ശനിയുടെ ഉപഗ്രഹങ്ങളില്‍ ഒന്നില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തി. ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ സാഹചര്യം ഉള്ളത് എന്‍സൈലദുസ് എന്ന ഉപഗ്രഹത്തിലാണത്രേ. എന്‍സൈലദുസിലെ വിള്ളലുകളില്‍ നിന്നാണ് ഗവേഷകര്‍ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഘടകങ്ങള്‍ അവിടെയുണ്ടെന്ന് കണ്ടെത്തിയത്. ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ ഘടകങ്ങളും ഭൂമിയിലുള്ളതു പോലെ എന്‍സൈലദുസിലും ഉണ്ടെന്നതിന്റെ തെളിവുകള്‍ നാസയുടെ പേടകം ‘കസീനി’യാണ് ലോകത്തിനു മുന്നിലെത്തിച്ചത്.
എന്‍സൈലദുസിന്റെ മഞ്ഞുപാളികള്‍ നിറഞ്ഞ ഉപരിതലത്തിനു താഴെ, വിശാലമായ ഒരു സമുദ്രം ഒളിഞ്ഞിരിപ്പുണ്ടെന്നതിന്റെ തെളിവ് നേരത്തേ ലഭിച്ചിരുന്നു. ഈ സമുദ്രത്തിന്നടിയില്‍ നിന്ന് രാസപ്രക്രിയകളിലൂടെ വന്‍തോതില്‍ വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നുമുണ്ട്. മീഥെയ്ന്‍, ഹൈഡ്രജന്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ പുറത്തുവരുന്നത്. മഞ്ഞുപാളികളിലെ വിള്ളലുകളിലൂടെ പുറത്തേക്കു വന്നു കൊണ്ടിരുന്ന ഈ വാതകങ്ങളില്‍ നിന്നാണ് ‘കസീനി’ സാംപിളുകള്‍ ശേഖരിച്ചത്. ശനിയെക്കുറിച്ചുള്ള പഠനത്തിനിടെ പല തവണ അതിന്റെ ഉപഗ്രഹങ്ങളിലൂടെയും കസീനി കടന്നു പോയിരുന്നു. അപ്പോഴെല്ലാം ഇത്തരത്തിലുള്ള വാതക സാംപിളുകളും ഐസുമെല്ലാം ശേഖരിച്ചു വിശകലനം ചെയ്തു. മാസങ്ങളോളം ശേഖരിച്ച ഡേറ്റയാണ് ശനിയിലേക്ക് ഇടിച്ചിറങ്ങി പ്രവര്‍ത്തനം നിലയ്ക്കുന്നതിനു തൊട്ടുമുന്‍പായി കസീനി ഭൂമിയിലേക്ക് അയച്ചത്. 1997-ല്‍ അയച്ച പേടകം 2017-ലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
ഡേറ്റ പഠന വിധേയമാക്കിയ രാജ്യാന്തര വിദഗ്ധ സംഘം എന്‍സൈലദുസിന്റെ ‘ഹൃദയഭാഗത്ത്’ തന്നെ കാര്‍ബണ്‍ സമ്പുഷ്ടമായ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നെന്നു കണ്ടെത്തുകയായിരുന്നു. ‘ഞെട്ടിത്തരിച്ചു പോയ കണ്ടെത്തല്‍’ എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിച്ചത്. ജീവന്‍ നിലനിര്‍ത്താനാവശ്യമായ അടിസ്ഥാന ജൈവ വസ്തുക്കളാണ് ഇവയെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ.ഫ്രാങ്ക് പോസ്റ്റ്‌ബെര്‍ഗ് പറഞ്ഞു. ഇത്തരം രാസപ്രക്രിയ എന്‍സൈലദുസില്‍ നടക്കുന്നുണ്ടെന്ന് ഇതാദ്യമായാണ് വ്യക്തമാകുന്നത്. ഭൂമി കൂടാതെ ഇത്തരത്തില്‍ ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ തെളിവുകളും ചേര്‍ന്ന ഒരൊറ്റ ഗ്രഹം നിലവില്‍ എന്‍സൈലദുസ് മാത്രമാണെന്നും ഗവേഷകര്‍ പറയുന്നു. ജീവന്റെ സാന്നിധ്യം സംബന്ധിച്ച് അടുത്തിടെ ചൊവ്വയില്‍ നിന്നു ലഭിച്ച തെളിവുകളേക്കാള്‍ ഏറെ വ്യക്തമാണ് കസീനി നല്‍കിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ‘നേച്ചര്‍’ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബ്രെക്‌സിറ്റിനു ശേഷമുള്ള ആദ്യ അധ്യയന വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളുടെ ഫീസുകളില്‍ മാറ്റമുണ്ടാകില്ല. ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അതേ ഫീസ് തന്നെയായിരിക്കും ഇവര്‍ക്കും നല്‍കേണ്ടതായി വരികയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. 2019 ഓട്ടമില്‍ എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനകാലം മുഴുവന്‍ ഇപ്പോള്‍ ലഭിക്കുന്ന സാമ്പത്തിക സഹായവും ലഭ്യമാകുമെന്ന് ഹിന്‍ഡ്‌സ് വ്യക്തമാക്കി. ഇപ്പോള്‍ യൂണിവേഴ്‌സിറ്റികള്‍ ഈടാക്കുന്ന പരമാവധി ട്യൂഷന്‍ ഫീസായ 9250 പൗണ്ട് തന്നെയായിരിക്കണം രണ്ടാം വര്‍ഷവും ഈടാക്കേണ്ടതെന്ന് യൂണിവേഴ്‌സിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ഈ നിര്‍ദേശം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്താനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തതയും ഉറപ്പും നല്‍കുന്നതിനാണ് ഈ പ്രഖ്യാപനമെന്നും ഹിന്‍ഡ്‌സ് സൂചിപ്പിച്ചു. ഗവണ്‍മെന്റ് ബ്രെക്‌സിറ്റ് കൈകാര്യം ചെയ്യുന്ന രീതി യുകെയിലെ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികളില്‍ അനിശ്ചിതാവസ്ഥയുണ്ടാക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബ്രെക്‌സിറ്റ് ആശങ്കകള്‍ പ്രകടമായിരുന്നു.
നമ്മുടെ ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ പ്രതിഭയും കഴിവുമുള്ള എല്ലാവര്‍ക്കും അവസരം ലഭിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് ഹിന്‍ഡ്‌സ് പറഞ്ഞു. സര്‍ക്കാര്‍ നിലപാട് യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ പര്യാപ്തമാണെന്ന് യൂണിവേഴ്‌സിറ്റീസ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് അലിസ്റ്റര്‍ ജാര്‍വിസ് പറഞ്ഞു.
മെന്‍സ ഐക്യു ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇന്ത്യന്‍ വംശജയായ പതിനൊന്നുകാരി. സറേയിലെ സ്റ്റാന്‍വെല്ലില്‍ താമസിക്കുന്ന സ്വതന്ത്ര-നികിത ദമ്പതികളുടെ മകളായ സ്‌നേഹല്‍ വിജയ് ആണ് അമ്പരപ്പിക്കുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കാറ്റെല്‍ III B പേപ്പറില്‍ 162 സ്‌കോര്‍ നേടിയ സ്‌നേഹല്‍ വിഖ്യാത ശാസ്ത്രജ്ഞന്‍മാരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിംഗ് എന്നിവരുടെ ബുദ്ധിശക്തിയെയാണ് പിന്നിലാക്കിയിരിക്കുന്നത്. മെന്‍സ പരീക്ഷയില്‍ പങ്കെടുക്കുന്നവരില്‍ കേവലം ഒരു ശതമാനം ആളുകള്‍ക്ക് മാത്രമേ ഈ സ്‌കോര്‍ നേടാനായിട്ടുള്ളു.
മുതിര്‍ന്നവര്‍ക്ക് പരമാവധി നേടാന്‍ കഴിയുന്നത് 161 സ്‌കോര്‍ മാത്രമാണ്. കുട്ടികള്‍ക്ക് 162 വരെ നേടാന്‍ സാധിക്കുമെന്നും വിശദീകരണമുണ്ട്. സ്‌നേഹലിന്റെ പരീക്ഷാഫലം അടങ്ങിയ കത്ത് തുറന്നപ്പോള്‍ തങ്ങള്‍ അമ്പരന്നു പോയെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇതിനു പിന്നാലെ രാജ്യത്തെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗ്രാമര്‍ സ്‌കൂളായ ഹെന്റീറ്റ ബാര്‍നെറ്റ് സ്‌കൂള്‍ സ്‌നേഹലിന് പ്രവേശനവും നല്‍കിയിട്ടുണ്ട്. സെപ്റ്റംബറില്‍ ഇവിടെ സ്‌നേഹല്‍ പഠനം ആരംഭിക്കും. ഈ സ്‌കൂളിലേക്കുള്ള പ്രീ-എന്‍ട്രി പരീക്ഷകളില്‍ സ്‌നേഹല്‍ നടത്തിയ പ്രകടനം കണ്ടതോടെയാണ് മെന്‍സ ടെസ്റ്റില്‍ പങ്കെടുപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് പിതാവ് സ്വതന്ത്ര പറഞ്ഞു.
ആദ്യം സ്‌നേഹല്‍ അതിനു തയ്യാറായിരുന്നില്ല. ഒരു ഫാമിലി ട്രിപ്പിന് പോകാമെന്നും അതിനിടയ്ക്ക് രണ്ടു മണിക്കൂര്‍ ഇരുന്ന് പരീക്ഷയെഴുതിക്കോളൂ എന്നും സ്‌നേഹലിനോട് പറഞ്ഞു. അതു കഴിഞ്ഞ് ലണ്ടനില്‍ കറങ്ങാമെന്നും പറഞ്ഞു. അങ്ങനെയാണ് പരീക്ഷയെഴുതിയത്. പിന്നീട് തങ്ങള്‍ വിക്ടോറിയയില്‍ ഷോപ്പിംഗിന് പോയി. തനിക്ക് ലഭിച്ച സ്‌കോറില്‍ അമ്പരന്നു പോയതായി സ്‌നേഹലും വെളിപ്പെടുത്തി. ഇത്രയും വലിയ സ്‌കോര്‍ നേടുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ലെന്ന് അമ്മ നികിതയും പറഞ്ഞു. രണ്ട് ടെസ്റ്റുകളാണ് മെന്‍സയിലുള്ളത്. ഇവയിലേതിലെങ്കിലും 148 സ്‌കോര്‍ നേടുന്നവരാണ് മെന്‍സയില്‍ അംഗമാകാന്‍ യോഗ്യത നേടുന്നത്.
ചെന്നൈ: ഭൂമിയില്‍ നിന്നും 600 പ്രകാശവര്‍ഷം അകലെയായി പുതിയ ഗ്രഹം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടിറി (പിആര്‍എല്‍) ശാസ്ത്രജ്ഞന്‍മാരുടെ സംഘമാണ് കണ്ടെത്തിയത്.
ഭൂമിയേക്കാള്‍ 27 മടങ്ങ് വലിപ്പവും ആറ് മടങ്ങ് വ്യാസവുമുള്ള ഈ ഗ്രഹം സൂര്യനെ പോലെയുള്ള ഒരു നക്ഷത്രത്തിന് വലം വെയ്ക്കുന്നുണ്ട്. ഈ കണ്ടു പിടുത്തത്തോടെ ഗ്രഹങ്ങള്‍ കണ്ടുപിടിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചേര്‍ന്നു.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍നൈസേഷന്‍ വെബ്‌സൈറ്റ് പ്രകാരം എപിക് 211945201 അല്ലെങ്കില്‍ കെ2-236 എന്നാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഈ ചൂടന്‍ ഗ്രഹത്തിന് പേരിട്ടിരിക്കുന്നത്. ഒരു ഭ്രമണം ഈ ഗ്രഹം പൂര്‍ത്തിയാകുന്നത് 19.5 ദിവസങ്ങള്‍ കൊണ്ടാണെന്നും ശാസ്ത്രജ്ഞന്‍മാര്‍ പറഞ്ഞു. നക്ഷത്രക്കൂട്ടത്തോട് തൊട്ടടുത്ത് കിടക്കുന്ന ഗ്രഹത്തിന്റെ പ്രതലത്തിലെ ചൂട് 600 ഡിഗ്രി സെല്‍ഷ്യസാണ്.
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം കണക്കാക്കി നോക്കിയാല്‍ ഈ ഗ്രഹം അതിന്റെ നക്ഷത്രത്തോട് ഏഴു മടങ്ങ് അടുത്താണ് കിടക്കുന്നത്. സൂപ്പര്‍ നെപ്റ്റിയൂണിന്റെ വിഭാഗത്തില്‍ പെടുന്ന ഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ രീതികളെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുന്നു എന്നതാണ് ഈ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത. മൗണ്ട് അബുവിലെ 1.2 എം ടെലിസ്‌കോപ്പുമായി പരാസിന്റെ സ്‌പെക്‌ട്രോഗ്രാഫ് സമന്വയിപ്പിച്ച് ഗ്രഹത്തിന്റെ മാസ് അളന്നാണ് കണ്ടു പിടുത്തം നടത്തിയത്.
ബിനോയി ജോസഫ്
കുരുന്നുകൾക്ക് അതൊക്കെയും വിസ്മയക്കാഴ്ചകളായിരുന്നു… മുതിര്‍ന്നവര്‍ക്കും… നേരിൽ കണ്ടത് യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷൻ. ടർബൈനുകൾ, ബോയിലറുകൾ, മില്ല്യണിലേറെ ടണ്ണുകളുടെ കൽക്കരി സ്റ്റോർ, ബയോമാസ് ഫ്യൂവൽ ശേഖരിച്ചിരിക്കുന്ന ഡോമുകൾ, കൂറ്റൻ കൂളിംഗ് ടവറുകൾ, ഫ്യൂവൽ പൾവറൈസ് ചെയ്യുന്ന മില്ലുകൾ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാൻറ്, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനായി സൾഫർ ഡയോക്സൈഡിനെ ജിപ്സമായി മാറ്റുന്ന അബ്സോര്‍ബര്‍ യൂണിറ്റുകൾ, അതിനൂതനമായ കൺട്രോൾ റൂമുകൾ, പ്രോസസ് ഗ്യാസ് പുറത്തേയ്ക്കു തള്ളുന്ന നൂറു മീറ്ററോളം ഉയരമുള്ള ചിമ്മിനി… മൂന്നു മണിക്കൂറുകൾ നീണ്ട ടൂറിൽ ഹളളിലെ മലയാളി കുടുംബങ്ങൾ ദർശിച്ചത് ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ വിസ്മയം.
വീടുകളിൽ സ്വിച്ചിട്ടാൽ ലൈറ്റും ടിവിയും ഓണാകുമെന്നറിയാമെങ്കിലും അതിനായി ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റി എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നറിയാനുള്ള ജിജ്ഞാസ ഹള്ളിലെ മലയാളി കുടുംബങ്ങളെ കൊണ്ടെത്തിച്ചത് യോർക്ക് ഷയറിലെ പവർ സ്റ്റേഷനിൽ. സെൽബിയിൽ സ്ഥിതി ചെയ്യുന്ന ഡ്രാക്സ് പവർ ലിമിറ്റഡിലാണ് ഹളളിലെ ഇന്ത്യൻ ലാംഗ്വേജ് സപ്ളിമെൻററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സന്ദർശനമൊരുക്കിയത്. പവർ സ്റ്റേഷന്റെ മോഡൽ ഒരുക്കിയിരിക്കുന്ന വിസിറ്റർ സെന്ററിൽ കുട്ടികളും മുതിർന്നവരും അടങ്ങുന്ന സംഘത്തെ പവർസ്റ്റേഷൻ വിസിറ്റർ മാനേജിംഗ് ടീമംഗങ്ങൾ സ്വീകരിക്കുകയും അവയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന് ഇലക്ട്രിസിറ്റി ഉല്പാദിപ്പിക്കുന്നത് എങ്ങനെയെന്ന് ആക്ഷൻ സോംഗിലൂടെ കുട്ടികളെ പഠിപ്പിച്ചു. പവർ സ്റ്റേഷൻ ഗൈഡുകളോടൊപ്പമുള്ള സ്റ്റേഷൻ ടൂറായിരുന്നു അടുത്തത്.
പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പുകളും അതിന്റെ ആവശ്യകതകളും സന്ദർശക സംഘത്തെ അറിയിച്ച ഗൈഡുകൾ ഓരോരുത്തർക്കും സേഫ്റ്റി ഹാറ്റ്, ഐ പ്രൊട്ടക്ഷൻ, ഹൈ വിസിബിലിറ്റി ജാക്കറ്റ് എന്നിവയും നല്കി. മിനി ബസുകളിലാണ് സംഘം ആയിരത്തിലേറെ ഏക്കറുകളിലായി പരന്നു കിടക്കുന്ന പവർ സ്റ്റേഷൻ ടൂർ നടത്തിയത്. പവർ സ്റ്റേഷനിലെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ വയർലെസ് ഹെഡ്സെറ്റുകൾ വഴി ടൂറിനിടയിൽ വിശദീകരിച്ചു നല്കി. യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷനുകളിൽ ഒന്നായ ഡ്രാക്സിലെ ടൂർ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ വിജ്ഞാനപ്രദമായിരുന്നുവെന്ന് ഹൾ ഇന്ത്യൻ ലാംഗ്വേജ് സപ്ളിമെന്ററി സ്കൂളിനു (ഹിൽസ്) നേതൃത്വം നല്കുന്ന ടീച്ചർ ആനി ജോസഫും ടൂറിനായി പവർ സ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരുക്കിയ ബോബി തോമസും പറഞ്ഞു.
കുട്ടികളെ മലയാളം പഠിപ്പിക്കാനും കേരള സംസ്കാരത്തിന്റെ സാരാംശം അവർക്ക് മനസിലാക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജോജി കുര്യാക്കോസ്, ബിനു ബോണിഫേസ്, അനിഷ് മാണി എന്നിവരുടെ നേതൃത്വത്തിൽ മറ്റു മലയാളി കുടുംബങ്ങളുടെ സഹകരണത്തോടെ 2015 മുതലാണ് മലയാളം ക്ലാസുകൾ ആരംഭിച്ചത്. ഒരു വർഷം ഇരുപതോളം ക്ലാസുകൾ നടത്തുന്ന സ്കൂൾ, ചിൽഡ്രൻസ് യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലയാളം ക്ലാസുമായി ബന്ധപ്പെട്ട ആക്ടിവിറ്റികൾ, കുട്ടികൾക്കായി നല്കിയിരിക്കുന്ന ചിൽഡ്രൻസ് പാസ്പോർട്ടിൽ റെക്കോർഡ് ചെയ്ത് അതിന്റെ അടിസ്ഥാനത്തിൽ വിവിധ അവാർഡുകൾ നല്കപ്പെടുന്നു.
കഴിഞ്ഞ വർഷത്തെ കുട്ടികളുടെ ഗ്രാജുവേഷൻ സെറമണി ഹൾ യൂണിവേഴ്സിറ്റിയിൽ വച്ചാണ് നടത്തിയത്. ടീച്ചർ ആനി ജോസഫ്, ബിനു ബോണിഫേസ്, റോസിറ്റ നസ്സറേത്ത്, ബോബി തോമസ്, രാജു കുര്യാക്കോസ് എന്നിവർ നിലവിൽ ക്ലാസുകളുടെ പ്രവർത്തനത്തിന് നേതൃത്വം നല്കുന്നു. ജിസിഎസ് സി ലെവലിൽ മലയാള ഭാഷ കുട്ടികൾക്ക് ഒരു ലാംഗ്വേജായി ഉൾപ്പെടുത്തുവാനുള്ള പ്രവർത്തനങ്ങൾക്കായി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ശ്രമങ്ങൾ നടത്തിവരികയാണ് ടീച്ചർ ആനി ജോസഫ്. കുട്ടികൾക്ക് കരിയർ ഗൈഡൻസിന് ഉപകാരപ്രദമായ പ്രവർത്തനങ്ങൾ ഭാവിയിലും തുടരണമെന്നാണ് സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ ആഗ്രഹം. പവർ സ്റ്റേഷൻ സന്ദർശനം എല്ലാ അർത്ഥത്തിലും വിജ്ഞാനപ്രദമായിരുന്നുവെന്ന് കുട്ടികളും മുതിർന്നവരും പറഞ്ഞു.
കൊച്ചി: തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി. പ്രവേശനത്തിന് അപേക്ഷ നല്‍കിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സ്കൂളിൽ നടത്തി വരുന്ന പ്രവേശന പരീക്ഷയെ ചൊല്ലിയുള്ള തർക്കത്തെതുടർന്നു ഇത്തവണ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മേയ് ആദ്യവാരം നേരിട്ടാണ് അപേക്ഷ സ്വീകരിച്ചത്. എന്നാൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും തിക്കും തിരക്കും മൂലം പ്രവേശനം നടത്താനാകാതെ വരുകയായിരുന്നു.
സർക്കാർ സ്കൂളുകളിൽ, അപേക്ഷിക്കുന്ന എല്ലാവരെയും ചേർക്കണമെന്നാണു നിയമം. എന്നാൽ ടാഗോറിൽ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് 245 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇത്രയും വിദ്യാർഥികളെ ഉൾക്കൊള്ളാൻ ടാഗോറിൽ സൗകര്യവുമില്ല. ഇതോടെയാണ് പ്രവേശനം അനിശ്ചിതത്വത്തിലായത്.
ടാഗോറിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി വിദ്യാർഥികളാണ് ടിസി വാങ്ങി കാത്തിരുന്നത്. നിയമക്കുരുക്ക് മുറുകിയതോടെ ഈവര്‍ഷത്തെ സ്‌കൂള്‍ പ്രവേശന ദിവസം അഞ്ചാം ക്ലാസില്ലാതെയാണ് ടാഗോര്‍ തുറന്നത്.
കുട്ടികള്‍ക്ക് എ-ലെവലിന് പകരം സാങ്കേതിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കാനൊരുങ്ങി സര്‍ക്കാര്‍. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ദശകങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പൊളിച്ചെഴുത്ത് എന്ന് വിശേഷിപ്പിക്കാവുന്ന നിയമഭേദഗതിയാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2020 സെപ്റ്റംബര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സ്ട്രക്ഷന്‍, ഡിജിറ്റല്‍ സ്‌കില്‍സ്, ചൈല്‍ഡ്‌കെയര്‍ തുടങ്ങിയവയില്‍ വിദ്യാഭ്യാസ യോഗ്യത നേടാന്‍ അവസരമുണ്ടാകും. ഇംംഗ്ലണ്ടിലെ 52 കോളേജുകളിലാണ് ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുങ്ങുന്നത്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്, എന്‍ജിനീയറിംഗ് ആന്‍ഡ് മാനുഫാക്ചറിംഗ്, ക്രിയേറ്റീവ് ആന്‍ഡ് ഡിസൈന്‍ തുടങ്ങി 22 കോഴ്‌സുകള്‍ 2021 മുതല്‍ വിവിധ ഘട്ടങ്ങളിലായി അവതരിപ്പിക്കും.
ഈ ടൈംടേബിള്‍ അനുസരിച്ച് ഈ വര്‍ഷം ജിസിഎസ്ഇ ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ എ-ലെവല്‍ കോഴ്‌സിനോ പുതിയ സാങ്കേതിക പഠനത്തിനോ ചേരാനുള്ള അവസരം ലഭിക്കും. കഴിഞ്ഞ നവംബറിലാണ് ഈ ഭേദഗതിക്കായുള്ള കണ്‍സള്‍ട്ടേഷന്‍ അവതരിപ്പിച്ചത്. ബിസിനസുകള്‍ക്കും ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുമായാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. മറ്റു രാജ്യങ്ങളിലെ സമാന പദ്ധതികള്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലങ്ങളായി കൗമാരക്കാര്‍ക്ക് തങ്ങളുടെ ഭാവി സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിരുന്നില്ല. എ-ലെവല്‍ ഒരു ലോകോത്തര വിദ്യാഭ്യാസ യോഗ്യത നല്‍കുന്നുണ്ടെങ്കിലും നമ്മുടെ പല ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കും തൊഴിലുടമകള്‍ വില നല്‍കുന്നില്ല. ഇതു മൂലം വിദഗ്ദ്ധ യോഗ്യത നേടിയ പലര്‍ക്കും മികച്ച ജോലികള്‍ ലഭിക്കുന്നതുമില്ല. ഈ രീതിക്ക് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജുകള്‍, സ്‌കൂളുകള്‍, കമ്യൂണിറ്റി കോളേജുകള്‍, ട്രെയിനിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലായിരിക്കും ഈ കോഴ്‌സുകള്‍ നടത്തുന്നത്.
കുട്ടികള്‍ ജീവിതത്തില്‍ ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് വഴുതിവീണ് ആത്മഹത്യയിലേക്ക് പോകുമ്പോള്‍ അധികൃതര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍.
കൈവിട്ടുപോയ ഒരു തലമുറ എന്നാണ് ബ്രിട്ടനിലെ വിദ്യാര്‍ത്ഥി സമൂഹത്തെക്കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം പരിപാലിക്കാന്‍ മുന്നിട്ടിറങ്ങിയില്ലെങ്കില്‍ ഇത് സംഭവിക്കുമെന്നാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ സമ്മതിക്കുന്നത്. എന്‍എച്ച്എസും, യൂണിവേഴ്‌സിറ്റികളും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തത് മൂലം കുട്ടികള്‍ക്ക് ജീവിതം വഴുതിപ്പോകുന്ന കാഴ്ചയാണ് കാണുന്നത്.
2016-ല്‍ മാത്രം 146 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്‌തെന്നാണ് ഔദ്യോഗികമായ കണക്കുകള്‍ നല്‍കുന്ന സൂചന. ബ്രിസ്‌റ്റോളില്‍ കഴിഞ്ഞ മാസം മാത്രം ജീവനൊടുക്കിയത് മൂന്ന് വിദ്യാര്‍ത്ഥികള്‍. ലോക്കല്‍ സര്‍വ്വീസുകള്‍ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് എന്‍എച്ച്എസ് വ്യക്തമാക്കുന്നത്.
ആത്മവിശ്വാസമുള്ള കുട്ടികള്‍ പോലും ജീവിതത്തില്‍ ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് വഴുതിവീണ് ആത്മഹത്യയിലേക്ക് പോകുമ്പോള്‍ അധികൃതര്‍ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ്. സപ്പോര്‍ട്ട് സര്‍വ്വീസുകളുടെ സേവനം തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി യുകെ യൂണിവേഴ്‌സിറ്റികള്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിക്ക് അടുത്തുള്ള ജിപിയുമായി എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാലത്ത് ഈ സഹായം നഷ്ടപ്പെടുന്നു. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മാത്രമല്ല മാനസിക നിലവാരം കൂടി ഉയര്‍ത്താന്‍ യൂണിവേഴ്‌സിറ്റികള്‍ ശ്രമിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും.
രക്ഷിതാക്കളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസില്‍ കുരുങ്ങി ദരിദ്രരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ മീലുകള്‍ നിഷേധിക്കപ്പെടുന്നു. നോ റീകോഴ്‌സ് ടു പബ്ലിക് ഫണ്ടിംഗ് (NRPF) എന്ന അവസ്ഥയിലുള്ള കുടിയേറ്റക്കാര്‍ക്ക് ബെനഫിറ്റുകള്‍ ലഭിക്കില്ല. അങ്ങേയറ്റം ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇത്തരക്കാരുടെ കുട്ടികള്‍ക്കാണ് സ്‌കൂളുകളില്‍ നല്‍കുന്ന സൗജന്യ ഉച്ചഭക്ഷണം പോലും നിഷേധിക്കപ്പെടുന്നത്. വിഷയത്തില്‍ ക്യാംപെയിനര്‍മാരും ഹെഡ്ടീച്ചര്‍മാരും ആശങ്കയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എസെക്‌സിലെ ഇല്‍ഫോര്‍ഡിലുള്ള ഡൗണ്‍ഷാള്‍ പ്രൈമറി സ്‌കൂളിലെ ഹെഡ്ടീച്ചറായ ഇയാന്‍ ബെന്നറ്റ് തന്റെ സ്‌കൂളില്‍ ഈ വിധത്തില്‍ ഭക്ഷണം നിഷേധിക്കപ്പെട്ട 12 കുട്ടികള്‍ക്കു വേണ്ടി എജ്യുക്കേഷന്‍ ബജറ്റില്‍ നിന്ന് പണമെടുക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി.
കടുത്ത് ഇമിഗ്രേഷന്‍ പോളിസികള്‍ ഈ കുരുന്നുകള്‍ക്ക് ശിക്ഷയാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് കുറച്ചുകൂടി സ്‌നേഹത്തോടെയുള്ള പരിഗണനയാണ് ആവശ്യം. സര്‍ക്കാര്‍ നയം ഒട്ടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സ്‌കൂളുകളില്‍ ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്നുണ്ട്. ഇതിന് ഇമിഗ്രേഷന്‍ സ്റ്റാറ്റസോ അഭയാര്‍ത്ഥിയാണോ എന്ന പരിഗണനകളൊന്നുമില്ല. എന്നാല്‍ ഇതിലും മുതിര്‍ന്നവര്‍ക്ക് സൗജന്യ മീലുകള്‍ അവരുടെ രക്ഷിതാക്കള്‍ ബെനഫിറ്റുകള്‍ക്ക് അര്‍ഹരാണോ എന്നതും എന്‍ആര്‍പിഎഫ് അവസ്ഥയും പരിഗണിച്ചു മാത്രമാണ് നല്‍കുന്നത്.
ഇവരില്‍ പലര്‍ക്കും ഭക്ഷണത്തിന് പണം നല്‍കാനുള്ള സാഹചര്യങ്ങളുമില്ലെന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ സഹായമാവശ്യപ്പെട്ട് ബെന്നറ്റ് ലോക്കല്‍ കൗണ്‍സിലിന് കത്തയച്ചെങ്കിലും പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒരു കുട്ടിക്ക് പോലും ഇമിഗ്രേഷന്‍ സ്റ്റാറ്റസിന്റെ പേരില്‍ സൗജന്യ ഭക്ഷണം നിഷേധിക്കപ്പെടില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും 2012ല്‍ അവതരിപ്പിക്കപ്പെട്ട ഫാമിലി മൈഗ്രേഷന്‍ റൂള്‍ അനുസരിച്ച് പരിമിത കാലത്തേക്ക് യുകെയില്‍ താമസ സൗകര്യം അനുവദിച്ചിരിക്കുന്നവര്‍ക്ക് ബെനഫിറ്റുകള്‍ ലഭ്യമാകില്ല. കുട്ടികളുള്ള കുടുംബങ്ങള്‍ക്കു പോലും ഇത് ലഭിക്കില്ല. ഈ നയത്തിന്റെ ഇരകളാകുകയാണ് കുട്ടികള്‍ എന്നാണ് വിലയിരുത്തല്‍.
മയക്കുമരുന്ന് വിരുദ്ധ നയം അവതരിപ്പിച്ച് ബക്കിംഗ്ഹാം സര്‍വകലാശാല. ഇത്തരം നയം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സര്‍വകലാശാലയായിരിക്കുകയാണ് ഇതോടെ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി. ക്യാംപസില്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പ് നല്‍കണമെന്നാണ് യൂണിവേഴ്‌സിറ്റി ആവശ്യപ്പെടുന്നത്. ഇതിനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കണം. രാജ്യത്തെ 116 യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളില്‍ മയക്കുമരുന്നിന്റെ ഉപയോഗം 42 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ഈ സമ്മതപത്രം ഒപ്പിട്ടു നല്‍കിയ ശേഷവും മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ ആ വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് വൈസ് ചാന്‍സലര്‍ സര്‍ ആന്തണി സെല്‍ഡന്‍ പറഞ്ഞു. കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗം, മാനസികാരോഗ്യം എന്നീ കാര്യങ്ങളില്‍ യൂണിവേഴ്‌സിറ്റികള്‍ കാര്യമായി ഇടപെടുന്നില്ലെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നാം കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ജീവിതം പാഴായിപ്പോകാതിരിക്കാന്‍ പൂര്‍ണ്ണമായും ഒരു ആധുനിക സമീപനമാണ് ആവശ്യമായിരിക്കുന്നത്. സിഗരറ്റ് പാക്കറ്റുകളിലെ മുന്നറിയിപ്പിന്റെ മാതൃകയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എല്ലായിടത്തും സ്ഥാപിക്കണം. ബ്രിട്ടനിലെ ആദ്യത്തെ മയക്കുമരുന്ന് രഹിത യൂണിവേഴ്‌സിറ്റിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.