സോണി കല്ലറയ്ക്കല്‍
വാഴക്കുളം: പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ നഗരത്തില്‍. വാഴക്കുളം ദി ബത് ലഹേം ഇന്റര്‍നാഷണല്‍ സ്ക്കുളിലെ വിദ്യാര്‍ത്ഥികളാണ് പ്ലാസ്റ്റിക്കിനെതിരെ വിത്യാസ്തതയാര്‍ന്ന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ച് ജനശ്രദ്ധയാകര്‍ഷിച്ചത്.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇവര്‍ കോതമംഗലം, മൂവാറ്റുപുഴ ടൗണുകളിലും ബസ്റ്റാന്റുകളിലും തെരുവ് നാടകം അവതരിപ്പിച്ചാണ് മാതൃകയായത്. ഒപ്പം വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍ പല ഗ്രൂപ്പുകളായി തിരിഞ്ഞ് ടൗണിലെ കടകമ്പോളങ്ങളില്‍ കയറിയിറങ്ങി പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു.
പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വളരെയേറെ പ്രാഗത്ഭ്യം തെളിയിച്ചു വരുന്ന ‘ദി ബത് ലഹേം ഇന്റര്‍നാഷണല്‍ സ്ക്കുള്’ മൂവാറ്റുപുഴയ്ക്ക് സമീപമുള്ള വാഴക്കുളത്ത് മുല്ലപ്പുഴചാലിലാണ് സ്ഥിതി ചെയ്യുന്നത്.
മൂവാറ്റുപുഴ: അമ്മയെ മദ്യം നല്കി ബോധരഹിതയാക്കിയ ശേഷം മകളെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആരക്കുഴ മുതുകല്ല് പാല് സൊസൈറ്റിക്ക് സമീപം കരിമലയില്‍ സുരേഷ് (50) പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പെണ്‍കുട്ടിയെ ഇയാള്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നതായി പോലീസ് പറയുന്നു. പീഢനം സഹിക്കാനാവാതെയാണ് പരാതി നല്കാന് തീരുമാനിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
അമ്മയുടെ കാമുകനായിട്ടാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നത്. അമ്മയെ മദ്യം നല്കി ബോധരഹിതയാക്കിയ ശേഷം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പീഢനവിവരം പുറത്തു പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥിരമായി വീട്ടിലെത്തി പീഢനം തുടര്‍ന്നതോടെ പെണ്‍കുട്ടി മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസില്‍ അന്വേഷണം നടന്നുവരികയാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയായിരുന്നോ പീഡനമെന്നും പരിശോധിക്കും. അമ്മയെ മയക്കി കിടത്തുന്നതിനായി ഇയാള്‍ മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്തതായി സൂചനയുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ മൊഴിയും രേഖപ്പെടുത്തും.
പാലക്കാട്: പാലക്കാട ചിറ്റൂരില്‍ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശിയായ മാണിക്യന് ആണ് ഭാര്യ കുമാരിയെയും മക്കളായ മനോജ്, ലേഖ എന്നിവരെ കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം മാണിക്യന് പോലീസില്‍ കീഴടങ്ങി.
രാവിലെ ഏഴരയോടെ മാണിക്യന് പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് ഇവര്‍ താമസിക്കുന്ന കൊഴിഞ്ഞമ്പാറയിലെ വാടകവീട്ടിലേക്ക് പോയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
ഒരു വര്‍ഷം മുന്‍പാണ് മാണിക്യന്റെ കുടുംബം കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് കൊഴിഞ്ഞാമ്പാറയിലേക്ക് താമസം മാറിയത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്.
തിരുവനന്തപുരം: സരിത എസ്. നായര്‍ പരാതിയില്‍ ഉന്നയിച്ച ലൈംഗിക പീഡനാരോപണങ്ങള്‍ അന്വേഷിക്കാന്‍ പുതിയ സംഘം. സരിതയുടെ ആരോപണങ്ങളില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ എം പി എന്നിര്‍ക്കെതിരെ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എസ് പി അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിമാരും സംഘത്തിലുണ്ടാകും.
ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും വേണുഗോപാലിനെതിരെ ബലാല്‍സംഗത്തിനുമാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവിലെ പ്രത്യേക അന്വേഷണസംഘത്തിന് കീഴില്‍ തന്നെയാണ് പുതിയ അന്വേഷണസംഘം പ്രവര്‍ത്തിക്കുക.
ഉമ്മന്‍ ചാണ്ടിയും വേണുഗോപാലും തിരുവനന്തപുരത്തു വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് സരിതയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2012ലാണ് സംഭവമെന്നാണ് ആരോപണം.
കുഞ്ഞ് പിറന്നതിനു ദിലീപിനും കാവ്യാ മാധവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയെ കൊന്നു കൊലവിളിച്ച് നടിമാര്‍. തമിഴ് സിനിമാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റിന് താഴെയാണ് ലക്ഷ്മി മച്ചു, റായ് ലക്ഷ്മി, തപ്സി പന്നു, ശ്രീയ ശരണ്‍, രാകുല്‍ പ്രീത് എന്നിവരുടെ പ്രതികരണം.
‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ക്രിമിനല്‍ റെക്കോര്‍ഡുള്ള വ്യക്തിയുടെ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. അത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. മലയാളം സിനിമയിലെ സ്ത്രീകള്‍ ഇയാള്‍ക്കൊപ്പം അഭിനയിക്കാന്‍ പോലും സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതുപോലെരു ട്വീറ്റ്. അതൊരു വലിയ നാണക്കേട് തന്നെയാണ്ലക്ഷ്മി മാന്‍ചു കുറിച്ചു.
കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ. താന്‍ ചെയ്തതു പോലെ ഇനി ഒരു പുരുഷനും മറ്റൊരു സ്ത്രീയോട് ചെയ്യാന്‍ അനുവദിക്കില്ല എന്ന് തന്റെ മകളോട് അയാള്‍ സത്യം ചെയ്യണംതപ്സി കുറിച്ചു.’മാധ്യമങ്ങള്‍ ഒരിക്കലും ഇത്തരം ആളുകളെ പുകഴ്ത്തരുത്. നിങ്ങള്‍ ഒരു നിലപാടെടുത്തില്ലെങ്കില്‍ പിന്നെ ആരാണ് എടുക്കുക? രാകുല്‍ പ്രീത് പ്രതികരിച്ചു.
ലക്ഷ്മിയെയും തപ്സിയെയും പിന്തുണച്ച് റായി ലക്ഷ്മിയും രംഗത്തെത്തി. ‘ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിത്. ഈ ട്വീറ്റ് അവരുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ലക്ഷ്മി പറഞ്ഞതിനെ ഞാനും പൂര്‍ണമായും പിന്തുണയ്ക്കുന്നു.’ ‘ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയാണ്. എന്നിട്ടും ഒരു സ്ത്രീ ആയിട്ടു കൂടി നിങ്ങള്‍ ഇയാളെ അഭിനന്ദിക്കുന്നു. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല’ ശ്രീയ ശരണ്‍ കുറിച്ചു.
പത്തനംതിട്ട : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച പരികർമ്മികൾക്കെതിരെ ദേവസ്വം ബോർഡിന്റെ പ്രതികാര നടപടികൾ. ഇതിനു മുന്നോടിയായി മേൽശാന്തിമാർക്ക് ദേവസ്വംബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയും,മാദ്ധ്യമ പ്രവർത്തക കവിതയും ഇന്ന് രാവിലെ പൊലീസ് സംരക്ഷണത്തിൽ മല കയറാൻ ശ്രമിച്ചിരുന്നു.തുടർന്നാണ് പരികർമ്മികൾ പൂജ നിർത്തിവച്ച് പതിനെട്ടാം പടിക്ക് താഴെ ശരണം വിളിച്ച് പ്രതിഷേധിച്ചത്.
വിശ്വാസങ്ങൾ ലംഘിക്കാൻ സർക്കാരിനു കൂട്ടു നിൽക്കുന്ന ബോർഡിന്റെ നയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് നിരവധി ദേവസ്വം ബോർഡ് ജീവനക്കാരും പരികർമ്മികൾക്ക് പിന്തുണയുമായി എത്തിയിരുന്നു.
സന്നിധാനം മേല്‍ശാന്തിയുടേയും മാളികപ്പുറം മേല്‍ശാന്തിയുടേയും മുഴുവന്‍ പരികര്‍മ്മികളുമാണ് പൂജ ബഹിഷ്കരിച്ച് പ്രതിഷേധം നടത്തിയത്.മല കയറുന്ന അയ്യപ്പൻമാർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാതെയായിരുന്നു ഇവരുടെ നാമജപ പ്രതിഷേധം.
അവര്‍ കുട്ടികളെ ഉപയോഗിച്ചാണ് വിലപേശിയത്. അവരുടെ ജീവന് എന്തെങ്കിലും പറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ശബരിമല സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയത് അവിടെ കൂടിയിരുന്ന കുട്ടികളെ ഓര്‍ത്താണെന്നാണ് രഹ്ന ഫാത്തിമ പറഞ്ഞു. തെലങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ കവിത ജക്കാലയ്ക്കൊപ്പം കനത്ത സുരക്ഷയില്‍ ശബരിമല സന്നിധാനത്തെത്താന്‍ ശ്രമിച്ച് തിരികെ പമ്പയിലെത്തിയപ്പോഴായിരുന്നു രഹ്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്താന്‍ സാധിച്ചില്ലെങ്കിലും കരിമല ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലങ്ങള്‍ കടന്നാണ് രഹ്നയും കവിതയും വലിയ നടപ്പന്തലിലെത്തിയത്.
അഞ്ച് കിലോമീറ്റര്‍ നടന്നാണ് നടപ്പന്തല്‍ വരെയെത്തിയത്. പതിനെട്ടാംപടിക്ക് 10 മീറ്റര്‍ അപ്പുറത്തുവെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്നെന്നും കവിത പ്രതികരിച്ചു. മുന്നോട്ടു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഭീകരമായ സാഹചര്യം കണക്കിലെടുത്താണ് അതിന് സാധിക്കാതിരുന്നതെന്നും രഹന പറഞ്ഞു. ഇത്രയും പോകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രഹ്ന അറിയിച്ചു.
കനത്ത പോലീസ് വലയത്തിലാണ് ഇവരെ തിരികെ പമ്പയിലെത്തിച്ചത്. താന്‍ വിശ്വാസിയായതുകൊണ്ടാണ് അയ്യപ്പദര്‍ശനത്തിന് ശ്രമിച്ചതെന്നും എന്നാല്‍ അവിടുത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോകേണ്ടെന്ന് സ്വയം തീരുമാനിക്കുകയായിരുന്നെന്നും രഹ്ന മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പേടിപ്പെടുത്തുന്ന സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നത്.
അയ്യപ്പനെ കാണണമെന്ന് ആഗ്രഹിച്ചാണ് ഇരുമുടിക്കെട്ട് തലയിലേന്തിയത്. എന്നാല്‍ അതിന് അനുവദിച്ചില്ല. ഇത് ഇവിടെ ഉപേക്ഷിച്ച് പോകുകയാണ്. ഇനിയും വരാന്‍ ആഗ്രഹമുണ്ടെന്നും രഹ്ന കൂട്ടിചേര്‍ത്തു. അതേസമയം നിങ്ങള്‍ എങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന ചോദ്യം അവിടെ വച്ച് ഉയര്‍ന്നു. നിങ്ങള്‍ എങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന് ആദ്യം പറയൂ. അങ്ങനെയെങ്കില്‍ ഞാനെങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന് വ്യക്തമാക്കാം എന്നായിരുന്നു രഹ്നയുടെ മറുപടി.
രഹ്ന മലചവിട്ടുന്നു എന്ന വാര്‍ത്ത വന്നതോടെ രഹ്നയുടെ പനമ്പള്ളി നഗറിലെ വീടിന് നേരെ ഇന്ന് രാവിലെ ആക്രമണമുണ്ടായിരുന്നു. വീടിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും വീട്ടിനകത്തെ സാധനങ്ങള്‍ ഒരു സംഘം ആക്രമികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടയുകയായിരുന്നു. ഈ സാഹചര്യത്തില്‍ തന്റേയും കുടുംബാംഗങ്ങളുടെയും ജീവനിലും സ്വത്തിലും ഭയമുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. വീട് വരെ കനത്ത സുരക്ഷ നല്‍കാമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനാലാണ് മലയിറങ്ങുന്നതെന്ന് രഹ്ന കൂട്ടിചേര്‍ത്തു.
ശബരിമലയില്‍ വിശ്വാസികളുടെ പ്രതിഷേധം മറികടന്ന് മലകയറാന്‍ ശ്രമിച്ച് പിന്മാറിയ രഹ്ന ഫാത്തിമയുടെ മതസ്പര്‍ധ വളര്‍ത്താനെന്ന വിമര്‍ശനം ശക്തമാകുന്നു. കോഴിക്കോടും കൊച്ചിയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആക്ടിവിസ്റ്റുകളുടെ നേതാവാണ് കേന്ദ്രസര്‍ക്കാര്‍ ജോലിയുള്ള രഹ്ന. കൊച്ചിയിലാണ് ഇവരുടെ താമസം. കേരളത്തില്‍ അടുത്തിടെ നടന്ന സംഘര്‍ഷങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്.
കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലവ് സംഭവത്തില്‍ രഹ്ന ഫാത്തിമ പങ്കെടുത്തിരുന്നു. ഇതിനുശേഷം കഴിഞ്ഞവര്‍ഷം കോഴിക്കോട് ഫറൂഖ് കോളജില്‍ അധ്യാപകന് വാത്തക്ക പ്രയോഗം നടത്തിയപ്പോള്‍ മാറുതുറക്കല്‍ സമരമെന്ന പേരില്‍ മാറിടത്തിന്റെ നഗ്നചിത്രം പോസ്റ്റ് ചെയ്തു. ഇതു പലരെയും ചൊടിപ്പിച്ചു. ഇവരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പലതും മതസ്പര്‍ധ വളര്‍ത്തുന്നതും സമൂഹത്തില്‍ വലിയതോതില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയാണ് രഹ്ന. ഏക എന്ന ചിത്രത്തില്‍ നായികയായി ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയിട്ട് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിക്കാന്‍ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായപ്പോഴും പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്.
സന്നിധാനം: ശബരിമല സന്ദര്‍ശനത്തിനായി രണ്ടു യുവതികള്‍ സന്നിധാനം നടപ്പന്തലില്‍. പമ്പയില്‍ നിന്ന് വന്‍ പോലീസ് സുരക്ഷയിലാണ് ഇവര്‍ സന്നിധാനത്തിനു സമീപം എത്തിയത്. നടപ്പന്തലില്‍ ഇവര്‍ക്കെതിരെ വന്‍ പ്രതിഷേധം തുടരുകയാണ്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതികള്‍ക്ക് സംരക്ഷണം നല്‍കുന്നത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള കവിത ജക്കാല എന്ന മാധ്യമപ്രവര്‍ത്തകയും കൊച്ചിയില്‍ നിന്നുള്ള രഹ്ന ഫാത്തിമയുമാണ് പോലീസ് സംരക്ഷണയില്‍ ഇവിടെ എത്തിയിട്ടുള്ളത്. കവിത പോലീസ് വേഷത്തിലാണ് മല കയറിയത്.
ഇവര്‍ മല കയറുന്നത് അറിഞ്ഞതോടെ ശബരിമല സമരക്കാര്‍ സന്നിധാനത്ത് പ്രതിഷേധം ആരംഭിച്ചിരുന്നു. നടപ്പന്തലില്‍ കിടന്നും ഇരുന്നും ഇവര്‍ മാര്‍ഗ്ഗതടസം ഉണ്ടാക്കുകയാണെന്നാണ് വിവരം. പ്രതിഷേധം അവസാനിപ്പിക്കണമെന്നും പോലീസ് ബലപ്രയോഗത്തിനില്ലെന്നും ഐജി ശ്രീജിത്ത് ഭക്തരോട് പറഞ്ഞുവെങ്കിലും പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല.
യുവതികള്‍ പതിനെട്ടാം പടി ചവുട്ടിയാല്‍ ക്ഷേത്രം പൂട്ടി താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്പിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി പി എന്‍ നാരായണ വര്‍മ തന്ത്രിയോട് ആവശ്യപ്പെട്ടു. തന്ത്രി കണ്ഠരര് രാജീവരായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാമെടുക്കുക.
അതേസമയം ശബരിമലയിലെത്തിയത് രണ്ട് ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള കേന്ദ്രമല്ല ശബരിമല. അവരെ കൊണ്ടുപോകുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടതായിരുന്നുവെന്നം മന്ത്രി ചൂണ്ടിക്കാട്ടി.
കൊച്ചി: കലാപത്തിന് ആഹ്വാനം നല്‍കിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഈശ്വര്‍. ആലപ്പുഴ സൗത്ത് പോലീസ് പരജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭാഗിയതയ്ക്കും വൈരമുണ്ടാക്കാനും ശ്രമിച്ചുവെന്നാണ് കേസ്. രാഹുല്‍ ഈശ്വരിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.
അതേസമയം തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കുന്നതല്ലെന്നും ശബരിമല ഭക്തരെ പിന്തുണച്ച് നടക്കുന്ന പ്രതിഷേധങ്ങളില്‍ പൊതുപ്രവര്‍ത്തകനും ശബരിമല തന്ത്രികുടുംബാഗവുമായ താന്‍ സജീവമായി പങ്കെടുക്കുകയാണെന്നുമാണ് രാഹുല്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. ശബരിമല ഭക്തര്‍ക്ക് വേണ്ടിയുള്ള പൊതുജന മുന്നേറ്റത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് തനിക്കെതിരെ കേസെടുത്തതെന്നും രാഹുല്‍ പറയുന്നു.
എന്നാല്‍ കേസിനെക്കുറിച്ചുള്ള വിശദാംശങ്ങളില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് പിന്നീട പരിഗണിക്കാനായി മാറ്റി. പമ്പയിലും നിലയ്ക്കലിലും വ്യാപക അക്രമമാണ് ശബരിമല ഭക്തരെന്ന പേരില്‍ അക്രിമകള്‍ നടത്തിയത്. മാധ്യമപ്രവര്‍ത്തകരെയും പോലീസുകാരെയും തെരഞ്ഞു പിടിച്ചായിരുന്നു ആക്രമണം.