Health

കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്സിന് അനുമതി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സിനാണ് അനുമതി ലഭിച്ചത്.

സൂചി രഹിത വാക്‌സിന്‍ മൂന്ന് ഡോസ് എടുക്കണം. ജെറ്റ് ഇന്‍ജെക്ടര്‍ ഉപയോഗിച്ചാണ് കുത്തിവയ്പ്. 66.66 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തി. മൂന്ന് ഡോസുള്ള വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയിരുന്നു.

സൈക്കോവ് ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ സൈഡസ് കാഡിലയ്ക്ക് വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. അവസാനഘട്ട പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്തിയാണ് സൈക്കോവ് ഡി കാണിച്ചത്. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്‌സിനാവും സൈക്കോവ് ഡി.

നിലവില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ്, മോഡേണ, സ്പുട്‌നിക് , ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി വാക്‌സിനുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

സമൃദ്ധിയുടെയും ആമോദത്തിന്റെയും നാളുകളായാണ് ഓണം മലയാള മനസ്സിൽ നിറഞ്ഞു നിൽക്കുക. വിഭവ സമൃദ്ധ സദ്യയുടെ പര്യായം ആയും മാറുന്നു. സുഖ സന്തോഷങ്ങൾ തേടുന്ന മനുഷ്യ മനസ്സിൽ പുളകം ചാർത്തുന്ന ഉത്സവ ആഘോഷമായി ഓണം സർവ്വരും ഉൾക്കൊള്ളുന്നു.

കഷ്ടനഷ്ടങ്ങളുടെ ഇക്കാലത്ത് ഒരോണം കൂടെ എത്തിക്കഴിഞ്ഞു. പ്രകൃതിയുടെ കരുതലും കാവലുമായ ഓണ സദ്യ തന്നല്ലേ ഇത്തവണയും. സദ്യയും ഉല്ലാസ തികവ് നൽകുന്ന ഓണ കളികൾ ആയുരാരോഗ്യ സൗഖ്യത്തിന് ഒഴിവാക്കാൻ ആവാത്ത വ്യായാമത്തിന്റെ അനിവാര്യത ഓർമിപ്പിക്കുന്നു.

ആനുകാലിക ആരോഗ്യ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായ വിഭവങ്ങൾ ആണല്ലോ സദ്യയിലുള്ളത്. മനുഷ്യാരോഗ്യം നിലനിർത്തുവാൻ ആവശ്യമായ ഭക്ഷ്യ പോഷകങ്ങളും ധാതു ലവണങ്ങളും നിറയെ ഉള്ള സസ്യ സമ്പത്ത് ഏറെ ഉപയോഗപ്പെടുത്തുന്ന സദ്യവിഭവങ്ങൾ തൂശനിലയിൽ ഒരു പാതി ആരോഗ്യ രക്ഷാകരമായ ഉപദംശങ്ങൾ -കൂട്ടാൻ – മറു പാതിയിൽ ഊർജദായകമായ അന്നവും. ഇലയിലുതിരുന്ന സസ്യ സമ്പത്തും.

ഒരറ്റത്തു നിന്നും നോക്കിയാൽ നൂറു കറിയുടെ ഗുണമാർന്ന ഇഞ്ചിക്കറി. പരിപ്പ്കറി, സാമ്പാർ ,പ്രഥമൻ, കാളൻ, രസം, മോര് ഇവ ഓരോന്നും മാറി മാറി ഉപയോഗിക്കുമ്പോൾ ഇഞ്ചി തൊട്ട് തുടങ്ങണമെന്നാണ് ചട്ടം. വിശപ്പിനും ദഹനശക്തിക്കും രോഗ പ്രതിരോധത്തിനും ഉള്ള ഇഞ്ചിയുടെ ഗുണമേന്മകൾ ആഹാരത്തിലൂടെ. ഇക്കാലത്തെ രോഗം തടയാനും. മാങ്ങാ അച്ചാർ വലുതും ചെറുതും ആയ നാരങ്ങയുടെ കറിയിലൂടെ രോഗപ്രതിരോധത്തിന് ജീവകം സി യുടെ ലഭ്യതയും. പാവക്ക വെള്ളരിക്ക കൈതച്ചക്ക കൊണ്ടുള്ള പച്ചടി കിച്ചടികൾ തൊട്ടു കൂട്ടി എരിവിന് ഒരു തടയിടാം. വൻപയർ ചെറുചേമ്പ് തേങ്ങാപ്പാൽ കൊണ്ടുള്ള ഓലൻ പ്രമേഹ രോഗത്തിന് ഗുണകരമായ മത്തങ്ങാ എരിശ്ശേരി, കാരറ്റ്, കാബേജ്, പപ്പായ തോരൻ രോഗങ്ങളകറ്റാൻ മുൻ നിരയിലുള്ളവയല്ലേ. ആർക്കും ഏത് കാലത്തും ഉപയോഗിക്കാവുന്ന ചേന മെഴുക്ക് പുരട്ടി. ലോകം അംഗീകരിക്കുന്ന ഹോട്ട് ആൻഡ് സൗർ സുപ്പ് പച്ചക്കറികളുടെ നിരുപമ സംയോജനം അല്ലേ സാമ്പാർ. മിക്സഡ് വെജിറ്റബിൾ ആയ അവിയൽ ബോയിൽഡ് വെജിറ്റബിൾ പോലെ സമ്പുഷ്ടം. ഊണിന് ഒഴിവാക്കാനാവാത്ത മോര് കറി കാളൻ പുളിശ്ശേരി, പച്ചമോര് മോരൊഴിച്ചുണരുത് എന്ന ചൊല്ലിന് അന്വർത്തമാക്കും. ഇന്നത്തെ സൂപ്പ് ഉപയോഗത്തിന് സമാനമായി പരിപ്പ് കറിയൊഴിച്ച് നെയ്യും പപ്പടവും കൂട്ടി ഊണ് തുടങ്ങാൻ മറക്കണ്ട. അനുപാനമെന്നത് തൃപ്തിയും കഴിച്ച ആഹാരം ദഹിക്കാനും നന്നായി ആഗീരണം ചെയ്യാനും ഊർജദായകവും ആകുന്നു. ചുക്ക് വെള്ളം, ജീരകം ഇട്ട് തിളപ്പിച്ച വെള്ളം എന്നിവ സാധാരണ ഉപയോഗിച്ച് വരുന്നു.
മിക്കവാറും എല്ലാ ജീവകങ്ങളും നാഡികളുടെയും പേശികളുടെയും പ്രവർത്തന മികവു നിലനിർത്താൻ ആവശ്യമായ മഗ്‌നീഷ്യം പോലുള്ള ധാതു ലവണങ്ങളും അടങ്ങിയ വ്യത്യസ്ത ഗുണങ്ങൾ ഉള്ളവ അണ് സദ്യവിഭവങ്ങൾ.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

രാജ്യത്തെ വാക്സിൻ റോൾഔട്ടിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന തീരുമാനം ഏകദേശം 1.4 ദശലക്ഷം വരുന്ന കൗമാരക്കാരിലേക്കും കോവിഡ് വാക്സിൻ എത്താൻ വഴിയൊരുക്കും. 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ കൂടുതൽ അപകട സാധ്യതയുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിൻ ഇതിനകം ലഭ്യമാണ്.

അതുകൂടാതെയാണ് പതിനാറും പതിനേഴും വയസ്സുള്ളവർക്ക് ഇനി മുതൽ വാക്സിൻ സ്വീകരിക്കാമെന്ന പ്രഖ്യാപനം. ഇത് വാക്സിനേഷൻ പ്രോഗ്രാമിലെ ഒരു പ്രധാന മുന്നേറ്റമാണിതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജനാണ് ഇക്കാര്യം ആദ്യം സൂചിപ്പിച്ചത്. ജെസിവിഐ (വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനും സംയുക്ത സമിതി) ഉപദേശത്തിനായി കാത്തിരിക്കുകയാണെന്നും അടുത്ത ദിവസങ്ങളിൽ തന്നെ കൗമാരക്കാർക്ക് വാക്സിൻ നൽകുന്നതിനായി ജെസിവിഐ തീരുമാങ്ങൾ കൈക്കൊള്ളുമെന്നും സ്റ്റർജൻ ചൂണ്ടിക്കാട്ടിയിരുന്നു.

വാക്സിനേഷൻ ബുക്ക് ചെയ്യാനുള്ള സൗകര്യം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭ്യമാകുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം ചെറുപ്പക്കാർക്കുള്ള മാർഗനിർദേശങ്ങൾ പ്രകാരം ഫൈസർ, മോഡേണ വാക്സിനുകൾ വിതരണത്തിനായി ലഭ്യമാകുമെന്ന് ടെലഗ്രാഫും റിപ്പോർട്ട് ചെയ്യുന്നു. കാമ്പയിന് മുന്നോടിയായി കുട്ടികളുടെ രക്ഷിതാക്കൾക്ക് ആവശ്യമായ വസ്തുതകളും വിവരങ്ങളും ലഭ്യമാകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്‌വർത്ത് പറഞ്ഞു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

മനുഷ്യാരോഗ്യത്തിന് ആഹാരം എത്രത്തോളം പ്രധാനമെന്ന് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ആയുർവേദ സംഹിതകളിലൂടെ നമ്മെ പഠിപ്പിക്കുന്നു.
“ഷഡ്ത്രിശത് സഹസ്രാണി
രാത്രീണാം ഹിത ഭോജന:
ജീവതി അനാതുരോ ജന്തു
ജിതാത്മാ സമ്മതം സതം ”
ഹിതമായ ആഹാരം നിഷ്ഠയോടെ ശീലിക്കുന്ന ഒരുവൻ രോഗാതുരത ഇല്ലാതെ സജ്ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി മൂവായിരത്തി അറുനൂറ്‌ രാത്രികൾ അതായത് നൂറു വർഷം ജീവിക്കും എന്ന് ചാരകസംഹിത.

ആഹാരം, ഉറക്കം, വ്യായാമം എന്നീ മൂന്നു കാര്യങ്ങൾ ആയുരാരോഗ്യ രക്ഷയിൽ എത്ര പ്രധാനം എന്ന് അറിഞ്ഞു ആയുർവ്വേദം നൽകുന്ന നിർദേശങ്ങൾ ഇന്നും പുതുമയോടെ ലോകം ശ്രദ്ധിക്കുന്നു അംഗീകരിക്കുന്നു.

1988ൽ ഫ്രഞ്ച് ന്യൂട്രിഷനിസ്റ്റ് ഡോക്ടർ അലയിൻ ഡെലബോസ് പ്രൊഫസർ ജീൻ റോബർട്ട്‌ റാപിൻ എന്നിവർ ചിട്ടപ്പെടുത്തിയ ക്രോണോന്യൂട്രിഷൻ എന്ന ആഹാരക്രമം ആയുർവേദ ആഹാരരീതിയുമായി ഏറെ സമാനത പുലർത്തുന്നു.

നമ്മുടെ ഭക്ഷണ രീതിയിലെ ആഹാരം കഴിക്കുന്ന സമയം ആഹാര ദഹന രീതി വ്യത്യസ്ത ഭക്ഷണത്തോട് ശരീരം പുലർത്തുന്ന ആഭിമുഖ്യം എന്നിവ നാം കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോഷക ഗുണങ്ങൾ എന്നിവ ശരീര ഘടികാരവുമായി ഏറെ ബന്ധം നിലനിർത്തുന്നു എന്നതാണ് ഈ സമ്പ്രദായം മുന്നോട്ട് വെക്കുന്ന വിഷയം.

ആഹാര രീതി ശരീര ഘടികാര സമയവുമായി ബന്ധപ്പെടുത്തി നിജപ്പെടുത്തുക പുനർ നിർണയിക്കുക വഴി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുക ആണ് ലക്ഷ്യം. ശരീര പ്രവർത്തന ക്ഷമത , ഊർജസ്വലത , ഉറക്കം , ഉറക്കമുണരൽ, ഹോർമോൺ നിലയും പ്രവർത്തനവും, ആഹാരകാര്യങ്ങളിൽ ഉള്ള മനോഭാവം താല്പര്യം എന്നിവ എല്ലാം അപഗ്രഥിച്ചു ആഹാര കാര്യങ്ങൾ നിർണയിക്കുക ആണ് ക്രോണോന്യൂട്രിഷൻ. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, ഭക്ഷ്യ സുരക്ഷ, ഓരോ തവണത്തേയും ആഹാരത്തിന്റെ അളവ്, ആഹാര സമയം എന്നിവ ഏറെ പ്രധാനമാണ്. മൂന്നു നേരത്തെ ഭക്ഷണം, നാലുമുതൽ അഞ്ച് മണിക്കൂർ വരെ ഇടവേള പാലിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ദോഷകരമായി ബാധിക്കും.

രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും ആയി പന്ത്രണ്ടു മണിക്കൂർ ഇടവേള ഉണ്ടാവണം. ഭക്ഷണത്തിലെ കൊഴുപ്പ് ശരിയായി വിഘടിപ്പിച്ചു ഉപയോഗപ്പെടുത്താൻ ഇത് സഹായിക്കും.

അഷ്ടാംഗഹൃദയം മാത്രശ്രുതീയം അദ്ധ്യായത്തിൽ നൽകുന്ന നിർദേശങ്ങൾക്ക്‌ സദദൃശമായ കാര്യങ്ങൾക്ക്‌ കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടുള്ള സമീപനം ആണ് ഈ പോഷകാഹാര ശാഖ ഉൾക്കൊള്ളുന്നത് എന്ന് കരുതുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

കോവിഡ് പ്രതിരോധത്തിന് അശ്വഗന്ധയുടെ ഉപയോഗസാധ്യതകളറിയാന്‍ യുകെയുമായി ചേര്‍ന്ന് പഠനം നടത്താനൊരുങ്ങി ആയുഷ് മന്ത്രാലയം. യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ട്രോപ്പിക്കല്‍ മെഡിസിനുമായി സഹകരിച്ചായിരിക്കും പഠനം നടത്തുക.

യുകെയിലെ രണ്ടായിരത്തോളം പേരില്‍ അശ്വഗന്ധയുടെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനായി ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയും എല്‍എസ്എച്ച്ടിഎമ്മും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ലെയ്‌സെസ്റ്റര്‍, ബര്‍മിംങ്ഹാം, ലണ്ടന്‍ എന്നീ മൂന്ന് നഗരങ്ങളിലായിരിക്കും പരീക്ഷണം.

ഇന്ത്യന്‍ വിന്റര്‍ ചെറി എന്നറിയപ്പെടുന്ന ഔഷധ സസ്യമാണ് അശ്വഗന്ധ.ഇവയ്ക്ക് പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട്.അശ്വഗന്ധ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാവുകയാണെങ്കില്‍ കോവിഡ് ചികിത്സയില്‍ അത് നിര്‍ണായകമാവും. ഇന്ത്യയുടെ പരമ്പരാഗത ചികിത്സാരീതിക്ക് ശാസ്ത്രീയസാധുത നല്‍കാനും ഇതിലൂടെ സാധിക്കും.

അശ്വഗന്ധയുടെ ഗുണഫലങ്ങള്‍ അറിയുന്നതിനായി നിരവധി പഠനങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ടെങ്കിലും ഒരു വിദേശ സ്ഥാപനവുമായി ചേര്‍ന്ന് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ഇതാദ്യമാണ്.

സംസ്ഥാനത്ത് ശനിയാഴ്ച ഏറ്റവുമധികം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 4,53,339 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത്. ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സീന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം വാക്‌സീന്‍ മാത്രമാണു സ്റ്റോക്കുള്ളതെന്നും മന്ത്രി അറിയിച്ചു. ഞായറാഴ്ച കൂടുതല്‍ വാക്‌സീന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് 18,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടിപിആർ 11.91, 98 മരണം.

കേരളം 10 ലക്ഷം വാക്‌സീന്‍ പൂഴ്ത്തി വച്ചിരിക്കുന്നു എന്ന പ്രചാരണത്തിന്റെ പൊള്ളത്തരം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. മികച്ച രീതിയില്‍ വാക്‌സീന്‍ നല്‍കുന്ന സംസ്ഥാനമാണു കേരളം. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തെ വാക്‌സിനേഷന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളില്‍ വാക്‌സീന്‍ നല്‍കാന്‍ കഴിയുമെന്നു സംസ്ഥാനം തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇന്ന് 1522 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണു പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 59,374 പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ കണ്ണൂര്‍ ജില്ലയാണ് മുൻപില്‍. 53,841 പേര്‍ക്ക് വാക്‌സീന്‍ നല്‍കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്‌സീന്‍ നല്‍കി കോട്ടയം ജില്ലയും തൊട്ടുപുറകിലുണ്ട്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്‌സീന്‍ നല്‍കി. അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സീനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സീനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസ്സിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ കൂടുതലാണ്.

അമേരിക്കയിലെ എന്നല്ല ലോകത്തിലെ തന്നെ എണ്ണപ്പെട്ട സാങ്കേതിക സർവകലാശാലയായ മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) 1972ൽ ഒരു പഠനത്തിലൂടെ പ്രവചനം നടത്തി– 21–ാം നൂറ്റാണ്ടിന്റെ മധ്യം ആവുമ്പോഴേക്കും ലോകമാകെ സാമൂഹിക തകർച്ച ഉണ്ടാവും. കുടുംബവും സമൂഹവും സാമൂഹിക സ്ഥാപനങ്ങളും തകർന്നു കൂട്ടക്കുഴപ്പമാവും. സാമ്പത്തിക പുരോഗതി നിലയ്ക്കും, പരിസ്ഥിതി നാശം വിതയ്ക്കും…!!!

കുറേ സാങ്കേതികവിദഗ്ധരുടെ വെറും പ്രവചനം എന്നു കരുതി തഴയാൻ കഴിയില്ലെങ്കിലും മറവിയിൽ മുങ്ങിയ ഈ പഠന റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ ഇപ്പോൾ പ്രസക്തമാവുന്നു. ഇക്കൊല്ലം കെപിഎംജി നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളുണ്ട്. 1972ൽ അരനൂറ്റാണ്ട് മുൻപ് നടത്തിയ പ്രവചനങ്ങൾക്കനുസരിച്ചാണു ലോകത്തിന്റെ ഇതുവരെയുള്ള പോക്ക്. 2021ലും അതിലെ നിരീക്ഷണങ്ങൾ കൃത്യമാണ്. ലോകം സാമൂഹികമായി തകർച്ചയിലേക്കുള്ള പ്രയാണം കൃത്യമായി തുടരുന്നു…!!!

എംഐടി വിദഗ്ധരുടെ പഠനം ശരിയായോ തെറ്റിയോ എന്നു തെളിയിക്കുന്നതിനുള്ള വിശകലനത്തിന് നേതൃത്വം കൊടുത്തത് കെപിഎംജിയിലെ സസ്റ്റെയ്നബിലിറ്റി ആൻഡ് ഡൈനാമിക് സിസ്റ്റം അനാലിസിസ് വിഭാഗം മേധാവിയായ ഗയ ഹെറിംഗ്ടണാണ്. നിരന്തരം മാറ്റത്തിനു വിധേയമാകുന്ന 10 പ്രധാന വിഷയങ്ങളിലെ (വേരിയബിൾസ്) മാറ്റങ്ങളാണ് വിശകലനം ചെയ്തത്. ജനസംഖ്യ, വ്യവസായ ഉത്പാദനം, മലിനീകരണം തുടങ്ങിയവ. എല്ലാം പതിവുപോലെ നടന്നോളുമെന്ന നമ്മുടെ മനോഭാവത്തിനു വൻ തിരിച്ചടി നേരിടാൻ പോകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

എംഐടിയുടെ പഠനത്തിൽ 21–ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സമൂഹനാശം എന്നാണു പറഞ്ഞിരുന്നതെങ്കിൽ കെപിഎംജിയുടെ പഠനത്തിൽ അതു 10 വർഷം മുൻപേ തുടങ്ങും. 2040ൽ. സാമൂഹിക തകർച്ച എന്നാ‍ൽ ഉദ്ദേശിക്കുന്നത് ജീവിത നിലവാര തകർച്ച, ഭക്ഷ്യോൽപ്പാദനും വ്യവസായ ഉത്പാദനത്തിലും തകർച്ച എന്നിവ മാത്രമല്ല. മനുഷ്യന്റെ ജനസംഖ്യയിലും കുറവു വരും. കോവിഡ് 19 മഹാമാരി അതിന്റെ തുടക്കമാണോ? ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ ഇങ്ങനെയൊരു മഹാമാരിയും അതുവഴിയുള്ള സാമ്പത്തിക തകർച്ചയും ലക്ഷങ്ങളുടെ മരണവും?

എംഐടി 1900 മുതൽ 2060 വരെയുള്ള കാലം പഠനത്തിനു വിധേയമാക്കിയിരുന്നു. വേൾഡ് വൺ എന്ന കംപ്യൂട്ടർ പ്രോഗ്രാം അതിനായി ഉപയോഗിച്ചു. എംഐടി പഠനത്തിലുൾപ്പെട്ട ജെറി ഫോസ്റ്റർ അതേക്കുറിച്ച് ഒരു വിഡിയോയും തയാറാക്കിയിരുന്നു. അതിലെ ഗ്രാഫുകളെല്ലാം 1972നു ശേഷം മുകളിലേക്കാണ്. പക്ഷേ 2000 കഴിഞ്ഞ് ഏതാനും വർഷമെത്തുമ്പോൾ മുകളിലേക്കു കയറുന്ന ഗ്രാഫ് താഴേക്കാവുന്നു. തകർച്ചയാണതു സൂചിപ്പിക്കുന്നത്. ജനസംഖ്യയും വ്യവസായ ഉത്പാദനവുമെല്ലാം അതിലുൾപ്പെടും. ജീവിത നിലവാരം 2040 വരെ ഉയർന്നിട്ട് പിന്നെ താഴേക്ക് പോകുന്നു.

ഞെട്ടിപ്പിക്കുന്ന മറ്റൊരു കണ്ടെത്തൽ അതിലുണ്ട്. മാനവരാശിയുടെ തകർച്ചയുടെ തുടക്കവർഷം ഏതാണെന്നാ? 2020!!! അതെ! മഹാമാരി തുടങ്ങിയ വർഷം. ജനസംഖ്യ അമിതമാവും, ജനങ്ങൾ പരസ്പരം കൊല്ലും, ഇന്നു കാണുന്ന സിവിൽ സമൂഹം 2040–2050ൽ ഇല്ലാതാവും.

ഹെറിങ്ടൺ ഇതേ മോഡൽ പഠനത്തിന് ഉപയോഗിച്ചു. അതിൽ ജനസംഖ്യാവളർച്ചാ നിരക്കും, മരണനിരക്കും സേവനങ്ങളും ഊർജസ്രോതസുകളും പരിസ്ഥിതി നാശവുമെല്ലാം ഉൾപ്പെടുത്തി. പഠന റിപ്പോർട്ട് യേൽ സർവകലാശാലയുടെ ഇൻഡസ്ട്രിയൽ ഇക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ചു. പക്ഷേ കെപിഎംജിയുടെ പഠനത്തിൽ ശുഭാപ്തി നൽകുന്ന ഒരു കണ്ടെത്തലുമുണ്ട്–സാങ്കേതിക പുരോഗതിയും പൊതുസേവനങ്ങളുടെ വർധനയും സമ്പൂർണ തകർച്ചയിൽ മാറ്റം വരുത്താം. അതിന് മനുഷ്യരാശി കൂട്ടായി ശ്രമിക്കണം. എല്ലാം മുറപോലെ എന്നു കരുതി അലസമായിരുന്നാൽ സർവനാശം!!

കൊവിഡ് ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ ഭൂരിഭാഗം ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചു കഴിഞ്ഞു. എന്നാൽ ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതൽ ഗുരുതര പ്രശ്നങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ തെദ്രോസ് അദാനോം ഖെബ്രെയേസുസ് പറഞ്ഞു. ലോകം ഇപ്പോൾ കാണുന്നത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മാത്രമാണെന്നും ഇത് ഇനിയും കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാക്സിനുകളിലൂടെ കൊവിഡിനെ കീഴടക്കിയെന്ന് ധരിച്ചുവെങ്കിൽ അത് തെറ്റാണെന്നും വാക്സിനേഷൻ നല്ല രീതിയിൽ നടത്തിയിട്ടും യൂറോപ്പിലും വടക്കേ അമേരിക്കയിലും കൊവിഡ് കേസുകൾ വർദ്ധിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വൈറസിന് നിരന്തരം വകഭേദം സംഭവിക്കുകയാണെന്നും ഓരോ ആഴ്ചയും പുതിയ വേരിയന്റുകൾ കണ്ടെത്തികൊണ്ടിരിക്കുന്നത് സ്ഥിതി വഷളാക്കുകയാണെന്നും തെദ്രോസ് പറഞ്ഞു. ഡെൽറ്റാ വൈറസ് ഇതിനോടകം തന്നെ 111 രാഷ്ട്രങ്ങളിൽ പടർന്നു പിടിച്ചുകഴിഞ്ഞു. ലോകത്ത് ഇനി ഏറ്റവും കൂടുതൽ നാശം വരുത്താൻ പോകുന്നത് ഒരു പക്ഷേ ഡെൽറ്റാ വൈറസായിരിക്കാമെന്ന് തെദ്രോസ് വിലയിരുത്തി.

 

കുട്ടികളിൽ കോവിഡ് ബാധ രൂക്ഷമാകില്ലെന്ന് പഠനം. ടോർക് സർവകലാശാല, യുസിഎൽ, ഇംപീരിയൽ കോളജ് ലണ്ടൻ, ബ്രിസ്റ്റോൾ– ലിവർപൂർ സർവകലാശാലകൾ എന്നിവ ചേർന്നു നടത്തിയ പഠനത്തിലാണ് കുട്ടികളിൽ‍ കോവിഡ് ബാധയെ തുടർന്ന് ഗുരുതര അസുഖങ്ങൾ ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തിയത്.

മുൻപു രോഗങ്ങള്‍ ബാധിച്ചിട്ടുള്ള കുട്ടികളിലും വൈകല്യങ്ങളുള്ളവർക്കുമാണ് കോവിഡ്ബാധ ഉണ്ടാകാൻ കൂടുതൽ സാധ്യതയെന്നും പറയുന്നു. പഠനറിപ്പോർട്ട് കൂടുതൽ അംഗീകാരത്തിനായി യുകെ ജോയിന്റ് കമ്മറ്റി ഓഫ് വാക്സിനേഷൻ, ലോകാരോഗ്യ സംഘടന, യുകെ ആരോഗ്യ വിഭാഗം എന്നിവയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്.

18 വയസ്സിൽ താഴെയുള്ള 251 പേരെയാണ് ഇംഗ്ലണ്ടിൽ കോവിഡ് ബാധിച്ച് തീവ്രപരചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഈ പ്രായപരിധിയിൽ 50,000 പേരിൽ ഒരാൾ മാത്രമാണ് ഇത്തരത്തിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതെന്നാണ് പഠനം കണ്ടെത്തിയത്.

കോവിഡ് മൂലമുണ്ടാകുന്ന അപൂർവ ഇൻഫ്ലമേറ്ററി സിൻഡ്രോം കണ്ടെത്തിയതിനെ തുടർന്ന് 309 കുട്ടികളെയാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 38,911ൽ ഒരാൾക്കാണ് ഇത്തരത്തിൽ അപകടസാധ്യത വരുന്നതെന്നും പഠനം വ്യക്തമാക്കുന്നു. കോവിഡ് ബാധിച്ച് 25 കുട്ടികൾ മരിച്ചുവെന്ന് ഗവേഷകർ പറഞ്ഞു. 481,000 പേരിൽ ഒരാൾ അല്ലെങ്കിൽ ദശലക്ഷത്തിൽ രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു.

2021 ഫെബ്രുവരിയിൽ നടത്തിയ പഠനമാണെങ്കിലും ഡെൽറ്റ വകഭേദം വ്യാപകമായിട്ടും ഇതിൽ മാറ്റം വന്നിട്ടില്ലെന്നാണ് ഗവേഷകർ പറയുന്നത്. കുട്ടികൾക്കായി സൈഡസ് കാഡിലയുടെ വാക്സീന് ഇന്ത്യയിൽ അനുമതി നൽകാനിരിക്കെയാണ് പഠനം പുറത്തുവരുന്നത്.

 

ലോക രാജ്യങ്ങൾ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പടിപടിയായി നീക്കിത്തുടങ്ങിയതോടെ വാക്സിൻ പാസ്പോർട്ടുമായി യൂറോപ്യന്‍ യൂണിയൻ രംഗത്ത്. എന്നാൽ ഇയുവിന്റെ വാക്‌സിന്‍ ഗ്രീന്‍ പാസ് പട്ടികയില്‍ കോവിഷീല്‍ഡ് ഇടം നേടിയിട്ടില്ല. ഇതോടെ, കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്പില്‍ യാത്രാനുമതി ലഭിക്കില്ല.

യൂറോപ്യന്‍ യൂണിയന്‍ ഗ്രീന്‍ പാസ് നല്‍കിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അംഗരാജ്യങ്ങളില്‍ യാത്രാനുമതി. ആഗോള മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനേകയും ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്.

യുകെയിലും യൂറോപ്പിലും ആസ്ട്രസെനേക വാക്‌സിന്‍ വ്യാപകമായുണ്ടെങ്കിലും വാക്‌സെവിരിയ എന്ന പേരിലാണ് വാക്‌സിന്‍ അറിയപ്പെടുന്നത്. ആസ്ട്രസെനേകയുടെ സമാന വാക്‌സിനാണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍, ആസ്ട്രസെനേക വാക്‌സിന്റെ വാക്‌സെവിരിയ വേര്‍ഷന് മാത്രമാണ് യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകാരം നല്‍കിയിട്ടുള്ളത്.

മൊഡേണ, ഫൈസര്‍-ബയോണ്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകള്‍ക്കാണ് ആസ്ട്രസെനേക കൂടാതെ യൂറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ വാക്‌സിനായ കൊവാക്‌സിനും അംഗീകാരമില്ലാത്തത് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കനത്ത തിരിച്ചടിയാകും.

RECENT POSTS
Copyright © . All rights reserved