Kerala

പെരിയയിൽ യൂത്ത് കോൺഗ്രസുകാരെ കൊല്ലുന്നതിന് ഒരുമാസം മുൻപ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്ത്. ജനുവരി ഏഴിന് കല്യാട്ടെ സിപിഎം പരിപാടിയിലായിരുന്നു കൊലവിളിപ്രസംഗം. പ്രസംഗത്തിന്റെ വിഡിയോ സിപിഎം അനുഭാവികളുടെ ഫെയ്സ് ബുക്ക് പേജില്‍ പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസുകാരെ വച്ചേക്കില്ലെന്ന് ജില്ലാസെക്രട്ടേറിയറ്റംഗം വി.പി.പി.മുസ്തഫ പറയുന്നതാണു വിഡിയോയിൽ. ക്ഷമ നശിച്ചാല്‍ സിപിഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോയെന്നും മുസ്തഫ പറയുന്നു.

പാതാളത്തോളം ഞങ്ങൾ ക്ഷമിച്ചുകഴിഞ്ഞു. സഖാവ് പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവുമില്ലാതെ മർദിക്കുന്നതുവരെയുള്ള സംഭവങ്ങൾ ഞങ്ങൾ ക്ഷമിക്കുകയാണ്. പക്ഷേ ഇനിയും ചവിട്ടാൻ വന്നാൽ പാതാളത്തിൽനിന്ന് റോക്കറ്റുപോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയിൽ പിന്നെ കല്യോട്ടല്ല ഗോവിന്ദൻ നായരല്ല ബാബുരാജല്ല ഒരൊറ്റയൊരണ്ണം ബാക്കിയില്ലാത്ത വിധത്തിൽ പെറുക്കിയെടുത്ത് ചിതയിൽ വയ്ക്കാൻ ബാക്കിയില്ലാത്ത വിധത്തിൽ ചിതറിപ്പോകും.

അങ്ങനെയൊരു റോക്കറ്റുപോലെ ക്ഷമയുടെ ഈ പാതാളത്തിൽനിന്ന് തിരിച്ചു ഞങ്ങൾ വരാനുള്ള ഇടയുണ്ടാക്കരുത്. അതുകൊണ്ട് കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്കും ബേക്കല്‍ എസ്‌ഐ സമാധാനയോഗമൊക്കെ വിളിച്ചിട്ട് ഇങ്ങനെയൊക്കെയാണ് സിപിഎം പറ‍ഞ്ഞിട്ടുള്ളതെന്ന് പറഞ്ഞുകൊടുക്കണം. നിങ്ങൾ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും നിങ്ങൾക്ക് സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലോയെന്നും മുസ്തഫ ചോദിക്കുന്നു.

പ്രാദേശിക നേതൃത്വത്തിന്റെ ചുമലിൽ ചാരി കേസിൽനിന്ന് രക്ഷപെടാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണ് കൊലവിളി പ്രസംഗം പുറത്തുവന്നിരിക്കുന്നത്.

ദൃശ്യങ്ങൾ കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്

ആലപ്പുഴയിൽ പെട്ടൊന്നൊരുദിവസം പൊങ്ങിയ ബിവറേജസ് ഷോപ്പിന് മുന്‍പില്‍ കള്ളുകുടിയന്മാരുടെ നീണ്ട നിര. കലവൂര്‍ പാതിരപ്പള്ളിയിലെ ദേശീയപാതയുടെ അടുത്താണ് സംഭവം. സിനിമാ ചിത്രീകരണത്തിനായി സെറ്റിട്ടതായിരുന്നു ഇത്. അവിടേക്ക് സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാം എത്തിയതോടെ വന്നവര്‍ ശരിക്കും ചമ്മി.

Image result for duplicate-bevco-outlet-built-in-pathirappally-alappuzha-for-cinema-shooting

ഒടുവില്‍ സിനിമയില്‍ മുഖം കാണിച്ചാണ് പലരും മടങ്ങിയത്. ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ഒറിജിനല്‍ ബീവറേജ് ഷോപ്പിനെ വെല്ലുന്ന രീതിയിലുള്ള സെറ്റ് ഒരുക്കിയത്. പൂട്ടിക്കിടന്ന പഴയ കടമുറിയെ ബിവറേജസ് ഔട്ട്ലെറ്റ് ആക്കി മാറ്റുകയായിരുന്നു. ഹാസ്യനടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.

 കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തെ വിഴുങ്ങി പുക ശൈല്യം. വൈറ്റില, ചമ്പക്കര മേഖലയിലാണ് പുക രൂക്ഷമായി ബാധിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പുക വ്യാപിക്കാന്‍ തുടങ്ങിയതോടെ ഇത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീപിടിത്തമാണ് പുക ഉയരാന്‍ കാരണം. പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. അഗ്നിശമന സേന, ബി.പി.സി.എല്‍ എന്നിവയുടേതടക്കം 15 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കഴിഞ്ഞ മാസം രണ്ട് തവണ ഇവിടെ തീ പിടുത്തമുണ്ടായിരുന്നു.

പ്ലാന്റിലെ തീ പൂര്‍ണമായും അണക്കാന്‍ സാധിക്കാത്തതിനാല്‍ പുകശൈല്യത്തിന് എപ്പോള്‍ ശമനമുണ്ടാകും എന്നത് വ്യക്തമല്ല. എംജി റോഡിലും മരടിലും കുണ്ടന്നൂരിലും പുക ജനജീവിതത്തെ കാര്യമായി ബാധിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും,ദുര്‍ഗന്ധവും വമിക്കുകയാണ്.

അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കും. അതേസമയം തീപ്പിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും. തീപിടിച്ചു വളരെ പെട്ടന്ന് തന്നെ പരിസരമാകെ പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് അഗ്‌നിശമന സേനയും പറഞ്ഞു.

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇന്ന് സന്ദര്‍ശിക്കും.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞുവെന്നാണ് ലോക്കല്‍ പോലീസിന്റെ വാദം. കൊലപാതകത്തില്‍ പങ്കെടുത്തവരും മുഖ്യ ആസൂത്രകരും പിടിയിലായിട്ടുണ്ട്. ഇനി അറസ്റ്റിലാകാനുള്ളത് പ്രതികളെ സഹായിച്ചവര്‍ മാത്രമാണ്. ഇവരും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറയുന്നു.

പീതാംബരന് രാഷ്ട്രീയ വൈര്യം തീര്‍ക്കാനായി സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പീതാംബരന്‍ കുറ്റസമ്മതം നടത്തിയതോടെ ഇയാളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്.

കൊലപാതകത്തിന് ശേഷം സിപിഎം ഓഫീസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ അക്രമം ഉണ്ടായിട്ടുണ്ട്. അക്രമം നടന്ന സ്ഥലങ്ങള്‍ നേതാക്കള്‍ ഇന്ന് സന്ദര്‍ശിച്ചേക്കും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചേക്കുമെന്ന സൂചനയും ഉണ്ട്. നേരത്തെ കുഞ്ഞിരാമന് ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു.

 

പെരിയ ഇരട്ടക്കൊലക്കേസിൽ സാംസ്കാരിക നായകർക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെ വിമർശിച്ച മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിൽ കമന്റിട്ട് വിടി ബൽറാമിന്റെ കടുംവെട്ട്. മുഖ്യമന്ത്രിയുടെ പോസ്റ്റിന് ഇപ്പോൾ 14000 പേരാണ് റിയാക്ട് ചെയ്തതെങ്കിൽ ഇതേ പോസ്റ്റിനു വിടി ബൽറാമിന്റെ കമന്റിനോട് റിയാക്ട് ചെയ്തത് 30000 പേരാണ്.

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികരിക്കാതിരുന്ന സാംസ്കാരിക നായകർക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരള സാഹിത്യ അക്കാദമിയിലേക്ക് മാർച്ച് നടത്തിയിരുന്നു. അക്കാദമി അദ്ധ്യക്ഷന്റെ കാറിന് മുകളിൽ വാഴപ്പിണ്ടി സമർപ്പിച്ച് സംഘം മടങ്ങി. ഇതിനെതിരെയാണ് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പ്രതികരിച്ചത്.

“കേരള സാഹിത്യ അക്കാദമി മലയാള സാംസ്കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയുന്നത്. അവിടെ ചെന്ന് സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ശക്തികള്‍ സാഹിത്യകാരന്മാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണ്. എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്നു കല്‍പിക്കാന്‍ ആര്‍ക്കും അവകാശമില്ല. സാഹിത്യകാരന്മാരെ ഭര്‍ത്സിക്കുന്ന നടപടികള്‍ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങള്‍ അനുവദിക്കുന്ന പ്രശ്നവുമില്ല.” എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.

എന്നാൽ വിടി ബൽറാം ഈ പോസ്റ്റിന് മറുപടിയുമായി എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ കമന്റിൽ അവസാന ഭാഗം ഇങ്ങിനെ. “സിപിഎമ്മിന് സ്തുതി പാടാൻ മാത്രം വാ തുറക്കുന്ന സാംസ്ക്കാരിക ക്രിമിനലുകളെ ഇനിയും ഇന്നാട്ടിലെ ജനങ്ങൾ അവരർഹിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യും, നിങ്ങൾ പണ്ട് സക്കറിയയെ ഒക്കെ കൈകാര്യം ചെയ്തപോലെ കായികമായിട്ടല്ല, തീർത്തും ജനാധിപത്യപരമായി മാത്രം. നിങ്ങൾ കണ്ണുരുട്ടിയാൽ കേരളം മുഴുവൻ പേടിക്കുന്ന കാലമൊക്കെ കഴിഞ്ഞു.”

കാസര്‍കോട്: പെരിയയില്‍ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കത്തിനെതിരെ കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. ഇന്ന് കാസര്‍കോട് ജില്ലയിലുള്ള മുഖ്യമന്ത്രി കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്തു. ഔദ്യോഗികമായി ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ലെങ്കിലും മുഖ്യമന്ത്രി വരേണ്ടെന്ന നിലപാടിലാണ് ഡിസിസി നേതൃത്വം.

സിപിഎം ജില്ലാ സെക്രട്ടി എം.വി. ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിയുടെ താല്‍പര്യം അറിയിച്ചിരുന്നു. സന്ദര്‍ശനം അനുവദിക്കാനാകില്ലെന്നാണ് ഹക്കീം കുന്നില്‍ മാധ്യമങ്ങളെ അറിയിച്ചത്. പ്രവര്‍ത്തകര്‍ക്കിടയില്‍ വികാരമുണ്ടെന്നും പ്രാദേശികമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകാമെന്നും അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നും ഹക്കീം കുന്നില്‍ അറിയിച്ചു.

അതേസമയം മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രിയോട് സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞിരുന്നു. കാസര്‍ഗോഡ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനം, കാസര്‍ഗോഡ് അലാം ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം എന്നിവയ്ക്കായാണ് മുഖ്യമന്ത്രി ഇന്ന് ജില്ലയില്‍ എത്തുന്നത്.

ആദ്യഭാഗമെഴുതി 13 വര്‍ഷങ്ങള്‍ക്കുശേഷമാണ് ‘റൊമാന്‍ഡിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍’ എന്ന രണ്ടാം ഭാഗം പുറത്തിറങ്ങിയത്. മലയാളത്തില്‍ ‘എന്റെ ആണുങ്ങള്‍’ എന്നാണ് പുസ്തകത്തിന്റെ പേര്. തന്റെ ഈ പുസ്തകത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നളിനി മനസ്സ് തുറക്കുന്നു.

എന്റെ ജീവിതങ്ങളും അനുഭവങ്ങളും തുറന്നെഴുതണമെന്ന അഭിപ്രായം കണക്കിലെടുത്താണ് ആത്മകഥയെഴുതാന്‍ തീരുമാനിച്ചത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കാന്‍ തയ്യാറായി വന്നതോടെ എഴുതാന്‍ ആത്മവിശ്വാസമായി. തുടര്‍ന്ന് എഴുതാന്‍ കഴിയുമോ എന്ന് സംശയമായിരുന്നു. എന്നാല്‍ എഴുത്ത് മറ്റൊരു വരുമാനമാര്‍ഗ്ഗമായതോടെ തുടരാന്‍ തീരുമാനിച്ചു”നളിനി പറയുന്നു.

Image result for nalini jameela

ലൈംഗികത്തൊഴിയാളിയാണെന്ന് പറയാന്‍ ഒരു നാണവുമില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെയാണ് നളിനി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തുന്നത്. തൃശൂര്‍ സ്വദേശിയാണ് നളിനി. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മക്ക് ജോലി നഷ്ടപ്പെട്ടതോടെ ഫീസടക്കാന്‍ കഴിയാതെ വന്നു. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട നളിനി കളിമണ്‍ ഖനിയില്‍ ജോലിക്കുപോയി.

പതിനെട്ടാം വയസ്സില്‍ ഒപ്പം ജോലി ചെയ്തിരുന്നയാളുമായി വിവാഹം. മക്കളുണ്ടായതിന് ശേഷമാണ്, കാന്‍സര്‍ ഭര്‍ത്താവിന്റെ ജീവനെടുത്തത്. ഭര്‍ത്താവിന്റെ കുടുംബം തിരിഞ്ഞുനോക്കിയില്ല. മക്കളെ നോക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായതോടെ നളിനി ലൈംഗികത്തൊഴിലാളിയായി.

ലൈംഗികത്തൊഴില്‍ ചെയ്യുന്നവരും മനുഷ്യരാണെന്നത് സമൂഹം അംഗീകരിക്കാറില്ല. തങ്ങളുടെ കഥകളോട് ഭൂരിഭാഗവും മുഖം ചുളിക്കും എന്നറിഞ്ഞുകൊണ്ടാണ് നളിനി സ്വന്തം ജീവിതം തുറന്നെഴുതിയത്. തെരുവുജീവിതവും നളിനിയെ തേടിയെത്തിയ ആണുങ്ങളുമാണ് രണ്ടാം ഭാഗത്തിലുള്ളത്.

Image result for nalini jameela

കേരള സെക്‌സ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റാണ് നളിനി. ജ്വാലമുഖി, എ പീപ്പ് ഇന്‍ടു ദ സൈലന്‍സ് എന്നിങ്ങനെ രണ്ട് ഡോക്യുമെന്ററികളും നളിനി സംവിധാനം ചെയ്തിട്ടുണ്ട്.

എന്റെ ജീവിതമാണ് ഞാന്‍ എഴുതിക്കൊണ്ടിരുന്നത്. അത്ര എളുപ്പമായിരുന്നില്ല അത്. ഒരിക്കല്‍ മറന്നുകളഞ്ഞത് എന്നു കരുതിയിരുന്ന ഓര്‍മ്മകളെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു ഞാന്‍. അതിന് സമയവും ധൈര്യവും ആവശ്യമായിരുന്നു’

സാധാരണ ഗതിയില്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് പണമാണ് പ്രധാനം. അതിനപ്പുറത്ത് വൈകാരികമായ അടുപ്പമോ പ്രണയമോ ഒന്നും ഇടപാടുകാരുമായി പുലര്‍ത്താറില്ല. പണം തരാതെ ചതിച്ചാലോ എന്ന ഭയമുള്ളത് കൊണ്ടാണത്. എന്നാല്‍ എന്റെ രീതി വ്യത്യസ്തമാണ്. ഞങ്ങള്‍ക്കുള്ളതുപോലെ ഭയം ഇടപാടുകാര്‍ക്കും ഉണ്ടാകാം. മുന്‍വിധികള്‍ ഒഴിവാക്കിയാല്‍ തങ്ങളെ തേടിയെത്തുന്നവരുമായി നല്ലൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

അഭ്യാസപ്രകടനത്തിനിടെ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മോട്ടോര്‍ എക്‌സ്‌പോയ്ക്കിടെയാണ് അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കാറിന്റെ ഡ്രൈവര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നയാള്‍ ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട കാര്‍ കാഴ്ച്ചക്കാരായി നിന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്താണ് കാര്‍ വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. പരിക്കേറ്റ റോഷന്‍, വൈശാഖ് ചന്ദ്രന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ മഹേഷ് ചന്ദ്രന്റെ കാലിന്റെ തുടയെല്ല് പൊട്ടിയതായാണ് വിവരം. ഇയാളെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കി.

കോളേജില്‍ ഇത്തരം സാഹസിക അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനെതിരെ കോളേജ് മാനേജ്‌മെന്റിനും വിദ്യാര്‍ത്ഥികള്‍ക്കും കൊല്ലം പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് മുന്നറിയിപ്പ് മറികടന്നും വിദ്യാര്‍ത്ഥികള്‍ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ മോട്ടോര്‍ റേഴ്‌സ് നടത്തിയ പത്ത് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പെരിയ ഇരട്ടക്കൊലയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മണിക്കൂറുകൾക്കു മുൻപേ പ്രാദേശിക നേതാവിനു മേൽ കുറ്റം ചുമത്തി പുറത്താക്കാൻ സിപിഎം കാണിച്ച തിടുക്കം സംശയത്തിൽ. ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയതു വൈകിട്ട് ആറോടെ. എന്നാൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ പീതാംബരനെ കുറ്റവാളിയെന്നു വിധിച്ചു സിപിഎം നേതാക്കൾ പ്രസ്താവനയിറക്കി. ഉച്ചയോടെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു. പ്രാദേശിക പ്രവർത്തകരിലേക്കു മാത്രം കേസ് ഒതുക്കാനുള്ള നീക്കം ഈ തിടുക്കത്തിനു പിന്നിലുണ്ടോ എന്ന സംശയമാണ് ഉയരുന്നത്

പാർട്ടിക്കു പങ്കില്ലെന്നായിരുന്നു കൊലപാതകത്തിനുശേഷം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ ആദ്യ പ്രതികരണം. കൊല്ലപ്പെട്ടവരോടു സിപിഎം പ്രാദേശിക നേതാക്കൾക്കു വൈരാഗ്യമുണ്ടായിരുന്നുവെന്നു പ്രഥമ വിവരറിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയതോടെ, പ്രാദേശികവും വ്യക്തിപരവുമായ കാരണങ്ങളാലുണ്ടായ കൊലപാതകം എന്നു പാർട്ടി നിലപാടെടുത്തു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണു പീതാംബരനെയും കൂട്ടരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കും മുൻപേ പീതാംബരൻ കുറ്റക്കാരനാണെന്നു നേതൃത്വം പരസ്യ നിലപാടെടുത്തു.

പൊലീസ് കസ്റ്റഡിയിലെടുത്തയാളെ പുറത്താക്കാ‍ൻ നിർദേശം നൽകിയിട്ടുണ്ടെന്നാണു രാവിലെ 9.30നു കൊല്ലത്തെ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്. പീതാംബരനും കൂട്ടരും ചെയ്തതിന്റെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാനാകില്ലെന്നു സിപിഎമ്മിന്റെ കാസർകോട്ടെ മുതിർന്ന നേതാവ് പ്രതികരിച്ചതു രാവിലെ 11ന്

പീതാംബരനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചത് ഉച്ചയ്ക്ക് ഒന്നിന്. എന്നാൽ ആ സമയത്തൊന്നും പീതാംബരൻ പ്രതിയെന്നു പൊലീസ് സ്ഥിരീകരിച്ചിരുന്നില്ല. ആറോടെ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിനും പൊലീസ് സ്ഥിരീകരണത്തിനും ഏതാണ്ട് 8 മണിക്കൂർ മുൻപു തന്നെ പീതാംബരനെതിരെ പാർട്ടി നടപടിക്കു നിർദേശം നൽകിയത് എന്തു വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നതിലാണു ദുരൂഹത. ഷുഹൈബ് കേസിൽ 4 പേരെ പുറത്താക്കിയത് അറസ്റ്റ് നടന്നു മൂന്നാഴ്ചയ്ക്കു ശേഷം പാർട്ടി അന്വേഷണത്തത്തുടർന്നാണ്

പെരിയ കേസിൽ പ്രാദേശിക നേതാക്കളിൽ അന്വേഷണം അവസാനിക്കണമെന്നു പാർട്ടിയിൽനിന്നു പൊലീസിനുള്ള സൂചനയായാണു നേതൃത്വത്തിന്റെ അമിത തിടുക്കം വ്യാഖ്യാനിക്കപ്പെടുന്നത്. പീതാംബരൻ കൊന്നിട്ടുണ്ടെങ്കിൽ പാർട്ടിക്കു വേണ്ടിയായിരിക്കാമെന്ന കുടുംബത്തിന്റെ പ്രതികരണവും സംശയത്തിന്റെ ബലം വർദ്ധിപ്പിക്കുന്നു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. കേരളാ പോലീസ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി അന്വേഷണം അട്ടിമറിക്കുകയാണെന്നും കേസ് സിബിഐക്ക് വിടണമെന്നും നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി കാര്യങ്ങള്‍ മയപ്പെടുത്താനാവും ആഭ്യന്തരം ശ്രമിക്കുക. ക്രൈംബ്രാഞ്ച് എസ്.പിയായി സ്ഥാനമാറ്റം ലഭിച്ച എ. ശ്രീനിവാസ് ജില്ലാ പോലീസ് മേധാവി സ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ കേസിന്റെ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

അതേസമയം കൊലപാതകം നടത്തിയവരില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. കൊലപാതകത്തിനുപയോഗിച്ച വടിവാള്‍ എത്തിച്ച കല്ല്യോട്ട് ഏച്ചിലടുക്കത്തെ സജി സി. ജോര്‍ജിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ സജീവ സിപിഎം പ്രവര്‍ത്തകനാണ്. സജി നേരത്തെ പോലീസിന്റെ കസ്റ്റഡിയിലായിരുന്നെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. സജിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും സൂചനയുണ്ട്.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിയെ പോലീസ് തെളിവെടുപ്പിന് ഹാജരാക്കിയിരുന്നു. കൊലപാതകം നടത്താന്‍ ഉപയോഗിച്ച വടിവാളും ഇരുമ്പ്ദണ്ഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പീതാംബരന്‍ കുറ്റസമ്മതം നടത്തിയതോടെ ഇയാളുടെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോ മീറ്റര്‍ ദൂരത്താണ് പീതാംബരന്റെ വീട്. വീടിന്റെ അകത്തുള്ള സാധന സാമഗ്രികളും ജനല്‍ച്ചില്ലുകളും വാതിലും മുറ്റത്തെ തകരഷീറ്റ് തുടങ്ങിയവ പൂര്‍ണമായും അടിച്ചുതകര്‍ത്തിട്ടുണ്ട്.

Copyright © . All rights reserved