ദക്ഷിണ കൊറിയന്‍ സിനിമ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ട് ആണ്‍കുട്ടികളെ വെടിവച്ച് കൊന്ന് ഉത്തരകൊറിയ. 16 ഉം 17 ഉം വയസ്സുള്ള കൗമാരക്കാരെയാണ് ഉത്തര കൊറിയയിലെ ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് റിയാങ്ഗാങ് പ്രവിശ്യയിലെ സ്കൂളില്‍ പഠിച്ചിരുന്ന കുട്ടികള്‍ കഴിഞ്ഞ ഒക്ടോബറിലാണ് കൊല്ലപ്പെട്ടത്. പൊതുജന മധ്യത്തില്‍ അധകൃതര്‍ വെടിവച്ച് ശിക്ഷ നടപ്പിലാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് ഭരണകൂടം സ്വീകരിക്കുന്നത്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ഷോകള്‍ക്കും വര്‍ധിച്ചു വരുന്ന ജനപ്രീതിയാണ് 2020 ല്‍ കിം ഭരണകൂടം നിരോധനമേര്‍പ്പെടുത്താനുള്ള കാരണം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍കഥയാകുന്ന രാജ്യത്തു നിന്ന് നടുക്കുന്ന വാര്‍ത്തകളാണ് പുറത്തു വരാറുള്ളത്.
നേരത്തെ, ജനിക്കുന്ന കുട്ടികള്‍ക്ക് ബോംബ്, ഗണ്‍, സാറ്റലൈറ്റ് തുടങ്ങിയ പേരുകളിടണമെന്ന നിര്‍ദേശം ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു
കൽപ്പറ്റ കണിയാരത്ത് ടെക്‌സ്റ്റെെൽ ഉടമ കാറിനുള്ളിൽ കത്തികരിഞ്ഞ നിലയില്‍. കേളകം മഹാറാണി ടെക്‌സ്റ്റൈൽ ഉടമ നാട്ടുനിലത്തിൽ മാത്യു (മത്തച്ചൻ) ആണ് മരിച്ചത്. കണിയാരം ഫാദർ ജികെഎംഎച്ച്എസിന് സമീപമുള്ള റബര്‍ തോട്ടത്തിൻ്റെ പരിസരത്താണ് പൂർണമായി കത്തിയ നിലയിൽ കാർ കണ്ടെത്തിയത്. കാറിനകത്ത് ഡ്രൈവിംഗ് സീറ്റിലാണ് കത്തിക്കരിഞ്ഞ നിലയിലായിരുന്നു മാത്യുവിന്റെ മൃതദേഹം. കെഎല്‍ 58 എം 9451 നമ്പര്‍ കാര്‍ ആണ് കത്തിയത്. ഇന്നുച്ചയോടെയാണ് സംഭവം.
ജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളാണ് കാര്‍ കത്തുന്നത് ആദ്യം കണ്ടത്. തീയാളി പടരുന്നതിനാല്‍ ഇവര്‍ക്ക് തീയണക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയച്ചതോടെ മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും ഏകദേശം പൂര്‍ണമായും കാര്‍ കത്തി നശിച്ചിരുന്നു. തീയണച്ചതിന് ശേഷമാണ് കാറിനുള്ളില്‍ ആളുണ്ടായിരുന്നതായുള്ള വിവരം പുറത്തറിയുന്നത്.
പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. തുടര്‍ന്ന് കത്തി നശിച്ച കെഎല്‍ 58 എം 9451 നമ്പര്‍ കാറിന്റെ വിശദാംശങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹത്തിലുണ്ടായിരുന്ന മാലയും മോതിരവും പരിശോധിച്ചും, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുമാണ് മരണപ്പെട്ടത് മാത്യുവാണെന്ന് തിരിച്ചറിഞ്ഞത്.
മാനന്തവാടി ഡി വൈ എസ് പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. മകളുടെ കല്യാണം നടക്കാനിരിക്കെ മാനന്തവാടിയിലെ ബന്ധുക്കളെ ക്ഷണിക്കാനായി പോയതാണെന്നാണ് ബന്ധുക്കള്‍ പോലീസിനു നല്‍കിയ മൊഴി. കേളകം ടൗണില്‍ വര്‍ഷങ്ങളായി മഹാറാണി ടെക്‌സ്‌റ്റൈയിസെന്ന സ്ഥാപനം നടത്തിവരികയായിരുന്നു.
അയര്‍ലണ്ടിലെ ഡബ്ലിൻ സ്വോർഡ്‌സിൽ നിന്നും കേരളത്തില്‍ സന്ദര്‍ശനത്തിനും ചികിത്സയ്ക്കുമായെത്തിയ യുവതിയെ കോവളത്ത് വെച്ച് ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതികളായ വെള്ളാര്‍ പനത്തുറ ഉമേഷിനും(28) ഇയാളുടെ ബന്ധു കൂടിയായ ഉദയകുമാറിനും (24 ) ഇരട്ടജീവപര്യന്തം . കൊല നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് വിധി.
തിരുവന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാല്‍സംഗം ചെയ്തു കൊന്നുവെന്ന് കേസ് തെളിയാക്കാന്‍ പ്രൊസിക്യുഷന് കഴിഞ്ഞത് കൊണ്ടാണ് ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്.1,65,000 യൂറോ പിഴയും പ്രതികള്‍ അടയ്ക്കണം.ഇത് കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നല്‍കണമെന്നും വിധിയില്‍ കോടതി നിര്‍ദേശിച്ചു.ജീവിതാവസാനം വരെ പ്രതികള്‍ ശിക്ഷ അനുഭവിക്കണമെന്നതാണ് വിധി.
2018 മാര്‍ച്ച് നാലിനാണ് കോര്‍ക്കില്‍ ബ്യുട്ടി പാര്‍ലര്‍ നടത്തുന്ന ഇവരുടെ സഹോദരി ഇലിസയോടൊപ്പം കോവളത്തെത്തിയ ലാത്വിയന്‍ വംശജയായ ലിഗയെന്ന യുവതിയെ കാണാതായത്. ഒരു മാസത്തിന് ശേഷം അവരുടെ മൃതദേഹം കോവളം ബിച്ചിന് അടുത്തുളള ഒരു ചതുപ്പില്‍ വള്ളികൊണ്ട് കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാല്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു ..
വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ജീവിതാവസാനം വരെ ജീവപര്യന്തം തുടരണമെന്നത് 376 (A) പ്രകാരമാണ് വിധിച്ചിട്ടുള്ളത്. ഇതുകൂടാതെ 1,65,000 രൂപ വീതം പിഴയും പ്രതികള്‍ ഒടുക്കണം. ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും കോടതി ഉത്തരവായിട്ടുണ്ട്. ഇത് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ അന്വേഷണത്തിന് ശേഷമാണ് നല്‍കേണ്ടത്. വിധി മാതൃകാപരമാണെന്ന് പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് പ്രതികരിച്ചു.
ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഉമേഷ് എന്നിവരാണ് ലാത്വിയന്‍ യുവതിയെ കോവളത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചുമത്തിയിരിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണെന്നും എന്തെങ്കിലും പറയാനുണ്ടോയെന്നും ചെയ്ത തെറ്റില്‍ കുറ്റബോധം ഉണ്ടോയെന്നും കോടതി ചോദിച്ചു. കുറ്റം ചെയ്യാത്തതിനാല്‍ കുറ്റബോധമില്ലെന്നും കുടുംബങ്ങള്‍ ദാരിദ്ര്യത്തിലാണെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതികള്‍ അറിയിച്ചു.
ശിക്ഷാവിധിയെ ലോകം ഉറ്റുനോക്കുകയാണെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. എന്നാല്‍ പ്രതികളുടെ പ്രായം കോടതിക്ക് പരിഗണിക്കാം. കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണം. ഈ സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. കേരളത്തിലെത്തിയ വിനോദസഞ്ചാരി മാനഭംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് ആദ്യമാണ്. ശിക്ഷായിളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂട്ടര്‍ മോഹന്‍രാജ് കോടതിയെ അറിയിച്ചിരുന്നു
എന്നാല്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകള്‍ പ്രതികള്‍ക്ക് എതിരല്ലെന്നും പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കോടതി പരിഗണിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
ജീവിക്കാന്‍ അനുവദിക്കണമെന്നും രണ്ടു സെന്റ് വസ്തുവിലെ വീട്ടിലാണ് താമസിക്കുന്നതെന്നും പ്രായമായ മാതാപിതാക്കള്‍ക്ക് താന്‍ മാത്രമാണ് ആശ്രയമെന്നും ഒന്നാം പ്രതി ഉമേഷ് കോടതിയില്‍ പറഞ്ഞു. പൊലീസാണ് പ്രതിയാക്കിയതെന്നും കുറ്റം ചെയ്തിട്ടില്ലെന്നും ഉദയകുമാറും വാദിച്ചു
രണ്ടു സെന്റ് വസ്തുവില്‍ താമസിക്കുന്നവരില്‍നിന്ന് എങ്ങനെ വലിയ നഷ്ടപരിഹാരം ഈടാക്കുമെന്ന് കോടതി ചോദിച്ചു. സര്‍ക്കാരില്‍നിന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. 376 (എ) (ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തല്‍), 376 (ഡി) (കൂട്ടബലാല്‍സംഗം) എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്നും ഇതിനു വെവ്വേറെ ശിക്ഷയാണോ ആവശ്യമെന്നും കോടതി ആരാഞ്ഞപ്പോള്‍ വെവ്വേറെ ശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
കോവളത്തെത്തിയ യുവതിയെ മയക്ക് മരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാല്‍സംഗം ചെയ്യുകയായിരുന്നു. മയക്കം വിട്ടുണര്‍ന്ന ഇവരും വിദേശ യുവതിയും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കമായി. ഇതേ തുടര്‍ന്ന് ഇവരെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണ് പ്രോസിക്യുഷന്‍ കേസ്. ഇത്തരത്തില്‍ നിരവധി വിദേശ വനിതകളെ മയക്കുമരുന്ന് നല്‍കി ഈ പ്രദേശത്ത് ഇവര്‍ പീഡിപ്പിച്ചിട്ടുള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
അനൗദ്യോഗിക ടൂറിസ്റ്റ് ഗൈഡുകളായി പ്രവര്‍ത്തിക്കുന്ന ഉമേഷിനും ഉദയകുമാറിനും മയക്ക് മരുന്ന് കച്ചവടവും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കോവളത്തെത്തുന്നു വിദേശ ടൂറിസ്റ്റുകള്‍ക്കാണ് ഇത്തരത്തില്‍ ഇവര്‍ മയക്കുമരുന്ന് നല്‍കാറുണ്ടായിരുന്നു. അതിനെ ശേഷം വിദേശ യുവതികളെ ഇവര്‍ പീഡിപ്പിച്ച സംഭവങ്ങളും ഉണ്ടായിരുന്നു. സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഉമേഷും ഉദയകുമറും അറസ്റ്റിലായത്.
ലിഗയെ കാണാതായ വിവരമറിഞ്ഞ് ഡബ്ലിന്‍ സ്വോര്‍ഡ്സില്‍ താമസിക്കുന്ന പാര്‍ട്‌നര്‍ ആന്‍ഡ്രു ജോര്‍ഡന്‍ കേരളത്തില്‍ എത്തിയിരുന്നു.ദേശം മുഴുവന്‍ ലീഗയുടെ ചിത്രമുള്ള അറിയിപ്പുകള്‍ സ്ഥാപിച്ചു നടന്നു നീങ്ങിയ ആന്‍ഡ്രുവിന്റെ സങ്കടം അന്ന് കേരളം ഏറ്റുവാങ്ങി അയാളോടൊപ്പം തിരച്ചില്‍ നടത്തിയിരുന്നു. നിരവധി സാമൂഹിക പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിലൂടെയാണ് കേസ് അന്വേഷണത്തില്‍ പോലീസ് സതീവമായി ഇടപെട്ടത്. സ്വോര്‍ഡ്സ് റോള്‍സ് ടൗണില്‍ ചൈല്‍ഡ് കെയര്‍ സെന്റര്‍ നടത്തുന്ന സഹോദരിക്കൊപ്പമാണ് ആന്‍ഡ്രുവും ,ലിഗയും അക്കാലത്ത് താമസിച്ചിരുന്നത്.
ആത്മഹത്യയാണെന്നു കരുതിയ യുവതിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കുറ്റം സമ്മതിച്ചതിനെ തുടർന്ന് ഭർത്താവ് അറസ്റ്റിലായി. നേമം സ്റ്റുഡിയോ റോഡ് പ്രീതി നിവാസിൽ അശ്വതിയുടെ മരണമാണ്ഒമ്പത് വർഷത്തിന് ശേഷം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് രതീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
നേമത്തെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിക്കുമ്പോൾ 23 വയസായിരുന്നു അശ്വതിയക്ക് പ്രായം. ലോക്കൽ പോലീസ് അന്വേഷണത്തിൽ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തുകയായിരുന്നു. കുടുംബകലഹമാണ് കാരണമെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. എന്നാൽ, അശ്വതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
പഴയ അസ്വാഭാവിക മരണങ്ങളുടെ ഫയലുകൾ വീണ്ടും പരിശോധിക്കുന്നതിനിടെയാണ് അശ്വതിയുടെ മരണം സംബന്ധിച്ച റിപ്പോർട്ടിൽ ചില സംശയങ്ങളുദിച്ചത്. ഭർത്താവ് രതീഷിന്റെ കൈയിലുണ്ടായിരുന്ന ഒരു പൊള്ളലിന്റെ പാടാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കച്ചിത്തുരുമ്പായത്. കത്തിക്കരിഞ്ഞ അശ്വതിയുടെ ശരീരത്തിൽ പിടിച്ചതിലൂടെയാണ് പൊള്ളലേറ്റതെന്നാണ് രതീഷ് പറഞ്ഞത്. എന്നാൽ, ഇതു വിശ്വസിക്കാൻ പോലീസ് തയ്യാറായില്ല. അങ്ങനെയെങ്കിൽ കൈയുടെ അകം ഭാഗത്തേ പൊള്ളലുണ്ടാകൂവെന്നും പുറംഭാഗത്ത് പൊള്ളലുണ്ടാകില്ലെന്നും പോലീസ് വിലയിരുത്തി. തുടർന്ന് അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകളിലേക്കു നീങ്ങുകയായിരുന്നു.
അശ്വതിയുടെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരെ കണ്ട് അന്വേഷണസംഘം വീണ്ടും വിവരങ്ങൾ ശേഖരിച്ചു. സംഭവം എങ്ങനെയാണ് നടന്നതെന്ന് പുനഃസൃഷ്ടിച്ചാൽ മാത്രമേ പൊള്ളലേറ്റത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാകൂവെന്നും ഡോക്ടർമാർ വ്യക്തമാക്കി.
ഇതേത്തുടർന്ന് ഇതിനായി ഡോക്ടർമാരുടെ ഒരു സംഘത്തെ നിയോഗിക്കുകയും അവർ സംഭവം പുനഃസൃഷ്ടിച്ച് പരിശോധനകൾ നടത്തുകയും ചെയ്തു. അശ്വതിയുടെ മരണം ആത്മഹത്യയല്ലെന്നും മറ്റൊരാൾ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്നും ഡോക്ടർമാരുടെ വിലയിരുത്തലുണ്ടായി.
അശ്വതിയും രണ്ട് കുട്ടികളും മാത്രമുണ്ടായിരുന്ന വീട്ടിൽ മറ്റാരും വന്നിട്ടില്ലെന്നും അന്വേഷണസംഘം മനസ്സിലാക്കി. ഇതിനിടെ രതീഷിന് നുണപരിശോധന നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും അതിനു സമ്മതിച്ചിരുന്നില്ല.
കൂടുതൽ ചോദ്യംചെയ്യലിൽ അശ്വതിയുടെ ദേഹത്ത് താൻ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് രതീഷിനെ അറസ്റ്റുചെയ്തത്. പൂഴിക്കുന്നിൽ ഓട്ടോ ഡ്രൈവറായിരുന്ന രതീഷും അശ്വതിയും തമ്മിൽ സ്വരച്ചേർച്ചയില്ലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് രതീഷ് അശ്വതിയുടെ മേൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി. മധുസൂദനൻ നായരുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലും സംഘവുമാണ് കേസ് അന്വേഷിച്ചത്.
ചങ്ങനാശേരി ബൈപ്പാസിന് സമീപം 40 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ചെത്തിപുഴയിൽ ഇരുചക്രവാഹന വർഷോപ്പ് നടത്തുന്ന തണ്ടപ്ര വീട്ടീൽ പോൾ ജോസഫിന്‍റേതാണ് (51) മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു. പാലത്രയ്‌ക്കടുത്തുള്ള ഹോട്ടൽ സമുദ്രയുടെ സമീപത്തെ കാടുകയറിയ പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതശരീരം.
ചങ്ങനാശേരിയില്‍ 40 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിപോള്‍ ജോസഫിനെ കാണാതായതിനെ തുടര്‍ന്ന് ചങ്ങനാശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഇദ്ദേഹത്തിൻ്റെ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്ന ബൈക്ക് റോഡരികിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അസ്ഥികൾ വേർപെട്ട നിലയിലായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന്റെ ദേഷ്യത്തില്‍ ടയര്‍ പഞ്ചര്‍ കട തീവെച്ച് നശിപ്പിച്ച് അതിഥി തൊഴിലാളി. മലപ്പുറത്താണ് സംഭവം. ബിഹാര്‍ സ്വദേശി ആലം ആണ് കടയ്ക്ക് തീയിട്ടത്. തിരൂരങ്ങാടി ചന്തപ്പടിയിലെ ടയര്‍ പഞ്ചര്‍ കടയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍.
ഇയാള്‍ക്കെതിരെ കടയുടമ കെ ടി അമാനുള്ളയാണ് പരാതി നല്‍കിയത്. കടയില്‍ നിന്നും സ്ഥിരമായി പണം നഷ്ടമാവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കടയുടമ പരിശോധിച്ചപ്പോഴാണ് ആലം ആണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ കടയ്ക്ക് തീയിട്ടത്. കൂടെയുള്ളവരെ മുറിയില്‍ പൂട്ടിയിട്ട ശേഷം കടയുടെ താക്കോല്‍ കൈവശപ്പെടുത്തി ബൈക്കുമെടുത്താണ് തിരൂരങ്ങാടിയിലെത്തിയാണ് കടയ്ക്ക് തീവെച്ചത്.
തീയിട്ടതിന് പിന്നാലെ അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി ഇയാള്‍ നാടുവിടുകയായിരുന്നു. പുലര്‍ച്ചെ ഫുട്‌ബോള്‍ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്. തുടര്‍ന്ന് വിവരം അഗ്‌നിരക്ഷാ സേനയെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.
മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് അബ്ദുള്‍സമദ് രണ്ടര വര്‍ഷത്തിന് ശേഷം അറസ്റ്റില്‍. ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. പോലീസ് അന്വേഷണത്തിനിടെ അബ്ദുള്‍സമദ് ഒളിവില്‍ പോയിരുന്നു. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്.
2020 ജൂണ്‍ 18നായിരുന്നു ഫര്‍സാന(21)യെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് അബ്ദുള്ള മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി. അന്വേഷണം നടത്തുന്നതിനിടെ അബ്ദുള്‍ സമദ് ഒളിവില്‍പ്പോവുകയാണുണ്ടായത്. ഗൂഡല്ലൂര്‍ ഡി.എസ്.പി. പി.കെ. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ പോലീസ് സംഘം ചൂരല്‍മലയിലെ വീട്ടില്‍നിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് അബ്ദുള്‍സമദിനെ പിടികൂടിയത്.
2017ലായിരുന്നു ഫര്‍സാനയും അബ്ദുള്‍സമദും തമ്മിലുള്ള വിവാഹം. ഇരുവരും കോവിഡ്കാലത്ത് തന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും മരുമകന്റെ ആവശ്യാര്‍ഥം 2019-ല്‍ സ്ത്രീധനമായി ഗൂഡല്ലൂര്‍ ടൗണിലെ റീഗല്‍ കോംപ്ലക്സില്‍ ഐട്യൂണ്‍ എന്നപേരില്‍ മൊബൈല്‍കട തുടങ്ങിക്കൊടുത്തതായും അബ്ദുള്ളയുടെ പരാതിയില്‍ പറയുന്നു. മകള്‍ ഗര്‍ഭിണിയായസമയത്തായിരുന്നു ഇത്. തുടര്‍ന്ന് പ്രസവാനന്തരം ഒന്നാംമൈലിലും പിന്നീട് കുറച്ചുകാലത്തിനുശേഷം രണ്ടാംമൈലിലും താമസിക്കാന്‍ താന്‍ തന്നെ വാടകവീട് തരപ്പെടുത്തി നല്‍കിയതായും അബ്ദുള്ള പറയുന്നു.
വാടകവീട്ടില്‍ കഴിയവെ കറി വെക്കുന്നതിനെ ചൊല്ലി ഫര്‍സാനയും അബ്ദുള്‍ സമദും തമ്മില്‍ തര്‍ക്കമുണ്ടായതായും തുടര്‍ന്ന് മുറിക്കകത്ത് കയറിയ ഫര്‍സാന തൂങ്ങി മരിക്കുകയായിരുന്നുവെന്നുമാണ് അബ്ദുള്‍സമദ് മൊഴി നല്‍കിയതെന്ന് പോലീസ് അറിയിച്ചു. രണ്ട് വയസുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ താന്‍ വാതില്‍ ചവിട്ടി തുറന്നെന്നും തൂങ്ങിമരിച്ച നിലയില്‍ കണ്ട ഫര്‍സാനയെ അഴിച്ചെടുത്ത് കിടക്കയില്‍ കിടത്തിയെന്നുമാണ് അബ്ദുള്‍സമദ് ബന്ധുക്കളോടും സമീപവാസികളോടും ഉള്‍പ്പടെ പറഞ്ഞിരുന്നതെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ സമദിനെ റിമാന്‍ഡ് ചെയ്തു.
മകളുടെ മരണം വൈകിയാണ് തന്നെ അറിയിച്ചതെന്നും പിറ്റേ ദിവസം വൈകുന്നേരം വരെ മൃതദേഹം കാണിക്കാന്‍ പോലും പോലീസ് തയ്യാറായില്ലെന്നും പരാതിയില്‍ ആരോപണമുണ്ടായിരുന്നു. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് അബ്ദുള്‍സമദ് ഒളിവില്‍ പോയത്. ഗൂഡല്ലൂര്‍ ഡിഎസ്പി പി കെ മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എട്ടംഗ പോലീസ് സംഘം ഞായറാഴ്ച വൈകിട്ട് ചൂരല്‍മലയിലെ വീട്ടില്‍ നിന്നാണ് അബ്ദുള്‍ സമദിനെ പിടികൂടിയത്.
ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന രോഗിയുടെ വെന്റിലേറ്റര്‍ ഓഫ് ചെയ്തതിനെ തുടര്‍ന്ന് 72 വയസ്സുള്ള സ്ത്രീ അറസ്റ്റില്‍. ജര്‍മ്മനിയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ മാന്‍ഹൈമിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആണ് ഈ സ്ത്രീ തന്നോടൊപ്പം മുറിയില്‍ കഴിഞ്ഞിരുന്ന രോഗിയോട് ഇത്തരത്തില്‍ പെരുമാറിയത്.
വെന്റിലേറ്ററിന്റെ ശബ്ദം കേള്‍ക്കുന്നത് ഇഷ്ടമില്ലെന്നും അത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പറഞ്ഞായിരുന്നു മുറിയിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ വെന്റിലേറ്റര്‍ ഇവര്‍ ഓഫ് ചെയ്തത്. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആ രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. സംഭവത്തില്‍ നരഹത്യാശ്രമം ആരോപിച്ച് സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തു.
79 കാരിയായ ഒരു രോഗിയായിരുന്നു അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ക്ക് വെന്റിലേറ്ററിന്റെ സഹായത്തോടെ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ചു കൊണ്ടായിരുന്നു ഈ സ്ത്രീ ഇങ്ങനെ പെരുമാറിയത്.
ആദ്യതവണ വെന്റിലേറ്റര്‍ ഓഫ് ചെയ്തപ്പോള്‍ തന്നെ ആശുപത്രി ജീവനക്കാര്‍ സ്ത്രീയെ ശാസിക്കുകയും വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യ അവസ്ഥയെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഈ സ്ത്രീ വീണ്ടും വെന്റിലേറ്റര്‍ ഓഫ് ചെയ്യുകയായിരുന്നു.
ഇതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജയിലിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രോഗിയുടെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. തീവ്രചരണത്തിലൂടെ മാത്രമേ ഇവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ആകൂ എന്നും ആശുപത്രി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാസർഗോഡ് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ കരുണാകരന്റെ മകൻ ശ്രീജിത്തി(39)ന്‍റെ മരണം വാഹന അപകടത്തിലേറ്റ പരിക്കുകളെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വാരിയെല്ലുകൾ തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇടത് കൈയ്യിലെ എല്ല് പൊട്ടിയത് ക്ഷത മേറ്റാണെന്നും റിപ്പോർട്ടിലുണ്ട്.
തലയ്ക്ക് പിന്നിൽ ആഴത്തിൽ പരിക്കേറ്റതായും ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായ മർദനമേറ്റ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. വലത് കാലിൽ തുടയ്ക്ക് മുകളിലായി സാരമായി മുറിവുകളുണ്ട്.
ഈ പരിക്കുകൾ വാഹന അപകടത്തിൽസംഭവിച്ചതല്ലെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ മാരകമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. കാർ ഓടിച്ചത് ശ്രീജിത്ത് അല്ലെന്നും പോലീസ് സ്ഥിരീകരിച്ചു. കാറപകടം വ്യാജമായി സൃഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന് പ്രത്യേകസംഘംകേസന്വേഷണത്തിനായി എസ് പി യുടെനിർദേശ പ്രകാരം ഡിവൈ എസ്പി യുടെ മേൽനോട്ടത്തിൽ ഒമ്പത് പേർ അടങ്ങുന്ന സംഘം രൂപീകരിച്ചിട്ടുണ്ട്.
ശ്രീജിത്ത് പരിക്കേറ്റ് കിടന്ന സ്ഥലത്ത് നിന്ന് നീല ജീൻസും ഹെഡ് ഫോണും ചുമലിൽ ബാഗുമായി ഒരാൾ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇയാളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് ലഭിച്ച ഉടൻ ജില്ല പോലീസ് മേധാവി ആർ. കറുപ്പ സാമി, വടകര റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജി.ബാലകൃഷ്ണൻ, നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷ് , സിഐ ഇ.വി. ഫായിസ് അലി എന്നിവർ കാരയിൽ കാനാൽ പരിസരത്ത് പരിശോധന നടത്തി.
ശനിയാഴ്ച രാത്രി 8.30-നാണ് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് വിജനമായ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
സമീപത്തുതന്നെ ഇയാളുടെ കാർ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ശനിയാഴ്ച്ചതന്നെ നാദാപുരം പോലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റ് മോർട്ടത്തിന്ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. രാത്രിയോടെ കാസർകോട് വീട്ടിലെത്തിച്ച് സംസ്കരിച്ചു.
ഖത്തര്‍ ലോകകപ്പിൽ യുഎസിനോടു തോറ്റു ഇറാൻ പുറത്തായതിനു പിന്നാലെ സർക്കാർ വിരുദ്ധ പ്രവർത്തകർ സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെ സാമൂഹ്യപ്രവർത്തകനെ സുരക്ഷാസേന വെടിവച്ചു കൊന്നു. ഇറാൻ ലോകകപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ സംഘടിപ്പിച്ച ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്ത മെഹ്‌റാൻ സമക്(27) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ടെഹ്റാന്റെ വടക്ക് പടിഞ്ഞാറൻ നഗരമായ ബന്ദർ അൻസാലിയിലാണ് സംഭവം. പടക്കം പൊട്ടിച്ചും വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയും തെരുവുകളിൽ നൃത്തം ചവിട്ടിയുമാണ് സ്വന്തം രാജ്യത്തിന്റെ പരാജയത്തെ ഇറാനികൾ ആഘോഷമാക്കിയത്.
വാഹനത്തിന്റെ ഹോൺമുഴക്കി ആഘോഷപരിപാടികളിൽ പങ്കെടുത്ത മെഹ്‍റാനെ സൈന്യം ആസൂത്രിതമായാണു കൊലപ്പെടുത്തിയതെന്ന ആരോപണവുമായി സന്നദ്ധസംഘടന രംഗത്തെത്തി. മെഹ്‌റാനെ സൈന്യം തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് (ഐഎച്ച്ആർ) എന്ന സന്നദ്ധസംഘടന ആരോപിച്ചു. ഇറാനിൽ മതപൊലീസിന്റെ കസ്റ്റഡിയിൽ 22 വയസ്സുകാരി മഹ്സ അമിനി കൊല്ലപ്പെട്ടതിനു പിന്നാലെ മഹ്‌സ അമിനിയുടെ നാടായ കുർദ് പട്ടണം സാക്വസിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് ഇറാനിലെ മറ്റുനഗരങ്ങളിലേക്കും പ്രക്ഷോഭം കത്തിപ്പടർന്നു.
‘ഏകാധിപത്യം തുലയട്ടെ,’ ‘സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി വീശി നൂറുകണക്കിനു സ്ത്രീകളാണ് രോഷം പ്രകടമാക്കിയത്. ഹിജാബ് വലിച്ചെറിയുന്നതിന്റെയും കൂട്ടിയിട്ട് കത്തിക്കുന്നതിന്റെയും നിരവധി ദൃശ്യങ്ങളും പുറത്തുവന്നു. ഇറാൻ ദേശീയ ടീമിന്റെ തോൽവിക്കു പിന്നാലെ തെരുവുകൾ ആഘോഷമാക്കുന്ന ഇറാനികളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിനു മുന്നോടിയായി ദേശീയഗാനം ആലപിക്കുന്നതിൽനിന്ന് ഇറാൻ ടീം വിട്ടുനിന്നിരുന്നു. ഇതേത്തുടർന്ന് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുകയോ ദേശീയഗാനം ആലപിക്കാതിരിക്കുകയോ ചെയ്താൽ ടീമംഗങ്ങളുടെ കുടുംബത്തെ തടവിലാക്കുമെന്ന് ഭരണകൂടം ഭീഷണിപ്പെടുത്തുകയും ചെയ്തു. സാക്വസിലും ആളുകൾ പരാജയം പടക്കം പൊട്ടിച്ച് ആഘോഷമാക്കി.