഞപ്പോള്‍ ഇയാള്‍ സ്വഭാവം മാറ്റുകയായിരുന്നു.
പണം ലഭിക്കുന്നത് വരെ ഇവരുടെ കുടുംബത്തില്‍ അടിക്കടി സന്ദര്‍ശനം നടത്തി വന്നിരുന്ന നൈനാന്‍ മാത്യു പിന്നീട് ഇവര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാത്ത അവസ്ഥയായി. എന്നാല്‍ തുടര്‍ന്നും ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയുടെ മുന്‍പന്തിയില്‍ നിന്നിരുന്ന ഇയാളെ പരാതിക്കാര്‍ അവിടെ പോയി കണ്ട് പണം തിരികെ ചോദിച്ചെങ്കിലും ഇയാള്‍ ഒഴിഞ്ഞ് മാറിക്കൊണ്ടിരുന്നു. അതേ സമയം തന്നെ ഇവരില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ച് ഇയാള്‍ ഇവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞിരുന്ന പ്രോപ്പര്‍ട്ടിയില്‍ സ്വന്തം പേരില്‍ ബിസിനസ് ആരംഭിച്ച് കഴിഞ്ഞിരുന്നു.
ഇക്കാര്യം മനസ്സിലാക്കിയതോടെ തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്ന്‍ പരാതിക്കാര്‍ക്ക് മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന്‍ ഇവര്‍ സ്വീകരിച്ച നിയമ നടപടികള്‍ ഫലം കാണുകയായിരുന്നു. കേസ് രേഖകള്‍ പരിശോധിച്ച കോടതിക്ക് നൈനാന്‍ മാത്യു പരാതിക്കാര്‍ക്ക് ഇത്രയും തുക നല്‍കാനുണ്ടെന്നു ബോധ്യപ്പെടുകയും അതനുസരിച്ച് ഇയാളെ പാപ്പര്‍ (bankrupt) ആയി പ്രഖ്യാപിക്കുകയുമായിരുന്നു. പരാതിക്കാര്‍ക്ക് വേണ്ടി ബൈജു വര്‍ക്കി തിട്ടാല, ആന്‍ഡ്രൂ പൈക്ക് എന്നിവര്‍ കോടതിയില്‍ ഹാജരായി. മിഡില്‍സ് ബറോ കോടതിയില്‍ ആയിരുന്നു നിയമനടപടികള്‍ നടന്നത്.
ഇയാള്‍ നടത്തിയ വഞ്ചന ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ധ്യാനകേന്ദ്രത്തിലെ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ നിന്നും മറ്റും ഇപ്പോള്‍ ഇയാളെ മാറ്റി നിര്‍ത്തിയിരിക്കുകയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്.
സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയ ഹേവാര്‍ഡ് ഹീത്തില്‍ താമസിക്കുന്ന മറ്റൊരു മലയാളിയുടെ പേരില്‍ നിയമ നടപടികള്‍ പുരോഗമിച്ച് വരികയാണ്. ഈ കേസിലും പരിചയവും ബന്ധങ്ങളും ഉപയോഗിച്ച് മറ്റൊരു മലയാളിയില്‍ നിന്നും വലിയൊരു തുക വഞ്ചിച്ച് കരസ്ഥമാക്കുകയായിരുന്നു. ബിസിനസ് പാര്‍ട്ണര്‍ഷിപ്പ് നല്‍കാം എന്ന്‍ വാഗ്ദാനം ചെയ്ത് പണം കൈവശമാക്കിയ ശേഷം പാര്‍ട്ണര്‍ഷിപ്പ് നല്‍കാതെ വഞ്ചന നടത്തിയ കേസാണിത്.
മനുഷ്യര്‍ക്ക് സമാധാനവും സ്വസ്ഥതയും ലഭിക്കാനായി സന്ദര്‍ശിക്കുന്ന ധ്യാനകേന്ദ്രങ്ങളും ദേവാലയങ്ങളും തട്ടിപ്പുകള്‍ക്ക് മറ പിടിക്കാനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുന്ന തട്ടിപ്പുകാര്‍ മലയാളികള്‍ക്കിടയില്‍ പെരുകി വരികയാണ്. ഇത്തരം സ്ഥാപനങ്ങളെയും സംഘടനകളെയും മറയാക്കി തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം സമര്‍ത്ഥമായി മറച്ചു വയ്ക്കുന്ന തട്ടിപ്പുകാര്‍ക്ക് ഇരകളാകുന്നവരുടെ എണ്ണം കൂടി വരികയാണ്.