Kerala

പത്തനംതിട്ട: പത്തനംതിട്ട സീറ്റിനായി ബി.ജെ.പിയിലി ഗ്രൂപ്പ് പോര് ശക്തമാകുന്നു. മുരളീധരപക്ഷവും കെ. സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ പത്തനംതിട്ട സീറ്റിനായി പിടിവലി നടത്തുകയാണ്. നേരത്തെ അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. കണ്ണന്താനത്തിനെയാണ് ദേശീയ നേതൃത്വത്തിനും താല്‍പ്പര്യം. എന്നാല്‍ തിരുവനന്തപുരം സീറ്റിലേക്ക് കുമ്മനം രാജശേഖരന്‍ എത്തിയതോടെ പിന്തള്ളപ്പെട്ട സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ പത്തനംതിട്ടയില്‍ നിര്‍ത്തണമെന്നാണ് ചില നേതാക്കളുടെ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇന്നറിയാം.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ പിഎസ് ശ്രീധരന്‍പിള്ളയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കാനാണ് ധാരണയായത്. എന്നാല്‍ പത്തനംതിട്ടക്ക് വേണ്ടി കെ സുരേന്ദ്രന്‍ സമ്മര്‍ദം തുടരുകയാണ്. നിലവില്‍ തൃശൂര്‍ സീറ്റില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് തീരുമാനം വന്നതോടെ പത്തനംതിട്ട സീറ്റ് കൈവിടാതിരിക്കാനുള്ള അവസാന ശ്രമങ്ങള്‍ നടത്തുകയാണ് കെ. സുരേന്ദ്രന്‍. സുരേന്ദ്രനെയാണ് ആര്‍.എസ്.എസിനും താല്‍പ്പര്യം. എന്നാല്‍ ശ്രീധരന്‍ പിള്ളയെ മാറ്റിനിര്‍ത്തുക എളുപ്പത്തില്‍ സാധ്യമാകാതെ വന്നതോടെയാണ് ബി.ജെ.പി പ്രതിസന്ധിയിലായിരിക്കുകയാണ്.

പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും തന്നെ പരിഗണിക്കരുത് എന്നാവശ്യപ്പെട്ട് കണ്ണന്താനം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക് കത്ത് നല്‍കിയിട്ടുണ്ട്. തന്റെ മണ്ഡലമാണ് പത്തനംതിട്ടയെന്നും മറ്റൊരിടത്തും മത്സരിക്കില്ലെന്ന നിലപാടിലാണ് കണ്ണന്താനം. എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരും താല്‍പ്പര്യമുള്ള മണ്ഡലങ്ങള്‍ ലഭിച്ചില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

ദില്ലി:വയനാട് സീറ്റിൽത്തട്ടി കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ത്രിശങ്കുവിലായിട്ട് ദിവസം നാലായി. ബാക്കിയെല്ലാ സീറ്റുകളിലും ഏകദേശ ധാരണ ആയിട്ടും വയനാട് സീറ്റിനെച്ചൊല്ലി രൂക്ഷമായ അഭിപ്രായ ഭിന്നതയാണ് കോൺഗ്രസിൽ തുടരുന്നത്. വയനാട്ടിൽ ടി സിദ്ദിഖിനെ തന്നെ മത്സരിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് ഉമ്മൻചാണ്ടി. എന്നാലത് ഐ ഗ്രൂപ്പിന്‍റെ സിറ്റിംഗ് സീറ്റാണെന്ന നിലപാടിലാണ് ചെന്നിത്തല അടക്കമുള്ളവര്‍. സംസ്ഥാന നേതാക്കൾക്കിടയിലും സ്ക്രീനിംഗ് കമ്മിറ്റിയിലും തെരഞ്ഞെടുപ്പ് സമിതിയിലും അതിന് ശേഷം എഐസിസി പ്രതിനിധികളുടെ മധ്യസ്ഥതയിലും പലവട്ടം ചർച്ച നടന്നിട്ടും വയനാട് അഴിക്കുംതോറും മുറുകുകയാണ്.

സീറ്റ് തർക്കം പരിഹരിക്കാനുള്ള ചർച്ചയിൽ പല ഫോർമുലകൾ വന്നു, പല പേരുകളുയർന്നു. ഇടയ്ക്ക് ഉമ്മൻചാണ്ടി പരിഭവിച്ച് മടങ്ങി. പിന്നെയും തിരികെയെത്തി. ചർച്ചകൾ വഴിമുട്ടി നിൽക്കുന്നതിനിടെ ഒരു സൗഹൃദ സംഭാഷണത്തിനിടെയാണ് പകുതി കാര്യവും പകുതി തമാശയുമായി രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയോട് ‘രാഹുൽജിക്ക് വയനാട് മത്സരിച്ചുകൂടേ?’ എന്ന് ചോദിച്ചത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ഈ നേരത്ത് ചെന്നിത്തലക്ക് ഒപ്പമുണ്ടായിരുന്നു.

വയനാട്ടിൽ നിന്ന് രാഹുൽ മത്സരിച്ചാൽ കേരളത്തിൽ മാത്രമല്ല, കർണ്ണാടകയിലും അതിന്‍റെ ആവേശതരംഗം പ്രതിഫലിക്കുമെന്നും നേതാക്കൾ തമാശരൂപേണ പറഞ്ഞു. കർണാടക പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടു റാവു കർണ്ണാടകയിൽ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ട് രാഹുലിന് കത്തയച്ചിരുന്നു. രാഹുൽ കർണ്ണാടകയിൽ നിന്ന് ജനവിധി തേടിയാൽ കോൺഗ്രസ് സംവിധാനം പ്രതിസന്ധികളിൽ നിന്ന് മുക്തമായി സജീവമാകും എന്നായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്‍റെ നിർദ്ദേശം. ഇതുകൂടി മനസിൽ വച്ചായിരുന്നു കേരള നേതാക്കൾ തമാശ രൂപത്തിലാണെങ്കിലും രാഹുലിന്‍റെ മനസറിയാൻ ഒന്നു ശ്രമിച്ചത്.

തമാശയാണെന്ന് മനസിലായെങ്കിലും രാഹുലിന്‍റെ മറുപടി ഗൗരവത്തിൽ തന്നെയായിരുന്നു. വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോൺഗ്രസിന്‍റെ ഒന്നാം നമ്പർ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും രാഹുൽ പറഞ്ഞു. പക്ഷേ ഉത്തർപ്രദേശിൽ മത്സരിക്കുന്നതിലാണ് തന്‍റെ ശ്രദ്ധ മുഴുവനെന്നും അമേഠിയിൽ നിന്നുതന്നെ മത്സരിക്കാനാണ് തീരുമാനമെന്നും രാഹുൽ പറഞ്ഞു. രാഹുലിന്‍റെ മറുപടി കേട്ട് എല്ലാവരും ചിരിച്ചുപിരിഞ്ഞു. അതിന്മേൽ കൂടുതൽ ചർച്ചകൾ ഉണ്ടായതുമില്ല.

കോഴിക്കോട് കൊടിയത്തൂരില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ തുമ്പുണ്ടാക്കാനാവാതെ പൊലിസ് . യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു മുങ്ങിയവരെ മരണം നടന്നു നാലു ദിവസമായിട്ടും കണ്ടെത്താനായില്ല. അതിനിടെ പ്രദേശത്തെ ലഹരിമരുന്ന് മാഫിയയാണ് മരണത്തിന് പിന്നിലെന്നാരോപിച്ച് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു

കൊടിയത്തൂര്‍ ഉള്ളാട്ടില്‍ വി.കെ. ഡാനിഷ് വെള്ളിയാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചു മരിച്ചത്. മരണവിവരം പുറത്തായതോടെ ഡാനിഷിനെ ആശുപത്രിയിലെത്തിച്ച രണ്ടു യുവാക്കള്‍ മുങ്ങി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ഡാനിഷിന്റെ പിതാവ് മുക്കം പൊലിസില്‍ പരാതി നല്‍കി. എന്നാല്‍ ഇതുവരെ ഡാനിഷിനിനെ ആശുപത്രിയിലെത്തിച്ചവരെ പിടികൂടിയിട്ടില്ല.

മരണത്തിന്പ്രദേശത്തെ ലഹരിമരുന്ന് മാഫിയക്ക് മരണവുമായി ബന്ധമുണ്ടെന്നാണ് ആരോപണം. നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് ലഹരിമരുന്ന് മാഫിയയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

അതേ സമയം ഡാനിഷിനെ ആശുപത്രിയിലെത്തിച്ചവരെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധന റിപ്പോര്‍ട്ടും കിട്ടിയതിനു ശേഷമെ വിശദമായ അന്വേഷണത്തിലേക്ക് കടക്കാന്‍ കഴിയൂവെന്നുമാണ് മുക്കം പൊലീസ് പറയുന്നത്.

കേരളത്തില്‍ മുൻതൂക്കം യുഡിഎഫിനായിരിക്കുമെന്നും ശബരിമല യുവതീപ്രവേശനം എൽഡിഎഫിന് തിരിച്ചടിയാകുമെന്നും ടൈംസ് നൗ–വിഎംആര്‍ സർവേ. സംസ്ഥാനത്ത് ബിജെപി ഇത്തവണയും സീറ്റ് നേടുമെന്നും സർവേ പ്രവചിക്കുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുൻപും ശേഷവും വോട്ടർമാരുടെ ഇടയിൽ നടത്തിയ സർവേഫലമാണ് പുറത്തുവന്നിരിക്കുന്നത്. ‌16,931 പേരാണ് സർവേയിൽ പങ്കെടുത്തത്.
കേരളത്തിൽ യുഡിഎഫ് 16 സീറ്റും എൽഡിഎഫിന് 3 ഉം ബിജെപിക്ക് 1 ഉം സീറ്റുകൾ കിട്ടുമെന്നാണ് സർവേ പ്രവചിക്കുന്നത്.
സർവേഫലമനുസരിച്ച് കേരളത്തിൽ വിവിധ മുന്നണികളുടെ വോട്ടുവിഹിതം ഇങ്ങനെ:
യുഡിഎഫ് – 45%

എൻഡിഎ – 21.7%

എൽഡിഎഫ് – 29.3%

മറ്റുള്ളവർ – 4.1%

കേന്ദ്രത്തിൽ എൻഡിഎ 283 ഉം യുപിഎ 135 ഉം മറ്റുള്ളവർ 125 ഉം സീറ്റുകൾ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു.
ഇടക്കാല ബജറ്റും ബാലാക്കോട്ട് ആക്രമണവും ബിജെപിക്ക് ഗുണം ചെയ്യുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

യുണൈറ്റഡ് നേഴ്‌സസ് അസ്സോസിയേഷ(യു.എന്‍.എ)നെതിരെ വീണ്ടും ആരോപണം. മൂന്നരക്കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിനു പിന്നാലെയാണ്
യു.എന്‍.എയില്‍ അംഗത്വഫീസും മാസവരിയും പിരിച്ചതില്‍ ക്രമക്കേടെന്ന് പുറത്തു വന്നിരിക്കുന്നത്. 50 രൂപയുടെ അംഗത്വഫീസിന് 500 രൂപയാണ് പിരിപ്പിച്ചത്. മാസവരിയായി പത്തുരൂപ പിരിക്കേണ്ടിടത്ത് മൂന്നുമാസം കൂടുമ്പോള്‍ 300 രൂപയാണ് പിരിച്ചത്.

യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷാ സാമ്പത്തിക തിരിമറി നടത്തിയെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യു.എന്‍.എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് കഴിഞ്ഞദിവസം ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.

സംഘടനയുടെ അക്കൗണ്ടില്‍ നിന്നും മൂന്ന് കോടിയിലേറെ രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ അറിവോടെ തിരിമറി നടത്തിയതായെന്നായിരുന്നു പരാതി. മാസവരി സഖ്യ പിരിച്ച പണം മൂന്ന് അക്കൗണ്ടുകളിലായിട്ടാണ് നിക്ഷേപിച്ചിരുന്നത്. മൂന്ന് കോടിയിലധികം രൂപ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കോടി ചിലവഴിച്ചതിന് വ്യക്തമായ കണക്കുണ്ട്. എന്നാല്‍ ബാക്കി തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിന് വ്യക്തമായ കണക്കില്ലെന്നാണ് പരാതിയില്‍ പറഞ്ഞത്.

സംഘത്തിലെ ഒരു വിഭാഗമാണ് മറ്റ് അംഗങ്ങളോട് സംസാരിക്കാതെ പലതവണയായി അക്കൗണ്ടില്‍ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിന്‍വലിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരുന്നു.

എറണാകുളം വരിക്കോലി പള്ളിക്കുമുന്നില്‍ മൃതദേഹവുമായി ഉപരോധം. യാക്കോബായ വിഭാഗമാണ് ഉപരോധം നടത്തുന്നത്. പള്ളിക്കുള്ളില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതോടെയാണ് ഉപരോധം ആരംഭിച്ചത്.

മൃതദേഹത്തിനൊപ്പം യാക്കോബായ വിഭാഗം വൈദികരും എത്തിയതോടെയാണ് മൂവാറ്റുപുഴ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ പോലീസ് ഇവരെ തടഞ്ഞത്. അതേസമയം, തര്‍ക്കത്തെ തുടര്‍ന്ന് സംസ്‌കാരം മാറ്റിവെച്ചിരിക്കുകയാണ്. നിലവില്‍ സുപ്രീംകോടതി വിധി പ്രകാരം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുവദിക്കപ്പെട്ട പള്ളികളിലൊന്നാണ് വരിക്കോലി പള്ളി. വര്‍ഷങ്ങളായി ഇവിടെ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. പല സംഘചര്‍ഷങ്ങളും മുന്‍പും ഇവിടെ നടന്നിട്ടുണ്ട്.

ഒന്നര വയസ്സുള്ള കുഞ്ഞിനെ പാലൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞു വീണു മരിച്ചതു താപാഘാതത്തെ തുടർന്നെന്നു പോസ്റ്റ്മോർട്ടത്തിനു ശേഷമുള്ള പ്രാഥമിക നിഗമനം. അന്തിമ റിപ്പോർട്ട് തയാറാക്കും മുൻപു സ്ഥലത്തു സംഭവിച്ച കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കും. ഒറ്റപ്പാലം ചോറോട്ടൂർ പ്ലാപ്പടത്തിൽ തൊടി സന്തോഷിന്റെ ഭാര്യ കൃപ (25) ആണു കഴിഞ്ഞ ദിവസം ഷൊർണൂർ കാരക്കാട്ടുവച്ചു മരിച്ചത്.

മകൾ ഒന്നര വയസ്സുള്ള കൃതികയ്ക്ക് ഉച്ചയ്ക്ക് 12 മണിയോടെ വീടിന്റെ തുറന്ന മേൽനിലയിൽ നിന്നു പാലൂട്ടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. അമ്മ കുഴഞ്ഞു വീണപ്പോൾ തുടർച്ചയായി കുഞ്ഞു കരഞ്ഞതു ശ്രദ്ധയിൽപ്പെട്ടു ബന്ധുക്കൾ ഓടിയെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടത്. ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

താപാഘാതം നേരിട്ടു സൂര്യപ്രകാശം ഏൽക്കാതെയും സംഭവിക്കുന്ന ഗുരുതര അവസ്ഥയെന്നു വിദഗ്ധർ. നേരിട്ടു കടുത്ത സൂര്യപ്രകാശം ഏൽക്കുന്നവർക്കു സൂര്യാതപമേറ്റുള്ള പൊള്ളൽമൂലം മരണം സംഭവിച്ച സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും താപാഘാതം അപൂർവം.

ശരീര ഉൗഷ്മാവ് 104 ഡിഗ്രി സെൽഷ്യസിനു മുകളിൽ വരുന്ന അവസ്ഥയാണു താപാഘാതത്തിലേക്ക് എത്തിക്കുന്നതെന്ന് അനങ്ങനടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ.ജോർജ് മരിയൻ കുറ്റിക്കാട്ട് പറഞ്ഞു. താപാഘാതം സംഭവിക്കുന്നതോടെ അപസ്മാരം വരും. ഇതു തലച്ചോറിനേയും പേശികളേയും വൃക്കകളേയും ബാധിക്കും. ശരീരത്തിലെ ജലാംശവും ലവണാംശവും കുറയും.

സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിര്‍ണായക മാറ്റങ്ങളുമായി ബിജെപി. കെ.സുരേന്ദ്രനും കണ്ണന്താനത്തിനും പത്തനംതിട്ട നല്‍കില്ലെന്ന് സൂചന. സുരേന്ദ്രന്‍ ആറ്റിങ്ങലിലും കണ്ണന്താനം കൊല്ലത്തും മല്‍സരിച്ചേക്കും. തുഷാര്‍ വെള്ളാപ്പള്ളിക്ക് തൃശൂരും ടോം വടക്കന്‍ എറണാകുളത്തും സാധ്യത. പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവര്‍ മല്‍സരിച്ചേക്കില്ല.

പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ള ഏറെക്കുറെ ഉറപ്പിക്കുകയും തൃശൂരിനായി ബിഡിജെഎസ് ശക്തമായി പിടിമുറുക്കുകയും ചെയ്തതോടെയാണ് കെ സുരേന്ദ്രന്‍ എവിടെ മല്‍സരിക്കണമെന്ന പ്രതിസന്ധി ഉടലെടുത്തത്. കെ സുരേന്ദ്രനും എം.ടി രമേശും അല്‍ഫോണ്‍സ് കണ്ണന്താനവും പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ താല്‍പര്യപ്പെട്ടിരുന്നു. പത്തനംതിട്ടയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്നാണ് എം.ടി രമേശിന്‍റെ നിലപാട്.

പത്തനംതിട്ടയോ, തൃശൂരോ അല്ലെങ്കില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്നാണ് കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നത്. കേന്ദ്ര നേതൃത്വത്തിന്‍റെയും ആര്‍എസ്എസിന്‍റെയും നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും. കെ.എസ് രാധാകൃഷ്ണന്‍ ആലപ്പുഴ മല്‍സരിക്കും. കോഴിക്കോട് മണ്ഡലം ബിഡിജെഎസിന് വിട്ടുനല്‍കി പകരം എറണാകുളത്ത് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സാധ്യത തള്ളാതെ ടോം വടക്കന്‍. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തിലും ഡല്‍ഹിയിലും നല്ല കാലാവസ്ഥയാണെന്നും ടോം വടക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിർമാതാവ് ആൽവിൻ ആന്റണിയുടെ വീട്ടിൽ കയറി സംവിധായകൻ റോഷൻ ആൻഡ്രൂസ് അക്രമിച്ചെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് ഉയർന്നത്. ആല്‍വിന്‍ ആന്‍റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്‍റണിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം. അസോഷ്യേറ്റായ പെൺകുട്ടിയുമായുള്ള മകന്റെ സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്നാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും കുടുംബം പറയുന്നു. രാത്രി 12.30ഓടെ ഗുണ്ടകളുമായി എത്തിയാണ് റോഷൻ ആക്രമിച്ചതെന്ന് ആൽവിന്റെ അമ്മ ഏയ്ഞ്ചലീന അറിയിച്ചു. സംഭവത്തിന്റെ വിശദാംശം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞത് ഇങ്ങനെ:

മകൻ റോഷനൊപ്പം രണ്ട് സിനിമകളിലാണ് പ്രവർത്തിച്ചത്. ഹൗ ഓൾഡ് ആർ യുവിലും മുംബൈ പൊലീസിലുമുണ്ടായിരുന്നു. രണ്ട് സിനിമയും തീരുന്നിടം വരെ ഒപ്പം നിന്നിരുന്നു. റോഷൻ ആരോപിക്കുന്നത് പോലെ മയക്കുമരുന്ന് ഉപയോഗത്തെതുടർന്ന് മകനെ പുറത്താക്കിയിട്ടില്ല. ഞങ്ങളുടെ അറിവിൽ അവൻ മയക്കുമരുന്നും മദ്യവും ഒന്നും ഉപയോഗിക്കാറില്ല. റോഷന്റൊപ്പം മാത്രമല്ല മറ്റ് നിരവധി സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അവിടെയൊന്നും യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ല.

റോഷന്റെ അവസാനം പുറത്തിറങ്ങിയ ചിത്രത്തിൽ അസോഷ്യേറ്റായ പെൺകുട്ടിയുമായി മകൻ നല്ല സൗഹൃദമായിരുന്നു. ആ പെൺകുട്ടി തന്നെയാണ് റോഷൻ മോശമായി പെരുമാറുന്ന കാര്യം മകനോട് പറഞ്ഞത്. അവനപ്പോൾ എന്തിനാണ് ഇത് സഹിച്ച് നിൽക്കുന്നത്, നിനക്ക് വേറെ ആരുടെയെങ്കിലും അസോഷ്യേറ്റ് ആയിക്കൂടേയെന്ന് ചോദിച്ചു. ഇത് റോഷൻ അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മകനും പെൺകുട്ടിയുമായുള്ള സൗഹൃദം റോഷന് ഇഷ്ടമായിരുന്നില്ല.

മകനെ ആക്രമിക്കാന്‍ തന്നെയാണ് റോഷൻ ഗുണ്ടകളെ കൂട്ടി വന്നത്. എന്റെയൊപ്പം 45 ഗുണ്ടകളുണ്ടെന്ന് റോഷൻ തന്നെയാണ് പറഞ്ഞത്. അതിൽ ഇരുപതോളം പേർ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പ്രശ്നമുണ്ടാകുമെന്ന് ഉറപ്പായതുകൊണ്ടാണ് മകനെ വീട്ടിൽ നിന്നും മാറ്റിയത്. വീട്ടിലുണ്ടായിരുന്ന മകന്റെ സുഹൃത്തായ ഡോക്ടർ ചെവിക്കു പരുക്കേറ്റ് ആശുപത്രിയിലാണ്. പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ ഞങ്ങളാണ് അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. ആദ്യമൊക്കെ സമാധാനമായി തന്നെയാണ് സംസാരിച്ചത്. പിന്നീട് മുഖഭാവം മാറിത്തുടങ്ങി. പിന്നീട് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഡോക്ടറോടായി സംസാരം. ആൽവിന്‍ എവിടെയുണ്ടെന്ന് ഡോക്ടർ പറയണമെന്ന് റോഷൻ പറഞ്ഞു. അത് നടക്കില്ലെന്ന് ഡോക്ടർ പറഞ്ഞു. അപ്പോൾ ഡോക്ടർ അവരുടെ കൂടെ ചെല്ലണമെന്നായി. ഡോക്ടറെ നമുക്ക് അങ്ങ് പൊക്കിയേക്കാമെന്നുപറഞ്ഞ് റോഷന്‍ പറഞ്ഞതോടെ, കൂടെ വന്ന ഗുണ്ടകളെപ്പോലെ ഉളള ആളുകൾ അദ്ദേഹത്തെ മർദിച്ചു.

ഡോക്ടറെ മർദ്ദിക്കുന്നത് കണ്ടിട്ടാണ് ഞങ്ങൾ തടയാൻ ശ്രമിച്ചത്. എന്നെയും ഭർത്താവിനെയും അവർ തള്ളിയിട്ടു. സ്കൂളിൽ പോകുന്ന എന്റെ കുട്ടിയെപോലും വെറുതെ വിട്ടില്ല. ‍ഡോക്ടറെ അവരുടെ കൈയിൽ നിന്നും രക്ഷിച്ച് റൂമിലേയ്ക്കു മാറ്റി. അതിനുശേഷമാണ് അവർ ഒന്നടങ്ങിയത്. റോഷൻ മകന് ഗുരുതുല്യനാണ്. എന്തെങ്കിലും പ്രശ്നം അവനുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവനെ ശിക്ഷിക്കാനുള്ള അവകാശം റോഷനുണ്ട്. ഞങ്ങളുടെ മുന്നിൽവെച്ച് അവനിങ്ങനെ ചെയ്തു അതുകൊണ്ട് രണ്ട് തല്ല് കൊടുത്തിരുന്നെങ്കിൽപ്പോലും ഞങ്ങൾക്ക് പരാതിയില്ലായിരുന്നു. ഇതുപക്ഷെ ചെറിയ ഒരു പയ്യനെ ആക്രമിക്കാൻ ഗുണ്ടകളുമായിട്ട് വരുന്നത് ന്യായീകരിക്കാനാവില്ല. അതുകൊണ്ടാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് പക്ഷെ ഞങ്ങൾ നൽകിയതിൽ നിന്നും വിരുദ്ധമായ മൊഴികളാണ് എഴുതിചേർത്തിരിക്കുന്നത്. പൊലീസ് അനാസ്ഥ കാണിക്കുന്നതിൽ വിഷമമുണ്ട്- ആൽവിന്റെ കുടുംബം പറയുന്നു.

ന്യൂഡല്‍ഹി: ബി.ജെ.പി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ടോം വടക്കന്‍. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച തിരക്കേറിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ടോം വടക്കന്റെ പ്രസ്താവന. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുമായി ടോം വടക്കന്‍ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഉപാധിയൊന്നുമില്ലാതെയാണ് ബി.ജെ.പിയിലെത്തിയതെന്ന് നേരത്തെ ടോം വടക്കന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൃശൂരില്‍ സീറ്റ് നല്‍കിയാല്‍ വടക്കന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കോണ്‍ഗ്രസിനോട് വടക്കന്‍ ആവശ്യപ്പെട്ട സീറ്റും തൃശൂരിലേതായിരുന്നു. എന്നാല്‍ സീറ്റ് നല്‍കില്ലെന്ന് തുറന്നു പറഞ്ഞതോടെയാണ് വടക്കന്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയതെന്നും സൂചനയുണ്ട്. നേരത്തെ കേരളത്തില്‍ നിന്ന് നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട സീറ്റിലേക്ക് ശ്രീധരനെ ദേശീയ നേതൃത്വം പരിഗണിച്ചാല്‍ സംസ്ഥാനത്ത് വലിയ ഗ്രൂപ്പ് പോരിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചന.

പത്തനംതിട്ടയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പ്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യം ശക്തമായി എതിര്‍ത്തതായിട്ടാണ് സൂചന. പത്തനംതിട്ട തന്റെ പ്രവര്‍ത്തനകേന്ദ്രമാണന്നും അവിടെ മത്സരിക്കാനാണ് താത്പര്യമെന്നും കണ്ണന്താനം സംസ്ഥാന നേതാക്കളെയും നേരത്തെ അറിയിച്ചിരുന്നു. കെ. സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ സമവായമെന്ന രീതിയില്‍ തൃശൂര്‍ സീറ്റ് സുരേന്ദ്രന് നല്‍കാനാവും നേതൃത്വം ശ്രമിക്കുക.

പത്തനംതിട്ടയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മുരളീധരപക്ഷം വിമുഖത പ്രകടപ്പിച്ചതായിട്ടാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ശനിയാഴ്ച രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എം.പി. തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

Copyright © . All rights reserved