Health

ബോളിവുഡ് താരം ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

അഭിഷേകിനെയും അമിതാഭ് ബച്ചനെയും നേരത്തെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഐശ്വര്യയുടെ കൊറോണ ലക്ഷണം ആദ്യ തുടക്കമായതിനാല്‍ വീട്ടില്‍ ക്വാറന്റൈനായിരുന്നു. ഇന്നലെ രാത്രിയോടെയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബം മുഴുവന്‍ ഇപ്പോള്‍ ഇതേ ആശുപത്രിയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചന് കൊവിഡ് നെഗറ്റീവാണ്.

35 ദിവസം കടലിൽ ചെലവഴിച്ച് തിരികെ എത്തിയ മത്സ്യത്തൊഴിലാളികൾക്ക് കൊവിഡ് രോഗബാധ. കപ്പലിലെ 61 മത്സ്യത്തൊഴിലാളികളിൽ 57 പേർക്കും രോഗം സ്ഥിരീകരിച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അർജൻ്റീനയിലാണ് ആരോഗ്യരംഗത്തെ ഞെട്ടിക്കുന്ന സംഭവം നടന്നത്. തെക്കന്‍ ടിയറ ഡെല്‍ ഫ്യൂഗോ പ്രവിശ്യയിലെ ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.

മെയ് അവസാന വാരം അർജൻ്റീന തലസ്ഥാനമായ ബ്യൂണസ് ഐറീസിൽ നിന്നാണ് 61 പേർ കപ്പലിൽ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പുറപ്പെടും മുൻപ് എല്ലാവർക്കും കൊവിഡ് പരിശോധന നടത്തി രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഉഷ്വായിൽ എത്തിയ ഇവർ അവിടെ 14 ദിവസം ഒരു ഹോട്ടലിൽ ക്വാറൻ്റീനിൽ കഴിഞ്ഞു.

ക്വാറൻ്റീൻ കാലാവധി കഴിഞ്ഞ ഇവർ മത്സ്യബന്ധനത്തിനായി കടലിലേക്ക് ഇറങ്ങി. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ കപ്പലിലെ യാത്രക്കാരിൽ പലരും കൊവിഡ് ബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. തുടർന്ന് കപ്പൽ തിരികെയെത്തി. നാട്ടിലെത്തിയ ശേഷം നടത്തിയ പരിശോധനയിൽ 57 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

‘കരയുമായി ഒരു ബന്ധവുമില്ലാതെ 35 ദിവസം കടലിൽ കഴിഞ്ഞ ഇവർക്ക് എങ്ങനെ അസുഖം വന്നെന്ന് മനസ്സിലാവുന്നില്ല. ഇതേ പറ്റി പരിശോധിക്കുകയാണ്.”- ടിയറ ഡെല്‍ ഫ്യൂഗോ പ്രവിശ്യയിലെ ആരോഗ്യവിഭാഗം ഡയറക്ടർ അലെസാൻഡ്ര അൽഫാരോ പറഞ്ഞു.

ഒരുലക്ഷത്തിന് മേലെയാണ് അര്‍ജന്റീനിയയിലെ കൊവിഡ് രോഗികളുടെ ആകെ എണ്ണം. 2050 പേർ മരണപ്പെട്ടു. 47285 പേർ രോഗമുക്തരായി.

സംസ്ഥാനത്ത് ഭീതി വിതച്ച് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 722 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. 10,275 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് രോഗം ബാധിച്ചവരില്‍ 157 പേര്‍ വിദേശത്ത് നിന്നും 62 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 481 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 34 പേരുടെ രോഗ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 5 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും 3 ഐടിബിപി ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തൃശ്ശൂര്‍ തമ്പുരാന്‍പടി സ്വദേശി അനീഷ്, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സലീഹ് എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ സ്വദേശി ചൈന്നെയില്‍ നിന്നും കണ്ണൂര്‍ സ്വദേശി അഹമ്മദ്ബാദില്‍ നിന്നും വന്നതാണ്.

228 പേരാണ് രോഗമുക്തി നേടിയത്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവനന്തപുരം 337, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശ്ശൂര്‍ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23, ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13. ആകെ റിപ്പോര്‍ട്ട് ചെയ്ത 722 കേസില്‍ 339-ഉം തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് ആകെ 1,83,900 പേര്‍ നിരീക്ഷണത്തിലുണ്ട്. 5372 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,68,128 സാമ്പിളുകള്‍ പരിശോധനക്കയച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 16052 സാമ്പിള്‍ പരിശോധിച്ചു.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒരാള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആലപ്പുഴ ചുനക്കര നസീര് ഉസ്മാന്‍ കുട്ടി (47) കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 396 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 8 ആരോഗ്യപ്രവര്‍ത്തകര്‍ ഒരു ബിഎസ്എഫ് ഐടിബിപി 2, സിഐഎസ്എഫിലെ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക രോഗികളില്‍ 26 പേരുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല.

183 പേര്‍ക്കാണ് ഇന്നു രോഗമുക്തി. രോഗം സ്ഥിരീകരിച്ചവര്‍ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 201, കൊല്ലം 23, ആലപ്പുഴ 34, പത്തനംതിട്ട 3, കോട്ടയം 25, എറണാകുളം 70, തൃശൂര്‍ 42, പാലക്കാട് 26, മലപ്പുറം 58, കോഴിക്കോട് 58, കണ്ണൂര്‍ 12, വയനാട് 12, കാസര്‍കോട് 44 എന്നിങ്ങനെയാണ്. നെഗറ്റീവ് ആയവര്‍ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, എറണാകുളം, തൃശൂര്‍ 9, പാലക്കാട് 49മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂര്‍ 49, കാസര്‍കോട് 5 എന്നിങ്ങനെയാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്] ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 8930 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 720 പേരെയാണ് ഇന്ന് ആശുപത്രിയില്] പ്രവേശിപ്പിച്ചത്. 4454 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അഞ്ചാം വാർഡിൽ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചയാൾക്ക് പഞ്ചായത്തിലൊട്ടാകെയായി നിരവധി പേരോട് സമ്പർക്കം ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. പഞ്ചായത്തിലെ 5, 6, 14, 15 വാർഡുകൾ നേരത്തേ കണ്ടെയ്ൻമെന്റ് സോണുകളായിരുന്നു.

കഴിഞ്ഞ ദിവസം പുളിങ്കുന്ന് കണ്ണാടി കൊണത്തു വാക്കാൽ ചിറ കുഴഞ്ഞു വീണു മരിച്ച ബാബു (52) വയസു കോവിഡ് സ്ഥിതീകരിച്ചിരിന്നു

അതേസമയം, നിയന്ത്രണങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും ഇളവുകൾ ഉണ്ടായിരിക്കും. ആലപ്പുഴചങ്ങനാശ്ശേരി റോഡിലൂടെയുള്ള ഗതാഗതം അനുവദനീയമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഉളള പ്രദേശങ്ങളിൽ വഴിയാത്രക്കാർ വാഹനം നിർത്തി ഇറങ്ങുവാനോ ഇവിടെനിന്ന് ആളുകളെ കയറ്റുവാനോ പാടുളളതല്ല.

അവശ്യവസ്തുക്കളും ഭക്ഷണസാധനങ്ങളും വിൽക്കുന്ന സ്ഥാപനങ്ങൾക്ക് രാവിലെ 8 മണി മുതൽ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പിഡിഎസ്) രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും പ്രവർത്തിക്കാം. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. തുറക്കുന്ന സ്ഥാപനങ്ങളിലും ഒരേസമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. ഈ പ്രദേശങ്ങളിൽ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും IPC സെക്ഷൻ 188, 269 പ്രകാരവും നിയമനടപടികൾ സ്വീകരിക്കും.

കേരളത്തിൽ കൊവിഡ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് യുവാക്കൾക്ക് എന്ന് റിപ്പോർട്ട്. രോഗികളിൽ ഭൂരിഭാഗവും യുവാക്കളാണ്. 20നും 39നും മധ്യേ പ്രായമുള്ള 3489 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. ആരോഗ്യമുള്ളവരിൽ കൊവിഡ് രോഗം ഗുരുതരമാകില്ലെന്ന പൊതുധാരണയും കേരളത്തിൽ തെറ്റെന്ന് തെളിഞ്ഞു. കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ ഇതിനുദാഹരണമാണ്. മറ്റ് അസുഖങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ആരോഗ്യവാനായ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മരണം ആരോഗ്യമുള്ളവരിലും കൊറോണ ഗുരുതരമാകുമെന്ന് തെളിയിക്കുന്നതാണ്.

അതേസമയം, സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നവരിലും കൂടുതൽ യുവാക്കളാണെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു. യുവാക്കളിൽ ലക്ഷണങ്ങൾ പ്രകടമാകാതെയുള്ള നിശ്ശബ്ദവ്യാപനവും നടക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ രോഗമുക്തി നിരക്കിലും 20 നും 39 നും മധ്യേ പ്രായമുള്ളവരാണ് മുന്നിലെന്ന കണക്കും കൂട്ടിവായിക്കേണ്ടതാണ്.

കൊവിഡ് ബാധിച്ചവരിൽ കൂടുതലായി പൊതുവായി പ്രകടമാകുന്ന രോഗലക്ഷണം തൊണ്ടവേദനയാണ്. പിന്നീടുള്ളത് പനിയും ചുമയും. 10 ശതമാനത്തിൽ താഴെ പേർക്ക് തലവേദനയും ശരീരവേദനയും രോഗലക്ഷണമായി കാണപ്പെടുന്നു. 10 ശതമാനത്തോളം പേരുടെ രോഗലക്ഷണം ശരീരവേദനയും തലവേദനയുമായിരുന്നു.

സംസ്ഥാനത്ത് സ്ത്രീകളിൽ കൊവിഡ് രോഗബാധ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് ബാധിതരിൽ 71.9 ശതമാനവും പുരുഷന്മാരാണ്. 21.4 ശതമാനമാണ് സ്ത്രീകളായ രോഗികൾ. അതേസമയം മൊത്തം രോഗികളിൽ 6.7 ശതമാനം പേരുടെ വിവരങ്ങൾ ലഭ്യമല്ല. 20 വയസ്സിനും 39 വയസ്സിനും മധ്യേ പ്രായമുള്ള 3489 പേരിൽ 745 പേർ സ്ത്രീകളാണ്. 70 വയസ്സിന് മുകളിലുള്ള രോഗബാധിതരിൽ സ്ത്രീ-പുരുഷ വിഭാഗങ്ങൾ ഒപ്പത്തിനൊപ്പമാണ്. 70-79 പ്രായവിഭാഗത്തിൽ 25 സ്ത്രീകളും 26 പുരുഷന്മാരുമാണ് രോഗബാധിതരായുള്ളത്. 8089 വിഭാഗത്തിൽ 11 സ്ത്രീകളും 12 പുരുഷന്മാരും.

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്.

തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ പുളിങ്കുന്നിൽ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്‍ പരിശോധനഫലം പോസിറ്റീവ് ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 41 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും, കോട്ടയം ജില്ലയിലെ 6 പേര്‍ക്കും, കൊല്ലം ജില്ലയിലെ 5 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡി.എസ്.സി. ജവാനും ഒരു സി.ഐ.എസ്.എഫ് ജവാനും രോഗബാധിതരായി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേരുടെയും (മലപ്പുറം 1, കാസര്‍ഗോഡ് 1, കോഴിക്കോട് 1), തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും (എറണാകുളം 1), പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 5 പേരുടെയും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേരുടെയും (പത്തനംതിട്ട 1), ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3990 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,478 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,47,529 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5944 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 76,075 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 72,070 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

മുംബെെ: ജയ ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ എന്നിവരുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് എന്ന് റിപ്പോര്‍ട്ടുകള്‍. അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകള്‍ ആരാധ്യയുടെ പരിശോധനഫലം കൂടി ഇനി വരാനുണ്ട് എന്നും കുടുംബാംഗങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട വീട്ടുജോലിക്കാരുടെയും കോവിഡ് ഫലം നെഗറ്റീവാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നു.

ജയ ബച്ചൻ, ഐശ്വര്യ റായ് എന്നിവരു ടെ ആന്റിജൻ പരിശോധനാഫലമാണ് വന്നത്. ആന്റിജൻ പരിശോധനയിൽ ഇരുവർക്കും കോവിഡ് നെഗറ്റീവ് ആണ്. എന്നാൽ, ഇരുവരുടെയും സ്രവപരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇരുവരും ക്വാറന്റെെനിലാണ്. തങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബച്ചൻ കുടുംബവുമായി ബന്ധപ്പെട്ട കൂടുതൽ പേരുടെ കോവിഡ് പരിശോധനാഫലം ഇന്നു ഉച്ചയോടെ ലഭിക്കുമെന്നാണ് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി പറയുന്നത്.

കോവിഡ് സ്ഥിരീകരിച്ച 77കാരനായ അമിതാഭ് ബച്ചനെയും മകനെയും മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത് അമിതാഭ് ബച്ചനും അഭിഷേകും തന്നെയാണ്. “എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു…ആശുപത്രിയിലേക്ക് മാറ്റി… ആശുപത്രി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരെ അറിയിക്കുന്നു…കുടുംബവും ജീവനക്കാരും പരിശോധനകൾക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു… കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ദയവായി സ്വയം ടെസ്റ്റ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു!” അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്‌തു

തനിക്കും പിതാവിനും കോവിഡ് സ്ഥിരീകരിച്ചതായ് അഭിഷേകും ട്വീറ്റ് ചെയ്തു. അമിതാഭ് ബച്ചൻ രോഗ വിവരം വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇക്കാര്യം വ്യക്തമാക്കി അഭിഷേകും ട്വീറ്റ് ചെയ്തത്. ‘ഇന്ന്‌ എനിക്കും അച്ഛനും കോവിഡ് 19-ന് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ള ഞങ്ങൾ രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധപ്പെട്ട അധികാരികളെ എല്ലാം ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തെയും സ്റ്റാഫിനെയും ടെസ്റ്റ്‌ ചെയ്തിട്ടുണ്ട്. പരിഭ്രാന്തരാകാതെ ശാന്തത പാലിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നന്ദി,’ അഭിഷേക് ട്വീറ്റ് ചെയ്‌തു.

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഏഴുലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 6,97,413 ആയി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് 2,53,287 ആളുകളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 425 പേരാണ് കഴിഞ്ഞദിവസം വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19,693 ആയി.

രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിക്കുന്നതിന്റെ ശതമാനം 6.73 ആണെന്നും നിരവധി സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിക്കും താഴെയാണ് പുതിയ കേസുകള്‍ സ്ഥിരീകരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.

മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. 2,06,619 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. 8,822 പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 1,14,978 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61 പേര്‍ രോഗബാധയേ തുടര്‍ന്ന് മരിച്ചു.

3,827 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം, മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹിയിലും ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു.

വടക്കൻ ബോട്സ്വാനയിൽ 350 ലധികം കാട്ടാനകൾ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. നിഗൂഡമായ ഈ കൂട്ട മരണത്തെ സംരക്ഷണ ദുരന്തം (conservation disaster) എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മെയ് മാസത്തിന്‍റെ തുടക്കത്തിൽ ഒകാവാംഗോ ഡെൽറ്റയിലാണ് ആദ്യമായി 169 ആനകള്‍ അടങ്ങുന്ന ഒരു കൂട്ടത്തെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജൂൺ പകുതിയോടെ ഈ സംഖ്യ ഇരട്ടിയിലധികമായി. ജഡങ്ങളില്‍ 70 ശതമാനവും കണ്ടെത്തിയത് മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ വരുന്ന പ്രദേശത്താണ്.

‘ഇത് വളരെക്കാലമായി കാണാത്ത ഒരു പ്രതിഭാസമാണ്. സാധാരണ വരള്‍ച്ചയുടെ കാലത്താണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാറ്. അല്ലാതെ മറ്റൊരു സാഹചര്യത്തില്‍ ഇത്രയും ആനകള്‍ ഒരുമിച്ച് ചരിഞ്ഞ സംഭവം എന്ന്റെ അറിവില്‍ ഇല്ല’ എന്നാണ് യുകെ ആസ്ഥാനമായുള്ള നാഷണൽ പാർക്ക് റെസ്ക്യൂയിലെ ചാരിറ്റി കൺസർവേഷൻ ഡയറക്ടർ ഡോ. നിയാൾ മക്കാൻ പറഞ്ഞത്. ബോട്സ്വാന സർക്കാർ ഇതുവരെ സാമ്പിളുകൾ പരിശോധിച്ചിട്ടില്ല. അതിനാൽ മരണകാരണങ്ങൾ എന്താണെന്നോ, അത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കുമോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം അവ്യക്തത തുടരുന്നു.

വിഷം, പകര്‍ച്ചവ്യാധി എന്നീ രണ്ടു സാധ്യതകളാണ് ശാസ്ത്രജ്ഞർ മുന്നോട്ടു വയ്ക്കുന്നത്. ചില ആനകളെ വട്ടം കറങ്ങുന്ന നിലയില്‍ കണ്ടതായി പ്രാദേശ വാസികളെ ഉദ്ധരിച്ച് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ന്യൂറോളജിക്കൽ വൈകല്യത്തിന്റെ സൂചനയാണ്. ‘ശവങ്ങള്‍ നോക്കിയാല്‍ ചിലത് മുഖം കുത്തിയാണ് വീണതെന്ന് കാണാം. അവർ വളരെ പെട്ടന്ന് മരിച്ചുവെന്ന് അര്‍ഥം. വട്ടം കറങ്ങി വീണ ആനകള്‍ വളരെ പതുക്കെയാകാം ചരിഞ്ഞത്. അതിനാല്‍തന്നെ മരണകാരണം എന്താണെന്ന് അനുമാനിക്കാന്‍ പ്രയാസമാണ്’ എന്നാണ് മക്കാൻ പറയുന്നത്. ബോട്സ്വാന സര്‍ക്കാര്‍ ഇപ്പോഴും സാമ്പിള്‍ ലാബിലേക്കയച്ച് പരിശോധിക്കാന്‍ തയ്യാറായിട്ടില്ല എന്നതും അദ്ദേഹം വളരെ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നത്.

RECENT POSTS
Copyright © . All rights reserved