വ്യാപന ശേഷിയും പ്രതിരോധ ശേഷിയും കൂടിയ പുതിയ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്ക അടക്കം ഏഴ് രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.

പുതിയ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഉടനെ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി.

അതിവേഗം പടരാന്‍ ശേഷിയുള്ള സി.1.2 വൈറസിനെ മേയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ന്യുസിലാന്‍ഡ്, പോര്‍ച്ചുഗല്‍ അടക്കം ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകര്‍ പറയുന്നു.

വരും ആഴ്ചകളില്‍ ഈ വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അങ്ങനെ വന്നാല്‍ വാക്‌സിന്‍കൊണ്ട് ഒരാള്‍ ആര്‍ജിക്കുന്ന പ്രതിരോധ ശേഷിയെ പൂര്‍ണമായി മറികടക്കാന്‍ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാല്‍ ഈ വകഭേദത്തെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെ ഇന്ത്യയില്‍ സി.1.2 റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതിനിടെ കേരളത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗ നിരക്ക് (ഐപിആര്‍) ഏഴില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു. ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.

296 തദ്ദേശ സ്ഥാപനങ്ങളിലെ 4155 വാര്‍ഡുകളിലാണ് ഐപിആര്‍ നിരക്ക് ഏഴില്‍ കൂടുതലുള്ളത്. എറണാകുളത്താണ് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍. ഇവിടെ 52 തദ്ദേസ സ്ഥാപനങ്ങളില്‍ 742 വാര്‍ഡുകളിലാണ് നിയന്ത്രണം.