നവജാത ശിശുവിന്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് പിടിയിൽ. മലപ്പുറം ജില്ലയിലെ തിരൂർ കന്മനം ചെനക്കൽ ഇരിങ്ങാവൂരിലെ 29-കാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഡോക്ടർമാർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റു നടപടികളിലേക്ക് കടക്കാനാവൂ എന്നും പോലീസ് പ്രതികരിച്ചു.

പ്രതിയായ യുവതി വെള്ളിയാഴ്ചയാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് കുഞ്ഞിന്റെ വായ മൂടിക്കെട്ടി അലമാരയിൽ ഒളിപ്പിച്ച ശേഷം ഞായറാഴ്ച രാവിലെ വീട്ടിലെ മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് മൃതദേഹം കത്തിക്കുകയായിരുന്നു. മഴ പെയ്തതുകാരണം മൃതദേഹം പൂർണമായി കത്തിയില്ല. തുടർന്ന് മൃതദേഹം നായ്ക്കൾ കടിച്ചുകീറുകയും കുഴിയിൽ നിന്നു ദുർഗന്ധം വമിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പങ്ക് മനസിലായതെന്ന് പോലീസ് പറഞ്ഞു.

താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.കന്മനത്താണ് നായകൾ കടിച്ചുകീറിയ നിലയിൽ നവജാത ശിശുവിന്റെ മൃതശരീരം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്താണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൽപ്പകഞ്ചേരി പോലീസെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. ഗൾഫിലുള്ള ഭർത്താവുമായി നിരന്തരം പ്രശ്‌നങ്ങൾ തുടരവേയാണ് പുതിയ കുഞ്ഞിന്റെ ജനനമെന്ന് പറയുന്നു.