Crime

അബുദാബി ഇരട്ടക്കൊലപാതകത്തില്‍ മരിച്ച ഡെന്‍സിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാര്‍ അറിഞ്ഞത്. പിന്നീടു ഹൃദയാഘാതമാണെന്നും അറിയിച്ചു. അബുദാബിയിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സെന്റ് ജോസഫ്‌സ് പള്ളിയിലാണ് ഡെന്‍സിയുടെ സംസ്‌കാരം നടത്തിയത്. കുഴിമാടം നാളെ തുറന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിന് ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.

നോര്‍ത്ത് ചാലക്കുടി വാളിയേങ്കല്‍ റോസിലിയുടെ മകളാണ് ഡെന്‍സി (38). മൂന്നു മക്കളുടെ അമ്മയായ ഇവര്‍ 2019 ഡിസംബറിലാണു ജോലി തേടി അബുദാബിയിലേക്കു പോയത്.   മൂന്നു മാസം കഴിഞ്ഞായിരുന്നു മരണം സംഭവിച്ചത്. മകളുടേതു കൊലപാതകമാണെന്ന വിവരം ഏതാനും ദിവസം മുന്‍പു മാത്രമാണു കുടുംബാംഗങ്ങള്‍ അറിഞ്ഞതെന്നു പറയുമ്പോള്‍ അമ്മ റോസിലിക്കു കരച്ചിലടക്കാനാകുന്നില്ല. ജോലി ചെയ്തിരുന്ന കമ്പനിയിലെയാളാണ് കൊലപാതകമാണെന്ന വിവരം അറിയിച്ചത്. പിന്നീട് നിലമ്പൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നും പൊലീസെത്തി മൊഴിയെടുത്തു.

കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ.എബ്രഹാം നല്‍കിയ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി കിട്ടിയത്.  ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെന്‍സി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെന്‍സിയെയും 2020 മാര്‍ച്ച് 5നാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനത്തില്‍.

ഷാബാ ഷെരീഫ് വധക്കേസില്‍ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്മാന്‍, കുത്രാടന്‍ അജ്മല്‍, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. നാട്ടിലിരുന്ന് ഷൈബിന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കു മുമ്പ് ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.

പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫാണു ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്നു കൂട്ടുപ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണു റീ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ തുടര്‍നടപടികള്‍ തീരുമാനിച്ചത്.

ദേശീയപാതയിൽ നെടുമ്പാശ്ശേരി ഭാഗത്ത് വച്ച് വാഹനാപകടത്തിൽ മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി മരണപ്പെട്ട കേസിൽ ലോറി ഡ്രൈവർ പിടിയിൽ. കർണാടക സ്വദേശി ഹനുമന്തപ്പ (28) യെയാണ് നെടുമ്പാശ്ശേരി പോലീസ് പിടികൂടിയത്. വാഹനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 5ന് രാത്രിയായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശിയായ മുഹമ്മദ്‌ ഹാഷിം എന്നയാളാണ് മരണമടഞ്ഞത്. നെടുമ്പാശ്ശേരി മാർ അത്തനേഷ്യസ് ഭാഗത്ത് വച്ച് വീണതിനെ തുടർന്ന് ഹാഷിം റോഡിന് എതിർ വശത്തേക്ക് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയായിരുന്നു. അപകടത്തിനുശേഷം വാഹനം നിർത്താതെ പോയി.

വാഹനം കണ്ടുപിടിക്കാൻ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്തത്. മുന്നൂറ്റി അമ്പതോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. അഞ്ഞൂറില്‍പരം വാഹന ഉടമകളുടെ വിവരം ശേഖരിച്ചു. കർണ്ണാടകയിൽ നിന്നാണ് വാഹനം പിടികൂടിയത്. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കെമിക്കൽ കൊണ്ടുപോകുന്ന വാഹനമായിരുന്നു. ആലുവ ഡി.വൈ.എസ്.പി. പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ.മാരായ അനീഷ് കെ ദാസ്, വര്‍ഗീസ്‌, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ റോണി അഗസ്റ്റിൻ, കെ.ആർ.റെന്നി, എൻ.ജി.ജിസ്മോൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഈ മാസം അഞ്ചിന് രാത്രിയാണ് ഹാഷിം റോഡിലെ ഭീമൻ കുഴിയിൽ വീണതിനെ തുടർന്നുള്ള അപകടത്തിൽ മരിച്ചത്. ഹാഷിമിനുണ്ടായ അപകടം വലിയ വിവാദമായി മാറുകയും വിഷയത്തിൽ ഹൈക്കോടതി ഇടപെടുകയും ചെയ്തിരുന്നു. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ’ ഉടമയായിരുന്നു ഹാഷിം. രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മാർ അത്തനേഷ്യസ് സ്‌കൂളിന് സമീപത്തുള്ള കുത്തനെയുള്ള വളവിലെ കുഴിയിലാണ് ഹാഷിം വീണത്. റോഡിന് അപ്പുറത്തെ വശത്തേക്ക് തെറിച്ചുവീണപ്പോൾ അജ്ഞാത വാഹനം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. പിന്നീട് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരിമരുന്നുമായി പിടിയിലായ പാലക്കാട് സ്വദേശി, വനിതകള്‍ നിയന്ത്രിക്കുന്ന രാജ്യാന്തര ലഹരിമാഫിയ സംഘത്തിലെ കണ്ണി. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ഡല്‍ഹിയില്‍ താമസമാക്കിയ വനിതയെന്നും വിവരം. രണ്ട് വര്‍ഷത്തിനിടെ സംഘം ഇന്ത്യയിലേക്ക് കടത്തിയത് ഇരുനൂറ് കോടിയിലേറെ വില വരുന്ന ലഹരിമരുന്നുകള്‍.

സിയാലിന്‍റെ അത്യാധുനിക സ്കാനിങ് യന്ത്രം ഞായറാഴ്ച ചികഞ്ഞെടുത്തത് ലോകമാകെ പടര്‍ന്ന് കിടക്കുന്ന ലഹരിറാക്കറ്റിന്‍റെ വേരുകളാണ്. മാരക മയക്കുമരുന്നായ മെഥാക്വിനോള്‍ രാജ്യങ്ങള്‍ താണ്ടി ഇന്ത്യയിലേക്ക് കൈമറിഞ്ഞെത്തുന്നത് ഒരു മലയാളിയുടെ കയ്യിലൂടെ. അന്താരാഷ്ട്ര വിപണിയില്‍ 36 കോടി രൂപ വിലയുള്ള 18കിലോ മെഥാക്വിനോളുമായാണ് പാലക്കാട് സ്വദേശി മുരളീധരന്‍ ഉണ്ണി പിടിയിലായത്.

സിംബാംബ് വെയിലെ ഹരാരയില്‍ നിന്ന് ശേഖരിച്ച ലഹരിമരുന്ന് ഖത്തര്‍ വഴി കൊച്ചിയിലെത്തി ഇവിടെ നിന്ന് ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു പദ്ധതി. രണ്ട് ബാഗുകള്‍ക്കടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു ലഹരിക്കടത്ത്. കാരിയറായ മുരളീധരനില്‍ നിന്ന് ലഹരിമരുന്ന് കൈപ്പറ്റാന്‍ ഡല്‍ഹിയില്‍ കാത്തു നിന്ന നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഒമിഡിനെ ചടുലമായ നീക്കത്തിലൂടെ കസ്റ്റംസ് പിടികൂടി. ഇവരില്‍ നിന്നാണ് ലഹരിക്കടത്ത് സംഘത്തിലെ തലൈവിയെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

ലണ്ടനിലുള്ള ജെന്നിഫര്‍ എന്ന വനിതയാണ് ഇടപാടുകളത്രയും നിയന്ത്രിക്കുന്നത്. ഇവരുടെ കീഴില്‍ ഓരോ രാജ്യത്തും തലവന്‍മാര്‍. ഡല്‍ഹിയില്‍ സോഫിയ എന്ന പേരുള്ള സ്ത്രീയാണ് ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. നൈജീരിയന്‍ വനിതയെ അയച്ചതും സോഫിയയാണെന്നാണ് വിവരം. മുരളീധരനും നൈജീരിയന്‍ വനിത യുകാമ ഇമ്മാനുവേല ഉള്‍പ്പെടെയുള്ളവര്‍ കാരിയര്‍മാരാണ്. മുരളീധരന്‍ മൂന്ന് തവണ എത്തിച്ച ലഹരിമരുന്നും കൈമാറിയത് പിടിയിലായ യുകാമയ്ക്കാണ്. അതിന് മുന്‍പ് രണ്ട് തവണ കൈപ്പറ്റിയത് മറ്റൊരു യുവതി. ഇത്തവണത്തെ ഇടപാടില്‍ രണ്ട് ലക്ഷം രൂപയായിരുന്നു മുരളീധരന്‍ ഉണ്ണിക്കുള്ള പ്രതിഫലം. ഈ പണം നൈജിരിയന്‍ യുവതിയുടെ പക്കല്‍ നിന്ന് കണ്ടെത്തി. വാട്സപ്പിലൂടെയായിരുന്നു ഇരുവരുടെയും ആശയവിനിമയം.

രോഗിയുടെ ബന്ധുവിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജനെ വിജിലൻസ് സംഘം പിടികൂടി. ഹെർണിയ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവിൽ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ മുണ്ടക്കയം സ്വദേശി ഡോ.സുജിത് കുമാർ പിടിയിലായത്. വിജിലൻസ് എസ്പി വി ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തിന്റെ വസതിയ്ക്കു സമീപത്തെ കൺസൾട്ടിംങ് മുറിയിൽ നിന്നും വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തിലാണ് ഹെർണിയ ഓപ്പറേഷനെ സംബന്ധിച്ച് അറിയാനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടിൽ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടർ കൈക്കൂലിയായി കൈപ്പറ്റി.

തുടർന്ന് 20 ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ച് ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം ഡോക്ടർ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് രോഗിയുടെ മകൻ വിജിലൻസ് എസ്പി വിജി വിനോദ്കുമാറിന് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം ഇദ്ദേഹത്തെ നിരീക്ഷിച്ചു വരികയായിരുന്നു.

തുടർന്ന് വിജിലൻസ് റേഞ്ച് ഡിവൈഎസ്പി പി വി മനോജ്കുമാറും സംഘവും ചേർന്നാണ് ഡോക്ടറെ പിടികൂടിയത്. മുൻപും ഡോക്ടർക്കെതിരെ വ്യാപകമായ പരാതി ഉയർന്നിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് എതിരെ പീഡനക്കേസിൽ ബംഗളൂരു രാമനഗര സെഷൻസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തെന്നിന്ത്യൻ നടി രഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ അശ്ലീല വീഡിയോ ടേപ്പ് പുറത്തുവന്നതിനെ തുടർന്നുള്ള കേസാണിത്. മുൻ ഡ്രൈവർ ലെനിൻ കറുപ്പൻ 2010 മാർച്ച് 2ന് സ്വകാര്യ ടിവി ചാനലുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.

നിത്യാനന്ദയ്‌ക്കെതിരെ ഒട്ടേറെ സമൻസുകൾ കോടതി പുറപ്പെടുവിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ നിത്യാനന്ദയ്ക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് കാലാവധി തീർന്ന പാസ്‌പോർട്ട് ഉപയോഗിച്ച് നേപ്പാൾ വഴി ഇക്വഡോറിലേക്കു കടന്നിരുന്നു. അതേസമയം, വിവാദ സ്വാമി ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല.

2018 മുതൽ വിചാരണയിൽ നിന്നു വിട്ടുനിൽക്കുന്നതിനാൽ, 2020ൽ കോടതി ജാമ്യം റദ്ദാക്കി. യുഎസിൽ നിന്നുള്ള ഇന്ത്യൻ വംശജയെ 5 വർഷം ബിഡദി ആശ്രമത്തിൽ പാർപ്പിച്ചു പീഡിപ്പിച്ചെന്നുള്ള കേസും കർണാടക പോലീസിന്റെ സിഐഡി വിഭാഗം നിത്യാനന്ദയ്‌ക്കെതിരെ അന്വേഷിക്കുന്നുണ്ട്.

ഗുജറാത്തിൽ നിന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നേരത്തെ ഇന്റർപോൾ നിത്യാനന്ദയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചിരുന്നു.

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ സംഘർഷം. തിക്കിലും തിരക്കിലു൦ നിരവധി പേര്‍ക്ക് പരിക്കേറ്റു. ജെഡിടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടിക്കിടെയാണ് അപകടം. പരിപാടി പോലീസ് ഇടപെട്ട് റദ്ദാക്കി.

പെയിൻ ആൻറ് പാലിയേറ്റീവ് ധനസമാഹരണത്തിനായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയാണ് സംഘർഷം. എഴുപതോളം പേർക്ക് പരിക്ക്. വെള്ളിമാടുകുന്ന് ജെ.ഡി.ടി. ഇസ്ലാം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സ്റ്റുഡൻസ് ഇനിഷ്യേറ്റീവ് ഫോർ പാലിയേറ്റീവ് കെയർ (എസ്.ഐ.പി.സി.) ആണ് ഞായറാഴ്ച വൈകീട്ട് കടപ്പുറത്ത് സംഗീതപരിപാടി സംഘടിപ്പിച്ചത്.

സംഘർഷത്തിൽ പരിക്കേറ്റവരിൽ എട്ടു പോലീസുകാരും വിദ്യാർഥികളും നാട്ടുകാരും ഉൾപ്പെടുന്നു. പരിക്കേറ്റവർ ഗവ. ബീച്ച് ആശുപത്രി, ഗവ. മെഡിക്കൽ കോളേജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സതേടി.

ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഗീത പരിപാടിക്കിടെ തിരക്ക് വര്‍ധിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരം.

മൂന്നു ദിവസങ്ങളിലായി ജെഡിടി ആര്‍ട്‌സ് കോളജിന്റെ സംഗീത പരിപാടി കോഴിക്കോട് ബീച്ചില്‍ നടന്നു വരുകയായിരുന്നു. ഞായറാഴ്ച അതിന്റെ സമാപന ദിനമായിരുന്നു. ഞായറാഴ്ച ദിവസം കൂടിയായതിനാല്‍ വലിയ ജനപ്രവാഹമാണ് ബീച്ചിലേക്കുണ്ടായത്. ടിക്കറ്റ് വച്ചാണ് പരിപാടി നടത്തിയിരുന്നതെങ്കിലും കൂടുതല്‍ ആളുകള്‍ പരിപാടിയുടെ വേദിയിലേക്ക് എത്തിയതോടെ ടിക്കറ്റെടുത്തവര്‍ക്ക് വേദിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.

ഇതോടെ ടിക്കറ്റുമായി എത്തിയവരും സംഘാടകരും തമ്മില്‍ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടാകുകയും അത് തിക്കിലും തിരക്കിലും കലാശിക്കുകയുമായിരുന്നു. ഡിസിപി എ ശ്രീനിവാസ്, എസിപി കെ.സുദര്‍ശന്‍ എന്നിവര്‍ കോഴിക്കോട് ബീച്ചില്‍ എത്തി.

ഭർത്താവിനെ കൊലപ്പെടുത്താനുള്ള 26 കാരിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത കാമുകൻ കേസ് ഭയന്ന് ജീവനൊടുക്കി. അനുപല്ലവി എന്ന യുവതിയാണ് കാമുകൻ ഹിമവന്ത് കുമാറിനൊപ്പം ചേർന്ന് ഭർത്താവ് നവീൻ കുമാറിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത്.ബെംഗളൂരു ദൊഡ്ഡബിരക്കല്ലിലാണ് സംഭവം.

ക്വട്ടേഷനായി 90,000 രൂപയാണ് അഡ്വാൻസായി നൽകിയത്. കൊല നടത്തിയ ശേഷം 1.1 ലക്ഷം രൂപയും നൽകാമെന്നായിരുന്നു വാഗ്ദാനം.ഇക്കഴിഞ്ഞ ജൂലൈ 23ന് ക്വട്ടേഷൻ സംഘം ഡ്രൈവർ കൂടിയായ നവീൻ കുമാറിന്റെ കാർ തമിഴ്നാട്ടിലേക്ക് വാടകയ്ക്ക് വിളിച്ച ശേഷം തട്ടി കൊണ്ടു പോകുകയായിരുന്നു.

നവീൻ കുമാറിനെ ദിവസങ്ങളോളം തടവിൽ പാർപ്പിച്ച ക്വട്ടേഷൻ സംഘത്തിന് നവീനെ കൊല്ലാനുള്ള ധൈര്യമുണ്ടായില്ല. പകരം നവീനുമായി സൗഹൃദത്തിലാവുകയും ഒന്നിച്ച് മദ്യപിക്കുകയും ചെയ്തു.തുടർന്ന് കൊന്നെന്ന് അനുപല്ലവിയെയും കാമുകനെയും ബോധ്യപ്പെടുത്താൻ ക്വട്ടേഷൻ സംഘം നവീന്റെ ദേഹത്ത് തക്കാളി കെച്ചപ്പ് ഒഴിച്ച് ചിത്രമെടുത്ത് അയച്ച് കൊടുത്തു.

ഈ ഫോട്ടോ കണ്ട് ഭയന്ന കാമുകൻ ഹിമവന്ത് ആഗസ്റ്റ് ഒന്നിന് ബാലഗുണ്ടയിലെ വീട്ടിൽ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം കേസായാൽ അറസ്റ്റിലാകുമെന്ന് ഭയന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.ഇതിനിടെ എല്ലാവരെയും ഞെട്ടിച്ച് നവീൻ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് ക്വട്ടേഷൻ സംഘത്തിലെ ഹരീഷ്, നാഗരാജു, മുഗിലൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

നെടുമങ്ങാട് ഭര്‍ത്താവിന് പിന്നാലെ ഭാര്യയും ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. രാജേഷ് വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇതറിഞ്ഞ അപര്‍ണ ആസിഡ് കുടിച്ചാണ് ആത്മഹത്യ ചെയ്തത്.

ഒരാഴ്ചയായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇരുവരും മാറി താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് രാജേഷ് അപര്‍ണ്ണയുടെ വീട്ടില്‍ വന്നിരുന്നു. മൂന്ന് വയസുകാരിയായ മകളെ കൂട്ടി തന്റെ വീട്ടിലേക്ക് വരണമെന്ന രാജേഷിന്റെ ആവശ്യം അപര്‍ണ നിരസിച്ചു. ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ രാജേഷ് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ അപര്‍ണ ആസിഡ് കുടിക്കുകയായിരുന്നു.

മലപ്പുറം കുറ്റിപ്പുറം മഞ്ചാടിയിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.അമിത വേഗത്തിൽ എത്തിയ ഇന്നോവ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബൈക്ക് ഓടിച്ച പുത്തനത്താണി സ്വദേശി അബ്ദുൽ ഖാദർ തൽക്ഷണം മരിച്ചു. ഇദ്ദേഹത്തിൻറെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകീട്ടായിരുന്നു അപകടം നടന്നത്. കുറ്റിപ്പുറത്ത് നിന്നും തിരൂരിലേക്ക് പോകുന്ന വഴിയിൽ മഞ്ചാടിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരെ ഇന്നോവ കാർ ഇടിച്ച് തെറിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരി മുകളിലേക്ക് തെറിച്ച് പോകുന്നതും സിസിടിവി ദൃശ്യത്തിൽ കാരണം.

അമിത വേഗത്തിൽ അശ്രദ്ധമായെത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ വരുന്നതുകണ്ട് സ്‌കൂട്ടർ പരമാവധി ഇടതുവശത്തേക്ക് ചേർക്കാൻ ശ്രമിച്ചെങ്കിലും കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു.

കൊച്ചി കാക്കനാട് ഫ്‌ളാറ്റിലെ കൊലപാതകം കടം വാങ്ങിയ പണം തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നാണെന്ന് പ്രതി അര്‍ഷാദ് പൊലീസിന് മൊഴി നല്‍കി. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ ആരംഭിച്ചത്. ജ്വല്ലറിയില്‍ നിന്ന് മോഷ്ടിച്ച പണം ഇതിനായി സജീവന് നല്‍കിയിരുന്നു. ലഹരി വിറ്റ ശേഷം പണം തിരിച്ചുതരാമെന്ന് പറഞ്ഞതല്ലാതെ തന്നില്ലെന്നും ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് അര്‍ഷാദിന്റെ മൊഴി.

സ്വാതന്ത്ര്യ ദിനത്തില്‍ പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സജീവിനെ അര്‍ഷാദ് കൊലപ്പെടുത്തുന്നത്. സംഭവ ദിവസം ഇരുവരും അമിതമായി കഞ്ചാവും എം.ഡി.എ.എ.യും ഉപയോഗിച്ചിരുന്നു. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സജീവ് മയങ്ങി വീണു. തുടര്‍ന്ന് പ്രകോപിതനായ അര്‍ഷാദ് കത്തി ഉപയോഗിച്ച് കുത്തിക്കലപ്പെടുത്തുകയായിരുന്നു. ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.

കൊലപാതകത്തിന് ശേഷം അര്‍ഷാദ് രാവിലെ സമീപത്തെ കടയിലെത്തി ചൂലും മറ്റും വാങ്ങി. മൃതദേഹം പുതപ്പില്‍കെട്ടി ഡക്റ്റില്‍ ഇട്ട ശേഷം മുറി അടിച്ചു വൃത്തിയാക്കിയ ശേഷം അവിടെ ഉണ്ടായിരുന്ന ലഹരി വസ്തുക്കള്‍ എടുത്ത് സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് അര്‍ഷാദിന്റെ നാട്ടിലെ സുഹൃത്തായ അശ്വന്താണ് പ്രതിക്ക് രക്ഷപ്പെടാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കിയത്.

പ്രതി കുറ്റം സമ്മതിച്ചെങ്കിലും സാഹചര്യത്തെളിവുകള്‍ കൂടി ലഭിച്ചാലേ കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇയാളെ കാക്കനാട് ഫ്‌ളാറ്റില്‍ എത്തിച്ച ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നും തെളിവെടുപ്പ് തുടരുമെന്നാണ് വിവരം.

RECENT POSTS
Copyright © . All rights reserved