രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം നരബലി തന്നെയെന്ന് സംശയിക്കുന്നതായി ദക്ഷിണമേഖലാ ഐജി പി പ്രകാശ്. കൊല്ലപ്പെട്ടവരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാകാനാണ് സാധ്യത. കൂടുതല്‍ ഇരകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ഐജി പ്രതികരിച്ചു. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്‌ലി എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍, ഭാര്യ ലൈല, സഹായി ഷാഫി എന്നും ശിഹാബ് എന്നും വിളിക്കുന്ന റഷീദ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു.
അതേസമയം, മൂന്നു ജില്ലകളിലെ പോലീസ് സംയുക്തമായി കേസ് അന്വേഷിക്കുമെന്നും ഐജി പി പ്രകാശ് പറഞ്ഞു. സാമ്പത്തിക നേട്ടത്തിന് വേണ്ടി അതിക്രൂരമായ രീതിയിലാണ് കൊലപാതം നടത്തിയതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു.
സമ്പല്‍സമൃദ്ധിയുണ്ടാകുമെന്ന് ധരിച്ച് കൊച്ചിയില്‍നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയ കേസ് ഇന്ന് ഉച്ചയോടെയാണ് പുറംലോകമറിഞ്ഞത്. സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായിട്ടുണ്ട്. ഭഗവത് സിങ്-ലൈല ദമ്പതികള്‍ക്ക് ഐശ്വര്യമുണ്ടാകാന്‍ ഷാഫി സ്ത്രീകളെ എത്തിച്ച് നരബലിക്ക് വിധേയരാക്കിയെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തിലും നരബലി നടന്നെന്ന വാര്‍ത്തയറിഞ്ഞ് ഞെട്ടിലലാണ് ഓരോ മലയാളിയും. പത്തനംതിട്ട ഇലന്തൂര്‍ നിവാസികള്‍ക്ക് ഇനിയും തങ്ങളുടെ അയല്‍ക്കാര്‍ ഇത്തരത്തിലൊരു ക്രൂരത ചെയ്‌തെന്ന് വിശ്വസിക്കാനാകുന്നില്ല.
പത്തനംതിട്ട ഇലന്തൂരില്‍ വൈദ്യവും തിരുമ്മല്‍ കേന്ദ്രവും ഒപ്പം പൂജയും മന്ത്രവും ഒക്കെയായി സാധാരണ കുടുംബത്തെ പോലെയാണ് ഭഗവലും ഭാര്യയും ജീവിച്ചിരുന്നത്. തങ്ങള്‍ക്കെല്ലാം സുപരിചിതരായ ഇവരുടെ വീട്ടില്‍ നരബലി നടന്നുവെന്ന് നാട്ടുകാര്‍ക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല.
ഇലന്തൂരില്‍ പണ്ട് മുതലേ താമസിക്കുന്നവരാണ് ഭഗവലും ലൈലയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. ഭഗവലിന്റെ അച്ഛന്‍ പ്രദേശത്തെ പ്രസിദ്ധനായ തിരുമ്മലുകാരനായിരുന്നു. ഇവിടെ വലിയ ഒഴിഞ്ഞ പറമ്പിലാണ് ഭഗവലും ഭാര്യയും താമസിക്കുന്ന വീട് നില്‍ക്കുന്നത്.
വീടിന് തൊട്ടടുത്തായി ഒരു കാവുണ്ട്. ഇവിടെയാണ് നരബലിയുമായി ബന്ധപ്പെട്ട പൂജ നടന്നത്. ശേഷം വീടിന് പിന്നിലുള്ള ഒഴിഞ്ഞ പറമ്പില്‍ കൊലപാതകം നടത്തി മൃതദേഹം കുഴിച്ചിടുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹം കണ്ടെത്താനായി വീടിന് പിന്നിലെ പറമ്പില്‍ പോലീസിന്റെ നേതൃത്വത്തില്‍ കുഴിച്ചുകൊണ്ടിരിക്കുകയാണ്.
ഭഗവലിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ നാട്ടിലുണ്ടായിരുന്നുള്ളു. വീട്ടില്‍ പൂജയും മന്ത്രവുമെല്ലാം നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ദുര്‍മന്ത്രബവാദത്തെ കുറിച്ച് സൂചനകളില്ലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നു രാവിലെയാണ് തിരുവല്ലയില്‍ നരബലി നടന്നുവെന്ന വാര്‍ത്ത പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സര്‍വൈശ്വര്യ പൂജയ്ക്ക് വേണ്ടി എറണാകഉളത്തുനിന്നും 2 സ്ത്രീകളെ കടത്തിക്കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ മൃതദേഹം കുഴിച്ചിട്ടെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി.
കൊച്ചി കടവന്ത്രയില്‍ ലോട്ടറി വില്‍പ്പനക്കാരിയായ പത്മയും കാലടി സ്വദേശിനി റോസ്‌ലിയുമാണ് കൊല്ലപ്പെട്ടത്. പത്മയെ കാണാതായെന്ന പരാതി അന്വേഷിച്ച പോലീസാണ് നരബലിയെ കുറിച്ചുള്ള കണ്ടെത്തലിലേക്ക് എത്തിയത്.
പത്മയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ തിരുവല്ലയില്‍ എത്തിച്ചത്. പിന്നീടാണ് സമാന രീതിയില്‍ കാലടിയില്‍ നിന്ന് മറ്റൊരു സ്ത്രീയേയും കാണാതായെന്ന് പോലീസ് കണ്ടെത്തിയത്. ജൂണ്‍ മാസമാണ് തൃശൂര്‍ സ്വദേശിനിയായ റോസ്ലിയെ കാലടിയില്‍ നിന്ന് കാണാതാകുന്നത്.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദ്ദിച്ചെന്ന് സ്ത്രീയുടെ പരാതി. തിരുവന്തപുരത്തെ ഒരു സ്‌കൂളിലെ അധ്യാപികയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒരുമിച്ച് വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചെന്നാണ് പരാതി.
കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് മര്‍ദനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീര്‍ഷണര്‍ക്ക് പരാതി നല്‍കിയത്.പരാതി അന്വേഷണത്തിനായി കോവളം സിഐക്ക് കൈമാറിയിട്ടുണ്ട്.
എന്നാല്‍ മൊഴി നല്‍കാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നല്‍കാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പൊലീസ് പറഞ്ഞു.
അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരാതി പൊലീസ് അന്വേഷിക്കട്ടെയെന്നും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ പ്രതികരിച്ചു.
തായ്‌ലൻഡിലെ ഡേ കെയർ സെന്ററിൽ കൂട്ടക്കൊല നടത്തിയ പ്രതി കൃത്യത്തിന് ശേഷം കുടുംബത്തേയും വെടിവച്ച് കൊന്നു. തുടർന്ന് സ്വയം വെടിയുതിർത്ത് മരിച്ചു. കൂട്ടക്കൊല നടത്തിയ ശേഷം വീട്ടിലെത്തിയാണ് ഇയാൾ കുടുംബത്തെ വെടിവച്ച് കൊന്നത്. ലാംഫു പ്രവിശ്യയിലെ നോങ് ബുവയിലെ ഉതായ് സവാൻ ഡേ കെയറിൽ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.
ചിരിതൂകി അമ്മയുടെ കയ്യിലിരുന്ന നോങ് ആമിന്, താൻ അതിജീവിച്ച ദുരന്തത്തെക്കുറിച്ചു മനസ്സിലായിട്ടില്ല. തായ്‍ലൻഡിലെ ഉത്തായ സവാനിലെ ഡേ കെയറിൽ ഉച്ചഭക്ഷണം കഴിഞ്ഞു മൂടിപ്പുതച്ചുറങ്ങിപ്പോയതുകൊണ്ടുമാത്രം മൂന്നു വയസ്സുകാരിയായ നോങ് ആമിനെ മരണം തൊടാതെ പോയി.
കഴിഞ്ഞ ദിവസം 24 കുട്ടികൾ ഉൾപ്പെടെ 37 പേരെയാണു ഡേ കെയറിൽ അതിക്രമിച്ചുകയറിയ അക്രമി വെടിവച്ചുകൊന്നത്. ആമിയുടെ അപ്പൂപ്പൻ ഓടിക്കിതച്ചെത്തിയപ്പോൾ, അധ്യാപികയുടെ കയ്യിൽ സുരക്ഷിതയായിരിക്കുന്ന കുഞ്ഞിനെ കണ്ടു. കൂട്ടുകാരുടെ മൃതദേഹങ്ങൾ നിറഞ്ഞ മുറിയിലെ കാഴ്ച കാണാതിരിക്കാൻ അവളുടെ മുഖം അവർ മറച്ചുപിടിച്ചു.
കുട്ടികളും മുതിർന്നവരുമടക്കം 34 പേരാണ് വെടിവയ്പിൽ ദാരുണമായി കൊല്ലപ്പെട്ടത്. മുൻ പൊലീസുകാരനായ പന്യ കാംരാബ് ആണ് കൊലയാളി. മയക്കുമരുന്ന് ഉപയോഗിച്ചതിന് സർവീസിൽ നിന്ന് കഴിഞ്ഞവർഷം പിരിച്ചുവിടപ്പെട്ടയാളാണ് പ്രതി. മയക്കുമരുന്ന് കേസിൽ വിചാരണ നേരിടുന്ന 34കാരനായ ഇയാൾ വെടിവയ്പ്പിന് മണിക്കൂറുകൾക്ക് മുമ്പ് കോടതിയിൽ ഹാജരായിരുന്നെന്ന് പൊലീസ് വക്താവ് പൈസാൽ ലൂസോംബൂൺ പറഞ്ഞു.
ഉച്ചയ്ക്ക് ഇയാൾ തോക്ക്, പിസ്റ്റൾ, കത്തി എന്നിവയുമായി നഴ്‌സറിയിലേക്ക് ഇരച്ചുകയറുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. വെടിവയ്പ്പിന് ഇരയായവരിൽ രണ്ട് വയസായ കുട്ടിയും എട്ട് മാസം ഗർഭിണിയായ അധ്യാപികയും ഉൾപ്പെടുന്നതായി പ്രാദേശിക പാെലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉച്ചഭക്ഷണ സമയത്ത് അക്രമി എത്തുമ്പോൾ 30 ഓളം കുട്ടികൾ കേന്ദ്രത്തിലുണ്ടായിരുന്നതായി ജില്ലാ ഉദ്യോഗസ്ഥൻ ജിദാപ ബൂൺസം വ്യക്തമാക്കി.
മേഖലയിലെ മറ്റ് ചില രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് തോക്ക് കൈവശം വയ്ക്കുന്നവരുടെ നിരക്ക് കൂടുതലാണ്. 2020ൽ സ്വത്ത് ഇടപാടിൽ ക്ഷുഭിതനായ ഒരു സൈനികൻ 29 പേരെ വെടിവച്ചു കൊല്ലുകയും 57 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മറയൂര്‍ പെരിയകുടിയിൽ കമ്പി കുത്തിയിറക്കി പിതൃ സഹോദരി പുത്രനെ കൊന്നത് സ്വത്തുതര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി. കൊലപാതകം നടന്ന രമേശിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി സുരേഷിനെ റിമാന്‍റു ചെയ്തു.
വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് തീര്‍ത്തമല കുടിയിലെ രമേശ് കൊല്ലപ്പെടുന്നത്. വാർപ്പ് ജോലിക്കുപയോഗിക്കുന്ന കമ്പി തലയില്‍ കുത്തിയിറക്കിയായിരുന്നു കൊലപാതകം. കൂടെ താമസിച്ചിരുന്ന പിതൃസഹോദരി പുത്രന്‍ സുരേഷ് പിന്നാലെ പിടിയിലായി. രമേശിനെ കൊലപ്പെടുത്തിയ വിവരം
പിതാവിനോടും വനംവാച്ചറോടും സുരേഷ് പറഞ്ഞിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്. ഒളിവില്‍ പോയ ഇയാളെ ചനന്ദകാടിനുള്ളില്‍ വെച്ചാണ് പിടികൂടുന്നത്. കൊലപാതകം നടന്ന തീര്‍ത്തമല കുടിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സ്വത്ത് സംബന്ധിച്ച തർക്കമാണ് കൊലപെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് സുരേഷ് മൊഴി നല്‍കി. കൊലപാതകത്തിനുപയോഗിച്ച കമ്പി കഷ്ണങ്ങളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റുചെയ്തു.
കോഴിക്കോട്: പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച നിലയില്‍. പയ്യോളി ബീച്ചില്‍ കറുവക്കണ്ടി പവിത്രന്റെ മകള്‍ ദീപ്തി (20) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെ പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍പാളത്തിലാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ദീപ്തിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം ചിന്നിച്ചിതറി.
സമീപത്തുനിന്നു ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണു മരിച്ചയാളെ തിരിച്ചറിഞ്ഞത്. വടകര മോഡല്‍ പോളി വിദ്യാര്‍ഥിനിയാണ് ദീപ്തി. സഹോദരൻ ദീപക്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി
വാഹനത്തിന് കുറുകെ പശു ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണയിലാണ് സംഭവം. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണ പ്രജിത്ത് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.
അപകടത്തില്‍പ്പെട്ട പശുവും ചത്തു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. ബൈക്കിടിച്ച് വീണ പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തിക്കയറിയതാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചത്. വീട്ടാമ്പാറ- പനമണ്ണ റോഡിലായിരുന്നു അപകടം.
പ്രജിത്തിന്റെ ബൈക്ക്, ഉടമകള്‍ മേച്ചു കൊണ്ടുപോകുകയായിരുന്ന പശുവിനെ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബൈക്കിടിച്ച പശുവും വീണു. തെറിച്ചുവീണ യുവാവിന്റെ നൈഞ്ചില്‍ പശുവിന്റെ കൊമ്പ് തുളഞ്ഞുകയറുകയായിരുന്നു.
കൃഷ്ണപ്രജിത്തിനെ ഉടന്‍ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വളളുവനാട് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്.
ആലപ്പുഴയില്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കായംകുളം താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ ശ്രീരാജാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കായംകുളം താലൂക്ക് ആശുപത്രിയിലെ ഈവനിംഗ് ഓ പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടര്‍ ആണ് ശ്രീരാജ് കായംകുളം ചിറക്കടവം സ്വദേശിയാണ് ഇദ്ദേഹം.
ശ്രീരാജിന്റെ അമ്മ ഈ അടുത്തിടെയാണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു ശ്രീരാജെന്നാണ് വിവരം. ഈ മനോവിഷമത്തിലാകാം ശ്രീരാജ് ജീവനൊടുക്കിയതെന്ന് വിവരം.
മാതാപിതാക്കളുടെ പണവും സ്വര്‍ണവും മോഷ്ടിച്ചു റമ്മി കളിച്ചതു പിടിക്കപ്പെട്ടതിനു പിറകെ എന്‍ജിനിയറിങ് വിദ്യാര്‍ഥി ഓടുന്ന ട്രെയിനില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി മണപ്പാറ റയില്‍വേ സ്റ്റേഷനു സമീപം ബുധനാഴ്ച പുലര്‍ച്ചെയാണു സംഭവം. മണപ്പാറയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായ തിരുച്ചിറപ്പള്ളി സ്വദേശി ആത്മഹത്യയെ കുറിച്ചു വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിനുശേഷം ട്രെയിനില്‍ നിന്നു പുറത്തേക്കു ചാടി മരിച്ചത്.
മണപ്പാറയിയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥിയായ തിരുച്ചിറപ്പള്ളി മലയാണ്ടിപ്പെട്ടി സ്വദേശി ആര്‍. സന്തോഷിനെ ഇന്നലെ രാവിലെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുച്ചിറപ്പള്ളി–മധുര റയില്‍വേ ലൈനില്‍ മണപ്പാറ സ്റ്റേഷനു സമീപമാണു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്നു റയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടമായതിന്റെ മനോവിഷമത്തിലുള്ള ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചത്. ആറുമാസങ്ങളായി സന്തോഷ് ഓണ്‍ലൈന്‍ റമ്മിക്ക് അടിമയായിരുന്നു. വീട്ടില്‍ നിന്നു മോഷ്ടിച്ചായിരുന്നു ഇയാള്‍ കളിക്കാന്‍ പൈസ കണ്ടെത്തിയിരുന്നത്.
കഴിഞ്ഞ ദിവസം ഇയാളുടെ അമ്മയുടെ സ്വര്‍ണമോതിരം കാണാതായി. പണം മോഷ്ടിച്ചു റമ്മി കളിക്കുന്ന സ്വഭാവമുള്ളതിനാല്‍ മാതാപിതാക്കള്‍ സന്തോഷിനെ ഫോണില്‍ വിളിച്ച് കാര്യം തിരക്കി. മോതിരം കൈവശമുണ്ടെന്നും ഉടന്‍ വീട്ടിലേക്കു വരുമെന്നും ഇയാള്‍ അറിയിച്ചു. ഇതിനുശേഷം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പൊലീസില്‍ പരാതി നല്‍കി തിരച്ചില്‍ നടത്തുന്നതിനിടെയാണു മണപ്പാറ റയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്തിയത്. മരിക്കാന്‍ പോകുകായണെന്നു ബുധനാഴ്ച രാത്രി ഇയാള്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടിരുന്നു. മരണത്തിന് ഉത്തരവാദി ഓണ്‍ലൈന്‍ റമ്മിയാണന്നും ധാരാളം പണം റമ്മി കളിച്ചു നഷ്ടമായെന്നും ആയിരുന്നു സ്റ്റാറ്റസ്. ഇതിനു ശേഷം ട്രെയിനില്‍ നിന്നു പുറത്തേക്കു ചാടിയെന്നാണു സൂചന. മണപ്പാറ റയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കോഴിക്കോട് എന്‍ഐടിയില്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തില്‍ ഞെട്ടല്‍. മുക്കത്തെ എന്‍ഐടി സിവില്‍ എന്‍ജിനിയറിങ് വിഭാഗം ടെക്നിഷ്യനും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ അജയകുമാര്‍ (55) ആണ് ഭാര്യ ലിനി (45)യെ കൊലപ്പെടുത്തി തീ കൊളുത്തി മരിച്ചത്. അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ മകന്‍ ആര്‍ജിത്ത് (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോഴിക്കോട് എന്‍ഐ.ിയിലെ ജി-29 എ ക്വാര്‍ട്ടേഴ്സില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു നടുക്കിയ സംഭവമുണ്ടായത്. പുലര്‍ച്ചെ അമ്മയുടെ കരച്ചിലും ഞെരക്കവും കേട്ട് ഉണര്‍ന്നപ്പോള്‍ അച്ഛന്‍ തലയണകൊണ്ട് അമ്മയുടെ മുഖം പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുന്നതാണ് കണ്ടതെന്ന് ആര്‍ജിത്ത് പോലീസിന് മൊഴി നല്‍കി.
മകന്‍ ഉണര്‍ന്നതോടെ അജയകുമാര്‍ സമാനരീതിയില്‍ മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. ശ്വാസം പിടിച്ച് അനങ്ങാതെ കിടന്ന മകന്‍ മരിച്ചെന്നു കരുതി അജയകുമാര്‍ അടുക്കളയില്‍ പോയി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ മകന്‍ നിലവിളിച്ച് വീടിന് പുറത്തേക്കോടി.ഈ ശബ്ദം കേട്ട് ഉണര്‍ന്ന സമീപത്തെ താമസക്കാരാണ് വീട്ടില്‍നിന്ന് തീയും പുകയും ഉയരുന്നതുകണ്ടത്. തുടര്‍ന്ന് ക്വാര്‍ട്ടേഴ്സിലെ സെക്യുരിറ്റി ജീവനക്കാരെയും മുക്കം അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു.
മുക്കത്ത് നിന്നും അഗ്‌നിരക്ഷാ സ്റ്റേഷന്‍ ഓഫീസര്‍ ഷംസുദ്ദീന്റെയും എം.സി. മനോജിന്റെയും നേതൃത്വത്തിലെത്തിയ സംഘം ഏറെ പരിശ്രമത്തിന് ഒടുവില്‍ വീട്ടിലെ തീയണച്ച് അജയകുമാറിനെയും ലിനിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.കോട്ടയത്ത് ബിആര്‍ക്കിന് പഠിക്കുകയാണ് ഇവരുടെ മകള്‍ അഞ്ജന. പൂജ അവധികഴിഞ്ഞ് ബുധനാഴ്ചയാണ് പെണ്‍കുട്ടി കോളേജിലേക്ക് മടങ്ങിയത്.
22 വര്‍ഷമായി ഇവര്‍ ഈ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലാണ് താമസം.അസി. കമ്മിഷണര്‍ സുദര്‍ശന്‍, കുന്ദമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറമ്മല്‍, എസ്.ഐമാരായ അഷ്റഫ്, വിപിന്‍ ഫ്രെഡി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൃതദേഹപരിശോധനയ്ക്ക് ശേഷം ഇരുവരുടെയും മൃതദേഹം വ്യാഴാഴ്ച വൈകീട്ടോടെ കരുനാഗപ്പള്ളിയിലേക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.