Health

പത്തനംതിട്ടയില്‍ സുഖപ്പെടാതെ കോവിഡ് രോഗി. പത്തൊമ്പതാം പരിശോധനാഫലവും പോസിറ്റീവായ രോഗി കോഴഞ്ചേരിയിലെ ജില്ലാആശുപത്രിയില്‍ 42 ദിവസമായി ചികില്‍സയിലാണ്. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്.

രോഗബാധിതയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും ഇതുവരെരോഗമുക്തി നേടാത്തതാണ് ആരോഗ്യപ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ തുടര്‍ചികില്‍സയ്ക്കായി സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിനോട് അഭിപ്രായം തേടും.

വടശേരിക്കര സ്വദേശിയായ 62കാരിയാണ് രോഗം ഭേതമാകാതെ ചികില്‍സിയില്‍ തുടരുന്നത്. രോഗബാധിതയായിരുന്ന ഇവരുടെ മകള്‍ കഴിഞ്ഞയാഴ്ച ആശുപത്രിവിട്ടു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ലോകമുണ്ടായ ശേഷം നാളിതു വരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള നിയന്ത്രണം മനുഷ്യ വാസമുള്ള എല്ലായിടത്തും കഴിഞ്ഞ കുറേ ആഴ്ചകളായി അനുഭവിച്ചു വരികയാണ്. വീടിന്റെ വാതിൽ അടയ്ക്കുന്നതുപോലെ രാജ്യങ്ങൾ അടച്ചിടുക. സങ്കല്പിച്ചിട്ട് പോലും ഇല്ല. പൊതു ഗതാഗതം ഇല്ല, കട കമ്പോളങ്ങൾ ഇല്ല, ആരോഗ്യ രക്ഷാ സ്ഥാപനങ്ങൾ പോലും നാമം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നത് അനുഭവിച്ച ഒരു തലമുറയാണ് നാമെല്ലാവരും. ഈ ഘട്ടത്തിലും നമ്മെ കരുതലോടെ കാത്ത ഭരണ സംവിധാനം ആണ് നമ്മുടെ തുണയായത്.

ഓരോരോ രാജ്യങ്ങളിൽ നിയന്ത്രണ ഇളവുകൾ നല്കാൻ തുടങ്ങുകയാണ്. രോഗ ഭീതി പൂർണമായും ഒഴിഞ്ഞിട്ടാണ് ഇളവുകൾ എന്ന് കരുതണ്ട. ഇതിലും കൂടുതൽ ഉണ്ടാവരുത് എന്ന ബോധത്തോടെ വേണം ഇളവ് സ്വാഗതം ചെയ്യുവാൻ. വീട്ടിൽ ഇരിക്കാൻ പഠിച്ച നാമെല്ലാം ഇനി പുറത്ത് എങ്ങനെ ഒക്കെ ആവാം എന്ന് കൂടി തീരുമാനിച്ചു വേണം പുറത്തിറങ്ങി തുടങ്ങാൻ. പുറത്തിറങ്ങിയാൽ പാലിക്കാൻ നൽകുന്ന നിർദേശങ്ങൾ പൂർണമായി പാലിക്കപ്പെടേണ്ടതാണ്. നിയമ നടപടി പേടിച്ചല്ല രാജ്യസുരക്ഷയെ കരുതിയാകണം നിയന്ത്രണങ്ങൾ പാലിക്കാൻ.

ശുചിത്വ പരിപാലനം തന്നെ ആണ് പ്രധാനം. കയ്യുറകൾ, മാസ്ക് എന്നിവ ഉറപ്പായി ശീലം ആക്കുക. അവയുടെ ശുചിത്വ പരിപാലനം മറക്കരുത്. പുനരുപയോഗം ചെയ്യുന്നവർ ചൂട് വെള്ളത്തിൽ സോപ്പ് അണുനാശിനി എന്നിവ ഉപയോഗിച്ച് അണു വിമുക്തം ആക്കണം.
മുഖം ,നാസാ ദ്വാരങ്ങൾ, ചെവി, കണ്ണ്, വായ് എന്നിവിടങ്ങളിൽ കൈ കൊണ്ട് തൊടുവാൻ പാടില്ല. ചുമക്കുക, തുമ്മുക, കോട്ടുവായ് വിടുക ,ചിരിക്കുക ഒക്കെ ചെയ്യുമ്പോൾ മുഖം ടൗവ്വൽ ,ടിഷ്യു പേപ്പർ എന്നിവ കൊണ്ട് മറയ്ക്കുക. ഭക്ഷണം കഴിക്കും മുമ്പ് കൈകൾ വൃത്തിയായി ശുചി ആക്കുക. ഭക്ഷണം കഴിക്കുമ്പോൾ വായ് അടച്ചു പിടിച്ചു സാവകാശം നന്നായി ചവച്ചു കഴിക്കുക. ഒരുമിച്ച് ഒരു പത്രത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന രീതി വേണ്ട. ഭക്ഷണ ശേഷവും കയ്യ്, വായ് കഴുകാൻ മറക്കണ്ട. ചൂട് വെള്ളം ഉപയോഗിച്ച് കഴുന്നതും കവിൾ കൊള്ളുന്നതും ഏറെ നന്ന്.

രാവിലെ അഞ്ചര ആറു മണിയോടെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങൾ, പല്ല് തേപ്പ് മലമൂത്ര വിസർജനം, ശൗച ക്രിയകൾ എന്നിവ ചെയ്യുക. അല്പം ചെറു ചൂട് വെള്ളം കുടിക്കുക. നാരങ്ങാ നീര് ചേർത്ത്, തേൻ ചേർത്ത്, ഗ്രീൻ ടീ, അങ്ങനെ ഏതെങ്കിലും ആയാലും മതി. അര മണിക്കൂർ സമയം, കുറഞ്ഞത് ആയിരം ചുവടെങ്കിലും നടക്കുക. യോഗാസനങ്ങൾ അറിയാവുന്നവർ അത് പരിശീലനം നടത്തുക, അതല്ല സ്‌കൂളിൽ പഠിച്ച ഡ്രിൽ എക്സർസൈസുകൾ ആണെങ്കിൽ അവ ചെയ്യുക. തുടർന്ന് അവരവരുടെ അസ്വസ്ഥത അനുസരിച്ചുള്ള ആയുർവേദ തൈലം ചൂടാക്കി ദേഹം ആസകലം തേച്ചു നന്നായി തിരുമ്മുക. അരമണിക്കൂർ സമയം കഴിഞ്ഞു ചൂട് വെള്ളത്തിൽ ദേഹം കഴുകുക. തല സാധാരണ വെള്ളം കൊണ്ടു കഴുകിയാൽ മതി , ചൂട് വെള്ളം വേണ്ട. കുളി കഴിഞ്ഞ് അണു തൈലമോ വൈദ്യ നിർദേശം അനുസരിച്ചുള്ള ഉചിതമായ തൈലമോ മൂക്കിൽ ഒഴിക്കുക. അവശ്യം എങ്കിൽ കണ്ണിൽ അഞ്ജനം എഴുതുക.

കുളികഴിഞ്ഞാൽ സാധാരണ വിശപ്പ് ഉണ്ടാകും. പുറമെ ഒഴിക്കുന്ന വെള്ളം ആന്തരിക ഊഷ്മാവ് കൂടുകയാൽ ദഹന രസങ്ങൾ പ്രവർത്തിക്കാനിടയാക്കും. പ്രഭാതത്തിൽ ദഹിക്കാൻ താമസം ഉണ്ടാകാത്ത ഭക്ഷണം കഴിക്കുക. ധാന്യങ്ങൾ ഉപയോഗിക്കുന്നതിന്റെ മൂന്നിരട്ടി പയർ വർഗ്ഗങ്ങൾ, പഴം ,പച്ചക്കറികൾ പ്ലേറ്റിൽ ഉണ്ടായിരിക്കുന്നതാണ് നന്ന്. ഇലക്കറി പ്രധാനമാക്കുക. മുരിങ്ങയില ചീരയില എന്നിവ ആകാം. മത്സ്യ മാംസങ്ങൾ ഇടയ്ക്കിടെ മാത്രമേ ഉപയോഗിക്കാവു. നിത്യവും വേണ്ട.
ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ അധികം ഭാരവും വണ്ണവും ഉള്ളവർ കരൾ തൈറോയിഡ് രോഗങ്ങൾ ഉള്ളവർ ആഹാര കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. എഴുന്നേൽക്കുമ്പോൾ തന്നെ ഒരു ഗ്ലാസ്‌ അനുയോജ്യമായ ഔഷധം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക. മത്തങ്ങ, കാരറ്റ്, വെള്ളരി എന്നിവ അരിഞ്ഞത്, ചെറുപയർ, ഉലുവ, മുതിര, കടല, എന്നിവ മുളപ്പിച്ചത്, കഴിക്കുന്നത് ഗുണകരമാകും.
ആഹാരങ്ങൾക്കിടയിൽ ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കരുത്. ചുക്ക്, മല്ലി, ഉലുവ, ജീരകം, കരിങ്ങാലി കാതൽ, പതിമുകം, കറുവ, ഏലക്ക, കുരുമുളക്, മഞ്ഞൾ എന്നിങ്ങനെ ഉള്ളവയിൽ അനുയോജ്യമായവ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കണം. പേരക്ക,മുന്തിരി സബർജെല്ലി, ആപ്പിൽ, മൾബറി,എന്നിവയോ ബദാം ഈന്തപ്പഴം കശുവണ്ടി കടല എന്നിവ അളവ് ക്രമീകരിച്ചു കഴിക്കണം. വിശക്കുമ്പോൾ ആഹാരം കഴിക്കാനും ദാഹിക്കുമ്പോൾ വെള്ളം കുടിക്കാനും പ്രത്യേക ശ്രദ്ധ വേണം.
ഏറെ വെള്ളം കുടിക്കുന്നതും, സാത്മ്യമായതും ദഹിക്കാൻ താമസമില്ലാത്തതും ദേശ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണം ആണെങ്കിൽ പോലും അസമയത്തും അളവിൽ അല്പമായിട്ടോ അധികമായിട്ടോ കഴിക്കുന്നതും, മലമൂത്ര വിസർജനം പോലെ ഉള്ള സ്വാഭാവിക ശരീര പ്രവർത്തനം തടയുന്നതും ഉറക്ക തകരാറുകൾ ഉണ്ടാകുന്നതും നമ്മൾ കഴിക്കുന്ന ആഹാരം ശരിയായി ദഹിക്കില്ല. ഇതറിഞ്ഞു വേണം ആഹാര കാര്യങ്ങൾ നിശ്ചയിക്കുവാൻ.

ആഹാര ശേഷം കുടിക്കുന്ന ദ്രവ ദ്രവ്യങ്ങൾ അനുപാനം എന്നാണ് പറയുക. ശരീരത്തിന് ഊർജസ്വലത കിട്ടാനും ഭക്ഷണം കഴിച്ചത് ശരിയായി ഉള്ളിൽ വ്യാപനം നടക്കാനും ഉചിതം ആയ അനുപാനം കുടിക്കാൻ ഉണ്ടാവണം. ചുക്ക് വെള്ളം, മല്ലിവെള്ളം, ജീരക വെള്ളം എന്നിവ ആണ് സാധാരണം. മോരും വെള്ളം, മോരിൽ ഇഞ്ചി മുളക് കറിവേപ്പില ഒക്കെയിട്ടത്, മോര് കാച്ചിയത് എന്നിവയും ആകാം. ഭക്ഷണം കഴിഞ്ഞ് കുപ്പികളിൽ കിട്ടുന്ന കൃത്രിമ പാനീയങ്ങൾ മധുര പദാർത്ഥങ്ങൾ പാലുല്പന്നങ്ങൾ എന്നിവ ആരോഗ്യകരമാകില്ല.

കൂടുതൽ ജാഗ്രതയോടെ വ്യക്തി അധിഷ്ഠിതമായ ആരോഗ്യ രക്ഷയ്ക്കും ആഹാരശീലങ്ങൾക്കും ആയുർവേദ ഡോകടർമാരുമായി ബന്ധപ്പെടുക, ആവശ്യം എങ്കിൽ രോഗ പ്രതിരോധ ഔഷധങ്ങൾ ചികിൽസകൾ അവസരോചിതമായി സ്വീകരിക്കുക.

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ആ​ഗോ​ള​ത​ല​ത്തി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 24 ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്. 24,06,905 പേ​ർ​ക്കാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. ആ​ഗോ​ള മ​ര​ണ സം​ഖ്യ​യി​ലും വ​ൻ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. 1,65,058 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​ത്.

അ​മേ​രി​ക്ക ത​ന്നെ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ. 7,63,836 പേ​ർ​ക്ക് അ​മേ​രി​ക്ക​യി​ൽ രോ​ഗം ബാ​ധി​ച്ച​പ്പോ​ൾ 40,555 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. സ്പെ​യി​നി​ൽ 1,98,674 പേ​ർ​ക്കും ഇ​റ്റ​ലി​യി​ൽ 1,78,972 പേ​ർ​ക്കും ഫ്രാ​ൻ​സി​ൽ 1,52,894 പേ​ർ​ക്കും ജ​ർ​മ​നി​യി​ൽ 1,45,742 പേ​ർ​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​ത്.

സ്പെ​യി​നി​ൽ വൈ​റ​സ് ബാ​ധി​ച്ച് 20,453 പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ ഇ​റ്റ​ലി​യി​ൽ 23,660ഉം ​ഫ്രാ​ൻ​സി​ൽ 19,718ഉം ​ജ​ർ​മ​നി​യി​ൽ 4,642 ഉം ​പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ബ്രി​ട്ട​നി​ൽ 1,20,067 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യു​ള്ള​ത്. ഇ​വി​ടെ 16,060 പേ​രാ​ണ് മ​രി​ച്ച​ത്.

സംസ്ഥാനത്തെ കൊവിഡ് 19 ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് (കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍ ഉള്‍പ്പെടെ) ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചത്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്പോട്ടുകള്‍ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്പോട്ടുകള്‍ പുനര്‍നിര്‍ണയിക്കുന്നതാണ്. അതേസമയം ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട് സ്പോട്ടില്‍ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുന്നത്.

സംസ്ഥാനത്തെ ജില്ല തിരിച്ചുള്ള ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം (3)
തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്

കൊല്ലം (5)
കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍

ആലപ്പുഴ (3)
ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍

പത്തനംതിട്ട (7)
അടൂര്‍ മുന്‍സിപ്പാലിറ്റി, വടശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍

കോട്ടയം ജില്ല (1)
തിരുവാര്‍പ്പ് പഞ്ചായത്ത്

ഇടുക്കി (6)
തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍

എറണാകുളം (2)
കൊച്ചി കോര്‍പറേഷന്‍, മുളവുകാട് പഞ്ചായത്ത്

തൃശൂര്‍ (3)
ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍

പാലക്കാട് (4)
പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍

മലപ്പുറം (13)
മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍

കോഴിക്കോട് (6)
കോഴിക്കോട് കോര്‍പറേഷന്‍, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകള്‍

വയനാട് (2)
വെള്ളമുണ്ട, മൂപ്പയ്നാട് പഞ്ചായത്തുകള്‍

കണ്ണൂര്‍ (19)
കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍

കാസര്‍ഗോഡ് (14)
കാഞ്ഞങ്ങാട്, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.

1.2 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് വെ​റും നാ​ലു വെ​ന്‍റി​ലേ​റ്റ​ർ. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ സൗ​ത്ത് സു​ഡാ​നി​ലാ​ണ് ഈ ​അ​പൂ​ർ​വ​സ്ഥി​തി.   ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റെ​സ്ക്യൂ ക​മ്മി​റ്റി (ഐ​ആ​ർ​സി) യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് വെ​റും നാ​ലു വെ​ന്‍റി​ലേ​റ്റ​റു​ക​ളും 24 ഐ​സി​യു ബെ​ഡു​ക​ളു​മാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. അ​താ​യ​ത് 30 ല​ക്ഷം ജ​ന​ങ്ങ​ൾ​ക്ക് ഒ​രു വെ​ന്‍റി​ലേ​റ്റ​ർ എ​ന്ന ക​ണ​ക്കി​ൽ.

മ​റ്റ് ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ​യും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. ബു​ർ​ക്കി​നോ ഫാ​സോ​യി​​ൽ 11 വെ​ന്‍റി​ലേ​റ്റ​ർ, സി​യ​റ ലി​യോ​ണി​ൽ 13 വെ​ന്‍റി​ലേ​റ്റ​ർ, സെ​ൻ​ട്ര​ൽ ആ​ഫ്രി​ക്ക​ൻ റി​പ്പ​ബ്ളി​ക്കി​ൽ മൂ​ന്നു വെ​ന്‍റി​ലേ​റ്റ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ക​ണ​ക്കു​ക​ൾ.  ലാ​റ്റി​ന്‍ അ​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ വെ​ന​സ്വേ​ല​യി​ലെ 32 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ൾ​ക്ക് വെ​റും 84 ഐ​സി​യു ബെ​ഡു​ക​ളാ​ണു​ള്ള​ത്. ഇ​വി​ടു​ത്തെ 90 ശ​ത​മാ​നം ആ​ശു​പ​ത്രി​ക​ളും മ​രു​ന്നു​ക​ളു​ടെ​യും ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ക്ഷാ​മം നേ​രി​ടു​ന്ന​താ​യി ഐ​ആ​ർ​സി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

കൊറോണവൈറസ് മനുഷ്യ നിര്‍മ്മിതമാണെന്നും വുഹാനിലെ ലബോറട്ടറിയില്‍ നിന്ന് പുറത്തായതാണെന്നും ആരോപിച്ച് നൊബേല്‍ ജേതാവും എയ്ഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞനുമായ ലുക് മൊണ്ടേനിയര്‍ രംഗത്ത്. ഫ്രഞ്ച് വൈറോളജിസ്റ്റായ മൊണ്ടേനിയര്‍ക്ക് 2008ലാണ് രണ്ട് പേര്‍ക്കൊപ്പം നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. എയ്ഡ്‌സിനെതിരെയുള്ള വാക്‌സിന്‍ നിര്‍മ്മാണ ശ്രമത്തിനിടക്ക് ചൈനീസ് ലബോറട്ടറിയില്‍ നിന്നാണ് കൊറോണവൈറസ് പുറത്തയതെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

എച്ച്‌ഐവി, മലേറിയ വൈറസുകളുടെ ജനിതകം കൊറോണവൈറസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അങ്ങനെയെങ്കില്‍ ഇത് പ്രകൃത്യാ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും കൊവിഡ് 19 വ്യാവസായിക അപകടമാണെന്നും അദ്ദേഹം പറഞ്ഞു. 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണവൈറസില്‍ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണവൈറസ് ചൈനീസ് ലാബില്‍ നിന്ന് പുറത്തായതാണെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഈ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. വാഷിംഗ്ടണ്‍ കൊവിഡ് 19ന് ചൈന അറിഞ്ഞുകൊണ്ട് കാരണക്കാരിയിട്ടുണ്ടെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് വ്യക്തമാക്കിയത്. കൊവിഡ് വ്യാപനം ചൈനയില്‍ തടയാമായിരുന്നു. എന്നാല്‍ അവര്‍(ചൈന) അത് ചെയ്തില്ല. ഇപ്പോള്‍ ലോകം മുഴുവന്‍ ദുരന്തമുഖത്താണെന്നും ട്രംപ് പറഞ്ഞു.

ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,55,173പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ആകെ രോഗബാധിതരുടെ എണ്ണം 22,67,361 ആയി. 24 മണിക്കൂറിൽ പുതിയതായി 8,600ലേറെ മരണമാണ് റിപ്പോർട്ട്‌ ചെയ്തത്. രോഗികളുടെ എണ്ണം ഏഴുലക്ഷം കടന്ന അമേരിക്കയിൽ 2,516 പേരാണ് ഇന്നലെ മാത്രം മരിച്ചത്. മറ്റേത് രാജ്യത്തെക്കാളും മൂന്നിരട്ടി രോഗികളാണ് അമേരിക്കയിൽ ഉള്ളത്.

ആകെ മരണസംഖ്യ 37,175 ആയി. സ്പെയിനിൽ മരണം ഇരുപതിനായിരം കടന്നു. രോഗികൾ രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇറ്റലിയിൽ 22,745 പേർ മരിച്ചു. ഫ്രാൻ‌സിൽ ആകെ മരണം 18,681 ആയി. ജർമനിയിൽ രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്. ആകെ മരണം 4,352 ആയി. ബ്രിട്ടനിൽ ആകെ മരണം 14,576 ആയി. ചൈനയിൽ പുതിയതായി 27 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

കൊവിഡ്-19 രോഗികളില്‍ ‘രെംഡെസിവിര്‍’ (Remdesivir) എന്ന ആന്റിവൈറല്‍ മരുന്ന് പലപ്രദമാകുന്നതായി റിപ്പോര്‍ട്ട്. പരീക്ഷണാര്‍ത്ഥം ഈ മരുന്ന് രോഗികളില്‍ പ്രയോഗിക്കുന്നുണ്ട്. ഈ രോഗികള്‍ അതിവേഗത്തില്‍ അസുഖം ഭേദപ്പെട്ട് വീടുകളിലേക്ക് മടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പരീക്ഷണം നോടത്തിയ രോഗികള്‍ക്കെല്ലാം ഉയര്‍ന്നതോതില്‍ ശ്വാസകോശ പ്രശ്നങ്ങളുണ്ടായിരുന്നു. കടുത്ത പനിയടക്കമുള്ള മറ്റ് ലക്ഷണങ്ങളുമുണ്ടായിരുന്നു. പക്ഷെ, ഈ മരുന്ന് എടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്യാനായി.

രണ്ട് രോഗികളൊഴികെ എല്ലാവരെയും ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞെന്ന് ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്ന യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയിലെ ഡോ. കാതലീന്‍ മുള്ളേന്‍ പറയുന്നു. രണ്ട് രോഗികള്‍ മരിച്ചു. സിഎന്‍എന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎസ്സിലെ നാഷണല്‍‌ ഇന്‍സ്റ്റിറ്റ്യൂട്സ് ഓഫ് ഹെല്‍‌ത്ത് നിരവധി മരുന്നുകളുടെ ട്രയല്‍ നടത്തിവരുന്നുണ്ട്. ഇവയിലൊന്നാണ് ‘രെംഡെസിവിര്‍’. ഗിലീഡ് സയന്‍സസ് ആണ് ഈ മരുന്ന് നിര്‍മിച്ചിരിക്കുന്നത്. എബോള രോഗത്തിനായി നിര്‍മിച്ച ഈ മരുന്ന് പക്ഷെ, ആ രോഗത്തിന് അത്രകണ്ട് ഫലപ്രദമായിരുന്നില്ല. എന്നാല്‍ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണം ഈ മരുന്ന് മനുഷ്യരില്‍ കൊറോണ വൈറസിനെതിരെ ഉപയോഗപ്രദമാകുമെന്ന് തെളിയിക്കപ്പെട്ടു. കൊറോണയ്ക്ക് സമാനമായ ഇതര വൈറസുകളെ പ്രതിരോധിക്കാനും ഈ മരുന്നിനാകുമെന്നാണ് കണ്ടെത്തല്‍.

ഫെബ്രുവരിയില്‍ തന്നെ ലോകാരോഗ്യ സംഘടന ‘രെംഡെസിവിര്‍’ മരുന്ന് കൊവിഡിന് ഫലപ്രദമാകുമെന്ന സൂചന നല്‍കിയിരുന്നു.അതെസമയം, ഗുരുതരമായ അവസ്ഥയിലെത്തിയ രോഗികളില്‍ മാത്രമാണ് ഈ ടെസ്റ്റുകള്‍ നേരത്തെ നടത്തിയിരുന്നത്. ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ചിട്ടില്ലാത്ത 1600 രോഗകളില്‍ കൂടി ട്രയല്‍ നടത്തുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഇതിന്റെയെല്ലാം റിസള്‍ട്ട് വരുമെന്നും കൂടുതല്‍ മെച്ചപ്പെട്ട അനുമാനത്തിലേക്ക് എത്താനാകുമെന്നുമാണ് ഗിലീഡ് പ്രതീക്ഷിക്കുന്നത്. ട്രയലുകളില്‍ നിന്നുള്ള വിവരങ്ങളെല്ലാം വെച്ച് കൂടുതല്‍ വിശകലനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഗിലീഡ് പറയുന്നു.

ഇന്ത്യയിലെ കൊവിഡ് രോഗികളുടേയും മരണത്തിന്റേയും കണക്കുകള്‍ വിശ്വസിക്കാനാകുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചു വയ്ക്കുന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. പേര് വെളിപ്പെടുത്താത്ത രണ്ട് ഡോക്ടര്‍മാരെ ഉദ്ധരിച്ചാണ് ബിബിസിയുടെ ഇന്ത്യന്‍ പ്രതിനിധി വാര്‍ത്ത തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11000ത്തിലേറെയും മരണം 370ലേറെയുമായതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യാഥാര്‍ഥ്യം ഇതിന്റെ പലമടങ്ങ് കൂടുതലാണെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ഇന്ത്യയില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പരിശോധന നടത്താതെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരില്ലെന്നാണ് റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കൊവിഡ് ലക്ഷണങ്ങളോടെ ശ്വാസകോശ അസുഖങ്ങള്‍ ബാധിച്ച് ആറ് പേര്‍ താന്‍ ജോലിയെടുക്കുന്ന ആശുപത്രിയില്‍ മരിച്ചെന്നാണ് പേര് വെളിപ്പെടുത്താത്ത മുംബൈയില്‍ നിന്നുള്ള ഡോക്ടര്‍ ബിബിസിയോട് പറഞ്ഞത്. ഇത്തരത്തില്‍ കൊവിഡ് ലക്ഷണങ്ങളോടെ മരിക്കുന്നവരിലോ അവരുടെ ബന്ധുക്കളിലോ പരിശോധന കിറ്റുകളുടെ ക്ഷാമം മൂലം പരിശോധനകള്‍ നടത്തുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരെ പോലും പരിശോധിക്കുന്നില്ലെന്നാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റൊരു ഡോക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് രോഗമുണ്ടെങ്കില്‍ നിരവധി പേരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്നും വ്യക്തിപരമായി ഡോക്ടറെന്ന നിലയില്‍ വലിയ ആശങ്കയുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പരിശോധന കിറ്റുകളുടെയും ക്വാറന്റെയ്ന്‍ നടപടികളുടെയും ക്ഷാമമാണ് പ്രധാനമായും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നത്. കൊവിഡ് ബാധിതരുടെയും മരണവും സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മറുപടി നല്‍കിയില്ലെന്നും ബിബിസി റിപ്പോര്‍ട്ടിലുണ്ട്.

കൊവിഡ് ഭീതി മാറിയില്ല, ആശങ്കയിലാക്കി ഡെങ്കിപ്പനിയും. തൊടുപുഴയില്‍ പത്ത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലാണ്. ഡെങ്കിപ്പനി വരാതിരിക്കാനും പ്രതിരോധിക്കാനും ഓരോരുത്തരും സഹകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു. പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ലോക് ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. ഇതിനൊപ്പം വേനല്‍ മഴ കൂടി വന്നതോടെ ഡെങ്കിപ്പനി പടര്‍ന്നു. നേരത്തെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകള്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍, ടയറുകള്‍, റബര്‍ തോട്ടത്തിലെ ചിരട്ടകള്‍ തുടങ്ങിയവയില്‍ മഴവെള്ളം കെട്ടികിടക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്നു. വീടും പരിസരവും എല്ലാവരും വൃത്തിയാക്കി വെക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Copyright © . All rights reserved