തൊടുപുഴ ഏഴു വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. കുട്ടിക്ക് മസ്തിഷ്കമരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍. വിദഗ്ധസംഘം ആശുപത്രിയിലെത്തി മസ്തിഷ്ക മരണം സ്ഥിരീകരിക്കണം.
ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏഴു വയസുകാരന്റെ ജീവന് നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. പ്രതീക്ഷയ്ക്ക് വകയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വെന്റിലേറ്റര്‍ മാറ്റണോ വേണ്ടയോ എന്ന് വിദഗ്ധസംഘം തീരുമാനിക്കും.
48 മണിക്കൂര്‍ കഴിഞ്ഞിട്ടും കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. പള്‍സ് നിലനില്‍ക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.
ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാകുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂര്‍ കൂടി വെന്റിലേറ്ററിന്റെ സഹായം തുടരും. കഴിഞ്ഞ ദിവസം കുട്ടിയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായില്ല. അറസ്റ്റിലായ പ്രതി അരുണ്‍ ആനന്ദിനെ ഇന്ന് തൊടുപുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വധ ശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
വയനാട്ടിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞാലുടന്‍ ചില നേതാക്കളുടെ യഥാര്‍ഥമുഖം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മതേതരത്തിന് വേണ്ടി വാദിക്കുന്നവരുടെ മുഖംമൂടി അഴിഞ്ഞ് വീഴുന്നത് നിങ്ങള്‍ക്ക് കാണാം. വയനാട്ടിലെ സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ അടുത്തമാസം നാല് വരെ സമയമുണ്ടെന്നും കേരളത്തില്‍ സി.പി.എം പൂജ്യം സീറ്റിലേക്കെത്തുമെന്നും മുല്ലപ്പള്ളി വടകരയില്‍ പറഞ്ഞു.
വയനാട് ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോള്‍ പ്രചാരണം എങ്ങനെ തുടങ്ങുമെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വം ആശങ്കയിലാണ്. ഇതോടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഏറ്റവും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്ന വണ്ടൂര്‍, ഏറനാട് നിയമസഭ മണ്ഡലങ്ങളിലെ കണ്‍വെന്‍ഷനുകള്‍ മാറ്റിവക്കേണ്ടി വന്നു.
വയനാട് ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫിനുളളില്‍ സര്‍വത്ര ആശയക്കുഴപ്പമാണ്. സ്ഥാനാര്‍ഥിയായി പറയുന്ന പേര് രാഹുല്‍ ഗാന്ധിയുടേതായതുകൊണ്ട് വിഷമങ്ങളൊന്നും പുറത്തു പറയാനാവാത്ത വിങ്ങലിലാണ് നേതാക്കള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം കഴിയും മുന്‍പ് പ്രഖ്യാപനം വരുമെന്ന ഒറ്റ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ കാത്തിരുപ്പ്. സ്ഥാനാര്‍ഥിയെ അറിയാതെ എങ്ങനെ തിരഞ്ഞെടുപ്പ് കണ്വെന്ഷന് ചേരുമെന്ന ചോദ്യം ഉയര്‍ന്നതോടെ യു.ഡി.എഫിന് ഏറ്റവും ഭൂരിപക്ഷം നല്കുന്ന വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ കണ്വെന്ഷന് മാറ്റി വക്കേണ്ടിവന്നു.
ആദ്യം സ്ഥാനാര്‍ഥിയാണന്നു പറഞ്ഞ് പ്രചാരണം ആരംഭിച്ച സിദ്ദീഖിന് വോട്ടഭ്യര്‍ഥിച്ച് പലയിടങ്ങളിലും ഫ്ലക്സ് ബോര്‍ഡുകളുണ്ട്. എന്നാല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാരെന്ന് എ.ഐ.സി.സി വ്യക്തമാക്കും വരെ പ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.
സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയുണ്ടാക്കിയ ആശയക്കുഴപ്പം വയനാട്ടിലെ പ്രചാരണത്തിന്റെ തിളക്കം കുറച്ചുവെന്ന കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വത്തിനും സംശയമില്ല.
പി.സി. ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ എന്‍ഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന്. കേരളത്തിന്റെ ചുമതലയുള്ള ബിജെപിയുടെ കേന്ദ്രനേതാക്കളുമായി ഇന്ന് അവസാനവട്ട ചര്‍ച്ചകള്‍ നടക്കും. മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം പി.സി. ജോര്‍ജ് ഞായറാഴ്ച പ്രഖ്യാപിക്കും.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് പി.സി. ജോര്‍ജും കൂട്ടരും. എന്‍ഡിഎ പ്രവേശന ചര്‍ച്ചകള്‍ ഏറെ മുന്നോട്ടുപോയി. ബിജെപിയുടെയും ആര്‍എസ്എസിന്റെയും കേന്ദ്ര നേതാക്കളുമായാണ് ഇത്തവണ ചര്‍ച്ചകള്‍ നടന്നത്. അവസാനവട്ട ചര്‍ച്ചകള്‍ക്കായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിമാരായ വൈ. സത്യകുമാര്‍, ബി.എല്‍. സന്തോഷ് എന്നിവര്‍ പി.സി. ജോര്‍ജിനെ കാണും. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് പി.സി. ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചതും സൂചനയാണ്.
പി.സി. ജോര്‍ജിന്റെ വരവ് പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ ഗുണം ചെയ്യുമെന്ന് ബിജെപി സംസ്ഥാന നേതൃത്വവും വിലയിരുത്തുന്നു. പക്ഷെ മുന്നണി പ്രവേശ ചര്‍ച്ചകളില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് കാര്യമായ സ്വാധീനമില്ല. ഇടത് വലത് മുന്നണികളില്‍ ഇടം നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് എന്‍ഡിഎ പ്രവേശന ചര്‍ച്ചകള്‍ ജോര്‍ജ് ഊര്‍ജിതമാക്കിയത്.
ഒരു വര്‍ഷമായി മകളെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചിരുന്നില്ലെന്നു ഒയൂരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ തുഷാരയുടെ അമ്മ വിജയലക്ഷ്മി. മകളെ ഉപദ്രവിക്കുമെന്ന ഭയത്താലാണ് പരാതി നൽകാതിരുന്നതെന്നും അമ്മ പറഞ്ഞു. തുഷാര കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിന് ഇരയായെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ ഭര്‍ത്താവ് ചന്തുലാലും അമ്മായിയമ്മ ഗീതലാലും റിമാന്‍ഡില്‍.
മരിക്കുമ്പോൾ തുഷാരയുടെ ഭാരം 20 കിലോഗ്രാം മാത്രം. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു ശരീരമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. കരുനാഗപ്പള്ളിയിൽ ഭർതൃഗൃഹത്തിൽ യുവതി മരിച്ചതിനുപിന്നാലെ വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ടതിനെ തുടർന്നാണ് ഇരുപത്തിരണ്ടുകാരിയായ തുഷാര മരിക്കുന്നത്.
തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു. വിവാഹം കഴിക്കുന്ന സമയത്ത് ചന്തുലാലും കുടുംബവും ജില്ലയിലെ തൃക്കരുവ വില്ലേജിൽ കാഞ്ഞാവള്ളിക്കു സമീപം ഓലിക്കര മൺവിള വീട്ടിൽ ആയിരുന്നു താമസം.അവിടെ ആഭിചാരക്രിയകൾ നടത്തുന്നതു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഉയർന്ന എതിർപ്പുകൾ കാരണം സ്ഥലവും വീടും വിറ്റാണ് ചെങ്കുളത്ത് താമസം ആക്കിയത്. ഇവിടെയും നാട്ടുകാരിൽ നിന്ന് ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത്.
വീടിനകത്ത് ചെറിയ പൂജ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കല്യാണം കഴിഞ്ഞിട്ട് മൂന്ന് പ്രാവശ്യം മാത്രമാണ് തുഷാര അവളുടെ വീട്ടിൽ പോയത്. ഇതിനിടയിൽ രണ്ട് കുട്ടികൾ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയിൽ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാൽ ബന്ധുക്കൾ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതിനെത്തുടർന്ന് കുട്ടിയെ കാണിച്ചു. ഇനി ആരും തന്നെ കാണാൻ വരണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും തുഷാര അറിയിച്ചതിനാൽ പിന്നീട് ബന്ധുക്കൾ ആരും തുഷാരയുടെ ഭർതൃവീട്ടിൽ പോയില്ല. ഈ സമയത്താണ് തുഷാരയോടുള്ള ക്രൂരതകൾ തുടർന്നത്. ശരീരത്തിനാവശ്യമായ പോഷക ഘടകങ്ങൾ ഇല്ലാതെ ന്യുമോണിയ ബാധിച്ചാണ് തുഷാര മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായെന്നു പൊലീസും അറിയിച്ചു.
അരക്കോടി രൂപയിലേറെ വില വരുന്ന 2 ശീവേലി വിഗ്രഹങ്ങളുമായി നാലംഗ സംഘം പൊലീസ് പിടിയിൽ.കർണാടക കൊല്ലൂർ തെക്കുംപൊയ്കയിൽ ഷിബു ഗോപിനാഥ് (28), ഇടുക്കി, കാഞ്ചിയാർ ലബ്ബക്കട വരിക്കാനിക്കൽ ജോബിൻ ജോസ് (35), തൃശൂർ, മാള, മടത്തുംപടി ഒറവൻകര വീട്ടിൽ ഒ.പി.മനോജ് (41), പുണെ, ബാബുറവു പുകേച്ചാൽ സ്ട്രീറ്റ് ശങ്കർ മന്ദിർ സുചിൻ സുരേഷ് (27) എന്നിവരെയാണ് ആന്റി ഗുണ്ടാ സ്ക്വാഡ് പിടികൂടിയത്. പിടിച്ചെടുത്ത വിഗ്രഹങ്ങളിലൊന്ന് പലതായി മുറിച്ച നിലയിലാണ്.
പലതായി മുറിച്ച വിഗ്രഹത്തിന്റെ മുഖം ചുവന്ന തുണികൊണ്ടു മറച്ചിരുന്നു. ഇത് എന്തിനാണെന്നു പലതവണ ചോദിച്ചിട്ടും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ആഭിചാര ക്രിയകൾക്കോ മറ്റോ ഇവർ വിഗ്രഹങ്ങൾ നൽകിയിരുന്നോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡാണു പ്രതികളെ കുടുക്കിയത്.
കോട്ടയം സ്വദേശിക്ക് 30 ലക്ഷം രൂപയ്ക്ക് വിഗ്രഹം വിൽക്കാൻ വന്ന ഷിബുവും മനോജുമാണു പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോൾ സംഘാംഗങ്ങളെപ്പറ്റി സൂചന കിട്ടി. അതോടെ ജോബിനും സുചിനും പിടിയിലായി.
തമിഴ്നാട്ടിലെ ക്ഷേത്രമോഷ്ടാക്കളിൽ നിന്നു വിഗ്രഹങ്ങൾ വാങ്ങി ആവശ്യക്കാർക്കു മോഹവിലയ്ക്കു വിൽക്കുകയാണു രീതി. വിദേശ രാജ്യങ്ങളിലേക്കും സംഘം വിഗ്രഹങ്ങൾ വിറ്റിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.വിഗ്രഹത്തിന്റെ ഫോട്ടോ വാട്സാപ്പിൽ അയച്ചു കൊടുത്തു വില ഉറപ്പിച്ച ശേഷം നേരിട്ടെത്തിച്ചു കൊടുക്കുകയാണു ചെയ്യുന്നത്. ജോബിന്റെ പേരിൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ ചെക്ക്, വഞ്ചന കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു.
നാഗമാണിക്യം, നക്ഷത്ര ആമ, ആനക്കൊമ്പ്, ഇരുതലമൂരി വിൽപനയും ഇവർ നടത്തുന്നതായി പൊലീസ് പറയുന്നു.പഞ്ചലോഹ വിഗ്രഹമെന്ന വ്യാജേന പിത്തള, ഓട് ലോഹങ്ങളുടെ വിഗ്രഹം കൊടുത്തും പണം വാങ്ങുന്നുണ്ടെന്നു പൊലീസ് പറയുന്നു.
എഎസ്പി രീഷ്മ രമേശൻ, ഏറ്റുമാനൂർ സിഐ മഞ്ജുലാൽ, ആന്റി ഗുണ്ടാ സ്ക്വാഡ് എസ്ഐ ടി.എസ്.റെനീഷ്, എഎസ്ഐമാരായ വി.എസ്. ഷിബുക്കുട്ടൻ, എസ്.അജിത്ത്, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ. മനോജ്, ബിജു പി.നായർ, സജമോൻ ഫിലിപ്പ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടിച്ചത്. കോടതിയിൽ ഹാജരാക്കി.
ആദിവാസി മേഖലകളില്‍ കുടിവെള്ള പദ്ധതിക്കായി ലക്ഷങ്ങൾ ചെലവാക്കുന്നുണ്ടെങ്കിലും കുടിവെള്ളം കിട്ടാക്കനിയാണ്. വാണിമേൽ പഞ്ചായത്തിലെ മാടാഞ്ചേരി കുറിച്ച്യ കോളനിയിൽ വെള്ളമെത്തിക്കാൻ 13 ലക്ഷം ചെലവിട്ട ശേഷം പദ്ധതി പാതിവഴിയിൽ നിർത്തി. കൊടും വേനലിൽ പുഴയ്ക്കൊപ്പം നീരുറവകളും വറ്റുന്നതോടെ കുടി നീരിനായി അലയുകയാണ് കുടുംബങ്ങൾ.
വാണിമേല്‍ പഞ്ചായത്തിലെ മാടാഞ്ചേരി കുറിച്യ കോളനിയിലെ നാല്‍പ്പത്തിയഞ്ച് കുടുംബങ്ങളിലെ 194 പേരുടെ നാവ് നനയ്ക്കുന്നത് വറ്റാറായ ഈ നീരുറവയാണ്. കരിങ്കല്ലുകൊണ്ട് കെട്ടി മുകളില്‍ ഓലമെടഞ്ഞിട്ടാണ് കുറിച്യര്‍ കൂടിനീര് കാക്കുന്നത്. അലക്കാനും കുളിക്കാനും രണ്ട് കിലോമീറ്റര്‍ ദൂരെ കണ്ണൂരിന്റെ അതിര്‍ത്തിയിലുള്ള പാലൂര് തോട്ടില്‍ പോകണം. തോടും വറ്റാറായി.
ഇവിടേക്ക് വെള്ളമെത്തിക്കാനായി 2011 ല്‍ വാട്ടര്‍ അതോറിറ്റി ഒരു പദ്ധതി തുടങ്ങിയിരുന്നു. മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള പന്നിയൂരുനിന്ന് വെള്ളം പൈപ്പ് വഴി എത്തിച്ച് ഇവിടെ ടാങ്കില്‍ നിറയ്ക്കാനായി 13ലക്ഷം അന്ന് മുടക്കി. റോഡുപണി നടക്കുന്ന സമയത്ത് പൈപ്പൊക്കെ വലിച്ചുമാന്തി കളഞ്ഞെന്നാണ് ഇവര്‍ പറയുന്നത്.
എട്ടുകൊല്ലം കഴിഞ്ഞിട്ടും പദ്ധതി നടപ്പിലായില്ല. പിന്നീട് ആറ് ലക്ഷം മുടക്കിയാണത്രേ ഇവിടെയുള്ള ചെറിയ കുഴി കല്ലിട്ട് കെട്ടിയത്. ഇതിലെ വെള്ളവും കോളനിയിലുള്ളവര്‍ക്ക് കൊടുത്ത് തുടങ്ങിയിട്ടില്ല. പൊരിവെയിലത്ത് സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ ആവിയാകുന്നതല്ലാതെ മലമുകളിലെ മനുഷ്യരുടെ തൊണ്ടനയുന്നില്ല.
പത്തനംതിട്ട ഏനാത്ത് ഓലിക്കുളങ്ങര കോളനിയില്‍ കുടിവെള്ളമില്ലാതെ താമസക്കാര്‍. ജല അതോരിറ്റിയുടെ ടാപ്പില്‍ വെള്ളമെത്തിയിട്ട് മൂന്നുമാസം പിന്നിട്ടു. കുടിവെള്ളമെത്തിക്കാന്‍ അധികൃതരോട് പരാതിപ്പെട്ടിട്ടും ഒരു ഫലവുമില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശമാണ് ഓലിക്കുളങ്ങരകോളനി.കോളനിയിലെ ജലശ്രോതസുകള്‍ വറ്റിവരണ്ടു. പൊതുടാപ്പില്‍ വെള്ളമെത്തിയിട്ട് മൂന്ന്മാസത്തിലേറെയായി. ഈ സാഹചര്യത്തില്‍ കുടിവെള്ളമില്ലാതെ വലയുകയാണ് ഇവിടുത്തെ താമസക്കാര്‍.
വാഹനങ്ങളില്‍ വെള്ളമെത്തിച്ചുനല്‍കാനാവശ്യപ്പെട്ട് അധികൃതരെ കോളനിയിലെ താമസക്കാര്‍ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.ജലവിതരണത്തിനായി ചെറുകിടപദ്ധതിസ്ഥാപിച്ച് ഉദ്ഘാടനം ചെയ്തു. പക്ഷേ ഇതുവരെ വെള്ളം എത്തിയിട്ടില്ല. ജലസംഭരണിയും മോട്ടോര്‍ പുരയും അടയാളമായി ശേഷിക്കുന്നുണ്ട്. ഇനി പ്രത്യക്ഷസമരത്തിനിറങ്ങാനാണ് കോളനിക്കാരുടെ തീരുമാനം
അടിമാലി ചാറ്റുപാറക്കുടി ആദിവാസിക്കുടിയില്‍ കുടിവെള്ളമില്ല. ആകെയുള്ള കുടിവെള്ള സ്രോതസായ തണ്ണിക്കുഴികളും മുന്‍ വര്‍ഷങ്ങളേക്കാള്‍ വറ്റുന്നു. ലക്ഷങ്ങള്‍ മുടക്കിയ പഞ്ചായത്തിന്റെ ജലവിതരണ പൈപ്പുകള്‍ വെറും നോക്കുകുത്തിയായി.
അടിമാലിയിലെ മലയരയ, മന്നാന്‍ ആദിവാസി വിഭാഗങ്ങള്‍ കൂടുതലും താമസിക്കുന്ന മലയോര മേഖലയാണ് ചാറ്റുപാറക്കുടി. ആകെ 92 കുടുംബങ്ങള്‍. ഇതില്‍ നാല്പത് കുടുംബങ്ങള്‍ക്ക് വെള്ളമില്ല. തണ്ണിക്കുഴിയിലിറങ്ങി ഇങ്ങനെ കോരിയെടുക്കുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്രയം. വേനല്‍ കടുത്തതോടെ ഈ കുഴികളിലും വെള്ളം അതിവേഗം വറ്റുകയാണ്. കനത്ത ചൂട് കാലത്ത് ഒന്ന് കുളിക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥ.
അടിമാലി പഞ്ചായത്തിന്റെ ലക്ഷങ്ങള്‍ മുടക്കിയുള്ള ജലവിതരണ പദ്ധതി ഇവിടെ നോക്കുകുത്തിയാണ്. എല്ലാ വീടുകള്‍ക്ക് മുന്നിലും പഞ്ചായത്തിന്റെ പൈപ്പുണ്ടെങ്കിലും ഒരു തവണപോലും വെള്ളമെത്തിയിട്ടില്ല. വെള്ളമില്ലാത്ത പൈപ്പുകള്‍ക്ക് മുന്നിലൂടെ വെള്ളം പണംകൊടുത്ത് വാങ്ങാന്‍ നിവൃത്തിയില്ലാത്ത ഈ സാധാരണക്കാര്‍ കിലോമീറ്ററുകളോളം ഇങ്ങനെ നടന്നാലെ വെള്ളംകുടി മുട്ടാതിരിക്കൂ. വരുന്ന തീവ്ര വേനലിനെ പേടിയോടെ മാത്രം മുന്നില്‍ക്കണ്ടാണ് ഈ മനുഷ്യരുടെ ജീവിതം
കോട്ടയം: കോട്ടയത്ത് അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. വെളളിയാഴ്ച്ചയാണ് അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മുണ്ടക്കയത്താണ് സംഭവം നടന്നത്.
പ്ലാപ്പള്ളി ചിലമ്പ്കുന്നേൽ തങ്കമ്മ (82), സിനി (46) എന്നിവരാണ് മരിച്ചത്. വീട്ടിനകത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
കന്യാസ്ത്രീ പീഡനക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10 കോടി രൂപ പിടിച്ചെടുത്തു. ഫ്രാങ്കോയുടെ അടുത്ത സഹായി ഫാ. ആന്റണി മാടശ്ശേരിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. കണക്കില്‍ പെടാത്ത രൂപയാണ് പിടിച്ചെടുത്തത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഇദ്ദേഹത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. പഞ്ചാബിലെ പ്രതാപ് പുരയിലെ താമസസ്ഥലത്ത് നിന്നാണ് ഫാ. ആന്റണി കസ്റ്റഡിയില്‍ എടുക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ ഏറ്റവും അടുത്തയാള്‍ എന്നും ഫാ. ആന്റണി അറിയപ്പെടുന്നുണ്ട്. ബിഷപ്പിന്റെ സാമ്പത്തിക ഇടപാടുകളില്‍ ബിനാമിയായി നില്‍ക്കുന്നത് ഫാ. ആന്റണിയാണെന്ന് ആരോപണമുണ്ട്. കന്യാസ്ത്രീ പീഡനക്കേസ് അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളിലും ഫാ. ആന്റണിയുടെ പേര് ഉയര്‍ന്നിരുന്നു.
ഫ്രാന്‍സിസ്കന്‍ മിഷനേറിയസ് ഓഫ് ജീസസ്(എഫ്എംജെ)യുടെ ജനറലും നവജീവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഡയറക്ടറുമാണ് അറസ്റ്റിലായ ഫാ. ആന്റണി മാടശ്ശേരി.
തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ വിവാദമാകുന്നു .
‘ഓക്കാനംവരും വിധം വെജിറ്റേറിയന്‍ ആയ എം പിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു’ എന്നര്‍ത്ഥം വരുന്ന ട്വീറ്റാണ് വിവാദമായിരിക്കുന്നത്.
തരൂരിന്റെ നിയോജകമണ്ഡലത്തിലെ വലിയൊരു പങ്ക് ജനങ്ങള്‍ മീന്‍ പിടിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്ക് മീന്‍മണത്തില്‍ ജീവിക്കുകയല്ലാതെ വഴിയില്ല. ഈ മേല്‍ജാതിബോധമുള്ള പ്രസ്താവനയിലൂടെ തരൂര്‍ അവരെ അപമാനിക്കുകയാണ് എന്നാണ് സോഷ്യൽമീഡിയയിൽ ഉയർന്നു വരുന്ന പ്രധാന ആക്ഷേപം .
മീന്‍ മണം ഓക്കാനമുണ്ടാക്കുന്നുവെന്ന് പറയുന്നതിലൂടെ മുക്കുവ വിഭാഗത്തെ അപമാനിക്കുകയാണ് ശശി തരൂര്‍ ചെയ്തതെന്ന് റൂബിന് ഡിസൂസ എന്നയാള്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശശി തരൂരിന് മീന്മണം ഓക്കാനമുണ്ടാക്കുമത്രെ! അദ്ദേഹം തന്നെയാണത് പറയുന്നത്. ഈ ഫോട്ടോയും ഈ വാക്കുകളും ട്വീറ്റ് ചെയ്തതദ്ദേഹം തന്നെയാണ്. ‘Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!
squeamish എന്നു പറഞ്ഞാല്‍ ഓക്കാനമുണ്ടാക്കുന്നത് എന്നാണര്‍ത്ഥം.
കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും മീന്‍കഴിക്കുന്നവരാണ്. മീന്മണം ഓക്കാനമുണ്ടാക്കുന്ന വരേണ്യരല്ല അവരൊന്നും. തരൂരിന്റെ നിയോജകമണ്ഡലത്തിലെ വലിയൊരു പങ്ക് ജനങ്ങള്‍ മീന്‍ പിടിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്ക് മീന്‍മണത്തില്‍ ജീവിക്കുകയല്ലാതെ വഴിയില്ല. ഈ മേല്‍ജാതിബോധമുള്ള പ്രസ്താവനയിലൂടെ തരൂര്‍ അവരെ അപമാനിക്കുകയാണ്.
മീന്‍നാറ്റം ഓക്കാനമുണ്ടാക്കും എന്ന പ്രസ്താവന വ്യക്തിപരമായ അഭിരുചിയേയോ ശീലത്തെയോ അല്ല സൂചിപ്പിക്കുന്നത്. മഹാഭാരതകാലത്തേ ഈ വാക്കുകള്‍ക്ക് ജാതിബന്ധമുണ്ട്. മുക്കുവത്തികളെ മത്സ്യഗന്ധി എന്നു വിളിച്ചാണ് കീഴെ നിറുത്തിയിരുന്നത്. വ്യാസന്റെ ജനനകഥ എല്ലാവര്ക്കും അറിയാമല്ലോ. പരാശര മുനി സത്യവതിയെ പ്രാപിച്ച് വേദവ്യാസന് ജനനം നല്കുമ്പോഴും ഓക്കാനമുണ്ടായിരുന്നു. മീന്‍ മണം പ്രശ്നമായിരുന്നു. പക്ഷേ, പ്രാപിക്കുന്നതിനും കുഞ്ഞിനെ ജനിപ്പിക്കുന്നതിനും അത് തടസ്സമായില്ല. തിരുവനന്തപുരത്തെക്കുറിച്ച് വര്‍ണിക്കുന്ന ഏറ്റവും പഴയ പുസ്തകമായ അനന്തപുരവര്‍ണനത്തിലും ചന്തയിലിരിക്കുന്ന മുക്കുവത്തിയെക്കുറിച്ച് ശശി തരൂര്‍ കാണുന്ന അതേ മട്ടില്‍ തന്നെയാണ് കാണുന്നത്. തിരുവനന്തപുരത്തെ നഗരവാസികള്‍ ഈ മീന്‍നാറ്റക്കാരെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ് സജിത എഴുതിയ മത്സ്യഗന്ധി എന്ന നാടകം. ഇത് പുതിയൊരു കാര്യമല്ല എന്നു പറയാനാണിതൊക്കെ ഓര്‍ത്തെടുത്തത്.
മീന്മണം കൊണ്ട് തനിക്ക് ഓക്കാനം ഉണ്ടാകുമെന്ന് ശശി തരൂര്‍ പറഞ്ഞിട്ട് പോയാലെന്താ എന്നു കരുതുന്നവരുണ്ടാകും. പക്ഷേ, ഈ സവര്‍ണബോധമാണ് മുക്കുവത്തികളെ കീഴെയുള്ളവരായി കാണാന്‍ നഗരവാസികളെ പ്രേരിപ്പിക്കുന്നത്. അവര്‍ നാറുന്ന മോശക്കാരാണെന്ന് വിചാരിപ്പിക്കുന്നത്. മീന്‍ നാറ്റത്തിലുള്ള താഴ്ന്നവരെന്ന അവസ്ഥയാണ് അവരെ ആക്രമിക്കാം എന്ന ബോധം നഗരവാസികള്‍ക്കുണ്ടാക്കുന്നത്. അതുകൊണ്ടാണ് കുറച്ചു വര്‍ഷം മുമ്പ് പ്രശാന്ത് നഗറില്‍ മീന്‍ വിറ്റിരുന്ന സ്ത്രീകളെ അവിടത്തെ ചില ഗുണ്ടകള്‍ ചേര്‍ന്ന് പിടിച്ചു വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തത്.
ശശി തരൂരിന്റെ മേല്‍ജാതിബോധത്തോടെയുള്ള, മുക്കുവരെ അപമാനിക്കുന്ന പ്രസ്താവന മുക്കുവര്‍ക്കെതിരായ സമൂഹബോധത്തിന് നീതീകരണമാവും എന്നതിനാലാണ് ശശി തരൂരിന്റെ പ്രസ്താവന അപകടകരമാവുന്നത്.
ശശി തരൂര്‍ ഈ പ്രസ്താവന പിന്‍വലിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു
Found a lot of enthusiasm at the fish market, even for a squeamishly vegetarian MP! pic.twitter.com/QspH08if8Q
— Shashi Tharoor (@ShashiTharoor) March 27, 2019
ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ചത്, സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ടതിനെത്തുടർന്നെന്ന് വെളിപ്പെടുത്തൽ. യുവതിയുടെ ഭർത്താവും അമ്മയും അറസ്റ്റിൽ. മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രം ഭാരമാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാര(27) ആണ് ഈ മാസം 21ന് അർധരാത്രി മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് ചരുവിള വീട്ടിൽ ഗീതാ ലാൽ (55), മകൻ ചന്തുലാൽ (30) എന്നിവരെയാണ് പൂയപ്പളളി പൊലീസ് അറസ്റ്റു ചെയ്തത്.
തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു.