കെവിന്‍ വധക്കേസില്‍ സസ്പെന്‍ഷനിലായ എസ്.ഐ ഷിബു വീണ്ടും സര്‍വീസില്‍. പിരിച്ചുവിടാന്‍ നോട്ടിസ് നല്‍കിയശേഷമാണ് തിരിച്ചെടുത്തത്. ഷിബുവിന്റെ വിശദീകരണം പരിശോധിച്ചാണ് തീരുമാനം. ഷിബു കോട്ടയം ഗാന്ധിനഗര്‍ എസ്.ഐ ആയിരിക്കെയാണ് കെവിന്‍ കൊല്ലപ്പെട്ടത്. എസ്.ഐയെ തിരിച്ചെടുക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് കെവിന്റെ കുടുംബം. മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കെവിന്റെ പിതാവ് പറഞ്ഞു.

അതേസമയം, കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകള്‍ കോടതി പരിശോധിച്ചു. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ ഫോറന്‍സിക് വിദഗ്ദരും വിരലടയാള വിദഗ്ദരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ രണ്ട് കാറുകള്‍ക്ക് പുറമെ ഒന്നാം പ്രതി സഞ്ചരിച്ച കാറില്‍ നിന്നുമായി പതിനഞ്ച് വിരലടയാളങ്ങളാണ് ലഭിച്ചത്.

ഇവ പ്രതികളായ ഷിനു, റിയാസ്, ഷാനു ഷാജഹാന്‍, ഇഷാന്‍ എന്നിവരുടേതാണെന്ന് തുടര്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായി വിരലടയാള വിദഗ്ദനായ എസ്. സുജിത് മൊഴി നല്‍കി. അനീഷിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവര്‍ സീറ്റിന് പുറകില്‍ നിന്ന് രക്തകറയ്ക്ക് സമാനമായ അടയാളങ്ങള്‍ കണ്ടതായി ഫോറസിക് വിദഗ്ദ അനശ്വര ഐപി മൊഴി നല്‍കി. കൂടാതെ മൂന്ന് കാറുകളില്‍ നിന്ന് ശേഖരിച്ച മുടികളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന ഫോട്ടോകളും കോടതി പരിശോധിച്ചു.

ദൃശ്യങ്ങള്‍ പകര്‍ത്തിയ കൊല്ലത്തെ പൊലീസ് ഫോട്ടോഗ്രാഫറെയും ഇന്ന് വിസ്തരിച്ചു. കെവിന്‍ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടില്‍ മാരാകായുധങ്ങള്‍ ഉപയോഗിച്ച്് അക്രമം നടത്തിയയാതി പരിശോധന നടത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥ മൊഴി നല്‍കി.