ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവയെ അപേക്ഷിച്ച് തുണിയിലും പേപ്പറിലും കൊറോണവൈറസ് കുറച്ചു സമയം മാത്രമേ തങ്ങി നിൽക്കൂ എന്ന് ബോംബെ ഐ ഐ ടി ഗവേഷകർ.
കോവിഡ് 19 നു കാരണമാകുന്ന സാർസ് കോവ് 2 വൈറസ് ശ്വസന കണികകളിലൂടെയാണ് പ്രേക്ഷണം ചെയ്യപ്പെടുന്നത്. ഇത് പതിക്കുന്ന പ്രതലങ്ങൾ അണുബാധ വ്യാപിക്കാൻ കാരണമാകുന്നു.
സുഷിരങ്ങളുള്ളതും ഇല്ലാത്തതുമായ (impermeable – വായുവും ജലവും കടക്കാത്ത പ്രതലം) പ്രതലങ്ങളിൽ ഈ കണികകൾ പതിച്ചാൽ അവ ഡ്രൈ ആകുന്നതിനെക്കുറിച്ച് ‘ഫിസിക്സ് ഓഫ് ഫ്‌ളൂയിഡ്‌സ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം വിശകലനം ചെയ്‌തു.
സുഷിരങ്ങളുള്ള പ്രതലങ്ങളിൽ ദ്രാവക രൂപത്തിൽ കണികകൾ വളരെ കുറച്ചു സമയം മാത്രമേ നിൽക്കുന്നുള്ളൂ എന്നു കണ്ടു. അതുകൊണ്ടുതന്നെ വൈറസ് ഏറെ നേരം ഈ പ്രതലങ്ങളിൽ നിലനിൽക്കില്ല.
എന്നാൽ ഗ്ലാസ് പ്രതലത്തിൽ നാലു ദിവസവും പ്ലാസ്റ്റിക്കിലും സ്റ്റെയ്ൻലെസ് സ്റ്റീലിലും ഏഴു ദിവസവും വൈറസിന് നിലനിൽക്കാനാകുമെന്നും പഠനത്തിൽ കണ്ടു. പേപ്പറിൽ മൂന്നു മണിക്കൂറും വസ്ത്രത്തിൽ രണ്ടു ദിവസവും മാത്രമാണ് വൈറസ് നിലനിന്നതെന്നും പഠനം പറയുന്നു.
ഹോസ്പിറ്റലുകളിലെയും ഓഫീസുകളിലെയും ഗ്ലാസ്, സ്റ്റെയ്ൻലെസ്സ്റ്റീൽ അല്ലെങ്കിൽ ലാമിനേറ്റഡ് വുഡ് എന്നിവ കൊണ്ടുണ്ടാക്കിയ ഫർണിച്ചറുകൾ തുണി കൊണ്ട് മൂടുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ബോംബെ ഐഐടി ഗവേഷകനായ സംഘമിത്രോ ചാറ്റർജി പറയുന്നു. പൊതു സ്ഥലങ്ങളായ പാർക്കുകൾ, ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ, റെയിൽവേ, എയർ പോർട്ട് കാത്തിരുപ്പ് മുറികൾ തുടങ്ങിയ സ്ഥലങ്ങളിലെ സീറ്റുകളും രോഗ വ്യാപനം തടയാൻ തുണി കൊണ്ട് മൂടണമെന്ന് പഠനം നിർദേശിക്കുന്നു.
ശ്വസന കണികകളിലെ ദ്രാവക അംശം 99.9 ശതമാനവും എല്ലാ പ്രതലങ്ങളിൽ നിന്നും ഏതാനും മിനിറ്റ് കൊണ്ട് ബാഷ്‌പീകരിച്ചു പോകുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ സൂക്ഷ്‌മമായ ദ്രാവക പാളി ഈ പ്രതലങ്ങളിൽ അവശേഷിക്കും. ഇതിൽ വൈറസിന് നില നിൽക്കാനാകുമെന്ന് കണ്ടു.
സുഷിരങ്ങളുള്ള പ്രതലങ്ങളിൽ impermeable ആയ പ്രതലങ്ങളെ അപേക്ഷിച്ച് ബാഷ്‌പീകരണ തോത് വളരെ കൂടുതലാണെന്ന് ജനനി ശ്രീമുരളീധരൻ, അമിത് അഗർവാൾ, രജനീഷ് ഭരദ്വാജ് എന്നിവരടങ്ങിയ ഗവേഷക സംഘം കണ്ടെത്തി.
സ്‌കൂളുകൾ തുറക്കുമ്പോൾ നോട്ട് ബുക്കുകൾ കൈമാറുമ്പോഴും കറൻസി നോട്ടുകൾ കൈമാറുമ്പോഴും എല്ലാം മതിയായ സുരക്ഷാ മാർഗങ്ങൾ അവലംബിക്കണമെന്ന് ഗവേഷകർ പറയുന്നു. അതുപോലെ ഇ കൊമേഴ്‌സ് കമ്പനികൾ ഉപയോഗിക്കുന്ന കാർഡ് ബോർഡ് പെട്ടികൾ താരതമ്യേന സുരക്ഷിതമാണ് എന്നും പഠനം പറയുന്നു.
കോവിഡ് രോഗം പടർത്തുന്ന വൈറസിൽ ഉണ്ടായിരിക്കുന്ന ജനിതക വകഭേദത്തെ അൽപ്പം ഭയപ്പാടോടെ തന്നെയാണ് കാണുന്നതെന്ന് വിദഗ്ധർ. യുകയിലെ കെന്റിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം നിലവിൽ ഉത്പാദിപ്പിച്ചിരിക്കുന്ന വാക്‌സിൻ നൽകുന്ന സംരക്ഷണത്തെ ദുർബലപ്പെടുത്താമെന്നും സ്ഥിതി ആശങ്കാജനകമാണെന്നുമാണ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.
വൈറസിന് സംഭവിച്ച ജനിതക മാറ്റം തുടർന്നുവരുന്ന വാക്‌സിനേഷനും ഭീഷണിയാണ്. ബ്രിട്ടൺ വകഭേദത്തിന് കൂടുതൽ വ്യാപന ശേഷിയുണ്ടെങ്കിലും ദക്ഷിണാഫ്രിക്ക, ബ്രസീലിയൻ വകഭേദങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണെന്നും പീകോക്ക് പറഞ്ഞു. കോവിഡിനെ മറികടക്കാൻ സാധിക്കുകയോ അല്ലെങ്കിൽ ജനിതക മാറ്റം സംഭവിച്ച് ഈ വൈറസ് സ്വയം അപകടകാരിയല്ലാതെ മാറുകയോ ചെയ്താൽ മാത്രമേ കോവിഡ് ഭീതി ഒഴിയുകയുള്ളു.
പക്ഷെ, ഇതിനായി പത്ത് വർഷങ്ങളെങ്കിലും എടുത്തേക്കാമെന്നാണ് യുകെ ജനിറ്റിക് സർവൈലൻസ് പ്രോഗ്രാം മേധാവി ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകുന്നത്. ബ്രിട്ടണിൽ ഇതിനോടകം വ്യാപിച്ച പുതിയ യുകെ വകഭേദം ലോകത്താകമാനം പടർന്നുപിടിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് മുന്നറിയിപ്പ് നൽകി.
കോവിഡ് വാക്‌സിൻ ബ്രിട്ടണിൽ ഇതുവരെ വളരെ ഫലപ്രദമായിരുന്നു. കൂടുതൽ വ്യാപന ശേഷിയുള്ള കോവിഡിന്റെ 1.1.7 എന്ന വകഭേദമാണ് ബ്രിട്ടണിൽ മാസങ്ങളായി വ്യാപിച്ചിരുന്നത്. എന്നാൽ ഇതിന് വീണ്ടും ജനിതക മാറ്റം സംഭവിച്ചു. ഇത് പ്രതിരോധ ശേഷിയേയും വാക്‌സിന്റെ ഫലപ്രാപ്തിയേയും ബാധിച്ചേക്കാമെന്നും ഷാരോൺ പീകോക്ക് വ്യക്തമാക്കി.
കോവിഡ് ഏറ്റവുമധികം മറ്റുള്ളവരിലേക്ക് പരത്തുന്നത് 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവരാണെന്ന് പുതിയ പഠനം. രോഗവ്യാപനം കുറയ്ക്കാനായി ഈ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കണമെന്നും സയന്‍സ് മാഗസീനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
അമേരിക്കയിലെ രോഗബാധയില്‍ 72.2 ശതമാനവും 20 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവര്‍ പരത്തുന്നതാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. 20 മുതല്‍ 34 വയസ്സ് വരെയുള്ളവര്‍ 34 ശതമാനം അണുബാധയ്ക്ക് കാരണമാകുമ്പോള്‍ 35 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ളവര്‍ മൂലം 38.2 ശതമാനം രോഗബാധയുണ്ടാകുന്നു. 9 വയസ്സ് വരെയുള്ള കുട്ടികള്‍ ആകെ രോഗബാധയുടെ 2.7 ശതമാനത്തിന് മാത്രമാണ് കാരണക്കാരാകുന്നതെന്നും 10 മുതല്‍ 19 വയസ്സ് വരെയുള്ളവര്‍ 7.1 ശതമാനം അണുബാധയുണ്ടാക്കുന്നെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഏറ്റവുമധികം രോഗവ്യാപനം ഉണ്ടാക്കുന്ന 20 മുതല്‍ 49 വരെ പ്രായവിഭാഗത്തിലുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കുന്നത് രോഗവ്യാപനം കുറയ്ക്കാന്‍ സഹായകമാകുമെന്നും പഠനം നിരീക്ഷിക്കുന്നു. ഇത്തരത്തില്‍ കുത്തിവയ്പ്പ് നല്‍കിയാല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ളവ സുരക്ഷിതമായി പുനരാരംഭിക്കാമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
പുതിയ കൊറോണവൈറസ് മനുഷ്യരിലേക്ക് എത്തിയത് മൃഗങ്ങളിൽനിന്നായിരിക്കാമെന്ന് നിഗമനം. അതിൽത്തന്നെ വവ്വാലിനാണ് ഏറെ സാധ്യത. ചൈനീസ് ലാബറട്ടറിയിൽനിന്നു പുറത്തുചാടിയ രോഗാണുവാണ് കോവിഡ് രോഗത്തിനു കാരണമായതെന്ന സിദ്ധാന്തത്തെ തള്ളിക്കളയുന്നതാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിദഗ്ധരുടെ ഈ പ്രാഥമിക നിഗമനം. ചൈനീസ് വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് ഒരു മാസത്തോളം നീണ്ട ഡബ്ല്യുഎച്ച്ഒ സംഘത്തിന്റെ പരിശോധനയിലെയും കണ്ടെത്തലുകൾ.
നേരത്തേ കരുതിയിരുന്നതുപോലെ മൃഗങ്ങളിൽനിന്നു തന്നെയാണ് കൊറോണവൈറസ് മനുഷ്യരിലേക്ക് പകർന്നതെന്ന വാദത്തിനു ശക്തിപകരുന്ന കാര്യങ്ങളാണ് വുഹാനിൽനിന്നു ലഭിച്ചതെന്ന് ലോകാരോഗ്യ സംഘടന സംഘത്തലവൻ പീറ്റർ ബെൻ എംബാറെക്ക് പറഞ്ഞു. വുഹാനിലെ മാംസച്ചന്തയിൽനിന്നാണ് ആദ്യമായി പുതിയ കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നാണു കരുതുന്നത്.
ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സൂക്ഷിച്ചിരുന്ന കൊറോണവൈറസാണു പുറത്തു ചാടിയതെന്നായിരുന്നു നേരത്തേയുള്ള ആരോപണം. ഇക്കാര്യത്തിൽ തുടരന്വേഷണം പോലും ആവശ്യമില്ലെന്നും പീറ്റർ കൂട്ടിച്ചേർത്തു. നാലാഴ്ച നീണ്ട പരിശോധനയ്ക്കു ശേഷം ചൈനയിൽനിന്നു മടങ്ങുന്നതിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് പീറ്റർ ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണവൈറസ് വവ്വാലിൽനിന്നു മറ്റൊരു ജീവിയിലെത്തുകയും അവിടെനിന്നു മനുഷ്യരിലെത്തുകയും ചെയ്തെന്നാണു കരുതുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണം വേണമെന്നും ഡബ്ല്യുഎച്ച്ഒയുടെ ഭക്ഷ്യസുരക്ഷ–മൃഗജന്യ രോഗ വിദഗ്ധൻ കൂടിയായ പീറ്റർ പറഞ്ഞു. വവ്വാലിൽനിന്ന് ഈനാംപേച്ചിയിലേക്കോ ബാംബൂ റാറ്റ് എന്നറിയപ്പെടുന്ന ചുണ്ടെലികളിലേക്കോ വൈറസ് കടക്കുകയും അവയിൽനിന്നു മനുഷ്യരിലേക്കു പ്രവേശിച്ചതാകാമെന്നുമാണു കരുതുന്നത്.
വവ്വാലിൽനിന്നു നേരിട്ടു മനുഷ്യരിലേക്കും ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ വഴിയും വൈറസ് പടരാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ലെന്നും പീറ്റർ വ്യക്തമാക്കി. ‘കോൾഡ് ചെയിൻ ട്രാൻസ്‌മിഷൻ’ എന്നാണ് പീറ്റർ ഇതിനെ വിശേഷിപ്പിച്ചത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളുടെ വിതരണവും വിൽപനയുമാണ് കോൾഡ് ചെയിൻ എന്നറിയപ്പെടുന്നത്. ഇതേ നിലപാടു തന്നെയാണ് ചൈന നേരത്തേ സ്വീകരിച്ചിരുന്നതും. ശീതീകരിച്ച ഭക്ഷണ പായ്ക്കറ്റുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പലതവണ ചൈന റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
‘തണുത്ത, ശീതീകരിക്കപ്പെട്ട അന്തരീക്ഷത്തിൽ വൈറസുകൾ നിലനിൽക്കുമെന്നത് തെളിഞ്ഞിട്ടുണ്ട്.
എന്നാൽ അത്തരം സാഹചര്യങ്ങളിൽനിന്ന് വൈറസ് മനുഷ്യരിലേക്ക് പടരുമോയെന്ന് ഇപ്പോഴും മനസ്സിലാക്കാനായിട്ടില്ല…’ പീറ്റർ പറഞ്ഞു. വൈറസ് പടരാൻ പാകത്തിൽ കൃത്യമായ തണുപ്പിൽ ശീതീകരിച്ചു സൂക്ഷിക്കപ്പെട്ട ഏതെങ്കിലും കാട്ടുമൃഗത്തിന്റെ ഇറച്ചിയിൽനിന്ന് വൈറസ് പടരുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ ഇത്തരം ‘സംശയവിടവുകൾ’ നികത്താനാണു ശ്രമിക്കുകയെന്നും പീറ്റർ വ്യക്തമാക്കി.
ചൈനീസ് സർക്കാർ കോവിഡ് വ്യാപനത്തെപ്പറ്റി കാര്യമായി അന്വേഷിക്കുന്നില്ലെന്നും ഗവേഷകരുടെ വായ്മൂടിക്കെട്ടിയിരിക്കുകയാണെന്നുമുള്ള വിമർശനവും ശക്തമാണ്. മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ പോലും ചൈനീസ് ഗവേഷകർക്കു വിലക്കുണ്ട്. എന്നാൽ എവിടെ വേണമെങ്കിലും പരിശോധന നടത്താനും ആരുമായി വേണമെങ്കിലും സംസാരിക്കാനും സര്‍ക്കാർ അനുമതി നൽകിയെന്നായിരുന്നു സംഘത്തിലെ ബ്രിട്ടിഷ് സുവോളജിസ്റ്റ് പീറ്റർ ഡസ്സാക്ക് പറഞ്ഞത്.
രാജ്യാന്തര സമൂഹം നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചൈന രാജ്യത്തിന്റെ വാതിലുകൾ ഡബ്ല്യുഎച്ച്ഒ സംഘത്തിനു തുറന്നു നൽകിയത്. ഇപ്പോഴും സ്വതന്ത്ര അന്വേഷണത്തിന് ചൈന തയാറായിട്ടുമില്ല. ജനുവരി 14നാണ് 10 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരുമായി ഡബ്ല്യുഎച്ച്ഒ സംഘം ചൈനയിലെത്തിയത്. രണ്ടാഴ്ചത്തെ ക്വാറന്റീനു ശേഷം വുഹാനിലെ ഹ്വാനനിലെ സീഫൂഡ് മാർക്കറ്റ് ഉൾപ്പെടെ സന്ദർശിച്ചായിരുന്നു അന്വേഷണത്തിനു തുടക്കമിട്ടത്.
പൊതുജനത്തിന് ഇപ്പോഴും ഹ്വാനൻ ചന്തയിലേക്കു പ്രവേശനമില്ല. ചന്ത അടച്ചുപൂട്ടിയ നിലയിലാണ്. ഇവിടെയുള്ളവരെ മറ്റൊരു ചന്തയിലേക്കു പുനരധിവസിപ്പിക്കുകയും ചെയ്തു. ചന്തയിലുണ്ടായിരുന്ന മുയൽ, ബാംബൂ റാറ്റ് എന്നിവയായിരിക്കാം വൈറസ്‌വാഹകരായതെന്ന് സംഘത്തിലെ ഡച്ച് വൈറോളജിസ്റ്റ് മാരിയോൺ കൂപ്മാൻസ് പറഞ്ഞു.
മുയലും ചുണ്ടെലികളും പോലുള്ള ജീവികളെ ഫാമുകളിൽ കൂട്ടത്തോടെ വളർത്തുന്ന പ്രദേശങ്ങളും ഹ്വാനൻ ചന്തയ്ക്കു സമീപത്തുണ്ടായിരുന്നു. ഇവയെ വിൽപനയ്ക്ക് എത്തിക്കുന്ന സംഘങ്ങളുമുണ്ടായിരുന്നു. ഫാമുകൾക്കു സമീപമാകട്ടെ കൊറോണവൈറസ് വാഹകരായേക്കാവുന്ന വവ്വാലുകളുടെ വൻതോതിലുള്ള സാന്നിധ്യവും തിരിച്ചറിഞ്ഞിരുന്നു. അടുത്ത ഘട്ടത്തിൽ ഫാമുകൾ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്നും മാരിയോൺ പറഞ്ഞു.
ഹ്വാനൻ മാർക്കറ്റിനേക്കാൾ രാജ്യത്തെ മറ്റു പലയിടത്തും കൂട്ടത്തോടെ കൊറോണവൈറസ് ബാധയുണ്ടായിരുന്നതായി ചൈനീസ് ഗവേഷകൻ ലിയാങ് വാന്യാൻ പറഞ്ഞു. ഒരുപക്ഷേ വുഹാനിൽനിന്നല്ലാതെ മറ്റിടങ്ങളിൽനിന്നു വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ചൈനീസ് സംഘത്തലവൻ കൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.
2019 ഡിസംബറിലാണ് വ്യാപകമായ വൈറസ് ബാധയുണ്ടായതെന്നും ചൈനീസ് സംഘം പറയുന്നു. അതിനു മുൻപേതന്നെ വൈറസ് വ്യാപിച്ചിരുന്നുവെന്ന വാദത്തിനും അതോടെ ചൈന അവസാനം കുറിച്ചു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ ഗവേഷണത്തിന്റെ സാധ്യതകൾ ഡബ്ല്യുഎച്ച്ഒ തള്ളിക്കളയുന്നില്ല. ഡിസംബറിനു മുൻപ് രോഗം പടർന്നിരുന്നോയെന്ന് അറിയണമെങ്കിൽ രോഗം ബാധിച്ചതായി സംശയിക്കുന്നവരുടെ രക്തസാംപിൾ ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ സംഘം പറഞ്ഞു.
വർഷങ്ങളെടുത്തു മാത്രമേ കൊറോണവൈറസിന്റെ ഉറവിടം കണ്ടെത്താനാവുകയുള്ളൂവെന്നാണ് സംഘാംഗമായ ഡൊമിനിക് ഡ്വൈയറിന്റെ വാക്കുകൾ. 2021 ഫെബ്രുവരി 9 വരെയുള്ള കണക്കു പ്രകാരം രാജ്യാന്തരതലത്തിൽ ഏകദേശം 10.5 കോടി പേരെയാണ് കോവിഡ് ബാധിച്ചത്. 22 ലക്ഷത്തിലേറെപ്പേർ മരിച്ചു.
പോളിയോ വാക്‌സിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് സാനിറ്റൈസര്‍. മഹാരാഷ്ട്രയിലാണ് ദാരുണ സംഭവം. സാനിറ്റൈസര്‍ തുള്ളി നല്‍കിയതിനെ തുടര്‍ന്ന്, അഞ്ച് വയസിന് താഴെയുള്ള 12 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.
’12 കുട്ടികള്‍ക്ക് യവത്മാലില്‍ പോളിയോ വാക്‌സിനുപകരം ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കി. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ പ്രവര്‍ത്തകന്‍, ഡോക്ടര്‍, ആശ വര്‍ക്കര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യും. അന്വേഷണം നടക്കുകയാണ്’ യവത്മാല്‍ ജില്ലാ കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്രീകൃഷ്ണ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉല്പാദന ശേഷിയാണെന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്.
ആഗോള വാക്‌സിൻ ക്യാംപെയിൻ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കവെയായിരുന്നു അദ്ദേഹം രാജ്യത്തെ വാഴ്ത്തിയത്. ‘ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകളുടെ വലിയതോതിലുളള ഉല്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങളുമായി അതിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്.
ആഗോള വാക്‌സിൻ ക്യാംപെയിൻ യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്‌സിൻ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂർണ്ണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു.’
ഇന്ത്യ അയൽ രാജ്യങ്ങൾക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ സമ്മാനിച്ചതിന് പിന്നാലെയായിരുന്നു യുഎൻ സെക്രട്ടറി ജനറലിന്റെ പ്രസ്താവന. ഇന്ത്യ അയൽരാജ്യങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകിയതിന് പുറമേ ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്ക് വിപണനാടിസ്ഥാനത്തിൽ ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്തിരുന്നു.
ജനുവരി 21 മുതൽ 55 ലക്ഷം ഡോസ് വാക്‌സിനാണ് അയൽരാജ്യങ്ങൾക്ക് ഇന്ത്യ സമ്മാനിച്ചിട്ടുളളത്. 1.5 ലക്ഷം ഡോസുകൾ ഭൂട്ടാനും, മാലദ്വീപ്, മൗറീഷ്യസ്, ബെഹ്‌റിൻ എന്നീ രാജ്യങ്ങൾക്ക് ഒരുലക്ഷം വീതവും 10 ലക്ഷം ഡോസുകൾ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകൾ സീഷെൽസിനും 5 ലക്ഷം ഡോസുകൾ ശ്രീലങ്കയ്ക്കും ഇന്ത്യ നൽകിയിരുന്നു.
സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കു വിപണനാടിസ്ഥാനത്തിൽ വാക്‌സിനുകൾ ഉടൻ കയറ്റുമതി ചെയ്യും. ഒമാൻ, പസഫിക് ദ്വീപ് സ്റ്റേറ്റുകൾ, കരീബിയൻ കമ്യൂണിറ്റി രാജ്യങ്ങൾ തുടങ്ങിയക്ക് വാക്‌സിൻ സമ്മാനിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുത്തിട്ടുളളതായി വിദേശ കാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാക്‌സിനുകൾക്കായി നിരവധി രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുളളതായും അദ്ദേഹം വ്യക്തമാക്കി.
വാഷിംഗ്ടൺ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 കോടിയും പിന്നിട്ട് മുന്നോട്ട്. നിലവിൽ 101,362,637 പേർക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 2,181,085 പേർ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോൾ 73,219,550 പേർ രോഗമുക്തി നേടുകയും ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 541,302 പേർക്ക് രോഗം ബാധിക്കുകയും 15,501 പേർ മരണമടയുകയും ചെയ്തു. വോൾഡോ മീറ്ററും ജോൺസ് ഹോപ്കിൻസ് സർവകലാശാലയും ചേർന്ന് പുറത്തുവിട്ടതാണീ കണക്ക്.
അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, തുർക്കി, ഇറ്റലി, സ്പെയിൻ, ജർമനി, കൊളംബിയ, അർജന്റീന, മെക്സിസ്കോ, പോളണ്ട്, ഇറാൻ, ദക്ഷിണാഫ്രിക്ക, ഉക്രെയിൻ, പെറു, നെതർലൻഡ്സ്, ഇന്തോനീഷ്യ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ 20ൽ ഉള്ളത്.
ഇതിൽ 19 രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷത്തിനും മുകളിലാണ്. നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 25,959,002 പേരാണ്. ഇവരിൽ 110,133 പേരുടെ നില അതീവ ഗുരുതരമാണെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
ഡോക്ടർ എ. സി. രാജീവ് കുമാർ
മുൻ കാലങ്ങളെക്കാൾ ആഴത്തിൽ സമൂഹ മധ്യത്തിൽ വേരോടിയ ഒരു രോഗമാണ് പ്രമേഹം. ഭാരതത്തിൽ ഈ രോഗം ഏറെ വ്യാപകമായി മാറിയിട്ടുള്ള സംസ്ഥാനം കേരളം ആണ്.
കാരണങ്ങൾ പലതാണ്. പ്രായേണ സുകുമാര ശരീരികളും സുഖലോലുപരും വ്യായാമം ഇല്ലാത്ത, ഭക്ഷണ പ്രിയരായ, തൈരും മധുരവും ഒക്കെ ഏറെ കഴിക്കുന്നവർക്ക് കാണുന്ന രോഗം ആയിട്ടാണ് അഷ്ടാംഗ ഹൃദയത്തിൽ പറയുന്നത്. എട്ടു മഹാരോഗങ്ങളിൽ നാലാമത്തെ രോഗം ആയി പ്രമേഹം പറയപ്പെടുന്നു. മാരക രോഗം എന്ന നിലയിലല്ല പറയുന്നത്. ദീർഘാകാലം നീണ്ടുനിൽക്കുന്ന, അനുബന്ധ രോഗങ്ങൾ കൊണ്ട് ദുസ്സഹങ്ങൾ ആയവ എന്ന നിലയ്ക്കാണ് ഇവ മഹാരോഗം എന്ന് പറയുന്നത്.
പ്രമേഹം ഒരു പുതിയ രോഗമല്ല. വേദ കാലത്ത് തന്നെ ഈ രോഗം ഉണ്ടായിരുന്നു. അസ്രാവം എന്നാണ് പറഞ്ഞിട്ടുള്ളത്. മൂത്രം അധികം ആയി പോകും എന്നത് ആണ് ലക്ഷണം. അന്ന് നിർദേശിക്കപ്പെട്ടിട്ടുള്ള പലതും ഇന്നും പ്രമേഹ നിയന്ത്രണത്തിൽ മാറ്റം ഇല്ലാതെ തുടരുന്നു.
നൂറു യോജന നടക്കുന്നതും മുഞ്ചപ്പുല്ല് പോലുള്ള ഫൈബർ ഏറെയുള്ള തൃണ ധാന്യങ്ങൾ ആഹാരം ആക്കുക, തനിയെ കുളം കുഴിക്കുക പോലുള്ള കഠിന വ്യായാമം എന്നിവ രോഗം അകറ്റും എന്ന് പറയുന്നു.
ആഹാരനിയന്ത്രണം അനുയോജ്യമായ ജീവിത ശൈലി ശീലം ആക്കുക എന്നിവ ആണ് രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും രോഗമകറ്റാനും ഇടയാക്കുന്നത് എന്ന് ഇന്നും അംഗീകരിക്കുന്നു.
അരി ആഹാരം കഴിക്കുന്നതാണ് പ്രമേഹ കാരണം എന്ന് കരുതിയിരുന്നു. ഇത് പൂർണമായും ശരിയല്ല. ഫൈബർ റിച്ച് ഭക്ഷണം ആണ് പ്രമേഹ രോഗികൾ കഴിക്കേണ്ടത് എന്ന് ഇന്നും നിർദേശിക്കുന്നു. അരിയിൽ.2%നാരുള്ളപ്പോൾ ഗോതമ്പിൽ 1.2% ആണ് നാരുള്ളത്. ഇവയിൽ ഏതിന്റെയും ഫൈൻ പൗഡർ സൂക്ഷ്മ ചൂർണമോ പുളിപ്പിച്ചുണ്ടാക്കുന്ന ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുന്നതോ പ്രമേഹ രോഗിക്ക് നന്നല്ല. ഗോതമ്പ് നുറുക്ക്, റവ എന്നിവ ആയിരിക്കും കൂടുതൽ ഗുണകരം.
തൃണ ധാന്യങ്ങൾ, ചെറുധാന്യങ്ങൾ എന്ന നിലയിൽ പ്രമേഹ രോഗികൾക്ക് ഏറെ ഗുണകരമാകുന്നുണ്ട്. മില്ലറ്റ് എന്നറിയപ്പെടുന്ന ഇവയിൽ പെട്ട റാഗി പഞ്ഞപ്പുല്ല് നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്നു. റാഗി തനിച്ചും മറ്റ് ധന്യങ്ങളുമായി ചേർത്തും ഉപയോഗിക്കാൻ സാധിക്കും. ചെറുപയർ കുതിർത്തരച്ചു ദോശ ഉണ്ടാക്കി കഴിക്കുന്നത് നന്ന്.
Fox tail millett ചാമയരി
Little millett തീനയരി
Kodo millett വരക്
Barnyard millett കുതിരവാലി
Brown top millett കൊരാല
Finger millett പഞ്ഞപ്പുല്ല്
Pearl millett ബജറാ എന്നിങ്ങനെ ഉള്ള ചെറു ധന്യങ്ങളിൽ 6% മുതൽ 14% വരെ നാരുകളുടെ സാന്നിദ്ധ്യം ഉണ്ട് എന്നതിനാൽ ഇവ മുഖ്യ ആഹാരമായി ആറ് മാസം തുടർച്ച ആയി ഉപയോഗിക്കുന്നത് പ്രമേഹം അകറ്റാൻ സഹായിക്കും എന്നാണ് കരുതുന്നത്.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
രാജ്യത്ത് വിതരണത്തിന് മുന്നോടിയായി സംസ്ഥാനങ്ങളിലേക്ക് വാക്സീൻ കയറ്റി അയച്ച് തുടങ്ങി. കൊവിഷീൽഡിന്റെ ആദ്യ ലോഡുകൾ പൂണെ സീറം ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് പുറപ്പെട്ടു. താപനില ക്രമീകരിച്ച മൂന്നു ട്രക്കുകളിലാണ് വാക്സീൻ കൊണ്ടുപോകുന്നത്. ചെന്നൈ അടക്കം നാലു പ്രധാന ഹബ്ബുകളിൽ വാക്സീൻ ഇന്നെത്തും.
ട്രക്കുകളിൽ നിന്ന് വിമാനത്താവളങ്ങളിലെത്തിച്ച ശേഷം വിതരണ ഹബ്ബുകളിലേക്ക് വിമാനമാർഗം എത്തിക്കുവാനാണ് പദ്ധതി. അവിടെനിന്നാണ് എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം ചെയ്യുക.ആദ്യ ലോഡ് എയർ ഇന്ത്യാ കാർഗോ വിമാനത്തിൽ അഹമ്മദാബാദിലേക്കാണ്. മുംബൈയിലേക്ക് റോഡ് മാർഗവും വാക്സീൻ കൊണ്ടു പോവും.
ജനുവരി 16 മുതലാണ് രാജ്യത്ത് വാക്സീൻ കുത്തിവയ്പ്പ് തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ വാക്സീൻ വിതരണ ചെലവ് മുഴുവൻ കേന്ദ്രം വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. പതിനൊന്ന് കോടി ഡോസ് കൊവിഷീല്‍ഡ് വാക്സീനുള്ള പര്‍ച്ചേസ് ഓര്‍ഡറാണ് കേന്ദ്രം സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയിരിക്കുന്നത്.
ശനിയാഴ്ച മുതല്‍ തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി കൊവിഡ് മുന്നണി പോരാളികള്‍ക്ക് വാക്സിന്‍ നല്‍കും. രണ്ടാംഘട്ടത്തില്‍ 50 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കും.
കേരളത്തിന് ആദ്യബാച്ചില്‍ 4,35,500 ഡോസ് വാക്സീന്‍ ലഭിക്കുമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,59,549 ആരോഗ്യപ്രവര്‍ത്തകരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തമിഴ്നാടിന് 5.36 ലക്ഷം ഡോസ് കിട്ടും
തിരുവനന്തപുരം∙ കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ മുന്നറിയിപ്പുമായി കേന്ദ്രം. പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടി. പോരായ്മകള്‍ ഈ സംസ്ഥാനങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോവിഡ് വാക്സീന്‍ വിതരണത്തിന് മുന്‍ഗണന പട്ടിക തയാറാക്കി. തടസങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. നാളെ രാജ്യമാകെ ഡ്രൈ റൺ നടക്കും. ഈ മാസം 13ന് വാക്സീൻ വിതരണം നടത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം.