പ്രവാസിയായ ഭര്‍ത്താവ് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയപ്പോള്‍ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ 29 വയസുള്ള മകളാണ് 23 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.
ഭര്‍ത്താവിനെയും 9 വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് കാമുകനോടൊപ്പം വിട്ടയച്ചു. യുവതിയുടെ ഭര്‍ത്താവ് 5 ദിവസം മുന്‍പ് വിദേശത്ത് നിന്ന് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയിരുന്നു.
ഭര്‍ത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത കല്ലമ്പലം പോലീസ് യുവതിയുടെ താത്പര്യ പ്രകാരം കാമുകനൊപ്പം വിട്ടയയ്ക്കുകയായിരുന്നു. പണവും സ്വര്‍ണ്ണാഭരണങ്ങളുമടക്കം വന്‍ സാമ്പത്തിക തട്ടിപ്പ് കാമുകനുമായി ചേര്‍ന്ന് യുവതി നടത്തിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.
പത്തനംതിട്ടയിൽ മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് 107 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും വിധിച്ചത്.
കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം സ്വഭവനത്തിൽ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. പിതാവിന്റെ അക്രമങ്ങളെ തുടർന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയ്യാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. ക്രൂരമായ പീഢനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്.
സ്കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയും പോക്സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഢനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാൽ പ്രതി പരോൾ പോലും അർഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയിൽ പറഞ്ഞു.
ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മുക്തമായിട്ടില്ല ഡല്‍ഹി. അതിനിടെ സമാനസ്വഭാവത്തിലുള്ള മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച്. മകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും മൃതദേഹം മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവമാണ് പോലീസ് വെളിച്ചത്തുകൊണ്ടുവന്നത്.
കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലെ താമസക്കാരിയായ പൂനം എന്ന സ്ത്രീയാണ് ഭര്‍ത്താവ് അഞ്ജന്‍ ദാസിനെ മകന്‍ ദീപക്കിന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. പൂനത്തിന്റെ ആദ്യഭര്‍ത്താവിലുള്ള മകനാണ് ദീപക്. കൊലയ്ക്കു ശേഷം അഞ്ജന്റെ മൃതദേഹം പത്തുകഷണങ്ങളാക്കി മുറിച്ച് പോളിത്തീന്‍ ബാഗുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. പൂനത്തെയും ദീപക്കിനെയും ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
പൂനത്തിന്റെ സ്വര്‍ണം അഞ്ജന്‍ദാസ് വില്‍ക്കുകയും ആ പണം അദ്ദേഹത്തിന്റെ ആദ്യഭാര്യയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എട്ടുമക്കള്‍ക്കൊപ്പം ബിഹാറിലാണ് അഞ്ജന്റെ ആദ്യഭാര്യ താമസിക്കുന്നത്. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അഞ്ജനെ കൊലപ്പെടുത്താന്‍ പൂനം ദീപക്കുമായി ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു. ആദ്യഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് 2017-ലാണ് പൂനം അഞ്ജനൊപ്പം ജീവിക്കാന്‍ ആരംഭിച്ചത്. തന്റെ ഭാര്യയോട് അഞ്ജന്‍ മോശമായി പെരുമാറിയിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്താനുള്ള പൂനത്തിന്റെ പദ്ധതിയില്‍ പങ്കാളിയായതെന്നും ദീപക് പോലീസിനോടു പറഞ്ഞു.
ജൂണ്‍മാസത്തിലാണ് അഞ്ജനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. പ്രതികള്‍ അഞ്ജന് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നെന്നും ബോധരഹിതനായതിന് പിന്നാലെ കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. ശേഷം പ്രതികള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ഉപേക്ഷിച്ച മൃതദേഹഭാഗങ്ങളില്‍ ആറെണ്ണം ഇതുവരെ കണ്ടെത്തിയതായി
പോലീസ് പറഞ്ഞു.
ജൂണില്‍ പാണ്ഡവ് നഗറില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് കൊലപാതക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ശരീരഭാഗങ്ങള്‍ അഴുകിയിരുന്നതിനാല്‍ അന്വേഷണം ഏറെയൊന്നും മുന്നോട്ടുപോയിരുന്നില്ല. തുടര്‍ന്ന് നവംബര്‍ ആദ്യം ശ്രദ്ധയുടെ കൊലപാതകം പുറത്തുവന്നതോടെ പാണ്ഡവ് നഗറില്‍നിന്ന് ലഭിച്ച മൃതദേഹഭാഗം ശ്രദ്ധയുടേതാണോ എന്നറിയാന്‍ വീണ്ടും പരിശോധന നടത്തി. എന്നാല്‍ അവ ഒരു പുരുഷന്റേതാണെന്ന കാര്യം വ്യക്തമായി. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്ത പാണ്ഡവ്‌നഗറിനു സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. അപ്പോഴാണ് പൂനവും ദീപക്കും പലരാത്രികളില്‍ പ്രദേശത്ത് വന്ന കാര്യം വ്യക്തമായത്. ദീപക്ക് ബാഗുമായി പോകുന്നതും പൂനം പിന്നാലെ പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.
പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പ്രദേശവാസിയായ അഞ്ജന്‍ദാസിനെ ഏകദേശം ആറുമാസമായി കാണാനില്ലെന്ന് വ്യക്തമായി. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുമില്ല. ഇതിനു പിന്നാലെ ദീപക്കിനെയും പൂനത്തെയും പോലീസ് ചോദ്യം ചെയ്യുകയും ഇവര്‍ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ മക്കളോട് അഞ്ജന് മോശം സമീപനമായിരുന്നു ഉണ്ടായിരുന്നതെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും പൂനം മാധ്യമങ്ങളോടു പ്രതികരിച്ചു. ദീപക്കാണ് കത്തികൊണ്ട് അഞ്ജനെ കൊലപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നാരകക്കാനത്ത് വീട്ടമ്മയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി പിടിയില്‍. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയുടെ മരണത്തില്‍ അയല്‍വാസിയായ വെട്ടിയാങ്കല്‍ തോമസ് വര്‍ഗീസ്(സജി) ആണ് അറസ്റ്റിലായത്. മോഷണശ്രമം തടഞ്ഞപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി. ചിന്നമ്മയെ ജീവനോടെയാണ് പ്രതി കത്തിച്ചു കൊലപ്പെടുത്തിയത്.
ഇയാള്‍ വീട്ടില്‍ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചിരുന്നു. കമ്പത്ത് നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്. കുമ്പിടിയാമ്മാക്കല്‍ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ ആന്റണി (66) യെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുറികളില്‍ പലയിടങ്ങളിലും രക്തകറകള്‍ കണ്ടെത്തിയതും തീ പടര്‍ന്ന് വീടിനോ വസ്തുവകകള്‍ക്കോ നാശം സംഭവിക്കാതിരുന്നതും ആസൂത്രിതമായ കൊലപാതകത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് സംശയിച്ചിരുന്നു.
സംഭവദിവസം തന്നെ വീടിനുള്ളില്‍ രക്തത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നതിനാല്‍ കൊലപാതക സാധ്യ കണക്കിലെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. സംഭവസമയം ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകളാണ് ചിന്നമ്മയെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ആദ്യം കണ്ടെത്തിയത്.
ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തലയോട്ടിയും കാലുകളുടെ ഭാഗങ്ങളും മാത്രമാണ് അവശേഷിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപം പാചക വാതക സലിണ്ടര്‍ മറിഞ്ഞ് കിടക്കുകയായിരുന്നു. സിലിണ്ടറിന്റെ ഹോസ് ഊരിയ നിലയിലായിരുന്നു. തീ പിടിച്ച് മറ്റ് വസ്തുക്കളൊന്നും കത്തിയതായി കണ്ടില്ല. തറയിലും, ഭിത്തിയിലും അങ്ങിങ്ങായി രക്തക്കറകള്‍ കണ്ടെത്തിയിരുന്നു.
തന്നെ ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന സോളര്‍ കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ ഡ്രൈവര്‍ വിനുവിനെതിരെയാണ് സരിതയുടെ പരാതി. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് കീമോ തെറോപ്പിക്ക് വിധേയയായതായും മുടി പൂര്‍ണമായി നഷ്ടമായതായും സരിത പറയുന്നു. ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. പിന്നീട് ചികില്‍സയിലൂടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ഇടതു കാലിന്റെ സ്പര്‍ശന ശേഷി നഷ്ടപ്പെട്ടു. ഇപ്പോള്‍ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണെന്നും സരിത പറഞ്ഞു.
രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികില്‍സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറഞ്ഞു. രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു.
എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു.
കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ച് വിനു കുമാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പിറ്റേന്നു മുതല്‍ ജോലിക്കു വരേണ്ടെന്ന് വിനു കുമാറിനോട് പറഞ്ഞുവെന്നും സരിത വെളിപ്പെടുത്തി. ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡിക്കല്‍ റിസള്‍ട്ടും കിട്ടിയശേഷമാണ് സരിത ക്രൈംബ്രാഞ്ചിനെ സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.
ഇടുക്കിയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. നാരകക്കാനം സ്വദേശി ചിന്നമ്മയുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകുന്നേരമാണ് വീട്ടമ്മയുടെ മൃതദേഹം വീടിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ടുവന്ന ചെറുമകളാണ് ആദ്യം മൃതദേഹം കണ്ടത്. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ആദ്യം മരണത്തില്‍ ആരും ദുരൂഹത ഉന്നയിച്ചിരുന്നില്ല. എന്നാല്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയിലാണ് ശരീരത്തിലും വീട്ടിലെ മറ്റ് മുറികളിലും രക്തക്കറയുടെ സാന്നിധ്യം കണ്ടെത്തിയത്.
ചിന്നമ്മയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍. എം. ബാദുഷയെ ഭീഷണിപ്പെടുത്തി യുവതി പത്തു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഹണി ട്രാപ്പില്‍ കുടുക്കിയാണ് യുവതി ബാദുഷയെ കബളിപ്പിച്ചത്.
യുവതി അശ്ലീല ചിത്രങ്ങള്‍ അയച്ചു നല്‍കി ഭീഷണിപ്പെടുത്തിയെന്നാണ് ബാദുഷ പരാതിപ്പെട്ടിരിക്കുന്നത്. യുവതിക്കും അഭിഭാഷകനുമെതിരെ പരാതി ഉന്നയിച്ച ബാദുഷ തന്നെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പുവെപ്പിച്ചതായും പറയുന്നു. പത്തു ലക്ഷത്തിന് പുറമേ മൂന്നു കോടി രൂപയും ആവശ്യപ്പെട്ടു.
ബാദുഷയുടെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. യുവതിയുടെ പേരിലും അഭിഭാഷകരായ ബിജു, എല്‍ദോ പോള്‍, സാജിത്, അനീഷ് എന്നിവര്‍ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15നാണ് ബാദുഷ യുവതിക്കെതിരെയും സംഘത്തിനെതിരെയും പരാതി നല്‍കിയത്. എഫ്്‌ഐആറിന്റെ പകര്‍പ്പ് പുറത്തു.
എഫ്ഐആറില്‍ പറയുന്നത് ഇങ്ങനെ: 2020 ഒക്ടോബര്‍ പത്തിന് ആലുവ സ്വദേശിനിയായ 32കാരിയായ യുവതി ബാദുഷയുടെ ഫഌറ്റില്‍ എത്തി. ഒരു കഥ പറയാനുണ്ടെന്ന് പറഞ്ഞാണ് യുവതി എത്തിയത്. ശേഷം നിരന്തരമായി ഫോണിലൂടെ ബന്ധപ്പെട്ടു. ശേഷം സൗഹൃദം സ്ഥാപിച്ച് യുവതി തന്റെ അശ്ലീല ചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ബാദുഷായ്ക്ക് അയച്ചു നല്‍കി. ഈ ചിത്രങ്ങളും ചാറ്റുകളും ഉപയോഗിച്ച് മറ്റൊരു സ്ത്രീ ബാദുഷയ്‌ക്കെതിരെ പരാതി നല്‍കണമെന്ന് ആവശ്യപ്പെട്ടെന്ന് യുവതി ബാദുഷയോട് പറഞ്ഞു.
തുടര്‍ന്ന് ആലുവ സ്വദേശിനി നാല് അഭിഭാഷകര്‍ക്കൊപ്പം ചേര്‍ന്ന് പാലാരിവട്ടത്തെ അഭിഭാഷക ഓഫീസിലേക്ക് ബാദുഷയെ വിളിച്ചു വരുത്തി. തുടര്‍ന്ന് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ചാറ്റുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നു കോടി ആവശ്യപ്പെട്ടു. തന്നില്ലെങ്കില്‍ പത്രസമ്മേളനം വിളിച്ച് ബാദുഷയെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ 2022 ഓഗസ്റ്റ് 31ന് ബാദുഷ അഭിഭാഷകരുടെ ഓഫീസില്‍ എത്തി. മൂന്നു കോടി നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. 1.25 കോടി നല്‍കണമെന്നും അഡ്വാന്‍സായി 10 ലക്ഷം കൊടുക്കണമെന്ന് പറഞ്ഞ് പ്രതികള്‍ ബാദുഷയെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പിടുവിക്കുകയും അന്ന് തന്നെ 10 ലക്ഷം വാങ്ങിയെടുക്കുകയും ചെയ്‌തെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചു. നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഘര്‍ഷത്തിനിടയില്‍ നിട്ടൂര്‍ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്.ഇയാളുടെ പരുക്ക് ഗുരുതരമല്ല.
ഇന്ന് വൈകീട്ട് നാലോടെയാണ് സംഭവം. തലശേരി സിറ്റി സെന്‍ററിനടുത്തുവച്ചാണ് ഇരുവർക്കും കുത്തേറ്റത്. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്നാണ് ഷമീർ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
ലഹരി വിൽപന ചൊദ്യം ചെയ്‌ത ഷമീറിന്റെ മകനെ ബുധനാഴ്‌ച ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്‌സൺ മർദ്ദിച്ചിരുന്നത്രേ. ഇവർ തമ്മിൽ വാഹനം വിറ്റത് സംബന്ധിച്ച തർക്കവും ഉണ്ടായിരുന്നത്രേ. മകനെ തല്ലിയത് ചോദ്യം ചെയ്യാനും പ്രശ്നങ്ങൾ പരിഹരിക്കാനിമാണ് ഖാലിദും ഷമീറും എത്തിയത്. എന്നാൽ സംസാരത്തിനിടയിൽ ജാക്സൺ ഖാലിദിനെ കുത്തുകയായിരുന്നു. തടയാൻ ശ്രമിക്കവെയാണ് ഷമീറിനെ ആക്രമിച്ചത്. ഖാലിദിനും ഷമീറിനും കഴുത്തിനും വയറിലുമാണ് കുത്തേറ്റത്. ഇവർക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
മലപ്പുറം വേങ്ങരയിലെ അധ്യാപികയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി 44 കാരനായ രാംദാസിനെയാണ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അധ്യാപികയെ വേങ്ങര കണ്ണമംഗലത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ച അധ്യാപികയുമായി രാംദാസിന് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. വേങ്ങര സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ് രാംദാസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതിയില്‍ നിന്നും നിരന്തരമായി അധ്യാപികയ്ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്തതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഡയറിക്കുറുപ്പുകളുടെയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേര്‍ന്നത്.
വേങ്ങര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 424/22 കേസിലാണ് അറസ്റ്റ്. സിആര്‍പിസി 174 ാം വകുപ്പ് പ്രകാരമാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഐപിസി 306 വകുപ്പ് ചേര്‍ത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
കുവൈത്തില്‍ നഴ്‌സായ യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സുഹൃത്തായിരുന്ന പത്തനംതിട്ട കോന്നി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് ദുബായില്‍ ജോലിചെയ്യുന്ന കോന്നി സ്വദേശിക്കെതിരേ ചിറ്റാര്‍ പോലീസ് കേസെടുത്തത്. കോന്നി സ്വദേശിയായ യുവാവ് സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും നഴ്‌സായ യുവതിയില്‍നിന്ന് ഇയാള്‍ ലക്ഷക്കണക്കിന് രൂപ കൈക്കലാക്കിയിട്ടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.
മൂന്നുവര്‍ഷം മുമ്പ് വിമാനത്താവളത്തില്‍വെച്ചാണ് യുവതി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് ഈ സൗഹൃദം പ്രണയത്തിലെത്തി. വിവാഹബന്ധം വേര്‍പിരിഞ്ഞ യുവതിയോട് താനും ഭാര്യയുമായി പിണങ്ങികഴിയുകയാണെന്നാണ് യുവാവ് പറഞ്ഞത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ബന്ധത്തില്‍ വിള്ളല്‍ വീണതോടെ യുവാവ് നഴ്‌സിനൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നാണ് പരാതി.
അടുത്തിടെ നാട്ടിലെത്തിയ യുവതി തിരികെ കുവൈത്തിലേക്ക് പോകുന്നതിനിടെ ദുബായിലെത്തി യുവാവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് ഉള്‍പ്പെടെ അയച്ചുനല്‍കിയത്. മകളെ വിവാഹം ചെയ്യില്ലെന്നും മറ്റൊരു വിവാഹത്തിന് അവസരം നല്‍കില്ലെന്നുമാണ് ഇയാളുടെ ഭീഷണിയെന്നും ലക്ഷക്കണക്കിന് രൂപ ഇയാള്‍ക്ക് മകള്‍ കൈമാറിയിട്ടുണ്ടെന്നും യുവതിയുടെ മാതാവ് പറഞ്ഞു.
അതേസമയം, ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം കഴിയുന്നയാളാണെന്ന് അറിഞ്ഞുതന്നെയാണ് യുവതി ഇയാളുമായി അടുപ്പത്തിലായതെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവത്തില്‍ യുവതിയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.