Crime

നവജാത ശിശുവിന്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് പിടിയിൽ. മലപ്പുറം ജില്ലയിലെ തിരൂർ കന്മനം ചെനക്കൽ ഇരിങ്ങാവൂരിലെ 29-കാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഡോക്ടർമാർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റു നടപടികളിലേക്ക് കടക്കാനാവൂ എന്നും പോലീസ് പ്രതികരിച്ചു.

പ്രതിയായ യുവതി വെള്ളിയാഴ്ചയാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് കുഞ്ഞിന്റെ വായ മൂടിക്കെട്ടി അലമാരയിൽ ഒളിപ്പിച്ച ശേഷം ഞായറാഴ്ച രാവിലെ വീട്ടിലെ മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് മൃതദേഹം കത്തിക്കുകയായിരുന്നു. മഴ പെയ്തതുകാരണം മൃതദേഹം പൂർണമായി കത്തിയില്ല. തുടർന്ന് മൃതദേഹം നായ്ക്കൾ കടിച്ചുകീറുകയും കുഴിയിൽ നിന്നു ദുർഗന്ധം വമിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പങ്ക് മനസിലായതെന്ന് പോലീസ് പറഞ്ഞു.

താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.കന്മനത്താണ് നായകൾ കടിച്ചുകീറിയ നിലയിൽ നവജാത ശിശുവിന്റെ മൃതശരീരം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്താണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൽപ്പകഞ്ചേരി പോലീസെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. ഗൾഫിലുള്ള ഭർത്താവുമായി നിരന്തരം പ്രശ്‌നങ്ങൾ തുടരവേയാണ് പുതിയ കുഞ്ഞിന്റെ ജനനമെന്ന് പറയുന്നു.

ബെംഗളൂരുവില്‍ മലയാളി യുവതിയെ ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗംചെയ്തു. വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക്സിറ്റിക്ക് സമീപത്താണ് സംഭവം. യുവതിയുടെ പരാതിയില്‍ ബൈക്ക് ടാക്‌സിയായ ‘റാപ്പിഡോ’യിലെ ഡ്രൈവര്‍ അറഫാത്ത് (22), സുഹൃത്തുക്കളായ ഷഹാബുദ്ദീന്‍ (23), പശ്ചിമബംഗാള്‍ സ്വദേശിനി (22) എന്നിവരെ ഇലക്ട്രോണിക്സിറ്റി പോലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന 23കാരിയാണ് ബലാത്സംഗത്തിനിരയായത്.

വെള്ളിയാഴ്ച രാത്രി ബി.ടി.എം. ലേഔട്ടില്‍നിന്ന് ഇലക്ട്രോണിക് സിറ്റി നീലാദ്രിനഗറിലുള്ള സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക്‌ചെയ്തത്. യാത്രാമധ്യേ അറഫാത്ത് സുഹൃത്തായ ഷഹാബുദ്ദീനെ ഫോണില്‍ ബന്ധപ്പെട്ട് യുവതിയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ടു. തുടര്‍ന്ന് യുവതിയെ അറഫാത്തിന്റെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി പോകാനിരുന്ന സ്ഥലത്തിനടുത്തുതന്നെയായിരുന്നു പെണ്‍സുഹൃത്തിന്റെ വീട്. വിവരം പുറത്തുപറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി.

പിറ്റേദിവസം, രാവിലെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതി  പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബൈക്ക് ബുക്ക്‌ചെയ്ത വിവരംവെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.

എസ് എന്‍ ഡി പി യോഗം ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രതിയാക്കാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. ആലപ്പുഴ ഫസ്റ്റ്ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. മഹേശന്റെ കുടുംബം നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. എസ് എന്‍ ഡി പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്‍. വെള്ളാപ്പള്ളിയുടെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രതിപ്പട്ടികയിലുണ്ട്.

വെള്ളാപ്പള്ളിക്കും മകനുമെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ടുളള പ്രശ്‌നങ്ങളിലാണ് കെ കെ മഹേശന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുബം പറയുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് എഴുതി വച്ച കത്തില്‍ വെള്ളാപ്പള്ളിക്കെതിരെയും തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും കടുത്ത ആരോപണങ്ങളാണ് കെ കെ മഹേശന്‍ ഉയര്‍ത്തിയിരുന്നത്.

 

2020 ജൂലൈ 24 നാണ് കണിച്ചുകുളങ്ങരയിലെ എസ് എന്‍ ഡി പി ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ മഹേശനെ കണ്ടെത്തിയത്. വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും മാനസികമായി പീഡിപ്പിച്ചത് കൊണ്ടാണ് മഹേശന്‍ ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു നടന്ന നിരവധി ക്രമക്കേടുകളില്‍ വെള്ളാപ്പള്ളി നടേശന് പങ്കാളിത്തമുണ്ടന്നും, അതെല്ലാം തന്റെ തലയില്‍ കെട്ടിവയ്കാന്‍ വെളളാപ്പള്ളി കുടുബം ശ്രമിക്കുകയാണെന്നും മരിച്ച മഹേശന്‍ തന്റെ വീട്ടുകാരോട് പറഞ്ഞിരുന്നുവെന്നാണ് അവര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

അമ്മയെയും കുഞ്ഞിനെയും 11 വർഷങ്ങൾക്ക് മുൻപ് കാണാതായ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ഊരുട്ടമ്പലം സ്വദേശി വിദ്യയും (ദിവ്യ) മകൾ ഗൗരിയുമാണു കൊല്ലപ്പെട്ടത്. വിദ്യയുടെ പങ്കാളി മാഹിൻ കണ്ണ് കുറ്റസമ്മതം നടത്തി. കടലിൽ തള്ളിയിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നു മാഹിൻ കണ്ണ് പൊലീസിനോടു സമ്മതിച്ചു. മാഹിൻ കണ്ണിന്റെ ഭാര്യയ്ക്കും സംഭവത്തെക്കുറിച്ച് അറിയാമായിരുന്നെന്നു പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

2011 ഓഗസ്റ്റ് 18നാണ് വിദ്യയെയും മകൾ ഗൗരിയെയും കാണാതാകുന്നത്. പൂവാർ സ്വദേശിയായ മാഹിൻ കണ്ണ് മത്സ്യവ്യാപാരിയായിരുന്നു. 2008ലാണ് ചന്തയിൽ കച്ചവടത്തിന് എത്തിയ മാഹിൻകണ്ണ് വിദ്യയുമായി ഇഷ്ടത്തിലാകുന്നത്. ഒരുമിച്ചു താമസിക്കുന്നതിനിടെ വിദ്യ ഗർഭിണിയായി. കല്യാണം കഴിക്കാൻ വിദ്യയും കുടുംബവും തുടക്കം മുതൽ നിർബന്ധിച്ചെങ്കിലും മാഹിൻകണ്ണ് തയാറായിരുന്നില്ല. ഗർഭിണിയായതോടെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യ സമ്മർദം ശക്തമാക്കി. ഇതിനിടെ മാഹീൻ കണ്ണ് വിദേശത്തേക്കു പോയി. നിർമാണ തൊഴിലാളിയായ വിദ്യയുടെ അച്ഛൻ കൂലിപ്പണി ചെയ്താണു കുടുംബം നോക്കിയിരുന്നത്. കുഞ്ഞിന് ഒരു വയസായപ്പോൾ മാഹിൻകണ്ണ് നാട്ടിലേക്കു തിരിച്ചു വന്നു. ഒരു സുഹൃത്ത് പറഞ്ഞാണ് മാഹിൻകണ്ണ് നാട്ടിലെത്തിയവിവരം വിദ്യ അറിയുന്നത്. മാഹിൻകണ്ണിനെ വിദ്യ നിർബന്ധിച്ച് വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.

മാഹിൻകണ്ണ് വീട്ടിലുള്ളപ്പോഴാണ് ഭാര്യയായ റുഖിയയുടെ ഫോൺ വരുന്നത്. മാഹിൻകണ്ണ് വിവാഹിതനാണെന്ന കാര്യം വിദ്യ മനസിലാക്കിയത് അപ്പോഴാണ്. ഇതേച്ചൊല്ലി ഇരുവരും നിരന്തരം വഴക്കിലായി. കാണാതാകുന്ന ദിവസം വിദ്യയും മകളും വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന സഹോദരി ശരണ്യയുമാണു വീട്ടിലുണ്ടായിരുന്നത്. വിദ്യയുടെ അമ്മ രാധ, ഭർത്താവിന്റെ ചിറയിൻകീഴിലെ ജോലി സ്ഥലത്ത് പണം വാങ്ങാൻ പോയിരിക്കുകയായിരുന്നു. വിദ്യ ഫോണിൽ വിളിച്ചു രണ്ടര വയസ്സുകാരിയായ മകൾക്കും മാഹിൻകണ്ണിനോടൊപ്പം വൈകിട്ട് പുറത്തേക്കു പോകുകയാണെന്ന് അറിയിച്ചു. വിദ്യ തിരിച്ചെത്താത്തതിനെതുടർന്ന് കുടുംബം പൂവാർ സ്റ്റേഷനിൽ പരാതി നൽകി. വിദ്യയെയും മകളെയും വേളാങ്കണ്ണിയിലുള്ള സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണു മാഹിന്‍കണ്ണ് പൊലീസിനോട് പറഞ്ഞത്. ഇരുവരെയും കൂട്ടിക്കൊണ്ട് വരാമെന്നു പറഞ്ഞതോടെ മാഹിൻകണ്ണിനെ പൂവാർ പൊലീസ് വിട്ടയച്ചു. പീന്നീട് പൊലീസ് കേസ് അന്വേഷിച്ചില്ല.

വിദേശത്തേക്കു പോയ മാഹിൻ കണ്ണ് പിന്നീട് നാട്ടിൽ തിരിച്ചെത്തി പൂവാറിൽ സ്ഥിരതാമസമാക്കി. മകളെ കാണാതായ വിഷമത്തിൽ പിതാവ് ജയചന്ദ്രൻ ആത്മഹത്യ ചെയ്തു. 2019ൽ കാണാതായവരുടെ കേസുകൾ പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചപ്പോൾ കേസ് പ്രത്യേക സംഘം ഏറ്റെടുത്തു. വിദ്യയെ അറിയില്ലെന്നായിരുന്നു അദ്യം മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് തെളിവുകൾ നിരത്തിയപ്പോൾ വിദ്യയെ അറിയാമെന്നും ഓട്ടോയിൽ തമിഴ്നാട്ടിൽ ആക്കിയെന്നും പറഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണു കുറ്റസമ്മതം നടത്തിയത്. വിദ്യയെയും മകളെയും കാണാതായി രണ്ടു ദിവസത്തിനുശേഷം ഇരുവരുടെയും മൃതദേഹം തമിഴ്നാട്ടിലെ കുളച്ചൽ ഭാഗത്ത് തീരത്തടിഞ്ഞിരുന്നു. എന്നാൽ, ആദ്യത്തെ അന്വേഷണ സംഘം ഇക്കാര്യങ്ങളൊന്നും പരിശോധിച്ചില്ല. ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനു ഗുരുതരമായ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചിരുന്നു. പരാതി നൽകുമ്പോൾ പൂവാർ സ്റ്റേഷനിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടിരുന്നതായി കുടുംബം പറയുന്നു.

തേങ്ങാപ്പട്ടണത്തുനിന്നാണ് വിദ്യയുടെ മൃതദേഹം കിട്ടിയത്. കുളച്ചൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണു മകളുടെ മൃതദേഹം കിട്ടിയത്. പുതുക്കട പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തിയാൽ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്കു വിവരം കൈമാറും. ആദ്യം കേസ് അന്വേഷിച്ച പൂവാർ പൊലീസ് ഇത്തരം വിവരങ്ങൾക്കു പുറകെ പോയില്ല. ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തശേഷം മാഹിൻകണ്ണിനെ ചോദ്യം ചെയ്തു.

വിദ്യയെയും മകളെയും തമിഴ്നാട്ടിലാക്കിയെന്നും ആത്മഹത്യ ചെയ്തോ എന്നറിയില്ലെന്നും മാഹിൻകണ്ണ് പൊലീസിനോട് പറഞ്ഞു. പൊലീസ് ഫോൺ രേഖ ഉൾപ്പെടെയുള്ള തെളിവുകൾ നിരത്തിയതോടെ മാഹിൻകണ്ണ് കുറ്റം സമ്മതിച്ചു. മാഹിൻകണ്ണിന്റെ ഭാര്യ റുഖിയയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്നു പൊലീസ് പറയുന്നു. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നു മനസിലാക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രവാസിയായ ഭര്‍ത്താവ് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയപ്പോള്‍ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ 29 വയസുള്ള മകളാണ് 23 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.

ഭര്‍ത്താവിനെയും 9 വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് കാമുകനോടൊപ്പം വിട്ടയച്ചു. യുവതിയുടെ ഭര്‍ത്താവ് 5 ദിവസം മുന്‍പ് വിദേശത്ത് നിന്ന് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയിരുന്നു.

ഭര്‍ത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത കല്ലമ്പലം പോലീസ് യുവതിയുടെ താത്പര്യ പ്രകാരം കാമുകനൊപ്പം വിട്ടയയ്ക്കുകയായിരുന്നു. പണവും സ്വര്‍ണ്ണാഭരണങ്ങളുമടക്കം വന്‍ സാമ്പത്തിക തട്ടിപ്പ് കാമുകനുമായി ചേര്‍ന്ന് യുവതി നടത്തിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

പത്തനംതിട്ടയിൽ മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് 107 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും വിധിച്ചത്.

കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം സ്വഭവനത്തിൽ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. പിതാവിന്റെ അക്രമങ്ങളെ തുടർന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയ്യാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. ക്രൂരമായ പീഢനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്.

സ്കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയും പോക്സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഢനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാൽ പ്രതി പരോൾ പോലും അർഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയിൽ പറഞ്ഞു.

ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മുക്തമായിട്ടില്ല ഡല്‍ഹി. അതിനിടെ സമാനസ്വഭാവത്തിലുള്ള മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച്. മകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും മൃതദേഹം മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവമാണ് പോലീസ് വെളിച്ചത്തുകൊണ്ടുവന്നത്.

കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലെ താമസക്കാരിയായ പൂനം എന്ന സ്ത്രീയാണ് ഭര്‍ത്താവ് അഞ്ജന്‍ ദാസിനെ മകന്‍ ദീപക്കിന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. പൂനത്തിന്റെ ആദ്യഭര്‍ത്താവിലുള്ള മകനാണ് ദീപക്. കൊലയ്ക്കു ശേഷം അഞ്ജന്റെ മൃതദേഹം പത്തുകഷണങ്ങളാക്കി മുറിച്ച് പോളിത്തീന്‍ ബാഗുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. പൂനത്തെയും ദീപക്കിനെയും ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

പൂനത്തിന്റെ സ്വര്‍ണം അഞ്ജന്‍ദാസ് വില്‍ക്കുകയും ആ പണം അദ്ദേഹത്തിന്റെ ആദ്യഭാര്യയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എട്ടുമക്കള്‍ക്കൊപ്പം ബിഹാറിലാണ് അഞ്ജന്റെ ആദ്യഭാര്യ താമസിക്കുന്നത്. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അഞ്ജനെ കൊലപ്പെടുത്താന്‍ പൂനം ദീപക്കുമായി ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു. ആദ്യഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് 2017-ലാണ് പൂനം അഞ്ജനൊപ്പം ജീവിക്കാന്‍ ആരംഭിച്ചത്. തന്റെ ഭാര്യയോട് അഞ്ജന്‍ മോശമായി പെരുമാറിയിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്താനുള്ള പൂനത്തിന്റെ പദ്ധതിയില്‍ പങ്കാളിയായതെന്നും ദീപക് പോലീസിനോടു പറഞ്ഞു.

ജൂണ്‍മാസത്തിലാണ് അഞ്ജനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. പ്രതികള്‍ അഞ്ജന് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നെന്നും ബോധരഹിതനായതിന് പിന്നാലെ കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. ശേഷം പ്രതികള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ഉപേക്ഷിച്ച മൃതദേഹഭാഗങ്ങളില്‍ ആറെണ്ണം ഇതുവരെ കണ്ടെത്തിയതായി
പോലീസ് പറഞ്ഞു.

ജൂണില്‍ പാണ്ഡവ് നഗറില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് കൊലപാതക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ശരീരഭാഗങ്ങള്‍ അഴുകിയിരുന്നതിനാല്‍ അന്വേഷണം ഏറെയൊന്നും മുന്നോട്ടുപോയിരുന്നില്ല. തുടര്‍ന്ന് നവംബര്‍ ആദ്യം ശ്രദ്ധയുടെ കൊലപാതകം പുറത്തുവന്നതോടെ പാണ്ഡവ് നഗറില്‍നിന്ന് ലഭിച്ച മൃതദേഹഭാഗം ശ്രദ്ധയുടേതാണോ എന്നറിയാന്‍ വീണ്ടും പരിശോധന നടത്തി. എന്നാല്‍ അവ ഒരു പുരുഷന്റേതാണെന്ന കാര്യം വ്യക്തമായി. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്ത പാണ്ഡവ്‌നഗറിനു സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. അപ്പോഴാണ് പൂനവും ദീപക്കും പലരാത്രികളില്‍ പ്രദേശത്ത് വന്ന കാര്യം വ്യക്തമായത്. ദീപക്ക് ബാഗുമായി പോകുന്നതും പൂനം പിന്നാലെ പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പ്രദേശവാസിയായ അഞ്ജന്‍ദാസിനെ ഏകദേശം ആറുമാസമായി കാണാനില്ലെന്ന് വ്യക്തമായി. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുമില്ല. ഇതിനു പിന്നാലെ ദീപക്കിനെയും പൂനത്തെയും പോലീസ് ചോദ്യം ചെയ്യുകയും ഇവര്‍ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ മക്കളോട് അഞ്ജന് മോശം സമീപനമായിരുന്നു ഉണ്ടായിരുന്നതെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും പൂനം മാധ്യമങ്ങളോടു പ്രതികരിച്ചു. ദീപക്കാണ് കത്തികൊണ്ട് അഞ്ജനെ കൊലപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നാരകക്കാനത്ത് വീട്ടമ്മയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി പിടിയില്‍. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയുടെ മരണത്തില്‍ അയല്‍വാസിയായ വെട്ടിയാങ്കല്‍ തോമസ് വര്‍ഗീസ്(സജി) ആണ് അറസ്റ്റിലായത്. മോഷണശ്രമം തടഞ്ഞപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി. ചിന്നമ്മയെ ജീവനോടെയാണ് പ്രതി കത്തിച്ചു കൊലപ്പെടുത്തിയത്.

ഇയാള്‍ വീട്ടില്‍ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചിരുന്നു. കമ്പത്ത് നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്. കുമ്പിടിയാമ്മാക്കല്‍ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ ആന്റണി (66) യെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുറികളില്‍ പലയിടങ്ങളിലും രക്തകറകള്‍ കണ്ടെത്തിയതും തീ പടര്‍ന്ന് വീടിനോ വസ്തുവകകള്‍ക്കോ നാശം സംഭവിക്കാതിരുന്നതും ആസൂത്രിതമായ കൊലപാതകത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് സംശയിച്ചിരുന്നു.

സംഭവദിവസം തന്നെ വീടിനുള്ളില്‍ രക്തത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നതിനാല്‍ കൊലപാതക സാധ്യ കണക്കിലെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. സംഭവസമയം ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകളാണ് ചിന്നമ്മയെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ആദ്യം കണ്ടെത്തിയത്.

ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തലയോട്ടിയും കാലുകളുടെ ഭാഗങ്ങളും മാത്രമാണ് അവശേഷിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപം പാചക വാതക സലിണ്ടര്‍ മറിഞ്ഞ് കിടക്കുകയായിരുന്നു. സിലിണ്ടറിന്റെ ഹോസ് ഊരിയ നിലയിലായിരുന്നു. തീ പിടിച്ച് മറ്റ് വസ്തുക്കളൊന്നും കത്തിയതായി കണ്ടില്ല. തറയിലും, ഭിത്തിയിലും അങ്ങിങ്ങായി രക്തക്കറകള്‍ കണ്ടെത്തിയിരുന്നു.

തന്നെ ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന സോളര്‍ കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ ഡ്രൈവര്‍ വിനുവിനെതിരെയാണ് സരിതയുടെ പരാതി. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.

രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് കീമോ തെറോപ്പിക്ക് വിധേയയായതായും മുടി പൂര്‍ണമായി നഷ്ടമായതായും സരിത പറയുന്നു. ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. പിന്നീട് ചികില്‍സയിലൂടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ഇടതു കാലിന്റെ സ്പര്‍ശന ശേഷി നഷ്ടപ്പെട്ടു. ഇപ്പോള്‍ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണെന്നും സരിത പറഞ്ഞു.

രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികില്‍സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറഞ്ഞു. രക്തത്തില്‍ അമിത അളവില്‍ ആഴ്‌സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു.

എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു.

കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ച് വിനു കുമാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പിറ്റേന്നു മുതല്‍ ജോലിക്കു വരേണ്ടെന്ന് വിനു കുമാറിനോട് പറഞ്ഞുവെന്നും സരിത വെളിപ്പെടുത്തി. ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡിക്കല്‍ റിസള്‍ട്ടും കിട്ടിയശേഷമാണ് സരിത ക്രൈംബ്രാഞ്ചിനെ സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.

ഇടുക്കിയില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. നാരകക്കാനം സ്വദേശി ചിന്നമ്മയുടെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെത്തിയത്. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകുന്നേരമാണ് വീട്ടമ്മയുടെ മൃതദേഹം വീടിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ടുവന്ന ചെറുമകളാണ് ആദ്യം മൃതദേഹം കണ്ടത്. ഈ സമയം മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. ആദ്യം മരണത്തില്‍ ആരും ദുരൂഹത ഉന്നയിച്ചിരുന്നില്ല. എന്നാല്‍ പൊലീസും ഫൊറന്‍സിക് വിദഗ്ധരും നടത്തിയ പരിശോധനയിലാണ് ശരീരത്തിലും വീട്ടിലെ മറ്റ് മുറികളിലും രക്തക്കറയുടെ സാന്നിധ്യം കണ്ടെത്തിയത്.

ചിന്നമ്മയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved