Crime

പനിക്ക് കുത്തിവയ്‌പ്പെടുത്ത ആറു വയസുകാരന്‍ മരിച്ചു. രാജപാളയം സ്വദേശി മഹേശ്വരന്റെ മകന്‍ കവി ദേവനാഥനാണ് മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടറായ കാതറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ വ്യാജ ഡോക്ടറാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നവംബര്‍ നാലിനാണ് പനി ബാധിച്ച ദേവനാഥനെ പിതാവ് മഹേശ്വരന്‍ കാതറിന്റെ ക്ലിനിക്കിലെത്തിച്ചത്.

കുത്തിവെപ്പെടുത്ത് വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. കാലില്‍ നീരും കഠിനമായ വേദനയും അനുഭവപ്പെട്ടതോടെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് പാരസെറ്റാമോള്‍ കുത്തിവയ്‌പ്പെടുത്തു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞുവീണു.

ഉടന്‍തന്നെ കുട്ടിയെ രാജപാളയം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാതറിന്‍ കുത്തിവെപ്പ് നല്‍കിയ ഭാഗത്തുണ്ടായ അണുബാധയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. കാതറിന്റെ ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തുകയായിരുന്നു.

ദിവസം മുഴുവനും ഇൻസ്റ്റാഗ്രാം റീല്‍സിൽ ജീവിക്കുന്ന ഭാര്യയെ വഴക്കിനൊടുവിൽ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ ആണ് ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഏറെ നേരം ചെലവഴിക്കുന്നതിൽ രോഷാകുലനായാണ് ഭർത്താവ് ക്രൂരകൃത്യം ചെയ്യുന്നത്. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശിയായ 38കാരനായ അമൃതലിംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ദിണ്ഡിഗൽ സ്വദേശിയായ അമൃതലിംഗം ഭാര്യ ചിത്രയുമായി തിരുപ്പൂരിലെ സെല്ലം നഗറിൽ താമസിക്കുകയായിരുന്നു. തെന്നം പാളയം പച്ചക്കറി മാർക്കറ്റിൽ ദിവസ കൂലിക്ക് ജോലിനോക്കി വരുകയായിരുന്നു അമൃതലിംഗം. തുണി ഫാക്ടറിയിലെ തൊഴിലാളിയായ ചിത്ര റീൽസ് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുമായിരുന്നു.

ഇതേക്കുറിച്ചും മൊബൈല്‍ ഫോണിൽ ഏറെ നേരം ചെലിവഴിക്കുന്ന തിനെയും ചൊല്ലി ദമ്പതിമാർക്കിടയിൽ കലഹം പതിവായിരുന്നു. ഇൻസ്റ്റഗ്രാമിന്റെ പേരിൽ ഏറെ നേരം ചിലവിടുന്നത് കണ്ടപ്പോൾ ഇതൊഴിവാക്കണമെന്ന് ഭർത്താവ് പലതവണ ഭീഷണിപ്പെടുത്തി. ഇക്കാര്യം ചിത്ര അവഗണിച്ചു. 33,000ത്തിലധികം ഫോളോവേഴ്‌സുള്ള ചിത്ര ഫാക്ടറി ജോലി നിർത്തി അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.

ഫോളോവേഴ്സ് വർധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയി. കഴിഞ്ഞാഴ്ചയാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ തിരിച്ചെത്തുന്നത്. വിവാഹ ചടങ്ങുകൾക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അമൃതലിംഗം തടയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇതേക്കുറിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തർക്കത്തിനിടെ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി ചിത്രയെ കൊലപ്പെടുത്തുകയായിരുന്നു.

ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ അമൃതലിംഗം വീട്ടിൽനിന്ന് പോകുകയും മകളെ വിളിച്ച് താൻ ചിത്രയെ അടിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. മകൾ വീട്ടിലെത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിക്കുകയാണ് ഉണ്ടായത്. പെരുമാനല്ലൂരിൽ വെച്ചാണ് അമൃതലിംഗം അറസ്റ്റിലായത്. ചിത്രയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ 33.3 കെ ഫോളോവേഴ്സ് ആണ് ഉള്ളത്.

മകളെ കൊലപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽമീഡിയയിലൂടെ എത്തി കുറ്റസമ്മതം നടത്തി പിതാവ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് തനിക്ക് താൽപര്യമില്ലാത്ത യുവാവിനെ പ്രണയിച്ച 16 വയസ് മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്തിയശേഷം പിതാവ് വരപ്രസാദ് ആണ് സെൽഫി വീഡിയോയിലൂടെ കുറ്റസമ്മതം നടത്തിയത്. മകൾ നികിതശ്രീയുടെ മരണം ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനിൽ എത്തി വരപ്രസാദ് കീഴടങ്ങുകയായിരുന്നു.

സെൽഫി വിഡിയോയും പോലീസിനെ കാണിച്ചതോടെ വരപ്രസാദുമായി വീട്ടിലെത്തിയ പൊലീസ് രക്തത്തിൽ കുളിച്ച നിലയിൽ മകളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശവാസിയായ അരവിന്ദ് എന്ന യുവാവിനൊപ്പം പലതവണ മകൾ പുറത്തു പോകുന്നത് ശ്രദ്ധയിൽപെട്ട വരപ്രസാദ് ഇത് വിലക്കിയിരുന്നു. പോലീസിലും പരാതിപ്പെട്ടു. കൗൺസിലിങ്ങും മറ്റും നൽകിയെങ്കിലും നികിത ബന്ധം തുടർന്നതോടെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന്, വരപ്രസാദ് പോലീസിനോട് പറഞ്ഞു. ആംബുലൻസ് ഡ്രൈവറാണ് വരപ്രസാദ്.

”എന്റെ മകൾ എന്നോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ, അതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം വേണം. അവളുടെ ഇഷ്ടത്തിനാണ് ഞാൻ അവളെ ബോക്സിങ് പഠിപ്പിച്ചത്. അരവിന്ദുമായുള്ള ബന്ധം എനിക്ക് ഇഷ്ടമല്ലെന്നും തുടരരുതെന്നും പലതവണ അപേക്ഷിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അതിനാൽ എൻറെ അമ്മ മരിച്ച അതേ ദിവസം തന്നെ ഞാൻ അവളെ കൊന്നു” വരപ്രസാദ് വീഡിയോയിൽ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് കൊലപാതകം നടന്നത്. ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് നികിതയെ വരപ്രസാദ് കൊലപ്പെടുത്തിയത്.13 വർഷങ്ങൾക്കു മുൻപ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയിരുന്നു. രണ്ട് വർഷം മുൻപ് മൂത്തമകളും വരപ്രസാദിന്റെ എതിർപ്പ് മറികടന്ന് പ്രണയിച്ചയാൾക്കൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനു പിന്നാലെ ഇളയ മകളും സമാനമായ രീതിയിൽ തന്നെ ധിക്കരിച്ച് ഇറങ്ങിപ്പോകുമെന്ന ഭയമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.

നിദ്രവിളയിലെ കോളേജ് വിദ്യാർത്ഥിനിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ. നിദ്രവിള, വാവറ സ്വദേശി ചിന്നപ്പർ – തങ്കഭായ് ദമ്പതികളുടെ മകൾ അഭിതയാണ് ( 19 ) നവംബർ അഞ്ചിന് രാത്രി ഒൻപതോടെ മരിച്ചത്.

കളിയിക്കാവിളയിലെ സ്വകാര്യ കോളേജിൽ ആദ്യവർഷ ബി.എസ്‌.സി വിദ്യാർത്ഥിയായ അഭിത വീടിനടുത്തുള്ള യുവാവുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് തന്നെ പ്രണയിച്ചതെന്നും യുവാവിന്റെ വീട്ടുകാർ ബന്ധത്തെ എതിർത്തെന്നും അഭിത സൂചിപ്പിച്ചിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു.

സെപ്തംബർ ഏഴിന് ഒറ്റയ്‌ക്ക് കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വച്ച് യുവാവ് നൽകിയ ശീതളപാനീയം അഭിത കുടിച്ചെന്നും അതിന്റെ പിറ്റേദിവസം മുതൽ വയറുവേദന അനുഭവപ്പെട്ടെന്നുമാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് അഭിതയെ മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് തുടർ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അവിടെ ചികിത്സയിലിരിക്കുമ്പോഴാണ് അഭിത മരിച്ചത്. സ്ലോപോയ്സൺ പോലെയുള്ള ദ്രാവകം ഉള്ളിൽ ചെന്നതായും വിദ്യാർത്ഥിനിയുടെ കരൾ പൂർണമായും തകരാറിലാണെന്നും പരിശോധിച്ച ഡോക്ടർ പറഞ്ഞിരുന്നതായി അഭിതയുടെ മാതാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ അന്വേഷണം നടത്താനാകൂവെന്നാണ് പൊലീസിന്റെ വാദം. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അഭിതയുടെ മാതാവ് തങ്കഭായി നൽകിയ പരാതിയിൽ തമിഴ്നാട് നിദ്രവിള പൊലീസ് കേസെടുത്തു.

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ​ഗതാ​ഗത വകുപ്പ് പാടുപെടുമ്പോഴും ഓട്ടത്തിനിടെ സ്വകാര്യ ബസുകാരുടെ സാഹസം. ഇന്ന് കൊല്ലത്ത് രണ്ട് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ നടന്ന തർക്കം വലിയ ദുരന്തത്തിലേക്ക് എത്തുമായിരുന്നു.

കൊല്ലം കുണ്ടറയിൽ ആണ് സ്വകാര്യ ബസ്സുകാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഒരു ബസ് മറ്റൊരു ബസിലേക്ക് ഇടിച്ചുകയറ്റിയത്. യാത്രക്കാർ ബസിൽ ഉണ്ടായിരിക്കുമ്പോൾ ആയിരുന്നു ഈ പ്രവൃത്തി.

ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. ഓട്ടത്തിന്റെ സമയം സംബന്ധിച്ചായിരുന്നു തർക്കം. ഇതിന് പിന്നാലെ ഇരു ബസിലെ ജീവനക്കാരും അതത് ബസിൽ കയറി. എന്നാൽ മുന്നോട്ട് എടുത്ത ബസ് പിന്നിലോട്ട് എടുത്ത് ഇടിക്കുകയായിരുന്നു. ഇടിയിൽ ബസിന്റെ മുന്നിലെ ചില്ല് തകർന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇരു ബസിലെ ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രയർ, അന്നൂർ എന്നീ ബസ്സിലെ ജീവനക്കാർ തമ്മിലായിരുന്നു തർക്കം നടന്നത്.സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ വിമർശനം ഉയർന്നുവന്നിരുന്നു.

കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയിലെ അന്തേവാസി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.പെരിന്തൽമണ്ണ ദൃശ്യവധക്കേസ് പ്രതി വിനേഷാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇയാൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് വിനേഷിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

നേരത്തെയും ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരുന്നു. സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് ഇയാൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. മഞ്ചേരി ജയിലിൽ കൊതുക് തിരി കഴിച്ചാണ് വിനേഷ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. തുടർച്ചയായി ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടുത്തിടെ ആശുപത്രിയിൽ നിന്ന് പുറത്തുകടക്കാനും ശ്രമിച്ചിരുന്നു.

2021 ജൂൺ മാസത്തിലാണ് വിവാഹാഭ്യർത്ഥന നിരസിച്ചതിന് 21കാരിയായ ദൃശ്യയെ വിനീഷ് വീട്ടിൽ കയറി വെട്ടിക്കൊന്നത്. ആക്രമണം തടയാൻ ശ്രമിക്കവെ ദൃശ്യയുടെ സഹോദരി ദേവശ്രീക്കും കുത്തേറ്റിരുന്നു. ഇവരുടെ പിതാവിന്റെ കടയ്‌ക്ക് തീവെച്ച് ശ്രദ്ധ മാറ്റിയായിരുന്നു യുവാവ് പെൺകുട്ടികളെ ആക്രമിക്കാൻ വീട്ടിലെത്തിയത്. വീട്ടിൽ തന്നെയുണ്ടായിരുന്ന കത്തി ഉപയോഗിച്ചായിരുന്നു വിനേഷ് കൊലപാതകം നടത്തിയത്.

കേരളത്തെ ഒന്നടങ്കം നടുക്കിയ കൊലപാതകമായിരുന്നു പാറശ്ശാല സ്വദേശി ഷാരോണിന്റേത്. സംഭവത്തില്‍ കാമുകി ഗ്രീഷ്മ അറസ്റ്റിലായിരുന്നു. ഗ്രീഷ്മയെ ചോദ്യം ചെയ്തതില്‍ നിന്ന് കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

ഷാരോണിനെ കൊല്ലാന്‍ വേണ്ടിയാണ് ജ്യൂസ് ചലഞ്ചും ആസൂത്രണം ചെയ്തതെന്ന് ഗ്രീഷ്മ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജ്യൂസില്‍ വിഷം കലക്കി ഷാരോണിനെ കൊലപ്പെടുത്താന്‍ പല തവണ ശ്രമിച്ചതായും ഗ്രീഷ്മ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

സംഭവത്തില്‍ തമിഴ്‌നാട് പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഗ്രീഷ്മയുടെ വീട്ടില്‍ അന്വേഷണ സംഘം ഗ്രീഷ്മയുമായി തെളിവെടുപ്പിന് എത്തും. ഗ്രീഷ്മയെ വീട്ടിലെത്തിച്ച് തെളിവെടുക്കാന്‍ ഒരുങ്ങുന്നതിനിടെ സീല്‍ ചെയ്ത വാതില്‍ തകര്‍ത്ത് അജ്ഞാതന്‍ അകത്ത് കയറിയിരുന്നു.

ഈ സംഭവം അന്വേഷണ സംഘത്തെ അടക്കം ഞെട്ടിച്ചിരുന്നു. അജ്ഞാതന്‍ സീലും പൂട്ടും തകര്‍ത്താണ് അകത്ത് കയറിയത്. അതേസമയം, പ്രധാനപ്പെട്ട തെളിവുകള്‍ ഒന്നും വീട്ടിലില്ലെന്ന് അന്വേഷണ സംഘം പറയുമ്പോഴും തെളിവെടുപ്പിന് തൊട്ടുമുമ്പ് ഇങ്ങനെ സംഭവിച്ചതില്‍ പല ഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുകയാണ്.

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍. പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് പ്രതിഭാഗം അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

വിഷം കൊടുത്തു കൊന്നു എന്ന എഫ്‌ഐആര്‍ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു.

പ്രതിഭാഗത്തിന്റെ വാദങ്ങള്‍ തള്ളിയ കോടതി ഗ്രീഷ്മയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത് എന്ന് കോടതി ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാന്‍ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഗ്രീഷ്മയും അമ്മയെയും അമ്മാവനെയും രാവിലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തെളിവെടുപ്പ് വീഡിയോയായി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാറില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ വയോധികന്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മാന്തുരുത്തി അരിമാലീല്‍ ചന്ദ്രശേഖരന്‍ നായര്‍ (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് ഇയാളെ അയല്‍വാസി കണ്ണമ്പള്ളി ടോമിച്ചന്റെ മുറ്റത്ത് തീപൊള്ളലേറ്റ നിലയില്‍ കണ്ടത്.

വൈകീട്ട് ശബ്ദം കേട്ട് ടോമിച്ചന്റെ ഭാര്യ ജെസി ഇറങ്ങിച്ചെന്നപ്പോള്‍ വീട്ടുമുറ്റത്ത് കിടന്ന കാറിനും ജനലിലും തീപിടിച്ചതാണ് കണ്ടത്. ഒപ്പം ദേഹമാസകലം തീയുമായി ചന്ദ്രശേഖരന്‍ മുറ്റത്തുകൂടി ഓടുന്നതും ജെസിയുടെ നിലവിളികേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്തുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.പോലീസെത്തിയാണ് ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രശേഖരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച 12.30-ഓടെ മരണം സംഭവിച്ചു.

അതേസമം, ചന്ദ്രശേഖരന്‍ എന്തിനാണ് വീട്ടിലെത്തിയതെന്നോ തീയിടാന്‍ ശ്രമിച്ചതെന്നോ വീട്ടുടമയായ ടോമിച്ചനും കുടുംബത്തിനും അറിയില്ല. ചന്ദ്രശേഖരനുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കുടുംബം ആവര്‍ത്തിച്ചു പറയുന്നു. കൂടാതെ ഇവരുമായി നല്ല ബന്ധത്തിലുമായിരുന്നെന്നു ടോമിച്ചന്‍ പറഞ്ഞു.

അതേസമയം, ചന്ദ്രശേഖരന്റേത് ആത്മഹത്യയാകാമെന്നാണ് പോലീസ് കരുതുന്നത്. വീട്ടുമുറ്റത്തുനിന്ന്, ചന്ദ്രശേഖരന്‍ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ മണ്ണെണ്ണയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുമായി അകന്ന് ചന്ദ്രശേഖരന്‍ ഒറ്റയ്ക്കായിരുന്നു താമസം. ടോമിച്ചന്റെ പരാതിയില്‍ കറുകച്ചാല്‍ പോലീസ് അന്വേഷണം തുടങ്ങി.

ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണ മരണം. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഗോപകുമാറും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മകൾ ഗൗരിയുമാണ് മരണപ്പെട്ടത്. കൊല്ലം മൈലക്കോട് ദേശീയ പാതയിലാണ് ദാരുണ അപകടം നടന്നത്. മകൾ ഗൗരിയെ സ്‌കൂളിൽ കൊണ്ടുവിടാനുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്.

ചാത്തന്നൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് വിദ്യാർത്ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലർ ഇവരുടെ ബൈക്കിന് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഗോപകുമാർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

സാരമായി പരിക്കേറ്റ ഗൗരിയെ ഉടനടി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിതാവിന്റെ മരണത്തിന് പിന്നാലെ ഗൗരിയും ലോകത്തോട് വിടചൊല്ലി. 2 ജീവനും പൊലിയാൻ ഇടയാക്കിയത് ലോറി ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയും അനാസ്ഥയുമാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

ബൈക്കിന്റെ പിന്നിൽ വന്നിടിച്ച ശേഷം ലോറി 20 മീറ്ററോളമാണ് വലിച്ചുകൊണ്ടുപോയത്. തുടർന്നും മുന്നോട്ടെടുത്ത ലോറിയെ നാട്ടുകാർ ഓടിക്കൂടിയാണ് പിടിച്ചുവെച്ചത്. അപകട സ്ഥലത്തുനിന്ന് നൂറു മീറ്റർ അകലെയാണ് ലോറി നിർത്തിയത്. പിഴവ് ലോറി ഡ്രൈവറുടെ ഭാഗത്ത് തന്നെയാണെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും വ്യക്തമാക്കി.

Copyright © . All rights reserved