Kerala

ശബരിമല ശാന്തമാകുന്നതിനിടെയാണ് നടി ഉഷയുടെ മലകയറ്റം. കറുപ്പുടുത്ത്, വാ മൂടിക്കെട്ടിയാണ് മലയാള നടി കഴിഞ്ഞ ദിവസം ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയത്. നടി ഉഷയുടെ വ്യത്യസ്ത മല കയറ്റമായിരുന്നു.സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടിയാണ് ഉഷ. ചിത്തിര ആട്ട വിശേഷത്തിന് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിത പ്രതിഷേധക്കാരാല്‍ ആക്രമിക്കപ്പെട്ട ദിവസമടക്കം നടി സന്നിധാനത്തുണ്ടായിരുന്നു.

എന്നാല്‍ ഇത്തവണ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് നടി ശബരിമലയില്‍ എത്തിയത്. തിരുവനന്തപുരം ജില്ലയിലെ തിരുമലയിലെ വീട്ടില്‍ നിന്നും വ്യാഴാഴ്ചയാണ് ഇവര്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. അപ്പോള്‍ മുതല്‍ വാ മൂടിക്കെട്ടിയിരിക്കുകയായിരുന്നു. പമ്പ വരെ ഇവര്‍ ബസ്സിലാണ് എത്തിയത്. വാ മൂടിക്കെട്ടി മൗനവ്രതത്തില്‍ മാത്രമല്ല, ഭക്ഷണം കഴിക്കാതെ ഉണ്ണാവ്രതത്തിലും ആയിരുന്നു നടി.

സന്നിധാനത്ത് എത്തി തൊഴുമ്പോള്‍ മാത്രമാണ് നടി വാ മൂടിക്കെട്ടിയ തുണി അഴിച്ചത്. അതിന് ശേഷം സന്നിധാനത്തെ വടക്കേ നടയില്‍ നടന്ന നാമജപത്തില്‍ ഉഷ പങ്കെടുക്കുകയും ചെയ്തു. ഇത് മൂന്നാം തവണയാണ് താന്‍ ശബരിമലയില്‍ എത്തുന്നത് എന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമലയില്‍ ഇതുവരെ വളരെ സമാധാന പൂര്‍ണമായ അന്തരീക്ഷം ആയിരുന്നു ഉണ്ടായിരുന്നത്. ആ സമാധാനം നഷ്ടപ്പെടാന്‍ പാടില്ല. അത് ഏറെ ദോഷം ചെയ്യുന്ന കാര്യമാണെന്ന് ഉഷ പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടുളള പ്രതിഷേധമാണോ വായ മൂടിക്കെട്ടിയുളളത് എന്നത് വ്യക്തമല്ല.

കുന്ദമംഗലം എംഎൽഎ പി.ടി.എ.റഹീമിന്റെ മകൻ പി.ടി. ഷബീറും മകളുടെ ഭർത്താവ് ഷബീർ വായൊളിയും സൗദിയിൽ അറസ്റ്റിൽ. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന് സൂചന .ഇതു സംബന്ധിച്ച വിവരം സൗദി വിദേശകാര്യ മന്ത്രാലയം ഡിആർഐ ക്ക് കൈമാറി. പത്തു ദിവസം മുൻപ് അറസ്റ് ചെയ്തതായാണ് നാട്ടിലേക്കു വിവരം ലഭിച്ചിരിക്കുന്നത്. ഇവർ എപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. ഹവാല സ്വർണ്ണ ഇടപാടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരെ കുടത്തു മലയാളികൾ അടക്കം 19 പേര് അറസ്റ്റിലായതായാണ് സൂചന

വൈറ്റില സ്വരാജിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യവസായ വകുപ്പ്, പ്രമുഖരായ സംരംഭകരുടെയും നേതൃത്വത്തില്‍ പരിശീലന പരിപാടി വൈറ്റില റോട്ടറി ക്ലബ്ബ് ഹാളില്‍ നടത്തി. ഹെലന്‍ ഈപ്പന്‍ അധ്യക്ഷത വഹിച്ചു. എറണാകുളം വെല്‍ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ഫാദര്‍ പോള്‍ ചെറുപുള്ളി ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് സിസിലി ജോസ്, ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരായ നമിത, ഹേമ ജോസഫ്, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ സുദര്‍ശനന്‍ പിള്ള, ജീസ് പി. പോള്‍, അക്വപോണിക്‌സ് വിദഗ്ധന്‍ ബിജു, ഫോജി ജോണ്‍, അഡ്വക്കേറ്റ് അനില്‍ ക്ലീറ്റസ്, നിപുണ്‍ ചെറിയാന്‍, എന്നിവര്‍ വിവിധ സംരംഭങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി, അതോടൊപ്പം തന്നെ സര്‍ക്കാരില്‍നിന്നും മറ്റ് ഏജന്‍സികളില്‍ നിന്നും ലഭിക്കേണ്ട സാമ്പത്തിക സഹായങ്ങളെ പറ്റിയും, സബ്‌സിഡി കളെ പറ്റിയും പല പദ്ധതികളെപ്പറ്റിയും, അതെല്ലാം എങ്ങനെ എളുപ്പത്തില്‍ ലഭ്യമാക്കാം എന്നും വിശദീകരിക്കുകയുണ്ടായി.

ഏകദേശം എണ്‍പതോളം പുതിയ സംരംഭകര്‍ ക്ലാസില്‍ പങ്കെടുത്തു, പിന്നീടും വേണ്ട ഉപദേശങ്ങളും, പ്രോജക്ട് റിപ്പോര്‍ട്ട്, വായ്പാസഹായം, അപേക്ഷകള്‍ തയ്യാറാക്കലും മറ്റും സ്വരാജ് ഭാരവാഹികള്‍ വേണ്ട പിന്തുണ നല്‍കുന്നതാണെന്നും അറിയിക്കുകയുണ്ടായി.

സന്നിധാനം: സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. നൂറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നേതൃത്വം നല്‍കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്നവരാണ് പ്രതികള്‍. നിരോധനാജ്ഞ ലംഘിച്ചതിനു പുറമേ നാലു വകുപ്പുകള്‍ കൂടി ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി സന്നിധാനത്തെ വടക്കേനട ഭാഗത്തേക്ക് നാമജപവുമായി ഒരുകൂട്ടം ഭക്തര്‍ എത്തിയിരുന്നു. ഇവരെ വടക്കേനടയില്‍ പോലീസ് തടയുകയും തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം വടക്കേനടയില്‍ കൂടിനിന്ന് നാമം ജപിക്കുകയും ചെയ്തു. ഈ സംഭവത്തിലാണ് പോലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ശബരിമലയിലും സന്നിധാനത്തും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയതോടെ ഭക്തരുടെ വരവില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം മുതലാണ് പോലീസ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത്. എന്നാല്‍ നിരോധനാജ്ഞ തുടരും.

വലിയപാനി എന്ന യാത്രക്കപ്പലാണ് ദ്വീപിലേക്കുള്ള യാത്രക്കാരെ കയറ്റാനായി ബേപ്പൂര്‍ തുറമുഖത്തെത്തിയത്. ബേപ്പൂരില്‍നിന്ന് ഏറ്റവും അടുത്ത ദ്വീപായ ആന്ത്രോത്തിലേക്ക് ഇതില്‍ ഏഴു മണിക്കൂര്‍ക്കൊണ്ടെത്താം. ‘ചെറിയപാനി’, ‘പറളി’ എന്നീ അതിവേഗക്കപ്പലുകളും (ഹൈസ്പീഡ് ക്രാഫ്റ്റ്) വൈകാതെയെത്തും.

ബേപ്പൂരില്‍നിന്ന് സ്ഥിരമായി ദ്വീപിലേക്ക് സര്‍വീസ് നടത്തിവരുന്ന ‘എം.വി. മിനിക്കോയ്’ എന്ന യാത്രക്കപ്പലിന് പുറമേയാണത്. കഴിഞ്ഞദിവസം ‘വലിയപാനിയിലും’ ‘മിനിക്കോയിലും’ മുന്നൂറില്‍പ്പരം യാത്രക്കാരുമായാണ് ബേപ്പൂര്‍ തുറമുഖം വിട്ടത്. ആന്ത്രോത്ത്, കില്‍ത്താന്‍, ചെത്ത്പത്ത്, ബിത്ര എന്നീ ദ്വീപിലേക്കുള്ള യാത്രക്കാരാണ് ഈ രണ്ട് കപ്പലുകളിലും കയറിയത്.

ഫേസ്ബുക്ക് പ്രണയത്തിനൊരു അടിപിടി കലാശം. രണ്ടു വര്‍ഷത്തെ പ്രണയം പൂത്ത് പുഷ്പിച്ച് ഒടുവില്‍ കാമുകിയെ നേരിട്ടുകണ്ടപ്പോള്‍ അത്ര പോര എന്നു കാമുകന്് തോന്നിയെങ്കിലും സ്വീകരിക്കേണ്ടി വന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടെ കാമുകന്റെ അമ്മ കാമുകിയെ ഒന്നു പൂശുകയും ചെയ്തു. കോട്ടയം നഗര പരിസരം സംഘര്‍ഷ വേദിയാത് ഇങ്ങനെ:

കോട്ടയം നഗരത്തില്‍ കോടിമത പള്ളിപ്പുറത്തുകാവ് ക്ഷേത്ര പരിസരത്ത് ഇന്നലെ രാവിലെയാണ് നാടകിയ സംഭവങ്ങള്‍ അരങ്ങേറിയത്. കൊട്ടാരക്കര സ്വദേശിനിയാണ് യുവതി. അയ്മനം സ്വദേശിയാണു കാമുകന്‍. ഇവര്‍ തമ്മില്‍ രണ്ട് വര്‍ഷമായി ഫെയ്സ്ബുക്കുവഴി പരിചയപ്പെട്ട് പ്രണയത്തിലായിരുന്നു. വിദേശത്തായിരുന്ന യുവാവ് രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച യുവാവ് കൊട്ടാരക്കരയില്‍ എത്തി യുവതിയെ കോട്ടയത്തിനു കൂട്ടികൊണ്ടു പോന്നു.

ഇന്നലെ രാവിലെ വരെയും ഒരുമിച്ച് കഴിയുകയും ചെയ്തു. ഇതിനിടെ ഇരുവീട്ടുകാരെയും വിവരം അറിയിച്ചു. ബുധനാഴ്ച രാവിലെ പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തില്‍ വിവാഹം നടക്കുകയാണെന്നും എത്തണമെന്നുമായിരുന്നു അറിയിപ്പ്. അതിനായി രാവിലെ 11 കഴിഞ്ഞ് എത്തിയപ്പോള്‍ ക്ഷേത്രത്തിന്റെ നട അടച്ചതിനാല്‍ വിവാഹം നടന്നില്ല. ഇതിനിടയില്‍ എത്തിയ യുവാവിന്റെ അമ്മയും ബന്ധുക്കളും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ യുവാവിന്റെ അമ്മ യുവതിയെ ഒന്നു പൂശി.

താഴ്ന്ന ജാതിയില്‍പ്പെട്ട യുവതിയാണന്ന ദുരഭിമാനമാണു മര്‍ദനത്തിലേക്കു വഴി വച്ചതെന്നുമാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. ഒടുവില്‍ പോലീസ് ഇടപെട്ട് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വിവാഹം നടത്തണമെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ പോലീസ് പ്രശ്ന പരിഹാരത്തിന് ഇടപെട്ടു. ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കാമുകന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചു. ക്ഷേത്രത്തില്‍ വിവാഹത്തിനും സമ്മതിച്ചു. രണ്ട് പേരുടേയും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ഒത്തുതീര്‍പ്പ്. എന്നാല്‍, ക്ഷേത്രത്തിലെത്തിയ ഇരുവീട്ടുകാരും തമ്മില്‍ തര്‍ക്കംമൂത്തതോടെ വിവാഹം മുടങ്ങി.

പ്രശ്നം കയ്യാങ്കളിയുടെ വക്കിലെത്തിയതോടെ പോലീസ് വീണ്ടും കമിതാക്കളെ സ്റ്റേഷനിലെത്തിച്ചു. ഒടുവില്‍ ഇരുവരെയും ഒരുമിച്ചുപോകാന്‍ കോടതി അനുവദിച്ചതോടെ രണ്ടുദിവസം നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് വിരാമമായി. ആദ്യം വിവാഹത്തിന് കാമുകന്‍ വിസമ്മതം പ്രകടിപ്പിച്ചതായി സൂചനയുണ്ട്. എന്നാല്‍ വിവാഹത്തില്‍നിന്ന് പിന്മാറില്ലെന്ന് യുവതി ഉറച്ചുനിന്നതോടെ കാമുകന്‍ വഴങ്ങുകയായിരുന്നു.

മലപ്പുറം: ശബരിമലയില്‍ പോകാനായി വ്രതമെടുത്ത യുവതിയുടെ നേരെ ആക്രമണം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് മലപ്പുറം കാക്കഞ്ചേരി സ്വദേശിയായ അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ഇവരുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

അക്രമികളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നേരത്തെ ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി അപര്‍ണ ഉള്‍പ്പെടെയുള്ള മൂന്ന് യുവതികള്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. പോലീസ് സുരക്ഷ വാഗ്ദാനം ചെയ്താല്‍ തങ്ങള്‍ മല ചവിട്ടുമെന്നും എന്നാല്‍ ശബരിമലയെ കലാപഭൂമിയാക്കി ദര്‍ശനം നടത്താന്‍ താല്‍പ്പര്യമില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണയുള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി ആരോപണം ഉണ്ടായിട്ടുണ്ട്. അപര്‍ണയ്ക്കെതിരെ നേരത്തെയും ഭീഷണി ഉയര്‍ന്നിരുന്നു. അയ്യപ്പനെ കാണാന്‍ സാധിക്കുന്ന കാലം വരെ വ്രതം തുടരുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത അയ്യപ്പ ഭക്ത രേഷ്മ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താനായി മാലയിട്ട ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താനെന്നും രേഷ്മ പറഞ്ഞു.

എടത്വാ: വള്ളംക്കളി പ്രേമികള്‍ക്ക് ആവേശമായ എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് ലോക റെക്കോര്‍ഡിലേക്ക്. 9 ദശാംബ്ദം കൊണ്ട് ഒരേ കുടുംബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ കളിവള്ളങ്ങള്‍ നിര്‍മിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുന്നതുമായ ബഹുമതിയുമായിട്ടാണ് ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കുന്നത്. ഈ ബഹുമതി ലോകത്തില്‍ പുളിക്കത്ര തറവാടിന് മാത്രം സ്വന്തമാണെന്ന് ഗിന്നസ്, യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള പറഞ്ഞു. നവംബര്‍ 30ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ടാലന്റ് ഫെസ്റ്റില്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് യൂണിവേഴ്‌സല്‍ റിക്കോര്‍ഡ് ഫോറം അന്തരാഷ്ട്ര ജൂറി ചെയര്‍മാന്‍ ഗിന്നസ് ഡോ.സുനില്‍ ജോസഫ് അറിയിച്ചു.

ജലമേളകളില്‍ ഇതിഹാസങ്ങള്‍ രചിച്ച പാരമ്പര്യമുള്ള മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ‘ഷോട്ട് പുളിക്കത്ര’. 2017 ജൂലൈ 27ന് രാഷ്ടീയ – സാസ്‌ക്കാരിക-സാമൂഹിക-സാമുദായിക നേതാക്കളും ജലോത്സവ പ്രേമികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ദേശ നിവാസികള്‍ പങ്കെടുത്ത നീരണിയല്‍ ചടങ്ങ് നാടിന് തന്നെ ഉത്സവഛായ പകര്‍ന്ന അനുഭൂതിയായിരുന്നു.

എടത്വാ വില്ലേജ് യൂണിയന്‍ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേര്‍ഡ് കൃഷി ഇന്‍സ്‌പെക്ടര്‍ മാലിയില്‍ ചുമ്മാര്‍ ജോര്‍ജ് പുളിക്കത്രയാണ് 1926ല്‍ ആദ്യമായി എടത്വാ മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്‍പി.

1952ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റെക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളംമായ പുളിക്കത്ര. എന്നാല്‍ അന്നത്തെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട് ‘ എന്ന് വിളിച്ചപ്പോള്‍ ഇരുകരകളില്‍ നിന്നും ആര്‍പ്പുവിളി ഉയര്‍ന്നു. പിന്നീട് ഷോട്ട് എന്ന ഓമനപേരില്‍ പുളിക്കത്ര വള്ളം അറിയപെടുവാന്‍ തുടങ്ങി.

വള്ളംകളിയുടെ ആവേശം മുഴുവന്‍ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടന്‍ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ല്‍ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്‌റു ട്രോഫി ജലമേളയില്‍ വിജയം നേടിയട്ടുണ്ട്. കോയില്‍മുക്ക് നാരായണന്‍ ആചാരിയായിരുന്നു ശില്‍പി. 2001ല്‍ ഉമാ മഹേശന്‍ ശില്‍പിയായി നിര്‍മ്മിച്ച വള്ളമാണ് ‘ജെയ് ഷോട്ട് ‘. 2017ലെ നെഹ്‌റു ട്രോഫി ജലമേളയില്‍ പങ്കെടുത്ത 9 വള്ളങ്ങളില്‍ 3 എണ്ണം ഒരേ കുടുബത്തില്‍ നിന്നും നീരണിഞ്ഞ വളളങ്ങള്‍ ആണെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകത.

ഏറ്റവും പുതിയതായി നിര്‍മ്മിച്ച ‘ഷോട്ട് പുളിക്കത്ര’ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉള്‍പെടെ 60 പേര്‍ ഉണ്ട്. സാബു നാരായണന്‍ ആചാരിയാണ് ശില്‍പി.

നവതി നിറവില്‍ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് നാലാമത്തെ വള്ളം 2017ല്‍ നിര്‍മ്മിച്ചതെന്നും പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകര്‍ന്നു നല്‍കുന്നതിനും ആണ് ആറുവയസുകാരനായ മകന്‍ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്റ്റനാക്കി മത്സരിപ്പിച്ചതെന്നും ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു. ഇംഗ്ലണ്ടില്‍ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ രജ്ഞന ജോര്‍ജ് എന്നീ ദമ്പതികളുടെ ഏകമകനായ ആദം പുളിക്കത്ര രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ജോര്‍ജീന ജോര്‍ജ് ആണ് സഹോദരി.

കഴിഞ്ഞ ദിവസം കോട്ടയം താഴത്തങ്ങാടിയില്‍ നടന്ന മത്സരത്തില്‍ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫോട്ടോ ഫിനിഷിലാണ് ഷോട്ട് പുളിക്കത്ര കിരിടം അണിഞ്ഞത്. പ്രായം തളര്‍ത്താത്ത ആവേശവുമായി തറവാട്ടിലെത്തിയ ട്രോഫികളില്‍ മുത്തമിട്ട് തൊഴുകൈകളുമായി ദൈവത്തിന് മഹത്വം അര്‍പ്പിക്കുകയാണ് ആദമിന്റെ മുത്തശ്ശി മോളി ജോണ്‍.

നിലയ്ക്കലില്‍ എല്ലാ വാഹനങ്ങളും കടത്തിവിടാത്തത് ചോദ്യംചെയ്ത കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ട് എസ്പി യതീഷ് ചന്ദ്ര. വാഹനങ്ങള്‍ കടത്തിവിട്ടാല്‍ വലിയ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയെ അറിയിച്ചു. ഉത്തരവിട്ടാല്‍ ഗതാഗതം അനുവദിക്കാമെന്നും എസ്പി പറഞ്ഞു.

എന്നാല്‍ ഉത്തരവിടാനുള്ള അധികാരമില്ലെന്ന് മന്ത്രി പ്രതികരിച്ചു. തനിക്ക് ഇത് സംബന്ധിച്ച് ഉത്തരവാദിത്തം ഏല്‍ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. തങ്ങളുടെ ഉത്തരവാദിത്തം ഏല്‍ക്കാതെ മന്ത്രിയോട് ചൂടാകുകയാണോ എന്ന് ചോദിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍,രാധാകൃഷ്ണന്‍ ക്ഷോഭിച്ചു.

ഭക്തര്‍ ദുരിതത്തിലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത്തരം സമീപനം രാജ്യത്തൊരിടത്തുമില്ല. അതേസമയം യുവതീപ്രവേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ സമയമില്ലെന്നും പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലില്‍ പറഞ്ഞു

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെയും എം.എല്‍.എ കെ.കെ ലതികയുടെയും മകന്‍ ലികിതാസും മരുമകള്‍ സാനിയോ മയോമിയും ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംഘര്‍ഷം തുടരുന്നു. ലികിതാസിനെയും ഭാര്യയെയും ആക്രമിച്ച കേസുകളിലെ പ്രതികളുടെ വീടുകള്‍ക്ക് നേരെ കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണമുണ്ടായിരുന്നു. പിന്നാലെ പേരാമ്പ്രയില്‍ ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു.

കൂടാതെ കുറ്റ്യാടി നെട്ടൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറുണ്ടാവുകയും ചെയ്തു. വിലങ്ങോട് ബ്രാഞ്ച് സെക്രട്ടറി ഗിരീഷിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. അക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഇയാളുടെ വീടിന്റെ മുന്‍വശം തകര്‍ന്നിട്ടുണ്ട്. വന്‍ പോലീസ് സന്നാഹം തന്നെ പ്രദേശത്തുണ്ട്. രാത്രിയിലാണ് വീടുകള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നത്.

നികിതാസിനെയും ഭാര്യയെയും ആക്രമിച്ച കേസില്‍ ആദ്യം അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും രണ്ട് ദിവസം മുന്‍പ് ആക്രമണം ഉണ്ടായി. അറസ്റ്റിലായ മറ്റൊരു പ്രതിയുടെ വീടും അടിച്ചു തകര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. കൂടുതല്‍ അക്രമസംഭവങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നികിതാസിനെയും സാനിയോയെയും ആക്രമിച്ച കേസുമായ ബന്ധപ്പെട്ട മിക്ക ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഒളിവിലാണെന്നാണ് വിവരം.

കഴിഞ്ഞ ശനിയാഴ്ച്ച ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യവേദി നടത്തിയ ഹര്‍ത്താലിനിടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നികിതാസിനെയും സാനിയോയെയും ആക്രമിക്കുന്നത്. ആക്രമണത്തില്‍ നികിതാസിന്റെ മൂക്കിനും തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സാനിയോയുടെ കൈകള്‍ക്കും തലയ്ക്കുമാണ് പരിക്ക്. ഇരുവരും ചികിത്സയിലാണ്.

RECENT POSTS
Copyright © . All rights reserved