ഇടുക്കി പാഞ്ചാലിമേട്ടിലെ മതസൗഹാർദം ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ നാട് ഒറ്റക്കെട്ടായി രംഗത്ത്. റവന്യൂ ഭൂമിയിലാണോ, ദേവസ്വം ഭൂമിയിലാണോ കുരിശു സ്ഥാപിച്ചതെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. അതേ സമയം കുരിശ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധം നടത്തി.

പാഞ്ചാലിമേട്ടിലെ സമാധാനവും മതസൗഹാർദ്ദവും തകർക്കാൻ പുറത്തുനിന്നുള്ളവർ ശ്രമിക്കുന്നെന്ന് കണയങ്കവയൽ കത്തോലിക്കാ പള്ളിയും, അമ്പല ഭാരവാഹികളും, പഞ്ചായത്തും ഒറ്റക്കെട്ടായി പരാതി ഉയർത്തിയിരുന്നു. ഇതിനിടെയാണ് ഹിന്ദു ഐക്യവേദി നേതാവ് കെ. പി ശശികലയും പ്രവർത്തകരും പ്രതിഷേധവുമായി എത്തിയത്.

രാവിലെ പതിനൊന്ന് മണിയോടെ പാഞ്ചാലിമേട്ടിൽ എത്തിയ ശശികലയും പ്രവർത്തകരും അമ്പലത്തിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്തു പൊലീസ് തടഞ്ഞു. പിന്നീട് ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാൽ എത്തി ചർച്ചക്കൊടുവിൽ പ്രവേശനം അനുവദിച്ചു. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഇവരുടെ ആരോപണം.

ദുഃഖവെള്ളിയാഴ്ച കുരിശുമല കയറ്റത്തിന്റെ ഭാഗമായി കണയങ്കവയൽ പള്ളി പാഞ്ചാലിമേട്ടിൽ മൂന്ന് മരക്കുരിശുകൾ സ്ഥാപിച്ചതാണ് വിവാദമായത്. എന്നാൽ ജില്ലാ കലക്ടറുടെ നിർദേശം അനുസരിച്ചു പള്ളി തന്നെ കുരിശുകൾ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. പാഞ്ചാലിമേട് കുരിശുമല കയറ്റത്തിന് 50 വർഷത്തെ പഴക്കമുണ്ടെന്ന് കണയങ്കവയൽ പള്ളി പറയുന്നു. പഴയ കുരിശുകളും അമ്പലവും റവന്യൂഭൂമിയിലാണെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാൽ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.