സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രോഗമുക്തരായവരുടെ എണ്ണം കൂടി. 745 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 19,727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1054. ഇന്ന് 483 പേര് സമ്പര്‍ക്കംവഴി രോഗം നേടിയവരാണ്. ഇതില്‍ 35 പേരുടെ ഉറവിടം അറിയില്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് വിദേശത്തുനിന്നും
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 91 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 43 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
തിരുവനന്തപുരം-161
മലപ്പുറം-86
കൊല്ലം-22
പത്തനംതിട്ട-17
ഇടുക്കി-70
എറണാകുളം-15
കോഴിക്കോട്-68
പാലക്കാട്-41
തൃശൂര്‍-40
കണ്ണൂര്‍-38
ആലപ്പുഴ-30
വയനാട്-17
കാസര്‍കോട്-38
കോട്ടയം-59
കഴിഞ്ഞ 24 മണിക്കൂറിനിടെ 18417 സാംപിളുകള്‍ പരിശോധിച്ചു. 1237 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 9611 പേരാണ് കൊറോണ ചികിത്സയിലുള്ളത്.
ഡല്‍ഹിയില്‍ പടര്‍ന്നുപിടിച്ച കോവിഡിനെ തടയാനായുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇരുപത്തിയേഴുകാരനായ ഡോക്ടര്‍ ജോഗിന്ദര്‍ ചൗധരിയാണ് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചത്. ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു ജോഗിന്ദര്‍ ചൗധരി.
രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഇത് കോവിഡ് സ്പെഷ്യല്‍ ആശുപത്രിയാക്കി മാറ്റിയിരുന്നു. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത്. ജൂണ്‍ 27നാണ് ജോഗിന്ദര്‍ ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോക് നായക് ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതോടെ സര് ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
3.4 ലക്ഷത്തിന്റെ ആശുപത്രി ബില്ലാണ് കുടുംബത്തിന് ലഭിച്ചത്. കര്‍ഷകനാണ് ജോഗിന്ദറിന്റെ അച്ഛന്. ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ ബില്ല്. സഹായം തേടി അച്ഛന് ബാബാ സാഹേബ് അംബേദ്കര്‍ ഡോക്ടേഴ്സ് അസോസിയേഷനെ സമീപിച്ചു.
തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ 2.8 ലക്ഷം രൂപ സ്വരൂപിച്ച് അച്ഛന് നല്കി. ഡോക്ടറുടെ കുടുംബത്തിന്റെ അവസ്ഥ അസോസിയേഷന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അധികൃതര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഡോക്ടറുടെ കുടുംബം.
സംസ്ഥാനത്ത് ഇന്ന് എട്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ ആറുപേരും എഴുപത് വയസ് കഴിഞ്ഞവരാണ്. കോട്ടയം മെഡി.കോളജില്‍ വെള്ളിയാഴ്ച മരിച്ച ഔസേപ്പ് ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് വെള്ളിയാഴ്ച മരിച്ച ഷാഹിദയ്ക്കും രോഗം സ്ഥിരീകരിച്ചു. അര്‍ബുദ രോഗിയായിരുന്നു. ഷാഹിദയുടെ അമ്മ മരിച്ചതും കോവിഡ് ബാധിച്ചാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്, മഞ്ചേരി മെഡി.കോളജില്‍ തിരൂരങ്ങാടി സ്വദേശി അബ്ദുള്‍ ഖാദര്‍, പരിയാരം മെഡി. കോളജില്‍ കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്, കോഴിക്കോട് മുക്കം മേലാനിക്കുന്ന് സ്വദേശി മുഹമ്മദ് (62) എന്നിവരും കോവിഡ് ബാധിച്ച് മരിച്ചു.
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 8, എറണാകുളം ജില്ലയിലെ 3, ആലപ്പുഴ ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 4 ബിഎസ്എഫ് ജവാന്മാര്ക്കും, 4 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, ആലപ്പുഴ ജില്ലയിലെ ഒരു ഐ.ടി.ബി.പി. ജവാനും, കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനുമാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിലെ 121 പേരുടേയും, എറണാകുലം ജില്ലയിലെ 107 പേരുടേയും, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 70 പേരുടെ വീതവും, തൃശൂര്‍ ജില്ലയിലെ 57 പേരുടേയും, തിരുവനന്തപുരം ജില്ലയിലെ 51 പേരുടേയും, ആലപ്പുഴ ജില്ലയിലെ 50 പേരുടേയും, പത്തനംതിട്ട ജില്ലയിലെ 48 പേരുടേയും, കോട്ടയം ജില്ലയിലെ 37 പേരുടേയും, കാസര്‍ഗോഡ് ജില്ലയിലെ 34 പേരുടേയും, ഇടുക്കി ജില്ലയിലെ 31 പേരുടേയും, കോഴിക്കോട് ജില്ലയിലെ 8 പേരുടേയും, പാലക്കാട് ജില്ലയിലെ 5 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 9,655 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,302 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,56,162 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,47,182 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8980 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20626 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 6,72,748 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7492 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,12,714 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,09,143 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഇന്ന് 29 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9),
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാര്‍ഡുകളും), രാമനാട്ടുകര മുന്‍സിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുന്‍സിപ്പാലിറ്റി (31), തൃശൂര്‍ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), എറണാകുളം ജില്ലയിലെ നെല്ലിക്കുഴി (എല്ലാ വാര്‍ഡുകളും), കുട്ടമ്പുഴ (4, 5), ഏഴിക്കര (8, 9), കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍ (11), അയ്യന്‍കുന്ന് (14), മുഴക്കുന്ന് (2), ആലപ്പുഴ ജില്ലയിലെ പുറക്കാട് (18), പുന്നപ്ര നോര്‍ത്ത് (16), നീലംപേരൂര്‍ (1, 2, 3, 4), മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ (3, 7, 8, 9, 10, 11, 12, 13, 15), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), കോട്ടയം ജില്ലയിലെ കുറിച്ചി (20) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.
15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (സബ് വാര്‍ഡ് 6), മുഴപ്പിലങ്ങാട് (വാര്‍ഡ് 2), കൂടാളി (18), മലപ്പട്ടം (5), ന്യൂ മാഹി (4, 5, 7), പായം (2), പടിയൂര്‍ (10, 13), പാട്യം (7, 9, 17), കങ്കോല്‍ ആലപ്പടമ്പ (1), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), അരുവാപ്പുലം (4, 12), നിരണം (13), എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ (7), തൃശൂര്‍ ജില്ലയിലെ കൊരട്ടി (1) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 494 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
ഇന്ത്യയില്‍ 24 മണിക്കൂറില്‍ 48,916 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 757 മരണവും. ഇതുവരെ 13,36,861 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരമാണിത്. 31,358 പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. രോഗമുക്തി നിരക്ക് 63.53 ശതമാനമാണ്. പോസിറ്റീവ് കേസ് നിരക്ക് 11.62 ശതമാനവും. ഇന്നലെയാണ് ഏറ്റവും കൂടുതല്‍ സാമ്പിളുകള്‍ പരിശോധിച്ചത് – 4,20,898 സാമ്പിളുകള്‍. രാജ്യത്ത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കോവിഡ് കേസുകള്‍ 45,000 കടന്നിരിക്കുന്നത്. 8,49,431 പേർ രോഗമുക്തി നേടി. 4,56,071 പേർ ചികിത്സയിൽ തുടരുന്നു.
മഹാരാഷ്ട്രയിൽ 3,57,117 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 13132 പേർ മരിച്ചു. 1,99,967 പേർക്ക് രോഗം ഭേദമായി. 1,44,018 പേർ ചികിത്സയിൽ തുടരുന്നു.
തമിഴ് നാട്ടിൽ കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിനടുത്തെത്തി. 1,99,749 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3320 പേർ മരിച്ചു. 1,43,297 പേർക്ക് രോഗം ഭേദമായി. 53,132 പേർ ചികിത്സയിൽ തുടരുന്നു.
ഡൽഹിയിൽ 1,28,289 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 3777 പേർ മരിച്ചു. 1,10,931 പേർക്ക് രോഗം ഭേദമായി. 13,681 പേർ ചികിത്സയിൽ തുടരുന്നു.
53,545 കേസുകൾ സ്ഥിരീകരിച്ച ഗുജറാത്തിൽ 2278 പേരാണ് മരിച്ചത്. 85870 കേസുകൾ വന്ന കർണാടകയിൽ മരണം 1724 ആയി. 60771 കേസുകൾ വന്ന ഉത്തർപ്രദേശിൽ 1348 പേരും 53971 കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചിമ ബംഗാളിൽ 1290 പേരും ഇതുവരെ മരിച്ചു.
ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണം ഡല്‍ഹി എയിംസില്‍ തുടങ്ങി. കോവാക്സിന്റെ ആദ്യഡോസ് നല്‍കിയത് മുപ്പതുകാരനാണ്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കും. ആദ്യ രണ്ട് മണിക്കൂർ ഡോക്ടർമാരുടെ പൂർണനിരീക്ഷണത്തിലായിരിക്കും. ശേഷം വീട്ടിലേക്ക് അയക്കുമെങ്കിലും നിരീക്ഷണത്തില്‍ തന്നെ ആയിരിക്കും.
ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റ്യൂട്ടുമായി സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കോവാക്സിന് വികസിപ്പിച്ചത്.
ഡോ. കൃഷ്ണ ഇല്ലായുടെ നേതൃത്വത്തിലുള്ള ഭാരത് ബയോടെക് 20 വർഷത്തോളമായി ഗവേഷണ മേഖലയിൽ സജീവമാണ്.ബയോ പോളിയോ, എച് എൻ വാക്, പേവിഷ ബാധക്കെതിരെയുള്ള ഇന്ദിരാബ് , ജപ്പാൻ ജ്വരത്തിനെതിരെയുള്ള ജെൻവാക്, കുഞ്ഞുങ്ങളിലെ വയറിളക്കത്തിനെതിരിയുള്ള റോട്ട വാക് തുടങ്ങി നിരവധി വാക്സിനുകളും അനേകം മരുന്നുകളും സംഭാവന ചെയ്തിട്ടുള്ളവരാണ്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെയും പാതോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത് രോഗികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാവാം എന്നല നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ രണ്ട് ഗര്‍ഭിണികള്‍ അടക്കം അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാവാം പിജി ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധ ഉണ്ടായതതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. നേരത്തേ രോഗികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ നിരവധി ഡോക്ടര്‍മാര്‍ ഇതിനോടകം നിരിക്ഷണത്തിലാണുള്ളത്.
അതേസമയം കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഒരു ഡ്രൈവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കണ്ടക്ടറേയും വെഹിക്കിള്‍ സൂപ്പര്‍വൈസറേയും നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഡിപ്പോ അണുവിമുക്തമാക്കി. ജൂലൈ 20നാണ് ഡ്രൈവര്‍ അവസാനമായി ജോലിക്ക് എത്തിയതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചത്.
ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ച കോവിഡ് വാക്സിനുകള്‍ എല്ലാം പ്രതീക്ഷ നല്കുന്ന ഫലം ലഭിച്ചതിനാല്‍ നേരത്തെ കരുതിയതിലും വേഗത്തില്‍ വാക്സിന് വിപണിയിലെത്തിക്കാന്‍ കഴിഞ്ഞേക്കും. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെയും മോഡേണ ഇന്‍കിന്റേയും വാക്സിനുകള്‍ മനുഷ്യരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച്ച വന്നിരുന്നു.
അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ ആളുകള്‍ക്ക് വാക്സിന് ലഭിച്ചു തുടങ്ങുമെന്ന പ്രതീക്ഷയാണ് ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥനായ മൈക്ക് റയാന് പങ്കുവയ്ക്കുന്നത്. അനവധി വാക്സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. സുരക്ഷയുടേയും രോഗപ്രതിരോധ സൃഷ്ടിക്കുന്നതിന്റേയും കാര്യത്തില്‍ ഇതുവരെ അവയൊന്നും പരാജയപ്പെട്ടിട്ടില്ല, അദ്ദേഹം പറഞ്ഞു.
കോവിഡിനെതിരെ രോഗ പ്രതിരോധത്തിന് ഒരു ഡോസ് വാക്സിന് പകരം രണ്ട് ഡോസ് നല്‍കുന്നതാണ് നല്ലതെന്ന നിഗമനത്തിലാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും മോഡേണയും.
നിലവില്‍ 150-ല്‍ അധികം വാക്സിനുകളാണ് പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. അവയില്‍ രണ്ട് ഡസനോളം വാക്സിനുകള്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നു.
ഓക്സ്ഫോര്ഡും അസ്ട്രാസെനേകയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വാക്സിന് 18 വയസ്സിനും 55 വയസ്സിനും ഇടയിലുള്ളവരില്‍ ഇരട്ട പ്രതിരോധ പ്രതികരണം ഉണ്ടാക്കിയതായി ഈ ആഴ്ചയുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം അവസാനത്തോടെ വാക്സിന് നല്കി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അസ്ട്രാസെന്‍കയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പാസ്കല്‍ സോറിയോട്ട് പറഞ്ഞു.
വാക്സിന്റെ ഒറ്റ ഡോസ് ആദ്യ 28 ദിവസത്തിനിടെ ആന്റിബോഡിയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. യുകെ, ബ്രസീല്‍, ദക്ഷിണ ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ ഓക്സ്ഫോര്‍ഡിന്റെ വാക്സിന് രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ തുടരുന്നു.
ഓഗസ്റ്റോടെ ഈ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും. വാക്സിന് നവംബര്‍ തുടക്കത്തില്‍ വിപണയില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.
ഇന്ത്യയില്‍ 1000 രൂപയുടെ താഴെയാകും കോവിഷീല്‍ഡിന്റെ ചെലവെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു.
ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവാക്സിന്റെ പരീക്ഷണം 12 ഇടത്ത് പുരോഗമിക്കുകയാണ്. ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന വാക്സിന് ശനിയാഴ്ച്ച ഡല്‍ഹി എയിംസില്‍ ആദ്യ സംഘം വോളന്റിയര്‍മാര്‍ക്ക് നല്‍കും. ഇവര്‍ക്ക് വാക്സിന് നല്‍കുന്നത് സുരക്ഷിതമാണോയെന്ന പരിശോധന നടക്കുകയാണ്. പത്തോളം പേര്‍ക്ക് വാക്സിന് നല്കാന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ സഞ്ജയ് റായ് പറഞ്ഞു.
അഹമ്മദാബാദിലെ സൈഡസ് കാഡില വികസിപ്പിക്കുന്ന വാക്സിന്റേയും ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇവ കൂടാതെ, പനേഷ്യ ബയോടെക്, ഇന്ത്യന്‍ ഇമ്മ്യൂണോളോജിക്കല്‍സ്, മൈന്‍വാക്സ്, ബയോളോജിക്കല്‍ ഇ എന്നീ സ്ഥാപനങ്ങളും വാക്സിന് വികസിപ്പിക്കാന്‍ ശ്രമം നടത്തുന്നു.
ഡോ. ഷർമദ് ഖാൻ
മ്യൂട്ടേഷൻ സംഭവിച്ച പുതിയ വൈറസുകൾ ഇനിയും അവതാരമെടുക്കാം. അപ്പോഴൊക്കെ പുതിയ വൈറസുകളുടെ ശക്തിക്കു മുമ്പിൽ നമ്മൾ പകച്ചു നിന്നു പോകാനും ഇടയുണ്ട്. കുറച്ചുനാൾ കഴിയുമ്പോൾ ആ വൈറസിനെതിരെ ഒരു വാക്സിനും കണ്ടുപിടിച്ചേക്കാം. എന്നാൽ അതിനെയും വെല്ലുന്ന മറ്റൊരു വൈറസ് ആയിരിക്കാം അടുത്തതായി അവതരിക്കുന്നത്.ഇത് ഇടയ്ക്കിടെ ഇനിയും ആവർത്തിക്കാം.
വൈറസ് ഏതൊക്കെ വേഷത്തിൽ വന്നാലും അതിനെതിരെ പോരാടാനുതകുന്ന ശരീരബലം ഉള്ളവർ മാത്രമാണ് രക്ഷപ്പെടുന്നത്. കോവിഡ് 19 പിടിപെടുവാൻ സാധ്യതയുള്ള, രോഗപ്രതിരോധശേഷി കുറഞ്ഞവരുടെ ഒരു നീണ്ട ലിസ്റ്റ് നമ്മൾ കണ്ടതാണല്ലോ?
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ എല്ലാവിധ പകർച്ചവ്യാധികളിൽ നിന്നും രക്ഷ നേടാം. ഇവ രണ്ടിനേയും ആശ്രയിച്ചാണ് ശരീരബലം ഉണ്ടാകുന്നത്.
ഒരാൾ കൃത്യനിഷ്ഠയോടെ രാവിലെ ഉണരുന്നതും പല്ലു തേയ്ക്കുന്നതും കുളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും സമയത്ത് ഉറങ്ങുന്നതും രോഗമില്ലാതിരിക്കുന്നതും അയാളുടെ വ്യക്തിശുചിത്വത്തെ മെച്ചപ്പെടുത്തുന്നുവെന്ന് പറയാം.
നല്ല കാലാവസ്ഥയുള്ളിടത്ത്, ശുദ്ധവായു ലഭിക്കുന്നിടത്ത്, ശുദ്ധജലവും നല്ല ഭക്ഷണവും കഴിച്ച്, നല്ല വാസസ്ഥലത്ത്, സുഹൃത്തുക്കളോടും ബന്ധുക്കളോടും സന്തോഷപ്രദമായ ജീവിതം നയിച്ച്, നല്ല സാമൂഹ്യപശ്ചാത്തലത്തിൽ ജീവിക്കാൻ സാധിക്കുന്നത് ഒരാളിന്റെ പരിസര ശുചിത്വം മെച്ചപ്പെടുത്തുന്നു. ഇവ രണ്ടും മെച്ചമായിരുന്നാൽ മാത്രം ആരോഗ്യമുണ്ടാകുന്നു. എന്നാൽ പരിസരത്തുള്ള ജീവികളിൽ ഉണ്ടാകുന്ന അനാരോഗ്യവും പകർച്ചവ്യാധികളുമെല്ലാം വ്യക്തിശുചിത്വം മെച്ചമായിരിക്കുന്ന ഒരാളിലും അസുഖത്തെ ഉണ്ടാക്കാം. കൂട്ടായ പരിശ്രമങ്ങളിലൂടെയും സർക്കാർ സംവിധാനങ്ങളിലൂടെയും മാത്രമേ പരിസരശുചിത്വം സാധ്യമാകൂ.
കോവിഡ് 19 നാശം വിതച്ച പലരാജ്യങ്ങളിലും കാണുമ്പോഴുള്ള വൃത്തിയല്ലാതെ ആരോഗ്യമുള്ള സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തം. അങ്ങനെയുള്ള ഒരു രാജ്യത്ത് വ്യക്തിശുചിത്വം പരമാവധി പാലിക്കുന്ന പൗരന് പോലും അതിന്റെ ഫലം ലഭിക്കണമെന്നില്ല. അപ്പോൾപിന്നെ വ്യക്തിശുചിത്വവും കുറവുള്ള ഒരാളിന് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ പ്രത്യേകം പറയേണ്ടതില്ലല്ലോ?
ശരീരബലം വർദ്ധിപ്പിക്കുവാൻ വ്യക്തിപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
*ഭക്ഷണം*
അവനവന്റെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും, ദഹനശക്തിയ്ക്കനുസരിച്ചും ,ആരോഗ്യം ലഭിക്കണമെന്ന ഉദ്ദേശത്തോടെയും, ശീലിച്ചിട്ടുള്ളതുമായ ഭക്ഷണത്തിനു മാത്രമാണ് പ്രാധാന്യം നൽകേണ്ടത്. നല്ല നിറവും മണവും രുചിയും ആകൃതിയുമുള്ള ഭക്ഷണമാണ് നല്ലതെന്ന നമ്മുടെ കാഴ്ചപ്പാട് മാറുക തന്നെ വേണം. തൈരിനേക്കാൾ മോരിനും ചിക്കനേക്കാൾ വെജിറ്റബിൽസിനും തണുത്തവെള്ളത്തേക്കാൾ ചൂടാറ്റിയ വെള്ളത്തിനും ബിരിയാണിയേക്കാൾ കഞ്ഞിക്കും പ്രാധാന്യം പറയുന്നത് എന്തുകൊണ്ടാണെന്ന് ഊഹിക്കാമല്ലോ?
ഭക്ഷണം ശരിയായി കഴിച്ചാൽ അതുതന്നെ ഒരു പരിധിവരെ മരുന്നു പോലെ പ്രവർത്തിക്കും. ആയുർവേദമരുന്നിൽ ചേർക്കുന്ന പല വസ്തുക്കളും ഭക്ഷണത്തിൻറെ ഭാഗമാകുന്നതും വെറുതെയല്ല.സമയത്ത് കഴിക്കുക, കുളിച്ച ശേഷം കഴിക്കുക,വിശക്കുമ്പോൾ കഴിക്കുക, കാലാവസ്ഥയ്ക്കനുസരിച്ച് ചൂടും ഉപ്പും മുളകും തണുപ്പും ഒക്കെ വ്യത്യാസപ്പെടുത്തുക, അല്പമായും അമിതമായും കഴിക്കാതിരിക്കുക, പലവിധ ഭക്ഷണം കഴിക്കുക, എന്ത് കഴിച്ചാലും അത് രോഗത്തെ ഉണ്ടാക്കുന്നതാണോ അതോ ആരോഗ്യത്തിന് നല്ലതോ എന്ന് ചിന്തിക്കുക, അസമയത്തും ദഹനത്തെ കുറയ്ക്കുന്നതും വിരുദ്ധമായതും കഴിക്കാതിരിക്കുക, ഭക്ഷണം ശരീരത്തെ തടിപ്പിക്കുന്നതാണോ അതോ മെലിയിപ്പിക്കുന്നതാണോ എന്ന് അന്വേഷിച്ചറിയുക തുടങ്ങി നിരവധി കാര്യങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കാണുന്നതെന്തും കിട്ടുന്ന അളവിൽ ഭക്ഷിച്ച് ആരോഗ്യം സംരക്ഷിക്കാൻ സാധിക്കില്ല. അത്തരം ആൾക്കാർ വേഗത്തിൽ രോഗിയായി തീരുകയും ചെയ്യും.
*കൃത്യനിഷ്ഠ*
നേരത്തെ എഴുന്നേൽക്കുക, ഉടനെ പല്ലുതേക്കുക, കുളിച്ച ശേഷം മാത്രം ഭക്ഷണം കഴിക്കുക, ശീലിച്ച സമയത്ത് കഴിക്കുക, രാത്രി കിടക്കുന്നതിന് ഒന്നര മണിക്കൂറെങ്കിലും മുമ്പേ ഭക്ഷണം കഴിക്കുക,ഭക്ഷണം കഴിഞ്ഞു നേരത്തെ ഉറങ്ങാൻ കിടക്കുക, ഭക്ഷണം എളുപ്പം ദഹിക്കുന്നതായിരിക്കുക തുടങ്ങിയവ പ്രായം ചെന്നാലും പരമാവധി പാലിക്കുവാൻ ശ്രമിക്കുക. തീരെ ചെറിയ പ്രായത്തിൽ തന്നെ ശീലിക്കുന്നവർക്ക് വാർദ്ധക്യത്തിലും ആരോഗ്യത്തോടെ യിരിക്കുവാനും ശരീരബലം ലഭിക്കുവാനും ഇടയുള്ള ഒരു ലഘുവായ മാർഗമാണ് കൃത്യനിഷ്ഠ.
*വ്യായാമം*
ലഘുവ്യായാമങ്ങൾ ഒരിക്കലും വേണ്ടെന്ന് വയ്ക്കരുത്. പ്രത്യേകിച്ചും പ്രായം വർധിച്ചു വരുമ്പോൾ. നമ്മുടെ സമൂഹത്തിൽ ഇപ്പോഴും 16 വയസ്സിനുമുമ്പ് പോലും ജീവിതശൈലിരോഗങ്ങൾ ഉണ്ടാകുന്നവരും 80 വയസ്സിലും ഇതൊന്നും ഇല്ലാത്തവരുമുണ്ട്. വ്യായാമം പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ളതും ശരീരത്തിനും മനസ്സിനും സുഖം നൽകുന്നതും ആയിരിക്കണം. അപ്രകാരമല്ലാത്ത വ്യായാമം ശരീരത്തേയും മനസ്സിനേയും വേഗം ക്ഷീണിപ്പിക്കുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്യും.
*ഉറക്കം*
ഗാഢനിദ്ര ലഭിക്കുന്നവർക്ക് ശരിയായ വിശ്രമം തലച്ചോറിനും മനസ്സിനും ലഭിക്കുന്നതിലൂടെ ക്ഷീണം മാറി വളരെ ശുഭകരമായ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കും.
*ദിനചര്യ*
എപ്പോൾ ഉണരണം, എന്തുപയോഗിച്ച് പല്ല് തേയ്ക്കണം, എണ്ണ തേയ്ക്കുമ്പോഴും കുളിക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം, മൂക്കിൽ മരുന്ന് ഇറ്റിക്കേണ്ട ആവശ്യമെന്ത്? എങ്ങനെയുള്ള ഭക്ഷണമാണ് നല്ലത്? വ്യായാമം, ഉറക്കം എന്നിങ്ങനെ ഒരു ദിവസം ചെയ്യേണ്ടവ എന്തൊക്കെ? എന്തൊക്കെ പാടില്ല എന്ന് 5000 വർഷങ്ങൾക്ക് മുമ്പ് ആയുർവേദം പറഞ്ഞുവെച്ചിട്ടുണ്ട്. അവ അനുസരിക്കുന്നവർക്ക് ഇന്നും ശാരീരികശേഷി വർധിക്കുന്നതിലൂടെ ആരോഗ്യം നിലനിർത്താനാകുന്നു.
*കാലാവസ്ഥാചര്യ*
കാലാവസ്ഥയിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് സകല ജീവജാലങ്ങൾക്കും വ്യത്യാസമുണ്ടാകും. അതിനനുസരിച്ച ലക്ഷണങ്ങൾ പ്രപഞ്ചത്തിലെന്നപോലെ ഓരോ ജീവജാലങ്ങളിലും പ്രകടമാവുന്നു. ആയത് പരിഹരിക്കണമെങ്കിൽ അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ നമ്മുടെ ശരീരത്തിലെ ചൂട് കുറയ്ക്കുവാൻ കഴിയുന്ന ഭക്ഷണക്രമത്തിനും ശീലങ്ങൾക്കും പ്രാധാന്യം നൽകുക.അന്തരീക്ഷത്തിൽ തണുപ്പ് കൂടുമ്പോൾ ചൂടു കൂട്ടുന്ന ഭക്ഷണവും ശീലങ്ങളും ആണ് വേണ്ടത്.അങ്ങനെ നമ്മൾ തന്നെ കാലാവസ്ഥയ്ക്കനുസരിച്ച് ചില മാറ്റങ്ങൾക്ക് വിധേയമാകുക.
അതല്ലെങ്കിൽ കാലാവസ്ഥയ്ക്ക് അനുസരിച്ച രോഗങ്ങൾ ബാധിക്കാനിടയുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് ശീലങ്ങൾ മാറ്റുന്നതിലൂടെ രോഗ കാരണങ്ങളിൽ നിന്ന് രക്ഷ പ്രാപിക്കാനാകും. ചൂട് കൂടുമ്പോൾ വർദ്ധിക്കുന്ന വൈറസ്,തണുപ്പിലും മഴയിലും വർദ്ധിക്കുന്ന വൈറസ് ഇവയൊക്കെ നമുക്ക് ചുറ്റിലും ഉള്ളപ്പോഴും ആരോഗ്യം മെച്ചമാണെങ്കിൽ രോഗത്തിൻറെ പിടിയിൽ അകപ്പെടില്ല.
*മരുന്നും ചികിത്സയും*
എപ്പോഴും ആരോഗ്യത്തോടെ യിരിക്കുവാൻ സാധിക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ ശരീരബലമുള്ളതെന്ന് പറയാം. ഇടയ്ക്കിടെ രോഗങ്ങൾ വരുന്നവർക്കും രോഗശമനത്തിനായിട്ടാണെങ്കിലും ശക്തിയേറിയ മരുന്ന് ഉപയോഗിക്കേണ്ടി വരുന്നവർക്കും ആരോഗ്യം കുറയാം.അസുഖത്തിന് മരുന്ന് ഉപയോഗിക്കാൻ പാടില്ല എന്നല്ല. ഓരോ ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും മരുന്ന് ഉപയോഗിക്കുന്ന രീതി ഇക്കാലത്ത് ശക്തി പ്രാപിച്ചിട്ടുണ്ട്. ലോക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഒന്ന് മരുന്ന് ഉപയോഗിക്കാനോ ആശുപത്രിയിൽ പോകാനോ സാധിക്കാതെ, അസുഖമില്ലാതെയും പരാതി ഇല്ലാതെയും വീട്ടിലിരുന്ന മലയാളികളെ കുറിച്ചും ആയിരുന്നല്ലോ? മൂക്കിൻ തുമ്പത്ത് വന്നിരിക്കുന്ന ഈച്ചയെ നമുക്ക് കൈകൊണ്ട് ആട്ടിപ്പായിക്കാം. എന്നാൽ വാളെടുത്ത് വെട്ടി ഓടിക്കണോ? വളരെ ചെറിയ ബുദ്ധിമുട്ടുകൾക്ക് പോലും അതിശക്തമായ മരുന്നുകൾ കഴിക്കുന്നവരെ കാണുമ്പോൾ ഇങ്ങനെ ചോദിക്കുന്നവരെ കുറ്റം പറയാനാകില്ല.
ഡോക്ടർ ഒരിക്കൽ നിർദ്ദേശിച്ചെന്നുവെച്ച് തുടർച്ചയായി വേദനസംഹാരികളും ആൻറിബയോട്ടിക്കുകളും അരിഷ്ടങ്ങളും അസിഡിറ്റിക്ക് ഉള്ളതും ഉൾപ്പെടെ വാങ്ങി കഴിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്തിനും ഏതിനും ഭക്ഷണം കഴിക്കുന്നത് പോലെ മരുന്നു കഴിക്കുന്ന രീതി തീരെ ശരിയായ ഒന്നല്ല. വളരെ അത്യാവശ്യത്തിനും ജീവൻ രക്ഷിക്കുന്നതിനുവേണ്ടിയും ആകണം മരുന്ന് ഉപയോഗിക്കേണ്ടത്. സ്വയംചികിത്സിക്കുവാനും വാട്സ്ആപ്പ് വൈദൃത്തിന്റെ പുറകേ പോകുവാനും അർഹതയില്ലാത്തവരുടെ ചികിത്സാ നിർദ്ദേശങ്ങളും അമിത പഥ്യങ്ങളും അല്പം പോലും തെറ്റാതെ പാലിക്കുവാനും തയ്യാറുള്ളവർ നിരവധിയാണ്. വിലയ്ക്കുവാങ്ങാവുന്നതല്ല ആരോഗ്യം എന്നും ദീർഘകാലത്തെ പ്രയത്നത്താൽ ലഭിക്കുന്ന ആരോഗ്യം അല്പ ലാഭത്തിനായി നശിപ്പിക്കരുതെന്നും ഓർമ്മിപ്പിക്കട്ടെ.
ഡോ. ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ആയുർവേദ ദിസ്പെന്സറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം .
സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ ആയിരം കടന്നു. ഇന്ന് 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നിരിക്കുന്നത്. 57 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് സ്ഥിരീകരിച്ചവരില്‍ 87 പേര് വിദേശത്തുനിന്നും 109 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് രോഗമുക്തി നേടിയത് 272 പേര്.
തിരുവനന്തപുരം-226
കൊല്ലം-133(116 സമ്പര്‍ക്കം)
പത്തനംതിട്ട-49
ആലപ്പുഴ-120
ഇടുക്കി-43
കോട്ടയം-59
എറണാകുളം-92
തൃശൂര്‍-56
പാലക്കാട്-34
മലപ്പുറം-61
കോഴിക്കോട്-25
വയനാട്-4
കണ്ണൂര്‍-43
കാസര്‍കോട്-101
സംസ്ഥാനത്ത് 397 ഹോട്ട്സ്പോട്ടുകളായി. 8818 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 53 പേര് ഐസിയുവിലാണ്. ഒന്‍പത് പേര് വെന്റിലേറ്ററിലും.