Health

ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ടിൽ താമസക്കാരായ എല്ലാവരെയും അവയവദാന രജിസ്റ്ററിൽ ഉൾപ്പെടുത്താനുള്ള ഗവൺമെന്റ് പദ്ധതിയുടെ ഭാഗമായുള്ള കൺസൽട്ടേഷൻ പുരോഗമിക്കുന്നു. 2017 ഒക്ടോബറിൽ ആണ് പ്രധാനമന്ത്രി തെരേസ മെയ് പുതിയ നയം പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായ 12 ആഴ്ച നീണ്ടു നിൽക്കുന്ന കൺസൽട്ടേഷൻ 2017 ഡിസംബറിൽ ആരംഭിച്ചു. പുതിയ നയമനുസരിച്ച് എല്ലാവരും ഓർഗൻ ഡോണർ രജിസ്റ്ററിൽ ഉൾപ്പെടുത്തപ്പെടും. അവയവദാനത്തിന് താത്പര്യമില്ലാത്തവർക്ക് രജിസ്റ്ററിൽ നിന്ന് പിൻമാറാനുള്ള അവകാശമുണ്ട്. അതിനായി ഓപ്റ്റ് ഔട്ട് ഓപ്ഷൻ ഏവർക്കും വിനിയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്. നിലവിലെ നിയമമനുസരിച്ച് ഒരാൾ സ്വമേധയാ രജിസ്റ്റർ ചെയ്താൽ മാത്രമേ അവരുടെ മരണശേഷം അവയവങ്ങൾ മറ്റൊരാൾക്കായി എടുക്കുവാൻ പറ്റുകയുള്ളൂ. രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ മരിച്ചവ്യക്തിയുടെ കുടുംബാംഗങ്ങളുടെ അനുമതിയോടെ മാത്രമേ അവയവങ്ങൾ എടുക്കാൻ അധികാരമുള്ളൂ.

പുതിയനിയമം നടപ്പിലായാൽ ഒരു വ്യക്തി അവയവദാന രജിസ്റ്ററിൽ നിന്ന് ഓപ്റ്റ് ഔട്ട് ചെയ്തിട്ടില്ലെങ്കിൽ അയാളുടെ മരണശേഷം അവയവങ്ങൾ എടുക്കാൻ NHS ബ്ലഡ് ആൻഡ് ട്രാൻസ്പ്ലാന്റിന് അധികാരമുണ്ടായിരിക്കും. ഇതുമായി ബന്ധപ്പെട്ട പൊതുജനാഭിപ്രായം അറിയുകയാണ് കൺസൾട്ടേഷന്റെ ഉദ്ദേശ്യം. അവയവദാന നിരക്ക് ത്വരിതപ്പെടുത്തുകയാണ് പുതിയ നയത്തിന്റെ ഉദ്ദേശ്യം. 2016 മുതൽ 2018 വരെ അവയവദാന രജിസ്റ്ററിൽ പേരുള്ള 1169 പേർ മരണമടഞ്ഞു. അക്കാലയളവിൽ 3293 പേരാണ് അവയവം ലഭിക്കാനായി രജിസ്റ്റർ ചെയ്ത് കാത്തിരുന്നത്. അവയവങ്ങൾ വേണ്ട സമയത്ത് ലഭിക്കാത്തതിനാൽ പല രോഗികളും മരണമടയുന്ന സ്ഥിതിവിശേഷം കണക്കിലെടുത്താണ് പുതിയ നയം നടപ്പിലാക്കുന്നത്.

ആഫ്രിക്കൻ ഏഷ്യൻ വംശജരാണ് ഓർഗൻ ഡൊണേഷനിൽ പുറകിൽ നിൽക്കുന്നത്. 35 ശതമാനം ആൾക്കാർ മാത്രമേ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് രജിസ്റ്ററിൽ സമ്മതം നല്കിയിട്ടുള്ളൂ. എന്നാൽ  50 ശതമാനത്തിലേറെ വെളുത്തവംശജർ രജിസ്റ്ററിൽ ഉണ്ട്. കഴിഞ്ഞ വർഷം അവയവം ദാനം ചെയ്ത ഏഷ്യൻ ആഫ്രിക്കൻ വംശജർ 6 ശതമാനം മാത്രമാണ്. അതിനാൽ തന്നെ ആഫ്രിക്കൻ ഏഷ്യൻ വംശജർ വെളുത്ത വംശജരെക്കാൾ ആറു മാസത്തിലേറെ ട്രാൻപ്ലാന്റിനായി കാത്തിരിക്കേണ്ടി വരുന്നുണ്ട്.

ബാങ്കോക്ക്: ബാങ്കോക്കിലെ ലീലക്‌സ് ഹോസ്പിറ്റലില്‍ വന്‍ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. തായ്‌ലന്‍ഡില്‍ ഈ ചികിത്സ ചെയ്യുന്ന ഏക ആശുപത്രിയാണിതെന്നാണ് കരുതുന്നത്. ഇരുപത്തിരണ്ടു മുതല്‍ അമ്പത്തഞ്ചു വയസുവരെയുള്ളവരാണ് ചികിത്സ തേടി എത്തുന്നതില്‍ കൂടുതലും. പുരുഷ ജനനേന്ദ്രിയം വെളുപ്പിക്കുന്നതിനുള്ള ചികിത്സയാണ് ഈ ഹോസ്പിറ്റലില്‍ നടത്തിവരുന്നത്.

ശരീരത്തിന് ഹാനികരമല്ലാത്ത ലേസര്‍ ഉപയോഗിച്ചാണ് വെളുപ്പിക്കല്‍ എന്നു പറയുന്നുണ്ടെങ്കിലും ചികിത്സയുടെ വിശദാംശങ്ങള്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ആശുപത്രിക്കാര്‍ തയ്യാറല്ല. അഞ്ചു ഘട്ടങ്ങളാണ് ചികിത്സയ്ക്കുള്ളത്. മറ്റ് സൗന്ദര്യ വര്‍ദ്ധക ചികിത്സകളുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ കുറഞ്ഞ ചെലവേ ഇതിനുള്ളൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു പുരുഷന്മാരെങ്കിലും ഈ ചികിത്സയ്ക്കായി എത്തുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരു യുവാവ് ചികിത്സയ്ക്ക് വിധേയനാകുന്നതിന്റെ ചിത്രം തായ് ടെലിവിഷനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും പുറത്തുവന്നതോടെയാണ് ആശുപത്രിയുടെ തലവര തെളിഞ്ഞത്. ദിവസവും നൂറുകണക്കിന് അന്വേഷണങ്ങളാണ് ഇതേപറ്റി ഉണ്ടാകുന്നത്.

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളും അന്വേഷണവുമായി നേരിട്ടെത്തുന്നുണ്ട്. കാര്യം എന്തായാലും ക്ലിക്കായിട്ടുണ്ടെങ്കിലും പലഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. വര്‍ണ്ണ വിവേചനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ആശുപത്രി ചെയ്യുന്നതെന്നാണ് പ്രധാന ആരോപണം. ആശുപത്രിക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

കുട്ടികള്‍ക്ക് ഫാസ്റ്റ് ഫുഡിനോടുള്ള പ്രേമം പ്രസിദ്ധമാണ്. നമ്മള്‍ ഒരിക്കല്‍ വാങ്ങി നല്‍കിയാല്‍ കുട്ടികള്‍ അത് വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കും. തിരക്കേറിയ ജീവിതത്തിനിടയില്‍, പ്രത്യേകിച്ച് പ്രവാസികളുടെ ജീവിത ശൈലിയില്‍ പലപ്പോഴും ഫാസ്റ്റ്ഫുഡ് ഒഴിവാക്കാനാകാത്ത കാര്യമാണ്. എന്നാല്‍ കുട്ടികളുടെ ശാഠ്യത്തിന് വഴങ്ങി, കുട്ടികളോടുള്ള സ്‌നേഹം കാണിക്കാന്‍ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്ന മാതാപിതാക്കള്‍ മക്‌ഡൊണാള്‍ഡിനെതിരെയുള്ള കോടതി വിധി വായിച്ചിരിക്കണം. പല മുഖ്യധാരാ മാധ്യമങ്ങളും തമസ്‌കരിച്ച വാര്‍ത്താണ് ഇത്.

ലോകപ്രസിദ്ധ പാചകക്കാരനായ ജയ്മി ഒലിവറാണ് മക്‌ഡൊണാള്‍ഡിനെതിരെ അമേരിക്കന്‍ കോടതിയെ സമീപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ ഫാസ്റ്റ്ഫുഡ് ശൃംഖലയാണ് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ മക്‌ഡൊണാള്‍ഡിന്റേത്. മക്‌ഡൊണാള്‍ഡ് കമ്പനി അവകാശപ്പെട്ടിരുന്നത് തങ്ങളുടെ ബീഫ് ബര്‍ഗറില്‍ നൂറ് ശതമാനവും ബീഫ് ആണെന്നാണ്. എന്നാല്‍ വിദഗ്ധരുടെ സഹായത്തോടെ മക്‌ഡൊണാള്‍ഡിന്റെ ബീഫ് ബര്‍ഗറില്‍ 15 ശതമാനം മാത്രമേ ബീഫ് അടങ്ങിയിട്ടുള്ളൂവെന്നും ബാക്കി 85 ശതമാനവും മനുഷ്യന് ഭക്ഷ്യയോഗ്യമല്ലെന്നും തെളിയിക്കാന്‍ ജെയ്മി ഒലിവറിനായി. ബീഫ് ബര്‍ഗറിലെ 85 ശതമാനം വസ്തുക്കളും മൃഗങ്ങള്‍ക്ക് പോലും കൊടുക്കാനുള്ള ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ്.

മനുഷ്യശരീരത്തിന് ഹാനികരമായ അമോണിയം ഹൈഡ്രോക്‌സൈഡ് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അമോണിയം ഹൈഡ്രോക്‌സൈഡ് നിരോധിക്കണമെന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഫാസ്റ്റ് ഫുഡില്‍ അടങ്ങിയിരിക്കുന്ന കൂടിയ അളവിലുള്ള ഉപ്പ്, കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെയധികം ഹാനികരമാണ്. ഫാസ്റ്റ് ഫുഡിന് ഉപഭോക്താക്കളെ പ്രത്യേകിച്ച് കുട്ടികളെ അടിമയാക്കുന്ന രാസപദാര്‍ത്ഥങ്ങളും ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍ ഉപയോഗിക്കുന്നുണ്ട്.

കരളിനുണ്ടാകുന്ന തകരാറുകള്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഫാസ്റ്റ്ഫുഡ് ശീലമാക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ്. ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇതിന് പുറമെയാണ്. മനുഷ്യനും പരിസ്ഥിതിക്കും ഫാസ്റ്റ്ഫുഡ് റെസ്‌റ്റോറന്റുകള്‍ ഉണ്ടാക്കുന്ന ദൂഷ്യങ്ങളെക്കുറിച്ച് അധികാരികള്‍ ബോധവാന്മാരാണെങ്കിലും മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പണക്കൊഴുപ്പിന് മുമ്പില്‍ എല്ലാം വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.

ലണ്ടന്‍: ശ്വാസം നിലച്ച് ശരീരമാകെ നീലനിറം ബാധിച്ച പിഞ്ചുകുഞ്ഞിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത് 999 കോള്‍. സാചാരി ലെഗ് എന്ന കുഞ്ഞിനാണ് അമ്മയുടെ മനസാന്നിധ്യത്തിലൂടെ ജീവന്‍ തിരികെക്കിട്ടിയത്. പരിഭ്രാന്തയായ അമ്മ ജാസ്മിന്‍ 999ല്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിക്കുകയും ലൈനിലെത്തിയ ഡാരന്‍ ബ്രാഡ്‌ലി എന്ന പാരാമെഡിക്കിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുഞ്ഞിന് പ്രഥമശുശ്രൂഷകള്‍ നല്‍കുകയുമായിരുന്നു. കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ഫോണ്‍ കോളിന്റെ ശബ്ദരേഖ പിന്നീട് ജാസ്മിന്‍ പുറത്തു വിടുകയും ചെയ്തു.

കഴിഞ്ഞ നവംബര്‍ 24നായിരുന്നും സംഭവമുണ്ടായത്. സഹോദരന്‍ ജോഷ്വയില്‍ നിന്നാണ് സാചാരിക്ക് പനിയും ചുമയും പകര്‍ന്നത്. നെഞ്ചില്‍ കഫം അടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും അതി തനിയെ മാറിക്കൊള്ളുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പിന്നീട് കുഞ്ഞിന്റെ ശരീരതാപം വല്ലാതെ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജാസ്മിന്‍ ജിപിയെ വിളിച്ചു. അടിയന്തരമായി ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി യൂണിറ്റില്‍ എത്തിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ പെട്ടെന്ന് തന്നെ കുഞ്ഞിന്റെ ശ്വാസം നിലക്കുകയും ശരീരം നീല നിറമാകുകയും ചെയ്തു.

ജാസ്മിന്‍ അവസാന ശ്രമമെന്ന നിലക്കാണ് 999ല്‍ വിളിച്ചത്. കോള്‍ അറ്റന്‍ഡ് ചെയ്ത ഡാരന്‍ ജാസ്മിന് ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. കുഞ്ഞിന്റെ മൂക്കും വായം ജാസ്മിന്റെ വായിലേക്ക് ചേര്‍ത്ത് വെച്ച് ശ്വാസം ഊതി നല്‍കാന്‍ ഡാരന്‍ പറഞ്ഞു. ഇതേവരെ സിപിആര്‍ ചെയ്തിട്ടില്ലാത്ത ജാസ്മിന്‍ ഡാരന്‍ പറഞ്ഞത് അതേപടി ചെയ്തു. എട്ട് മിനിറ്റിന് ശേഷം ആംബുലന്‍സ് എത്തുന്നത് വരെ കുഞ്ഞിന് ഈ വിധത്തില്‍ ശ്വാസോച്ഛാസം നല്‍കി. പിന്നീട് വെക്‌സ്ഹാം ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ സൗത്താംപ്റ്റണ്‍ ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് മാറ്റി.

ഗുരുതരമായ ബ്രോങ്കോളൈറ്റിസ് ആയിരുന്നു കുഞ്ഞിന് ബാധിച്ചിരുന്നതെന്നാണ് കണ്ടെത്തിയത്. ശ്വാസനാളത്തിന് അണുബാധയുണ്ടാകുന്ന ഈ അവസ്ഥയില്‍ നിന്ന് മുക്തനായ കുഞ്ഞിനെ പിന്നീട് ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് തിരികെ വീട്ടിലെത്തിയതിനു ശേഷം രക്ഷകനായ ഡാരനുമായി ഒരു കൂടിക്കാഴ്ചയ്ക്ക് ജാസ്മിന്റെ ഭര്‍ത്താവ് ഡേവിഡ് അവസരമൊരുക്കി. ശ്വാസനാളത്തിന് തടസമായിരുന്ന കഫം സിപിആര്‍ നല്‍കിയപ്പോള്‍ തെറിച്ചു പോയതായിരിക്കാം കുഞ്ഞിന്റെ ജീവന് രക്ഷയായതെന്ന് ഡാരന്‍ പറഞ്ഞു.

ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ ഒരുങ്ങുകയാണ്. പുകയില കമ്പനി ഭീമന്‍ ഫിലിപ് മോറിസ് ഇന്റര്‍നാഷണല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മാള്‍ബറോ, പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നീ ബ്രാന്‍ഡുകള്‍ നിര്‍ത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

സിഗരറ്റ് ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് പുതുവര്‍ഷ പ്രതിജ്ഞയായി ബ്രിട്ടനിലെ പ്രധാന ദിനപത്രങ്ങളില്‍ കമ്പനി കഴിഞ്ഞ ദിവസം പരസ്യം നല്‍കി ഞെട്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് സിഗരറ്റ് നിര്‍മ്മാണം തന്നെ നിര്‍ത്തുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പുകവലി രഹിത ഭാവിക്കായുള്ള നിര്‍ണായക ചുവടുവെപ്പെന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സിഗരറ്റ് നിര്‍മ്മാണത്തില്‍ നിന്ന് മാറി ഇ സിഗരറ്റ് തുടങ്ങിയ മേഖലകളിലേക്കാണ് കമ്പനിയുടെ ചുവടുമാറ്റം. പുകയില്ലാത്ത ഉത്പന്നങ്ങളിലേക്ക് മാറുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഭാവിയില്‍ ആരോഗ്യസംരക്ഷണം കണക്കിലെടുത്ത് ഉപയോക്താക്കളെ ഇ സിഗരറ്റ് രംഗത്തേക്ക് ആകര്‍ഷിക്കാമെന്നും കമ്പനി കണക്കുകൂട്ടുന്നു.

ഫിലിപ്പ് മോറിസ് ഇന്റര്‍നാഷണലിന്റെ ഏറ്റവും ജനപ്രിയ ബ്രാന്‍ഡ് സിഗരറ്റാണ് മാള്‍ബറോ. ലോകമെമ്പാടുമായി 180 രാജ്യങ്ങളില്‍ ഇവരുടെ സിഗരറ്റ് വില്‍ക്കപ്പെടുന്നുണ്ട്. പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ്, ഇന്‍ഡോനേഷ്യയില്‍ പുറത്തിറക്കിയ ക്രീറ്റെക്, ലോങ്ബീച്ച്, മാള്‍ബറോയുടെ വിവിധ വകഭേദങ്ങള്‍, എല്‍ആന്‍ഡ് എം, എസ്.ടി ഡുപ്പോണ്ട്, തുടങ്ങിയ ബ്രാന്‍ഡുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. സ്‌മോക് ഫ്രീ ഫ്യൂച്ചര്‍ എന്ന പേരില്‍ വെബ്‌സൈറ്റും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റ് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ഉപയോഗരീതി എങ്ങനെ തുടങ്ങിയ കാര്യങ്ങളും സൈറ്റില്‍ ലഭ്യമാണ്.

ഒരുകാലത്ത് മലയാളിയുടെ ആഢംബര ചിഹ്നങ്ങളില്‍ ഒന്നായിരുന്നു മാള്‍ബറോ സിഗരറ്റ്. നാട്ടില്‍ അവധിക്ക് വരുന്ന വിദേശ മലയാളി സുഹൃത്തുക്കള്‍ക്ക് നല്‍കിയ സമ്മാനങ്ങളില്‍ സ്ഥിരമായി ഇടംപിടിച്ച ബ്രാന്‍ഡായിരുന്നു ഈ വിദേശ സിഗരറ്റ്. ദിനേശ് ബീഡിയുടെ പുക ശ്വസിച്ചിരുന്ന മലയാളി ഈ വിദേശിയുടെ പുകയെ പ്രണയിച്ചു. നാട്ടിലെ പണക്കാരന്‍ തന്റെ ആഡംബരം മുദ്രയായി ഇത് കൊണ്ടുനടന്നു. ഗതകാലസ്മരണകളിലേക്ക് മാത്രമായി മാള്‍ബറോ ഇനി ചുരുങ്ങുകയാണ്.

ന്യൂസ് ഡെസ്ക്

ഹൈ എനർജി പ്രോട്ടോൺ ബീം ഉപയോഗിച്ചുള്ള ക്യാൻസർ ചികിത്സ യുകെയിൽ ഉടൻ ലഭ്യമാകും. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലിൽ ആണ് ആദ്യ യൂണിറ്റ് പ്രവർത്തനസജ്ജമാവുന്നത്. ഈ വർഷം ഓഗസ്റ്റ് മുതൽ ഇവിടെ ക്യാൻസർ രോഗികൾക്ക് അത്യാധുനിക മെഷീനറി ഉപയോഗിക്കുള്ള പ്രോട്ടോൺ ബീം ചികിത്സ നല്കിത്തുടങ്ങും. ട്യൂമറിന്റെ അടുത്തുള്ള ആരോഗ്യമുള്ള ടിഷ്യൂവിന് കേടുവരുത്താതെ ക്യാൻസറിനെ ട്രീറ്റ് ചെയ്യാമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. നിലവിൽ പ്രോട്ടോൺ ബീം ചികിത്സ ആവശ്യമുള്ള രോഗികളെ അതിനായി വിദേശത്തേയ്ക്ക് അയയ്ക്കുന്ന പതിവിന് ഇതോടെ മാറ്റം വരും. അമേരിക്ക, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിലേയ്ക്കാണ് എൻഎച്ച്എസ് രോഗികളെ ചികിത്സയ്ക്ക് അയയ്ക്കുന്നത്.

മാഞ്ചസ്റ്ററിലെ പ്രോട്ടോൺ ബീം ട്രീറ്റ്മെന്റ് സെന്ററിന്റെ നിർമ്മാണ പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. മെഡിസിന്റെയും ഫിസിക്സിന്റെയും അനന്ത സാധ്യതകൾ ഒത്തുചേരുന്ന പുതിയ ചികിത്സാരീതി യുകെയിൽ തുടങ്ങുന്നത് ഒട്ടേറെ രോഗികൾക്ക് ആശ്വാസമായി മാറും. പ്രായം കുറഞ്ഞ രോഗികൾക്ക് പ്രോട്ടോൺ ബീം ചികിത്സ നിലവിലെ മറ്റു മാർഗങ്ങളെക്കാൾ കൂടുതൽ പ്രയോജനം ചെയ്യും. ത്വരിതഗതിയിൽ വളർന്നു കൊണ്ടിരിക്കുന്ന സെല്ലുകൾക്ക് റേഡിയേഷൻ മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ പ്രോട്ടോൺ ബീം മൂലം ഉണ്ടാവുകയില്ല. പുതിയ പ്രോട്ടോൺ ബീം സെൻററുകൾക്കായി യുകെ ഗവൺമെൻറ് 250 മില്ല്യൺ പൗണ്ട് നല്കിയിട്ടുണ്ട്. ബാക്കി തുക ഫണ്ട് റെയിസിംഗ്‌ വഴിയാണ് കണ്ടെത്തിയത്.

ക്യാൻസറിനുള്ള റേഡിയോ തെറാപ്പിയിൽ ബീം ട്യൂമറിനുള്ളിലൂടെ കടന്ന് പോകുമ്പോൾ അതിന് ചുറ്റുമുള്ള സെല്ലുകൾക്ക് ദോഷകരമായ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. പ്രോട്ടോൺ ബീം ഇതിലും ചെറുതായതിനാൽ ട്യൂമറിനെ കടന്നു പോകുന്നില്ല. അതിനാൽത്തന്നെ മറ്റു ടിഷ്യൂവിന് ദോഷകരമാവില്ല. ആറ്റത്തിന്റെ ന്യൂക്ലിയസിൽ നിന്ന്  സെക്കന്റിൽ100,000 മൈൽ സ്പീഡിൽ പുറപ്പെടുന്ന പ്രോട്ടോണാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. അത്യധികം സൂക്ഷ്മതയോടെ ഈ പ്രോട്ടോണിനെ സൈക്ലോട്രോൺ എന്ന ആക്സിലറേറ്റർ ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയും.  പ്രോട്ടോണിന്റെ കുറഞ്ഞ എനർജിയുള്ള ബീം ഉപയോഗിച്ചുള്ള ചികിത്സ നിലവിൽ യുകെയിലെ വിറാലിലുള്ള ക്ലാറ്റർ ബ്രിഡ്ജ് ക്യാൻസർ സെന്ററിൽ ലഭ്യമാണ്. കണ്ണിനുണ്ടാകുന്ന വിവിധതരം ക്യാൻസറുകൾക്കാണ് ഈ രീതി ഉപയോഗിക്കുന്നത്.

 

ലണ്ടന്‍: ഫിറ്റ്‌നസില്‍ ശ്രദ്ധാലുക്കളാണ് ബ്രിട്ടീഷുകാരെന്നാണ് വയ്‌പെങ്കിലും ജിമ്മിലെ ഉപകരണങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ വലിയ ധാരണയില്ലാത്തവരാണെന്ന് പഠനം. നുഫീല്‍ഡ് ഹെല്‍ത്ത് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2000 പേരിലാണ് പഠനം നടത്തിയത്. ചെസ്റ്റ് പ്രസ് മെഷീന്‍, സ്റ്റെയര്‍ ക്ലൈംബേഴ്‌സ്, ട്രെഡ്മില്‍ തുടങ്ങിയവയുടെ ഉപയോഗം ഇവരെ ഭയപ്പെടുത്താറുണ്ടെന്നും പഠനം പറയുന്നു. 23 ശതമാനം പേര്‍ക്കാണ് ഉപകരണങ്ങളെ പേടിയുള്ളത്!

ഇവയേക്കുറിച്ച് വേണ്ടത്ര ധാരണയില്ലെങ്കിലും ആരോടെങ്കിലും സഹായം തേടാനും ബ്രിട്ടീഷുകാര്‍ക്ക് ബുദ്ധിമുട്ടാണത്രേ. 18 ശതമാനം പേര്‍ അത്യാവശ്യം ‘കഴിഞ്ഞുകൂടി’ പോകുകയാണ്. മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് ചെയ്യാന്‍ ശ്രമിക്കുകയാണ് രീതിയെന്ന് അഞ്ചിലൊന്ന് പേര്‍ പറയുന്നു. എന്നാല്‍ എല്ലാം അറിയാമെന്ന് ഭാവത്തിലായിരിക്കും തങ്ങള്‍ മെഷീനുകളില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതെന്നാണ് ചിലര്‍ പറഞ്ഞത്.

എന്നാല്‍ മറ്റുള്ളവര്‍ ചെയ്യുന്നത് അതേപടി പകര്‍ത്തുന്നത് ജിമ്മില്‍ ചിലപ്പോള്‍ അപകടകരമാകാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. അതിന് അനുസൃതമായ വ്യായാമങ്ങളും ഉപകരണങ്ങളുമായിരിക്കണം ഉപയോഗിക്കേണ്ടത്. ശരീരത്തെക്കുറിച്ച് വ്യക്തമായ ബോധ്യം പോലും സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് ഇല്ലായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ലണ്ടന്‍: പാരസെറ്റമോള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്ധ്യതയുണ്ടാകുമെന്ന് പഠനം. ഗര്‍ഭത്തിലുള്ള പെണ്‍കുട്ടികളുടെ അണ്ഡാശയത്തിന്റെ വളര്‍ച്ചയെ പാരസെറ്റമോള്‍ ബാധിക്കാമെന്നും അതിലൂടെ സാധാരണയുണ്ടാകുന്നതിലും കുറച്ച് അണ്ഡങ്ങളേ ഇവരില്‍ ഉണ്ടാകുകയുള്ളുവെന്നും പഠനം വ്യക്തമാക്കുന്നു. ഗര്‍ഭത്തിലുള്ള ആണ്‍കുട്ടികളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെയും പാരസെറ്റമോള്‍ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു.

എലികളില്‍ നടത്തിയ പഠനങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളില്‍ പാരസെറ്റമോള്‍ വരുത്തുന്ന ദൂഷ്യഫലങ്ങളേക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചു. സ്ത്രീകളില്‍ കുട്ടികളുണ്ടാകുന്ന ശരാശരി പ്രായം വൈകി വരുന്ന യുകെ പോലെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഈ പഠനത്തിന്റെ ഫലം ആശങ്കയുളവാക്കുന്നതാണെന്ന് കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോ. ഡേവിഡ് ക്രിസ്റ്റന്‍സെന്‍ പറഞ്ഞു. ഗര്‍ഭകാലത്ത് വളരെ അത്യാവശ്യമാണെങ്കില്‍ മാത്രം വളരെ കുറഞ്ഞ കാലത്തേക്കാണ് പാരസെറ്റമോള്‍ നിര്‍ദേശിക്കപ്പെടാറുള്ളത്.

മൂന്ന് വ്യത്യസ്ത ലബോറട്ടറികളില്‍ നടന്ന പഠനത്തിന് ഒരേ ഫലം തന്നെയാണ് ലഭിച്ചിരിക്കുന്നത്. മനുഷ്യരോട് സമാനമായ ആന്ഘതരിക ഘടനയുള്ള എലികളിലാണ് പഠനം നടത്തിയത്. മനുഷ്യന്റെ പ്രത്യുല്‍പാദന വ്യവസ്ഥയെ പാരസെറ്റമോള്‍ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വേദനാസംഹാരിയായ പാരസെറ്റമോള്‍ നിരുപദ്രവകാരിയായ മരുന്നെന്ന നിലയില്‍ ആളുകള്‍ ഉപയോഗിക്കാറുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചില്ലെങ്കിലും ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ മരുന്ന് കഴിക്കാറുണ്ടെന്നതാണ് വാസ്തവം.

ന്യൂസ് ഡെസ്ക്

ഓസീ ഫ്ളൂ കില്ലർ വൈറസ് യുകെയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അടിയന്തിര നടപടികളുമായി എൻ എച്ച് എസ് രംഗത്തെത്തി. നിരവധി ഡോക്ടർമാർ അവധി ക്യാൻസൽ ചെയ്ത് ഡ്യൂട്ടിയിൽ പ്രവേശിച്ചു. മിക്ക ഡോക്ടർമാരും നഴ്സുമാരും നിശ്ചിത ഡ്യൂട്ടി സമയം കഴിഞ്ഞും രോഗികൾക്കായി വാർഡുകളിൽ സമയം ചിലവഴിക്കുന്നുണ്ട്. അടിയന്തിരമല്ലാത്ത 55,000 ഓപ്പറേഷനുകൾ NHS ക്യാൻസൽ ചെയ്തു. പ്ളിമൗത്തിൽ 14 ഉം ഡോൺകാസ്റ്ററിൽ എട്ടും ഓസീ ഫ്ളൂ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡുറം 5, സട്ടൺ 2, ഡംഫ്രൈ 3 എന്നിങ്ങനെ മറ്റു സ്ഥലങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രിക്കാനായില്ലെങ്കിൽ കഴിഞ്ഞ 50 വർഷങ്ങളിൽ യുകെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഫ്ളൂ ബാധയാണ് വരാൻ പോകുന്നതെന്ന് വിദഗ്ദർ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിരവധി പേർ കഴിഞ്ഞ ശൈത്യകാലത്ത് ഓസീ ഫ്ളൂ മൂലം മരണമടഞ്ഞിരുന്നു.

എന്താണ് ഓസീ ഫ്ളൂ?

H3 N2 എന്ന ഒരു ശൈത്യകാല രോഗാണു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഓസീ ഫ്ളൂ.  ഓസ്ട്രേലിയയിൽ കഴിഞ്ഞ ശൈത്യകാലത്ത് ഉണ്ടായ ഫ്ളൂവിന്റെ ഒരു വകഭേദമാണ് യുകെയിലും എത്തിയിരിക്കുന്നത്. ഈ വൈറസ് ബാധിച്ചവരിൽ കനത്ത ഫ്ളൂ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.

ഓസീ ഫ്ളൂവിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ചുമ, തൊണ്ടവേദന, തലവേദന, പനി, സന്ധികൾക്ക് വേദന, വിറയൽ, ശരീരവേദന, ഛർദ്ദിൽ, ഡയറിയ എന്നിവ ഓസീ ഫ്ളൂ ബാധിച്ചവരിൽ കണ്ടു വരുന്നു. ഫ്ളൂ കലശലായാൽ ന്യൂമോണിയ ആയി മാറാനും സാധ്യതയുണ്ട്. കുട്ടികളിൽ ചെവി വേദനയും കാണാറുണ്ട്.

ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ വാക്സിനേഷൻ ലഭ്യമാണോ?.

ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ യുകെയിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരു വാക്സിൻ വികസിപ്പിച്ചിരുന്നു. ഇത് എത്രമാത്രം ഫലപ്രദമാണ് എന്ന് വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. 65 വയസിൽ മുകളിൽ പ്രായമുള്ളവരും ഗർഭിണികളും ഈ ഫ്ളൂ വാക്സിനേഷൻ എടുക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് സ്പ്രേ വാക്സിനും ലഭ്യമാണ്. വാക്സിനേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജി.പി പ്രാക്ടീസുകളിലും ഫാർമസികളിലും ലഭ്യമാണ്. വാക്സിൻ എടുത്ത് 10 മുതൽ14 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിന് പ്രതിരോധശേഷി ലഭിച്ചു തുടങ്ങും.

ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും.

വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാന പ്രതിരോധ മാർഗം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. തുമ്മുമ്പോൾ വായ് ടിഷ്യൂ ഉപയോഗിച്ച് കവർ ചെയ്യുക അതിനു ശേഷം ടിഷ്യൂ ഉടൻ ബിന്നിൽ നിക്ഷേപിക്കുക. ഫോൺ, കീബോർഡുകൾ, ഡോർ ഹാൻഡിലുകൾ എന്നിവ ഇടയ്ക്കിടെ വൃത്തിയാക്കുക.

ഫ്ളൂ ഉള്ളപ്പോൾ ജോലിക്ക് പോകാമോ?

ഫ്ളൂ ഉള്ളപ്പോൾ ജോലിക്ക് പോവാതിരിക്കുന്നതാണ് അഭികാമ്യമെന്ന് NHS ഗൈഡ് ലൈൻ പറയുന്നു. ഫ്ളൂ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് സഹായിക്കും.

ഫ്ളൂ വന്നാൽ എന്തു ചെയ്യണം.

ഓസീ ഫ്ളൂ ബാധിച്ചു കഴിഞ്ഞാൽ രോഗിക്ക് തളർച്ചയും ക്ഷീണവും അനുഭവപ്പെടും. ഈ അവസരത്തിൽ ബെഡ് റെസ്റ്റ് അനിവാര്യമാണ്. നല്ല ആരോഗ്യമുള്ളവർ നേരിയ ഫ്ളൂ ലക്ഷണങ്ങൾ മാത്രമേ ഉള്ളു എങ്കിൽ ഡോക്ടറെ കാണേണ്ട ആവശ്യമില്ല. അല്ലാത്തവർ ഡോക്ടറുടെ ഉപദേശം നിർബന്ധമായും തേടിയിരിക്കണം. ഫ്ളൂ ബാധിച്ചാൽ നല്ല വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഡീ ഹൈഡ്രേഷൻ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  പനി നിയന്ത്രിക്കാൻ പാരസെറ്റമോളും ഐബുപ്രൊഫിനും ഉപയോഗിക്കാം. ഫ്ളൂവിൽ നിന്ന് മുക്തി പ്രാപിക്കാൻ ഒരാഴ്ച എങ്കിലും എടുക്കും.

എംആര്‍ വാക്‌സിനെതിരെ വലിയ രീതിയില്‍ ക്യാമ്പെയ്‌നുകൾ നടക്കുന്‌പോള്‍ ആയിരുന്നു ഒരു വനിത ഡോക്ടര്‍ ആ ‘സാഹസത്തിന്ട മുതിര്‍ന്നത്. അത് സാഹസമല്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ വ്യാജ പ്രചാരണങ്ങളില്‍ പരിഭ്രാന്തരായി നില്‍ക്കുന്നവരെ ബോധ്യപ്പെടുത്താന്‍ അത് ചെയ്യേണ്ടി വന്നു. ഡോ ഷിംന അസീസ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓഫീസര്‍ ആണ്. എംആര്‍ വാക്‌സിനെ കുറിച്ച് സംശയമുള്ള ഒരു കൂട്ടം രക്ഷിതാക്കള്‍ക്ക് മുന്നില്‍ വച്ച് ഡോ ഷിംന സ്വയം വാക്‌സിന്‍ കുത്തിവപ്പ് എടുക്കുകയായിരുന്നു. അതോടെ പലരുടേയും ആശങ്ക മാറുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ ശാസ്ത്രീയമായി അവതരിപ്പിക്കുന്ന ഇന്‍ഫോ ക്ലിനിക്കിന്റെ ഭാഗം കൂടിയാണ് ഡോ ഷിംന. സെക്കന്‍ഡ് ഒപ്പീനിയന്‍ എന്ന തലക്കെട്ടില്‍ ഡോ ഷിംന പല തെറ്റിദ്ധാരണകളും പൊളിച്ചടുക്കുന്നും ഉണ്ട്. ഇത്തവണ ആര്‍ത്തവത്തെ കുറിച്ചാണ് ഷിംന പറയുന്നത്….

ആണും പെണ്ണും

നിങ്ങള്‍ക്ക് സൂസൂ വെക്കണം എന്ന് വിചാരിക്കുക. റോഡ് സൈഡില്‍ പോയി നില്‍ക്കുന്നു, സിബ് അഴിക്കുന്നു… അയ്യോ, ഒരു മിനിറ്റ് ശ്ശേ! അങ്ങോട്ട് മാറി നില്‍ക്ക് പെങ്കൊച്ചേ, നിന്നോടല്ല. ഓണ്‍ലി പുരുഷന്മാര്‍ ഹിയര്‍. മൈ ക്വസ്റ്റിയന്‍ ഈസ്, അങ്ങനെ പൈനായിരം ഉറുപ്യ കടം വീട്ടുന്ന അനുഭൂതിക്ക് വേണ്ടി സിബ്ബഴിച്ച് മുള്ളാന്‍ നോക്കുമ്പോ രക്തം പുറത്തേക്ക് ഒലിച്ച് വന്നാല്‍ എങ്ങനിരിക്കും? നല്ല രസായിരിക്കുമല്ലേ? ഏതാണ്ട് ഇങ്ങനെയാണ് ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പെട്ടെന്നൊരു സുപ്രഭാതത്തില്‍ സംഭവിച്ചത്. എന്നിട്ടും ഞങ്ങള്‍ക്കൊരു ചുക്കും സംഭവിച്ചീല. അത് തന്നെ ആര്‍ത്തവം. ഇന്നത്തെ #SecondOpinion ഒരല്‍പ്പം ചോരക്കറ പുരണ്ടതാണ്.

ആ ചുവപ്പന്‍ പ്രസ്ഥാനത്തെ കുറിച്ച്

ഞങ്ങളില്‍ മിക്കവര്‍ക്കും ഇങ്ങനെയൊന്ന് വരാന്‍ പോണെന്ന് അറിയായിരുന്നു, ചിലര്‍ക്കൊക്കെ സൂചനയെങ്കിലും ഉണ്ടായിരുന്നു. ചിലര്‍ക്ക് സംഭവശേഷം കാര്യമെന്താണെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞു തന്നു. അപ്പോഴും കല്യാണം കഴിയും വരെ ഈ ചുവപ്പന്‍ പ്രസ്ഥാനത്തെക്കുറിച്ച് ലവലേശം ബോധമില്ലാതെ ഒരുപാട് ആണ്‍പിറന്നവന്‍മാര്‍ നടന്നു, ഇപ്പോഴും നടക്കുന്നു. ഇനി ബോധമുണ്ടെന്ന് പറയുന്നവരുടെ ബോധം ഒന്നഴിച്ച് നോക്കിയാലോ, പലരും മനസ്സിലാക്കി വച്ചിരിക്കുന്നതില്‍ മുക്കാലും അബദ്ധങ്ങളുടെ പെരുമഴയും. സാരമില്ല, അടുത്ത രണ്ടേ രണ്ട് മിനിറ്റ് കൊണ്ട് നമ്മളാ രഹസ്യത്തിന്റെ ചുരുളഴിക്കാന്‍ പോവുകയാണ്.

തയ്യാറെടുപ്പ്

ഗര്‍ഭപാത്രം എന്ന് പറയുന്ന അവയവമുണ്ടല്ലോ, അവിടം മിക്കപ്പഴും കുഞ്ഞാവ വരാന്‍ വേണ്ടി കുളിച്ച് കുട്ടപ്പനായി ഇരിക്കുകയാണ്. പുത്യാപ്ല വരുന്നതിനു മുന്‍പ് അറ ഒരുക്കി കാത്തിരിക്കുനത് പോലെ വന്നു കയറി അണ്ഡവുമായി ലൗ ആകാന്‍ പോകുന്ന ബീജത്തെ കാത്ത് ഗര്‍ഭപാത്രവും ഇങ്ങനെ ഒരുപാട് ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. വീട് പെയിന്റടിക്കുന്നതും കതകൊക്കെ അടച്ചുറപ്പാക്കുന്നതും പോലെ ഗര്‍ഭപാത്രത്തിനുള്ളില്‍ എന്‍ഡോമെട്രിയം എന്ന ആവരണം നിര്‍മ്മിക്കും. പുതിയ രക്തക്കുഴലുകള്‍ ഉണ്ടാക്കി അവിടത്തെ രക്തപ്രവാഹമെല്ലാം ഉഷാറാക്കുകയും ചെയ്യും.

കാത്തിരുന്നിട്ടും വന്നില്ലെങ്കില്‍

ഇത്രയൊക്കെ ഒരുക്കി കാത്തിരുന്നിട്ടും ആ മാസം അണ്ഢാശയത്തില്‍ നിന്നും പുറത്ത് വരുന്ന അണ്ഢത്തെ ഫലോപിയന്‍ ട്യൂബില്‍ വെച്ച് പിടികൂടാന്‍ വാല്‍മാക്രിയെ പോലെ തുള്ളിപ്പിടച്ച് ബീജം വന്നില്ലെങ്കില്‍ കല്യാണം മുടങ്ങിയ വീട് കണക്ക് ഗര്‍ഭാശയം ശോകമൂകമാകും. യഥേഷ്ടം രക്തപ്രവാഹം നേടി മിടുക്കിയായ ഗര്‍ഭപാത്രത്തിന്റെ ഉള്‍പാളിയായ എന്‍ഡോമെട്രിയം അതിന്റെ രക്തക്കുഴലുകള്‍ ഉള്‍പ്പെടെ ഇടിഞ്ഞുപൊളിഞ്ഞ് യോനി വഴി പുറത്ത് പോരുകയും ചെയ്യും. കൂട്ടത്തില്‍ ചെക്കന്‍ വരാത്തത് കൊണ്ട് വേസ്റ്റായ അണ്ഢവും പിണങ്ങി ഇറങ്ങിപ്പോകും. ഈ പോവുന്നതിനെയാണ് ആര്‍ത്തവം എന്ന് പറയുന്നത്. ഇങ്ങനെ പഴയത് പോയി വീണ്ടും ഫ്രഷായ ഗര്‍ഭപാത്രവും ഒന്നേന്ന് പണി തുടങ്ങും. പുതിയ എന്‍ഡോമെട്രിയം, പുതിയ അണ്ഢം. അവര്‍ ബീജേട്ടനെ കാത്ത് ഗര്‍ഭത്തെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രൊജസ്‌ട്രോണ്‍ ഒഴുക്കി കൊതിയോടെ കാത്തിരിക്കും. ഇത് ആര്‍ത്തവവിരാമം വരെ ഓരോ മാസവും ആവര്‍ത്തിക്കും.

അതാണ് ഈ ദേഷ്യത്തിന് കാരണം

ഈ പറഞ്ഞ സംഗതി മാസാമാസം വരുമ്പോഴാണ് വീട്ടില്‍ ഭാര്യയും അമ്മയും പെങ്ങളും കൂട്ടുകാരിയും ക്ഷീണവും മടുപ്പും ദേഷ്യവുമൊക്കെ കാണിക്കുന്നത്. എന്‍ഡോമെട്രിയത്തെ പുറത്ത് ചാടിക്കാന്‍ വേണ്ടി ഗര്‍ഭപാത്രം ഞെളിപിരി കൊള്ളുന്നത് കാരണമാണ് വയറുവേദന ഉണ്ടാകുന്നത്. ഓള്‍ക്ക് ആര്‍ത്തവത്തിന് തൊട്ടുമുമ്പ് കണ്ട് വരുന്ന മെഗാസീരിയല്‍ നായികയെ അനുസ്മരിപ്പിക്കുന്ന കരച്ചിലും ആധിയും വേവലാതിയും ദേഷ്യവുമൊക്കെയുള്ള ചൊറിയന്‍ സ്വഭാവമാകട്ടെ, ഹോര്‍മോണുകളുടെ കയ്യാങ്കളി കൊണ്ട് വരുന്നതും. ചിലരുടെ ഭാഷയില്‍ ‘അവള്‍ടെ മറ്റേ സ്വഭാവം’ എന്നൊക്കെ അണപ്പല്ല് കടിച്ചു കൊണ്ട് വിശേഷിപ്പിക്കുമെങ്കിലും ഞങ്ങള്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ ഇതിന് ‘പ്രീ മെന്‍സ്ച്വറല്‍ സിണ്ട്രോം’ എന്ന് പറയും. യൂ നോ, ബേസിക്കലി ഞങ്ങള്‍ പെണ്ണുങ്ങള്‍ പഞ്ചപാവങ്ങളാണ്. സംശ്യണ്ടാ?

ആ സംശയം വേണ്ട

വാല്‍ക്കഷ്ണം : ആര്‍ത്തവസമയത്ത് ബന്ധപ്പെട്ടാല്‍ വെള്ളപ്പാണ്ട്/അംഗവൈകല്യം ഉള്ള കുഞ്ഞുണ്ടാകും എന്നാണ് കുറേ പേരുടെ വിശ്വാസം. മാസത്തില്‍ ഒരിക്കല്‍ മാത്രം ആകെ മൊത്തം ഇരുപത്തിനാല് മണിക്കൂര്‍ ജീവനോടെ ഇരുന്ന അണ്ഢം ബീജസങ്കലനം നടക്കാത്തത് കൊണ്ട് പുറന്തള്ളപ്പെടുന്നതാണ് ആര്‍ത്തവം. സാധാരണ ഗതിയില്‍, അപ്പോള്‍ ബന്ധപ്പെട്ടാല്‍ ഒരു പൂച്ചക്കുഞ്ഞ് പോലും ഉണ്ടാകില്ല. അപൂര്‍വ്വമായി പണി കിട്ടുന്നതിന് വേറെ വിശദീകരണമുണ്ട്, അപ്പോഴും ആ കുഞ്ഞിന് ആര്‍ത്തവം കാരണം വൈകല്യമുണ്ടാകില്ല. ഇതൊക്കെ, ആ സമയത്ത് ഓള്‍ക്ക് ഇച്ചിരെ റെസ്റ്റ് കിട്ടാന്‍ വേണ്ടി പണ്ടാരാണ്ട് പറഞ്ഞുണ്ടാക്കിയതാണേ…

[ot-video][/ot-video]

 

RECENT POSTS
Copyright © . All rights reserved