ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സീറ്റിലേക്ക് ബിജെപി പരിഗണിക്കുന്നത് മോഹൻലാലിനെ. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ സ്ഥിരീകരിച്ചു. എന്‍ഡിടിവിയോടാണ് ഒ രാജഗോപാൽ ഈ വെളിപ്പെടുത്തൽ നടത്തിയത്.
“ഞങ്ങൾ മോഹൻലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളിൽ മോഹൻലാൽ തൽപരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്.” മോഹൻലാൽ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ഒ രാജഗോപാലിന്‍റെ ഈ വാക്കുകൾ. കേന്ദ്രസര്‍ക്കാരിന്‍റെയും നീക്കങ്ങളെ പലവട്ടം പിന്തുണച്ചിട്ടുള്ള താരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
കൊച്ചിയില്‍ ആളെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിച്ച കാര്‍ ഇടിപ്പിച്ച് ബൈക്ക് യാത്രികനെ കൊന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ചൊവ്വാഴ്ച പനമ്പിളളി നഗറിനടുത്ത് കൊച്ചി ഷിപ്്യാര്‍ഡിന്‍റെ പുതിയ കെട്ടിടത്തിനു സമീപം പൊലീസിന്‍റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ അരങ്ങേറിയ ദാരുണ കൊലപാതകത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
തട്ടിക്കൊണ്ടു പോകപ്പെട്ട വിനീത് പൊലീസിനെ കണ്ട് കാറില്‍ നിന്ന് ചാടുന്നതും വിനീത് ചാടിയതിനു പിന്നാലെ കാര്‍ അമിത വേഗത്തില്‍ മുന്നോട്ട് പായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ പാച്ചിലിനിടെയാണ് കാറിനു മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു താഴെയിട്ട ശേഷം ശരീരത്തിലൂടെ കാറിടിച്ചു കയറ്റുന്നത്.
ബൈക്ക് യാത്രികനായ കുമ്പളങ്ങി സ്വദേശി തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് ജീവന്‍ നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ജോണ്‍ പോള്‍,ലൂതര്‍ ബെന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പണത്തിനു വേണ്ടി പെരുമ്പാവൂര്‍ സ്വദേശി വിനീതിനെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. വിനീത് അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദാരുണമായ കൊലപാതകം.
ഒരു കാലഘട്ടത്തിലെ യുവജനതയെ വിവിധ മണ്ഡലങ്ങളില്‍ നേതൃനിരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ പാലാ കെ.എം.മാത്യു വഹിച്ച പങ്ക് അതിപ്രധാനമായിരുന്നു എന്ന് പാലാ കെ.എം.മാത്യു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പ്രസ്താവിച്ചു. 2019 ജനുവരി 11ന് കോട്ടയത്ത് ഡി.സി ഓഡിറ്റോറിയത്തില്‍ നടന്ന കേരളത്തിലെ ഏറ്റവും നല്ല ബാലസാഹിത്യകൃതിക്കുള്ള അവാര്‍ഡ് സമര്‍പ്പണവും അനുസ്മരണ സമ്മേളനത്തിനും അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്നത്തെ സമൂഹത്തിന് ഒരു നല്ല ദിശാബോധവും സാമൂഹിക പ്രതിബദ്ധതയും നല്‍കുകയും നേതൃപാടവം വളര്‍ത്തിയെടുക്കുകയും ചെയ്ത വ്യക്തിയാണ് പാലാ കെ.എം മാത്യൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ സുപ്രീം കോടതി ജസ്റ്റിസ് ശ്രീ കെ.റ്റി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധതലങ്ങള്‍ നേതാക്കളെ സൃഷ്ടിക്കുന്ന ഒരു സൃഷ്ടാവായിരുന്നു പാല കെ.എം മാത്യുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമ്മേളനത്തില്‍ സുരേഷ് കുറുപ്പ്, മുന്‍ ജനയുഗം പത്രാധിപര്‍ അഡ്വ. ബി. ബിനു, ഇബ്രാഹീം ഖാന്‍, തുഷാര ജെയിംസ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡറക്ടര്‍ പള്ളിയറ ശ്രീധരന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവ് തേക്കിന്‍കാട് ജോസഫ് മറുപടി പ്രസംഗം നടത്തി. ഫൗണ്ടേഷന്‍ ജന. സെക്രട്ടറി സുകുമാരന്‍ മൂലേക്കാട്ട് സ്വാഗതവും ട്രഷറര്‍ റോയി മാമ്മന്‍ കൃതജ്ഞതയും രേഖപ്പെടുത്തു.
രണ്ടാമത്തെ ലോക്സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെ പി.ജെ ജോസഫ് സംഘടിപ്പിച്ച പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കാളിയായി പി.സി ജോര്‍ജ് എംഎല്‍എയും. സമാധാനസന്ദേശമെന്ന പേരില്‍ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ബാനറിലാണ് ജോസഫ് പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്നത്.
ജോര്‍ജിനെ കൂടാത കേരള കോണ്‍ഗ്രസിലെ മാണി ഗ്രൂപ്പ് പക്ഷക്കാരായ കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ്, തോമസ് ഉണ്ണിയാടന്‍, സി.എഫ് തോമസ് എംഎല്‍എ എന്നിവരും പ്രാര്‍ത്ഥനാ യജ്ഞത്തിന് പിന്തുണയുമായി വേദിയിലെത്തി.
ജോസഫ് ഗ്രൂപ്പുകാരായ മോന്‍സ് ജോസഫ് എംഎല്‍എ, ടി.യു കുരുവിള അടക്കമുള്ള നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ്.കെ മാണി കേരള യാത്ര നടത്തുമ്പോള്‍ തന്നെയാണ് ജോസഫ് ഈ പരിപാടി തലസ്ഥാനത്ത് സംഘടിപ്പിച്ചത്.
കേരളാ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ജോര്‍ജും ജോസഫും ഒരേ വേദി പങ്കിട്ടിരിക്കുന്നതിന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്തിന് പുറമേ ഇടുക്കി, ചാലക്കുടി സീറ്റികളിലേതെങ്കിലുമൊന്ന് കൂടി പാര്‍ട്ടി ആവശ്യപ്പെടണമെന്നാണ് ജോസഫിന്റെ ആവശ്യം. ഇതിനോട് മാണി അനുകൂലമല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് കേരള കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, പാര്‍ട്ടി വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങുമെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്ന് ജോസ് കെ മാണിയും വ്യക്തമാക്കി.
കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി. യൂണിനുകളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍പോലുമറിയാതെയാണ് അജന്‍ഡക്ക് പുറത്തുള്ള വിഷയമായി ഇക്കാര്യം മന്ത്രിസഭ പരിഗണിച്ചത്. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തികകളിലും വ്യാപകമാറ്റം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം, തച്ചങ്കരിയുടെ മാറ്റത്തിൽ അസ്വഭാവികതയില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള മാറ്റത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
എംപാനൽ ജീവനക്കാരുടെ പിരിച്ചുവിടല്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയിൽ വലയുന്നതിനിടെയാണ് എം.ഡി സ്ഥാനത്തുനിന്ന് ടോമിന്‍തച്ചങ്കരിയെ മാറ്റുന്നത്. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍പോലുമറിയാതെയാണ് വിഷയം അജന്‍ഡക്ക് പുറത്തുള്ള ഇനമായി മന്ത്രിസഭ പരിഗണിച്ചതും തീരുമാനമെടുത്തതും. തൊഴിലാളി വിരുദ്ധനിലപാടുകളാണ് തച്ചങ്കരി പിന്തുടരുന്നതെന്ന പരാതി ഇടത്, വലത് യൂണിയനുകള്‍ ഒരുപോലെ ഉന്നയിച്ചിരുന്നു.
ഡബിള്‍ഡ്യൂട്ടി സിംഗിൾ ഡ്യൂട്ടി ആക്കിമാറ്റിയത് ജീവനക്കാര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. സ്ഥാനക്കയറ്റം , ശമ്പള വര്‍ധന എന്നിവ സംബന്ധിച്ചും എം.ഡിയുടെ നിലപാടുകളോട് യൂണിനുകൾ യോജിച്ചിരുന്നില്ല. സിപിഎമ്മിന്റെയും ഇടത് തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി. സി എംപ്്ളോയിസ് അസോസിയേഷന്റെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ടോമിൻ തച്ചങ്കരിയെമാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
ഇത്രയും നാൾ പല പ്രതിസന്ധിഘട്ടങ്ങളിലും മുഖ്യമന്ത്രിയുടെ പിന്തുണ തച്ചങ്കരിക്കുണ്ടായിരുന്നു. എം.ഡി. സ്ഥാനത്തേക്ക് കൊച്ചി സിറ്റി പൊലീസി കമ്മിഷണര്‍ എം.പി ദിനേശിനെ നിയമിച്ചു. തച്ചങ്കരി ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഡിജിപിയായി തുടരും. പി.എച്ച്.കുര്യന്‍വിരമിക്കുന്ന ഒഴിവിലേക്ക് ഡോ.വി.വേണുവിനെ റവന്യൂ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ബി.എസ്. തിരുമേനിയാണ് പുതിയ ഡിപിഐ. ഉഷാ ടൈറ്റസിന് ഊര്‍ജം പരിസ്ഥിതി വകുപ്പുകളുടെയും എ.ജയതിലകിന് വനം, വന്യജീവി വകുപ്പിന്റെയും ബിശ്വനാഥ് സിന്‍ഹക്ക് പൊതുഭരണത്തിന്റെയും അധികചുമതല നല്‍കി. വി.ആര്‍.പ്രോംകുമാറാണ് പുതിയ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍.
മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് ആരാധകർക്ക് ഇടയിൽ നിന്നും വിജയ് സേതുപതിയോട് പറഞ്ഞ അമ്മയ്ക്ക് താരം കയ്യിലുണ്ടായിരുന്ന പണം മുഴുവൻ നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. ആലപ്പുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘മാമനിതന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചായിരുന്നു ഈ സംഭവം. ഇതിനു തൊട്ടുപിന്നാലെയാണ് വിജയ് സേതുപതിയെയും ആരാധകരെയും നിരാശരാക്കി സഹായം ലഭിച്ച അച്ചാമ്മ മരണപ്പെട്ടന്ന വാർത്ത പുറത്ത് വന്നത്.
ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മയെ ഉടൻ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് അവര്‍ മരണപ്പെട്ടത്. കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും ഇവർ സ്ഥിരം സാന്നിധ്യമാണ്. ജയറാം നായകനായി എത്തിയ ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’ എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തിലും അച്ചാമ്മ അഭിനയിച്ചിട്ടുണ്ട്. കണ്ണെഴുതിപൊട്ടും തൊട്ടു സിനിമയുടെ ഷൂട്ടിങ് ദിവസങ്ങളിൽ കാവാലം പ്രദേശത്തു എല്ലാ സഹായം നൽകി അച്ചാമ്മയെ നന്ദിയോടെ അവർ സിനിമയിൽ രേഖപ്പെടുത്തിയിരുന്നു .അവിവാഹിതയാണ്.
ആരാധകരെ കാണാൻ എത്തിയപ്പോഴാണ് ഇൗ അമ്മ വിജയ് സേതുപതിയോട് മരുന്ന് വാങ്ങാൻ പണമില്ല മോനെ എന്ന് പറഞ്ഞത്. ഇതു േകട്ട താരം തന്റെ സഹായികളുടെ കയ്യിലുള്ള പണം തരാൻ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ പണം പൂർണമായും അമ്മയ്ക്ക് മരുന്നുവാങ്ങാൻ നൽകുകയായിരുന്നു. മക്കള്‍സെല്‍വന്റെ ഈ നല്ല പ്രവൃത്തിക്ക് വലിയ കൈയ്യടി ലഭിക്കുകയും വീഡിയോ വൈറലാകുകയും ചെയ്തു. അതേ സമയം മക്കള്‍ സെല്‍വന്റെ പ്രവൃത്തികള്‍ക്കെല്ലാം പിന്നില്‍ ഒരു പി ആര്‍ വര്‍ക്ക് ഉണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
കഴിഞ്ഞ ദിവസമാണ് മാമനിതന്‍റെ ഷൂട്ടിങ് സെറ്റിൽ വൃദ്ധയെത്തിയത്. സിനിമയുടെ ചിത്രീകരണത്തിന്‍റെ ഇടവേളയിൽ ആരാധകരോടൊപ്പം ഫോട്ടൊയെടുക്കുന്നതിനിടെ ഒരു വൃദ്ധയെ ജനക്കൂട്ടത്തിനിടെ വെച്ച് താരം ശ്രദ്ധിച്ചു. തന്നോട് വൃദ്ധ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ തോന്നിയ താരം അങ്ങോട്ട് ചെല്ലുകയും എന്താണെന്നും തിരിക്കുകയും ചെയ്തു. മരുന്നു വാങ്ങാൻ പൈസയില്ല മോനേ എന്ന് വൃദ്ധ പറഞ്ഞതോടെ തന്‍റെ കൂടെയുണ്ടായിരുന്ന സഹായികളോട് പണം നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കോസ്റ്റ്യൂമർ ഇബ്രാഹിമിന്‍റെ പേഴ്സ് തുറന്ന് തുക എത്രയാണെന്നു എണ്ണി നോക്കാതെ വൃദ്ധയ്ക്ക് നൽകുകയായിരുന്നു.
ഓവര്‍ എളിമയാണ് താരത്തിനെന്നും അത് മുതലാക്കി തന്നെയാണ് ഇപ്പോള്‍ ഓരോ ലൊക്കേഷനില്‍ അദ്ദേഹം പെരുമാറുന്നതെന്നും ആരോപണമുയരുന്നുണ്ട്. എന്നാല്‍, ഷൂട്ടിംഗ് കാണാനെത്തുന്ന, സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവും മനസ്സില്‍ വെച്ച് അതിനായി ഒരുപാട് പരിശ്രമിച്ചയാളാണ് സേതുപതി. അതിനാല്‍ അങ്ങനെയുള്ളവരെ അദ്ദേഹം ഒരിക്കലും നിരാശപ്പെടുത്താറില്ല എന്നതാണ് വാസ്തതം. താന്‍ വന്ന വഴി മറക്കുന്നവനല്ല അദ്ദേഹമെന്ന് ഓരോ തവണയും തെളിയിക്കുകയാണ്.
ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍. വ്യാഴാഴ്ച വെന്റിലേറ്ററില്‍നിന്നു മാറ്റാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എറണാകുളം മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ശ്വാസകോശത്തില്‍ ഫ്‌ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്.
രാവിലെ ഡബ്ബിങ്ങിനായി ലാല്‍ മീഡിയയില്‍ എത്തിയപ്പോള്‍ തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ചികിത്സാരേഖകള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലായതിനാല്‍ അവിടേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. മകന്‍ ധ്യാന്‍, നടന്‍മാരായ നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയവര്‍ ആശുപത്രിയിലുണ്ട്. വിനീത് ശ്രീനിവാസന്‍ ചെന്നൈയില്‍ നിന്നു നാട്ടിലേയ്ക്ക് പുറപ്പെട്ടു.
മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം ജനുവരി 26 തിയതി നടന്നു. അസോസിയേഷന്റെ സപ്ലിമെന്ററി സുകൂളിലായിരുന്നു പൊതുയോഗം. പ്രസിഡന്റ് വില്‍സണ്‍ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി കലേഷ് ഭാസ്‌കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയും മാഞ്ചസ്റ്റര്‍ ഡേ പരേഡിലെ സാന്നിദ്ധ്യത്തിലൂടെ മലയാള ഭാഷയെയും ഭാഷാ പിതാവിനെയും ലോകജനതയ്ക്ക് പരിചയപ്പെടുത്താന്‍ സാധിച്ചത് ഇതര കമ്യൂണിറ്റികളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിച്ചതായി യോഗം വിലയിരുത്തി. മാഞ്ചസ്റ്റര്‍ ഫെസ്റ്റിവലിലെ എം.എം.എയുടെ പ്രാതിനിധ്യം എടുത്തുപറയേണ്ട ഒന്നായിരുന്നു.
കേരള വെള്ളപ്പൊക്ക ദുരന്തനിവാരണത്തിനായി എം.എം.എയുടെ നേതൃത്വത്തില്‍ ഒന്‍പത് ലക്ഷം രൂപ സമാഹരിച്ച് കേരള മുഖ്യമന്ത്രിക്ക് കൈമാറി. ലോക വനിതാ ദിനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലുമായി ചേര്‍ന്ന് ‘പ്രസ് ഫോര്‍ പ്രൊഗ്രസ്’ എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ കലാപരിപാടികള്‍ അതരിപ്പിച്ചതും നേട്ടമായി യോഗം വിലയിരുത്തി. ഇത് കൂടാതെ യുവജനങ്ങള്‍ക്കായി കരിയര്‍ ഗെയ്ഡന്‍സ് സെമിനാര്‍, സപ്ലിമെന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍, യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയിലെ ഓവറോള്‍ ചാമ്പ്യന്‍ പട്ടം എന്നിവ കമ്മറ്റിയുടെ പ്രവര്‍ത്തന മികവായി യോഗം വിലയിരുത്തി. ട്രഷറര്‍ ജോര്‍ജ് വടക്കുംചേരി കണക്കുകള്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തേക്ക് സംഘടനയെ നയിക്കാനായി ശ്രീ അനീഷ് കുര്യനെയും(പ്രസിഡന്റ്), ശ്രീ അരുണ്‍ചന്ദ് ഗോപാലകൃഷ്ണനെയും(സെക്രട്ടറി) തെരഞ്ഞെടുത്തു. ട്രഷററായി ശ്രീമതി ബിന്ദു പി.കെ യോഗം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ശ്രീമതി റീനാ വില്‍സനെയും ജോയിന്റ് സെക്രട്ടറിയായി ശ്രീമതി ജയാ സുധീറിനെയും തെരഞ്ഞെടുത്തു. ദിനേഷന്‍ കൃഷ്ണമ്മ, ജാനേഷ് നായര്‍, നിഷ ജിനോയ്, രാധേഷ് നായര്‍, റോബര്‍ട്ട് ബെഞ്ചമിന്‍, ജോസഫ് ചാക്കോ, രഞ്ജിത്ത് രാജഗോപാല്‍, കെ.ഡി ഷാജിമോന്‍, കലേഷ് ഭാസ്‌കരന്‍ എന്നിവരെയ ട്രസ്റ്റിമാരായി തെരഞ്ഞെടുത്തു.വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും എല്ലാവിധ സഹായ സഹകരണങ്ങളും പ്രസിഡന്റ് അനീഷ് കുര്യന്‍ അഭ്യര്‍ത്ഥിച്ചു.
സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ ചുമത്തി. ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.എം. ജോര്‍ജിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജോര്‍ജിന്റെ വീട്ടില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. ഇവരോടപ്പെ പെണ്‍കുട്ടിയും ഇയാളുടെ വീട്ടിലെത്താറുണ്ട്.
മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ തന്നെ ജോര്‍ജ് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബത്തേരി പൊലീസിനെ വിവരം അറിയിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ്.
ഏതാണ്ട് ഒന്നര വര്‍ഷമായി ജോര്‍ജ് പീഡനം തുടരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍ പോയിരിക്കുകയാണ്. ഇതിനിടെ കേസ് ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നു. നിലവില്‍ വയനാട് ഡി.സി.സി അംഗമാണ് ഒ.എം. ജോര്‍ജ്.
ആന്‍ലിയയുടെ മരണം ആത്മഹത്യയാണെന്നുള്ള നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച്. കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. ആന്‍ലിയയുടെ ഡയറിക്കുറിപ്പുകള്‍ ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ അന്നക്കരയിലെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി.
ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍ ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യയ്ക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍തൃ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ആന്‍ലിയയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രതി ജസ്റ്റിന്‍ ഇപ്പോള്‍ വിയ്യൂര്‍ ജയിലിലാണുള്ളത്.
ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാര്‍ നദിയില്‍ നിന്നും എംഎസ്‌സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ആന്‍ലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 25 ന് ബെഗലൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാന്‍ ജസ്റ്റിനാണ് ആന്‍ലിയയെ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കിയത്. പിന്നീടാണ് മരണവിവരം പുറത്തുവന്നത്. ആന്‍ലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനാണ്.