Crime

പൂണെയിലെ പിംപ്രിയില്‍ സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിഡോക്ടര്‍ മരിച്ചു. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മോര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകളും മാളിയേക്കല്‍ റിമിന്‍ ആര്‍ കുര്യാക്കോസിന്റെ ഭാര്യയുമായ ഡോ. ജെയ്ഷ (27) ആണ് മരണപ്പെട്ടത്.

ജെയ്ഷ ഉച്ചഭക്ഷണത്തിനുശേഷം ക്ലിനിക്കിലേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ട്രക്ക് നിര്‍ത്താതെ പോയി.

മംഗളൂരു ചിറയില്‍ ജോണ്‍ തോമസിന്റെയും ഉഷ ജോണിന്റെയും മകളാണ്. സഹോദരന്‍: ജെയ്. ജെയ്ഷയുടെ മൃതദേഹം പൂണെയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വെച്ചശേഷം റോഡ് മാര്‍ഗം മംഗളൂരുവിലേക്ക് കൊണ്ടുപോയി.

സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെ അന്ത്യശുശ്രൂഷകള്‍ക്കുശേഷം മംഗളൂരു ജേപ്പു സെയ്ന്റ് ആന്റണീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.

ഖത്തറില്‍ സ്‌കൂള്‍ ബസിനുള്ളില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ നടപടിയെടുത്ത് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥിനി പഠിച്ചിരുന്ന ദോഹ അല്‍ വക്റയിലെ സ്പ്രിങ് ഫീല്‍ഡ് കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു.

കെജി 1 വിദ്യാര്‍ത്ഥിയായ മിന്‍സ മറിയത്തിന്റെ മരണത്തില്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ സൗമ്യ ചാക്കോ ദമ്പതികളുടെ ഇളയ മകളാണ് മിന്‍സ.

ഞായറാഴ്ചയാണ് കുട്ടി മരിച്ചത്. രാവിലെ ആറുമണിക്ക് സ്‌കൂളിലേക്കുള്ള യാത്രാമധ്യേ ബസ്സില്‍ കുട്ടി ഉറങ്ങിപ്പോയെന്നും വിദ്യാര്‍ത്ഥി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയില്‍ പെട്ടില്ല. ബസ് പരിശോധിക്കാതെ ഡ്രൈവര്‍ വാഹനം ഡോര്‍ ലോക്ക് ചെയ്ത് പോയി. തുറസായ സ്ഥലത്താണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്.

രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ ബസ്സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. അതേസമയം മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഖത്തറില്‍ സ്‌കൂള്‍ ബസില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥിനി മിന്‍സ മറിയം ജേക്കബ് മരിച്ച സംഭവത്തില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഖത്തര്‍ വിദ്യഭ്യാസ-ഉന്നത വിഭ്യാസ മന്ത്രി ബുതൈന അല്‍ നുഐമി എത്തി.

ദോഹയിലെ അല്‍ വക്‌റയിലെ വീട്ടിലെത്തിയ മന്ത്രി മിന്‍സയുടെ മാതാപിതാക്കളായ അഭിലാഷ് ചാക്കോയെയും സൗമ്യയെയും ആശ്വസിപ്പിക്കുകയും ചെയ്തു. കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും അവര്‍ വാഗ്ദാനം ചെയ്തു.

രാജ്യവും സര്‍ക്കാറും നിങ്ങള്‍ക്കൊപ്പമുണ്ടാവുമെന്നും അവര്‍ ഉറപ്പുനല്‍കി. മാതാപിതാക്കള്‍ക്ക് ആശ്വാസവുമായി മുഴുവന്‍ സമയവും ഒപ്പമുള്ള പ്രവാസി സമൂഹങ്ങള്‍ക്കും മന്ത്രി നന്ദി പറഞ്ഞു. അരമണിക്കൂറോളം വീട്ടില്‍ ചിലവഴിച്ചാണ് മന്ത്രി മടങ്ങിയത്.

ഇതിനിടെ, സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ച കുട്ടിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ വിദ്യഭ്യാസ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ടിന്റെയും ഫോറന്‍സിക് പരിശോധന ഫലത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്.

ക്യാന്‍സർ രോഗിയായ വയോധികയെ ചെറുമകൻ കൊലപ്പെടുത്തി. വയോധികയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പോലീസ്. ക്യാൻസർ കാരണം രക്തം ശർദിച്ച് മരണപ്പെട്ടു എന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാൽ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെവെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച്ചയാണ് കോക്കാട് സ്വദേശി പൊന്നമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരായിരുന്നു പൊലീസിനെ വിവരമറിയിച്ചത്. അങ്ങനെ നടത്തിയ അന്വേഷണത്തിൽ വയോധികയുടേത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചെറുമകനെ അറസ്റ്റ് ചെയ്തു.

വിരലടയാള പരിശോധനയും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ഇത് കൊലപാതകമാണെന്ന് തെളിയിക്കുകയായിരുന്നു. തലയ്ക്കേറ്റ മുറിവായിരുന്നു മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും മനസിലായി.

ചെറുമകൻ സുരേഷ് കുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയുണ്ടായി. അപ്പോഴാണ് കൊലപാതകിയെ തിരിച്ചറിഞ്ഞത്.

കൊലപാതകത്തിലേക്ക് നയിച്ച സംഭവമിങ്ങനെ; വെള്ളിയാഴ്ച്ച വൈകിട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സുരേഷ് മുത്തശ്ശിയുമായി വഴക്കുണ്ടായി. ദേഷ്യത്തിൽ വയോധികയെ കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലിന്റെ പടിയിൽ തലയിടിച്ച് കൊലപ്പെടുത്തി.വയോധികയുടെ കഴുത്തിലും പാടുകളുണ്ടായിരുന്നു.

ദീര്‍ഘകാലമായി ക്യാൻസർ ബാധിച്ച് കിടപ്പിലായ പൊന്നമ്മയെ സംരക്ഷിക്കാൻ കഴിയാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. മുറിയിൽ നാറ്റമുണ്ടായിരുന്നതും പ്രതിയെ അസ്വസ്ഥനാക്കി. മാത്രമല്ല അമ്മ അമ്മൂമ്മയെ നോക്കി കഷ്ടപ്പെടുന്നതും പ്രതിയെ പ്രകോപിതനാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അതിക്രൂരമായ കൊലപാതകമാണ് നടത്തിയിരിക്കുന്നത്.

കോളിവുഡിലെ വസ്ത്രാലങ്കാര വിദഗ്ധയും എഴുത്തുകാരിയുമായ ദൂരിഗയി കബിലന്റെ മരണത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെയാണു ദൂരിഗയിയെ ചെന്നൈ അറുമ്പാക്കത്തെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രമുഖ തമിഴ് ഗാനരചയിതാവ് കബിലന്റെ മകളാണു ദൂരി.

കോളിവുഡിലെ ഏറ്റവും ബോള്‍ഡായ പെണ്‍കുട്ടികളില്‍ ഒരാള്‍. സ്വന്തമായി നിലപാടും അഭിപ്രായങ്ങളുമുണ്ടായിരുന്ന, വനിതകള്‍ക്കായി ഡിജിറ്റല്‍ മാഗസിന്‍ നടത്തിയിരുന്ന ദൂരിഗയിയുടെ മരണത്തില്‍ ഞെട്ടിയിരിക്കുയാണു തമിഴ് സിനിമാ ലോകം. 29 വയസുള്ള എംബിഎ ബിരുദധാരിയായ ദൂരി നിരവധി സിനിമകള്‍ക്കു വസ്ത്രാലങ്കാരം നടത്തിയിട്ടുണ്ട്. യുവ നടന്‍മാരുടെ ഫാഷന്‍ കണ്‍സള്‍ട്ടന്റുമാണ്.

ആത്മഹത്യയിലേക്കു നയിച്ച കാരണത്തെ കുറിച്ചാണു അറുമ്പാക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. മരിക്കുന്നതിനു മുന്‍പു മാതാപിതാക്കളുമായി ദൂരി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി സൂചനയുണ്ട്.

വിവാഹം കഴിക്കാന്‍ കുടുംബം നിര്‍ബന്ധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണു കടുംകൈ എെന്നാണു പുറത്തുവരുന്ന വിവരം. മറ്റെന്തെങ്കിലും കാരണങ്ങള്‍ മരണത്തിലേക്കു നയിച്ചോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാവിലെ വീട്ടുകാരാണു സ്വന്തം മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ.

രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ സീറ്റിൽ ഉറങ്ങിപ്പോയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സൗമ്യയാണ് മാതാവ്.

സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം തുടങ്ങി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം സംഭവത്തിന് ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ദോഹ അല്‍ വക്റയിലെ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1 വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് ഞായറാഴ്ച മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസിന്റെ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.

കുട്ടികള്‍ക്കായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്‍തു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്‍താവനയിലുണ്ട്.

 

വിഖ്യാത നടി മർലിൻ മണ്‍റോയുമായുള്ള രൂപസാദൃശ്യമാണ് ഇംഗ്ലണ്ടിലെ ഹാസ്റ്റിങ്സിൽ നിന്നുള്ള മോഡലും കണ്ടന്റ് ക്രിയേറ്ററുമായ ലെയ്‌ലാഹ് ഡോബിൻസണിനെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ തനിക്ക് വധഭീഷണിയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ലെയ്‌ലാഹ്. മെർലിനുമായുള്ള രൂപസാദൃശ്യമാണ് ഇതിനു കാരണമെന്നും ഇവർ പറയുന്നു.

15-ാം വയസ്സില്‍ ഹാസ്റ്റിങ്സിലെ കാര്‍ണിവല്‍ ക്വീനായി തിരഞ്ഞെടുക്കപ്പെട്ട ലെയ്‌ലാഹ് കുട്ടിക്കാലം മുതലേ മർലിൻ മണ്‍റോയുടെ ആരാധികയാണ്. മർലിൻ മണ്‍റോ സ്റ്റൈലിലുള്ള മേക്കപ്പും വസ്ത്രശൈലിയും അനുകരിച്ചുള്ള ഫോട്ടോഷൂട്ടുകളാണ് ഇവർക്ക് സാമൂഹ്യ മാധ്യമങ്ങളിലടക്കം ആരാധകരെ നേടിക്കൊടുത്തത്. എന്നാല്‍ കാപട്യക്കാരി, ആത്മരതിക്കാരി എന്നിങ്ങനെ പല അവഹേളനങ്ങളും വധഭീഷണിയും നേരിടേണ്ടി വരുന്നതായി ഒരു അഭിമുഖത്തിൽ ഇവർ പ്രതികരിച്ചു. മെർലിൻ മൺറോയെപ്പോലെ വേഷം കെട്ടുന്നത് അവസാനിപ്പിക്കണം എന്നാണ് അധിക്ഷേപിക്കുന്നവർ ആവശ്യപ്പെടുന്നതെന്നും ലെയ്‌ലാഹ് കൂട്ടിച്ചേർത്തു.

സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന അധിക്ഷേപങ്ങള്‍ തന്നെ കൂടുതല്‍ കരുത്തയാക്കുന്നു. ഭയന്ന് പിന്മാറില്ലെന്നും മോഡലിങ് രംഗത്ത് കൂടുതല്‍ കഠിനാധ്വാനം ചെയ്ത് മുന്നേറാനാണ് തീരുമാനമെന്നും ലെയ്‌ലാഹ് വ്യക്തമാക്കി.

1950കളില്‍ ഹോളിവുഡിന്‍റെ മനം കവര്‍ന്ന മർലിൻ മണ്‍റോ ഇന്നും ലോകത്തിന്‍റെ ഫാഷന്‍ ഐക്കണാണ്. 1941നും 1961നും ഇടയില്‍ 29 സിനിമകളിൽ മർലിൻ അഭിനയിച്ചു. 1962ല്‍ 36ാം വയസ്സില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

വീടിനു സമീപം നടന്ന ഓണാഘോഷത്തിൽ മത്സരത്തിൽ ജയിച്ചു സമ്മാനം വാങ്ങി അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങിയ 12 വയസ്സുകാരിക്കു റോഡപകടത്തിൽ ദാരുണാന്ത്യം. അമ്മയ്ക്കു ഗുരുതര പരിക്ക്. ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറുപ്പംകുളങ്ങര വടക്കേവെളി (മറ്റവനച്ചിറ) സജീവിന്റെ ഏകമകൾ ശ്രീലക്ഷ്മി (12) ആണ് മരിച്ചത്. ചേർത്തല ഗവ. ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. പരിക്കേറ്റ അമ്മ ലേഖയെ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി എട്ടോടെ ചേർത്തല-കണിച്ചുകുളങ്ങര റോഡിൽ മറ്റവന കവലയ്ക്കു സമീപമായിരുന്നു അപകടം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അർത്തുങ്കൽ പോലീസ് വാഹനവും വാഹനത്തിന്റെ ഡ്രൈവറായ തൈക്കാട്ടു സ്വദേശിയെയും കസ്റ്റഡിയിലെടുത്തു.

ഇടിയുടെ ആഘാതത്തിൽ ശ്രീലക്ഷ്മി സമീപത്തെ വീട്ടുവളപ്പിലേക്കു തെറിച്ചുപോയി. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണിച്ചുകുളങ്ങരയിൽ വാടകവീട്ടിലായിരുന്ന ഇവർ ഉത്രാടദിനത്തിലാണ് മറ്റവനയിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത്. മണിക്കൂറുകൾക്കു മുൻപ്‌ സമീപത്തെ മറ്റവന ഫ്രണ്ട്സ് ക്ലബ്ബിൽ നടന്ന കായികമത്സരത്തിലാണ് ശ്രീലക്ഷ്മി മികവുകാട്ടിയത്.

തുമ്പോളിയിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിൽ സുഖംപ്രാപിക്കുന്നു. പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. തുമ്പോളി വികസന ജങ്ഷനു സമീപം വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്.

ആക്രിസാധനങ്ങൾ പെറുക്കുന്ന അതിഥിത്തൊഴിലാളികൾ കരച്ചിൽ കേട്ടാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്നു നാട്ടുകാരിടപെട്ട് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെരുവുനായ്ക്കളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാലാണ് കുഞ്ഞ് ഇപ്പോഴും ജീവനോടിരിക്കുന്നത്.

കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പാണ് യുവതി ഇതേ ആശുപത്രിയിൽ രക്തസ്രാവത്തിനു ചികിത്സയ്ക്കെത്തിയത്. ഇവർ പ്രസവിച്ചുവെന്ന് പരിശോധന നടത്തിയ ഡോക്ടർമാർക്കു മനസ്സിലായി. പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിച്ചശേഷം ചികിത്സതേടി എത്തിയതാകാമെന്നാണ് സംശയം. എന്നാൽ, കുട്ടി അവരുടേതാണോയെന്ന കാര്യത്തിൽ യുവതി വ്യക്തമായ മറുപടി നൽകിയിട്ടില്ല.

സംഭവത്തിൽ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതി ലേബർ റൂമിലായതിനാൽ മൊഴിയെടുക്കാനായിട്ടില്ല. കുറ്റിക്കാട്ടിൽ കുട്ടിയെ കണ്ടതറിഞ്ഞ് നോർത്ത് പോലീസ് അമ്മയെ കണ്ടെത്താൻ ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. അതിനിടെയാണ് വനിത-ശിശു ആശുപത്രിയിൽ ഒരു യുവതി വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയതായും അവർക്കു പ്രസവിച്ച ലക്ഷണങ്ങളുണ്ടെന്നും അറിഞ്ഞത്. യുവതി താമസിക്കുന്ന വീടിന്‍റെ മതിലിനോടു ചേർന്നുള്ള കുറ്റിക്കാട്ടിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് മനസ്സിലാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മ, ചികിത്സയിലുള്ള യുവതി തന്നെയാണെന്നാണ് പോലീസ് നിഗമനം.

യുവതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ടരക്കിലോയുള്ള ‘സ്റ്റോൺ’ ഉണ്ടായിരുന്നുവെന്നാണ് യുവതി ഡോക്ടർമാരോടു പറഞ്ഞത്. അതിനു സാധ്യതയില്ലാത്തതിനാലാണ് ഡോക്ടർമാർക്ക് സംശയം തോന്നിയത്. രണ്ടു കാര്യങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തേണ്ടത്. യുവതി പ്രസവിച്ചെന്നു വ്യക്തമായതിനാൽ കുട്ടി അവരുടേതു തന്നെയാണോയെന്ന് അറിയണം. അല്ലെങ്കിൽ, പ്രസവിച്ച കുട്ടിയെവിടെ എന്ന ചോദ്യവുമുണ്ട്.

 

വീട്ടിൽ അതിക്രമിച്ച് കടന്ന് 14കാരനെ തമിഴ്നാട്ടിൽ നിന്നുള്ള സംഘം തട്ടിക്കൊണ്ട് പോയി. കൊല്ലം കൊട്ടിയത്താണ് സംഭവം. കിഴവൂർ സ്വദേശി ആഷിഖിനെയാണ് തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. തടയാൻ ശ്രമിച്ച സഹോദരിയെയും അയൽവാസിയെയും സംഘാംഗങ്ങൾ അടിച്ച് വീഴ്ത്തി.
പൊലീസിൽ ഉടൻ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ നീക്കത്തിലൂടെ രാത്രി പതിനൊന്നരയോടെ പാറശാലയിൽ വച്ച് സംഘത്തെ തടഞ്ഞ് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു.

തമിഴ്നാട് റജിസ്ട്രേഷനുള്ള കാറിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയതായി കൊല്ലം പൊലീസിൽ നിന്ന് തിരുവനന്തപുരത്തേക്കും സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. രാത്രി 8.36 ആയതോടെ കാർ കഴക്കൂട്ടം കടന്നു. 8.53: കാർ പൂവാർ സ്റ്റേഷൻ പരിധിയിലെത്തി. രാത്രി 10 മണി ആയപ്പോൾ പെ‍ാലീസ് ജീപ്പ് പിന്തുടരുന്നത് കണ്ട് ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിച്ചു. കാറിന്റെ മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്നു. സമീപ ജംക്‌ഷനിൽ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചു. കുട്ടി മദ്യപിച്ച് അബോധാവസ്ഥയിലായെന്നാണ് ഓട്ടോ ഡ്രൈവറോടു പറഞ്ഞത്. പൂവാറിൽ പൊലീസിനെ വെട്ടിച്ചു കടന്നതോടെ തമിഴ്നാട് അതിർത്തിയിലേക്കുള്ള പ്രധാന പാതകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന ശക്തമാക്കി.

11.30: പാറശാല കോഴിവിളക്കു സമീപം പെ‍ാലീസ് ഒ‍ാട്ടോ തടഞ്ഞു. ഓട്ടോയിൽ ആഷിക്കും 2 പേരും. ഓടിയ ഇവരിൽ ഒരാളെ പൊലീസ് പിന്തുടർന്നു പിടികൂടി. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. കടന്നുകളഞ്ഞ ആൾ ഫിസിയോതെറപ്പിസ്റ്റ് ആണെന്ന് സംശയമുണ്ട്. ഒ‍ാട്ടോയിൽ അബോധാവസ്ഥയിൽ കണ്ട ആഷിഖിനെ പൊലീസ് രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ടു നിന്ന ഭയാശങ്കയ്ക്ക് അതോടെ അവസാനമായി. ഇരു ജില്ലകളിലെയും പൊലീസുകാരുടെ ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് ആഷിഖിന്റെ മോചനത്തിന് വഴി തെളിച്ചത്.

ബന്ധു നിയോഗിച്ച ക്വട്ടേഷന്‍ സംഘം തന്നെയെന്ന് പൊലീസ്. പിന്നില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ചുണ്ടായ തര്‍ക്കമാണെന്നും തെളിഞ്ഞു.കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചുകൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ബന്ധുവിന്റെ മകനാണ് ക്വട്ടേഷന്‍ നല്‍കിയത്. സംഘം തട്ടിക്കൊണ്ടുപോകല്‍ ഏറ്റെടുത്തത് ഒരു ലക്ഷം രൂപയ്ക്കാണ്. കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു ഇവരുടെ ലക്ഷ്യം.

തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചുവീഴ്ത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി. തമിഴ്‌നാട് സ്വദേശിയുടെ വാടകയ്ക്ക് എടുത്ത കാറുമായാണ് സംഘം എത്തിയതെന്ന് പൊലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved