ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ജീവനക്കാർ കഴിഞ്ഞവർഷം മാത്രം 84,000 -ലധികം ലൈംഗികാതിക്രമങ്ങൾ നേരിട്ടതായി കണ്ടെത്തി. സ്കൈ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ എത്രമാത്രം ദുഷ്കരമായ പരിതസ്ഥിതിയിലാണ് ജോലി ചെയ്യുന്നത് എന്ന് വെളിപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവന്നത്. ഭീക്ഷണിപ്പെടുത്തൽ, വിവേചനം, രോഗികളുടെ സുരക്ഷ എന്നിവയെ പറ്റി കടുത്ത ആശങ്കയാണ് സർവേയുടെ ഫലമായി ഉരുത്തിരിഞ്ഞിരിക്കുന്നത്.

58, 500 – ലധികം വരുന്ന ജീവനക്കാരിൽ 8.6 % പേർ രോഗികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ലൈംഗിക സംഭാഷണമോ അനുചിതമായ സ്പർശനമോ പെരുമാറ്റമോ അനുഭവിച്ചവരാണ്. സഹപ്രവർത്തകരിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായതായി 26 ,000 ജീവനക്കാരാണ് പറഞ്ഞത്.

ഏറ്റവും കൂടുതൽ മോശം അനുഭവം നേരിട്ട ഒരു വിഭാഗം ആംബുലൻസ് ജീവനക്കാരാണ്. ആംബുലൻസ് പൂട്ടിയിട്ട് പീഡിപ്പിച്ചതിനെ തുടർന്ന് ഒരു ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം പലരും ചൂണ്ടി കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആയിരക്കണക്കിന് ക്യാമറകളാണ് ആംബുലൻസ് ട്രസ്റ്റുകൾക്ക് നൽകിയിരിക്കുന്നത്. ഏതെങ്കിലും രീതിയിൽ ആംബുലൻസ് ജീവനക്കാർക്ക് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മുതൽ സുരക്ഷാപ്രശനങ്ങൾ ഉന്നയിക്കാനുളള ജീവനക്കാരുടെ ആത്മവിശ്വാസത്തിൽ 6% കുറവുണ്ടായതായി സർവേ കണ്ടെത്തി. കഴിഞ്ഞവർഷം 58,000 എൻഎച്ച്എസ് ജീവനക്കാർ പൊതുജനങ്ങളിൽ നിന്ന് അനാവശ്യ പെരുമാറ്റം നേരിട്ടതായുള്ള റിപ്പോർട്ട് സങ്കടകരമാണെന്നും അത്തരം പെരുമാറ്റം എൻഎച്ച് എസ് വച്ച് പൊറുപ്പിക്കുകയില്ലെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് വർക്ക് ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷൻ ഓഫീസർ ഡോ. നവീന ഇവാനോ പറഞ്ഞു.