കാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച മരുന്ന് ഇനി മുതല്‍ എന്‍എച്എസിലും ലഭ്യമാകും. കാര്‍-ടി തെറാപ്പി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചികിത്സക്കുള്ള മരുന്ന് കുറഞ്ഞ വിലയില്‍ ലഭ്യമാക്കണമെന്ന് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് അറിയിച്ചു. അമേരിക്കയില്‍ ഫലപ്രദമായി നടത്തി വരുന്ന ഈ ചികിത്സക്ക് യുകെയില്‍ ഇതുവരെ അനുമതി നല്‍കിയിട്ടുണ്ടായിരുന്നില്ല. ഈ വര്‍ഷം കാര്‍-ടി തെറാപ്പിക്ക് യുകെയില്‍ അനുമതി ലഭിക്കുമെന്ന സൂചനയാണ് സൈമണ്‍ സ്റ്റീവന്‍സ് നല്‍കിയത്. രോഗിയുടെ സ്വാഭാവിക രോഗപ്രതിരോധ വ്യവസ്ഥയിലെ കില്ലര്‍ കോശങ്ങളെ ജനിതക എന്‍ജിനീയറിംഗിലൂടെ ശക്തമാക്കിക്കൊണ്ട് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന രീതിയാണ് ഈ തെറാപ്പി അവലംബിക്കുന്നത്.
2011ല്‍ അമേരിക്കയിലാണ് ഈ ചികിത്സാരീതിക്ക് തുടക്കം കുറിച്ചത്. മാസങ്ങള്‍ മാത്രം ആയുസ്സ് പ്രവചിച്ച രോഗികളില്‍ പോലും ഈ തെറാപ്പി വന്‍ വിജയമായിരുന്നു. എന്നാല്‍ 3,40,000 പൗണ്ട് ഒരു രോഗിയുടെ ചികിത്സക്ക് മാത്രം ചെലവാകുമെന്ന ന്യനതയും കാര്‍-ടി തെറാപ്പിക്കുണ്ട്. പക്ഷേ കാന്‍സര്‍ ചികിത്സക്കായി എന്‍എച്ച്എസ് ഓരോ രോഗിക്കും അനുവദിച്ചിരിക്കുന്ന പരിധി 50,000 പൗണ്ട് മാത്രമാണ്. വളരെ ഫലപ്രദമായ ഈ ചികിത്സാരീതി എന്‍എച്ച്എസ് ഏറ്റെടുക്കേണ്ടതുണ്ടെന്ന് സ്റ്റീവന്‍സ് വ്യക്തമാക്കി. അതിനായി മരുന്നുകള്‍ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കണമെന്ന് അസോസിയേഷന്‍ ഓഫ് ദി ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ തെറാപ്പിക്ക് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സിന് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ചികിത്സ താങ്ങാന്‍ കഴിയുന്ന വിധത്തിലുള്ളതാണോ എന്ന് ഇവിടെ പരിശോധിക്കും. കുട്ടികളെ ബാധിക്കുന്ന അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ, മുതിര്‍ന്നവരെ ബാധിക്കുന്ന ലിംഫോമ എന്നിവയ്ക്ക് നല്‍കുന്ന കാര്‍-ടി ചികിത്സ ഇപ്പോള്‍ യൂറോപ്യന്‍ റെഗുലേറ്റര്‍മാരുടെ പരിഗണനയിലാണ്. ഈ കടമ്പകള്‍ കൂടി കടന്നാലേ എന്‍എച്ച്എസിന് ഈ തെറാപ്പി അംഗീകരിക്കാന്‍ സാങ്കേതികമായി കഴിയൂ.
പ്രോസ്‌റ്റേറ്റ് വീക്കത്തിന് പുതിയ ചികിത്സാരീതി കൊണ്ടുവരാനൊരുങ്ങി എന്‍എച്ച്എസ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ ചികിത്സാ സംവിധാനം വരുന്നത്. നോണ്‍-ക്യാന്‍സറസായിട്ടുള്ള പ്രോസ്‌റ്റേറ്റ് എന്‍ലാര്‍ജ്‌മെന്റാണ് ഇത്തരത്തില്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുക. പ്രോസ്‌റ്റേറ്റ് ആര്‍ട്ടെറി എംബോളൈസേഷന്‍ എന്നറിയപ്പെടുന്ന ആ രോഗം മൂത്രം തടസത്തിനും ഇന്‍ഫക്ഷെനും കാരണമാകും. കൂടാതെ പ്രോസ്‌റ്റേറ്റിലേക്കുള്ള രക്തയോട്ടം തടസപ്പെടുത്തുവാനും കലകള്‍ക്ക് നാശം വരുത്തുവാനും രോഗത്തിന് സാധിക്കും. നിലവില്‍ ഓപ്പറേഷന്‍, മരുന്ന് ചികിത്സ ലഭ്യമാണെങ്കിലും പുതിയ സംവിധാനം ഇവയെക്കാള്‍ മികച്ചതാണെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
പ്രോസ്‌റ്റേറ്റ് എന്‍ലാര്‍ജ്‌മെന്റ് ചികിത്സയ്ക്കായി നടത്തുന്ന സര്‍ജറികള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതകളേറെയാണ്. സര്‍ജറികള്‍ക്ക് ശേഷം വന്ധ്യതയുണ്ടാകാമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പിഎഇ എന്നറിയപ്പെടുന്ന ഈ ചികിത്സാരീതി വെറും ഒരു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. അതേസമയം സര്‍ജറിക്കായി ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നേക്കാം. പ്രോസ്‌റ്റേറ്റിലേക്ക് ഒരു ട്യൂബ് കടത്തിയാണ് ചികിത്സ നടപ്പിലാക്കുക. ഇതര ചികിത്സകളേക്കാള്‍ ഫലപ്രദമാണ് പിഎഇ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ്(എന്‍ഐസിഇ) അധികൃതര്‍ വ്യക്തമാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ യുകെയിലെ 20 സെന്ററുകളില്‍ ഈ ചികിത്സാ രീതി ലഭ്യമാണ്. എന്‍ഐസിഇയുടെ നിര്‍ദേശം പുറത്തുവന്നതോടെ കൂടുതല്‍ സെന്ററുകളിലേക്ക് ഇവ വ്യാപിപ്പിക്കും.
നിലവില്‍ ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ നടപ്പിലാക്കാനാണ് എന്‍ഐസിഇ നിര്‍ദേശം. പക്ഷേ സ്‌കോട്‌ലണ്ടിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ചികിത്സ കൊണ്ടുവരാന്‍ കഴിയും. 50 വയസിന് ശേഷമുള്ള ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ക്കും പ്രോസ്‌റ്റേറ്റ് എന്‍ലാന്‍ജ്‌മെന്റ് പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. മൂത്രതടസമാണ് ഇത്തരക്കാരില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രധാന പ്രശ്‌നം. പുതിയ ചികിത്സാരീതി രോഗികളായ പുരുഷന്മാരെ ഏറെ സഹായിക്കുമെന്ന് കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. നിഗല്‍ ഹാക്കിംഗ് പറഞ്ഞു. രോഗികളുടെ ലൈംഗിക ശേഷിയെ ബാധിക്കാതെ തന്നെ ചികിത്സ നടത്താന്‍ സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷവാതകം പുറത്തുവരുമെന്ന ആശങ്കയില്‍ സ്വീഡിഷ് ഫര്‍ണിച്ചര്‍ കമ്പനിയായ ഐക്കിയ തങ്ങളുടെ പുതിയ പാചകോപകരണം തിരികെ വിളിച്ചു. എല്‍ദ്സ്ലാഗ എന്ന ഗ്യാസ് ഹോബ് ആണ് തിരികെ വിളിച്ചത്. കാര്‍ബണ്‍ മോണോക്‌സൈഡ് ഉദ്പാദിപ്പിക്കുന്നുവെന്ന ഭീതിയെത്തുടര്‍ന്നാണ് ഉല്‍പ്പന്നം തിരികെ വിളിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ വര്‍ഷം ജനുവരി 1ന് മുമ്പായി വാങ്ങിയ ഈ മോഡലിലുള്ള ഹോബുകളിലെ മുകളില്‍ വലതുവശത്തായുള്ള റാപ്പിഡ് ബര്‍ണറില്‍ നിന്നാണ് വിഷവാതകം പുറത്തു വരുന്നതെന്നും ഇവ ഉപയോഗിക്കരുതെന്നും ഉപഭോക്താക്കളോട് കമ്പനി ആവശ്യപ്പെട്ടു.
എന്നാല്‍ ഈ പ്രശ്‌നം മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ഉല്‍പ്പന്നം തിരികെ വിളിക്കുന്നതെന്നും പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. സ്‌ഫോടനത്തിനും തീപിടിത്തത്തിനും വരെ ഈ ഗ്യാസ് ഹോബിന്റെ ഉപയോഗം വഴിവെച്ചേക്കാം. ബെല്‍ജിയന്‍ മാര്‍ക്കറ്റ് നിരീക്ഷണ അതോറിറ്റി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 21 യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയില്‍ നിന്ന് ഉല്‍പ്പന്നം തിരികെ വിളിച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളേക്കാള്‍ അധികം കാര്‍ബണ്‍ മോണോക്‌സൈഡ് ഈ ഹോബില്‍ നിന്ന് പുറത്തു വരുന്നുണ്ടെന്നാണ് വ്യക്തമായത്.
ഹോബിന്റെ തകരാര്‍ വീടുകളിലെത്തി പരിഹരിക്കാമെന്നും ടെക്‌നീഷ്യന്‍മാര്‍ സൗജന്യമായി ഇത് ചെയ്തു തരുമെന്നും ഐക്കിയ അറിയിച്ചു. റാപ്പിഡ് ബര്‍ണറിന് മാത്രമാണ് ഈ തകരാറുള്ളത്. മറ്റു ബര്‍ണറുകള്‍ സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി. റിപ്പയര്‍ സമയം ബുക്ക് ചെയ്യാന്‍ 0203 645 0010 എന്ന നമ്പറില്‍ വിളിക്കാനും കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നു.
കുട്ടികളില്‍ കാണപ്പെടുന്ന പൊണ്ണത്തടി പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ജങ്ക് ഫുഡ് നിയന്ത്രിക്കണമെന്ന് ഡോക്ടര്‍മാര്‍. ഇതിനായി കൗണ്‍സിലുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം. യുകെയിലെ സ്‌കൂളുകള്‍ക്ക് സമീപം ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്‌കൂളുകളുടെ 400 മീറ്റര്‍ പരിധിയില്‍ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നാണ് ആവശ്യം. കുട്ടികളിലെ അമിതവണ്ണം സംബന്ധിച്ച സര്‍ക്കാര്‍ നയം തിരുത്തുന്നതിന്റെ ഭാഗമായി റോയല്‍ കോളേജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് നല്‍കിയ പ്രൊപ്പോസലിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.
സ്‌കൂളില്‍ നിന്ന് വിശന്ന് ഇറങ്ങി വരുന്ന കുട്ടികള്‍ക്കു മുന്നിലാണ് വിലക്കുറവുള്ള ചിക്കന്‍ ഷോപ്പുകളും ചിപ്‌സ് ഷോപ്പുകളും മറ്റ് ജങ്ക് ഫുഡ് സ്റ്റോറുകളും തുറന്നിരിക്കുന്നതെന്ന് റോയല്‍ കോളേജ് പ്രസിഡന്റ് പ്രൊഫസര്‍ റസല്‍ വൈനര്‍ പറഞ്ഞു. തങ്ങള്‍ക്ക് മുന്നില്‍ ലഭിക്കുന്നത് കഴിക്കുകയെന്നതാണ് ആളുകള്‍ ചെയ്യുന്നത്. അതിന്റെയൊക്കെ ഫലമായി കുട്ടികളിലെ അമിതവണ്ണത്തിന്റെ നിരക്ക് ഉയരുകയാണ്. നാല്-അഞ്ച് വയസ് പ്രായമുള്ള കുട്ടികളില്‍ പത്തിലൊന്ന് പേര്‍ക്കും അപകടകരമായ വിധത്തില്‍ പൊണ്ണത്തടിയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രൈമറി സ്‌കൂളില്‍ പ്രവേശിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കൂടുതലാണെന്ന് 2016-17 വര്‍ഷത്തെ എന്‍എച്ച്എസ് ഡിജിറ്റല്‍ ഡേറ്റയും സൂചിപ്പിക്കുന്നു. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരുടെ ശരീരഭാരം രേഖപ്പെടുത്തണമെന്നും ഒരു നിര്‍ദേശം പറയുന്നു. ഈ വിഷയം ഹൗസ് ഓഫ് കോമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ കമ്മിറ്റി അടുത്ത മാസം പരിഗണിക്കും.
കിച്ചണ്‍ കപ്‌ബോര്‍ഡുകള്‍ മനുഷ്യന് ഭീഷണിയാകുമോ? ചോദ്യം കേട്ടാല്‍ വിചിത്രമെന്ന് തോന്നാമെങ്കിലും സംഗതി വാസ്തവമാണെന്ന് പുതിയ പഠനം പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് അയോവയിലെ ഗവേഷകരാണ് ഞെട്ടിക്കുന്ന ഒരു പഠനഫലം പുറത്തു വിട്ടിരിക്കുന്നത്. ചില ആധുനിക കിച്ചണ്‍ ക്യാബിനറ്റുകള്‍ പോളി ക്ലോറിനേറ്റഡ് ബൈഫിനൈല്‍ കോമ്പൗണ്ടുകള്‍ പുറത്തു വിടുന്നുണ്ടെന്നാണ് പഠനം പറയുന്നത്. പിസിബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ രാസപദാര്‍ത്ഥങ്ങള്‍ കാന്‍സറിന് കാരണമാകുന്നതാണെന്ന് നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്യാബിനറ്റുകളില്‍ ഉപയോഗിക്കുന്ന സീലന്റുകളില്‍ നിന്നാണ് ഈ അപകടകരമായ രാസവസ്തു പുറത്തു വരുന്നത്. കാന്‍സറിന് കാരണമാകുമെന്നതിനാല്‍ പിസിബിയുടെ നിര്‍മാണം 1979 മുതല്‍ അമേരിക്ക നിരോധിച്ചിട്ടുണ്ട്. എങ്കിലും ഇവയടങ്ങിയ ഒട്ടേറെ പദാര്‍ത്ഥങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഓഫീസുകളിലും അടുക്കളകളിലും വീടുകളിലും സ്‌കൂളുകളിലുമൊക്കെ ഇവയുടെ സാന്നിധ്യമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആറാഴ്ച സമയത്ത് 16 വീടുകള്‍ക്കുള്ളിലെ പിസിബി സാന്നിധ്യം പരിശോധിച്ചാണ് പഠനം നടത്തിയത്. മൂന്ന് വിധത്തിലുള്ള പിസിബികളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.
പിസിബി 47, പിസിബി 51, പിസിബി 68 എന്നിവയുടെ സാന്നിധ്യം അപകടകരമാം വിധം ഉയര്‍ന്നതാണെന്ന് പഠനത്തില്‍ വ്യക്തമായി. പഴക്കമേറിയ വീടുകളില്‍ കാണുന്നതിനേക്കാള്‍ താരതമ്യേന പുതിയ വീടുകളില്‍ ഇവയുടെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നുവെന്നതാണ് അതിശയകരമായ ഒരു കാര്യം. ഈ രാസവസ്തു പുറത്തുവരുന്നത് എവിടെനിന്നാണെന്ന അന്വേഷണം ഗവേഷകരെ അടുക്കള ക്യാബിനറ്റുകളിലാണ് കൊണ്ടെത്തിച്ചത്. പുതിയ അടുക്കള ക്യാബിനറ്റുകളുടെ സീലന്റിലെ ഘടകമായ ഡൈക്ലോറോബെന്‍സോയില്‍ പെറോക്‌സൈഡ് വിഘടിച്ചാണ് ഇത് പുറത്തു വരുന്നതെന്നും വ്യക്തമായി.
ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ഡോക്ടര്‍മാരെക്കാളും നഴ്‌സുമാരെക്കാളും കൂടുതല്‍ നിരക്കില്‍ റിക്രൂട്ട് ചെയ്യുന്നത് മാനേജര്‍മാരെയെന്ന് റിപ്പോര്‍ട്ട്. ബിബിസിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 2013ന് ശേഷം എന്‍എച്ച്എസ് 3,600 മാനേജര്‍മാരെയാണ് റിക്രൂട്ട് ചെയ്തിരിക്കുന്നത്. 8300 ഡോക്ടര്‍മാരെയും 7000 നഴ്‌സിംഗ് സ്റ്റാഫിനെയുമാണ് ഇക്കാലയളവില്‍ റിക്രൂട്ട് ചെയ്തിരിക്കുന്നത്. മാനേജര്‍മാരെ റിക്രൂട്ട് ചെയ്യുന്ന നിരക്കില്‍ 16ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ അധിക ഡോക്ടര്‍മാരെ നിയമിക്കുന്ന നിരക്കില്‍ ഉണ്ടായി വര്‍ദ്ധനവ് വെറും 8 ശതമാനവും നഴ്‌സിംഗ് സ്റ്റാഫിന്റെ കാര്യത്തില്‍ 2 ശതമാനം വര്‍ദ്ധനവുമാണ് ഉണ്ടായിരിക്കുന്നത്. നേരത്തെ എന്‍എച്ച്എസ് നഴ്‌സിംഗ് ജീവനക്കാരുടെ അപര്യാപ്തത രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
റിക്രൂട്ട്‌മെന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത് മാനേജര്‍മാരുടെ ഗണ്യമായ കുറവ് പരിഹരിക്കുന്നതിനായിട്ടാണെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചനകള്‍. എന്നാല്‍ ഇക്കര്യം സംബന്ധിച്ച കൃത്യമായ പ്രതികരണം പുറത്ത് വന്നിട്ടില്ല. അതേസമയം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കണക്ക് പ്രതിഷേധാര്‍ഹമാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രതികരിച്ചു. മികവുറ്റ നഴ്‌സുമാരെ പരിശീലിപ്പിക്കുന്നതില്‍ നേരിടുന്ന പരാജയം മേഖലയില്‍ ജീവനക്കാരുടെ ദൗര്‍ലഭ്യതയുണ്ടാക്കുമെന്നും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറഞ്ഞു. എന്‍എച്ച്എസ് സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ ദൗര്‍ലഭ്യത ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. സമീപ കാലത്ത് എആന്‍ഇ (അടിയന്തര ചികിത്സ) വെയിറ്റിംഗ് ടൈമില്‍ സര്‍വകാല റെക്കോഡില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന കാര്യവും ഇതോടപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
2013 ഡിസംബറിനും 2017 ഡിസംബറിനും ഇടയ്ക്ക് ഇഗ്ലണ്ടിലെ മുക്കാല്‍ ഭാഗം വരുന്ന എന്‍എച്ച്എസ് ട്രസ്റ്റുകളും മാനേജര്‍മാരെ നിയമിക്കുന്ന നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്‍എച്ച്എസ് ഡിജിറ്റല്‍ ഡാറ്റ പ്രകാരമുള്ള കണക്കുകളാണിത്. കുറഞ്ഞ വേതന നിരക്ക്, വര്‍ദ്ധിച്ചു വരുന്ന ജോലി സമ്മര്‍ദ്ദം, മികച്ച നഴ്‌സുമാരെ പരിശീലിപ്പിച്ച് എടുക്കുന്നതിലുള്ള പരാജയം തുടങ്ങിയവയാണ് ഇന്ന് എന്‍എച്ച്എസ് നേരിടുന്ന നഴ്‌സിംഗ് ജീവനക്കാരുടെ പ്രതിസന്ധിക്ക് കാരണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ആന്റ് ജനറല്‍ സെക്രട്ടറിയുമായ ജനറ്റ് ഡേവിസ് വ്യക്തമാക്കുന്നു. അതേ സമയം എന്‍എച്ച്എസ് മാനേജര്‍മാര്‍ എണ്ണത്തില്‍ വളരെ കുറവാണെന്ന് അധികൃതര്‍ പ്രതികരിച്ചു. റിക്രൂട്ട്‌മെന്റ് നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടും ആവശ്യമായി അത്രയും മാനേജര്‍മാരെ ലഭ്യമായിട്ടില്ലെന്നാണ് അധികൃതരുടെ നിലപാട്.
ബ്ലഡ് പ്രഷര്‍ ചികിത്സയ്ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രോഗികളെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസ് രോഗികള്‍ക്ക് നല്‍കിയിരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സും(NICE) ചികിത്സാ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ട്. യുഎസ് നിര്‍ദേശം പാലിക്കുകയാണെങ്കില്‍ യുകെയിലെ പകുതിയോളം വരുന്ന രോഗികള്‍ക്ക് ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നതിന് മരുന്ന് നല്‍കേണ്ടി വരും. എന്നാല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി നടത്തിയ പഠനത്തില്‍ ഇത്തരം തീരുമാനങ്ങള്‍ രോഗിയുടെ ആരോഗ്യനില കൂടുതല്‍ അപകടത്തിലാക്കുമെന്ന് വ്യക്തമാക്കുന്നു.
ബ്ലഡ് പ്രഷറുണ്ടെന്ന് തെളിഞ്ഞ് കഴിഞ്ഞാല്‍ രോഗികളില്‍ മാനസിക പിരിമുറക്കവും വ്യാകുലതയും വര്‍ധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നി നടത്തിയ പഠനത്തില്‍ പറയുന്നു. ചിലര്‍ക്ക് മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും ഇത് ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനം വ്യക്തമാക്കുന്നു. ബ്ലഡ് പ്രഷര്‍ കൂടുതലുള്ള രോഗികള്‍ക്ക് സാധാരണയായി എന്‍എച്ച്എസില്‍ നിന്ന് ലഭിക്കുന്ന മരുന്ന് സട്രോക്ക് അല്ലെങ്കില്‍ ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം വ്യക്തമാക്കുന്നു. ഈ മരുന്ന് കഴിക്കുന്നവര്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ ജീവഹാനി തന്നെ സംഭവിച്ചേക്കാവുന്ന രോഗം പിടിപെടാന്‍ 20 ശതമാനം സാധ്യതയുണ്ടെന്നാണ് പഠനം. ബ്ലഡ് പ്രഷറിനായി നല്‍കുന്ന മരുന്നിന് ദിവസം വെറും 10 പെന്‍സ് മാത്രമാണ് ചെലവ്.
ബ്ലഡ് പ്രഷര്‍ നില 140/90 വരെയുള്ള ഏതാണ്ട് ഏഴ് മില്യണ്‍ രോഗികള്‍ ബ്രിട്ടനിലുണ്ട്. ഇവര്‍ സ്ഥിരമായി ബ്ലഡ് പ്രഷര്‍ പില്ലുകള്‍ കഴിക്കുന്നവരാണ്. അതേസമയം ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നത് 50 ശതമാനം രോഗികളിലും മരണനിരക്ക് കുറയ്ക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ട്രയലില്‍ വ്യക്തമായിട്ടുണ്ട്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കണ്ടെത്തിയ തെളിവുകളാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സ് പരിഗണനയിലെടുത്തിട്ടുള്ളത്. സമാന കണ്ടെത്തല്‍ നടത്തിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പഠനവും ഈ ഘട്ടത്തില്‍ എന്‍ഐസിഇ പരിഗണിച്ചു വരികയാണ്. ചികിത്സാ രീതി ഈ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നിര്‍ണയിക്കാനാണ് എന്‍ഐസിഇ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രകാരം രോഗികള്‍ ദിവസവും രണ്ട് പില്ലുകള്‍ വീതം എടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഈ ചികിത്സകള്‍ക്ക് ചുരുങ്ങിയ പണം മാത്രമാണ് ചെലവ്.
മദ്യലഹരിയില്‍ നില്‍ക്കുന്ന പുരുഷന്‍മാര്‍ക്ക് സ്ത്രീകള്‍ ലൈംഗിക വസ്തുക്കളായി തോന്നുന്നുവെന്ന് പഠനം. പുരുഷന്‍മാര്‍ സ്ത്രീകളെ ലൈംഗികമായി സമീപിക്കുന്ന കാര്യത്തില്‍ മദ്യം നടത്തുന്ന ഇടപെടലിനെക്കുറിച്ചാണ് പഠനം പറയുന്നത്.
പുരുഷന്റെ കാമാസക്തിക്കു തൃപ്തി നല്‍കുകയും പുരുഷനുവേണ്ടി കുട്ടികളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഉപകരണമായി സ്ത്രീ മാറ്റപ്പെടുന്നു. ലൈംഗികതയില്‍ സ്ത്രീയുടെ … ഈ ഘട്ടത്തില്‍ സ്ത്രീകള്‍ ആത്മീയതയെ വാരിപ്പുണര്‍ന്നു നിര്‍വൃതി തേടുമ്പോള്‍ പുരുഷന്‍മാര്‍ മദ്യത്തിലും തത്തുല്യമായ സംതൃപ്തികളിലും അഭയം തേടുന്നു. … അപരനെ സ്വന്തം സുഖത്തിനുള്ള വസ്തുവായി കാണുന്നിടത്തു ലൈംഗികബന്ധം വെറും ശാരീരിക പ്രക്രിയയായി, കാമം മാത്രമായി തീരുന്നു.
20-കളില്‍ പ്രായമുള്ള പുരുഷന്‍മാരെ ഉള്‍പ്പെടുത്തിയാണ് പഠനം നടന്നത്.ഇവരെ രണ്ട് ഭാഗമായി തിരിച്ച് ഒരു ഭാഗത്തിന് മത്ത് പിടിക്കാന്‍ മാത്രവും, മറുഭാഗത്തുള്ളവര്‍ക്ക് ചുരുങ്ങിയ അളവിലും മദ്യം നല്‍കി. ഇതിന് ശേഷം 80 സ്ത്രീകളുടെ ചിത്രങ്ങള്‍ നല്‍കി വിലയിരുത്താന്‍ ആവശ്യപ്പെട്ടു. കാഴ്ചയെ ട്രാക്ക് ചെയ്യുന്ന ടെക്‌നോളജി കൂടി പ്രയോജനപ്പെടുത്തിയ ശേഷമാണ് പഠനം നടത്തിയത്.
സ്ത്രീകളുടെ ബാഹ്യരൂപം നോക്കിയുള്ള പുരുഷന്‍മാരുടെ വിലയിരുത്തലില്‍ മുഖത്തേക്കാളേറെ ശരീരഭാഗങ്ങളിലേക്ക് ഇവരുടെ കാഴ്ച എത്തിയത്. താരതമ്യേന ചെറിയ അളവില്‍ കുടിച്ചവരാകട്ടെ സൗഹൃദപരമായാണ് കാര്യങ്ങളെ സമീപിച്ചത്.എത്രത്തോളം മദ്യം അകത്താക്കുന്നു എന്നതിന് പുറമെ സ്ത്രീയുടെ ആകര്‍ഷണീയതയും കൂടി നോക്കിയാണ് ലൈംഗിക മനോഭാവം കൂടുതലായി പ്രകടമാകുന്നത്. മദ്യം കൂടുതലുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ ലൈംഗിക വസ്തുക്കളായി വിലയിരുത്തപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഇതോടെ വ്യക്തമായി.
ആവിഷ്കാരം മാത്രം പോര, അത് നടപ്പിലാക്കാനുള്ള ഇഛ ശക്തി കൂടി വേണം. സ്ത്രീത്വത്തെ പറ്റി പുരുഷന്മാരില്‍ അവഭോദം സൃഷ്ട്ടിക്കുക്ക. സ്ത്രീത്വം ബെഹുമാനിക്കപെടെണ്ടതും, ആദരിക്ക പെടെണ്ടതും ആണ് എന്നുള്ള ബോധം പുരുഷന്‍ മാരില്‍ ഉളവക്കണം. അത് പീഡിപ്പിക്കാനും, കാമവെറി പൂണ്ടു നശിപ്പിക്കനുള്ളതും അല്ല എന്നാ ചിന്ത പുരുഷന്മാരില്‍ ഉണ്ടാകണം. ഭുരിഭാഗം പുരുഷന്മാര്‍ക്കും സ്ത്രീ എന്നാല്‍ വെറും ലൈംഗിക ഉപകരണം മാത്രമാണ്.
ചെറുപ്പത്തില്‍ മസ്തിഷ്‌കത്തിനുണ്ടാകുന്ന പരിക്കുകള്‍ പ്രായമാകുമ്പോളുണ്ടാകുന്ന ഡിമെന്‍ഷ്യക്ക് കാരണമാകുമെന്ന് പഠനം. ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറിയും അവ പിന്നീടുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കൂറിച്ചും ഡാനിഷ്, യുഎസ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിഷയത്തില്‍ നടന്നിരിക്കുന്ന സമഗ്രമായ പഠനങ്ങളിലൊന്നാണിത്. ചെറുപ്രായത്തില്‍ തന്നെ മസ്തിഷ്‌കത്തില്‍ പരിക്കേല്‍ക്കുന്ന ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ അല്‍ഷൈമേഴ്‌സും ഡിമെന്‍ഷ്യയുടെ ഇതര രൂപങ്ങളായ അസുഖങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. 36 വര്‍ഷങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 2.8 മില്യണ്‍ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പഠന വിധേയമാക്കിയ ഗവേഷകര്‍ 20 വയസിന് മുന്‍പ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി സംഭവിച്ചവര്‍ക്ക് ഡിമെന്‍ഷ്യ പിടിപെടാന്‍ 63 ശതമാനം സാധ്യതയുള്ളതായി കണ്ടെത്തി.
തലയ്ക്ക് ക്ഷതമേറ്റ് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയുക. 30 വയസിന് ശേഷമുണ്ടാകുന്ന മസ്തിഷ്‌ക പരിക്കുകള്‍ ഡിമെന്‍ഷ്യക്ക് കാരണമാകാനുള്ള സാധ്യതകള്‍ താരതമ്യേന കുറവാണ്. ഇത്തരം ആളുകള്‍ക്ക് ഡിമെന്‍ഷ്യ പിടിപെടാന്‍ 30 ശതമാനം സാധ്യത മാത്രമാണുള്ളത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പരിക്കുകളാണ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി എന്ന പേരിലറിയപ്പെടുന്നത്. റോഡ് അപകടങ്ങള്‍, വലിയ വീഴ്ച്ചകള്‍ തുടങ്ങിയവ സംഭവിക്കുമ്പോഴാണ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറിയുണ്ടാകുന്നത്. ചെറിയ ക്ഷതങ്ങുളും ടിബിഐ ആയാണ് കണക്കാക്കുന്നത്. തലക്ക് ഒരു തവണ ക്ഷതമേറ്റാല്‍ പോലും ഡിമെന്‍ഷ്യക്ക് 17 ശതമാനം സാധ്യതയുണ്ടത്രേ!
ബോക്‌സിംഗ്, റഗ്ബി, ഫുട്‌ബോള്‍ പോലെയുള്ള ഗെയിമുകളില്‍ തലയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. കായികതാരങ്ങള്‍ മറവിരോഗത്തിന് അടിമയാകാനുള്ള വലിയ സാധ്യതയാണ് ഇത് നല്‍കുന്നത്. ഓരോ വര്‍ഷവും 50 മില്യന്‍ ആളുകള്‍ക്ക് ടിബിഐ ഉണ്ടാകുന്നുണ്ട്. ഇത് തടയാനായാല്‍ ഡിമെന്‍ഷ്യ വരുന്നത് ഒഴിവാക്കാന്‍ ഒരു പരിധി വരെ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ 47 മില്യന്‍ ആളുകള്‍ക്ക് ഡിമെന്‍ഷ്യ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവിതദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതനുസരിച്ച് രോഗികളുടെ എണ്ണവും ഉയരുമെന്നാണ് വിലയിരുത്തല്‍. .
മധ്യവയസ് മുതല്‍ മനുഷ്യനെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമാണ് നടുവേദന. നടുവേദനയ്ക്ക് കാരണങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും നട്ടെല്ലിലെ ഡിസ്‌കുകള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന പരിക്കുകളാണ് പ്രധാന വില്ലന്‍. വളരെ ശക്തമായ ഘടനയുണ്ടായിട്ടും ഇതിന് പരിക്കുകള്‍ വരാന്‍ കാരണമെന്താണ്? നാം അതിനെ തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നത് തന്നെയെന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. കനം കൂടിയ വസ്തുക്കള്‍ ഉയര്‍ത്തുന്നത് നടുവിന് ക്ഷതമുണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ജോലിസ്ഥലങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ക്കായി ഹോയിസ്റ്റുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു വരുന്നു.
അമിതഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കണമെന്നു തന്നെയാണ് ലിഫ്റ്റിംഗ് പരിശീലനം നല്‍കുന്നവര്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍ ഇത് കാര്യമായി ഫലപ്രദമാകില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പുതിയൊരു സമീപനം ഇതിലുണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിലെ പേശികള്‍ ശക്തമാകണമെങ്കില്‍ ഭാരം വഹിക്കുന്നത് അവയ്ക്ക് ശീലമാകണം. നട്ടെല്ലിലെ കലകള്‍ക്കും ഇത്തരം പരിശീലനം നല്‍കിയാല്‍ സന്ധികള്‍, പേശികള്‍, ലിഗമെന്റുകള്‍ എന്നിവ കൂടുതല്‍ ഭാരം വഹിക്കുന്നതിന് സജ്ജമാകും. അമിതഭാരം ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ ശരീരത്തിന് ആവശ്യമായ കരുത്ത് സമ്പാദിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാധാരണ യുക്തിവെച്ച് ചിന്തിച്ചാല്‍ നമുക്ക് ഇക്കാര്യം മനസ്സിലാവും. ഗ്രാവിറ്റിയുടെ അഭാവത്തില്‍ ശരീരത്തിന് ഭാരമില്ലാതാകുന്നതോടെ ബഹിരാകാശ യാത്രികരില്‍ ഡിസ്‌ക് സ്വെല്ലിംഗ്, സ്‌പൈന്‍ സ്റ്റിഫ്‌നസ്, മസില്‍ വെയിസ്റ്റിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പിന്നീട് നടുവേദന വിട്ടുമാറുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു.
കൃത്യമായ പ്രാക്ടീസുകള്‍ക്ക് മാത്രമെ ശരീരത്തിലെ അസ്ഥികളെയും പേശികളെയും കരുത്തുറ്റതാക്കാന്‍ പറ്റുകയുള്ളു. തയ്യാറെടുപ്പുകള്‍ നടത്താതെ ആരും മാരത്തോണില്‍ പങ്കെടുക്കാറില്ല എന്നത് പോലെ തന്നെയാണ് ഭാരം ഉയര്‍ത്തുന്ന കാര്യവും. ഒറ്റയടിക്ക് താങ്ങാവുന്നതിനപ്പുറം ഭാരമെടുത്താല്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ധരിക്കരുത്. സ്ഥിരമായി നടുവളച്ച് ഭാരമെടുക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഭാരമെടുത്തുകൊണ്ട് ശരീരം വളയ്ക്കുന്നതും തിരിക്കുന്നതും നട്ടെല്ലിന് പരിക്കുകള്‍ വരുത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.