തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടി. പൂവാര്‍ സ്വദേശി രാഖിമോളാണ് കൊല്ലപ്പെട്ടത്. ജൂൺ 21 മുതല്‍ രാഖിമോളെ കാണാതായിരുന്നു. പറമ്പില്‍ കുഴിച്ചിട്ടനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.അഴുകിയ നിലയിലായ മൃതദേഹം രണ്ടാഴ്ചയോളം പഴക്കം ഉണ്ടന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
മൃതദേഹം സൈനികനായ സുഹൃത്തിന്റെ വീട്ടുവളപ്പിൽ നിന്നു കണ്ടെത്തി. നെയ്യാറ്റിൻകര തിരുപുറം സ്വദേശി രാഖി(30)യുടെ മൃതദേഹമാണ് അമ്പൂരി തട്ടാൻമുക്കിൽ അഖിൽ എസ് നായരുടെ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്നു കണ്ടെത്തിയത്. എറണാകുളത്തു കേബിൾ ഉൽപാദന കമ്പനിയിൽ ജോലി ചെയ്യുന്ന രാഖിയെ 21 മുതൽ കാണാനില്ലായിരുന്നു.
രാഖിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത അഖിൽ മറ്റൊരു യുവതിയുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം അറിഞ്ഞ രാഖി അഖിലുമായി തർക്കത്തിലായി. വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലും രാഖി പോയിരുന്നു. ഇതിൽ പ്രകോപിതനായ അഖിൽ വിട്ടിലേക്കു വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
മൃതദേഹം പൊലീസ് പുറത്തെടുത്തു. പ്രതികളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. രണ്ടുപേര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. രാഖിയെ ജൂൺ 21 മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൂവാർ െപാലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി ജോലി സ്ഥലത്തെത്തിയിരുന്നില്ലെന്ന് വ്യക്തമായി. രാഖിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി അഖിൽ എസ് നായർ എന്ന അമ്പൂരി സ്വദേശിയുമായി പ്രണയത്തിലാണെന്ന് മനസിലായത്.
മൂന്നു യുവാക്കളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. അഖിലിന്റെ സുഹൃത്ത് നൽകിയ സൂചനയനുസരിച്ചാണ് അമ്പൂരി തട്ടാൻമുക്കിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു മൃതദേഹം മറവ് ചെയ്തതായി െപാലീസിനു സൂചന ലഭിച്ചത്.
സംവിധായകന്‍ എ.എല്‍ വിജയ്‌യുമായുള്ള വിവാഹമോചനം തന്നെ ആകെ തകര്‍ത്തെന്നും അതിനെ അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളിലൂടെയാണെന്നും നടി അമല പോള്‍. ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്. നിരവധി സുഹൃത്തുക്കളെ തനിക്ക് നഷ്ടപ്പെട്ടെന്നും ആകെ ഒറ്റപ്പെട്ട സമയത്ത് ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചെന്നും അമല പറഞ്ഞു.
‘ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അതിനു ശേഷമാണ് കണ്ണുകള്‍ തുറന്ന് ലോകം കാണാന്‍ തുടങ്ങിയത്. സുഹൃത്തുക്കള്‍ എന്നെ ചതിച്ചു. അവരെ എനിക്ക് നഷ്ടപ്പെട്ടു. സാരമില്ല. ഇതൊക്കെ ഓരോ പാഠങ്ങളാണ്.’
‘2016 ല്‍ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചത്. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ആ യാത്ര. നഷ്ടപ്പെട്ട എന്നെ ഞാന്‍ കണ്ടെത്തി. ശാരീരികമായും മാനസികമായും ഞാനനുഭവിച്ച എല്ലാ പ്രയാസങ്ങളെയും അവിടെ ഉപേക്ഷിച്ചു. ഒറ്റക്കുള്ള യാത്രകളിലാണ് നിങ്ങള്‍ സ്വന്തം കരുത്ത് മനസ്സിലാക്കുക. ഇപ്പോള്‍ എനിക്കറിയാം, എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചത് എന്ന്.’ അമല പോള്‍ പറഞ്ഞു.
2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ.എല്‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. എ. എല്‍ വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ജില്ലയിലെ യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിർത്തിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നതാണ് നിര്‍ണായകം.
കോട്ടയം ജില്ലാ പഞ്ചായത്തില്‍ 22 അംഗങ്ങളാണ് ആകെയുള്ളത്. കോണ്‍ഗ്രസിന് എട്ട്, കേരളാ കോണ്‍ഗ്രസിന് ആറ്, എല്‍ഡിഎഫിന് ഏഴ്, ജനപക്ഷത്തിന് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. യുഡിഎഫിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. കേരളാ കോണ്‍ഗ്രസിനാണ് അടുത്ത അവസരം. ആറ് അംഗങ്ങളുള്ള കേരളാ കോണ്‍ഗ്രസ് സെബാസ്റ്റ്യൻ കുളത്തിങ്കലിനെ പ്രസിഡന്‍റാക്കാൻ തീരുമാനിച്ചു. ജോസ് കെ മാണി വിഭാഗം അതിനുള്ള വിപ്പും നല്‍കി.
എന്നാല്‍, ചെയര്‍മാൻ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ജോസ് കെ മാണിക്ക് വിപ്പ് നല്‍കാൻ അവകാശമില്ലെന്ന് കാണിച്ച് ജോസഫ് രംഗത്തെത്തി. അജിത് മുതിരമലയാണ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസഫും വിപ്പ് നല്‍കി. ഇന്നലെ അര്‍ദ്ധരാത്രി കൗണ്‍സിലര്‍മാരുടെ വീടുകളില്‍ വിപ്പ് പതിപ്പിക്കുകയായിരുന്നു. ആറ് പേരില്‍ രണ്ട് പേര്‍ തന്നോടൊപ്പമുണ്ടെന്നാണ് ജോസഫിന്‍റെ അവകാശവാദം. ഉമ്മൻചാണ്ടി ഉള്‍പ്പടെയുള്ളവര്‍ അനുനയ നീക്കങ്ങള്‍ നടത്തിയിട്ടും ഇരുകൂട്ടരും വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല.
തര്‍ക്കം തുടര്‍ന്നാല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിക്കാനാണ് എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് നീക്കം. പിളര്‍ന്ന കേരളാ കോണ്‍ഗ്രസില്‍ എതെങ്കിലുമൊന്നിന് ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫ് പിന്തുണ നല്‍കിയാല്‍ അട്ടിമറി നടക്കും. കേരളാ കോണ്‍ഗ്രസില്‍ ജോസഫിനാണോ ജോസ് കെ മാണിക്കാണോ വിപ്പ് നല്‍കാനുള്ള അവകാശമെന്നത് കോടതി കയറും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടും നിര്‍ണ്ണായകം. പാര്‍ട്ടി പിടിക്കാനുള്ള പുതിയ നീക്കങ്ങളുടെ ഭാഗമാണ് വിപ്പിലുള്ള തര്‍ക്കം. പിളര്‍പ്പിന് ശേഷം ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസ് നേരിടുന്നത്. ഇതില്‍ ആര്‍ക്കാണ് വിജയമെന്നത് പാല ഉപതെരഞ്ഞെടുപ്പിലടക്കം പ്രതിഫലിക്കും.
കാസര്‍കോട് മഞ്ചേശ്വരത്ത് കാറിലെത്തിയ നാലംഗസംഘം പ്ലസ് ടു വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കളിയൂരിലെ അബൂബക്കറിന്റെ മകൻ അബ്ദുറഹ്മാൻ ഹാരിസിനെ സ്കൂളിലേക്ക് പോകുവഴിയാണ് കടത്തിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. മൂന്നുദിവസമായിട്ടും കുട്ടിയെകണ്ടെത്താനായില്ല.
മകനെ തട്ടിക്കൊണ്ടുപോയ വാര്‍ത്തയറിഞ്ഞതുമുതല്‍ കണ്ണിരോടെ കാത്തിരിക്കുകയാണ് ഈ അമ്മ. ഒൻപതാം ക്ലാസുകാരിയായ സഹോദരിയ്ക്കൊപ്പം സ്കൂളിലേക്കുപോയതാണ് ഹാരിസ്. വീട്ടില്‍ ഒരുകിലോമീറ്റര്‍ അകലെ വച്ച് കാറിലെത്തിയ സംഘം ബലമായി ഹാരിസിനെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. സഹോദരനെ തട്ടിക്കൊണ്ടുപോയ വിവരം സഹോദരി വീട്ടുകാരെ അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം നടന്ന് ദിവസം മൂന്നാകുമ്പോഴും കുട്ടിയെവിടെയെന്നതില്‍ തുമ്പുണ്ടാക്കാന്‍ പൊലീസിനായിട്ടില്ല.
ഗൾഫിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു കോടിയിലറെ രൂപയുടെ തർക്കം കുട്ടിയുടെ ബന്ധുക്കളുമായി ചിലര്‍ക്ക് നിലനിൽക്കുന്നുണ്ടെന്നും, ഇതേത്തുടര്‍ന്നാണ് ഹാരിസിനെ തട്ടിക്കൊണ്ടു പോയതെന്നുമാണ് പൊലീസ് നല്‍കുന്ന സൂചന.സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന സൂചന ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.
മദ്യപിച്ചോയെന്നറിയാൻ ഊതിച്ചുനോക്കി കേസെടുത്താൽ നിലനിൽക്കില്ല. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റംചുമത്തി തലവൂർ സ്വദേശികളായ മൂന്നുപേരുടെപേരിൽ കുന്നിക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ശാസ്ത്രീയമായി രക്തപരിശോധന നടത്തി നിശ്ചിത അളവിൽ കൂടുതൽ ആൽക്കഹോൾ ഉണ്ടെങ്കിൽ മാത്രമേ കേസെടുക്കാൻ പാടുള്ളൂ എന്ന 2018-ലെ വിധി കോടതി വീണ്ടും ഓർമപ്പെടുത്തി. ചില മരുന്നുകൾക്ക് ആൽക്കഹോളിന്റെ ഗന്ധമുണ്ട്. ആൽക്കോമീറ്റർ പരിശോധനയിലും ഇതു വ്യക്തമാകില്ല. രക്തപരിശോധനയാണ് ശരിയായ മാർഗമെന്ന് 2018-ൽ വൈക്കം സ്വദേശിയുടെ കേസിൽ വിധിയുണ്ട്.
മദ്യപിച്ചെന്ന് സംശയമുള്ളവരെ മുഖത്തേക്കോ കൈയിലേക്കോ ഊതിച്ച് ആൽക്കഹോളിന്റെ ഗന്ധമുണ്ടോ എന്നു പരിശോധിക്കുകയും മണത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പെറ്റിക്കേസെടുക്കുകയും ചെയ്യുന്നത് പതിവാണ്. ആശുപത്രിയിലെത്തിച്ചാലും രക്തപരിശോധന നടത്താതെ മദ്യപിച്ചിരുന്നെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങുകയും ചെയ്യുന്നു. കുന്നിക്കോട് പോലീസ് വ്യക്തിവിരോധത്തിന്റെ പേരിൽ കേസെടുത്തെന്നായിരുന്നു പരാതിക്കാരുടെ ആക്ഷേപം. പുനലൂർ ഡിവൈ.എസ്.പി.യും കേസിനനുകൂലമായ റിപ്പോർട്ടാണ് നൽകിയിരുന്നത്. തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി∙ ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായുള്ള കുത്തിവയ്പിനെ തുടര്‍ന്ന് യുവതി മരിച്ചു. മരിച്ച സിന്ധു അബുദാബിയിൽ നഴ്‌സാണ് .പ്രസവം നിര്‍ത്തുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂര്‍ സ്വദേശി സിന്ധുവാണ് മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. വിദേശത്ത് നഴ്സായ യുവതിയും ഭർത്താവും രണ്ട് കുട്ടികളും അവധിക്ക് നാട്ടിൽ വന്നതാണ്.
പ്രസവം നിര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായ് ഞായറാഴ്ച വൈകിട്ടാണ് 36 കാരിയായ സിന്ധുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിന്ധു .തിങ്കളാഴ്ച രാവിലെ എട്ടരയോടെ ഒാപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മകളെ കുറിച്ച് വിവരമറിയാത്തതിനെ തുടര്‍ന്ന് അമ്മ തിയറ്ററില്‍ കയറിയപ്പോഴാണ് ഗുരുതരാവസ്ഥയിലായ മകളെ കാണുന്നത്.
പൂര്‍ണമായും അബോധാവസ്ഥയിലായ യുവതിെയ ഉടന്‍ ഐസിയു ആബുലന്‍സിൽ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ അവിടെയെത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. തിയറ്ററിലേക്ക് കൊണ്ടു പോകും മുന്‍പ് തനിക്ക് നല്‍കിയ മരുന്ന് മാറിയോയെന്ന് സംശയമുണ്ടെന്ന് നഴ്സ് കൂടിയായ സിന്ധു സംശയം പ്രകടിപ്പിച്ചതായും അച്ഛനടക്കം ബന്ധുക്കള്‍ പറയുന്നു.
അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നൽകിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം. ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വയനാട്: വയനാട്ടിൽ ദന്പതികൾക്കു മർദനമേറ്റ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്. ദന്പതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ അന്പയവയലിലെ ഹോട്ടലിൽ മുറി എടുത്തിരുന്നു. പാലക്കാട്ടെ വിലാസമാണ് ഇവർ നൽകിയത്. ഇതു സംബന്ധിച്ചു സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. സ്ഥലം കാണാനെത്തിയ ദന്പതികൾക്കാണ് അന്പലവയലിൽ കഴിഞ്ഞ ഞായറാഴ്ച ടിപ്പർ ഡ്രൈവറായ ജീവാനന്ദന്റെ ക്രൂരമർദനമേറ്റത്.
ഭർത്താവിനെ മർദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ജീവാനന്ദൻ യുവതിയെ മർദിക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. സംസാരിക്കുന്നതിനിടെ “നിനക്കും വേണോ’ എന്നു ചോദിച്ച് ജീവാനന്ദൻ യുവതിയുടെ മുഖത്തടിക്കുന്നതു കാണാം. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു. ജീവാനന്ദിനോടു യുവതി പ്രതിരോധിച്ചതോടെ ഇയാൾ സ്ഥലം വിടുകയായിരുന്നു മർദനകാരണം വ്യക്തമല്ല. പോലീസ് സ്റ്റേഷനിൽനിന്ന് 20 മീറ്റർ മാത്രം അകലെയാണ് അക്രമം നടന്നത്. ആക്രമണം കണ്ടുനിന്നവരാണു മർദനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
വീഡിയോ കഴിഞ്ഞദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസെടുത്തില്ല. മർദനത്തിനു പിന്നാലെ ദന്പതികളേയും ജീവാനന്ദനെയും പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നെന്നു സൂചനയുണ്ട്. എന്നാൽ പരാതി നൽകാൻ ദന്പതികൾ തയാറായില്ല. ഇതേതുടർന്ന് പോലീസ് കേസ് ഒതുക്കി തീർക്കുകയാണ് ചെയ്തതെന്നും ആക്ഷേപമുണ്ട്.
പാലാ വള്ളിച്ചിറയിൽ സ്കൂൾ ബസ് മറിഞ്ഞ് കുട്ടികൾക്ക് പരിക്ക്. പരിക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചവറ സിഎംഐ പബ്ലിക് സ്കൂൾന്റെ ബസ് ആണ് അപകടത്തിൽ പെട്ടത്.
വള്ളിച്ചിറ – മങ്കൊമ്പ് റൂട്ടിലാണ് അപകടം നടന്നത് . കുട്ടികൾക്ക് കാര്യമായ പരുക്കുകൾ ഇല്ല.. ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികരമായി രക്ഷപെടുത്തി.അഗ്നിശമനസേനയും നാട്ടുകാരും പോലീസും രക്ഷപ്രവർത്തനതിന് നേതൃത്വം നൽകി.

വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വള്ളം തകര്‍ന്ന് കടലില്‍ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ 18ന് കടലില്‍ കാണാതായ മൂന്നംഗ സംഘത്തിലെ അംഗം കൊല്ലങ്കോട് നീരോടി സ്വദേശി ലൂര്‍ദ് രാജിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വലയതുറയില്‍ നിന്നും പോയ മത്സ്യത്തൊഴിലാളി തെരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്. നീണ്ടകരയില്‍ നിന്ന് പോയ അഞ്ചംഗ സംഘമുള്‍പ്പെട്ട വള്ളം കടല്‍ക്ഷോഭത്തില്‍ തകര്‍ന്നാണ് അപകടമുണ്ടായത്. രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ ശസ്‌ത്രക്രിയ ഇന്ന് നടക്കും. തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. ന്യൂറോ സർജന്മാർ അടങ്ങുന്ന സംഘം രാവിലെ 8 മണിക്ക് ശസ്‌ത്രക്രിയ നടപടികൾ ആരംഭിക്കും.
മന്ത്രിയുടെ തലയോട്ടിക്കും തലച്ചോറിനും ഇടയിൽ നേരിയ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രകൃയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനം എടുത്തത്. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമ്മദാണ് ഇക്കാര്യം അറിയിച്ചത്.
കാലുകൾക്ക് ബലക്കുറവ് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ ആണ് രോഗം കണ്ടെത്തിയത്. മന്ത്രിയുടെ തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
മന്ത്രിയുടെ ചികിത്സ സംബന്ധിച്ച് കഴിഞ്ഞ മെഡിക്കൽ ബോർഡ് ശസ്ത്രക്രിയ വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ തിങ്കളാഴ്ച ബോർഡ് യോഗം ചേർന്ന് ശസ്ത്രക്രിയ നിർദേശിച്ചു.