Crime

ഡോക്ടർമാരുടെ അനാസ്ഥയിൽ മറ്റൊരു ജീവൻ കൂടി പൊലിഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ഉൾപ്പടെ മൂന്ന് ആശുപത്രികളിൽ നിന്നും യഥാസമയം ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. ആശുപത്രികളിൽ ഉണ്ടായ അനാസ്ഥയിൽ മകളുടെ ജീവൻ നഷ്ടമായെന്നാണ് യുവതിയുടെ അച്ഛൻ പരാതിപ്പെടുന്നത്. ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോൾ മരിച്ച സംഭവത്തിലാണ് പിതാവ് സിആർ രാമർ ആണ് ആരോഗ്യ മന്ത്രിക്ക് അടക്കം പരാതി നൽകിയിരിക്കുന്നത്.

ഞായറാഴ്ച്ച രാവിലെ കടുത്ത തലവേദനയെത്തുടർന്ന് ലിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും എത്തിച്ചു. ഉച്ചയ്ക്ക് 1.45ന് മെഡിക്കൽ കോളജിൽ എത്തിയിരുന്നെങ്കിലും ഡാക്ടർമാർ പരിശോധിക്കാൻ തയാറായില്ല. പല തവണ ആവശ്യപ്പെട്ടതോടെയാണ് 3.30ന് സ്‌കാനിങ് നടത്താൻ പോലും തയാറായത്. ഈ റിപ്പോർട്ടും യഥാസമയം പരിശോധിച്ചില്ലെന്നാണ് പരാതി.

അതേസമയം, ഒട്ടേറെ തവണ ആവശ്യപ്പെട്ടപ്പോൾ തിരക്കുളളവർക്കു മറ്റു ആശുപത്രികളിലേക്കു പോകാം എന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞത്. ഇതോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ലിഷയെ മാറ്റുകയായിരുന്നു.

ഇവിടെ എത്തിയപ്പോഴാണ് ലിഷമോൾ അരമണിക്കൂർ മുൻപ് മരിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചത്. ലിഷമോളുടെ മരണത്തിൽ മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പിതാവ് ആവശ്യപ്പെടുന്നു.

ഇടുക്കിയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ട യുവതി കസ്റ്റഡിയില്‍. ഉടുമ്പന്‍ചോലയിലാണ് സംഭവം. അവിവാഹിതയായ അതിഥി തൊഴിലാളിയാണ് പ്രസവ ശേഷം കുട്ടികളെ കൊന്ന് കുഴിച്ചിട്ടത്.

ഇന്നലെയാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അവിവാഹിതയായിനാല്‍ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഏലത്തോട്ടത്തില്‍ കുഴിച്ചിട്ടെന്നും പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ എടുത്ത യുവതിയെ ചോദ്യം ചെയ്യുകയാണ്.

ഇരട്ടക്കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട ഏലത്തോട്ടത്തില്‍ പൊലീസെത്തി പരിശോധന നടത്തി. യുവതിയുടെ മാനസികാവസ്ഥ പരിഗണിച്ച് കൗണ്‍സിലിങ്ങ് നടത്തിയതിന് ശേഷമാകും വിശദമായ ചോദ്യം ചെയ്യലെന്നാണ് സൂചന.

കുണ്ടറ സ്വദേശിനിയായ യുവതി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുണ്ടറ കുരീപ്പള്ളി തുമ്പുവിള ഹൗസിൽ ആമിന (22) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവിനെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തത്. ആമിനയെ ഭർത്താവായ ജോനകപ്പുറം ബുഷറ മൻസിലിൽ അബ്ദുൽ ബാരി(34) കൊലപ്പെടുത്തിയതായി കണ്ടെത്തിയതോടെ പള്ളിത്തോട്ടം പോലീസ് പിടികൂടുകയായിരുന്നു.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണമാണു കൊലപാതകം തെളിയിച്ചത്. തുമ്പുവിള ഹൗസിൽ മുഹമ്മദ് ആഷിഖിന്റെയും പരേതയായ ഫസീല ബീവിയുടെയും മകളാണ് ആമിന. കഴിഞ്ഞ 22നു പുലർച്ചെയായിരുന്നു ആമിനയെ മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിച്ചത്.

കഠിനമായ ശ്വാസതടസമെന്നു പറഞ്ഞു അബ്ദുൽ ബാരിയും ബന്ധുക്കളും ചേർന്നാണ് ആമിനയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപു തന്നെ ആമിന മരിച്ചിരുന്നു. ആമിന കടുത്ത ശ്വാസതടസത്തെ തുടർന്ന് നിരവധി ആശുപത്രികളിൽ ചികിത്സ തേയിയിരുന്നു എന്നായിരുന്നു ഭർത്താവിന്റെ മൊഴി.

എന്നാൽ, മകളുടെ മുഖത്ത് കണ്ടെത്തിയ പാടിൽ സംശയം തോന്നിയ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പോലീസിന്റെ നിർദേശപ്രകാരം മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം കബറടക്കി. അസാധാരണ മരണത്തിനു കേസ് റജിസ്റ്റർ ചെയ്ത പോലീസ് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നു കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണു കൊലപാതകമാണെന്നു സ്ഥിരീകരിച്ചത്.

ആമിനയ്ക്കു ശ്വാസതടസം അനുഭവപ്പെടാൻ തക്ക അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്നും മൂക്കും വായും ബലമായി പൊത്തിപ്പിടിച്ചതുകാരണം ഉണ്ടായ ശ്വാസതടസമാണു മരണകാരണമെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്നു സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന്റെ നിർദേശപ്രകാരം അബ്ദുൽ ബാരിയെ ചോദ്യം ചെയ്തപ്പോഴാണു കുറ്റം സമ്മതിച്ചത്.

കൊലപാതകത്തിന് പിന്നിൽ കുടുംബപ്രശ്‌നങ്ങളാണെന്നാണ് പ്രതിയുടെ കുറ്റസമ്മതം. കൊല്ലം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ അഭിലാഷിന്റെ മേൽനോട്ടത്തിൽ പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആർ ഫയാസിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ സുകേഷ്, അനിൽ ബേസിൽ, ജാക്‌സൺ ജേക്കബ്, എഎസ്‌ഐമാരായ കൃഷ്ണകുമാർ, സുനിൽ, എസ്സിപിഒമാരായ സുമ ഭായി, ഷാനവാസ്, ബിനു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കടലിൽ കാണാതായ നരുവാമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്ഥിരീകരിച്ചു. കാണാതായി 16 ദിവസത്തിന് ശേഷമാണ് ഡി.എന്‍.എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിഞ്ഞത്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കിരണിന്റെ അമ്മയുടെ ഡി.എന്‍.എ സാമ്പിളുമായി ഒത്തുനോക്കിയാണ്​ പരിശോധന നടത്തിയത്​. മൃതദേഹത്തില്‍നിന്ന് തമിഴ്‌നാട് പൊലീസ് ശേഖരിച്ച സാമ്പിള്‍ ഒരാഴ്ച മുമ്പ് വിഴിഞ്ഞം പൊലീസിന് കൈമാറിയിരുന്നു.

ജൂലൈ ഒമ്പതിന് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. ഇവർ കിരണിനെ ബൈക്കിൽ ആഴിമല ഭാഗത്തേക്ക് കൊണ്ടുപോയെന്നും ഇടക്കുവെച്ച് ഇറങ്ങി ഓടിയെന്ന്​ അവർ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി. ഇതോടെ കിരണിനായി തിരച്ചിൽ ആരംഭിച്ചു. സംഭവശേഷം കടല്‍ത്തീരത്തുനിന്ന് കിരണിന്റെ ചെരിപ്പുകള്‍ കണ്ടെടുത്തിരുന്നു. യുവാവ് ഓടിപ്പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

ജൂലൈ 13ന് പുലർച്ചയാണ് അജ്ഞാത മൃതദേഹം കുളച്ചൽ തീരത്ത് കണ്ടെത്തിയത്. കടലില്‍ കാണാതായവരെ കേന്ദ്രീകരിച്ച് കുളച്ചല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹത്തിന്‍റെ കൈയിലുള്ള ചരട് കണ്ട് മകന്‍റേതാണെന്ന്​​ കിരണിന്‍റെ പിതാവ് പറഞ്ഞിരുന്നെങ്കിലും വസ്ത്രങ്ങൾ ഇല്ലാതിരുന്നതിനാൽ സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇതോടെയാണ് ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍, സഹോദരി ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. പോസ്റ്റ്മോർട്ടത്തിന്​ ശേഷം തമിഴ്നാട്ടിലെ ആശാരിപ്പള്ളം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

അമിതലഹരിയില്‍ വാഹനമോടിച്ച് മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച സിനിമ- സീരിയല്‍ നടിയും, സുഹൃത്തും കസ്റ്റഡിയില്‍. നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഈ സംഭവം അരങ്ങേറിയത്.

അശ്വതി ബാബുവിന്റെ സുഹൃത്ത് നൗഫലാണ് കാര്‍ ഓടിച്ചിരുന്നത്. കുസാറ്റ് സിഗ്‌നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്തപ്പോള്‍ പല വാഹനങ്ങളില്‍ ഇടിച്ചിരുന്നു. നിര്‍ത്താതെ പോയ നടിയുടെ വാഹനത്തെ പിന്തുടര്‍ന്നു വന്ന ഒരാള്‍ വാഹനം വട്ടം വച്ചു തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു.രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. പിന്നാലെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ നടിയെയും കണ്ടെത്തി. ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

ലഹരി മരുന്ന് കേസില്‍ നേരത്തെ നടി ശ്വതി ബാബു അറസ്റ്റിലായിരുന്നു. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

 

യുവാവ് മദ്യലഹരിയില്‍ ഓടിച്ച കാര്‍ അപകട പരമ്പര സൃഷ്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാതയില്‍ ആലുവ മുട്ടത്ത് നിന്ന് ആരംഭിച്ച കാര്‍ ചെയ്‌സ് അവസാനിച്ചത് തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെ പോസ്റ്റില്‍ ഇടിച്ചതോടെയാണ്.

മദ്യലഹരിയില്‍ വണ്ടിയോടിച്ച യുവാവിനൊപ്പം ഒരു സീരിയല്‍ നടിയും കാറിലുണ്ടായിരുന്നു. അപകടം ഉണ്ടായ ഉടന്‍ നടി സ്ഥലംവിട്ടു. യുവാവിനെ നാട്ടുകാര്‍ പോലീസിന് കൈമാറി. കാറിന്റെ മരണപ്പാച്ചിലില്‍ ഒരു കാറും നാല് ഇരുചക്ര വാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് ആലുവ മുതല്‍ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചത്.

ഇടിച്ചിട്ടും നിര്‍ത്താതെ പോയ ഇവരുടെ കാറിനു പിന്നാലെ മറ്റ് വാഹനങ്ങള്‍ പാഞ്ഞതോടെ സിനിമ സ്‌റ്റൈല്‍ ചെയ്‌സായി. ഒടുവില്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെത്തിയപ്പോള്‍ കാറിന്റെ ഒരു ടയര്‍ പൊട്ടി. എന്നിട്ടും വാഹനവുമായി പായാന്‍ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചത്.

തമിഴ്‌നാട്ടിൽ ദുരഭിമാനക്കൊല. കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളെയും ഭർത്താവിനെയും പിതാവ് വെട്ടിക്കൊന്നു. രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മുത്തുക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. നവദമ്പതികളെ അവർ താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നത്. തൂത്തുക്കുടി വീരപ്പട്ടി ഗ്രാമത്തിലാണ് സംഭവം.

ഇരുവരും തമ്മിലുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛൻ തുടക്കം മുതൽ ശക്തമായി എതിർത്തിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് രേഷ്മ മണികരാജുവിനെ പ്രണയിച്ച് വിവാഹം ചെയ്തത്. രേഷ്മ വീടുവിട്ട് ഇറങ്ങുകയായിരുന്നു. എന്നാൽ മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. രേഷ്മ കോവിൽപ്പട്ടിയിലെ ഒരു കോളേജിൽ ബിരുദ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.

പ്രണയിച്ച് വിവാഹിതരായി മാറി താമസിച്ചിരുന്ന ദമ്പതികളെ വീരപ്പട്ടി പഞ്ചായത്ത് അധികൃതരാണ് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടർന്ന് വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. പഞ്ചായത്ത് ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും മുത്തുക്കുട്ടി വഴങ്ങിയിരുന്നില്ല.

കൂലിപ്പണിക്കാരനാണ് മണിക് രാജു എന്നതിനാൽ തന്നെ ഇയാളെ അംഗീകരിക്കാനോ വീട്ടിൽ കയറ്റാനോ മുത്തുക്കുട്ടി തയ്യാറായില്ല. തുടർന്ന് ദമ്പതികൾ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അരിവാളുമായെത്തിയ മുത്തുക്കുട്ടി ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് മുത്തുക്കുട്ടി സ്ഥലത്തു നിന്ന് പോയതെന്ന് പോലീസ് പറയുന്നു.

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. പുത്തൻപീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് പണം കടം കൊടുത്തത് ചോദിക്കാൻ വിനീതിന്റെ വീട്ടിലെത്തിയ അലക്‌സിനെ വടിവാളുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. അന്തിക്കാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. പുത്തൻപീടികയിലെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിൽ വിനീത് അഭിനയിച്ചിട്ടുണ്ട്

 

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഭർതൃഗൃഹത്തിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. യുവതിയുടെ മരണത്തിന് പിന്നാലെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ജോനകപ്പുറം ചന്ദനഴികം പുരയിടത്തിൽ അബ്ദുൾ ബാരിയുടെ ഭാര്യ ആമിന (22) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു യുവതിയുടെ മരണം. അഞ്ച് മണിയോടെയാണ് ആമിനയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഭർത്താവും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ആമിന മരണപ്പെടുകയായിരുന്നു.

അതേസമയം, മരിച്ച യുവതിയുടെ മുഖത്ത് പാട് കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിൽ വിവരമറിയിച്ചത്. സംഭവത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുക്കുകയായിരുന്നു.

ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന ആമിന നേരത്തെ മുതൽ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതായി ഭർത്താവ് അബ്ദുൾ ബാരി പോലീസിനോട് പറഞ്ഞു. അസ്വസ്ഥതയുണ്ടാകുമ്പോൽ ആമിന സ്വയം മുറിവേൽപ്പിക്കാറുണ്ടായിരുന്നു. ശ്വാസ തടസമുണ്ടാകുമ്പോൾ കൃത്രിമശ്വാസോച്ഛാസം നൽകിയാണ് സാധാരണ നിലയിലേക്ക് കൊണ്ടുവരാറെന്നും യുവാവ് പറഞ്ഞു.

പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സഹോദരന്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ ഒന്നാം പ്രതി പ്രതി ജയചന്ദ്രനെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ച് വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.

യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതെവിട്ടത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരെയാണ് വെറുതെവിട്ടത്.

എട്ട് പ്രതികളുടെയും ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. 2009ന് രാത്രി ആലുപ്പുഴ- ചങ്ങനാശ്ശേരി റൂട്ടിലെ പൊങ്ങ ജംഗ്ഷനിലായിരുന്നു പോള്‍ മുത്തൂറ്റ് കൊല്ലപ്പെടുന്നത്.

ക്വട്ടേഷന്‍ ആക്രമണത്തിനായി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന പ്രതികളുമായി ഒരു ബൈക്ക് അപകടത്തെ ചൊല്ലി പോള്‍ വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് കാറിലുണ്ടായിരുന്ന പോളിനെ പുറത്തിറക്കി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.

RECENT POSTS
Copyright © . All rights reserved