വയനാട്ടിലെ കര്‍ഷക ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് വയനാട് എംപി രാഹുല്‍ ഗാന്ധി നൽകിയ കത്തിൽ നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ജില്ല കളക്ടറെ ചുമതലപ്പെടുത്തി. ഇത് അറിയിച്ച് രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി മറുപടി കത്ത് നൽകുകയും ചെയ്തു.

വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി.ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്പെട്ടത്. വയനാട്ടിലെ നിയുക്ത എം.പി. എന്ന നിലയിൽ ആദ്യത്തെ ഇടപെടലാണ് രാഹുൽഗാന്ധി നടത്തിയത്.

ദിനേഷ് കുമാറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതുൾപ്പടെയുള്ള ജില്ല കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കാമെന്നും മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ മറുപടി കത്തിൽ അറിയിച്ചു. , ജപ്തിനടപടികൾ നിർത്തിവെച്ച് കർഷകരെ സഹായിക്കാനുള്ള നിരന്തരശ്രമത്തിലാണ് കേരളസർക്കാരെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.