കൊച്ചിയിൽ കഴിഞ്ഞ ദിവസം ഐസ് മെത്ത് എന്നറിയപ്പെടുന്ന മെത്താംഫെറ്റമീൻ പിടിച്ചെടുത്തതോടെയാണ് ഐസ് മെത്ത് എന്ന മയക്കുമരുന്ന് മലയാളിയ്ക്ക് പരിചിതമാകുന്നത്. കൊച്ചി സിറ്റി ഷാഡോ പൊലീസാണ് ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾക്കായി എത്തിച്ച ഐസ് മെത്ത് പിടികൂടിയത്. ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫ് (59) ആണ് പോലീസ് പിടിയിലായത്. ഇയാളിൽ നിന്ന് രണ്ട് കിലോ മെത്താംഫിറ്റമിനും രണ്ട് ലിറ്റർ; ഹാഷിഷ് ഓയിൽ എന്ന് സംശയിക്കുന്ന പദാർത്ഥവും കണ്ടെടുത്തിരുന്നു. കേരളത്തിൽ ആദ്യമായാണ് ഐസ് മെത്ത് പിടികൂടുന്നത്.
അതോടെ ഐസ് മെത്ത് എന്തെന്നറിയാൻ ഗൂഗിളിൽ പരതിയവരും നിരവധി. ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്. ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും രാജ്യാന്തര വിപണിയിൽ കോടികളുമാണ് ഇതിന്റെ മതിപ്പുവില.
ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. സ്പീഡ് എന്ന വിളിപ്പേരും ഈ ലഹരി പദാർത്ഥത്തിനുണ്ട്. അതിവേഗത്തിൽ തലച്ചോറിൽ എത്തി നാഡിഞെരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഇവയെ സ്പീഡ് എന്നു വിളിക്കുന്നതും.
പുകയായി വലിച്ചും കുത്തിവച്ചും ഗ്ലാസ് പാത്രങ്ങളിൽ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ ഒരുവനെ അടിമയാക്കാൻ ശേഷിയുളള ഇത്തരം ലഹരി പദാർത്ഥങ്ങൾ തമാശയായി ഒരിക്കൽ പോലും ഉപയോഗിച്ചു നോക്കരുതെന്ന് വിദഗ്ദ്ദർ മുന്നറിയിപ്പു നൽകുന്നു. ഒരു ഗ്രാം ഉപയോഗിച്ചാൽ 12 മുതൽ 16 മണിക്കൂർ വരെ ഉണർവ് ലഭിക്കും. ലൈംഗികാസക്തി ഉയർത്താൻ സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിർമാണ് മേഖലയിൽ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും എസ് മെത്ത് ഉപയോഗിക്കുന്നു.തുടർച്ചയായി ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിനും കൂടുതൽ സമയം ലൈംഗിക ബന്ധത്തിനും ഐസ് മെത്ത് ഉപയോഗിക്കുന്നു.
അതിയായ ആഹ്ലാദം, സാഹസിക പ്രവൃത്തികൾ ചെയ്യുന്നതിനുളള അതിയായ ഉത്സാഹം തുടങ്ങിയവയാണ് ഈ ലഹരിമരുന്ന് ഉപയോഗിച്ചവരുടെ ലക്ഷണങ്ങൾ. ക്രിസ്മസ്– പുതുവത്സര ആഘോഷങ്ങൾക്കായി ഐസ് മെത്ത് കൊച്ചിയിൽ എത്തിച്ചത്. കൂടുതൽ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും ക്ഷീണമില്ലാതെ നൃത്തം ചെയ്യുന്നതിനും ഐസ് മെത്ത് ഉപയോഗിച്ച് അപകടത്തിൽപ്പെട്ടവർ നിരവധിയാണ്. ശരീരത്തിന്റെ താപനില ഉയരുക, രക്തസമ്മര്‍ദം ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ കാരണമായേക്കാം. ശ്വസിച്ച് മെത്ത് ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്.
ചൈന, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിൽ എഫെഡ്രാ സിനിക്ക എന്ന ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഫ്രഡിൻ ഉപയോഗിച്ചാണ് ഐസ് മെത്ത് നിർമ്മിക്കുന്നതെങ്കിൽ ഇന്ത്യയിൽ പൂർണമായും രാസപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം. എഫ്രഡിൻ വ്യാപകമായി കായിക താരങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ ഈ ചെടിയുടെ ഉത്പാദനവും ഉപയോഗവും സർക്കാർ നിയമം മൂലം നിയന്ത്രിച്ചു.
പമ്പ: അയ്യപ്പനെ കാണാതെ ശബരിമല വിട്ടുപോകില്ലെന്ന് ഉറപ്പിച്ച് തമിഴ് വനിതാ സംഘടന മനിതി. മനിതിയുടെ നേതൃത്വത്തില്‍ അയ്യപ്പ ദര്‍ശനത്തിനായി എത്തിയ യുവതികള്‍ ആരും അയ്യപ്പനെ കാണാതെ തിരികെ പോകില്ലെന്ന് വ്യക്തമാക്കിയതോടെ പോലീസ് സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. നിലവില്‍ യുവതികളെ പമ്പയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമായാല്‍ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടപടിയുണ്ടാകും. കൂടുതല്‍ പ്രവര്‍ത്തകരെ പമ്പയിലെത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും സൂചനയുണ്ട്.
മനിതി അംഗങ്ങളുമായി പോലീസ് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് തിരികെ പോകാനാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് മനിതി അറിയിക്കുകയായിരുന്നു. ആചാര ലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാരിനോട് ആലോചിക്കാതെ ഇത്തരമൊരു നടപടി തന്ത്രി സ്വീകരിക്കുകയാണെങ്കില്‍ അത് വലിയ നിയമപ്രശ്‌നമായി മാറിയേക്കും.
നേരത്തെ തമിഴ്‌നാട്ടില്‍ നിന്ന് കമ്പംമേട് വഴി കേരളത്തിലെത്തിയ മനിതി സംഘത്തെ പലയിടങ്ങളിലായി ബി.ജെ.പി-സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സുരക്ഷ ആവശ്യപ്പെട്ട സംഘം പിന്നീട് പോലീസ് വാഹനത്തിലാണ് പമ്പയിലേക്ക് എത്തിയത്. നാല് പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇവര്‍ കുട്ടിക്കാനം വഴി പമ്പയിലെത്തിയത്. യുവതികള്‍ സന്ദര്‍ശനം നടത്തുന്ന സാഹചര്യത്തില്‍ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
തമിഴ്‌നാട്ടില്‍ നിന്നും രണ്ട് സംഘങ്ങളായി ഇനിയും അയ്യപ്പ ഭക്തരായ യുവതികള്‍ ശബരിമലയിലെത്തും. റോഡ് മാര്‍ഗം വരുന്നവര്‍ക്കെതിരെ തമിഴ്‌നാട്ടില്‍ വെച്ച് തന്നെ പ്രതിഷേധമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇവര്‍ക്ക് സുരക്ഷയൊരുക്കാന്‍ തമിഴ്‌നാട് പോലീസും തീരുമാനിച്ചിട്ടുണ്ട്. കേരള ബോര്‍ഡര്‍ വരെ ഭക്തകളെ എത്തിക്കാന്‍ തമിഴ്‌നാട് പോലീസ് ശ്രമിക്കും.
ഇടുക്കി: അധികമുള്ള വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കണമെന്ന നിര്‍ദേശവുമായി പി.സി.ജോര്‍ജ്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷച്ചടങ്ങിലാണ് പി.സി.ജോര്‍ജ് വിചിത്ര നിര്‍ദേശവുമായി രംഗത്തെത്തിയത്. ഇത് ഖജനാവിലേക്ക് വരുമാനം കൊണ്ടുവരികയും ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു.
വനംവകുപ്പ് തന്നെ ഇത് ചെയ്യണമെന്നാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ നിര്‍ദേശം. വനം മന്ത്രി കെ.രാജുവിന്റെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നിലവിലുള്ള വനനിയമങ്ങള്‍ പ്രകാരം വന്യമൃഗങ്ങളെ കൊല്ലാനാവില്ലെന്ന് വനം മന്ത്രി കെ.രാജു വ്യക്തമാക്കി.
മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ നടപ്പാക്കും. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
പാലാ ലിസ്യൂ കാർമലൈറ്റ് മഠത്തിലെ സിസ്റ്റർ അമല (69)യെ കൊലപ്പെടുത്തിയ കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം. കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ.രണ്ടുലക്ഷംരൂപ പിഴയും വിധിച്ചു
വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി കേട്ടിരുന്നു. 5 മിനിറ്റു മാത്രമാണു വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നൽകണമെന്ന് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു
പ്രതിയുടെ പ്രായം, വയസ്സായ അമ്മയുടെ സ്ഥിതി, മകന്റെ കാര്യം എന്നിവ പരിഗണിച്ചു ശിക്ഷയിൽ കുറവുണ്ടാകണമെന്ന് പ്രതിഭാഗം അഭിഭാഷക അപേക്ഷിച്ചു. ഇതിനു ശേഷമാണ് ശിക്ഷാവിധി കോടതി ഇന്നത്തേക്കു മാറ്റിയത്. പ്രതി കാസർകോട് സ്വദേശി മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്‌നായർ–41) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. 2015 സെപ്‌റ്റംബർ 16ന് അർധരാത്രി മഠത്തിലെ മുറിയിൽ സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്
കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയ സംഭവം ഇങ്ങനെ
സിസ്റ്റർ അമലയെ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുന്നത് 2015 സെപ്റ്റംബർ 17നു രാവിലെയായിരുന്നു. നെറ്റിയിൽ ചെറിയ മുറിവും തലയ്ക്കു പിന്നിൽ ആഴത്തിലുള്ള മുറിവുമായിരുന്നു മരണകാരണം. 3 നിലകളിലായി അറുപതിലേറെ മുറികളുള്ള മഠത്തിൽ 30 കന്യാസ്ത്രീകളും 20 വിദ്യാർഥിനികളും ജോലിക്കാരും താമസിക്കുന്നുണ്ടായിരുന്നു. സംഭവം നടന്ന ദിവസം രാത്രി 11.30ന് അജ്ഞാതനായ ഒരാളെ കണ്ടതായി മഠത്തിലെ ഒരു കന്യാസ്ത്രീ മൊഴി നൽകി. പനി ബാധിച്ച് ആശുപത്രിയിലായിരുന്ന സിസ്റ്റർ അമല തിരികെ മഠത്തിലെത്തിയ ശേഷം കിടക്കുന്ന മുറി പൂട്ടാറില്ലായിരുന്നു.
മഠത്തിൽ അതിക്രമിച്ചു കയറിയ സതീഷ് ബാബു കൈക്കോടാലി ഉപയോഗിച്ച് സിസ്‌റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. മോഷണം നടത്തുന്നതിനിടെ സിസ്റ്റർ അമലയുടെ മുറിയിൽ വെളിച്ചം കണ്ട പ്രതി തന്നെ സിസ്റ്റർ അമല കണ്ടിരിക്കാമെന്ന ധാരണയിൽ കൊലപ്പെടുത്തുകയായിരുന്നുവത്രേ. 2015ൽ ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ മോഷണം നടത്തിയ കേസിൽ സതീഷ് ബാബുവിനെ 5 മാസം മുൻപു പാലാ കോടതി 6 വർഷം കഠിനതടവിനു ശിക്ഷിച്ചിരുന്നു. മഠത്തിൽ നിന്നു മോഷ്ടിച്ച മൊബൈൽ ഫോണാണു പ്രതി ഉപയോഗിച്ചിരുന്നത്.
അന്നത്തെ പാലാ ഡിവൈഎസ്പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ എന്നിവരാണു കേസ് അന്വേഷിച്ചത്. പാലായിലെ സംഭവത്തിനു ശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്കു കടന്നു. കേരള പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പൊലീസ് പിടികൂടി കൈമാറുകയായിരുന്നു.
കാസർകോട് മുന്നാട് കുറ്റിക്കോട്ട് മെഴുവാതട്ടുങ്കൽ സതീഷ് ബാബു കന്യാസ്ത്രീ മഠങ്ങൾ കേന്ദ്രീകരിച്ചാണു മോഷണം നടത്താറുള്ളതെന്നു പൊലീസ്. മൂന്നു വർഷത്തോളമായി ഈരാറ്റുപേട്ട തീക്കോയിയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. കന്യാസ്ത്രീമാരെ മാത്രം ആക്രമിക്കുകയാണു സതീഷ് ബാബുവിന്റെ രീതി. 5 മഠങ്ങളിൽ കൊലപാതകശ്രമം, മഠങ്ങളിലും അനുബന്ധ സ്‌ഥാപനങ്ങളിലുമായി 14 മോഷണം എന്നിങ്ങനെ 21 കേസുകളാണ് അന്നു കേസന്വേഷിച്ച പൊലീസ് സതീഷ് ബാബുവിനെതിരെ ചുമത്തിയത്. സ്വർണമോഷണം പതിവാക്കിയ വ്യക്തി എന്ന പേരിലാണു സതീഷ് സ്വന്തം നാടായ കാസർകോട്ട് അറിയപ്പെട്ടിരുന്നത്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയതിനെത്തുടർന്ന് അവിടെ നിന്നു മുങ്ങി പാലായിൽ എത്തുകയായിരുന്നു
റിയാദിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നു നാലര കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഷിജു ജോസഫിനെ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നു ദിവസത്തെ കസ്റ്റഡി ആവിശ്യപ്പെട്ടിരുന്നെങ്കിലും കോടതി ശനിയാഴ്ച രാവിലെ 11 വരെ മാത്രമേ കസ്റ്റഡി അനുവദിച്ചുള്ളൂ. നേരുത്തെ ഷിജു ജോസഫിനെ 28 വരെ കോടതി റിമാൻഡ് ചെയ്‌തിരുന്നു. തട്ടിപ്പു നടത്താൻ ഇയാൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നു പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുമ്പ പൊലീസാണു കേസെടുത്തത്.
ലുലു ഗ്രൂപ്പിന്റെ ലുലു അവന്യൂവിൽ മാനേജരായിരുന്ന ഇയാൾ സ്ഥാപനത്തിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൽ വ്യാജരേഖയുണ്ടാക്കി ഒന്നര വർഷത്തോളം തിരിമറി നടത്തിയാണ് വൻതുക തട്ടിയെടുത്തത്. ജോർദാൻ സ്വദേശിയായ മുഹമ്മദ് ഫക്കീമുമായി ചേർന്നായിരുന്നു തട്ടിപ്പ്. മുഹമ്മദ് ഫാക്കി ജോലി ചെയ്തിരുന്ന കമ്പനി വഴിയായിരുന്നു ലുലുവിലേക്ക് ഉത്പന്നങ്ങൾ വാങ്ങിയിരുന്നത്. വലിയ കണ്ടെയ്നറുകളിൽ സാധനങ്ങളെത്തിച്ച് അത് മറ്റു കടകളിലേയ്ക്ക് മറിച്ചു നൽകുകയായിരുന്നു. ഇതിന് വ്യാജ രേഖകളും ചമച്ചു.
തിരിമറി കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കുമെതിരെ റിയാദ് പൊലീസിൽ ലുലു അധികൃതർ പരാതി നൽകിയിരുന്നു.
ഇതോടെ റിയാദിൽ നിന്ന് മുങ്ങിയ ഷിജു ജോസഫ് നാട്ടിലെത്തി കഴക്കൂട്ടത്ത് ഒളിച്ചുകഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിച്ചുകഴിഞ്ഞ ഇയാൾ വാട്സാപ്പ് കോളിലൂടെയായിരുന്നു മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ വാട്സാപ്പ് കോളുകൾ പരിശോധിച്ചായിരുന്നു ഒളിസങ്കേതം കണ്ടെത്തിയത്.
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടി. അന്വേഷണ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസത്തേക്ക് കൂടി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഒരു വര്‍ഷം തുടര്‍ച്ചയായി സസ്‌പെന്‍ഷനിലായ ജേക്കബ് തോമസിനെ കൂടുതല്‍ ദിനങ്ങളില്‍ പുറത്ത് നിര്‍ത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രാനുമതി തേടേണ്ടതുണ്ട്. അന്വേഷണ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ഉള്‍പ്പെടെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സര്‍ക്കാര്‍ സമര്‍പ്പിച്ചതായിട്ടാണ് സൂചന.
ഐ.പി.എസ് ഉദ്യോഗസ്ഥനെ ഒരു വര്‍ഷത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതിയില്ല. ജേക്കബ് തോമസിന്റെ കാര്യത്തില്‍ കേന്ദ്രാനുമതിക്കായി സര്‍ക്കാര്‍ കാത്തിരിക്കേണ്ടി വരും. സംസ്ഥാന സര്‍ക്കാരിനെതിരെ അനാരോഗ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്യുന്നത്. ഓഖി ചുഴലിക്കാറ്റിന്റെ സമയത്ത് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും കൂടാതെ അദ്ദേഹത്തിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളും അന്വേഷണക്കമ്മീഷന്‍ പരിശോധിച്ച് വരികയാണ്.
നിരവധി തവണയാണ് ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടിയത്. വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തെ പുറത്ത് നിര്‍ത്താന്‍ തന്നെയാവും കമ്മീഷന്റെ തീരുമാനം. അതേസമയം സസ്‌പെന്‍ഷന്‍ കാലവധിയില്‍ കഴിയുമ്പോള്‍ പോലും സര്‍ക്കാരിനെതിരെ നവമാധ്യമങ്ങളിലൂടെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.
മഞ്ചേരി: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടിൽ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേൽ റിയാസ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരിച്ച കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ മുതുവിള സലാ നിവാസിൽ റിജു( 35) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
റിജുവിന്റെ ഭാര്യ മിതൃമ്മല മാടൻകാവ് പാർപ്പിടത്തിൽ പരേതനായ സത്യശീലന്റെയും ഷീലയുടെയും മകൾ കല്ലറ ഗവ.ആശുപത്രി കാരുണ്യ മെഡിക്കൽ സ്റ്റോർ ജീവനക്കാരി അഞ്ജു(26), ഒൻപതു മാസം പ്രായമുള്ള മകൻ മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28ന് വൈകിട്ട് മൂന്നിന് മിതൃമ്മലയിലെ ആളൊഴിഞ്ഞ കുടുംബ വീട്ടിലെ കിണറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
അമ്മയുടെ ദേഹത്ത് ഷാൾ ഉപയോഗിച്ച് ചേർത്തു കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഗാർഹിക പീഡനമാണ് മരണത്തിനു കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി
റിജു,മാതാവ് സുശീല,സഹോദരി ബിന്ദു എന്നിവരെ സെപ്റ്റംബർ 28ന് അറസ്റ്റു ചെയ്തു. 18 ദിവസം കഴിഞ്ഞ് മൂവർക്കും ജാമ്യവും ലഭിച്ചു. ഇന്നലെ ഉച്ചക്ക് മാതാവും സഹോദരിയും കല്ലറയിൽ പോയി മടങ്ങിയെത്തുമ്പോൾ റിജുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കാലടി: എസ്.എഫ്.ഐ പ്രവര്‍ത്തകരെ കുടുക്കാന്‍ ശരീരത്തില്‍ ഗുരുതര മുറിവുണ്ടാക്കി എബിവിപിക്കാരന്‍ പോലീസ് അന്വേഷണത്തില്‍ കുടുങ്ങി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ എ.ബി.വി.പി പ്രവര്‍ത്തകനായ ലാല്‍ മോഹനന്‍ നല്‍കിയ പരാതിയാണ് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ലാലിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ഇത് ഇയാള്‍ സ്വയം സൃഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോളേജില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ ഉണ്ടായ വഴക്കിന് പ്രതികാരം തീര്‍ക്കാനാണ് വ്യാജ പരാതി നല്‍കിയതെന്ന് ലാല്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
കോളേജില്‍ നടന്ന ഒരു ഡി.ജെ പാര്‍ട്ടിക്കിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരും എബി.വി.പി ഭാരവാഹികളുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കേസില്‍ കുടുക്കാനായിരുന്നു എ.ബി.വി.പി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ലാല്‍ മോഹനന്‍, മറ്റൂര്‍ വട്ടപറമ്പ് സ്വദേശിയായ മനീഷ്, വിഷ്ണു, ശ്രീജിത്ത് എന്നിവര്‍ ഗൂഢാലോചന നടത്തുകയും വ്യാജക്കേസ് ഉണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
മുളക് പൊടിയെറിഞ്ഞ ശേഷം കമ്പി വടിക്ക് അടിക്കുകയും കത്തി പോലുള്ള ആയുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യത്തെ ലാല്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ച പോലീസിന് ഇവരുടെ വാദം തെറ്റാണെന്ന് വ്യക്തമായി. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ 5 തുന്നലുകള്‍ ഉണ്ടാവാന്‍ പാകത്തിലുള്ള മുറിവ് ശരീരത്തിലുണ്ടാക്കുകയായിരുന്നുവെന്ന് ലാല്‍ സമ്മതിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്ത മനീഷ് കാലടി പോലീസ് സ്റ്റേഷനില്‍ കൊലപാതകം അടക്കം നിരവധി കേസുകള്‍ അടക്കം പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയാണ്.
ഹര്‍ത്താല്‍ ദിനത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് തീരുമാനിച്ചു. ചിത്രീകരണമോ അനുബന്ധ പ്രവര്‍ത്തനങ്ങളോ ഒഴിവാക്കില്ല. അടിക്കടിയുള്ള ഹര്‍ത്താലുകള്‍ വന്‍ നഷ്ടമുണ്ടാക്കുന്നതായി പ്രസിഡന്റ് കെ. വിജയകുമാറും ജനറല്‍ സെക്രട്ടറി സാഗ അപ്പച്ചനും പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും കൂട്ടായ്മയാണ് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്.
ഹര്‍ത്താലുകള്‍ക്കെതിരെ വ്യാപാരി സംഘടനകളും ബസുടമകളും കൈകോര്‍ത്തിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ നൂറോളം ഹര്‍ത്താലുകള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനത്ത് തങ്ങളുടെ സഹകരണം കൊണ്ട് ഇനിയൊരു ഹര്‍ത്താലും വിജയിക്കരുതെന്ന ഉറച്ച തീരുമാനത്തിലാണ് വ്യാപാരികള്‍.
വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടിക്ക് വിവിധ വ്യാപാര സംഘടനകളുടെ കോ -ഓഡിനേഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചു. പതിനഞ്ചോളം വ്യാപാര സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഹര്‍ത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനുമാണ് കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ തീരുമാനം. ഈ മാസം 22ന് കൊച്ചിയില്‍ ചേരുന്ന യോഗം വിഷയം ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ ബിജു രമേശ് അറിയിച്ചു.
ഭാവിയില്‍ അപ്രതീക്ഷിത ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു പറഞ്ഞു. എന്നാല്‍, ജനുവരി എട്ട്, ഒമ്പത് തിയതികളിലെ ദേശീയ പണിമുടക്കുമായി സഹകരിക്കും. രാഷ്ട്രീയ നേട്ടത്തിനായും അപ്രതീക്ഷിതമായും പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ ഇനി മുതല്‍ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍ അറിയിച്ചു.