Health

എച്ച്ഐവിയുടെ കൂടുതൽ മാരകമായ ജനിതക വകഭേദം കണ്ടെത്തി. നിലവിലുള്ള വൈറസിൻ്റെ ഇരട്ടി വേഗത്തിൽ പടരുകയും വ്യക്തികളെ രോഗിയാക്കുകയും ചെയ്യുന്ന പുതിയ വൈറസ് വകഭേദം കണ്ടെത്തിയത് നെതർലാൻഡിലാണ് . വിബി വേരിയൻ്റ് എന്നാണ് പുതിയ വകഭേദത്തിന് നൽകിയിരിക്കുന്ന പേര്.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പഠനം അനുസരിച്ച് പുതിയ വേരിയൻ്റ് ഇതുവരെ 109 പേരെയെങ്കിലും ബാധിച്ചിട്ടുണ്ട്. വൈറസിൻ്റെ പുതിയ ജനിതക വകഭേദം രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കുകയും എച്ച്ഐവിയുടെ പഴയ രൂപത്തേക്കാൾ പെട്ടെന്ന് മനുഷ്യശരീരത്തിൻ്റെ അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും . ഇതിൻറെ ഫലമായി പുതിയ വൈറസ് വകഭേദം പിടിപെടുന്നവർ കൂടുതൽ ഗുരുതരമായ എയ്ഡ്സ് രോഗികളാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ബ്രിട്ടീഷുകാർ വർഷത്തിലൊരിക്കലെങ്കിലും എച്ച്ഐവി ടെസ്റ്റ് നടത്തണമെന്നാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് . സ്വവർഗ്ഗ അനുരാഗികളായവർ മൂന്നു മാസത്തിലൊരിക്കൽ പരിശോധന നടത്തേണ്ടതാണ്. നിലവിൽ ഒരു ലക്ഷം ബ്രിട്ടീഷുകാരും ഒരു ദശലക്ഷത്തിലധികം അമേരിക്കക്കാരും എച്ച്ഐവി ബാധിതരാണെന്നാണ് കരുതപ്പെടുന്നത്.

ജോസ്‌ന സാബു സെബാസ്റ്റ്യൻ

കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ മലയാളികൾക്ക് വല്യ പരിചയം ഇല്ലാത്ത അല്ലെങ്കിൽ പോകാൻ മടിക്കുന്നൊരിടത്ത് പ്രാക്ടീസ് ചെയ്തു വരുകയാണ് .

ഇതെഴുതാൻ കാരണമുണ്ട് . ഞാൻ പ്രാക്ടീസ്’ ചെയ്യുന്നത് സെക്ഷ്വൽ ഹെൽത്തിൽ ആണെന്ന് പറഞ്ഞപ്പോൾ തന്നെ കൂട്ടുകാരികളായ നേഴ്‌സുമാർ ഉൾപ്പെടെ ഒട്ടേറെപേർ വായ്പൊത്തി .. ഡീ നീയോ എന്ന് ചോദിച്ചു .
അതാണ് …..നമുക്ക് തീരെ പരിചയം ഇല്ലെന്ന് പറഞ്ഞത് . നമുക്കെന്തോ സെക്സ് എന്ന വാക്ക് കേൾക്കുമ്പോഴേ ചിലർക്കുള്ളിൽ എന്തോ ഉരുണ്ടു കയറ്റവും മറ്റുചിലർക്ക് കൂടുതലറിയാനുള്ള ലഡു പൊട്ടുകയും ചെയ്യുമെങ്കിലും ആരും ഒരക്ഷരം മിണ്ടില്ല.

പക്ഷെ നമ്മളൊക്കെ ഈ സെക്ഷ്വൽ ഹെൽത്ത് എന്താണെന്ന് അറിഞ്ഞിരിക്കണം . അറിയാവുന്നവർ ഉണ്ടാകാം . പക്ഷെ അറിയാത്തവർക്കായി ചില കാര്യങ്ങൾ ഷെയർ ചെയ്യുന്നു . ലൈംഗിക ആരോഗ്യ ക്ലിനിക്കുകളിൽ കൂടുതലായും വരുന്നത് നമ്മൾ മെന്റൽ ഹെൽത്തിനായി മെഡിറ്റേഷൻ ചെയ്യുന്നതുപോലെ ഫിസിക്കൽ ഹെൽത്തിനായി ജിമ്മിൽ പോകുന്നതുപോലെ സെക്ഷ്വൽ ഹെൽത്തിനായി മൂന്ന് മാസം കൂടുമ്പോൾ നമ്മളെല്ലാം പ്രായഭേദമന്യേ ചെക്കപ്പ് ചെയ്യേണ്ടത് ആവശ്യമാണ് . ഈ ചെക്കപ്പിൽ കൂടെ നമുക്കെന്തെങ്കിലും ലൈംഗികപരമായ അസുഖങ്ങൾ, അസാധാരണ മുഴകൾ അല്ലെങ്കിൽ HIV എന്നിവയൊക്കെ കണ്ടുപിടിക്കുന്നതിനും നേരത്തെ തന്നെ ചികിത്സ നേടുന്നതിനും ഇത് സഹായിക്കും .

ലൈംഗികപരമായ അസുഖങ്ങൾ എന്ന് പറയുമ്പോൾ നമ്മൾ വിചാരിക്കും ഞാൻ എന്റെ കെട്ടിയോൾ / കെട്ടിയോൻ മാത്രമായല്ലേ ബന്ധമുള്ളു അതിനാൽ എനിക്കത് വരാൻ ഒരു സാധ്യതയുമില്ലല്ലോ എന്ന് . പക്ഷെ ഇന്ന് മാർക്കറ്റുകളിൽ കണ്ടുവരുന്ന പല വാഷിംഗ് ഉൽപന്നങ്ങളും നമ്മളുടെ ഗുഗ്രഭാഗത്തെ PH ലെവലിൽ മാറ്റമുണ്ടാക്കുകയും അതുമൂലം പഴുപ്പ് കോശങ്ങൾ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യാം . അത് മിക്കവാറും പേരിൽ ടെസ്റ്റ് ചെയ്യാതെ കണ്ടുപിടിക്കുക സാധ്യമല്ല താനും .

ചില പൂപ്പൽ പോലുള്ള അസുഖങ്ങൾ ആൺ പെൺ വ്യത്യാസമില്ലാതെ (infertility ) കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിനും അല്ലെങ്കിൽ ചിലപ്പോൾ ഉണ്ടാകുന്ന കുഞ്ഞുങ്ങളിലെ ബ്ലൈൻഡ്‌നെസ്സിനും കാരണമാകാം.

ഇങ്ങനെയുള്ള റെഗുലർ ചെക്കപ്പുകൾ മിക്കവാറും സ്ത്രീകളിലെ ഗർഭാശയ കാൻസറുകളും പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാൻസറുകളും നേരത്തെ കണ്ടുപിടിക്കാനും ചികിൽസിക്കാനും സാധിക്കുന്നു .

കൂടാതെ bisexual / straight /Gay ബന്ധപെടുന്നവർക്ക് കൂടുതലായും HIV കണ്ടുവരുന്നു . അവർക്കും അവരിൽ HIV പോസിറ്റീവ് ആയിട്ടുള്ളവരിൽ അവരുടെ വൈറസിനെ കൺട്രോളിൽ കൊണ്ടുവരുവാനും കൂടാതെ നമ്മൾ ബന്ധപ്പെടുന്ന ഒരാൾ HIV ഉള്ളവർ ആണെങ്കിൽ പോലും നമുക്ക് വരാതെ സൂക്ഷിക്കാനുമുള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ് . അവ അറിയാനും ഉപയോഗപ്പെടുത്താനും ഇത്തരം ക്ലിനിക്കുകൾ സഹായിക്കുന്നു .

ഇനി ഏതെങ്കിലുമൊരുത്തരം chemsex ഉപയോഗിക്കുന്നവരാണെങ്കിൽ അവർ തീർച്ചയായും ഇങ്ങനത്തെ ക്ലിനിക്കുകൾ പതിവായി ഉപയോഗപ്പെടുത്തുകയും ആരോഗ്യമോടെ ജീവിക്കാനും നമുക്കാകും.

ഒന്നിൽ കൂടുതൽ പാർട്ണേഴ്സ് ഉള്ളവർ അവരുടെ അസുഖങ്ങൾ കൂടുതൽ പേരിലേക്ക് സ്‌പ്രെഡ്‌ ചെയ്യാതിരിക്കാൻ ബന്ധപ്പെട്ട ആൾക്കാരിലേക്ക് ബന്ധപെട്ടവരുടെ പേരോ ഫോൺ നമ്പറോ പറയാതെ തന്നെ അജ്ഞാത സന്ദേശങ്ങൾ അയച്ച് അവരെയും ചികിത്സയിലേക്ക് പോകാൻ സഹായിക്കുന്ന സൗകര്യങ്ങളും ഇന്ന് നിലവിലുണ്ട് .

Sexual health ക്ലിനിക്കിന്റെ മുദ്രാവാക്യമനുസരിച്ചു ആരെയും ഞങ്ങൾ ലൈംഗികത തെറ്റാണെന്നോ പിന്തിരിയണമെന്നോ പറഞ്ഞു പന്തിരിപ്പിക്കാൻ ശ്രമിക്കുന്നില്ല . മറിച്ച് എല്ലാവരും ആരോഗ്യ പ്രദമായി ജീവിക്കുന്നതിനായി അവരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ ഇവിടെ ഇങ്ങനത്തെ ക്ലിനിക്കുകളിൽ നിന്നും സഹായം നേടാൻ വിസയോ, സ്വന്തം പേരോ, ചികിത്സാ ഫീസോ ചോദിക്കാറില്ല . അതിനാൽ എല്ലാവരും എല്ലാ മൂന്നുമാസങ്ങളിലും അടുത്തുള്ള ലൈംഗിക ആരോഗ്യ ക്ലിനിക് വിസിറ്റ് ചെയ്യുക .
ആരോഗ്യത്തോടെ ജീവിക്കുക ..

( ആരാ എഴുതിയത് എന്ന് നോക്കണ്ട , മുഖം നോക്കാതെ ഷെയർ ചെയ്തോളു , അറിവില്ലാത്തവർ അറിയട്ടെ ❤️)

ജോസ്‌ന സാബു സെബാസ്റ്റ്യൻ

വുഹാനിൽനിന്നും വന്ന മഹാമാരി മനുഷ്യരാശിയെ ദുരിതപ്പെടുത്താൻ തുടങ്ങിയിട്ട്​ രണ്ട്​ വർഷം പൂർത്തിയാകുന്നു. ഇതിനിടെ പുതിയ ഒരു ദുരന്തവാർത്ത കൂടി വുഹാനിൽനിന്നും ലോകം കേൾക്കുകയാണ്​.

കോവിഡ് മഹാമാരിയുടെ ദുരിതം തീരുംമുന്‍പ് പുതിയ മുന്നറിയിപ്പുമായാണ്​ ചൈനയിലെ വുഹാനിലെ ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്​. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ‘നിയോകോവ്’ എന്ന പുതിയ തരം കൊറോണ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ്. അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. വുഹാനിലെ ഗവേഷകരെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കാണ് വാര്‍ത്ത പുറത്തുവിട്ടത്.

നിയോകോവ് പുതിയ വൈറസല്ല. മെര്‍സ് കോവ് വൈറസുമായി ബന്ധമുള്ള ഇത് 2012ലും 2015ലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ ഒരു കൂട്ടം വവ്വാലുകളിലാണ് വൈറസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഭാവിയില്‍ നിയോകോവും അടുത്ത ബന്ധമുള്ള പി.ഡി.എഫ്-2180-കോവും മനുഷ്യരെ ബാധിച്ചേക്കാമെന്നാണ്​ കണ്ടെത്തല്‍. ഇപ്പോള്‍ മൃഗങ്ങളെ മാത്രമാണ് ബാധിക്കുന്നതെങ്കിലും മനുഷ്യകോശങ്ങളിലേക്കു കടന്നുകയറാന്‍ വെറും ഒറ്റ രൂപാന്തരണം കൂടി മാത്രം മതിയെന്നാണ് ഗവേഷകര്‍ പറയുന്നത്.

നിയോകോവില്‍ നിന്നും വാക്സിന്‍ സംരക്ഷണം നല്‍കുമോ എന്നും ആശങ്കയുണ്ട്. മനുഷ്യരില്‍ ബാധിച്ചാല്‍ മൂന്നിലൊരാള്‍ക്ക് മരണം വരെ സംഭവിച്ചേക്കാം എന്നാണ് മുന്നറിയിപ്പ്. ഈ വൈറസ് മനുഷ്യരെ എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നതെന്ന് സംബന്ധിച്ച് പഠനം ആവശ്യമാണെന്ന് റഷ്യന്‍ വൈറോളജി ആന്‍റ് ബയോടെക്നോളജി റിസര്‍ച്ച് സെന്‍റര്‍ പറയുന്നു.

നിയോകോവ് എന്ന പുതിയ വകഭേദത്തിന് ഉയർന്ന മരണ നിരക്കും, രോ​ഗബാധ നിരക്കും ഉണ്ടാകുമെന്നാണ് പ്രവചനം. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് നിയോകോവി​ന്‍റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയതെന്നും മൃ​ഗങ്ങൾക്കിടയിൽ മാത്രമാണ് നിലവിൽ വൈറസ് വ്യാപിച്ചിരിക്കുന്നതെന്നും ബയോആർക്സിവ് വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. മനുഷ്യകോശങ്ങളിലേക്ക് കയറാൻ വൈറസിന് ഒരു മ്യൂട്ടേഷൻ മാത്രമേ ആവശ്യമുള്ളുവെന്ന് വുഹാൻ യൂനിവേഴ്സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്സിലെയും ഗവേഷകർ പറയുന്നു. വൈറസിനെ കുറിച്ച് കൂടുതൽ പഠനം അനിവാര്യമാണെന്നും ​ഗവേഷകർ പറഞ്ഞു. പുതിയ വകഭേദത്തിന് അപകടസാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ​​പ്രതിരോധ കുത്തിവെപ്പോ, നേരത്തെ കോവിഡ് ബാധിച്ചവരിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആൻ്റിബോഡികളോ നിയോകോവിനെതിരെ പ്രവർത്തിക്കില്ലെന്നും ​ഗവേഷകർ അറിയിച്ചു.

സംസ്ഥാനത്ത് ഒമൈക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 94 ശതമാനവും ഒമിക്രോണ്‍ കേസുകളെന്നും 6 ശതമാനം പേരിലാണ് ഡെല്‍റ്റ സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് വരുന്നവരില്‍ 80 ശതമാനം പേര്‍ക്കും ഒമൈക്രോണ്‍ വകഭേദമാണ് സ്ഥിരീകരിക്കുന്നത്.

വെന്റിലേറ്ററിന്റെ ഉപയോഗത്തില്‍ സംസ്ഥാനത്ത് നേരിയ കുറവ് വന്നിട്ടുണ്ട്. കോവിഡ് കേസുകള്‍ ഉയരാനാണ് സാധ്യത അടുത്ത മൂന്നാഴ്ച്ച നിര്‍ണ്ണായകമാണ്. ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെല്ലും പ്രവര്‍ത്തനമാരംഭിച്ചു. മോണിറ്ററിംഗ് സെല്‍ നമ്പര്‍ 0471-2518584

സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ, നടത്തിയ ആരോഗ്യ പരിശോധനയിൽ പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് ടെസ്റ്റ് പോസ്റ്റീവ് ആയെന്ന് മമ്മൂട്ടിയും ഫേസ്ബുക്കിലൂടെ അറിയിച്ചു. ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്ഥതകൾ നിലവിലില്ലെന്നും വീട്ടിൽ ക്വാറന്റൈനിൽ ആണെന്നും താരം പറഞ്ഞു.

താരത്തിന് കോവിഡ് പോസിറ്റീവായതോടെ കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചു. എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് 60 ദിവസങ്ങളോളം ആയിരുന്നു. അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ജഗതി ശ്രീകുമാറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ മാനദണ്ഡങ്ങൾ അതി കഠിനമാക്കി ചൈനീസ് സർക്കാർ. നിരീക്ഷണത്തിലിരിക്കുന്നവരെ വീടുകൾക്ക് പകരം മെറ്റൽ ബോക്‌സുകളിൽ താമസിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത്തരത്തിൽ താമസിപ്പിക്കുന്നതിനായി രോഗികളെയും രോഗ ലക്ഷണങ്ങളുള്ളവരെയും നൂറ് കണക്കിന് ബസുകളിൽ കൊണ്ട് പോകുന്ന വീഡിയോകളും വൈറലാവുകയാണ്.

2019ൽ ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊവിഡ് ഇന്ന് ലോകമൊട്ടാകെ നാശം വിതച്ച് മുന്നേറുകയാണ്. ചൈനയിലും രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വർദ്ധിക്കുന്നു. അടുത്ത മാസം രാജ്യത്ത് നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സും സർക്കാരിന് വെല്ലുവിളി ഉയർത്തുന്നു. ഈ സാഹചര്യത്തിലാണ് സ‌ർക്കാരിന്റെ പുതിയ നീക്കം. സർക്കാർ പിന്തുടരുന്ന ഡൈനാമിക് സീറോ എന്ന ഫോർമുല പ്രകാരം കർശന ലോക്‌ഡൗൺ, അടിയന്തര കൂട്ട പരിശോധന എന്നീ മാർഗങ്ങളും രാജ്യത്ത് തുടരുന്നുണ്ട്.

ഗർഭിണികളും കുട്ടികളും, പ്രായമായവരുമടക്കം നിർബന്ധമായും പുതിയ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കണം. രണ്ടാഴ്ചയാണ് ക്വാറന്റൈൻ കാലയളവ്. ഓരോ ബോക്സിനകത്തും തടിക്കട്ടിലുകളും ടോയ്‌ലറ്റുമുണ്ടാകും. പ്രദേശത്തെ ആരെങ്കിലും ഒരാൾ രോഗബാധിതനായാൽ അവിടത്തെ എല്ലാ നിവാസികളും പുതിയ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്ക് മാറണം. രോഗികളെയും രോഗലക്ഷണമുള്ളവരെയും അധികൃതർ ആപ്പുകളുടെ സഹായത്തോടെ കർശനമായി നിരീക്ഷിക്കുകയും ചെയ്യുന്നു.

20 ദശലക്ഷത്തോളം ആളുകൾ ചൈനയിൽ വീടുകളിൽ തന്നെ ബന്ധനാവസ്ഥയിലെന്ന പോലെ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങാൻ പോലും അനുവാദമില്ല. എന്നാൽ അടുത്തിടെ കർശന ലോക്‌ഡൗണിനെത്തുടർന്ന് ഒരു യുവതിയുടെ ഗർഭം അലസിയത് ചൈനയിൽ വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുതിയ ക്വാറന്റൈൻ മാർഗങ്ങൾ അവലംബിച്ചിരിക്കുന്നത്.

 

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ച് കൊണ്ട് വൈദ്യശാസ്ത്ര രംഗത്ത് പുതു ചരിത്രം സൃഷ്ടിച്ച് അമേരിക്കയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പ്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചിരിക്കുന്നത്.

ഡേവിഡ് ബെന്നറ്റ് കുറേ ദിവസങ്ങളായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ ഒരു മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ അത് ലഭിക്കാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ പരീക്ഷണത്തിന് ശാസ്ത്രലോകം മുതിര്‍ന്നത്. ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റര്‍ സഹായമില്ലാതെ ബെന്നറ്റ് സ്വന്തമായി ശ്വസിക്കുന്നുണ്ട്. നിലവില്‍ ഇ.സി.എം.ഒ മെഷീന്റെ സഹായത്തോടെയാണ് പകുതിയോളം രക്തം പമ്പുചെയ്യുന്നത്. ഇത് പതുക്കെ പൂര്‍ണമായും ഒഴിവാക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

‘ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ ഈ ശസ്ത്രക്രിയക്ക് വിധേയനാകും. എനിക്ക് ജീവിക്കണം. ഇതെന്റെ അവസാന ഊഴമാണ്’. എന്നാണ് ശസ്ത്രക്രിയക്ക് മുമ്പ് ഡേവിഡ് ബെന്നറ്റ് പറഞ്ഞത്. നിര്‍ണായകമായ ശസ്ത്രക്രിയ ആയതിനാല്‍ ഇനിയുള്ള ദിവസങ്ങള്‍ ഏറെ സങ്കീര്‍മാണ് ബെന്നറ്റിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഇതുവരെ ആരോഗ്യപരമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് ഡോക്ടര്‍മാരും മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റി അധികൃതരും പറഞ്ഞു. ആരോഗ്യരംഗത്ത് ഏറെ നിര്‍ണായകമായ ശസ്ത്രക്രിയയാണ് നടന്നത്. അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്നതില്‍ ഈ നേട്ടം ഏറെ ഗുണകരമാകുമെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ബാര്‍ട്ട്‌ലി ഗ്രിഫിത് പറഞ്ഞു.

ഈ ശസ്ത്രക്രിയയുടെ വിജയം ഭാവിയില്‍ ഇത്തരത്തില്‍ നിരവധി ആളുകളുടെ ജീവന്‍രക്ഷിക്കുന്നതില്‍ നിര്‍ണായകമായി മാറും എന്ന് മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റി കാര്‍ഡിയാക് ക്‌സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമിന്റെ സഹസ്ഥാപകനായ ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിക്ഷണത്തിന്റെ ഫലമാണ് ഇപ്പോള്‍ നടന്ന ശസ്ത്രക്രിയ. പന്നിയുടെ ഹൃദയം നേരത്തെ ബബൂണ്‍ കുരങ്ങുകളില്‍ വെച്ചുപിടിപ്പിച്ചു കൊണ്ട് രു പരീക്ഷണം നടത്തിയിരുന്നു. അത് വിജയകരമായിരുന്നു എന്നും ഒമ്പത് മാസത്തില്‍ അധികം പന്നിയുടെ ഹൃദയം ബബൂണില്‍ പ്രവര്‍ത്തിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

യുകെയില്‍ പ്രതിദിന കോവിഡ് 183,037 പോസിറ്റീവ് ടെസ്റ്റുകളാണ് 24 മണിക്കൂറില്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പുള്ള ദിവസത്തേക്കാള്‍ 45,000 കേസുകള്‍ അധികമാണിത്. എന്നാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ക്രിസ്മസ് അവധി മൂലം റിപ്പോര്‍ട്ട് ചെയ്യാതിരുന്ന അഞ്ച് ദിവസത്തെ കേസുകളും ഇതോടൊപ്പമുണ്ട്.

ഇംഗ്ലണ്ടിലെ രോഗികളുടെ കണക്കുകളും റെക്കോര്‍ഡ് ഉയരത്തിലാണ്. ഒരാഴ്ചയ്ക്കിടെ 45 ശതമാനമാണ് കുതിച്ചുചാട്ടം. പക്ഷെ കേസുകളുടെ മഹാവിസ്‌ഫോടനമൊന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കാര്യമാക്കുന്നില്ല. എല്ലാ ജനങ്ങളോടും ന്യൂ ഇയര്‍ ആഘോഷിക്കാനാണ് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെടുന്നത്.

ഒമിക്രോണ്‍ വേരിയന്റ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുന്നതായി പ്രധാനമന്ത്രി സമ്മതിച്ചു. ആശുപത്രി പ്രവേശനങ്ങളെ ഇത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഡെല്‍റ്റയേക്കാള്‍ കാഠിന്യം കുറവാണ് പുതിയ വേരിയന്റെന്ന് ഡാറ്റ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ ലോക്ക്ഡൗണിലേക്ക് വഴിയൊരുക്കുന്ന തരത്തില്‍ പരിധികള്‍ ലംഘിച്ച് മുന്നേറുകയാണ്. ലണ്ടനിലെ ആശുപത്രി പ്രവേശനങ്ങള്‍ പ്രതിദിനം 400 എന്ന പരിധി മറികടന്നു. ഇംഗ്ലണ്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ 65 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടായി. 10,000 ബെഡുകളെങ്കിലും വൈറസ് ബാധിച്ച രോഗികള്‍ കൈയടക്കി, മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഈ കുതിപ്പ്.

എന്നാല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വളരെ കുറച്ച് സമയം മാത്രമാണ് വാര്‍ഡുകളില്‍ കഴിയേണ്ടി വരുന്നതെന്ന് എന്‍എച്ച്എസ് മേധാവികള്‍ വ്യക്തമാക്കുന്നു. സമൂഹത്തില്‍ വന്‍തോതില്‍ കോവിഡ് വ്യാപിച്ചതിന്റെ ഫലമാണ് അഡ്മിഷനുകളിലും പ്രതിഫലിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

ഇംഗ്ലണ്ടിലെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പുതിയ കോവിഡ് വിലക്കുകള്‍ പ്രഖ്യാപിക്കാതെയാണ് നടക്കുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ റാപ്പിഡ് സ്വാബ് ടെസ്റ്റ് കിറ്റുകള്‍ ലഭിക്കാത്ത അവസ്ഥയാണ്. ഫാര്‍മസികളിലും കിറ്റ് കാലിയായി. ബുധനാഴ്ച ഡ്രൈവ്-ത്രൂ, വാക്ക്-ഇന്‍ കോവിഡ് ടെസ്റ്റുകള്‍ക്ക് അപ്പോയിന്റ്‌മെന്റ് ലഭിക്കാത്ത സാഹചര്യമായിരുന്നു. നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും, കെയറര്‍മാര്‍ക്കും പോലും ഇതിന് സാധിക്കാത്ത അവസ്ഥ വന്നു. നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലം ലഭിക്കാത്ത പക്ഷം ജാഗ്രത പാലിക്കാന്‍ മാത്രമാണ് ഉപദേശം.

വൈകാതെ ബ്രിട്ടനില്‍ പിസിആര്‍ ടെസ്റ്റ് നടത്താനും ബുദ്ധിമുട്ട് നേരിടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റിനായി 48 മണിക്കൂറിനകം ഒരിടത്ത് പോലും ബുക്കിംഗ് കിട്ടാത്ത അവസ്ഥ വരുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം തുടർച്ചയായ രണ്ടാം ദിവസവും ലോകത്ത് റിപ്പോർട്ട് ചെയ്തത് പത്ത് ലക്ഷത്തിലേറെ കോവിഡ് കേസുകൾ. തിങ്കളാഴ്ച 1.44 ദശലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ദിവസവും ലോകത്ത് കോവിഡ് കേസുകൾ ദശലക്ഷം കടന്നത്. അമേരിക്കയിലും ഫ്രാൻസിലുമാണ് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ഏറ്റവും കൂടുതൽ. ഒമിക്രോൺ വകഭേദവും പല രാജ്യങ്ങളിലും ഭീതി പടർത്തുന്നുണ്ട്.

തിങ്കളാഴ്ച മാത്രം 4,40,000 പുതിയ കോവിഡ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. ക്രിസ്മസ് കാരണം റിപ്പോർട്ടുകൾ ലഭിക്കാൻ വൈകിയത് കൊണ്ടായിരിക്കാം രോഗബാധയിൽ വൻ തോതിലുള്ള ഉയർച്ച ഉണ്ടായിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.

യൂറോപ്പിലെ പ്രതിദിന കോവിഡ് ബാധയിൽ ഏറ്റവും കൂടുതലാണ് ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 1,79,807 പുതിയ കേസുകളാണ് ഫ്രാൻസിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. ജനുവരിയോട് കൂടി ഫ്രാൻസിലെ പ്രതിദിന കോവിഡ് കേസുകൾ 2,50,000 കടക്കുമെന്ന് ആരോഗ്യ മന്ത്രി ഒലിവർ വെറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഓസ്ട്രേലിയയിൽ ഒമിക്രോൺ വ്യാപനം തുടരുകയാണ്. നിരവധി പേരെയാണ് രോഗബാധിതരായി ആശുപത്രികളിൽ ദിനംപ്രതി പ്രവേശിപ്പിക്കുന്നത്. സിഡ്നിയിലും ന്യൂ സൗത്ത് വെയിൽസിലുമായി 11,000ത്തിലേറെ രോഗബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ 6000 രോഗബാധയുള്ളിടത്ത് നിന്നാണ് 11,000ലേക്ക് എത്തിയത്. ചൊവ്വാഴ്ച മാത്രം 1,000 പേരിലാണ് രോഗ ബാധ കണ്ടെത്തിയത്.

ഒമിക്രോൺ വ്യാപന സാഹചര്യത്തില്‍ ലോകം നേരിടാനിരിക്കുന്നത് കൊവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഒന്നിച്ച് ഉയർത്തുന്ന ഭീഷണി വലുതാണെന്നും ഇതിനകം തളർന്നിരിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക് വലിയ പ്രതിസന്ധി കാലമാണ് മുന്നോട്ടുള്ളതെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നൽകി.ഡെൽറ്റ വകഭേദത്തോടൊപ്പം അതി തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്നതോടെ അത്​ കൊവിഡ്​ സുനാമിക്ക്​ കാരണമാകും പുതിയ കൊവിഡ് കേസുകളുടെ എണ്ണം റെക്കോർഡ് ഉയരത്തിലേക്ക് വർദ്ധിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യപ്രവർത്തകർക്കിടയില്‍ അതിവേഗം രോഗവ്യാപനമുണ്ടാകുന്ന നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ സംവിധാനങ്ങളുടെ താളം തെറ്റും, ടെഡ്രോസ് അഡാനം പറഞ്ഞു.

ഇത് ആഗോള തലത്തില്‍ മരണനിരക്കിലും കുത്തനെയുള്ള വർദ്ധനവിന് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നത്. ഒമിക്രോണിന് ഡെല്‍റ്റയുടേതിന് സമാനമായ തീവ്ര വ്യാപനമുണ്ടാകില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നതെങ്കിലും പഠനങ്ങള്‍ തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം സാധ്യമല്ലെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു. ഒരു ഓൺലൈൻ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ആശങ്ക പങ്കുവെച്ചത്.

കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് രാജ്യങ്ങളിലേക്കും പടർന്ന വകഭേദത്തിന്റെ അതിവേഗ വ്യാപനത്തിനാണ് യുഎസും ഫ്രാന്‍സ് ഉള്‍പ്പടെയുള്ല യൂറോപ്യന്‍ രാജ്യങ്ങളും സാക്ഷ്യം വഹിക്കുന്നത്. ആഗോള കൊവിഡ് നിരക്കില്‍ 11 ശതമാനത്തിന്റെ ഉയർച്ചയാണ് കഴിഞ്ഞയാഴ്ച ഉണ്ടായിരിക്കുന്നത്. വാക്സിൻ എടുത്തവരിലും രോഗം വന്നുപോയവരിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ വാക്സിന്‍ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുകയെന്നും ടെഡ്രോസ് അഡാനം ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ ലോകാ​രോഗ്യസംഘടനയിൽ അംഗങ്ങളായ 194 രാജ്യങ്ങളിൽ 92 രാജ്യങ്ങളിലെ 40 ശതമാനം പേർക്കും വാക്സിനേഷന്‍ പൂർത്തീകരിച്ചിട്ടില്ല എന്നത് അപമാനകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 ജൂലൈയോടെ ലോകത്തെ 70 ശതമാനം പേർക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യം നേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യയിലും ഒമിക്രോൺ ആശങ്ക വിതക്കുകയാണ്​. രാജ്യത്ത്​ 900 പേർക്ക്​ ഇതുവരെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്​.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ

മനുഷ്യനെ ലോകം ഒട്ടാകെ പരിഭ്രാന്തിയുടെ നിഴലിൽ നിർത്തിയ പുതിയ വകഭേദ പനി, സ്ഥാനപരിത്യാഗം പരിഹാരമായ സാംക്രമിക ജ്വരം ആണല്ലോ കോവിഡ്. ഈ രോഗം വന്നു പോയ ശേഷവും ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ പലരെയും അലട്ടുന്നു. പ്രത്യേകിച്ച് ശ്വസന തകരാറുകൾ. ന്യൂമോണിയ പോലെ ഗുരുതര അവസ്ഥ കടന്നു പോയവരിൽ പ്രത്യേകിച്ചും. ചുമ, കഫക്കെട്ട്, ശ്വസന വൈഷമ്യം, പ്രണവായു അളവിൽ കുറയുക, ഹൃദയമിടിപ്പ് കൂടുക ശ്വാസം കിട്ടാതെ ഉള്ള പ്രയാസങ്ങൾ ഒക്കെ കോവിഡാനന്തര വിഷമതകളിൽ പെടുന്നു. ആയുർവേദ യോഗ പ്രതിരോധ മാർഗങ്ങൾ ആശ്വാസപ്രദമാകും.

ശ്വസന അവയവമായ ശ്വാസകോശം ഹൃദയം എന്നിവ ഉരോ ഗുഹയിലും, ദഹന പചന വ്യവസ്ഥയിൽ ഉള്ള ആമാശയം കരൾ പാൻക്രിയാസ് സ്പ്ളീൻ വലുതും ചെറുതുമായ കുടൽ എന്നിങ്ങനെ ഉള്ളവ ഉദര ഗുഹയിലും ആണല്ലോ. ഇവയെ വേർതിരിക്കുന്ന അർത്ഥ ഗോളാകൃതിയിലുള്ള ഡയഫ്രം എന്നറിയുന്ന നേർത്ത പാളി പോലെ ഉള്ള പേശി ശ്വസന പ്രക്രിയയിൽ ഏറെ പങ്ക് വഹിക്കുന്നു. ഈ പേശിയുടെ ദൗർബല്യം ശ്വാസം എടുക്കുന്നതിനു പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണ്.

ശ്വസന വ്യായാമങ്ങൾ പ്രാണായാമം ശ്വാസകോശത്തെയും ഈ ഡയഫ്രത്തെയും ആരോഗ്യകരമായ നിലയിൽ ആക്കാൻ സഹായിക്കും. നട്ടെല്ല് നിവർത്തി ഇരുന്നുകൊണ്ട് വലത് കൈ നെഞ്ചിലും ഇടതു കൈ വയറിന്റെ ഭാഗത്തും വെച്ച് എട്ട് സെക്കന്റ് കൊണ്ട് ശ്വാസം ഉള്ളിലേക്ക് എടുക്കുക, നാലു സെക്കന്റ് ശ്വാസം ഉള്ളിൽ നിർത്തിയ ശേഷം പത്തു സെക്കൻഡ് കൊണ്ട് ശ്വാസം പുറത്തേക്ക് വിടുക. അഞ്ചു മുതൽ പത്ത് തവണ വരെ ആവർത്തിക്കുക. ഡയഫ്രം കരുതുള്ളതാക്കാൻ ഇടയാകും.

സാവകാശം ശ്വാസം ഉള്ളിലേക്ക് എടുത്ത് വായിൽകൂടി ശ്വാസം പുറത്തേക്ക് വിസിൽ അടിക്കും പോലെ വിടുക. ശ്വാസം ഉള്ളിലേക്ക് എടുത്തു ശക്തിയായി പുറത്തേക്ക് വിടുക. ശ്വാസകോശത്തിന്റെ പുറകു വശത്തെയും ഇരു വശങ്ങളിലെയും അറകളിൽ വായു നിറയാനിടയാക്കും വിധം വ്യത്യസ്ത നിലകിളിൽ കൂടെ ശ്വസന വ്യായാമം ചെയ്യുന്നത് നന്ന്. കമിഴ്ന്നു കിടന്ന് ശ്വാസം ഉള്ളിലേക്ക് എടുത്തു കൊണ്ട് നെഞ്ചും തലയും ഉയർത്തുകയും ശ്വാസം വിട്ടു കൊണ്ട് താഴ്ത്തുകയും ചെയ്യുക. ഇടത് വശം ചരിഞ്ഞു കിടന്ന് ശ്വാസം എടുത്ത് കൊണ്ട് വലത് കാൽ മുകളിലേക്ക് ഉയർത്തുക. ശ്വാസം വിട്ടു കൊണ്ട് താഴ്ത്തുക. വലത് വശം ചരിഞ്ഞും ഇത് ആവർത്തിക്കുക. യോഗയിലെ പ്രാണായാമം ഇത്തരം അവസ്ഥകളിൽ കരുത്തു പകരും എന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.

ആയുർവേദ ഔഷധങ്ങളും ചികിത്സകളും കൂടെ ആയാൽ ഏറെ ഫലപ്രാപ്തിക്ക്‌ ഇടയാക്കും.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

RECENT POSTS
Copyright © . All rights reserved