ലണ്ടന്‍: പാരസെറ്റമോള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്ധ്യതയുണ്ടാകുമെന്ന് പഠനം. ഗര്‍ഭത്തിലുള്ള പെണ്‍കുട്ടികളുടെ അണ്ഡാശയത്തിന്റെ വളര്‍ച്ചയെ പാരസെറ്റമോള്‍ ബാധിക്കാമെന്നും അതിലൂടെ സാധാരണയുണ്ടാകുന്നതിലും കുറച്ച് അണ്ഡങ്ങളേ ഇവരില്‍ ഉണ്ടാകുകയുള്ളുവെന്നും പഠനം വ്യക്തമാക്കുന്നു. ഗര്‍ഭത്തിലുള്ള ആണ്‍കുട്ടികളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെയും പാരസെറ്റമോള്‍ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു.
എലികളില്‍ നടത്തിയ പഠനങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളില്‍ പാരസെറ്റമോള്‍ വരുത്തുന്ന ദൂഷ്യഫലങ്ങളേക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചു. സ്ത്രീകളില്‍ കുട്ടികളുണ്ടാകുന്ന ശരാശരി പ്രായം വൈകി വരുന്ന യുകെ പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഈ പഠനത്തിന്റെ ഫലം ആശങ്കയുളവാക്കുന്നതാണെന്ന് കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോ. ഡേവിഡ് ക്രിസ്റ്റന്‍സെന്‍ പറഞ്ഞു. ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം വളരെ കുറഞ്ഞ കാലത്തേക്കാണ് പാരസെറ്റമോള്‍ നിര്‍ദേശിക്കപ്പെടാറുള്ളത്.
മൂന്ന് വ്യത്യസ്ത ലബോറട്ടറികളില്‍ നടന്ന പഠനത്തിന് ഒരേ ഫലം തന്നെയാണ് ലഭിച്ചിരിക്കുന്നത്. മനുഷ്യരോട് സമാനമായ ആന്ഘതരിക ഘടനയുള്ള എലികളിലാണ് പഠനം നടത്തിയത്. മനുഷ്യന്റെ പ്രത്യുല്‍പാദന വ്യവസ്ഥയെ പാരസെറ്റമോള്‍ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വേദനാസംഹാരിയായ പാരസെറ്റമോള്‍ നിരുപദ്രവകാരിയായ മരുന്നെന്ന നിലയില്‍ ആളുകള്‍ ഉപയോഗിക്കാറുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചില്ലെങ്കിലും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ മരുന്ന് കഴിക്കാറുണ്ടെന്നതാണ് വാസ്തവം.
ന്യൂസ് ഡെസ്ക്
ഓസീ ഫ്ളൂ കില്ലർ വൈറസ് യുകെയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അടിയന്തിര നടപടികളുമായി എൻ എച്ച് എസ് രംഗത്തെത്തി. നിരവധി ഡോക്ടർമാർ അവധി ക്യാൻസൽ ചെയ്ത് ഡ്യൂട്ടിയിൽ പ്രവേശിച്ചു. മിക്ക ഡോക്ടർമാരും നഴ്സുമാരും നിശ്ചിത ഡ്യൂട്ടി സമയം കഴിഞ്ഞും രോഗികൾക്കായി വാർഡുകളിൽ സമയം ചിലവഴിക്കുന്നുണ്ട്. അടിയന്തിരമല്ലാത്ത 55,000 ഓപ്പറേഷനുകൾ NHS ക്യാൻസൽ ചെയ്തു. പ്ളിമൗത്തിൽ 14 ഉം ഡോൺകാസ്റ്ററിൽ എട്ടും ഓസീ ഫ്ളൂ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡുറം 5, സട്ടൺ 2, ഡംഫ്രൈ 3 എന്നിങ്ങനെ മറ്റു സ്ഥലങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രിക്കാനായില്ലെങ്കിൽ കഴിഞ്ഞ 50 വർഷങ്ങളിൽ യുകെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഫ്ളൂ ബാധയാണ് വരാൻ പോകുന്നതെന്ന് വിദഗ്ദർ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിരവധി പേർ കഴിഞ്ഞ ശൈത്യകാലത്ത് ഓസീ ഫ്ളൂ മൂലം മരണമടഞ്ഞിരുന്നു.
എന്താണ് ഓസീ ഫ്ളൂ?
H3 N2 എന്ന ഒരു ശൈത്യകാല രോഗാണു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഓസീ ഫ്ളൂ. ഓസ്ട്രേലിയയിൽ കഴിഞ്ഞ ശൈത്യകാലത്ത് ഉണ്ടായ ഫ്ളൂവിന്റെ ഒരു വകഭേദമാണ് യുകെയിലും എത്തിയിരിക്കുന്നത്. ഈ വൈറസ് ബാധിച്ചവരിൽ കനത്ത ഫ്ളൂ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
ഓസീ ഫ്ളൂവിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ചുമ, തൊണ്ടവേദന, തലവേദന, പനി, സന്ധികൾക്ക് വേദന, വിറയൽ, ശരീരവേദന, ഛർദ്ദിൽ, ഡയറിയ എന്നിവ ഓസീ ഫ്ളൂ ബാധിച്ചവരിൽ കണ്ടു വരുന്നു. ഫ്ളൂ കലശലായാൽ ന്യൂമോണിയ ആയി മാറാനും സാധ്യതയുണ്ട്. കുട്ടികളിൽ ചെവി വേദനയും കാണാറുണ്ട്.
ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ വാക്സിനേഷൻ ലഭ്യമാണോ?.
ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ യുകെയിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരു വാക്സിൻ വികസിപ്പിച്ചിരുന്നു. ഇത് എത്രമാത്രം ഫലപ്രദമാണ് എന്ന് വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. 65 വയസിൽ മുകളിൽ പ്രായമുള്ളവരും ഗർഭിണികളും ഈ ഫ്ളൂ വാക്സിനേഷൻ എടുക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് സ്പ്രേ വാക്സിനും ലഭ്യമാണ്. വാക്സിനേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജി.പി പ്രാക്ടീസുകളിലും ഫാർമസികളിലും ലഭ്യമാണ്. വാക്സിൻ എടുത്ത് 10 മുതൽ14 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിന് പ്രതിരോധശേഷി ലഭിച്ചു തുടങ്ങും.
ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും.
വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാന പ്രതിരോധ മാർഗം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. തുമ്മുമ്പോൾ വായ് ടിഷ്യൂ ഉപയോഗിച്ച് കവർ ചെയ്യുക അതിനു ശേഷം ടിഷ്യൂ ഉടൻ ബിന്നിൽ നിക്ഷേപിക്കുക. ഫോൺ, കീബോർഡുകൾ, ഡോർ ഹാൻഡിലുകൾ എന്നിവ ഇടയ്ക്കിടെ വൃത്തിയാക്കുക.
ഫ്ളൂ ഉള്ളപ്പോൾ ജോലിക്ക് പോകാമോ?
ഫ്ളൂ ഉള്ളപ്പോൾ ജോലിക്ക് പോവാതിരിക്കുന്നതാണ് അഭികാമ്യമെന്ന് NHS ഗൈഡ് ലൈൻ പറയുന്നു. ഫ്ളൂ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് സഹായിക്കും.
ഫ്ളൂ വന്നാൽ എന്തു ചെയ്യണം.
ഓസീ ഫ്ളൂ ബാധിച്ചു കഴിഞ്ഞാൽ രോഗിക്ക് തളർച്ചയും ക്ഷീണവും അനുഭവപ്പെടും. ഈ അവസരത്തിൽ ബെഡ് റെസ്റ്റ് അനിവാര്യമാണ്. നല്ല ആരോഗ്യമുള്ളവർ നേരിയ ഫ്ളൂ ലക്ഷണങ്ങൾ മാത്രമേ ഉള്ളു എങ്കിൽ ഡോക്ടറെ കാണേണ്ട ആവശ്യമില്ല. അല്ലാത്തവർ ഡോക്ടറുടെ ഉപദേശം നിർബന്ധമായും തേടിയിരിക്കണം. ഫ്ളൂ ബാധിച്ചാൽ നല്ല വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഡീ ഹൈഡ്രേഷൻ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പനി നിയന്ത്രിക്കാൻ പാരസെറ്റമോളും ഐബുപ്രൊഫിനും ഉപയോഗിക്കാം. ഫ്ളൂവിൽ നിന്ന് മുക്തി പ്രാപിക്കാൻ ഒരാഴ്ച എങ്കിലും എടുക്കും.
എംആര്‍ വാക്‌സിനെതിരെ വലിയ രീതിയില്‍ ക്യാമ്പെയ്‌നുകൾ നടക്കുന്‌പോള്‍ ആയിരുന്നു ഒരു വനിത ഡോക്ടര്‍ ആ ‘സാഹസത്തിന്ട മുതിര്‍ന്നത്. അത് സാഹസമല്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ വ്യാജ പ്രചാരണങ്ങളില്‍ പരിഭ്രാന്തരായി നില്‍ക്കുന്നവരെ ബോധ്യപ്പെടുത്താന്‍ അത് ചെയ്യേണ്ടി വന്നു. ഡോ ഷിംന അസീസ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓഫീസര്‍ ആണ്. എംആര്‍ വാക്‌സിനെ കുറിച്ച് സംശയമുള്ള ഒരു കൂട്ടം രക്ഷിതാക്കള്‍ക്ക് മുന്നില്‍ വച്ച് ഡോ ഷിംന സ്വയം വാക്‌സിന്‍ കുത്തിവപ്പ് എടുക്കുകയായിരുന്നു. അതോടെ പലരുടേയും ആശങ്ക മാറുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന ഇന്‍ഫോ ക്ലിനിക്കിന്റെ ഭാഗം കൂടിയാണ് ഡോ ഷിംന. സെക്കന്‍ഡ് ഒപ്പീനിയന്‍ എന്ന തലക്കെട്ടില്‍ ഡോ ഷിംന പല തെറ്റിദ്ധാരണകളും പൊളിച്ചടുക്കുന്നും ഉണ്ട്. ഇത്തവണ ആര്‍ത്തവത്തെ കുറിച്ചാണ് ഷിംന പറയുന്നത്….
ആണും പെണ്ണും
നിങ്ങള്‍ക്ക് സൂസൂ വെക്കണം എന്ന് വിചാരിക്കുക. റോഡ് സൈഡില്‍ പോയി നില്‍ക്കുന്നു, സിബ് അഴിക്കുന്നു… അയ്യോ, ഒരു മിനിറ്റ് ശ്ശേ! അങ്ങോട്ട് മാറി നില്‍ക്ക് പെങ്കൊച്ചേ, നിന്നോടല്ല. ഓണ്‍ലി പുരുഷന്മാര്‍ ഹിയര്‍. മൈ ക്വസ്റ്റിയന്‍ ഈസ്, അങ്ങനെ പൈനായിരം ഉറുപ്യ കടം വീട്ടുന്ന അനുഭൂതിക്ക് വേണ്ടി സിബ്ബഴിച്ച് മുള്ളാന്‍ നോക്കുമ്പോ രക്തം പുറത്തേക്ക് ഒലിച്ച് വന്നാല്‍ എങ്ങനിരിക്കും? നല്ല രസായിരിക്കുമല്ലേ? ഏതാണ്ട് ഇങ്ങനെയാണ് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പെട്ടെന്നൊരു സുപ്രഭാതത്തില്‍ സംഭവിച്ചത്. എന്നിട്ടും ഞങ്ങള്‍ക്കൊരു ചുക്കും സംഭവിച്ചീല. അത് തന്നെ ആര്‍ത്തവം. ഇന്നത്തെ #SecondOpinion ഒരല്‍പ്പം ചോരക്കറ പുരണ്ടതാണ്.
ആ ചുവപ്പന്‍ പ്രസ്ഥാനത്തെ കുറിച്ച്
ഞങ്ങളില്‍ മിക്കവര്‍ക്കും ഇങ്ങനെയൊന്ന് വരാന്‍ പോണെന്ന് അറിയായിരുന്നു, ചിലര്‍ക്കൊക്കെ സൂചനയെങ്കിലും ഉണ്ടായിരുന്നു. ചിലര്‍ക്ക് സംഭവശേഷം കാര്യമെന്താണെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞു തന്നു. അപ്പോഴും കല്യാണം കഴിയും വരെ ഈ ചുവപ്പന്‍ പ്രസ്ഥാനത്തെക്കുറിച്ച് ലവലേശം ബോധമില്ലാതെ ഒരുപാട് ആണ്‍പിറന്നവന്‍മാര്‍ നടന്നു, ഇപ്പോഴും നടക്കുന്നു. ഇനി ബോധമുണ്ടെന്ന് പറയുന്നവരുടെ ബോധം ഒന്നഴിച്ച് നോക്കിയാലോ, പലരും മനസ്സിലാക്കി വച്ചിരിക്കുന്നതില്‍ മുക്കാലും അബദ്ധങ്ങളുടെ പെരുമഴയും. സാരമില്ല, അടുത്ത രണ്ടേ രണ്ട് മിനിറ്റ് കൊണ്ട് നമ്മളാ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ പോവുകയാണ്.
തയ്യാറെടുപ്പ്
ഗര്‍ഭപാത്രം എന്ന് പറയുന്ന അവയവമുണ്ടല്ലോ, അവിടം മിക്കപ്പഴും കുഞ്ഞാവ വരാന്‍ വേണ്ടി കുളിച്ച് കുട്ടപ്പനായി ഇരിക്കുകയാണ്. പുത്യാപ്ല വരുന്നതിനു മുന്‍പ് അറ ഒരുക്കി കാത്തിരിക്കുനത് പോലെ വന്നു കയറി അണ്ഡവുമായി ലൗ ആകാന്‍ പോകുന്ന ബീജത്തെ കാത്ത് ഗര്‍ഭപാത്രവും ഇങ്ങനെ ഒരുപാട് ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. വീട് പെയിന്റടിക്കുന്നതും കതകൊക്കെ അടച്ചുറപ്പാക്കുന്നതും പോലെ ഗര്‍ഭപാത്രത്തിനുള്ളില്‍ എന്‍ഡോമെട്രിയം എന്ന ആവരണം നിര്‍മ്മിക്കും. പുതിയ രക്തക്കുഴലുകള്‍ ഉണ്ടാക്കി അവിടത്തെ രക്തപ്രവാഹമെല്ലാം ഉഷാറാക്കുകയും ചെയ്യും.
കാത്തിരുന്നിട്ടും വന്നില്ലെങ്കില്‍
ഇത്രയൊക്കെ ഒരുക്കി കാത്തിരുന്നിട്ടും ആ മാസം അണ്ഢാശയത്തില്‍ നിന്നും പുറത്ത് വരുന്ന അണ്ഢത്തെ ഫലോപിയന്‍ ട്യൂബില്‍ വെച്ച് പിടികൂടാന്‍ വാല്‍മാക്രിയെ പോലെ തുള്ളിപ്പിടച്ച് ബീജം വന്നില്ലെങ്കില്‍ കല്യാണം മുടങ്ങിയ വീട് കണക്ക് ഗര്‍ഭാശയം ശോകമൂകമാകും. യഥേഷ്ടം രക്തപ്രവാഹം നേടി മിടുക്കിയായ ഗര്‍ഭപാത്രത്തിന്റെ ഉള്‍പാളിയായ എന്‍ഡോമെട്രിയം അതിന്റെ രക്തക്കുഴലുകള്‍ ഉള്‍പ്പെടെ ഇടിഞ്ഞുപൊളിഞ്ഞ് യോനി വഴി പുറത്ത് പോരുകയും ചെയ്യും. കൂട്ടത്തില്‍ ചെക്കന്‍ വരാത്തത് കൊണ്ട് വേസ്റ്റായ അണ്ഢവും പിണങ്ങി ഇറങ്ങിപ്പോകും. ഈ പോവുന്നതിനെയാണ് ആര്‍ത്തവം എന്ന് പറയുന്നത്. ഇങ്ങനെ പഴയത് പോയി വീണ്ടും ഫ്രഷായ ഗര്‍ഭപാത്രവും ഒന്നേന്ന് പണി തുടങ്ങും. പുതിയ എന്‍ഡോമെട്രിയം, പുതിയ അണ്ഢം. അവര്‍ ബീജേട്ടനെ കാത്ത് ഗര്‍ഭത്തെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രൊജസ്‌ട്രോണ്‍ ഒഴുക്കി കൊതിയോടെ കാത്തിരിക്കും. ഇത് ആര്‍ത്തവവിരാമം വരെ ഓരോ മാസവും ആവര്‍ത്തിക്കും.
അതാണ് ഈ ദേഷ്യത്തിന് കാരണം
ഈ പറഞ്ഞ സംഗതി മാസാമാസം വരുമ്പോഴാണ് വീട്ടില്‍ ഭാര്യയും അമ്മയും പെങ്ങളും കൂട്ടുകാരിയും ക്ഷീണവും മടുപ്പും ദേഷ്യവുമൊക്കെ കാണിക്കുന്നത്. എന്‍ഡോമെട്രിയത്തെ പുറത്ത് ചാടിക്കാന്‍ വേണ്ടി ഗര്‍ഭപാത്രം ഞെളിപിരി കൊള്ളുന്നത് കാരണമാണ് വയറുവേദന ഉണ്ടാകുന്നത്. ഓള്‍ക്ക് ആര്‍ത്തവത്തിന് തൊട്ടുമുമ്പ് കണ്ട് വരുന്ന മെഗാസീരിയല്‍ നായികയെ അനുസ്മരിപ്പിക്കുന്ന കരച്ചിലും ആധിയും വേവലാതിയും ദേഷ്യവുമൊക്കെയുള്ള ചൊറിയന്‍ സ്വഭാവമാകട്ടെ, ഹോര്‍മോണുകളുടെ കയ്യാങ്കളി കൊണ്ട് വരുന്നതും. ചിലരുടെ ഭാഷയില്‍ ‘അവള്‍ടെ മറ്റേ സ്വഭാവം’ എന്നൊക്കെ അണപ്പല്ല് കടിച്ചു കൊണ്ട് വിശേഷിപ്പിക്കുമെങ്കിലും ഞങ്ങള്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ ഇതിന് ‘പ്രീ മെന്‍സ്ച്വറല്‍ സിണ്ട്രോം’ എന്ന് പറയും. യൂ നോ, ബേസിക്കലി ഞങ്ങള്‍ പെണ്ണുങ്ങള്‍ പഞ്ചപാവങ്ങളാണ്. സംശ്യണ്ടാ?
ആ സംശയം വേണ്ട
വാല്‍ക്കഷ്ണം : ആര്‍ത്തവസമയത്ത് ബന്ധപ്പെട്ടാല്‍ വെള്ളപ്പാണ്ട്/അംഗവൈകല്യം ഉള്ള കുഞ്ഞുണ്ടാകും എന്നാണ് കുറേ പേരുടെ വിശ്വാസം. മാസത്തില്‍ ഒരിക്കല്‍ മാത്രം ആകെ മൊത്തം ഇരുപത്തിനാല് മണിക്കൂര്‍ ജീവനോടെ ഇരുന്ന അണ്ഢം ബീജസങ്കലനം നടക്കാത്തത് കൊണ്ട് പുറന്തള്ളപ്പെടുന്നതാണ് ആര്‍ത്തവം. സാധാരണ ഗതിയില്‍, അപ്പോള്‍ ബന്ധപ്പെട്ടാല്‍ ഒരു പൂച്ചക്കുഞ്ഞ് പോലും ഉണ്ടാകില്ല. അപൂര്‍വ്വമായി പണി കിട്ടുന്നതിന് വേറെ വിശദീകരണമുണ്ട്, അപ്പോഴും ആ കുഞ്ഞിന് ആര്‍ത്തവം കാരണം വൈകല്യമുണ്ടാകില്ല. ഇതൊക്കെ, ആ സമയത്ത് ഓള്‍ക്ക് ഇച്ചിരെ റെസ്റ്റ് കിട്ടാന്‍ വേണ്ടി പണ്ടാരാണ്ട് പറഞ്ഞുണ്ടാക്കിയതാണേ…
[ot-video][/ot-video]
പൊതു ഇടങ്ങളിൽ ഏതൊരു സ്ത്രീയുടെയും പ്രശ്‌നമാണ് മൂത്രമൊഴിക്കുവാന്‍ വൃത്തിയുള്ള സുരക്ഷിതമായ ഒരിടം ഇല്ല എന്നത്. കിലോമീറ്ററുകള്‍ നടന്നാലേ ഒരു ശൗചാലയം കാണാനാകൂ അത് ഉണ്ടെങ്കിലോ ജീവിതം പണയം വെച്ച് വേണം അങ്ങോട്ടേക്ക് കയറി ഇരിക്കുവാന്‍. ഇപ്പോഴിതാ സ്ത്രീകള്‍ക്കും അണുബാധയെ പേടിക്കാതെ നിന്നുകൊണ്ട് കാര്യം സാധിക്കുവാനുള്ള ഉപാധി വിപണിയില്‍ എത്തിയിരിക്കുന്നു. പൊതു ടോയ്ലറ്റുകളില്‍ സ്ത്രീകള്‍ക്ക് നിന്ന് മൂത്രമൊഴിക്കാന്‍ സഹായിക്കുന്ന പീ ബഡ്ഡി ഇന്ത്യയില്‍ ആദ്യമായി വിപണിയിലിറങ്ങിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് കൂടെ കൊണ്ടുനടക്കാന്‍ കഴിയുന്ന രീതിയിലാണ് സിറോണി അവതരിപ്പിക്കുന്ന പോര്‍ട്ടബിള്‍ യൂറിന്‍ ഉപകരണമായ പീ ബഡ്ഡിയുടെ രൂപ കല്‍പന. ഉപയോഗ ശേഷം ഇത് കളയുകയും ചെയ്യാം.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കാന്‍ പോകുന്നത് മിക്ക സ്ത്രീകളുടെയും ശീലമാണ്. എന്നാല്‍ അത് നിര്‍ത്തുന്നതായിരിക്കും നല്ലതെന്നാണ് യുഎസിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നത്. അതായത് ഇത്തരത്തില്‍ മൂത്രമൊഴിക്കുന്നതിലൂടെ യൂറിനറി ഇന്‍ഫെക്ഷന്‍ അഥവാ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ (യുടിഐ) ഉണ്ടാകുന്നതിന് സാധ്യതയേറെയാണെന്നാണ് അവര്‍ പുതിയ കണ്ടുപിടിത്തത്തിലൂടെ താക്കീത് നല്‍കിയിരിക്കുന്നത്. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ട് മിക്കവര്‍ക്കും ഏറെ തെറ്റിദ്ധാരണകളാണുള്ളതെന്നാണ് തന്റെ ക്ലിനിക്കിലെത്തുന്ന രോഗികളുമായി ഇടപഴകിയതില്‍ നിന്നു തനിക്ക് മനസിലാക്കാന്‍ സാധിച്ചിരിക്കുന്നതെന്നാണ് ന്യൂയോര്‍ക്കിലെ യൂറോളജിസ്റ്റായ ഡേവിഡ് കൗഫ്മാന്‍ വിശദീകരിക്കുന്നത്.
ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുന്നതിന് പ്രാധാന്യമുണ്ടെങ്കിലും അതിന് മുമ്പ് മൂത്രമൊഴിക്കുന്നത് അനുപേക്ഷണീയമല്ലെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. സെക്‌സിനിടെ യോനിയില്‍ നിന്നും ബാക്ടീരിയകള്‍ മൂത്രദ്വാരത്തിലേക്ക് വന്‍തോതില്‍ എത്താന്‍ സാധ്യതയുണ്ട്. സെക്‌സിന് മുമ്പ് മൂത്രമൊഴിച്ചാല്‍ മൂത്രത്തിന്റെ അംശങ്ങള്‍ അവിടെ ശേഷിക്കുമെന്നും ഇത് ബാക്ടീരിയകള്‍ക്ക് അണുബാധയുണ്ടാക്കാന്‍ അനുകൂലമായ സാഹചര്യമൊരുക്കുന്നുവെന്നുമാണ് ഗവേഷകര്‍ എടുത്ത് കാട്ടുന്നത്. മൂത്രദ്വാരത്തിലെ ബാക്ടീരിയകളെ ശക്തമായി പുറന്തള്ളാന്‍ മാത്രം മൂത്രമുള്ളപ്പോള്‍ മാത്രം അത് ഒഴിക്കുന്നതായിരിക്കും നല്ലതെന്നാണ് കൗഫ്മാന്‍ പറയുന്നത്.
അല്ലാതെ ബ്ലാഡറില്‍ കുറച്ച് മൂത്രം തങ്ങി നില്‍ക്കുന്ന രീതിയില്‍ മുത്രമൊഴിച്ചാല്‍ അത് യൂറിനറി ഇന്‍ഫെക്ഷന് സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ സെക്‌സിന് ശേഷം മൂത്രമൊഴിക്കാന്‍ പോയില്ലെങ്കില്‍ ഇത്തരം ബാക്ടീരിയകള്‍ ബ്ലാഡറിലേക്ക് പോയി അണുബാധയുണ്ടാക്കാന്‍ സാധ്യതയേറെയാണ്. സ്ത്രീകളുടെ ശാരീരികമായ സവിശേഷത കാരണം പുരുഷന്മാരേക്കാള്‍ യുടിഐ ഉണ്ടാകാനുള്ള സാധ്യത അവര്‍ക്കാണ് കൂടുതലെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.
സ്ത്രീകളില്‍ യോനിയില്‍ നിന്നും ബാക്ടീരിയകള്‍ മൂത്രദ്വാരത്തിലേക്ക് എത്താന്‍ സാധ്യത കൂടുതലാണ്. ഇതിലൂടെ ഇന്‍ഫെക്ഷനുള്ള സാധ്യതയും വര്‍ധിക്കും. അതായത് സ്ത്രീകളില്‍ ബാക്ടീരിയകള്‍ക്ക് ബ്ലാഡറിലെത്താന്‍ അധിക ദൂരം സഞ്ചരിക്കേണ്ടതില്ലെന്ന് ചുരുക്കം. സ്ഥിരമായി യുടിഐ ബാധിക്കുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ അത് ഒഴിവാക്കാന്‍ സാധിച്ചേക്കാം. ഇതിനായി പെര്‍ഫ്യൂംഡ് ബബിള്‍ ബാത്ത് ഒഴിവാക്കിയാല്‍ നന്നായിരിക്കും. സോപ്പ്, അല്ലെങ്കില്‍ ടാല്‍കം പൗഡര്‍ തുടങ്ങിയവ ലൈംഗിക അവയവങ്ങള്‍ക്ക് സമീപം ഉപയോഗിക്കാതിരിക്കുക. അതിന് പകരം പ്ലെയിനായതും പെര്‍ഫ്യൂമില്ലാത്തതുമായ ഇനങ്ങള്‍ ഉപയോഗിച്ചാല്‍ നന്നായിരിക്കും.
മൂത്രമൊഴിക്കുമ്പോള്‍ ബ്ലാഡറില്‍ തീരെ മൂത്രമില്ലെന്ന് ഉറപ്പ് വരുത്തുന്ന വിധം ഒഴിക്കുക.സെക്‌സിന് ശേഷം ബ്ലാഡറില്‍ തീരെ മൂത്രമില്ലെന്ന് ഉറപ്പ് വരുത്തുന്ന വിധം മൂത്രമൊഴിക്കണം. കോണ്‍ട്രാസെപ്റ്റീവ് ഡയഫ്രമോ സ്‌പെര്‍മിസൈഡല്‍ ലൂബ്രിക്കന്റുള്ള കോണ്ടമോ ഇത്തരക്കാര്‍ ഉപയോഗിക്കരുത്. അതിന് പകരം മറ്റ് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കുക. നൈലോണിന് പകരം കോട്ടണ്‍ കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ ഉപയോഗിക്കണം. ഇതിന് പുറമെ ടൈറ്റ് ജീന്‍സ്, ട്രൗസറുകള്‍ തുടങ്ങിയവയും ഇത്തരക്കാര്‍ ധരിക്കരുത്.
പ്രമേഹരോഗികൾക്കൊരു ആശ്വാസവാർത്ത. രാവിലെ ഉണർന്നപടി വിശന്നു കത്തുന്ന വയറുമായി രക്തപരിശോധനാ ലാബുകളിലേക്ക് ഇനി ഓടണ്ട. ആയിരങ്ങൾ മുടക്കി ഗ്ലൂക്കോമീറ്ററും വാങ്ങണ്ട. ഒരു സ്മാർട്ട്ഫോണ് കൈയിലുണ്ടായാൽ മതി. എവിടെയിരുന്നും എപ്പോൾ വേണമെങ്കിലും രോഗികൾക്ക് സ്വയം ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാൻ കഴിയുന്ന ആപ്ലിക്കേഷനും ഒരു പ്രത്യേക സ്മാർട്ട്ഫോണ് കെയ്സുമാണ് ഗവേഷകർ വികസിപ്പിച്ചിരിക്കുന്നത്.
കലിഫോർണിയ സാൻഡിയാഗോ യൂണിവേഴ്‌സിറ്റി പ്രൊഫസർ പാട്രിക് മെഴ്സിയറിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പുതിയ ആശയത്തിനു പിന്നിൽ. സ്മാർട്ട്ഫോണ് കെയ്സായി ഉപയോഗിക്കാവുന്ന ഈ ഉപകരണത്തെ ജി ഫോണ് എന്നാണ് പാട്രിക് വിശേഷിപ്പിക്കുന്നത്. ഉപയോഗിക്കാനും കൊണ്ടുനടക്കാനും വളരെ എളുപ്പമുള്ളതിനാൽ ഇത് ജനകീയമാകും എന്ന പ്രതീക്ഷയിലാണ് ഗവേഷകർ. എന്നാൽ ഇതിന്റെ വിശ്വാസ്യതയേക്കുറിച്ച് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ലണ്ടന്‍: കൗമാരത്തില്‍ പുകവലിയിലേക്ക് ആകൃഷ്ടരാകുന്നവര്‍ കരുതുന്നത് പുക വലിക്കുമ്പോള്‍ തങ്ങളെ കാണാന്‍ കൂടുതല്‍ സ്‌റ്റൈലിഷ് ആകുന്നു എന്നാണല്ലോ. സിനിമയിലും മറ്റും സൂപ്പര്‍ താരങ്ങള്‍ സിഗരറ്റ് വലിക്കുന്നതും സിഗരറ്റ് കൊണ്ട് കാട്ടിക്കൂട്ടുന്ന അഭ്യാസങ്ങളുമൊക്കെയാണ് ഇവര്‍ക്ക് ഈ ധാരണ നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത്. ഈ ധാരണ തെറ്റാണെന്ന് പുകവലിക്കാരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നതും വാസ്തവം. ഇപ്പോള്‍ ഇതാ പുതിയ പഠനം പറയുന്നത് പുകവലിക്കാരോട് മറ്റുള്ളവര്‍ക്കുള്ള ആകര്‍ഷണം കുറയുമെന്നാണ്. ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്.
500 പേരെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്. 23 ഇരട്ടകളുടെ ചിത്രങ്ങളാണ് ഇവര്‍ക്ക് നല്‍കിയത്. ചിത്രങ്ങളിലെ മുഖത്തിന്റെ പ്രത്യേകതകള്‍ ശ്രദ്ധിച്ച് അവര്‍ പുകവലിക്കുന്നവരാണോ എന്ന് പറയാനാണ് ഇവരോട് ആവശ്യപ്പെട്ടത്. പുകവലി വ്യക്തികളുടെ ആകര്‍ഷണീയതയെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയാനും നിര്‍ദേശിച്ചു. മനുഷ്യരുടെ രൂപത്തെ പ്രായം, ലിഗം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ ബാധിക്കാമെന്നതിനാല്‍ അവ കൂടി പരിഗണിച്ചുകൊണ്ടായിരുന്നു ഗവേഷണം നടത്തിയത്. ഐഡന്റിക്കല്‍ ഇരട്ടകളെ പഠനത്തിനായി പരിഗണിച്ചതും ഈ ഘടകങ്ങള്‍ കണക്കിലെടുത്താണ്.
ഒരേ വിധത്തിലുള്ള പ്രായ, സാഹചര്യങ്ങളില്‍ നിന്ന് വരുന്നവരായാതിനാല്‍ ഇരട്ടകളിലെ മാറ്റങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കും. ഇതിനായി ഇരട്ടകളുടെ പ്രോട്ടോടൈപ്പ് മുഖങ്ങളും ഉപയോഗിച്ചു. അതിശയമെന്ന് പറയട്ടെ പുകവലിക്കുന്നവരെ ഭൂരിപക്ഷം പേരെയും തിരിച്ചറിയാന്‍ പഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാധിച്ചു. 70 ശതമാനം കൃത്യതയോടെയാണ് ഇത് സാധിച്ചത്. പുകവലിക്കാത്തവരുടെ മുഖങ്ങള്‍ക്ക് ആകര്‍ഷകത്വം ഏറുമെന്നും പഠനത്തില്‍ വ്യക്തമായി.
എത്രനേരം സെക്‌സിലേര്‍പ്പെടണമെന്ന് ഓരോരുത്തര്‍ക്കും ഓരോ അവകാശവാദങ്ങളുണ്ടാകും. എന്നാല്‍, യാഥാര്‍ഥ്യം ഇതൊന്നുമല്ല. സോസി ഡേറ്റ്‌സ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് അടുത്തിടെ നടത്തിയ സര്‍വേ ലോകത്തെ വിവിധ രാജ്യങ്ങളിലുള്ളവരുടെ ലൈംഗികാഭിരുചികള്‍ വ്യക്തമാക്കുന്നു.
ലൈംഗിക ബന്ധം കൂടുതല്‍ നേരം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരില്‍ മുന്നില്‍ സ്ത്രീകളാണ്. 25 മിനിറ്റും 51 സെക്കന്‍ഡും സെക്‌സ് നീണ്ടുനില്‍ക്കണമെന്നാണ് സ്ത്രീകളുടെ ആഗ്രഹം. പുരുഷനും ഏറെക്കുറെ സമാനമായ സമയമാണ് പ്രതീക്ഷിക്കുന്നത്. 25 മിനിറ്റും 43 സെക്കന്‍ഡുമാണ് പുരുഷന്റെ ആഗ്രഹം.
എന്നാല്‍, സംഭവിക്കുന്നത് ഇതൊന്നുമല്ല. ശരാശരി 15 മിനിറ്റാകുമ്പോഴേക്കും സെക്‌സ് അവസാനിക്കുന്നു. കൂടുതല്‍ നേരം സെക്‌സിലേര്‍പ്പെടാന്‍ കഴിയുന്നത് അമേരിക്കയിലും കാനഡയിലുമുള്ളവര്‍ക്കാണ്. 17 മിനിറ്റോളം. 16 മിനിറ്റും 58 സെക്കന്‍ഡുമായി ബ്രിട്ടീഷുകാര്‍ രണ്ടാമതുണ്ട്. സര്‍വേ ഫലം ഇന്ത്യക്കാര്‍ക്ക് ഒട്ടും തന്നെ സന്തോഷം പകരുന്നതല്ല. കാരണം, സെക്‌സില്‍ ലോകത്തെ ഏറ്റവും ദുര്‍ബലരായി കണ്ടെത്തിയിരിക്കുന്നത് ഇന്ത്യക്കാരെയാണ്. 15 മിനിറ്റും 15 സെക്കന്‍ഡുമാണ് ഇന്ത്യക്കാരുടെ സെക്‌സ് സമയം.
സെക്‌സില്‍ താത്പര്യം നഷ്ടപ്പെടുന്നതിനും പല കാരണങ്ങളുണ്ടെന്ന് ഹൂസ്റ്റണിലെ സെക്‌സ് തെറാപ്പിസ്റ്റ് മേരി ജോ റാപിനി പറയുന്നു. പരസ്പരമുള്ള വിദ്വേഷമാണ് അതിലൊന്ന്. പുറത്തു പോവുകയോ പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കുകയോ ആണ് ഇതിനൊരു പരിഹാരം. ശരീരത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും വലിയൊരു ഘടകമാണ്. നിങ്ങളുടെ രൂപത്തില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസമില്ലെങ്കില്‍ നല്ലൊരു ലൈംഗിക ജീവിതം ലഭിക്കണമെന്നില്ല. സ്ത്രീകളെയാണ് അത് കൂടുതല്‍ ബാധിക്കുന്നത്. 52 ശതമാനത്തോളം സ്ത്രീകള്‍ ഈ കാരണം കൊണ്ട് സെക്‌സിലേര്‍പ്പെടാതെ പോകുന്നുവെന്ന് സര്‍വേ സൂചിപ്പിക്കുന്നു.
കൂടുതല്‍ ലൈംഗിക പങ്കാളികളുണ്ടെങ്കിലും സെക്‌സ് താത്പര്യം നശിക്കാമെന്ന് റാപിനി പറയുന്നു. ഒരു ബന്ധത്തില്‍നിന്ന് അടുത്തതിലേക്ക് മാറിക്കൊണ്ടിരുന്നാല്‍, ആരോടും സ്‌നേഹമില്ലാത്ത അവസ്ഥ വരും. ഗര്‍ഭനിരോധനത്തിനായി ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോള്‍ സെക്‌സിനോടുള്ള താത്പര്യം കുറച്ചേക്കും. ഗുളികകളും കുത്തിവെപ്പുകളും കോപ്പര്‍ ടി പോലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളും ഇങ്ങനെ സംഭവിക്കാന്‍ കാരണമായേക്കും.
പങ്കാളി മറ്റൊരാളെ അമിതമായി ശ്രദ്ധിക്കുന്നത് നിങ്ങളില്‍ അസൂയയും ലൈംഗികതയോടുള്ള താത്പര്യക്കുറവിനും കാരണമാകും. പങ്കാളി നിങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെങ്കിലും അത് താത്പര്യം നഷ്ടപ്പെടുത്തിയേക്കാം. കൂടുതല്‍ കാലം ഒരുമിച്ച് ജീവിക്കുന്നവര്‍ക്കിടയില്‍ താത്പര്യക്കുറവ് നേരത്തെ പിടിപെടാമെന്നും റാപിനി പറയുന്നു. ചില മരുന്നുകള്‍ കഴിക്കുന്നതിന്റെ പാര്‍ശ്വഫലമായി ലൈംഗിക തൃഷ്ണ കുറയാനും വഴിയുണ്ട്.
ലണ്ടന്‍: ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച പെണ്‍കുഞ്ഞ് ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക്. ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തിയാണ് വാനെലോപ് ഹോപ് വില്‍കിന്‍സ് എന്ന കുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിച്ചത്. എക്ടോപ്പിയ കോര്‍ഡിസ് എന്ന അപൂര്‍വ വൈകല്യമായിരുന്നു കുഞ്ഞിന് ഉണ്ടായിരുന്നത്. ശരീരത്തിനു പുറത്ത് ഹൃദയം കാണപ്പെടുന്ന ഈ അവസ്ഥയില്‍ ജനിക്കുന്ന കുഞ്ഞിനെ രക്ഷിച്ചെടുക്കുന്നത് യുകെയില്‍ ആദ്യമായാണെന്നാണ് കരുതുന്നത്.
കുട്ടികളുടെ ഹൃദയരോഗങ്ങള്‍ക്കായുള്ള സ്‌പെഷ്യലിസ്റ്റ് ആശുപത്രിയാണ് ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റല്‍. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാകില്ലെന്നാണ് കരുതിയതെന്നായിരുന്നു ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനത്തില്‍ താഴെ മാത്രമായതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും യുടെ അമ്മയായ നവോമി ഫിന്‍ഡ്‌ലെ അതിന് സമ്മതിച്ചില്ല. 20 വര്‍ഷം മുമ്പ് ഒരു ഗര്‍ഭസ്ഥ ശിശുവിന് ഇതേ അവസ്ഥയുണ്ടെന്ന് കണ്ടെത്തിയത് തനിക്കറിയാമായിരുന്നെന്നും അവര്‍ ഗര്‍ഭം അലസിപ്പിക്കുകയായിരുന്നെന്നും കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഫ്രാന്‍സസ് ബു ലോക്ക് പറഞ്ഞു.
ഇത്തരം സംഭവങ്ങളേക്കുറിച്ച് ഗൂഗിളിലും പുസ്തകങ്ങളിലും തിരഞ്ഞിട്ടും കാര്യമായി ഒന്നും ലഭിച്ചില്ല. ഓരോ കേസുകളും വ്യത്യസ്തമാണെന്നതിനാലാണ് ഇങ്ങനെ സംഭവിച്ചത്. എന്തായാലും മൂന്ന് സര്‍ജറികളിലൂടെ കുഞ്ഞിന്റെ ഹൃദയം തിരികെ നെഞ്ചിനുള്ളില്‍ ഘടിപ്പിച്ചു. ഹൃദയത്തിനായി പ്രത്യേക അറ ശസ്ത്രക്രിയയിലൂടെ സൃഷ്ടിക്കേണ്ടി വന്നു. എക്ടോപ്പിയ കോര്‍ഡിസ് ചികിത്സിച്ച് ഭേദമാക്കിയ യുകെയിലെ ആദ്യ സംഭവമാണ് ഇതെന്നാണ് കരുതുന്നത്. ക്രിസ്തുമസ് തലേന്നായിരുന്നു പ്രസവത്തിയതി പറഞ്ഞിരുന്നതെങ്കിലും ഈ പ്രത്യേക അവസ്ഥയുള്ളതിനാല്‍ നവംബര്‍ 22ന് സിസേറിയനിലൂടെ പുറത്തെടുക്കുകയും ഒരു മണിക്കൂറിനുള്ളില്‍ ജീവന്‍ രക്ഷാ ശസ്ത്രക്രിയ ആരംഭിക്കുകയുമായിരുന്നു.
ലണ്ടന്‍: എനര്‍ജി ഡ്രിങ്കുകള്‍ സ്‌കൂളുകളില്‍ നിരോധിക്കണമെന്ന് അധ്യാപകര്‍. കുടിവെള്ളത്തേക്കാള്‍ വില കുറവായതിനാല്‍ കുട്ടികള്‍ എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങി ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചതായി വ്യക്തമായതോടെയാണ് അധ്യാപകര്‍ ഇവ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. യുകെയിലെ ഏറ്റവും വലിയ അധ്യാപക സംഘടനകളിലൊന്നായ എന്‍എഎസ്‌യുഡബ്ല്യുടി ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഇത്തരം പാനീയങ്ങളില്‍ പഞ്ചസാരയും കഫീനും അമിതമായി അടങ്ങിയിട്ടുള്ളതിനാല്‍ തലവേദന, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് യൂണിയന്‍ വിലയിരുത്തുന്നു.
25 പെന്‍സിലും താഴെ മാത്രം വിലയുള്ള എനര്‍ജി ഡ്രിങ്കുകള്‍ പത്ത് വയസ് വരെ പ്രായമുള്ള കുട്ടികളും വാങ്ങി ഉപയോഗിക്കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ട്രാന്‍സലേഷണല്‍ റിസര്‍ച്ച് ഇന്‍ പബ്ലിക് ഹെല്‍ത്തിലെ ഫ്യൂസ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട എനര്‍ജി ഡ്രിങ്കിന്റെ 500 മില്ലിലിറ്റര്‍ ക്യാനില്‍ 160 മില്ലിഗ്രാം കഫീന്‍ അടങ്ങിയിട്ടുള്ളതായാണ് വ്യക്തമായത്. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി മാനദണ്ഡമനുസരിച്ച് ശരാശരി 11 വയസുള്ള കുട്ടിക്ക് ഒരു ദിവസം നല്‍കാവുന്ന പരിധിയാണ് ഇത്.
ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ കൂടിയ അളവില്‍ ഉപയോഗിക്കുന്നത് കുട്ടികളില്‍ സ്വഭാവ വൈകല്യങ്ങള്‍ക്ക് പോലും കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍. മറ്റൊരു സോഫ്റ്റ് ഡ്രിങ്ക് എന്ന മട്ടിലാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഇവയില്‍ അടങ്ങിയിട്ടുള്ള സ്റ്റിമുലന്റുകളെക്കുറിച്ച് കുട്ടികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ അറിയില്ല എന്നതാണ് വാസ്തവമെന്നും അധ്യാപക സംഘടന വിലയിരുത്തുന്നു.