Health

ലോകമെങ്ങും കൊവിഡ് 19ന് എതിരെയുള്ള ജാഗ്രതയിലാണ്. കൊവിഡ് വൈറസ് പടരാതിരിക്കാൻ ശ്രദ്ധയോടെ നോക്കുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുകയും ചെയ്യുന്നു. അതേസമയം തനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് ഹോളിവുഡ് നടനും ഗായകനുമായ ആരോണ്‍‌ ട്വെയ്‍റ്റ് അറിയിച്ചതാണ് സിനിമ ലോകത്ത് നിന്നുള്ള വാര്‍‌ത്ത. കൊവിഡ് 19 സ്ഥിരീകരിച്ച കാര്യം അറിയിച്ച ആരോണ്‍ ട്വെയ്‍റ്റ് രോഗ ലക്ഷണങ്ങളെ കുറിച്ചും പറഞ്ഞു.

എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നു. 12ന് ബ്രോഡ്‍വെ ഷോപ്പുകള്‍ അടച്ചുപൂട്ടിയതു മുതല്‍ ക്വാറന്റൈനിലാണ്. ഇപ്പോള്‍ കുറച്ചു സുഖം തോന്നുന്നുണ്ട്. പനിയും ജലദോഷവുമാണ് ഉണ്ടായത്. പക്ഷേ ചിലര്‍ക്ക് വലിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ട്. രുചിയും ഗന്ധവും നഷ്‍ടപ്പെട്ടു. എന്തെങ്കിലും ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ വീട്ടില്‍ തന്നെയിരിക്കണം. സുരക്ഷിതരായിരിക്കുകയെന്നും ആരോണ്‍ ട്വെയ്റ്റ് പറഞ്ഞു.

ലോകമെമ്പാടും വ്യാപിച്ച കൊണോണ വൈറസ് ബാധയെ നേരിടാൻ കെൽപ്പുള്ള രാജ്യമാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ ജെ റയാൻ. പോളിയോ, സ്മാൾ പോക്സ് (വസൂരി) എന്നിവയെ ഫലപ്രഥമായി പ്രതിരോധിച്ച നടപടികളെ ചൂണ്ടിക്കാട്ടിയായിരുന്നുഡബ്ല്യൂ എച്ച്ഒ എക്സിക്യൂട്ടീവ് ഡയറക്ടർ ചൊവ്വാഴ്ച നടത്തിയ പ്രതികരണം.

ഇപ്പോഴത്തെ സാഹചര്യം നേരിടാൻ ഇന്ത്യയിൽ കുടൂതൽ ലാബുകളുടെ ആവശ്യമുണ്ട്. ഇന്ത്യ വളരെ ജനസംഖ്യയുള്ള രാജ്യമാണ്. ജനസാന്ദ്രത കൂടിയ രാജ്യത്ത് ഈ വൈറസിന്റെ പടർച്ചയെന്നത് തീർത്തും നിർണായകമാണ്. എന്നാൽ സ്മോൾ-പോക്സ്, പോളിയോ എന്നീ രണ്ട് പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യുന്നതിൽ ലോകത്തെ തന്നെ വഴികാട്ടിയ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ കൊറോണയെ നേരിടാൻ‌ ഇന്ത്യയ്ക്കാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പതിവ് വാർത്താ സമ്മേളനത്തിലായിരുന്നു പരാമർശം.

കൊറോണയെ നേരിടാൻ നിലവിൽ എളുപ്പമുള്ള മാർഗ്ഗങ്ങൾ ഒന്നും ഇല്ല. എന്നാൽ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ മുമ്പ് ചെയ്തതുപോലുള്ള നടപടികള്‍‌ വളരെ പ്രധാനമാണ്, “അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 3,30,000 കവിഞ്ഞിട്ടുണ്ട്. മരണം 14,000 കവിയുകയും ചെയ്തു. കഴിഞ്ഞ ചില ആഴ്ചകളിലായിരുന്നു രോഗ ബാധികരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചത്.

ചൈനയില്‍ കൊറോണ കേസുകള്‍ കുറഞ്ഞെന്ന ആശ്വാസത്തിനിടയിലും 75 കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം കൊണ്ട് 75 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് വീണ്ടും ആശങ്ക ജനിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ചത്തെ അപേക്ഷിച്ച രോഗം സ്ഥിരീകരിച്ചവര്‍ ചൊവ്വാഴ്ചയായപ്പോള്‍ ഇരട്ടിയായി. വിദേശത്തുനിന്ന് വന്നവരിലാണ് ഇതില്‍ ഏറിയ പങ്കും സ്ഥിരീകരിച്ചത്.

കൊറോണ വ്യാപനത്തിന്റെ രണ്ടാം ഘട്ടമാകുകയാണോ എന്ന ആശങ്കയും ആരോഗ്യവകുപ്പിനുണ്ട്. ഒരാഴ്ചയായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വുഹാനിലും ഒരാള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. വുഹാനില്‍ ഏഴ് പേര്‍ കൂടി മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്.

രണ്ടാം ഘട്ട വ്യാപന സാധ്യത എന്ന മുന്നറിയിപ്പോടെയാണ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്രത്തിന്റെ പ്രധാന വാര്‍ത്ത പറയുന്നത്, സമ്പര്‍ക്ക വിലക്ക് പര്യാപ്തമല്ല. രണ്ടാം ഘട്ട വ്യാപനത്തിനാണ് എല്ലാ സാധ്യതയും എന്നാണ്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ രാജ്യാന്തര അതിർത്തിയാണ് ചൈനയുമായി റഷ്യ പങ്കിടുന്നത്. എന്നിട്ടും 14.5 കോടി ജനസംഖ്യയുള്ള റഷ്യയിൽ ഒരാൾ പോലും കൊറോണ വൈറസ് ബാധ മൂലം മരിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഉത്തര കൊറിയയും റഷ്യയും ഒഴികെ ചൈനയുമായി അതിർത്തി പങ്കിടുന്ന ഭൂരിഭാഗം രാജ്യങ്ങളും കോവിഡ്–19 ഭീതിയിൽ പോരാടുമ്പോഴാണ് ഇവരുടെ അവകാശവാദം ചോദ്യചെയ്യപ്പെടുന്നത്.

വ്ളാഡിമിര്‍ പുടിന്റേത് വീരവാദം മാത്രമാണെന്നും കണക്കുകളിൽ വാസ്തവമില്ലെന്നും ആരോപിച്ച് റഷ്യയിലെ സർക്കാർ വിരുദ്ധ ചേരിയിലുള്ള ഡോ. അനസ്താസ്യ വസല്യേവ രംഗത്തു വന്നതോടെ കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രാജ്യാന്തര മാധ്യമങ്ങളും രംഗത്തെത്തി. കോവിഡ്–19 മൂലമുള്ള മരണങ്ങൾ ന്യൂമോണിയയുടെ കണക്കിൽ എഴുതി തള്ളാനാണ് ശ്രമമെന്നും അനസ്താസ്യ വസല്യേവ ആരോപിക്കുന്നു.

റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുനുസരിച്ച് ഒന്നര ലക്ഷത്തിലേറെ കോവിഡ്–19 ടെസ്റ്റുകളാണ് റഷ്യയിൽ ഇതുവരെ നടന്നത്. കഴിഞ്ഞ വ്യാഴ്ചയാണ് കോവിഡ്–19 മൂലം മോസ്കോയിൽ 79 കാരി മരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ വാർത്ത നൽകിയത്. എന്നാൽ മരണം ന്യൂമോണിയ മൂലമെന്നായിരുന്നു റഷ്യൻ അധികൃതരുടെ അവകാശവാദം. 79കാരിയുടെ മരണശേഷം കടുത്ത നിയന്ത്രണങ്ങൾ രാജ്യമെമ്പാടും നടപ്പിലാക്കുകയും ചെയ്തു. മേയ് 1 വരെ രാജ്യാന്തര അതിർത്തികൾ അടച്ചിട്ടു. സ്കൂളുകളും പ്രധാന നഗരങ്ങളുമെല്ലാം അടച്ചിട്ടു. കൊറോണ വൈറസ് ബാധയുള്ള രോഗികളെ ചികിത്സിക്കാൻ 500 കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം ആരംഭിച്ചു.

ജനുവരിയിൽ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജനുവരി 30ന് ചൈനയുമായുള്ള അതിർത്തി അടച്ചിട്ടുവെന്നും ക്വാറന്റീന്‍ സോണുകള്‍ പ്രഖ്യാപിച്ചതും പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതും വൈറസ് ബാധയെ പിടിച്ചുകെട്ടാൻ സഹായിച്ചുവെന്നുമായിരുന്നു റഷ്യൻ അധികൃതരുടെ വിശദീകരണം.

റഷ്യ യഥാർഥ കണക്കുകൾ പുറത്തു വിടാൻ തയാറാകണമെന്നു സർക്കാർ വിരുദ്ധ ചേരിയിലുള്ള നേതാക്കൾ ആവശ്യപ്പെടുന്നു. മറ്റു സംശയങ്ങൾ കണ്ടില്ലെന്നു വച്ചാലും കോവിഡ്–19 കേസുകളിൽ കാര്യമായ വർധനയുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വെറും 150 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇപ്പോൾ അത് 367 ആയി എന്നാണ് റിപ്പോർ‍ട്ട്.

കഴിഞ്ഞ വർഷത്തേക്കാൾ 37 ശതമാനത്തിലധികം ആളുകളാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. മോസ്കോയിൽ മാത്രം ഈ വർഷം ന്യൂമോണിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 6,921 ആണ്. സോവിയറ്റ് യൂണിയന്‍ ആയിരുന്ന കാലത്ത് ചെര്‍ണോബില്‍ ആണവ ദുരന്തവും എയ്ഡ്‌സ് വ്യാപനവും എല്ലാം മറച്ചു വച്ച ചരിത്രമുള്ള റഷ്യ കോവിഡ്–19 മരണവും മറച്ചു വയ്ക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളും ആരോപിക്കുന്നു.

‘മരണങ്ങൾക്കു നടുവിൽ ജീവിക്കുന്ന അവസ്ഥയാണ് തന്റേതെന്നും കേരളത്തിൽ ഒരിക്കലും ഈ വിപത്ത് ക്ഷണിച്ചു വരുത്തരുത്..’ ഇറ്റലിയിൽ പഠിക്കാൻ പോയ മലയാളി വിദ്യാർഥിനി ഫെയ്സ്ബുക്ക് ലൈവിൽ പറഞ്ഞ ഈ കാര്യങ്ങൾ ഇന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. നിരീക്ഷത്തില്‍ ഇരിക്കുന്നവർ ദയവ് ചെയ്ത് പുറത്തിറങ്ങരുതെന്നും ഇവിടെ നിന്നും നാട്ടിലേയ്ക്കു വരാത്തത് നിങ്ങളുടെ നല്ലതിനു വേണ്ടിയാണെന്നും കരഞ്ഞുകൊണ്ടാണ് ഇവർ പറയുന്നത്.
‘ഇറ്റലിയിൽ ഏറ്റവുമധികം മരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ലംബോർഡി റീജിയനിൽ പഠിക്കുന്ന ഒരു മൈക്രോബയോളജി വിദ്യാർഥിനിയാണ്.

ഇറ്റാലിയൻ സമയം പുലർച്ചെ 12 മണി കഴിഞ്ഞിരിക്കുന്നു. ഈ സമയത്ത് വിഡിയോ ചെയ്യുന്നതിനുള്ള കാരണം വീടിനുള്ളിൽ ഉറങ്ങിയിരുന്ന ഞാൻ ആംബുലൻസുകൾ ചീറിപ്പാഞ്ഞു പോകുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. ഇതിവിടെ ഇപ്പോൾ സാധാരണമായി തുടങ്ങിയിരിക്കുന്നു. ഉറങ്ങാൻ കിടന്നാൽ ഉറക്കം വരില്ല. ഞാൻ ഹോം ക്വാറന്റീനിലായിട്ട് 27 ദിവസം കഴിഞ്ഞു. അത്യാവശ്യസാധനങ്ങൾ വാങ്ങാൻ വേണ്ടി മാത്രം പുറത്തു പോകും. ആർമി വണ്ടികൾ വരിവരിയായി പോകുന്നു. അതിൽ നിറച്ച് മരിച്ചവരും അല്ലാത്തവരുമായ മനുഷ്യർ.’
ദിവസവും ഇതു കാണുമ്പോൾ മനസ്സ് മരവിച്ച അവസ്ഥയാണ്.

ഇനി എന്താണ് സംഭവിക്കുന്നതെന്നോർക്കുമ്പോൾ പേടിയാണ്.ആറായിരത്തിനു പുറത്തായി മരണസംഖ്യ. ആകെ കേസുകൾ 63,000 കവിഞ്ഞു. എന്നു വച്ചാൽ ഇൻഫെക്‌ഷൻ വന്നതിൽ പത്തു ശതമാനത്തോളം മരണം, നമ്മുടെ ഇന്ത്യൻ പോപ്പുലേഷൻ വച്ച് താരതമ്യം ചെയ്യുമ്പോൾ മൂന്നിലൊന്ന് മാത്രമേ ഉള്ളു. ഈ രോഗം ഇന്ത്യയിൽ വന്നു കഴിഞ്ഞാൽ അതും ഇപ്പോൾ സ്ഥിരീകരിച്ച അവസ്ഥ കൂടിക്കഴിഞ്ഞാൻ നമുക്കൊന്നും വിചാരിക്കാൻ പറ്റാത്ത അത്രയും ഇവിടെ സംഭവിക്കുന്നതിന്റെ മൂന്നിരട്ടി മരണങ്ങളാകും വെറും രണ്ടാഴ്ച കൊണ്ടോ മൂന്നാഴ്ച കൊണ്ടോ സംഭവിക്കുക.

ഇവിടെ മരിക്കുന്നവരുടെ ബോഡി സംസ്കരിക്കാനുള്ള സ്ഥലം പോലും ഇല്ല. മോർച്ചറിയാൽ ബോഡി ശേഖരിച്ചു വച്ച് സംസ്കരിക്കാൻ വേണ്ടി ഓരോന്നു ചെയ്യുകയായിരുന്നു. ഇനി ഒരു കുഴിമാടത്തിലേക്ക് കുറേ പേരെ ഇട്ട് സംസ്കരിക്കാൻ പോകുകയാണെന്നും കേൾക്കുന്നു.ഇവിടുത്തെപോലെയുള്ള അവസ്ഥ ആകരുതെന്നു വിചാരിച്ചാണ് കേരളത്തിൽ ഇത്രയും മുൻകരുതൽ എടുക്കുന്നത്. ദയവു ചെയ്ത് അതെല്ലാവരും അനുസരിക്കണം. ഇവിടുത്തെ ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നവരൊക്കെ കൈവിട്ട അവസ്ഥയിലാണ്. ആരെ രക്ഷിക്കണം, ആരെ സഹായിക്കണം എന്നറിയാത്ത അവസ്ഥയിലാണ് അവർ. ഈ സിറ്റി ലോക്ഡൗൺ നേരത്തെ എടുത്തിരുന്നെങ്കിൽ ഇത്രയും ഭീകരമായ അവസ്ഥ ഇവിടെ സംഭവിക്കില്ലായിരുന്നു.

ഇന്ത്യയിലുള്ള കുറച്ച് വിദ്യാർഥികൾ ഇവിടുണ്ട്. പക്ഷേ ഞങ്ങളാരും നാട്ടിലേക്കു വരുന്നില്ല. ഞങ്ങൾ വന്ന് അവിടാർക്കും ഒന്നും സംഭവിച്ചുകൂടാ എന്നു വച്ചാണ്.
മരണങ്ങൾക്കു നടുവിൽ ജീവിക്കുക എന്ന അവസ്ഥയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് കേരളത്തിലെ ആരോഗ്യപ്രവർത്തകർ പറയുന്നത് അനുസരിക്കുക. മൈക്രോബയോളജി വിദ്യാർഥിനി ആയതിനാൽത്തന്നെ ഇതിന്റെ ഗൗരവം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. മെഡിക്കൽ രംഗത്തുള്ള എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്.’ വിദ്യാർഥിനിയായ വിനീത പറയുന്നു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയെ തുടർന്ന് ഉണ്ടായ പ്രതിസന്ധിഘട്ടത്തിൽ, എൻഎച്ച്എസ് സ്റ്റാഫുകൾക്കിടയിലും സംരക്ഷണ കിറ്റുകളുടെയും, മാസ്‌ക്കുകളുടെയും ക്ഷാമം ഉണ്ടെന്ന് വ്യക്തമാക്കി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്. എന്നാൽ ഇവയുടെ ലഭ്യത വർധിപ്പിക്കാൻ ഉള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നു എന്ന് അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ ആഴ്ച എൻഎച്ച് സ്റ്റാഫു കളിൽ ഒരാൾ തനിക്ക് ആവശ്യമായ സംരക്ഷണ കിറ്റുകൾ ഇല്ലായെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും, ഒരു മില്യനിധികം മാസ്ക്കുകൾ ഇപ്പോൾ ലഭ്യമാക്കുകയും ചെയ്തതായി ആരോഗ്യ സെക്രട്ടറി ഉറപ്പുനൽകി. ഈ ആഴ്ച മുതൽ, സാധനങ്ങൾ ലഭ്യമാക്കുന്നതിൽ മിലിറ്ററിയും മുഖ്യ പങ്കു വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികൾക്ക് ആവശ്യമായ എല്ലാ അടിയന്തര സേവനങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഴ്ച ആവശ്യമായ സംരക്ഷണ കിറ്റുകളും, മാസ്ക്കുകളും, കൊറോണ വൈറസ് പരിശോധന സാമഗ്രികളും മറ്റും ലഭ്യമല്ലെന്ന വാർത്ത പരന്നിരുന്നു. ഇതോടൊപ്പംതന്നെ എൻഎച്ച്എസ് സ്റ്റാഫുകളുടെ ജീവൻ ആശങ്കയിലാണെന്ന അഭ്യൂഹങ്ങളും വരുന്നു. എന്നാൽ ഇത്തരം സാഹചര്യത്തിൽ സ്റ്റാഫുകൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

24 മണിക്കൂറിനുള്ളിൽ 2.6 മില്യണിലധികം മാസ്കുകൾ ആണ് ബ്രിട്ടനിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ബ്രിട്ടനിൽ കൊറോണ ബാധ മൂലം മരിച്ചവരുടെ എണ്ണം 281 ആയി. ഇതോടൊപ്പം തന്നെ 5683 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും മറ്റും അടച്ചിട്ടിരിക്കുകയാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ ഉടൻതന്നെ ഐസൊലേറ്റ് ചെയ്യാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത് അനുസരിക്കാത്തവർക്കെതിരെ ആവശ്യമെങ്കിൽ കർശന നടപടി എടുക്കും എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിരുന്നു. ലോകത്താകമാനം ഏകദേശം 13,000 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നു ലക്ഷത്തിലധികം പേർക്ക് കൊറോണ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേരെ കാണാതായി. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്. ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ദമ്പതികളാണ് മുങ്ങിയത്.

ഇവര്‍ക്കെതിരേ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പത്തനംതിട്ട മെഴുേേവലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് മുങ്ങിയതായി കണ്ടെത്തി

കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആശുപത്രി അധികൃതര്‍. തനിക്ക് കൃത്യമായ പരിചരണം ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു കനികയുടെ ആരോപണം. ചികിത്സയ്‌ക്കെത്തിയ തനിക്ക് ഒരു കുപ്പി വെള്ളവും ഈച്ചയുള്ള പഴവുമാണ് ആകെ ലഭിച്ചതെന്നും മരുന്നുപോലും കൃത്യമായി നല്‍കിയില്ലെന്നും കനിക ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു.

കനികയുടെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ആശുപത്രി അധികൃതര്‍.കനിക ഒരു രോഗിയെപ്പോലെ പെരുമാറാനും സഹകരിക്കാനും പഠിക്കണമെന്ന് ആശുപത്രി ഡയക്ടര്‍ ഡോക്ടര്‍ ആര്‍.കെ ധിമാന്‍ അഭിപ്രായപ്പെട്ടു.

‘ഒരു താരത്തിന്റെ ദുശ്ശാഠ്യവും ഗര്‍വ്വും ഞങ്ങള്‍ക്കുനേരേ കാണിക്കേണ്ട. ആദ്യം രോഗിയെപ്പോലെ പെരുമാറാന്‍ പഠിക്കൂ. ഒരു രോഗിയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവിടെ ചെയ്തുകൊടുത്തിട്ടുണ്ട്. ശുചിമുറിയുള്ള മുറിയാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ടിവിയും എസിയുമുണ്ട്. ചെയ്യാവുന്നതിന്റെ പരമാവധി നല്‍കിക്കഴിഞ്ഞു. അവര്‍ മര്യാദയ്ക്ക് പെരുമാറാന്‍ പഠിക്കണം’, ആര്‍.കെ ധിമാന്‍ പറഞ്ഞു.

കനിക കപൂറിനെതിരേ പൊലീസ് കേസുമുണ്ട്. രോഗവിവരം മറച്ചുവെച്ച് പൊതുസ്ഥലങ്ങളില്‍ പോവുകയും രോഗം പടരാന്‍ സാഹചര്യമൊരുക്കുകയും ചെയ്തതിനാണ് ലഖ്‌നൗ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശനമായി ലോക്ക്‌ഡൗൺ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രത്തിന്റെ നിർദേശം. 75 ജില്ലകൾ പൂർണമായും അടച്ചിടാൻ ഞായറാഴ്ച കേന്ദ്രം നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടപടികൾ കർക്കശമാക്കാനും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനുമുളള കേന്ദ്രത്തിന്റെ ഉത്തരവ്.

ഇന്ത്യയിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 415 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒറ്റ രാത്രിക്കുള്ളിൽ 65 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ ഇതിനോടകം പൂർണ അടച്ചിടലിലേക്ക് നീങ്ങിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.

‘ലോക്ക്ഡൗണുകള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി തന്നെ നടപ്പാക്കണം. ലംഘിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണം’, കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് ഇന്ത്യൻ പീനൽ കോഡിന്റെ 188-ാം വകുപ്പ് പ്രകാരം ആറു മാസം വരെ ജയിൽ ശിക്ഷയും 1000 രൂപ പിഴയും ഈടാക്കും.

ലോക്ക്‌ഡൗണിനെ ജനങ്ങൾ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ‘ലോക്ക്ഡൗണിനെ പലയാളുകളും ഗൗരത്തിലെടുക്കുന്നില്ല. നിര്‍ദേശങ്ങള്‍ പാലിക്കൂ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും രക്ഷിക്കൂ. സംസ്ഥാന സര്‍ക്കാരുകളോട്‌ നിയമം കൃത്യമായി നടപ്പിലാക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കോവിഡ് വ്യാപനം കണക്കിലെടുത്ത് കാസര്‍ഗോഡ് ജില്ല പൂര്‍ണമായും അടച്ചിടാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയിലെ എല്ലാ പാതകളും അടച്ചു. ഹൈവേ ഒഴികെയുള്ള പാതകളാണ് അടച്ചത്. ഹൈവേയില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട്ട് ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ നടപടി എടുക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇക്കാര്യം വ്യാപാരി വ്യവസായി പ്രതിനിധികളുമായി മുഖ്യമന്ത്രി തന്നെ സംസാരിക്കും. നിയന്ത്രണങ്ങൾ വൈകീട്ട് സർക്കാർ ഔദ്യോഗികമായി അറിയിക്കും.

കോവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകൾ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ നിയന്ത്രണം ഏര്‍പ്പെടുത്തും. അവശ്യ സര്‍വ്വീസുകൾ മുടക്കില്ല. കടകൾ പൂർണ്ണമായും അടക്കില്ല.

ലൈംഗികാതിക്രമ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയിന് കൊറോണ(കൊവിഡ്19) സ്ഥിരീകരിച്ചു. ന്യുയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ഫെസിലിറ്റിയില്‍ ഐസോലേനിലാണ് ഹാര്‍വി ഇപ്പോള്‍ ഉള്ളത്. ഹാര്‍വിയെ കൂടാതെ രണ്ട് തടവുകാരുടെ കൂടി കൊവിഡ് 19 പരിശോധനഫലം പോസിറ്റീവ് ആണ്. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിടില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളതെന്നും റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തടവിലുള്ളവര്‍ക്ക് കവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജയില്‍ ഉദ്യോഗസ്ഥരെയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.

അതേസമയം ഹാര്‍വി വെയ്ന്‍സ്‌റ്റെയ്ന്‍ കൊറോണ സ്ഥിരീകരിച്ച കാര്യം തങ്ങള അറിയിച്ചില്ലെന്നാണ് ഹാര്‍വിയുടെ അഭിഭാഷകന്‍ പറയുന്നത്. ഹാര്‍വിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ തങ്ങള്‍ അതീവ ഉത്കണ്ഠയിലാണെന്നും അഭിഭാഷകന്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിട്ടുണ്ട്. വെന്റേയിലേക്ക് മാറ്റുന്നതിനു മുമ്പ് ന്യൂയോര്‍ക്കില്‍ തന്നെയുള്ള റിക്കേഴ്‌സ് ഐലന്‍ഡിലെ ജയിലില്‍ ഹാര്‍വിയെ പാര്‍പ്പിച്ചിരുന്നു. അവിടെയുള്ള ഒരു ആശുപത്രിയില്‍ ഹൃദയസംബന്ധമായ പരിശോധനകള്‍ക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു.

ലോകമാകമാനം പ്രകമ്പനം കൊള്ളിച്ച മീ ടൂ കാമ്പയിന്‍ തുടങ്ങുന്നത് ഹാര്‍വിക്കെതിരേയുള്ള ചലച്ചിത്ര നടിമാരുടെ ലൈംഗികാരോപണങ്ങളില്‍ നിന്നായിരുന്നു. തുടര്‍ന്ന് ഹാര്‍വിക്കെതിരേ കേസ് എടുക്കുകയും കോടതി അദ്ദേഹത്തെ 23 വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിക്കുകയുമായിരുന്നു. 2019 മാര്‍ച്ച് 11 ന് ആയിരുന്നു ഹാര്‍വിയെ അറസ്റ്റ് ചെയ്യുന്നത്.നിരവധി സ്ത്രീകളാണ് ഹാര്‍വിക്കെതിരേ ലൈംഗികാതിക്രമ പരാതികളുമായി രംഗത്തു വന്നത്. മലയാള ചലച്ചിത്രലോകത്ത് വരെ മീ ടൂ കാമ്പയിന്‍ വലിയ പ്രതികരണം ഉണ്ടാക്കിയിരുന്നു.

Copyright © . All rights reserved