Crime

പാറശാല ഷാരോണ്‍ കൊലക്കേസിലെ പ്രതികളുടെ വീട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലായതിനാല്‍ തുടരന്വേഷണത്തില്‍ ആശയക്കുഴപ്പം. അന്വേഷണം പുരോഗമിക്കുന്നതിനിടെ നിയമോപദേശം തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്.

പാറശാല സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തുന്നതിനായി വിഷം കഷായത്തില്‍ കലര്‍ത്തി നല്‍കിയത് തമിഴ്നാട്ടിലായതിനാല്‍ തുടരന്വേഷണം എത്തരത്തിലാവണെ എന്നാണ് ആശയക്കുഴപ്പം.

കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി ഷാരോണിന് നല്‍കിയത്. പിന്നാലെ ആശുപത്രിയിലായ യുവാവ് ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലാണ്. തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ സ്ഥലം.

അതേസമയം, ഷാരോണിന്റെ മരണത്തിലെ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നല്‍കിയത് പാറശാല പോലീസിലാണ്. കേസ് അന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും കേരളാ പോലീസാണ്.

ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമപ്രശ്നങ്ങളുണ്ടോ, കേസ് തമിഴ്നാട് പോലീസിന് കൈമാറേണ്ടതുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷണസംഘം തേടുന്നത്. കേസില്‍ തമിഴ്നാട് പോലീസും കേരള പോലീസില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

കേസില്‍ പ്രതിചേര്‍ത്ത ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ചൊവ്വാഴ്ച പോലീസ് തെളിവെടുപ്പിനെത്തിച്ചു. ഷാരോണിന് കഷായം നല്‍കിയ കുപ്പി ഉള്‍പ്പെടെ  നിര്‍ണായക തെളിവുകള്‍ പോലീസ് കണ്ടെത്തി

പാറശ്ശാല സ്വദേശിയായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ്. മുഖ്യപ്രതിയായ ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഗ്രീഷ്മയുടെ അമ്മ സിന്ധു അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളെത്തിയതോടെ വന്‍ജനക്കൂട്ടം വീടിനു ചുറ്റും തടിച്ചികൂടിയിരുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് പോലീസം സംഘമെത്തിയത്.

മുഖ്യപ്രതി ഇല്ലാത്തതിനാല്‍ വീട്ടുവളപ്പിലാണ് തെളിവെടുപ്പ് നടത്തിയത്. വീടുപൂട്ടി സീല്‍ ചെയ്തിരിക്കുകയാണ് പോലീസ്. പ്രതിയായ നിര്‍മല്‍കുമാറുമായി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് സമീപത്തെത്തി കളനാശിനിയുടെ ഒഴിഞ്ഞ കുപ്പി കണ്ടെടുത്തു. ഈ കുപ്പിയിലെ കളനാശിനിയാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ കലര്‍ത്തിനല്‍കിയത്.

ഒഴിഞ്ഞ കുപ്പി ഉപേക്ഷിച്ച സ്ഥലവും ഉപേക്ഷിച്ച രീതിയും പ്രതി വിശദീകരിച്ചു. പിന്നീട് കുളത്തിന് സമീപത്തെ കാട്ടില്‍നിന്ന് കളനാശിനിയുടെ കുപ്പി പോലീസ് സംഘം കണ്ടെടുത്തു. വിഷക്കുപ്പി കണ്ടെടുത്തതിന് പിന്നാലെ ഗ്രീഷ്മയുടെ വീടിന്റെ പുറകുഭാഗത്തേക്കാണ് പ്രതികളെ കൊണ്ടുപോയത്. ഉപേക്ഷിച്ച കളനാശിനി കുപ്പിയുടെ ലേബല്‍ ഇവിടെനിന്ന് കണ്ടെത്തി. കുപ്പി ഉപേക്ഷിക്കുന്നതിന് മുമ്പ് കുപ്പിക്ക് പുറത്തെ ലേബല്‍ വലിച്ചുകീറി ഉപേക്ഷിച്ചെന്ന് പ്രതികള്‍ പറഞ്ഞിരുന്നു.

വീടിന് പുറകിലുള്ള ഷെഡ്ഡിലും തെളിവെടുപ്പ് നടന്നു. കളനാശിനി കുപ്പി നേരത്തെ സൂക്ഷിച്ചിരുന്ന സ്ഥലം പ്രതികള്‍ പോലീസിന് കാണിച്ചുനല്‍കി. ഇവിടെനിന്ന് മറ്റുചില പ്ലാസ്റ്റിക് കുപ്പികളും പച്ചനിറത്തിലുള്ള ദ്രാവകം നിറച്ച കുപ്പിയും പോലീസ് കണ്ടെത്തി. ഇതും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

തിരുവനന്തപുരത്തെ മ്യൂസിയം പരിസരത്ത് പ്രഭാതസവാരിയ്ക്ക് ഇറങ്ങിയ യുവതിക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സംസ്ഥാന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവറാണ് പോലീസ് കസ്റ്റഡിയിലെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ മലയന്‍കീഴ് സ്വദേശിയാണെന്നാണ് സൂചന. കന്റോണ്‍മെന്റ് പോലീസാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്ത് വെച്ച് യുവതിയ്ക്കെതിരേ അതിക്രമം ഉണ്ടാകുന്നത്. ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതില്‍ പോലീസിനെതിരെ വിമര്‍ശനങ്ങളുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് കുറവന്‍കോണത്ത് വീട്ടില്‍ ഒരാള്‍ അതിക്രമിച്ചു കയറി എന്ന വാര്‍ത്ത വന്നത്. ഇതേ ആള്‍ തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് അതിക്രമത്തിന് ഇരയായ യുവതിയും പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് ഇത് നിഷേധിക്കുകയായിരുന്നു.

പിന്നീട് കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രണ്ടും ഒരാള്‍ തന്നെയാണ് എന്ന് ഒടുവില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇറാനിൽ വീണ്ടും കസ്റ്റഡി മരണം. സെലിബ്രിറ്റി ഷെഫ് ആയ മെഹർഷാദ് ശാഹിദിയെ ഇറാൻ പൊലീസ് അടിച്ചു കൊന്നു. ഹിജാബ് വി​രുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത ശാഹിദിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കസ്റ്റഡിയിലിരിക്കെ തലക്ക് ക്ഷതമേറ്റാണ് ശാഹിദി മരിച്ചതെന്ന് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ശാഹിദിയുടെ മരണത്തിൽ ഉത്തരവാദികളല്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഹൃദയാഘാതം മൂലമാണ് ശാഹിദി മരിച്ചതെന്ന് പറയാൻ പൊലീസ് സമ്മർദം ചെലുത്തുന്നതായി ശാഹിദിയുടെ മാതാപിതാക്കളും പറഞ്ഞു.

മർദനമേറ്റതിന്റെ പാടുകളോ ക്ഷതങ്ങളോ ഒന്നും ശാഹിദിയുടെ ശരീരത്തിലുണ്ടായിരുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അബ്ദുൽ മെഹ്ദി മൂസഫി പറഞ്ഞു. ശനിയാഴ്ച ശാഹിദിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പതിനായിരക്കണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

ഇറാനിലെ ജാമി ഒലിവർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മെഹർഷാദ് ശാഹിദിയുടെ ഇരുപതാം പിറന്നാളിന്റെ തലേ ദിവസമായിരുന്നു പൊലീസിന്റെ ക്രൂരത.

ഹിജാബിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെയാണ് ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായത്. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാൻ ഇത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയാവുന്നത്.

സെപ്റ്റംബർ 13 നാണ് കുർദിസ്താനിൽനിന്ന് കുടുംബത്തോടൊപ്പം ടെഹ്‌റാനിലേക്ക് പോവുകയായിരുന്ന മഹ്‌സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്സയെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത് മൂന്ന് ദിവസത്തിന് ശേഷം അവളുടെ ജീവനറ്റ ശരീരമാണ് കുടുംബത്തിന് ലഭിച്ചത്.

ഹൃദയാഘാതം മൂലമാണ് മഹ്സ മരിച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാൽ, കസ്റ്റഡിയിൽ മഹ്സ അതിക്രൂരതകൾ നേരിട്ടെന്ന് കുടുംബം പറയുന്നു. അവളെ തെരുവിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. വാഹനത്തിൽ വെച്ചും റോഡിൽ വെച്ചും മഹ്സയയെ പൊലീസ് മർദിച്ചുവന്ന് കുടുംബം പറഞ്ഞു. അവൾക്ക് ഹൃദയ സംബന്ധമായ യാതൊരു അസുഖങ്ങളുമില്ലെന്നും പൊലീസ് മഹ്സിയയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കുടുംബത്തിന്റെ ആരോപണം.

പാറശാലയില്‍ ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തു. അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയൊണ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം ഗ്രീഷ്മയ്‌ക്കെതിരെ ആത്മഹത്യാ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
ഗ്രീഷ്മ ഒറ്റക്കല്ല ഇത് ചെയ്തതെന്ന് നേരത്തെ തന്നെ ഷാരോണിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ഒറ്റക്കാണ് ഇത് ചെയ്തതെന്ന് ഗ്രീഷ്മ വെളിപ്പെടുത്തിയിരുന്നു. തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ കയ്യിലുണ്ടെന്നും അത് പ്രതിശ്രുത വരന് അയാള്‍ അയച്ച് കൊടുത്തേക്കുമെന്നും ഭയന്നാണ് താന്‍ ഇങ്ങനെ ചെയതതെന്നാണ് ഗ്രീഷ്മ പറഞ്ഞത്. എന്നാല്‍ ആരുടെയെങ്കിലും സഹായം കിട്ടാതെ ഗ്രീഷ്മക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയില്ലന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് അമ്മയെയും അമ്മാവനയെും കസ്റ്റഡിയിലെടുക്കാന്‍ തിരുമാനിച്ചത്.

നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ വച്ച് നടത്തിയ ആത്മഹത്യ ശ്രമത്തെത്തുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അത് കൊണ്ട് ഇന്ന് അന്വേഷണ സംഘം ഗ്രീഷ്മയില്‍ നിന്ന് തെളിവെടുത്തില്ല. ഗ്രീഷ്മ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

 

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചു. 56 ശരീര അവശിഷ്ടങ്ങളില്‍ ഒന്നിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നാണ് ഡിഎന്‍എ ലഭിച്ചത്. മുഴുവന്‍ ഡിഎന്‍എ ഫലവും ലഭ്യമായാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.

പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം എപ്പോള്‍ വിട്ടുകിട്ടുമെന്ന കാര്യം ആരും അറിയിക്കുന്നില്ലെന്ന് പറഞ്ഞ കുടുംബം സര്‍ക്കാരിനെയും വിമര്‍ശിച്ചു. സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും കിട്ടുന്നില്ല. ദിവസവും പൊലീസ് സ്റ്റേഷനില്‍ കയറി ഇറങ്ങുകയാണെന്നും മകന്‍ പറഞ്ഞു.

അതേസമയം ലൈല നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ഇന്ന് വിധി പറയും. കൊലപാതകത്തില്‍ തനിക്ക് നേരിട്ടോ അല്ലാതെയോ പങ്കില്ലെന്നും തനിക്കെതിരെയുള്ള തെളിവുകള്‍ പൊലീസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യ ഹര്‍ജിയില്‍ ലൈല പറയുന്നു.

പത്മ കേസില്‍ തന്നെ 12 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്തെന്നും ഇനി കസ്റ്റഡി ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിയുടെ ഹര്‍ജിയിലുണ്ട്.

ഷോപ്പിംഗ് മാളിൽ നിന്ന് ചോക്കലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായതിൽ മനംനൊന്ത് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. ആലിപുർദ്വാർ ജില്ലയിലെ ജയ്ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് മൂന്നാംവർഷ ബിരുദ വിദ്യാർഥിനി ജീവനൊടുക്കിയത്. വീട്ടിലെ മുറിയിൽ ആണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെപ്റ്റംബർ 29-ന് സഹോദരിയോടൊപ്പം പെൺകുട്ടി സമീപത്തെ ഷോപ്പിങ് മാളിൽ പോയിരുന്നു.

അവിടെനിന്ന് ചോക്കലേറ്റ് മോഷ്ടിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് പെൺകുട്ടി പിടിയിലായത്. ശേഷം, പെൺകുട്ടി ചോക്കലേറ്റിന്റെ പണം നൽകുകയും കടയുടമകളോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ കടയിൽ ഉണ്ടായിരുന്ന ആളുകൾ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. നിമിഷ നേരംകൊണ്ട് വീഡിയോ വൈറലായി.

ഇതിൽ മാനക്കേട് ഭയന്നാണ് മകൾ ജീവനൊടുക്കിയതെന്ന് പിതാവ് പറഞ്ഞു. പെൺകുട്ടി ജീവനൊടുക്കിയതിന് പിന്നാലെ പ്രദേശവാസികൾ ഷോപ്പിങ് മാളിനു പുറത്ത് പ്രതിഷേധവുമായി രംഗത്തെത്തി. വീഡിയോ ചിത്രീകരിച്ച് ഓൺലൈനിൽ പങ്കുവെച്ചവർക്കതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ചേർത്തല പള്ളിപ്പുറം തിരുനല്ലൂരിലെ ആളൊഴിഞ്ഞ പുരയിടത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡ് കരിയിൽ അനന്തകൃഷ്ണൻ (കിച്ചു-23), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശിനി ഷിബുവിന്റെ മകളും പ്ലസ് ടു വിദ്യാർഥിനിയുമായ എലിസബത്ത് (17) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാതി ഏഴുമണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്തിനെ തറയിൽ കിടക്കുന്ന അവസ്ഥയിലുമാണ് കണ്ടെത്തിയത്. സ്‌കൂളിൽ പെൺകുട്ടി പരീക്ഷയ്ക്ക് എത്തിയില്ലെന്ന വിവരം സ്‌കൂൾ അധികൃതർ വിളിച്ച് അറിയിച്ചപ്പോഴാണ് വീട്ടുകാരും വിവരം അറിഞ്ഞത്.

ശേഷം, മകളെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആളൊഴിഞ്ഞ കൊപ്ര ഷെഡിൽ മൃതദേഹങ്ങൾ കണ്ടത്. ഫാബ്രിക്കേഷൻ ജീവനക്കാരനാണ് അനന്തകൃഷണൻ. ജീജയാണ് അമ്മ. പരേതയായ ബിന്ദുവാണ് എലിസബത്തിന്റെ അമ്മ.

ശുചിമുറിയിലെ ലൈസോള്‍ കുടിച്ച് ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ചയെന്ന് സൂചന. ഇവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് റൂറല്‍ എസ്പി ഡി ശില്‍പ പ്രതികരിച്ചു.

ഇതിനിടെ ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാനായി ഗ്രീഷ്മ നടത്തിയ നാടകമാണ് ലൈസോള്‍ കുടിച്ച സംഭവമെന്നും സൂചനയുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍ കൂടുതല്‍ സമയം ചോദ്യം ചെയ്യലില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതിയാകാം നീക്കമെന്നും സംശയമുണ്ട്. എന്നാല്‍ ആശുപത്രിയിലെത്തിച്ച് ഛര്‍ദ്ദിക്കാനുള്ള മരുന്ന് നല്‍കിയതോടെ പെണ്‍കുട്ടി സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്.

അതേസമയം, ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും റൂറല്‍ എസ്പി ഡി ശില്‍പ വ്യക്തമാക്കി. സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാലു വനിതാ പൊലീസുകാരുടെ സംരക്ഷണയിലായിരുന്നു ഗ്രീഷ്മ.

സുരക്ഷാ പരിശോധന നടത്തിയ ശുചിമുറി ആയിരുന്നു ഗ്രീഷ്മയ്ക്ക് ഉപയോഗിക്കാനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് അല്ല ഗ്രീഷ്മ ഉപയോഗിച്ചത്. പോലീസുകാര്‍ മറ്റൊരു ശുചിമുറിയില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ ലഭിക്കും.

വിദ്യാര്‍ത്ഥിയായ ഷാരോണിനെ വധിച്ച കേസിലെ പ്രതി ഗ്രീഷ്മ പോലീസിന് നല്‍കിയ മൊഴി ഞെട്ടിക്കുന്നത്. ഷാരോണിനോടുള്ള വൈരാഗ്യമാണ് വിഷം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഗ്രീഷ്മയുടെ മൊഴി.

ഷാരോണിന്റെ പക്കല്‍ തന്റെ സ്വകാര്യ ചിത്രങ്ങളുണ്ടായിരുന്നുവെന്നും ഇത് പലതവണ തിരികെ ചോദിച്ചിട്ടും ഷാരോണ്‍ നല്‍കിയിരുന്നില്ല. ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ഷാരോണ്‍ തയ്യാറായില്ല. ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നിരുന്നെന്നും ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. ആത്മഹത്യാ ഭീഷണി ഉള്‍പ്പെടെ മുഴക്കിയിട്ടും ഷാരോണ്‍ വഴങ്ങിയില്ല. ഇതോടെയാണ് ക്രൂരമായ കൊലപാതകത്തിന് ഗ്രീഷ്മ പദ്ധതിയിട്ടത്.

കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ മറ്റൊരു യുവതി എന്നിവരെ പോലീസ് കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. റൂറല്‍ എസ്പി ഓഫീസിലെ ചോദ്യംചെയ്യലിന് ശേഷം ഇവരെ നാലിടങ്ങളിലായാണ് ചോദ്യം ചെയ്തത്.

ഒരാളെ റൂറല്‍ എസ്പി ഓഫീസിലും മറ്റുള്ളവരെ വട്ടപ്പാറ, വെഞ്ഞാറമൂട്, അരുവിക്കര പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ചുമാണ് ചോദ്യംചെയ്തത്. ഈ നാലുപേരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന.

അതുകൊണ്ട് ഇവരെ തിങ്കളാഴ്ച വിശദമായി ചോദ്യംചെയ്ത് പോലീസ് തുടര്‍നടപടികളിലേക്ക് കടന്നേക്കും. ഇതിനിടെ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ രാമവര്‍മന്‍ചിറയിലെ ഗ്രീഷ്മയുടെ വീടിന് നേരേ കല്ലേറുണ്ടായി. അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് അജ്ഞാതര്‍ ആക്രമിച്ചത്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved