ഓയൂര്‍ മരുതമണ്‍ പള്ളി കാറ്റാടിയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ പിടിയിലായതിന്റെ 70-ാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. എം.എം.ജോസ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
2023 നവംബര്‍ 27-ന് വൈകിട്ട് 4.20-നാണ് കാറിലെത്തിയ മൂന്നംഗ സംഘം ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സഹോദരനോടൊപ്പം ട്യൂഷനായി പോവുകയായിരുന്ന കുട്ടിയെ റോഡില്‍ കാറില്‍ പിന്തുടര്‍ന്ന സംഘം കാറിനുള്ളിലേക്കു വലിച്ചുകയറ്റുകയായിരുന്നു. സഹോദരന്‍ ജോനാഥന്‍ ഇതിനെ ചെറുത്തെങ്കിലും അവനെ പുറത്തേക്കുതള്ളി പെണ്‍കുട്ടിയുമായി സംഘം കടന്നു. പോലീസും നാട്ടുകാരും നാടാകെ കുട്ടിക്കായി തിരയുമ്പോള്‍ രാത്രി ഏഴരയോടെ പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോണ്‍ വിളിയെത്തി. നാടകീയമായ മണിക്കൂറുകള്‍ക്കൊടുവില്‍ അടുത്ത ദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഡിസംബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ പുളിയറയില്‍ നിന്നാണ് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാലയത്തില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെ പോലീസ് പിടികൂടിയത്. കടബാധ്യത തീര്‍ക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്നാണ് കേസ്. ആയിരത്തോളം പേജുള്ള കുറ്റപത്രത്തില്‍ 160-ഓളം സാക്ഷികളും 150-ഓളം തൊണ്ടി മുതലുകളും ഉണ്ട്. മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയാണ് പ്രതികളിലേക്കെത്താന്‍ പോലീസിനു സഹായകമായത്.
പ്രതികളുടെ ശബ്ദ സാമ്പിള്‍, കൈയക്ഷരം പരിശോധന ഉള്‍പ്പടെയുള്ള ഫോറന്‍സിക് തെളിവുകളാണ് കേസില്‍ നിര്‍ണായകമായിട്ടുള്ളത്. അറസ്റ്റ് ചെയ്തവര്‍ അല്ലാതെ പുതിയ പ്രതികളൊന്നും കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെയും നിഗമനം. കേരളത്തെ രണ്ടു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തില്‍ റെക്കോഡ് വേഗത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയില്‍. നിയമവിരുദ്ധമായി മെമ്മറി കാർഡ് പരിശോധിച്ചിട്ടുണ്ടെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു.
വിചാരണ കോടതി അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തല്‍ എന്തെന്ന് അറിയിച്ചില്ലെന്നും പകർപ്പ് ഹർജിയില്‍ പറയുന്നു. അന്വേഷണം നടത്തിയ ജില്ലാ സെഷൻസ്‍ ജഡ്ജിക്ക് ഈ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ നിർദേശം നല്‍കണം എന്നാണ് അതിജീവിതയുടെ ആവശ്യം.
ജനുവരി തുടക്കത്തില്‍ തന്നെ ഈ വിഷയത്തില്‍ അന്വേഷണം പൂർത്തിയായിരുന്നു. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരിയായ അതിജീവിതയോട് കോടതി നിർദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹർജി.
കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയ അറബി അദ്ധ്യാപകൻ അറസ്റ്റിൽ. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ബാത്തി ഷായാണ് പിടിയിലായത്. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളെ ക്ലാസിൽ വച്ച് മൊബെെൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലെെംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ബാത്തി ഷായെ മടത്തറയിൽ നിന്നാണ് പിടികൂടിയത്.
മൂന്നു മാസം മുൻപാണ് ബാത്തി ഷാ സ്കൂളിൽ ജോലിക്ക് കയറിയത്. ഇയാൾ അന്നുമുതൽ മൊബെെൽ ഫോണിൽ കുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാട്ടി ലെെംഗികാതിക്രമം നടത്തിയിരുന്നതായി മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികൾ വീട്ടിലെത്തി വിവരം അറിയിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത കുളത്തൂപ്പുഴ പൊലീസ് രണ്ട് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
പോലീസ് പിന്തുടർന്നതിനെ തുടർന്ന് അമിതവേഗത്തിൽ പാഞ്ഞ വാഹനം കൂട്ടിയിടിച്ച് M 25 -ൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കൂട്ടിയിടിയെ തുടർന്ന് M 25 -ൽ ജംഗ്ഷൻ 22നും 25നും ഇടയിൽ വ്യാപകമായ ഗതാഗതകുരുക്കും ഉണ്ടായി.
ഞായറാഴ്ച രാവിലെ 4 മണിക്കാണ് അപകടം നടന്നത്. ഒരു വാനും മൂന്ന് കാറുകളുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട വാനിനെയാണ് പോലീസ് പിന്തുടർന്നതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് ജംഗ്ഷൻ 22 നും 25 നും ഇടയിൽ മോട്ടോർ വേയിലെ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചിരുന്നു. മോട്ടോർ വേയുടെ നാല് പാതകളിലും കൂട്ടിയിടിച്ച വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ചിതറി കിടക്കുന്നതായുള്ള ചിത്രങ്ങളും പുറത്തു വന്നിരുന്നു.
വാനിനെ പോലീസ് പിന്തുടർന്നുവെങ്കിലും കൂട്ടിയിടിക്ക് മുമ്പ് പോലീസ് പിൻവാങ്ങിയെന്നും സംഭവത്തെക്കുറിച്ച് ഒരു പ്രസ്താവനയിൽ ഹെർട്ട്ഫോർഡ്ഷയർ പോലീസ് പറഞ്ഞു. പോലീസ് വാഹനങ്ങളൊന്നും കൂട്ടിയിടിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും എന്നാൽ അപകടമാകുന്നതിന് പോലീസ് പിന്തുടർന്നത് ഏതെങ്കിലും രീതിയിൽ കാരണമായോ എന്ന് തങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് വാച്ച് ഡോഗ് ഒരു പ്രസ്താവനയിൽ അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതിയും പ്രതിയായ അബ്ദുൾ എസെദിയും തമ്മിൽ അടുപ്പമുണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ ബന്ധത്തിലെ ആസ്വാരസ്യങ്ങളാണ് 31കാരിയായ അമ്മയെയും മൂന്നും എട്ടും വയസ്സുള്ള രണ്ടു പെൺമക്കളെയും ക്രൂരമായി ആസിഡ് കൊണ്ട് ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് നിഗമനം. ആക്രമണത്തിൽ പ്രധാനമായും പരിക്കു പറ്റിയ സ്ത്രീ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീയും രണ്ടു മക്കളുമുൾപ്പെടെ മൊത്തം 12 പേർക്ക് ആക്രമണത്തിൽ പരിക്ക് പറ്റിയിരുന്നു.
ഇതിനിടെ പ്രതി ഇപ്പോഴും കാണാമറയത്തു തന്നെ തുടരുകയാണ്. പോലീസ് വ്യാപകമായി ഇയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ആസിഡ് ആക്രമണത്തിന്റെ സമയത്ത് ഇയാളുടെ മുഖത്ത് കാര്യമായി പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പ്രതിയുടെ പരിക്ക് ഗുരുതരമാണെന്നും അയാൾക്ക് വൈദ്യസഹായം ആവശ്യമാണെന്നും എത്രയും പെട്ടെന്ന് കീഴടങ്ങണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇയാൾ ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മുസ്ലീമായിരുന്ന പ്രതി യുകെയിൽ നിന്ന് നാടു കടത്താതിരിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയെ ഞെട്ടിച്ച സൗത്ത് ലണ്ടനിലെ ആസിഡ് ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു . 35 വയസ്സുകാരനായ അബ്ദുൾ ഷക്കൂർ ആണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളുടെ വലതു കണ്ണിന് സാരമായ പരുക്ക് പറ്റിയിട്ടുണ്ട്. ഇത് ആസിഡ് ആക്രമണത്തിന്റെ ഭാഗമായി സംഭവിച്ചത് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രതി അപകടകാരിയാണെന്നും ഇയാളെ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് 999 എന്ന നമ്പറിൽ വിളിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇയാൾ ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. വടക്കൻ ലണ്ടനിലെ കാലിഡോണിയൻ റോഡിലെ ടെസ്‌കോ എക്‌സ്‌പ്രസ് കടയിൽ ഇയാൾ എത്തിയതിന്റെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ആക്രമണം നടത്തിയതിന് ഏകദേശം 5.4 മൈൽ അകലെയാണ് പ്രസ്തുത സ്ഥലം . ആക്രമണം നടത്തുന്നതിന് ഏകദേശം 70 മിനിറ്റുകൾക്ക് ശേഷമുള്ളതാണ് പോലീസ് പുറത്തുവിട്ടിരിക്കുന്ന ചിത്രം .
ആക്രമണത്തിൽ അമ്മയ്ക്കും രണ്ടു കുട്ടികൾക്കും ഗുരുതരമായ പരുക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ . ഇവരടക്കം എട്ടുപേർ ഇപ്പോൾ ആശുപത്രിയിലാണ് . ആക്രമണത്തിന് ഇരയായവർക്ക് പ്രതിയെ മുൻപരിചയം ഉണ്ടെന്നാണ് പോലീസ് അനുമാനിക്കുന്നത്. എന്നാൽ ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അമ്മയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയുമാണ് അക്രമി ലക്ഷ്യംവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മൂന്ന് പോലീസുകാരുൾപ്പെടെ മറ്റ് 6 പേർക്കും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പൊള്ളലേറ്റിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോർട്ടുകൾ. ക്രൂരവും ഞെട്ടിക്കുന്നതുമായ ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് അലക്സാണ്ടർ കാസിൽ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറിയിക്കുന്നതായിരിക്കും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
തുറവൂരില്‍ മുഖം മറച്ചെത്തിയ മോഷ്ടാക്കള്‍ വീട്ടമ്മയുടെ ഒന്നര പവന്റെ മാല കവര്‍ന്നു. തുറവൂര്‍ ആലുന്തറ വീട്ടില്‍ ലീലയുടെ മാലയാണ് മോഷണം പോയത്. പ്രദേശത്തെ അഞ്ചുവീടുകളില്‍ മോഷണശ്രമവും നടന്നു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് തുറവൂരില്‍ മോഷ്ടാക്കള്‍ ഭീതിപരത്തിയത്. ആലുന്തറ വീട്ടില്‍ ലീലയുടെ വീട്ടില്‍ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ കടന്നത്. കഴുത്തില്‍ കിടന്ന മലയില്‍ പിടിച്ചുവലിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്ന ലീല നിലവിളിച്ചു. നിലവിളിയും ബഹളവുംകേട്ട് ഉണര്‍ന്ന സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മറ്റുചില വീടുകളുടെ അടുക്കളവാതില്‍ പൊളിച്ചതും ചില വീടുകളുടെ വാതില്‍ പൊളിക്കാന്‍ ശ്രമം നടന്നതായും കണ്ടെത്തിയത്.
ഇടുക്കിയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്‌കൂൾ സിറ്റി പെരുക്കൻകവല പുത്തൻപുരയ്ക്കൽ കുഞ്ഞേട്ടിന്റെ ഇളയ മകൾ ഡീനു (35) ആണ് മരിച്ചത്. ഇവർ കഴിഞ്ഞ ദിവസം രാത്രി അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷമാണ് ജീവനൊടുക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് ഡീനുവിന്റെ ഭർത്താവ് ജസ്റ്റിൻ ജീവനൊടുക്കിയത്.
ഇന്ന് രാവിലെ ഡീനുവിനെയും കുഞ്ഞിനെയും അബോധാവസ്ഥയിൽ കണ്ടെത്തിയ ബന്ധുക്കൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഡീനുവിന് മാനസികമായി വെല്ലുവിളികളുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ജീവനൊടുക്കിയ ഇവരുടെ ഭർത്താവിനും മാനസികമായ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അമ്മയുടെയും മകളുടെയും മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന യുവതിക്കു മറ്റൊരു പോക്സോ കേസിൽ വീണ്ടും ഒൻപതരവർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷിച്ചു.
വീരണകാവ് അരുവിക്കുഴി മുരിക്കറ കൃപാലയത്തിൽ സന്ധ്യ(31)യെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്‌കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഏഴുമാസം അധികതടവ് പ്രതി അനുഭവിക്കണം. 2016-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സമാനമായ മറ്റൊരു കേസിൽ നാലു ദിവസം മുൻപ് പ്രതിക്ക് ഇതേ കോടതി 13 വർഷം കഠിനതടവും 59000 രൂപ പിഴയും ശിക്ഷിച്ചിരുന്നു. മറ്റൊരു കേസിൽ ആലപ്പുഴ ജില്ലാ കോടതി വിധി അനുസരിച്ച് ജയിൽശിക്ഷ അനുഭവിച്ചുവരികയാണ് യുവതി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ.പ്രമോദ് ഹാജരായി.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനു കീഴടങ്ങി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മനു കീഴടങ്ങിയത്. ചോദ്യംചെയ്യല്‍ ബുധനാഴ്ച തന്നെ പൂര്‍ത്തിയാക്കി മനുവിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.
ബുധനാഴ്ച രാവിലെ പുത്തന്‍കുരിശ് ഡിവൈ.എസ്.പി. ഓഫീസില്‍ എത്തിയാണ് മനു കീഴടങ്ങിയത്. യുവതിയുടെ പരാതിയില്‍ ചോറ്റാനിക്കര പോലീസാണ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് കേസിന്റെ അന്വേഷണച്ചുമതല പുത്തന്‍കുരിശ് ഡിവൈ.എസ്.പിയ്ക്ക് കൈമാറുകയായിരുന്നു.
പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയപ്പോഴാണ് മനു, യുവതിയെ പീഡിപ്പിച്ചതെന്നാണ് പരാതി. പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ച് കൊച്ചിയിലെ ഓഫീസിലും യുവതിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചുവെന്നും സ്വകാര്യഭാഗങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാളില്‍നിന്ന് അഡ്വക്കേറ്റ് ജനറല്‍ രാജി എഴുതി വാങ്ങുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രോസിക്യൂട്ടറായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും മനു പ്രവര്‍ത്തിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആദ്യം ഹൈക്കോടതിയെയാണ് മനു സമീപിച്ചത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ കീഴടങ്ങിയില്ല. പകരം സുപ്രീം കോടതിയെ സമീപിച്ചു. ഇതിനിടെ പുത്തന്‍കുരിശ് ഡിവൈ.എസ്.പി. മനുവിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.