വളാഞ്ചേരിയിലെ വാടക വീട്ടിൽ ഹോംനഴ്‍സ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുൾ സലാമിനെ (36 ) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 52 കാരിയായ പൂന്തറ സൂഫി മന്‍സിലിൽ നഫീസത്തിന്‍റെ മൃതദേഹം ഇന്നലെയാണ് വളാഞ്ചേരി വൈക്കത്തൂരിലെ വാടക വീട്ടില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയായിരുന്നു കൊലപാതകമെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. അറസ്റ്റ് നാളെ രേഖപ്പെടുത്തും.

മൂന്നു ദിവസം പഴക്കം ചെന്ന നിലയിരുന്നു നഫീസത്തിന്‍റെ മൃതദേഹം. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വാടക വീടിന്‍റെ വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. വീടിനകത്ത് ടെലിവിഷന്‍ ശബ്ദം കൂട്ടി വെച്ചിരുന്നു. 30 വര്‍ഷത്തിലധികമായി ഹോം നഴ്‌സിങ് രംഗത്തുള്ള നഫീസത്ത് മലപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിലായി താമസിച്ച് വരികയായിരുന്നു. നാലു മാസത്തോളമായി വൈക്കത്തൂരിലായിരുന്നു താമസം.

വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സ്ത്രീ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്നും സംശയിക്കുന്നു. മോഷണശ്രമത്തിനിടെയാകാം കൊലപാതകം സംഭവിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മലപ്പുറത്തുനിന്നുള്ള ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

തിരുവനന്തപുരം സ്വദേശിയായ സ്ത്രീ വര്‍ഷങ്ങളായി വളാഞ്ചേരിയിലെ വാടകവീട്ടില്‍ ഒറ്റയ്ക്കാണ് താമസം. വിവിധയിടങ്ങളില്‍ ഹോം നഴ്‌സായി ഇവര്‍ ജോലിചെയ്തിരുന്നു.